Posts

Showing posts from September, 2024

അദ്ധ്യായം 71-76

 അദ്ധ്യായം 71. പിന്നീടുള്ള കാര്യങ്ങളെല്ലാം ധൃതിയിലായി. അടുത്തതവണ അനൂപ് വന്നപ്പോള്‍ സ്ഥലത്തിന്‍റെ റജിസ്ട്രേഷന്‍ കഴിഞ്ഞു. ''ആദ്യം കമ്പിവേലി കെട്ടിക്കാം''ഗോപാലകൃഷ്ണന്‍നായര്‍ പറഞ്ഞു ''കണ്ണില്‍ കണ്ടവര് കേറിനിരങ്ങണ്ടാ''. ആരും മറിച്ചൊന്നും പറഞ്ഞില്ല. ''കല്യാണത്തിന്ന് ഇനിയും അഞ്ചെട്ട് മാസൂണ്ട്. അപ്പഴക്ക് ഒരു വീട് പണിതാലോ''അയാള്‍ അടുത്ത ചോദ്യം ഉന്നയിച്ചു. ''അതിനൊക്കെ ആരാ ഉള്ളത്. പോരാത്തതിന്ന് കാശും വേണ്ടേ''ഇന്ദിര ചോദിച്ചു. ''രണ്ടും ഉണ്ടെങ്കിലോ''. ''എന്നാല്‍ വിരോധൂല്യാ''. ''ശരി. അനൂപിന്ന് മനസ്സില്‍ എന്തെങ്കിലും പ്ലാനുണ്ടോ''. ''ഇല്ല അങ്കിള്‍. എനിക്ക് ഒരുമോഹൂല്യാ. ഒക്കെ അങ്കിള്‍ നിശ്ചയിച്ചോളൂ. അച്ഛനും അമ്മയ്ക്കും എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ അതുപോലെ മതി''. ''ഞങ്ങള്‍ക്ക് എന്താ അറിയ്യാ. എന്താ വേണ്ടത്‌ച്ചാല്‍ ഏട്ടന്‍ ചെയ്തോളൂ'' ഇന്ദിര അനുവാദം നല്‍കി. ''ആറേഴ് പടത്തിന്ന് പാടാനുണ്ട്. അതുകഴിഞ്ഞതും അമേരിക്കയിലേക്ക് ഒരു ട്രിപ്പുണ്ടത്രേ. അനൂപ് അതൊക്കെ

അദ്ധ്യായം 61-70

 അദ്ധ്യായം - 61. മിക്ക ഒഴിവുദിവസങ്ങളിലും രാവിലെ സാവിത്രിയാണ് അമ്പലത്തിലെ ജോലിക്ക് ചെല്ലാറ്. അന്നെങ്കിലും അമ്മ കുറെനേരം വിശ്രമിച്ചോട്ടെ. കഴകം നിറുത്തിക്കൂടെ എന്ന് പലതവണ അമ്മയോട് ചോദിച്ചിരുന്നു. വയ്ക്കുന്ന കാലം ഭഗവാനു വേണ്ടതൊക്കെ ഒരുക്കികൊടുക്കും എന്ന നിലപാടാണ് അമ്മയുടേത്. പൂജയ്ക്ക് വേണ്ട പുഷ്പങ്ങളും കഴുകിയ പാത്രങ്ങളും ഏല്‍പ്പിച്ചശേഷം മാല കെട്ടാനിരുന്നു. വഴിപാട് ശീട്ടാക്കുന്ന പയ്യന്‍ എത്തി എന്നുതോന്നുന്നു. മൈക്കിന്‍റെ  ഒച്ച കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. സാവിത്രി മാല കെട്ടുന്നതിന്നിടയില്‍ തലയുയര്‍ത്തി നോക്കി. ബലിക്കല്‍പുരയില്‍ ആരോ എത്തിയിട്ടുണ്ട്. വെളിച്ചക്കുറവുകാരണം ആളെ തിരിച്ചറിയാന്‍ കഴിയുന്നില്ല. ആരാണാവോ ഇത്രനേരത്തെ വന്നിരിക്കുന്നത്. നട തുറന്ന് തിരുമേനി ഉള്ളില്‍  വിളക്ക് വെച്ചിട്ടേയുള്ളു. അകത്തേക്കു കടന്നതും ആളെ മനസ്സിലായി. ഇന്ദിര ചേച്ചി. കുളിച്ച് ഈറനോടെയുള്ള വരവാണ്. നേരെ ശ്രീകോവിലിന്നു മുന്നില്‍ ചെന്ന് സാഷ്ടാംഗം നമസ്ക്കരിക്കുന്നു. ഇതെന്തു പറ്റി? ചേച്ചി അധികമൊന്നും അമ്പലത്തിലെത്താത്ത ആളാണ്. നൂറുകൂട്ടം പ്രാരബ്ധങ്ങള്‍ ഉള്ളതോണ്ടായിരിക്കാം വരാത്തത്. ഇന്ന് വിശേഷം വല്ലതും ഉണ്ടോ ആവോ. കുറെനേ