അദ്ധ്യായം 21-30

 അദ്ധ്യായം - 21.


രാത്രി മുഴുവന്‍ ഓരോന്ന് ആലോചിച്ചുകിടന്നതുകൊണ്ട് ഉറങ്ങാന്‍ വല്ലാതെ വൈകി. പുലരാറായപ്പോഴാണ് കണ്ണടയ്ക്കാന്‍ കഴിഞ്ഞത്. അതുകൊണ്ടാവണം നേരംപുലര്‍ന്ന വിവരം അറിയാതെ പോയത്. പടിക്കല്‍നിന്ന് രാമന്‍റെ ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാനുണ്ട്. ഗെയിറ്റ്  പൂട്ടിയതുകാരണം അവന് അകത്തുവരാന്‍ ആവില്ലല്ലോ.


വലത്തെ കൈപ്പത്തിയിലേക്ക് നോക്കി പ്രാര്‍ത്ഥിച്ചു. കരാഗ്രേ വസതേ ലക്ഷ്മി, കരമദ്ധ്യേ സരസ്വതി, കരമൂലേ സ്ഥിതേ ഗൌരി, പ്രഭാതേ കര ദര്‍ശനം എന്നാണല്ലോ വിശ്വാസം. ഭൂമിയെ തൊട്ടുവന്ദിച്ചതിന്നുശേഷം എഴുന്നേറ്റു. കലണ്ടറിലെ കൃഷ്ണന്‍റെ ചിത്രത്തില്‍നോക്കി കൈകൂപ്പി വാതില്‍തുറന്ന് പുറത്തേക്കിറങ്ങി.


''എണീറ്റിട്ടുണ്ടാവുംന്നാ വിചാരിച്ചത്''പടിക്കല്‍ എത്തിയപ്പോള്‍ രാമന്‍ പറഞ്ഞു.


''ഉറക്കത്തില്‍പ്പെട്ടു. സമയം ആയത് അറിഞ്ഞില്ല''. ഗെയിറ്റ് തുറന്ന് രാമനോടൊപ്പം തിരിച്ചുനടന്നു.


''ഇന്ന് എന്താ ചെയ്യണ്ടത്''അവന്‍ ചോദിച്ചു.


''തൊടി മുഴുവന്‍ വെട്ടി അയര്‍ത്തോളൂ. എന്തെങ്കിലും വന്നുകിടന്നാല്‍ അറിയില്ല''.


''അത് ശര്യാണ്. വല്ല പന്ന്യോമറ്റൊ വന്നുകിടന്നാല്‍ പിഴപ്പായി. അത് പെറ്റുകൂട്ടും. തരംതെറ്റി അതിന്‍റെ മുമ്പില്‍പെട്ടാല്‍ ആള് ബാക്കികാണില്ല''.


''പല്ലുതേപ്പും കുളീം ഒക്കെ കഴിഞ്ഞ് ഞാന്‍ വേഗം വരാം''കെ.എസ്. മേനോന്‍ വീടിനകത്തേക്ക് കയറി. രാമന്‍ കൈക്കോട്ടും മടാളുമായി തൊടിയിലേക്ക് പോയി. പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞപ്പോള്‍ കാലത്തെ ആഹാരത്തെക്കുറിച്ചായി ചിന്ത. അടുത്തുള്ള ചായപ്പീടികയില്‍ ചെന്നു കഴിക്കണോ, രാമനെക്കൊണ്ട് വാങ്ങിപ്പിക്കണോ എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ അകലെനിന്ന് മോട്ടോര്‍സൈക്കിളിന്‍റെ ശബ്ദംകേള്‍ക്കുന്നത്. പടിക്കലെത്തിയതും അതുനിലച്ചു. ഗോപാലകൃഷ്ണന്‍നായര്‍ ഗെയിറ്റു തുറന്നുവരുന്നത് കണ്ടു. ഈ പ്രായത്തിലും അയാള്‍ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നതില്‍ അത്ഭുതംതോന്നി. 


''ഈ ബാഗൊന്നു പിടിക്കിന്‍''ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു''എന്‍റെ ബൈക്ക് ഈ മൂച്ചിടെ തണലത്ത് കൊണ്ടുവന്നു വെക്കട്ടെ''. അയാള്‍ ഗെയിറ്റിന്ന് വെളിയില്‍ റോഡോരത്ത് നിറുത്തിയ ബൈക്ക് സ്റ്റാര്‍ട്ടാക്കി തണലിലേക്ക് ഓടിച്ചുവന്നു.


''എന്താ ബാഗില്. നല്ല കനൂണ്ടല്ലോ''മേനോന്‍ ചോദിച്ചു.


''രാവിലെ എന്താ താന്‍ കഴിച്ചത്''തിരിച്ചൊരു ചോദ്യമാണ്.


''ഒന്നും കഴിച്ചില്ല. എന്താ വേണ്ടത് എന്ന ആലോചനേലാണ്''.


''എന്നാല്‍ തനിക്ക് പ്രാതലിനുള്ള ഇഡ്ഡലീം  നമുക്ക് ഉച്ചയ്ക്കുള്ള ചോറും ആണ് അതിലുള്ളത്. ഞാനിനി വൈകുന്നേരത്തെ പോണുള്ളൂ''. വലിയ ആശ്വാസംതോന്നി. അത്രനേരം വല്ലതും സംസാരിച്ചിരിക്കാന്‍ ആളായല്ലോ.


അടുക്കളയിലെ ഡെസ്കില്‍ ബാഗുവെച്ച് മേനോന്‍ പൊതിയെടുത്ത് തുറന്നു. വാട്ടിയ വാഴയിലയില്‍ ഇഡ്ഡലിയും കട്ടിച്ചട്ടിണിയും ഉണ്ട്. ഒരു ഗ്ലാസ്സില്‍ വെള്ളമെടുത്ത് ഡെസ്ക്കിനടുത്തുള്ള ചാരുബെഞ്ചില്‍ വന്നിരുന്നു, ഭക്ഷണം കഴിക്കുന്നതും നോക്കി ഗോപാലകൃഷ്ണന്‍നായര്‍ അരികത്തും.


''ഈ വയസ്സാന്‍കാലത്ത് ബൈക്ക് ഓടിക്കാന്‍ തനിക്ക് പ്രയാസം തോന്നിണില്യേ''മേനോന്‍ മനസ്സില്‍തോന്നിയ സംശയം ചോദിച്ചു.


''എന്തു പ്രയാസം. ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടില്‍ ഞാന്‍ വാങ്ങ്യേതാണ് ഈ ബുള്ളറ്റ്. അതുകഴിഞ്ഞ് മൂന്നു കൊല്ലം കഴിഞ്ഞിട്ടാണ് ഞാന്‍ അമ്മിണിയെ കല്യാണം കഴിക്കുണത്. ഇന്നും എന്‍റെ ബൈക്കിന് ഒരു കേടും ഇല്ലാടോ. ഇപ്പൊ ഇതുകൊടുത്താല്‍ അന്ന് കൊടുത്തതിന്‍റെ മുപ്പതോ മുപ്പത്തഞ്ചോ ഇരട്ടി പണം കിട്ടും. മക്കള് ഇത് കൊടുക്കാന്‍ പറയുണുണ്ട്. ഇത് വലിച്ച് സ്റ്റാന്‍ഡില്‍ ഇടാനും ഉരുട്ടാനും കുറച്ച് വിഷമം തോന്നാറുണ്ട്. എന്നാലും കൊടുക്കില്ല. മരിക്കിണതുവരെ എന്‍റെ മാത്രായിട്ട് ഉണ്ടാവണം. ഇതിനോട് ഒരുതരം പാശം ഉണ്ടെന്ന് കരുതിക്കോളൂ''.


''ഓടിക്കാന്‍ വയ്യാണ്ടെ ആവുണ കാലത്തോ''.


''അപ്പഴും വില്‍ക്കില്ല. ദിവസൂം അതിന്‍റെടുത്തുചെല്ലും. തുടച്ചു മിനുക്കി വെക്കും. കുറെനേരം അതിനെ നോക്കിക്കൊണ്ട് നില്‍ക്കും. ഇപ്പഴും രാവിലെ എണീറ്റ് പുറത്തുവന്നാല്‍ ഞാന്‍ ആദ്യം എന്‍റെ ബൈക്കിനേണ് നോക്കാറ്. അതാണ് എന്‍റെ കണി''.


''തന്‍റെ ഓരോ ശിലങ്ങളേ''.


''ശീലങ്ങളാണെടോ മനുഷ്യരെ വെറെവേറെ ആളുകളാക്കുണത്. ഒരുശീലം ഉപേക്ഷിക്കുന്നതോടെ ആ വ്യക്തി മാറ്വാണ്. ഇന്നും രാത്രി ഭക്ഷണത്തിന്ന് കുറച്ചുമുമ്പ് ഞാന്‍ രണ്ടുപെഗ്ഗടിക്കാറുണ്ട്. എത്രയോകാലത്തെ ശീലാണ് അത്. ആ ശീലം നിര്‍ത്ത്യാലോ? ഇപ്പൊ ഞാനെന്ത് കഴിച്ചാലും ദഹിക്കും, ചിലപ്പൊ അതുണ്ടാവില്ല. എന്‍റെ സ്വഭാവത്തിന്ന്, ഞാനിപ്പൊ ചിന്തിക്കിണ രീതിക്ക് ഒക്കെ മാറ്റംവരും''.


വിസ്തരിച്ച് ഭക്ഷണം കഴിച്ചു. ആവശ്യത്തിലേറെ ഇഡ്ഡലിയുണ്ട്. കുറെ രാമന്ന് മാറ്റിവെച്ചു. പാവം അദ്ധ്വാനിക്കുന്നതല്ലേ. പാത്രം കഴുകിവെച്ച് തളത്തിലേക്ക് ചെന്നപ്പോള്‍ ഗോപാലകൃഷ്ണന്‍നായര്‍ പത്രം വായിച്ച് കസേലയില്‍ ഇരിപ്പാണ്.


''താന്‍ വായിച്ചോട്ടെന്നുകരുതി വരുണവഴിക്ക് വാങ്ങ്യേതാണ്''അയാള്‍ പത്രം നീട്ടി.


''ഞാന്‍ വൈകുന്നേരം വായിച്ചോളാം. ഒറ്റയ്ക്കിരിക്കുമ്പോള്‍ നേരം പോവാനൊരു വഴ്യായി''. മാവിന്‍ചുവട്ടില്‍ ഇരുവരും രാമന്‍ ജോലി ചെയ്യുന്നതും നോക്കിനിന്നു. കാടുംപടലും അയര്‍ത്ത് തെങ്ങുകളുടെ ചുവട്ടില്‍ അവന്‍ തൂപ്പുംതോലും ഇടുകയാണ്.


''പുതിയ വീട് ഉണ്ടാക്കണംന്ന് താന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തത് ഓര്‍മ്മീണ്ടോ. ഇപ്പൊ തനിക്കെന്തുതോന്നുണു''ഗോപാലകൃഷ്ണന്‍ നായര്‍ ചോദിച്ചു. 


മുമ്പ് ഈ സ്ഥലത്ത് ഉണ്ടായിരുന്നത് വിറകുപേട്ടയായിരുന്നു . വിറക് ഷെഡ്ഡ്നോടനുബന്ധിച്ച് ഉണ്ടായിരുന്ന ഒരുകൊച്ചുപുര യിലാണ് ഏതോ നാട്ടുകാരനായ ഉടമസ്ഥന്‍ താമസിച്ചിരുന്നത്. കച്ചവടം വേണ്ടെന്നുവെച്ച് അയാള്‍ നാട്ടിലേക്ക് മടങ്ങുന്ന അവസരത്തില്‍ പേട്ടനിന്നിരുന്ന ആ സ്ഥലം അമ്മയുടെ അച്ഛന്‍ വാങ്ങി. വീട്ടില്‍നിന്ന് രണ്ടുനാഴികയില്‍ കൂടുതല്‍ ദൂരമുണ്ടെങ്കിലും ദിവസവും അദ്ദേഹം ഇവിടെ വന്നിരുന്നു. തറവാട് വീതംവെച്ചപ്പോള്‍ അമ്മ നിര്‍ബന്ധിച്ച് ആ അരയേക്കര്‍ഭൂമി മൂത്തമകന്‍റെ പേരില്‍ എഴുതിവെപ്പിക്കുകയായിരുന്നു. അങ്ങിനെ കിട്ടിയതാണ് ഇവിടം.


''എന്താടോ, താന്‍ ചോദിച്ചതിന്ന് മറുപടി പറയാത്തത്. ഇരുന്നു സ്വപ്നം കാണ്വാണോ''കൂട്ടുകാരന്‍റെ ശബ്ദം ഉയര്‍ന്നു.


''ഞാന്‍ ആ കാര്യം ആലോചിച്ചിരുന്നതാണ്. രണ്ടു പെങ്ങമ്മാര്‍ക്കും അവരുടെ കുടുംബത്തിന്നും എന്‍റെകൂടെ ഒന്നിച്ചു കഴിയാന്‍ പറ്റ്യേ വല്യോരു വീട്. ഉള്ളില് അതാണ് മോഹം. അന്നങ്ങിനെ വല്ലതും ചെയ്തിരുന്നെങ്കില്‍ എന്‍റെ കാലശേഷം അവര് രണ്ടാള്‍ക്കും തമ്മില്‍ തല്ലാന്‍ ആ വീടൊരു കാരണം ആയേനെ. അത് കൂടാതെ ദൈവംകാത്തു''.


''ഫൂ''ഗോപാലകൃഷ്ണന്‍ നായര്‍ നീട്ടിത്തുപ്പി''പെങ്ങമ്മാര് വെച്ചിരിക്കുന്നു. എനിക്ക് കേള്‍ക്കണ്ടാ അവിറ്റേളടെ കാര്യം. തനി സ്വാര്‍ത്ഥികള്''അയാള്‍ രാമന്‍ പണിചെയ്യുന്ന ഭാഗത്തേക്ക് നടന്നു. 


ഇളവെയില്‍ ഏറ്റുനിന്നതുകൊണ്ടാണോ എന്തോ വല്ലാത്തക്ഷീണംതോന്നി. ഫാനിട്ടിട്ട് തളത്തിലെ ചാരുകസേലയില്‍ കിടന്നു. അറിയാതെ കണ്ണുകള്‍ അടഞ്ഞു. മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ടാവുന്ന ശബ്ദമാണ് ഉണര്‍ത്തിയത്. എഴുന്നേറ്റ് പുറത്തുവന്ന് നോക്കുമ്പോള്‍ ഗോപാലകൃഷ്ണന്‍ നായര്‍ പോവാന്‍ ഒരുങ്ങുകയാണ്. പുറകില്‍ രാമനുമുണ്ട്.


''എവിടേക്കാ''മേനോന്‍ മുറ്റത്തേക്ക് ചെന്നു.


''നല്ലൊരു കാര്യത്തിന്ന് പോവ്വാണ്. ഇപ്പൊത്തന്നെ വരാടോ''കൂട്ടുകാരന്‍ ചിരിച്ചു. ബൈക്ക് ഗെയിറ്റുകടന്ന് റോഡിലൂടെ വടക്കോട്ട് പാഞ്ഞു. അര മണിക്കൂര്‍ കഴിഞ്ഞതും അവര്‍ തിരിച്ചെത്തി. രാമന്‍റെ കയ്യില്‍ ഒരുപൊതി. ബൈക്ക് സ്റ്റാന്‍ഡിലിട്ട് സുഹൃത്ത് പൊതിയുംവാങ്ങി അകത്തേക്ക് വന്നു, മുറ്റത്തുവെച്ച കൈക്കോട്ടെടുത്ത് രാമന്‍ തൊടിയിലേക്കും.


''എന്താത്''പൊതി ചൂണ്ടിക്കാട്ടി ചോദിച്ചു.


'' എടോ, അത് കുറച്ച് ഇറച്ച്യാണ്. കാട്ടുപന്നിടെ''.


''എവിടുന്നു കിട്ടി''.


''പനടെ നൊങ്ക് വെട്ടാന്‍ ആരെങ്കിലും സഹാറമരുഭൂമിയിലേക്ക് പോവ്വോ. ഉള്ള സ്ഥലത്തല്ലേ ചെല്ലുള്ളു. അതുപോലെ ഈ സാധനം കിട്ട്വോന്ന് ഞാന്‍ അന്വേഷിച്ചു. ഇന്നലെ ആരോ കുരുക്ക് വെച്ച് ഒന്നിനെ പിടിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അവിടെ ചെന്നുവാങ്ങി''.


''താന്‍ ശരിക്കൊരു കാട്ടാളന്‍തന്നെ''.


''എടോ, മുപ്പത്തിമൂന്നു കൊല്ലം വനംവകുപ്പില്‍ ജോലിചെയ്ത ഒരുത്തനെ അങ്ങിനെ വിളിച്ചാല്‍ തെറ്റു പറയാന്‍ പറ്റില്ല''ഉച്ചത്തില്‍ ചിരിച്ച് അയാള്‍ പൊതിയുമായി അടുക്കളയിലേക്ക് പോയി.


അദ്ധ്യായം - 22.


''തമ്പുരാട്ട്യേ''എന്ന വിളികേട്ട് ഇന്ദിര വെളിയില്‍ വന്നപ്പോള്‍ കണ്ടത് പാറുവിനെയാണ്.


''പണികഴിഞ്ഞ് പോയപ്പിന്നെ നിന്നെ ഈ വഴിക്ക് കണ്ടതേ ഇല്ലല്ലോ''അവര്‍ പറഞ്ഞു.


''ഞാന്‍ മകളടെ വീട്ടില് പോയിരുന്നു. നടീലുംപണിയും തുടങ്ങ്യാല്‍ പിന്നെ പോവാന്‍ ഒഴിവ് കിട്ടില്ല. ചെന്ന അവസ്ഥക്ക് പത്ത് ദിവസം അവളടെ അടുത്ത് കൂടി''.


''അതു നന്നായി. നിനക്ക് ചെന്ന് നില്‍ക്കാന്‍ അങ്ങിനെ ഒരുഇടം എങ്കിലും ഉണ്ടല്ലോ. ഞങ്ങളടെ കാര്യംനോക്ക്. അച്ഛന്‍, അമ്മ, രണ്ടുമക്കള്‍. എന്‍റേന്ന് പറയാന്‍ വേറെ ഒരാളും ഇല്ല''.


''ഇല്ലാഞ്ഞിട്ടല്ലല്ലോ തമ്പുരാട്ട്യേ. തമ്പുരാട്ടി അവരടെ കൂടപ്പിറപ്പാണ് എന്ന് അവര്‍ക്ക് തോന്നാഞ്ഞിട്ടല്ലേ''പാറു ഉള്ളകാര്യം പറഞ്ഞു.


''എങ്ങിന്യായാലും ഫലത്തില്‍ ഒന്നന്നെ''ഇന്ദിര നെടുവീര്‍പ്പിട്ടു.


''ആശാരിപ്പണി തീര്‍ന്നോ, തമ്പുരാട്ട്യേ''പാറു വിഷയം മാറ്റി.


''എങ്ങിന്യാ തീരുണത്. ഒരുദിവസം വന്നാല്‍ പിന്നെ നാല് ദിവസം വരില്ല. ജനലുകളുടെ പണിതീര്‍ന്നു. പെണ്‍കുട്ടി കിടക്കിണമുറിടെ വാതിലും വെച്ചു. തിങ്കളാഴ്ച വരാന്ന് പറഞ്ഞു പോയതാ. പിന്നെ കണ്ടിട്ടില്ല''.


''അയാള് വേറെ എവിട്യേങ്കിലും പണി പിടിച്ചിട്ടുണ്ടാകും. ഇവിടെ വാതില് വെക്കിണപണ്യല്ലേ ഉള്ളൂ. ഏറ്യാല്‍ പത്തിരുപത് ദിവസത്തെപണി. അതിന് തിരക്ക് കൂട്ടില്യാന്ന് കരുതീട്ടാവും''.


''എല്ലാ വാതിലും ഇപ്പൊ വെക്കുണില്ല. രണ്ടണ്ണേ വെക്കുണുള്ളു. ഒന്ന് ഞങ്ങടെ മുറീല്. പിന്നൊന്ന് അടുക്കളക്കും. അത്രയ്ക്കൊക്കേ ഇപ്പൊ ആവൂ'' ഇന്ദിര പറഞ്ഞു''നിന്‍റെ മകള്‍ക്കും കുട്ട്യേളക്കും സുഖോല്ലേ''.


''ദൈവം സഹായിച്ചിട്ട് ഒരു മട്ടിലങ്ങിനെ പോണൂ. ഒരു സമാധാനം എന്താച്ചാല്‍ മരുമകന്‍റെ അപ്പനും അമ്മീം  നല്ലകൂട്ടക്കാരാണ്. പെറ്റ മകളെപ്പോല്യാണ് അവരവളെ നോക്കുണത്''.


''അതല്ലേ വേണ്ടത്. കുറെകെട്ടിക്കൊടുത്തിട്ട് കാര്യൂല്യാ. ഉള്ളില് സ്നേഹം ഉണ്ടാവണം. അതിലും വലുതായിട്ട് ഒന്നൂല്യാ''.


''അത് നല്ലോണൂണ്ട്. എന്തിനാ നിങ്ങളിങ്ങിനെ ഒറ്റയ്ക്ക് അവിടെകിടന്ന് കഷ്ടപ്പെടുണത്, ഇങ്കിട്ട് പോന്നോളിന്‍ എന്ന് എപ്പഴും എന്നോട് പറയും. ആവുണതും അതൊന്നുംകൂടാണ്ടെ കഴിക്കണംന്നുണ്ട്. മകളുടെ കെട്ട്യോന്‍റെ വീട്ടിലാണ് പാര്‍ക്കണത് എന്ന് ആര് കേട്ടാലും മോശക്കേടാണ്. ഉള്ള വെല  നമ്മളായിട്ട് കളയണോ''.


''അതൊക്കെ ഓരോരുത്തരുടെ ഇഷ്ടോല്ലേ. നീ പത്ത് ദിവസം വയ്യാണ്ടായി കിടന്നാല്‍ ഈ പറയുന്നോര് വന്ന് നോക്ക്വോ. അപ്പൊ അവരൊക്കെന്ന്യേ ഉണ്ടാവൂ. വെറുതേല്ല മനുഷ്യന് ബന്ധുബലം, മരത്തിന് വേര് ബലം എന്ന് പറയുണത്''.


''അങ്ങിനെ പറയിന്‍''പാറു പറഞ്ഞു''നല്ലൊരു ബന്ധത്തിന്‍റെ കാര്യം പറയാനാ ഞാനിപ്പൊ വന്നത്''.


''എന്താ നീ പറഞ്ഞോണ്ട് വരുണത് ''ഇന്ദിരയുടെ വാക്കുകളില്‍ ആകാംക്ഷ തുടിച്ചുനിന്നു.


''മകളുടെ കെട്ട്യോന്‍റെ നാട്ടിന്നാണ്. കേട്ടാല് തമ്പുരാട്ടി വേണ്ടാന്ന് പറയില്ല'' പാറു പറഞ്ഞു''നല്ല ഒന്നാന്തരം കുടുംബക്കാര്. ഇട്ടു മൂടാനുള്ള സ്വത്തും മുതലും ഉണ്ട്. ഒരേ ഒരു കുട്ടി. എന്തോണ്ടും നിങ്ങള്‍ക്ക് നന്നായിട്ട് ചേരും''. 


ഒരു വിവാഹാലോചനയുമായിട്ടാണ് പാറു വന്നത് എന്ന് ഇന്ദിരയ്ക്ക് മനസ്സിലായി. എപ്പോഴായാലും വേണ്ടതാണ്. പക്ഷെ രമയ്ക്ക് അതിനു മാത്രം പ്രായം ആയിട്ടില്ല. പോരാത്തതിന്ന് അവളുടെ പഠിപ്പ് എവിടേയും എത്തിയിട്ടില്ല. ഒക്കെ പോട്ടേ എന്നുവിചാരിച്ചാലും കല്യാണം നടത്താന്‍ പറ്റിയ ചുറ്റുപാടല്ല ഇപ്പോഴുള്ളത്.


''എന്താ തമ്പുരാട്ടി ഒന്നും പറയാത്തത്''പാറു ചോദിച്ചു.


''ഞങ്ങളുടെ അവസ്ഥ നിനക്കറിയിണതല്ലേ''ഇന്ദിര ചോദിച്ചു''കല്യാണം നടത്താന്‍ ഞങ്ങടേല് വല്ലതും വേണ്ടേ''.


''അതൊന്നും ആലോചിച്ച് വെഷമിക്കണ്ടാ. ശരീന്ന് ഒരുവാക്ക് പറഞ്ഞാ മതി. ബാക്ക്യോക്കെ അവര് നടത്തിക്കോളും''.


''എന്നാലും എന്‍റെ പാറൂ, ഒരു പെണ്‍കുട്ട്യേ ഒരുത്തന്‍റെ കയ്യില് പിടിച്ചു കൊടുക്കുമ്പൊ നമ്മള് അതിന്‍റെ കയ്യും കാലും മുടക്കണ്ടേ. അതിന് ഈ വീട്ടില് മീന്‍ചെളുക്കടെ സ്വര്‍ണ്ണൂണ്ടോ''.


''അതിന് പെണ്‍കുട്ടിക്കല്ലാ തമ്പുരാട്ട്യേ ആലോചന''.


''പിന്നെ''.


''മകന്''പാറു പറഞ്ഞു''മരുമകന്‍റെ അമ്മ മുമ്പ് ആ പെണ്‍കുട്ടിടെ വീട്ടില് പുറംപണിക്ക് നിന്നതാണ്. ഒരുദിവസം അയമ്മ എന്നെ ആ വീട്ടിലേക്ക്  കൂട്ടിക്കൊണ്ട് പോയിരുന്നു. പെണ്‍കുട്ടീനെ ഞാന്‍ കാണുംചെയ്തു. ഉള്ള കാര്യംപറയാലോ. കുട്ട്യേകണ്ടാല് കണ്ണ് തട്ടും. നറുക്ക് കുത്ത്യേത്പോലെ ഒരു കുട്ടി. എന്താ ഒരു മുടി. ചന്തിക്ക് കീപ്പട്ട് കിടക്കുണുണ്ട്. വെളുത്ത് തുടുതുടേന്നുള്ള നിറം. ആരുകണ്ടാലും ഒന്ന് നോക്കും''.


''നിനക്കെന്താ പാറൂ പ്രാന്തുണ്ടോ. ഇതെന്താ കുട്ടിക്കള്യാണോ''ഇന്ദിര പറഞ്ഞു''അനൂന് എത്ര്യാ പ്രായംന്ന് നിനക്കറിയ്യോ''.


''അതൊന്നും നോക്കണ്ടാ. ഇതുപോലത്തെ ഒരാലോചന നടന്ന നാട്ടിന്ന് കിട്ടില്ല. തമ്പുരാന്‍റെ പേര് പറഞ്ഞതും അവര്‍ക്ക് മനസ്സിലായി. നിങ്ങടെ കൂട്ടക്കാര് അധികം ഇല്ലാത്തതല്ലേ. പാകംപോലത്തെ ആലോചന വന്നപ്പൊ സമ്മതിച്ചതാണ്. പക്ഷെ ഒരു കുറവുണ്ട്ട്ടോ. ഞാന്‍ പറഞ്ഞില്ലാന്ന് പിന്നെ പറയാന്‍ പാടില്ല. ഇന്ദിര അവളെത്തന്നെ നോക്കിയിരുന്നു.


''കുട്ടിടെ അമ്മയ്ക്ക് തലയ്ക്ക് നല്ല സുഖൂല്യാ. എന്നുവെച്ച് ആരേം ഉപദ്രവിക്ക്വോന്നൂല്യാ. എപ്പഴും പിറുപിറെ പറഞ്ഞോണ്ടിരിക്കും. അത് കാര്യാക്കാനില്ല''പാറു പറഞ്ഞു''ഇങ്ങിന്യൊരു കുറവ് ഇല്ലാച്ചാല്‍ ഈ ബന്ധം കിട്ടാനും പോണില്ല''.


''എന്തോ എനിക്കിത് ശരിയാവുംന്ന് തോന്നുണില്ല'' ഇന്ദിര പറഞ്ഞു.


''കേറിവന്ന മഹാലക്ഷ്മ്യേ തമ്പുരാട്ടി ആട്ടി പറഞ്ഞയക്കണ്ടാ. നല്ലോണം ആലോചിച്ചിട്ട് മറുപടി പറഞ്ഞാ മതി. സംഗതി കൈവിട്ടിട്ട് സങ്കടപ്പെട്ടിട്ട് കാര്യൂല്യാ''. പാറു എഴുന്നേറ്റു.


''നില്‍ക്ക്. വന്നിട്ട് ഒരുതുള്ളി വെള്ളം കുടിക്കാണ്ടെ പോവ്വേ''ഇന്ദിര അകത്തേക്ക് പോയി. ചായകുടിച്ചതും പിന്നെ വരാമെന്നുപറഞ്ഞ് പാറു പോയി. ഇന്ദിര രാമകൃഷ്ണന്‍റെ അടുത്തേക്ക് ചെന്നു.


''പാറു പറഞ്ഞത് കേട്ട്വോ''അവള്‍ ചോദിച്ചു.


''ങും''അയാള്‍ മൂളി.


''എന്താ അഭിപ്രായം''.


''തേവര് ഒരു വഴി കണിച്ചതാണെന്ന് തോന്നുണൂ''.


''നിങ്ങക്കിത് എന്തിന്‍റെ കേടാ''ഇന്ദിരയ്ക്ക് ആ മറുപടി തീരെ ഇഷ്ടപ്പെട്ടില്ല ''ചെക്കന്‍റെ ചെവീല് ഇത് എത്തണ്ടാ. പിന്നെ അവന്‍ മനസ്സില് ആ നിനവും വെച്ചോണ്ട് നടക്കും''.


''എന്‍റെ കണ്ണടയുംമുമ്പ് അവന്‍ ഒരുനെലേല് എത്തുണത് കാണാന്‍ പറ്റ്യാല്‍ സമധാനമായിട്ട് എനിക്ക് പോവായിരുന്നു''. ഇന്ദിരയ്ക്ക് ആ വാക്കുകള്‍ സഹിക്കാനായില്ല.


''എന്‍റെ രാമേട്ടനെ ഞാന്‍ എവിടേക്കും വിടില്ല'' ആ തളര്‍ന്ന ശരീരത്തെ ഇന്ദിര കെട്ടിപ്പിടിച്ചു.


അദ്ധ്യായം - 23.


സന്ധ്യാദീപം തെളിയിച്ച ശേഷം കെ. എസ് മേനോന്‍ നാമം ചൊല്ലാന്‍ തുടങ്ങി. ചന്ദനത്തിരിയുടെ സുഗന്ധം തളത്തില്‍നിന്ന് മുറ്റത്തേക്കിറങ്ങി. ഉരുവിടുന്നനാമങ്ങള്‍ക്ക് കാതോര്‍ത്ത് ചുമരിലെ ഉണ്ണികൃഷ്ണന്‍റെ പടം മന്ദഹാസം ചൊരിഞ്ഞുനിന്നു.


പെട്ടെന്ന് മൊബൈല്‍ഫോണ്‍  അടിക്കുന്ന ശബ്ദം കേട്ടു. ഗോപാലകൃഷ്ണന്‍ നായരാണ് വിളിക്കാനുള്ള ഏക വ്യക്തി. അയാള്‍ക്ക് മാത്രമേ ഈ നമ്പര്‍ അറിയൂ. പക്ഷെ ഇത് അയാളാവില്ല. അഞ്ചരമണിയ്ക്ക് പണിമാറിയ രാമന് കൂലി കൊടുത്തയച്ചതിന്നുശേഷം കഷ്ടിച്ച് അരമണിക്കൂര്‍നേരം വര്‍ത്തമാനം പറഞ്ഞിരുന്നിട്ടാണ് അയാള്‍ പോയത്. വീട്ടില്‍ എത്താനുള്ള നേരമല്ലേ ആയിട്ടുള്ളു. ഇപ്പോള്‍ അത്യാവശ്യകാര്യമൊന്നുമില്ല വിളിക്കാനായിട്ട്. ചിലപ്പോള്‍ പാട്ടു വേണോ എന്നന്വേഷിക്കാന്‍ മൊബൈല്‍ കമ്പിനിക്കാര്‍ വിളിച്ചതായിരിക്കും, 


''സുകുമാരാ, ഇതു ഞാനാണ്''ഗോപാലകൃഷ്ണന്‍ നായരാണ് വിളിച്ചത്.


''എന്താ വിശേഷിച്ച്''പോയ ഉടനെത്തന്നെ വിളിച്ചതിനാല്‍ സ്വല്‍പ്പം പരിഭ്രമം തോന്നി.


''പേടിക്കാനൊന്നും ഇല്ലാടോ. ഞാന്‍ വരുണവഴിക്ക് തന്‍റെ അളിയനെ കാണ്വേണ്ടായി. അത് പറയാനാ വിളിച്ചത്''. 


സമാധാനമായി. അളിയന്മാര്‍ രണ്ടുപേരുണ്ടല്ലോ. മൂത്തപെങ്ങള്‍ ലീലയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍. മിലിട്ടറിയില്‍നിന്നു പിരിഞ്ഞുവന്നശേഷം ആ അളിയന്‍  ഡ്രൈവറായി കഴിയുകയാണ്. ഇനിയുള്ളത് പരമേശ്വരനാണ്. ആരേയാണാവോ കണ്ടത്.


''ഏത് അളിയന്യാ താന്‍ കണ്ടത്''


''ചെറിയ പെങ്ങള് ദാക്ഷായണിടെ കെട്ട്യോനെ, വില്ലേജ് ഓഫീസില്‍ പണി ഉണ്ടായിരുന്നത് അയാള്‍ക്കല്ലേ''.


''അതെ. എവിടുന്നാ അയാളെ കണ്ടത്''.


''റേഷന്‍കടമുക്കില് ഞാന്‍ എത്ത്യേപ്പൊ വേപ്പിന്‍ചോട്ടില് ബസ്സുംകാത്ത് അയാള് നില്‍ക്കിണു. ടൌണിലേക്കാണെങ്കില്‍ കൂട്ടിക്കൊണ്ട് പോരാന്ന് വിചാരിച്ച് വണ്ടിനിര്‍ത്തി. ഇടുപ്പിന്ന് തകരാറാണ്, ബൈക്കില്‍ ഇരിക്കാന്‍ പറ്റില്യാ എന്നുപറഞ്ഞ് ആള് ഒഴിഞ്ഞു''.


''അതു ശരി''.


''താന്‍ കുടിപാര്‍ക്കുമ്പൊ എന്തേവരാഞ്ഞത് എന്ന് ഞാന്‍ ചോദിച്ചു. ആളടെ മനസ്സിലിരിപ്പ് അറിയണോലോ''.


''എന്നിട്ട് അയാളെന്താ പറഞ്ഞത്''.


''ആളൊരു മര്യാദക്കാരനാണെന്നാ എനിക്ക് തോന്ന്യേത്. ആ വിദ്വന്‍ ഒരു കുറ്റൂം തന്നെക്കുറിച്ച് പറഞ്ഞില്ല. അതു മാത്രാല്ലാടോ ഏട്ടന്‍ കയ്യിലുള്ള കാലത്ത് മനസ്സറിഞ്ഞ് തന്നിട്ടുണ്ട്, ഇത്തിരി ബുദ്ധിമുട്ടായി മൂപ്പര് നാട്ടില്‍ എത്ത്യേപ്പൊ പെങ്ങന്മാര്‍ തിരിഞ്ഞുനോക്കാഞ്ഞത് വളരെ മോശായി എന്നും പറഞ്ഞു''.


''അവനെങ്കിലും ചെയ്തതൊക്കെ ഓര്‍മ്മീണ്ടല്ലോ''.


''അയാള്‍ക്ക് വരണംന്ന് നല്ല മോഹൂണ്ടായിരുന്നു. എനിക്കില്ലാത്ത ബന്ധം നിങ്ങള്‍ക്ക് ഉണ്ടാവ്വോ എന്ന് തന്‍റെ പെങ്ങള് പറഞ്ഞതോണ്ടാ അയാള് വരാഞ്ഞത്''.


''ശര്യല്ലേ ആ പറഞ്ഞത്. സ്വന്തം കൂടപ്പിറപ്പിന്ന് ഇല്ല. പിന്നല്ലേ അവളടെ സമ്മന്തക്കാരന്''.


''അതിലും രസൂള്ള കാര്യൂണ്ട്. തന്‍റെ പെങ്ങളുടെ മനസ്സിലിരുപ്പ് തനിക്ക് കേക്കണോ. തിരിഞ്ഞുനോക്കാന്‍ ആരൂല്ല്യാതെ വരുമ്പൊ താന്‍ വീടുവിറ്റ് ഹൈദരബാദിലിക്കന്നെപോവും. അപ്പൊ എന്തെങ്കിലും ഒട്ടവെച്ച് തന്‍റെ സ്ഥലം എഴുതിവാങ്ങാന്‍ കാത്തിരിക്ക്യാണത്രേ അനിയത്തി''.


''അങ്ങിന്യാണെങ്കില്‍ ലീല എന്തേ വരാഞ്ഞത്''.


''അവളുടെ മനസ്സിലിരിപ്പ് എന്താണെന്ന് നമുക്കറിയ്യോ. എന്‍റെ സംശയം താന്‍ അവര്‍ക്കൊരു ബാദ്ധ്യത്യായി മാറുംന്ന് കരുതീട്ട് അവര് ഒഴിഞ്ഞ് നിന്നതാണെന്നാ''.


''ഞാന്‍ ഇവിടംവിട്ട് മടങ്ങി പോണില്ല എന്ന് താന്‍ പരമേശ്വരനോട് പറഞ്ഞില്ലേ''.


''അതിന്‍റെ ആവശ്യൂല്യാ. പ്രവര്‍ത്തിയിലതു കാണിച്ചുകൊടുക്കണം'' ഗോപാലകൃഷ്ണന്‍നായര്‍ പറഞ്ഞു''അതുപോട്ടെ. താന്‍ മനസ്സുമാറി പെട്ടെന്നെങ്ങാനും ഇവിടംവിട്ട് പോവ്വോ''.


''അതുണ്ടാവില്ല''.


''അങ്ങിന്യാണെങ്കില്‍ ചിലതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. ആകേള്ള ഒരു മുറീലാണ് തന്‍റെ വെപ്പും തീനും. കിടപ്പാണെങ്കിലോ ചെന്നുകേറുണ തളത്തിലും. അതുപോരാ''.


''പിന്നെന്താ വേണ്ടത്''.


''പിന്നാലത്തെ ചായ്പ്പ് തുറന്ന് കിടക്ക്വേല്ലേ. നമുക്കത് അടച്ചുകെട്ടണം. ഒരുഭാഗത്ത് അടുക്കള്യാക്കാം. മറുഭാഗത്ത് കുളിമുറി. വേണച്ചാല്‍ അതിലൊരു യൂറോപ്യന്‍ ക്ലോസറ്റും വെക്കാം. വയ്യാതെ ആവുമ്പൊ തനിക്ക് ദൂരെപോവാതെ കഴിക്കാലോ. വിറകുപുരടെ തൂണുകള്‍ പൊളിച്ചാല്‍ കെട്ടാനുള്ള ചെങ്കല്ല് കിട്ടും''.


''എന്താ വേണ്ടത്ച്ചാല്‍ താന്‍ ചെയ്യിച്ചോളൂ''.


''ഒരു മുറി ഉള്ളതിനും തളത്തിനും ഇരുമ്പിന്‍റെ കീടംപോലത്തെ നല്ല കരിമ്പനടെ തുലാക്കട്ട നിരത്തീട്ടുണ്ടല്ലോ. അതില് തട്ടുപലക അടിച്ച് ബന്തവസ്സാക്കണം''.


''ശരി''.


''തൊടീല് കുറെ മരം കൊടുക്കാനുണ്ട്. വേങ്ങീം പുല്ലമരുതും ഞാവിളും   വേപ്പും ഒക്ക്യാണ്. അതൊക്കെ വില്‍ക്കാം. ഒന്നുരണ്ട് മാവും പ്ലാവും പുളിയും നിന്നോട്ടെ. കായ്ഫലം ഉള്ളതല്ലേ''.


''ശരി''.


''ഞാന്‍ രാവിലെനേരത്തെ വരാം. രാത്രി മുഴുവന്‍ പെങ്ങമ്മാരുടെ കാര്യം ആലോചിച്ച് ഖേദിച്ചിരിക്കണ്ടാ. രണ്ട് അച്ഛന്മാര്‍ക്ക് പിറന്നവരല്ലേ താനും അവരും. അതിന്‍റെ കുറവാണെന്ന് കൂട്ടി സമാധാനിക്ക്യാ''. 


അയാളോട് ശരിയെന്ന് സമ്മതിച്ചുവെങ്കിലും അതിന്നു കഴിഞ്ഞില്ല. നാമ ജപം അവസാനിപ്പിച്ച് എഴുന്നേറ്റു. പുല്ലുപായ മടക്കി എടുത്തുവെച്ച് ചാരുകസേലയില്‍ ഇരുന്നു. കെ.എസ്.മേനോന്‍, സുകുമാരന്‍ എന്ന കുട്ടിയായി മാറുകയാണ്. പരിഭ്രമം മുഖത്തെ സ്ഥായിയായ ഒരു ആവരണമായിരുന്ന ബാല്യകാലം. വല്ലപ്പോഴും വിരുന്നുകാരനെപോലെ വീട്ടിലെത്താറുള്ള അച്ഛനെക്കുറിച്ച് നല്ല ഓര്‍മ്മ തോന്നുന്നില്ല. വെളുത്തു മെലിഞ്ഞ ശരീരമായിരുന്നു. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം. ദൂരെഎവിടേയോ കണക്കെഴുത്തായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വരുമ്പോഴെല്ലാം മകന് തരാനായി കയ്യില്‍ ഒരുപൊതി കല്‍ക്കണ്ടം ഉണ്ടാവും. ഇത്രയും അറിവില്‍ അച്ഛന്‍ ഒതുങ്ങുന്നു.


പക്ഷെ എട്ടു വയസ്സുകാരനോട് ഇനിമുതല്‍ ഇതാണ് നിന്‍റെ അച്ഛന്‍ എന്ന് ഒരു അപരിചിതനെ കാണിച്ച് പറഞ്ഞപ്പോഴത് ഉള്‍ക്കൊള്ളാന്‍ അവന് കഴിഞ്ഞില്ല. അടയ്ക്ക, മാങ്ങ, പുളി എന്നിവ വീടുകളില്‍നിന്നുവാങ്ങി അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കുന്നതും കൃഷിക്കാരില്‍നിന്ന് മില്ലുകാര്‍ക്ക് നെല്ലളക്കുന്നതും അയാളുടെ ജോലികളായിരുന്നു. കറുത്ത് തടിച്ച് പൊക്കം കുറഞ്ഞ ആ മനുഷ്യന്‍ ബീഡിവലിച്ച് മുറ്റത്തേക്ക് തുപ്പിക്കൊണ്ടിരിക്കും. ഒരിക്കലും അയാള്‍ തന്നോട് സ്നേഹത്തോടെ ഒരുവാക്ക് സംസാരിച്ചിട്ടില്ല. അനുജത്തിമാര്‍ ജനിച്ചതോടെ കുറച്ചുകൂടി മോശമായ അവസ്ഥയിലായി. കുറ്റപ്പെടുത്തലും ശകാരവും ഒഴിഞ്ഞ നേരമില്ല. വീടുവിട്ട് എങ്ങോട്ടെങ്കിലും പോവണമെന്ന് മോഹിച്ചിരുന്ന നാളുകളിലൊന്ന്. പതിനാറാമത്തെ വയസ്സ് തികയുന്നതേയുള്ളു. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞസമയം. ഇനിയെന്തു ചെയ്യണം എന്നറിയില്ല. വീട്ടില്‍നിന്ന് ഒളിച്ചോടാനുള്ള കാരണം അപ്പോഴാണ് ഉണ്ടായത്.


അമ്പലത്തില്‍ തൊഴുതുവരുന്ന വഴിക്കാണ് ബ്രഹ്മദത്തനെ കാണുന്നത്. ഇല്ലത്തിന്‍റെ പടിപ്പുരയ്ക്ക് മുന്നില്‍ അയാള്‍ കൂട്ടുകാരോട് സംസാരിച്ചു നില്‍ക്കുകയാണ്. വലിയ ആളാണ് എന്ന ഭാവം അയാള്‍ക്കുണ്ട്. അതു കാരണം ഒരേക്ലാസ്സില്‍ പഠിച്ചതാണെങ്കിലും അയാളോട് അധികമൊന്നും സംസാരിക്കാറില്ല.


''എവിടെ പോയിട്ടാ താന്‍ വരുന്ന്''മുന്നിലെത്തിയപ്പോള്‍ ബ്രഹ്മദത്തന്‍റെ വക ചോദ്യം ഉയര്‍ന്നു.


''അമ്പലത്തിലിക്ക്''.


''തന്‍റെ രണ്ട് അനുജത്തിമാരും ഗോവിന്ദന്‍റെകൂടെ ഇന്നലെ ഇങ്ങോട്ട് വരുണത് കണ്ടല്ലോ''. പെങ്ങന്മാര്‍ അവരുടെ അച്ഛനോടൊപ്പം തലേന്ന് പോയിരുന്നത് ശരിയാണ്.


''ങും''എന്നൊരു മൂളലില്‍ മറുപടിയൊതുക്കി.


'' എന്താ അവറ്റ്വേടെ പേര്''.


''മൂത്തവള്‍ ലീല, ഇളയവള്‍ ദാക്ഷായിണി''ദേഷ്യം കടിച്ചമര്‍ത്തി മറുപടി നല്‍കി.


''അവറ്റയ്ക്ക് യോജിച്ച പേര് അതൊന്ന്വൊല്ല. ഒന്നിന് താടക, മറ്റത് പൂതന. പലകപ്പല്ലും കരിവീട്ടിടെ നെറൂം ഒക്കെ ഉള്ളതോണ്ട് അതാ ചേര്വാ''. 


കൂട്ടുകാരോടൊപ്പം അയാള്‍ ആര്‍ത്തു ചിരിച്ചത് കണ്ടപ്പോള്‍ സഹിച്ചില്ല. സ്വന്തം അനിയത്തിമാരെക്കുറിച്ചാണ് പറഞ്ഞത്. പിന്നെ ആലോചിച്ചില്ല. കഴുത്തില്‍ പിടിച്ചു തള്ളിയതും നമ്പൂതിരി നിലത്തുവീണു. മാറത്ത് കയറിയിരുന്ന് കഴുത്ത് ഞെരിക്കാന്‍ തുടങ്ങിയതാണ്. ആരോ പിടിച്ചു മാറ്റിയതുകൊണ്ട് ചെയ്യാനായില്ല.


രണ്ടാനച്ഛന്‍റെ വക അതിനുള്ള ശിക്ഷ കിട്ടി. ഇല്ലത്തേക്ക് പോയ ആള്‍ പെട്ടെന്നു മടങ്ങിയെത്തി. പുരമേയാനുള്ള പനമ്പട്ട മുറ്റത്ത് കിടപ്പുണ്ട്. വഴുകപ്പൊളിര് എത്രതവണ ദേഹത്ത് മുറിവേല്‍പ്പിച്ചു എന്നറിയില്ല.


''ഇനി എന്നെ തല്യാല്‍ തന്നെ ഞാന്‍ വെട്ടിക്കൊല്ലും''തീരെ സഹിക്കാന്‍ വയ്യാതായപ്പോള്‍ പറഞ്ഞതു നേരാണ്. അന്ന് ആരും ഒന്നുംകഴിച്ചില്ല. രാത്രി അമ്മ അടുത്തുവന്നു.


''എന്‍റെ കുട്ടി ഈ നരകത്തിന്ന് എവിടേങ്കിലും പോയി രക്ഷപ്പെട്ടോ''കുറെ ചില്ലറയും മൂന്ന് നാല് നോട്ടും കയ്യില്‍തന്നു, അമ്മയുടെ ഇടത്തെ കയ്യില്‍ കിടന്നിരുന്ന ഒരു കോണുവളയും. എവിടെയെല്ലാമോ ചുറ്റിക്കറങ്ങി  ജീവിതത്തിന്ന് ഒരു അര്‍ത്ഥം കണ്ടെത്തി. നേടിയതില്‍ നല്ലൊരുപങ്ക് ഒരേ വയറ്റില്‍നിന്ന് പിറന്നവര്‍ക്ക് നല്‍കി. എന്നിട്ടും? കണ്ണുകള്‍ നിറഞ്ഞുവോ.


ക്ലോക്ക് എട്ടുതവണ ശബ്ദിച്ചു. ഗെയിറ്റ് അടക്കാനായി കെ. എസ്. മെനോന്‍ എഴുന്നേറ്റു.


അദ്ധ്യായം - 24.


അനൂപ് ബാഗുമെടുത്ത് ജോലിക്കിറങ്ങാന്‍ തുടങ്ങുമ്പോഴാണ് പാറു എത്തിയത്.


''അമ്മേ, ഇതാ പാറു വന്നിരിക്കിണൂ''അവന്‍ വിളിച്ചുപറഞ്ഞു. ഇന്ദിര പുറത്തേക്ക് വന്നു.


''എന്താ പാറു''അവള്‍ ചോദിച്ചു.


''ഇന്നലെ മകളും മരുമകനും കുട്ട്യേളും വന്നിട്ടുണ്ട്. വരുമ്പഴേ മരുമകന് തൊണ്ടേല് വേദനീം ജലദോഷൂം കഫത്തിന്‍റെ ഉപദ്രവൂം ഉണ്ടായിരുന്നു. രാത്രി ആയപ്പൊ കുറേശ്ശെ പനിക്കാനും തുടങ്ങി''പാറു പറഞ്ഞു''ഞാന്‍ തമ്പുരാന്‍കുട്ടിടെ അടുത്ത് വല്ലമരുന്നും ഉണ്ടോന്ന് ചോദിക്കാന്‍വന്നതാ''.


''നിന്‍റേല് ഇതിനൊക്കെ പറ്റ്യേ വല്ല മരുന്നുണ്ടോ അനൂ''ഇന്ദിര ചോദിച്ചു.


''പിന്നില്ലാണ്ടെ''അവന്‍ ബാഗ് തുറന്ന് മരുന്നെടുത്ത് പാറുവിന്‍റെ നേരെനീട്ടി ''ദിവസം മൂന്നുനേരം ഭക്ഷണത്തിന്നുശേഷം ഇതിന്ന് ഓരോ ഗുളികവീതം  കൊടുക്കണം. മൂന്നു ദിവസത്തേക്കുണ്ട്''.


''നല്ലോണംനോക്കീട്ട് കൊടുക്ക്''ഇന്ദിര മകനെഉപദേശിച്ചു''മരുന്ന് മാറ്യാല്‍ ബുദ്ധിമുട്ടാവും''.


''എനിക്കെന്താ ഇത്രയ്ക്ക് അറിയില്ലേ അമ്മേ''അവന്‍ പറഞ്ഞു''ഇതേ ആന്‍റിബയോട്ടിക്കാണ്. അമോക്സിലിന്‍ വിത്ത് ക്ലാവലോണിക്ക് ആസിഡ്. തൊണ്ടവേദന ഉള്ളത് ഇന്‍ഫെക്ഷന്‍ കൊണ്ടാവും. അതിന്ന് ഡോക്ടര്‍മാര്‍ എഴുതുണ മരുന്നാണ് ഇത്. വെറും ജലദോഷൂം പനിയും ആണച്ചാല്‍ ഞാന്‍ പാരാസ്റ്റെറ്റമോളല്ലേ കൊടുക്ക്വാ''. അവന്‍  സ്കൂട്ടര്‍ സ്റ്റാര്‍ടാക്കി ഓടിച്ചു പോയി.


''തമ്പുരാന്‍കുട്ടിക്ക് മരുന്നിന്‍റെകാര്യത്തില് നല്ലവിവരൂണ്ട്''പാറു പറഞ്ഞു ''ദൈവം നെറയെ ആയുസ്സിട്ട് കൊടുക്കട്ടെ''.


''പാറൂ, അതന്നെ എനിക്കുംമോഹൂള്ളൂ. ഇത് രണ്ടെണ്ണത്തിനെ നമ്പീട്ടാ ഞാന്‍ ഭൂമീല് ജീവിക്കിണത് തന്നെ''.


''തമ്പുരാട്ട്യേ. മോളില് ദൈവൂല്യേ. നിങ്ങളെ കഷ്ടപ്പെടുത്തില്ല''പാറു ആശ്വസിപ്പിച്ചു. ഇന്ദിര അതിന്ന് മറുപടിയൊന്നും പറഞ്ഞില്ല.


''മകള് പഠിക്കാന്‍ പോയോ''പാറു ചോദിച്ചു.


''അവള് എപ്പഴോ പോയി. ഇന്ന് അവിടെ ചെന്നിട്ട് എന്തൊക്ക്യോ എഴുതാനുണ്ടെന്ന് പറഞ്ഞു''.


''ഞാന്‍ ഓടിച്ചെന്ന് ഈ മരുന്ന് കൊടുത്തിട്ട് വെക്കം വരാം. ചോറും കൂട്ടാനും മകള് വെച്ചോട്ടെ. ഞാന്‍ ഉണ്ടാക്കീട്ട് അവന് വായയ്ക്ക് പിടിച്ചില്ലാന്ന് വരണ്ടാ''പാറു തിരക്കിട്ടുനടന്നു.


ഇന്ദിരയുടെ മനസ്സുമുഴുവന്‍ മകനാണ്. പാവം കുട്ടി. കളിച്ചുനടക്കേണ്ട പ്രായത്തില്‍ കുടുംബഭാരം തലേല് ഏറ്റേണ്ടി വന്നു. നല്ല കഷ്ടപ്പാടുള്ള പണിയായിരിക്കും. ഒട്ടും സന്തോഷത്തോടെയല്ല  ചില ദിവസങ്ങളില്‍ അവന്‍ ജോലിക്ക് പോവാറ്. എന്താ കുട്ട്യേ എന്നുചോദിച്ചാല്‍ ഒന്നൂല്യാ അമ്മേ എന്നല്ലാതെ ഒരക്ഷരം പറയില്ല. പക്ഷെ രണ്ടുദിവസമായി കുട്ടി വലിയ ആഹ്ലാദത്തിലാണ്. അതന്നെ സമാധാനം. പറഞ്ഞപോലെ പാറു വൈകാതെ തിരിച്ചെത്തി. ഇന്ദിര അവളെ കാത്തിരിക്കുകയായിരുന്നു.


''തമ്പുരാട്ട്യേ കണ്ട് ഞാന്‍ പറഞ്ഞകാര്യത്തില്‍ എന്തെങ്കിലും തിരുമാനം ആയോന്ന് ചോദിക്കണംന്നു വിചാരിക്കാന്‍ തുടങ്ങീട്ട് രണ്ട് ദിവസായി'' അവള്‍ പറഞ്ഞു ''വേണങ്കിലും വേണ്ടെങ്കിലും മകള് പോവുമ്പോ ആ വിവരം അവളടടുത്ത് പറഞ്ഞയക്കാലോ''.


''ഞാനും അതാലോചിച്ച് ഇരിക്ക്യായിരുന്നു''ഇന്ദിര മറുപടിനല്‍കി''ഒറ്റ അടിക്ക് വേണ്ടാന്ന് പറഞ്ഞാലോന്ന് വിചാരിച്ചതാ. രാമേട്ടന്‍റെ അടുത്ത് ഞാന്‍ വിവരംപറഞ്ഞു. മൂപ്പരുടെ ഉള്ളില് ഒരുമോഹൂണ്ടെന്ന് തോന്നി. അതിന്‍റെ അപ്പറം എനിക്ക് ഒന്നൂല്യാ''.


''അതു നന്നായി. നല്ല സ്വഭാവക്കാരാണ് അവര്. എന്തോണ്ടും നമുക്ക് ഈ ബന്ധംകൊണ്ട് ഗുണംതന്നേ ഉണ്ടാവുള്ളു. മകള് പോവുമ്പൊ ഈ വിവരം പറഞ്ഞയയ്ക്കാം''പാറു ഒരുവീര്‍പ്പില്‍ പറഞ്ഞുനിര്‍ത്തി.


''ചിലപ്പൊ തെറ്റാണ് ചെയ്യണത് എന്ന് തോന്നാറുണ്ട്''.


''അതെന്താ തമ്പുരാട്ടി''.


''ഗുണദോഷം പറഞ്ഞുതരാന്‍ എനിക്ക് ആരൂല്യാ. അതോണ്ട് എന്‍റെ ഒരു ഏടത്തിടടുത്ത് ചോദിക്കിണപോലെ നിന്‍റടുത്ത് ചോദിക്ക്യാണ്'' ഇന്ദിര പറഞ്ഞു''ഞങ്ങള്‍ക്ക് സ്വത്തും മുതലും ഒന്നൂല്യാ. ആരും കടം വാങ്ങ്യേത് ചോദിച്ച് വരാനും ഇല്ല. നാളെ മേലാല് പണംനോക്കി കുട്ട്യേക്കൊണ്ട് പ്രാന്തിടെ മകളെ കെട്ടിച്ചൂന്ന് ആള്വേള്  എന്നെ കുറ്റംപറയാന്‍ പാടില്ല. അത്രേള്ളൂ എനിക്ക്''.


''തമ്പുരാട്ട്യേ, ആയിരം കുടത്തിന്‍റെ വായകെട്ടാം. അര മനുഷ്യന്‍റെ വായ മൂടാന്‍ പറ്റില്ല''പാറു പറഞ്ഞു''നൂറുകൂട്ടം കുറ്റംപറയാന്‍ ആളുണ്ടാവും. അതിനൊന്നും നമ്മള് ചെവി കൊടുക്കണ്ടാ. നമ്മടെ മനസ്സില് ഒരുസത്യം ഉണ്ടാവണം. പെണ്‍കുട്ടിടെ വീട്ടിലെ സ്ഥിതീല് നമ്മള് കണ്ണ് വെക്കാന്‍ പാടില്ല. കൊണ്ടുവരുണ കുട്ടീനെ മകളായി കാണ്വാ. അപ്പൊ ആരെങ്കിലും കുറ്റംപറയുണത് കേട്ടാലും ഒന്നും തോന്നില്ല''.


''അങ്ങിന്യാണെങ്കില് അവന്‍റെ ജാതകക്കുറിപ്പ് നെന്‍റേല് തരാം. അവര് നോക്കിച്ചിട്ട് ചേരുംച്ചാലല്ലേ ബാക്കി ആലോചിക്കേണ്ടൂ''.


''അതന്യാ ശരി''. പഴയപെട്ടിയില്‍ സൂക്ഷിച്ച അനൂപിന്‍റെ ജാതകം ഇന്ദിര എടുത്തു. രമയുടെ നോട്ടുപുസ്തകത്തില്‍നിന്ന് ഒരേട് കീറി അവള്‍ ജനന തീയതിയും, സമയവും, ഗ്രഹനിലയും, അംശകവും, ഗര്‍ഭശിഷ്ടവും ഒക്കെ പകര്‍ത്തി.


''ഇന്ദിരേ, ഒന്നിങ്ങോട്ടു വരൂ''പുറത്തേക്ക് പോവാന്‍ ഒരുങ്ങിയ ഭാര്യയെ രാമകൃഷ്ണന്‍ വിളിച്ചു.


''എന്താ രാമേട്ടാ''അവള്‍ അടുത്തേക്കു ചെന്നു.


''പാറൂനെ അകത്തേക്ക് വരാന്‍ പറയൂ. എന്നിട്ട് ഭഗവാനെ നല്ലോണം പ്രാര്‍ത്ഥിച്ച് ഇത് അവളുടെ കയ്യില്‍ കൊടുക്കൂ''അയാള്‍ പറഞ്ഞു.


''രാമേട്ടന്‍റെ കയ്യോണ്ടന്നെ കൊടുത്തോളൂ. അതാ നല്ലത്''. തളര്‍ന്ന കയ്യില്‍ കുറിപ്പ് പിടിപ്പിച്ച് ഇന്ദിര പാറുവിനെ വിളിക്കാന്‍ പുറത്തേക്ക് നടന്നു.


()()()()()()()()()()


അനൂപ് രാവിലെത്തന്നെ പരമാവധി ഡോക്ടര്‍മാരെ കാണണം എന്ന തീരുമാനത്തിലായിരുന്നു. ഒരുപക്ഷേ വൈകുന്നേരം ഇടിയോ മഴയോ വന്നെങ്കിലോ? ഒരു മൂളിപ്പാട്ടുമായി അവന്‍ സ്കൂട്ടര്‍ ഓടിച്ചു. കഴിഞ്ഞ മാസം ഈശ്വരാധീനംകൊണ്ട് ടാര്‍ജറ്റ് തികയ്ക്കാനായി. തല്‍ക്കാലം ഈ ജോലിപോവുമെന്ന് കരുതി സങ്കടപ്പെടേണ്ട. വാരിയര്‍സാറാണ് അതിന്‍റെ കാരണക്കാരന്‍.


 ''മഴക്കാലം ആവാറായില്ലേ,  ഒന്നുരണ്ട് ഹോസ്പിറ്റലുകളില്‍ പനിക്കും ചുമയ്ക്കും ഉള്ള മരുന്നുകള്‍ കയറ്റാന്‍ നോക്ക്'' എന്ന അദ്ദേഹത്തിന്‍റെ ഉപദേശം ഫലിച്ചു. അനൂപ് ആസ്പത്രിയില്‍ നില്‍ക്കുകയായിരുന്നു. നല്ല തിരക്കുണ്ട്. ഡോക്ടറെ എപ്പോള്‍ കാണാന്‍ പറ്റുമെന്നറിയില്ല. പുറത്ത് ആരോ തൊട്ടപ്പോള്‍ തിരിഞ്ഞു നോക്കി. അനിരുദ്ധന്‍ സാറാണ്.


''എന്താ സാര്‍'' അവന്‍ ചോദിച്ചു.


''വാ, അനൂപേ'' അയാള്‍ വിളിച്ചു. ഇരുവരും കാന്‍റീനിലേക്ക് നടന്നു. ചായയ്ക്കും വടയ്ക്കും ഉള്ള ടോക്കണ്‍വാങ്ങി അനിരുദ്ധന്‍ തിരിച്ചു വന്നു.


''നിന്‍റെ അറിവില്‍ റെപ്പായിട്ട് എടുക്കാന്‍ പറ്റ്യേ ആരെങ്കിലൂണ്ടോ'' അയാള്‍ ചായ കുടിക്കുന്നതിന്നിടെ ചോദിച്ചു.


''ഏത് കമ്പിനീലിക്കാ സാറെ'' അനൂപ് തിരക്കി. പണി ചെയ്യാതെ ഉഴപ്പി നടന്ന് ദുബായിയിലേക്ക് പോവുകയാണന്നുപറഞ്ഞ് ഒഴിവായ റെപ്പിന്‍റെ കാര്യം അനിരുദ്ധന്‍ വിവരിച്ചു.


''വാസ്തവം പറഞ്ഞാല്‍ അവന്‍ പോയതില്‍ എനിക്ക് സന്തോഷേള്ളു. ആ വിദ്വാന്‍ അരയ്ക്കാല്‍ പൈസടെ പണി എടുക്കില്ല''അയാള്‍ പറഞ്ഞു ''പക്ഷെ അവന്‍ പോയ ഒഴിവിലേക്ക് ഞാനും ആര്‍.എമ്മുംകൂടി സെലക്റ്റ് ചെയ്ത് ട്രെയിനിങ്ങിനയച്ച പയ്യനെ എടുക്കാഞ്ഞതിലേ വിഷമൂള്ളു''.


''അതെന്താ സാറെ''.


''പയ്യന്‍ മിടുക്കനായിരുന്നു. ഡിഗ്രി കഴിഞ്ഞതേയുള്ളു. ബി. എസ്. സി. കെമിസ്ട്രി, ഫസ്റ്റ് ക്ലാസ്സ്. സന്തോഷത്തോടെയാണ് അവനെ ട്രെയിനിങ്ങിന്ന് അയച്ചത്. അവിടേയും അവന്‍ തന്നെ ഒന്നാമന്‍. പക്ഷെ കമ്പിനി അവനെ ജോലിക്ക് എടുത്തില്ല. അവന്‍റെ കുടുംബത്തില്‍പ്പെട്ട ആരോ കമ്പിനിയില്‍ ജോലിചെയ്യുന്നുണ്ടത്രേ. ആ കാരണംപറഞ്ഞ് കമ്പിനി അവനെ ഒഴിവാക്കി. നിലവിലുള്ള ജീവനക്കാരുടെ രക്തബന്ധത്തില്‍പ്പെട്ടവരെ ജോലിക്ക് എടുക്കാന്‍ പാടില്ലാ എന്നാത്രേ കമ്പിനിടെ പോളിസി''.


''അത് വല്ലാത്ത ഏര്‍പ്പാടന്നെ''.


''ഒന്നും പറയണ്ടാ. പല മരുന്നുകമ്പിനിക്കാര്‍ക്കും കാലം മാറിയത് അറിയില്ല. ഇഷ്ടംപോലെ ആള്‍ക്കാരെ ജോലിക്ക് കിട്ടാനുണ്ട് എന്നാ അവരടെ വിശ്വാസം. വാസ്തവം നമുക്കല്ലേ അറിയൂ. നൂറുപേരോട് പറഞ്ഞാലാണ് ഒരാളെ കിട്ടുക. ഒരുവിധം അയാളെ ട്രെയിനിങ്ങിന്ന് അയച്ചാലോ, പെര്‍ഫോമന്‍സ് പോരാ എന്നുപറഞ്ഞ് റിജക്റ്റ് ചെയ്യും. ഫീല്‍ഡിലെ ബുദ്ധിമുട്ട് അവര്‍ക്കറിയില്ലല്ലോ''. അതു ശരിയാണ്. യാതൊരു ദാക്ഷിണ്യവും കൂടാതെയാണ് ഉദ്യോഗാര്‍ത്ഥികളെ ട്രെയിനിങ്ങ് കാലത്ത് തിരസ്ക്കരിക്കുക. അതും കഠിനമായ പരിശീലനത്തിനിടയില്‍ ഏതു സമയത്തും.


ട്രെയിനിങ്ങ് കാലത്ത് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അവന്‍ ഓര്‍ത്തു. നേരം വെളുക്കുമ്പോഴേക്കും എഴുന്നേല്‍ക്കണം, പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞതും പഠിക്കാനോ, എഴുതാനോ ഉള്ളത് ചെയ്തുതീര്‍ക്കണം, തിടുക്കത്തില്‍ കുളിച്ചൊരുങ്ങണം, ധൃതിയില്‍ ഭക്ഷണംകഴിച്ച് ട്രെയിനിങ്ങിനെത്തണം, രാത്രി എട്ടോ ഒമ്പതോ മണിവരെ നീളുന്ന പഠിപ്പും, പരിശീലനവും കഴിഞ്ഞ് മുറിയിലെത്തിയതും അടുത്ത ദിവസം ചോദിക്കാനിടയുള്ളത് പഠിക്കണം, പന്ത്രണ്ടുമണിവരെ പഠിക്കാനുണ്ടാവും. ഇതിനൊക്കെ പുറമെയാണ് ജോലികിട്ടുമോ എന്നആശങ്ക .


''അനൂപേ, നീ എന്‍റെ കമ്പിനിയിലേക്ക് വരുന്നോ''അനിരുദ്ധന്‍റെ ചോദ്യം അവന്‍ പ്രതീക്ഷിച്ചതല്ല. ഒരാഴ്ച മുമ്പായിരുന്നു ഈ ചോദ്യങ്കില്‍ ഒന്നും ആലോചിക്കാതെ സമ്മതിച്ചേനെ.


ധൃതിപിടിച്ച് വേറൊരു കമ്പിനിയില്‍ ചേരരുത് എന്ന് വാരിയര്‍ സാര്‍ പറഞ്ഞത് അവന്‍ ഓര്‍ത്തു, നിന്‍റെ ജോലി പോവും എന്നു വിചാരിച്ച് വിഷമിക്കണ്ടാ, നല്ലൊരു കമ്പിനിയില്‍ ഞാന്‍ പണി വാങ്ങിത്തരാം എന്ന് അദ്ദേഹം നല്‍കിയ വാഗ്ദാനവും.


''ചെറിയൊരു പ്രശ്നൂണ്ട്. പെട്ടെന്ന് പറയാന്‍ പറ്റില്ല സാര്‍. ആലോചിച്ച് പിന്നെ പറയാം''എന്നുപറഞ്ഞ് അവന്‍ തടിതപ്പി.


അദ്ധ്യായം - 25.


കെ.എസ്.മേനോന്‍ പതിവിലും നേരത്തെ ഉണര്‍ന്നു. വാച്ചില്‍ നോക്കി. സമയം ആറേകാലായിട്ടേയുള്ളു. പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ. വേണമെങ്കില്‍ കുറച്ചുനേരംകൂടി കിടക്കാം. ഉറങ്ങുകയൊന്നുമില്ല. ആ നേരംകൊണ്ട് പ്രഭാതകൃത്യങ്ങള്‍ ചെയ്താല്‍ രാമന്‍ എത്തുമ്പോഴേക്ക് കുളിയും കാര്യങ്ങളും കഴിക്കാം. പിന്നെ മടിച്ചില്ല. വേഗം എഴുന്നേറ്റു. എല്ലാ കൃത്യങ്ങളും കഴിഞ്ഞപ്പോള്‍ ഏഴുമണി ആയിട്ടേയുള്ളു. വേഗം താക്കോലെടുത്ത് പടിതുറക്കാന്‍ ചെന്നു.


പടി തുറക്കാന്‍ കാത്തുനിന്നതുപോലെ ഒരു ടാറ്റാസുമോ മുന്നില്‍ വന്നു നിന്നു. മുന്നിലെ വാതില്‍ തുറന്ന് ഗോപാലകൃഷ്ണന്‍ നായര്‍ ഇറങ്ങി, പിന്നാലെ അഞ്ചാറുപേരും. 


''ഇന്നലെ വരാത്തതോണ്ട് ഇന്ന് നേരത്തെ പുറപ്പെട്ടു''അയാള്‍ പറഞ്ഞു ''മാത്രോല്ല പണിക്ക് പോവാറാവുമ്പോഴേക്കും എന്‍റെ കൂടെ ഉള്ളോരെ പറഞ്ഞയക്കുംവേണം''. 


''ആരാ ഇവരൊക്കെ''.


''തൊടീലെ മരം കൊടുക്കണ്ടേ. അത് വാങ്ങാന്‍ വന്നോരാ''. എല്ലാവരും അയാളോടൊപ്പം തൊടിയിലേക്ക് നടന്നു. കൊടുക്കാനുള്ള മരങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു. 


''നിങ്ങള് തടിടെ വണ്ണം നോക്കിക്കോളിന്‍. ഞങ്ങള് ആ നേരം ഒരുഭാഗത്ത് ഇരിക്കട്ടെ'' കച്ചവടക്കാരനെ ശട്ടംകെട്ടി ഇരുവരും വീട്ടിലേക്ക് നടന്നു.


''എന്‍റടുത്ത് ഒരിഞ്ചിന്‍റെ കള്ളത്തരം കാട്ടില്ല. എന്നെ അവര്‍ക്ക് നല്ലോണം അറിയും''ഗോപാലകൃഷ്ണന്‍നായര്‍ പറഞ്ഞു''തല്‍ക്കാലം മരംവിറ്റ കാശ് എന്‍റേല് ഇരിക്കട്ടെ. നാളെമുതല്‍ വീടിന്‍റെ പണിതുടങ്ങും. അത് കഴിഞ്ഞിട്ട് ബാക്കി തന്നെ ഏല്‍പ്പിക്കാം''.


''നമ്മള് തമ്മില്‍ അങ്ങിനെ കണക്കൊക്കെ വേണോ''മേനോന്‍ ചോദിച്ചു.


''വേണം. കണക്ക് എപ്പഴും കൃത്യായിരിക്കണം. ലോഹ്യൂം സ്നേഹൂം ഒക്കെ വേറെ''.


''തന്‍റെ ഇഷ്ടംപോലെ ആയിക്കോട്ടെ''.


''ചിലപ്പൊ ഇന്ന് കരിങ്കല്ല് വരും. ട്രാക്ടറില്‍ മണല് കൊണ്ടുവരാന്‍ ഞാന്‍ ഏര്‍പ്പാടാക്കീട്ടുണ്ട്. ഒപ്പം സിമിന്‍റും ഉണ്ടാവും. അതൊക്കെ ഒരുഭാഗത്ത് ഒതുക്കിവെപ്പിക്കണം''.


''ശരി''


''നാളെ പണിക്കാരെത്തും. നല്ല മഴ തുടങ്ങുംമുമ്പ് പണിതീരണം''. മേനോന്‍ ഒന്നും പറഞ്ഞില്ല. അയാളുടെ മനസ്സില്‍ നടക്കാതെ പോയ പുതിയവീടിനെ  പറ്റിയുള്ള ചിന്തകളായിരുന്നു. 


''എന്താടോ താനൊന്നും മിണ്ടാത്തത്. എന്താ തന്‍റെ മനസ്സില്''.


''നല്ല വലിപ്പത്തില് പുതിയൊരു വീട്. അവിടെ ഞാനും ഭാര്യയും എന്‍റെ പെങ്ങമ്മാരും കുടുംബവുമൊത്ത് കഴിയണംന്ന് മോഹിച്ചതാണ്. അത് ഇങ്ങന്യായി''.


''അതുശരി. തന്‍റെ മനസ്സിന്ന് ഇനീം ആ ചിന്ത പോയിട്ടില്ല അല്ലേ''.


''എന്താന്ന് അറിയില്ല. എനിക്കവരെ വെറുക്കാന്‍ പറ്റുണില്യാ''.


''എടോ താന്‍ ദേവീമാഹാത്മ്യം വായിച്ചിട്ടുണ്ടോ''.


''ഇല്ല''.


''അമ്മിണിക്ക് വായിക്കണംന്ന് പറഞ്ഞ് പുസ്തകം വാങ്ങ്യേപ്പൊ ഞാന്‍ വായിച്ചിട്ടുണ്ട്. അതില് തന്‍റെ ഇപ്പഴത്തെ സൂക്കടിനെപ്പറ്റി വിസ്തരിച്ച് പറയുണുണ്ട്''.


''സൂക്കടോ. എന്തു സൂക്കട്''.


''മായ എന്ന് താന്‍ കേട്ടിട്ടുണ്ടോ. അതന്നെ തന്‍റെ സൂക്കട്''.


''എനിക്കൊന്നും മനസ്സിലാവുണില്യാ''.


''മനസ്സിലാവിണ മട്ടില് പറഞ്ഞുതരാം''അയാള്‍ പറഞ്ഞു''ഞാന്‍, എന്‍റെ എന്നതോന്നലുണ്ടല്ലോ അതാണ് മായ. അത് മനുഷ്യര്‍ക്ക് മാത്രം ഉള്ളതല്ല. നമ്മള്‍ പക്ഷികളെ നോക്കു. അവ വിശന്ന് വലഞ്ഞിരിക്കുമ്പഴും കിട്ട്യേ തീറ്റകൊണ്ടുവന്ന് കൂട്ടിലുള്ള കുട്ടികളെ തീറ്റും. പശൂന്‍റെ കുട്ടി തള്ളടെ അടുത്തിന്ന് മാറ്യാല്‍ തള്ളപ്പശു കരയും. എന്‍റ്യാണ് എന്നതോന്നലോണ്ടാ ഇതൊക്കെ ചെയ്യിണത്. എന്‍റെകുട്ടി എന്നനിനവുള്ളതോണ്ടാണ് മനുഷ്യര്  മക്കളെ സ്നേഹിക്കിണതും ലാളിക്കിണതും''. 


''ഇതും എന്‍റെ സൂക്കടും തമ്മില്‍ എന്താ ബന്ധം''.


''താനൊന്ന് മിണ്ടാതിരുന്ന് കേള്‍ക്ക്. ഈ തോന്നലുണ്ടാക്കുന്ന യോഗമായ വിവേകം ഉള്ളോരേയും ഇല്ലാത്തോരേയും എന്‍റെ എന്ന പാശംകൊണ്ട്  ബന്ധിക്കും. ചിലപ്പൊ നമ്മളെ സ്നേഹിക്കാത്തോരോടും നമുക്ക് എന്‍റെ എന്ന പാശംതോന്നും. അതാ തനിക്ക് തന്‍റെ പെങ്ങന്മാരോടുള്ളത്. അതിന് തന്നെ കുറ്റംപറയാന്‍ പറ്റില്ല. മൂത്തപെങ്ങള് ഉണ്ടായപ്പൊ തനിക്ക് പത്ത് വയസ്സ്. രണ്ടുകൊല്ലം തികയുംമുമ്പ് ചെറിയപെങ്ങളും ഉണ്ടായി. കുട്ടീലേ എന്‍റെ അനിയത്തിമാര് എന്ന തോന്നലുണ്ടായതോണ്ടാ ഇപ്പഴും അവറ്റടെ അടുത്ത് തനിക്ക് ഇത്രപാശം''.


''ശര്യാണ്. കുട്ടീല് രണ്ടിനേം ഞാന്‍ കുറെ ഏറ്റിക്കൊണ്ട് നടന്നതാണ്''.


''ഇതിന് വേറൊരുവശൂണ്ട്. എന്താ അവര്‍ക്ക് തന്നോട് സ്നേഹൂല്യാത്. അവര് തന്‍റടുത്തിന്ന് പലതുംകിട്ടണംന്ന് ആശിക്കിണു. അവരടെ മനസ്സില് അതുമാത്രേ ഉള്ളൂ. തന്‍റേന്ന് ഒന്നും കിട്ടില്യാന്ന് കണ്ടപ്പൊ അവര് ഏട്ടന്‍ എന്ന ബന്ധം വേണ്ടാന്നുവെച്ചു''.


''അങ്ങനെ വര്വോ''.


''എന്താ വരാതെ. തന്‍റെ അച്ഛന്ന് ചിലവിനുകൊടുക്കാന്‍ വക ഇല്ലാത്തതോണ്ട് തന്‍റെ അമ്മ അയാളെ പുല്ലുചവറുപോലെ വേണ്ടാന്നുവെച്ചു. അയാള്‍ക്ക് തന്‍റെ മകനോടോ വേണ്ടാന്നുവെച്ച ഭാര്യയോടോ ഇതുപോലെ എന്‍റെ എന്ന പാശം ഉണ്ടായിരുന്നില്ലാന്ന് പറയാന്‍ കഴിയ്യോ. എന്തിനാ ഏറെ പറയിണ്. തനിക്ക് തന്‍റെ അച്ഛനോട് എന്‍റെ അച്ഛന്‍ എന്ന പാശം തോന്നീട്ടുണ്ടോ''. 


''ഇല്ലാന്ന് പറയാന്‍ പറ്റില്ല. കുറെകാലം എന്‍റെ അച്ഛനെ ഓര്‍ത്ത് ഞാന്‍ കരഞ്ഞിട്ടുണ്ട്''. തൊടിയില്‍നിന്ന് പണിക്കാരെത്തി.


''അളവെടുത്തു. കണക്കാക്കി പിന്നെ പറഞ്ഞാപോരേ''കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു.


''ധാരാളം''ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.


''എന്നാല്‍ പോവ്വല്ലേ''.


''സുകുമാരാ, ഞാന്‍ ഇവരുടെകൂടെ പോണൂ. നാളെ കാണാം''എല്ലാവരും ഗെയിറ്റ് കടന്ന് പുറത്തിറങ്ങി. 


()()()()()()()()()


ക്ലോക്കില്‍ പത്തുമണി അടിച്ചതിന്നുപുറകെ കാളിങ്ങ് ബെല്ലിന്‍റെ ശബ്ദം കേട്ടു. രാധിക വാതില്‍ തുറന്നപ്പോള്‍ അനിരുദ്ധനാണ്.


''കോഴിക്കോട്ടേക്ക് പോണംന്നു പറഞ്ഞ് പുലര്‍ച്ചെ പോയതല്ലേ. ഇത്ര ക്ഷണത്തില്‍ അവിടെചെന്ന് തിരിച്ചെത്ത്യോ'' ഭാര്യ പറഞ്ഞ തമാശ അനിരുദ്ധന് ആസ്വദിക്കാനായില്ല. ഷൂസ് അഴിച്ചുവെച്ച് അയാള്‍ അകത്തേക്ക് നടന്നു.


''എന്താ ഞാന്‍ ചോദിച്ചത് കേട്ടില്ലേ''ഭാര്യ പുറകെതന്നെയുണ്ട്.


''വണ്ടി ഷൊര്‍ണ്ണൂര്‍ വിട്ടപ്പോഴാ കോഴിക്കോടുകാരന്‍ പയ്യന്‍റെ അച്ഛന്‍ എന്നെ വിളിക്കിണത്. പനിപിടിച്ച് അവനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്ക്യാണത്രേ. അതു കേട്ടതും ഞാന്‍ അടുത്തസ്റ്റേഷനില്‍ ഇറങ്ങി ഇങ്ങോട്ടുള്ള വണ്ടീല്‍ കേറി''.


''അപ്പോള്‍ ഇന്ന് എങ്ങോട്ടും പോണില്ല''.


''ഇല്ല. നേരം വൈകി. ഇനി നാളേ പോണുള്ളൂ''. 


ലാപ്പ്‌ട്ടോപ്പ് തുറന്നു. കുറെയധികം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാനുണ്ട്. അതെങ്കിലും നടക്കട്ടെ. ഏറെകഴിയുന്നതിന്ന് മുമ്പ് ഭാര്യയെത്തി.


''നമുക്കൊന്ന് വീട്ടില്‍ പോയാലോ''അവള്‍ ചോദിച്ചു. അനിരുദ്ധനും അതില്‍ താല്‍പ്പര്യം തോന്നി. അമ്മയെ കണ്ടിട്ട് മാസം ഒന്ന് കഴിഞ്ഞു. പാവം. മകന്‍ വരുന്നതും കാത്ത് ഇരിക്കുകയാവും. അമ്മയ്ക്ക് ജോലിത്തിരക്കും വീട്ടിലെ പ്രാരബ്ധങ്ങളും അറിയില്ലല്ലോ. അച്ഛന്‍ മരിക്കുന്നതിന്ന് മുമ്പ് ഇങ്ങിനെയായിരുന്നില്ല. ആഴ്ച തോറും വീട്ടിലെത്തും. ഒരാഴ്ച തെറ്റിയാല്‍ അച്ഛന്‍റെ വിധം മാറും.


''ശരി. വേഗം ഒരുങ്ങിക്കോളൂ''അയാള്‍ സമ്മതം മൂളി. ബിഗ് ഷോപ്പറില്‍ കേടുവന്ന മിക്സിയുമായിട്ടാണ് രാധിക തിരിച്ചു വന്നത്.


''എന്തിനാ വീട്ടിലേക്ക് പോവുമ്പൊ ഈ കേടുവന്ന സാധനം കയ്യില്‍ വെക്കുണത്. പുതിയ മിക്സി ഞാന്‍ വാങ്ങി തന്നതല്ലേ''.


''ഞാന്‍ പറഞ്ഞോ പുതിയത് വാങ്ങിത്തരാന്‍''.


''ഉള്ളതു കേടുവന്നാല്‍ വേറൊന്ന് വേണ്ടേ''.


''മിക്സികേടായ വിവരം വൈകുന്നേരം അച്ഛനോട് പറയാനിരുന്നതാ. അപ്പോഴേക്കും ഉണ്ട് ഒന്നു വാങ്ങിക്കൊണ്ടു വന്നിരിക്കുന്നു. അച്ഛന്‍ അറിഞ്ഞാല്‍ എന്താ പറയ്യാ എന്ന് എനിക്കറിയില്ല. ഒരു അടക്കയുടെ കഷ്ണംകൂടി നിങ്ങള് വാങ്ങണ്ടാ എന്നാ പറഞ്ഞിരിക്കുന്നത്''. സംഗതി ശരിയാണ്. വീട്ടിലേക്ക് ആവശ്യമുള്ള എല്ലാസാധനങ്ങളും രാധികയുടെ അച്ഛനാണ് വാങ്ങിച്ചെത്തിക്കാറ്. വീട്ടുപണിക്ക് വരുന്നവര്‍ക്കുള്ള കൂലി കൊടുക്കാന്‍പോലും സമ്മതിക്കില്ല.  മകളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഒരു മരപ്പാവപോലെ മരുമകന്‍ നില്‍ക്കണമെന്നു മാത്രം. അടിമയെപ്പോലുള്ള ഈ ജീവിതത്തിന്ന് ഒരിക്കലും മാറ്റമുണ്ടാവില്ല.


''ഇനി അതു പറഞ്ഞിട്ട് എന്താ കാര്യം. കേടുവന്നത് അവിടെ കിടന്നോട്ടെ''.


''അതു പറ്റില്ല. ഇത് എന്‍റെ അച്ഛന്‍ വാങ്ങിത്തന്നതാണ്. വെറുതെ  ഒരു മുക്കിലിടാനല്ല അച്ഛന്‍ തന്നത്. ഇതിനെ വീട്ടിത്തിലെത്തിക്കണം. അമ്മ കേടുവന്നത് നേരാക്കിച്ച് പണിക്കാര്‍ ആര്‍ക്കെങ്കിലും കൊടുത്തോട്ടെ''.


''അതിന് നമ്മളിപ്പോള്‍ എന്‍റെ വീട്ടിലേക്കല്ലേ പോണത്''അനിരുദ്ധന്‍ ചോദിച്ചു.


''ഇതാപ്പൊ നന്നായത്. വീട്ടിലേക്ക് പോയാലോ എന്ന് ചോദിച്ചപ്പോള്‍ ശരീന്ന് സമ്മതിച്ച ആള് ഇപ്പൊ വാക്ക് മാറ്റുന്നോ''ഭാര്യ പരിഭവിച്ചു ''വീട്ടില്‍ ചെന്നിട്ട് ആഴ്ച രണ്ട് കഴിഞ്ഞു. നിങ്ങളുടെ ജോലിത്തിരക്ക് കാരണം കുട്ടിമാമടെ പിറന്നാളിനുംകൂടി പോവാനായില്ല''.


''അപ്പൊ എന്‍റെ അമ്മയെ കാണണ്ടേ''.


''വേണച്ചാല്‍ എന്നെ എന്‍റെ വീട്ടില്‍ ഇറക്കി വിട്ടിട്ട്  പൊയ്ക്കോളൂ. മടങ്ങിവരുമ്പൊ കൂട്ടീട്ട് വന്നാല്‍ മതി''.


''അമ്മയ്ക്ക് കുട്ടിയെ കാണണംന്ന് മോഹൂണ്ടാവും''.


''അതന്യാ ഞാന്‍ വരാത്തത്. അവിടെ കൊണ്ടുചെന്നാല്‍ മുത്ത്യേമ്മതൊട്ട് നാലുവയസ്സുള്ള അപ്പുവരെ കുട്ട്യേ കയ്യിലെടുക്കും. ഒടുക്കം അതിന് വയ്യാണ്ടായാല്‍ ഞാനേ ഉള്ളു ബുദ്ധിമുട്ടാന്‍''. 


ഇനി സംസാരിച്ചിട്ട് കാര്യമില്ല. എന്തെങ്കിലും മനസ്സില്‍ തീരുമാനിച്ചാല്‍ എളുപ്പത്തില്‍ അതില്‍നിന്ന് പിന്‍മാറുന്ന സ്വഭാവക്കാരിയല്ല രാധിക. കൂടുതല്‍ പറഞ്ഞിട്ട് കാര്യമൊന്നുമില്ല. തര്‍ക്കത്തിനൊടുവില്‍ അവള്‍ കരയും. ഓമന മകളുടെ മുഖം വാടുന്നത് അവളുടെ അച്ഛനമ്മമാര്‍ സഹിക്കില്ല. ഭേദം അവള്‍ പറയുന്നതുപോലെ ചെയ്യുന്നതാണ്. വാതില്‍ പൂട്ടി കുട്ടിയേയും എടുത്ത് ഭാര്യ ഇറങ്ങുമ്പോഴേക്കും അനിരുദ്ധന്‍ മാരുതി 800 ന്‍റെ പിന്‍സീറ്റില്‍ ബിഗ്ഷോപ്പര്‍ എടുത്തുവെച്ചു.


''അതേയ്, നല്ല ബേക്കറിടെ മുമ്പില്‍ കാറ് നിര്‍ത്തണം കേട്ടോ. വെറുംകയ്യുംവീശി വീട്ടിലേക്ക് എങ്ങിന്യാ ചെല്ലുണത്'' കാര്‍ നീങ്ങിയതും രാധിക പറഞ്ഞു. ഇതുകേട്ടാല്‍ ഇത്രയുംകാലം ഒന്നുംവാങ്ങാതെയാണ് അവള്‍ വീട്ടിലേക്ക് പോയിരുന്നത് എന്നുതോന്നും. ഉള്ളില്‍ ഇരച്ചുവന്ന ദേഷ്യം കടിച്ചമര്‍ത്തി. 


''ശരി''എന്ന ഒറ്റ വാക്കില്‍ മറുപടി ഒതുക്കി.


''എന്താ മാഡം വേണ്ടത്''സെയില്‍സ്മാന്‍ ചോദിച്ചു.


''നല്ല ചോക്ലേറ്റ് ഉണ്ടോ''.


''ഫോറിന്‍ വേണോ''.


''അതു മതി''.  പലതരം ചോക്ലേറ്റുകളും ഐസ്ക്രീമിന്‍റെ ഫാമിലി പാക്കുകളും ചിക്കന്‍ റോളുകളുമായി പാക്കറ്റുകള്‍ പലത് തയ്യാറായി.


''മാഡം , ഇനി വല്ലതും''അയാള്‍ ചോദിച്ചു.


''ങാ. ഒരുകാര്യം മറന്നു. ഓട്ട്സ് വേണം ഏറ്റവും വലിയ പായ്ക്ക്'' രാധിക അനിരുദ്ധനെ നോക്കി''അച്ഛന് അതേ വേണ്ടൂ''. 


ബില്ലടിച്ചതും രാധിക ബാഗുതുറന്ന് പണമെടുത്തു. മകളുടെ കയ്യില്‍ ആയിരം രൂപയുടെ ഒരുകെട്ടെങ്കിലും വേണമെന്ന ശാഠ്യക്കാരനാണ് അവളുടെ അച്ഛന്‍. 


വീട്ടിലെത്തിയതും രാധിക അവരിലൊരാളായി. അനിരുദ്ധന്‍ ഒറ്റയ്ക്ക് ഡ്രായിങ്ങ് റൂമിലിരുന്ന് മടുത്തു. അകത്ത് പെണ്ണുങ്ങള്‍ സംഭാഷണം പൊടിപൊടിക്കുകയാണ്. 


''എന്തിനാ ഇതൊക്കെ വാങ്ങീട്ട് വരുണത്. ഒക്കെ ഇവിടീണ്ടല്ലോ.ആ കാശ് കയ്യിലിരിക്കില്ലേ''.രാധികയുഡെ അമ്മ മകളോട് ചോദിക്കുകയാണ്.


''ഞാന്‍ വാങ്ങണംന്ന് വിചാരിച്ചതൊന്ന്വോല്ല. വീട്ടിലിക്ക് പോവുമ്പൊ വെറുംകയ്യോടെ ആണോ പോവ്വാ എന്നുചോദിച്ച് അനിയേയന്‍ എന്നെ നിര്‍ബ്ബന്ധിച്ച് വാങ്ങിത്തന്നതാണ്''.


സമ്പന്നനല്ലാത്ത ഭര്‍ത്താവിനെ ഉയര്‍ത്തികാട്ടാനുള്ള ഭാര്യയുടെ പരിശ്രമം. അനിരുദ്ധന്ന് സ്വയം ചെറുതാവുന്നതുപോലെതോന്നി. ഇവിടെയിരുന്നാല്‍ ഇതുപോലെ ഇനിയുംപലതും കേള്‍ക്കേണ്ടിവരും. മാത്രമല്ല ഇവിടെ വെറുതെയിരുന്ന് സമയം കളഞ്ഞാല്‍ വീട്ടിലെത്താന്‍ വൈകും. അനിരുദ്ധന്‍ വാതില്‍ക്കല്‍ചെന്ന് ഭാര്യയെ വിളിച്ചു.


''ഞാന്‍ ഇറങ്ങുന്നു. ആറുമണിക്ക് എത്താം''അയാള്‍ പറഞ്ഞു.


''നില്‍ക്കൂന്നേ. അച്ഛന്‍ മീറ്റിങ്ങ് കഴിഞ്ഞ് ഇപ്പൊ എത്തും. ഊണ് കഴിച്ചിട്ട് പോയാല്‍ മതി. അതല്ലേ ചായ ഉണ്ടാക്കാഞ്ഞത്''. അനിരുദ്ധന് എത്രയും പെട്ടെന്ന് അമ്മയുടെ അരികിലെത്തണമെന്ന് കലശലായ മോഹംതോന്നി. അമ്മയോടൊപ്പം ആഹാരം കഴിക്കണം. നാല്‍പ്പത് കിലോമീറ്റര്‍ ദൂരം ഓടാനുള്ളതാണ്.


''അച്ഛനെ വൈകുന്നേരം കാണാം''. രാധികയുടെ മുഖഭാവം ശ്രദ്ധിക്കാതെ അയാള്‍ കാറില്‍ കയറി. 


അദ്ധ്യായം - 26.

കാര്‍ അടുത്ത ടൌണിലെത്തി. വീട്ടിലേക്ക് വല്ലതും വാങ്ങണമെന്ന് അനിരുദ്ധന് അപ്പോഴാണ് തോന്നിയത്. ഒരുഭാഗത്ത് അയാള്‍ കാറ് ഒതുക്കി നിര്‍ത്തി. എന്താണ് വാങ്ങേണ്ടത് എന്ന് ഒരുനിമിഷം അയാള്‍ ചിന്തിച്ചു. ഷോപ്പിങ്ങിന്ന് ചെന്നിട്ടുള്ള പരിചയം കമ്മി. അപ്പുവിന്ന് കടലമിഠായി ഇഷ്ടമാണ്. കാണുമ്പോഴൊക്കെ അമ്മാമ വരുമ്പോള്‍ എനിക്ക് കടല മിഠായി കൊണ്ടു വര്വോ എന്നവന്‍ ചോദിക്കാറുണ്ട്. ചുവന്ന ഹല്‍വയും വാഴ്യ്ക്ക വറുത്തതും കടലമിഠായിയും ചോകേറ്റും വാങ്ങി പുറത്തിറങ്ങി.

അമ്മയ്ക്ക് മുറുക്കാന്‍ വാങ്ങണം. കോളേജില്‍ പഠിക്കുന്ന കാലത്ത് ക്ലാസ്സുകഴിഞ്ഞു വരുമ്പോള്‍ അമ്മയ്ക്ക് മുറുക്കാന്‍ വാങ്ങിയിരുന്നത് ഓര്‍മ്മവന്നു. വെറ്റിലയും നീറ്റടയ്ക്കയും പുകയിലയും വാങ്ങി കാറിലേക്ക് നടക്കുമ്പോള്‍ ഉണക്കമീന്‍ വില്‍ക്കുന്ന പീടിക കണ്ടു. ഉണക്കസ്രാവ് അമ്മയ്ക്ക് വലിയ ഇഷ്ടമാണ്. ഒരുകഷ്ണം സ്രാവ് വറത്തതുണ്ടെങ്കില്‍ ചോറ് തന്നെപോവും എന്ന് അമ്മ പറയും. വില കൂടുതലായതിനാല്‍ സ്രാവ് വല്ലപ്പോഴുമേ വാങ്ങൂ. അധികവും മാന്തളാണ് വാങ്ങാറ്. ഉണക്കമാന്തളും സ്രാവും പൊതിഞ്ഞുവാങ്ങി കാറില്‍ കയറി. അമ്മ ഉണ്ണാറാവുമ്പോഴേക്കും വീടെത്തണം. മീന്‍ വറത്തതുംകൂട്ടി അമ്മ ഉണ്ടോട്ടെ. അനിരുദ്ധന്‍ വലതുകാല്‍ അമര്‍ത്തി. സ്പീഡോമീറ്ററിന്‍റെ സൂചി എണ്‍പതിനെ തലോടി.

മുറ്റത്ത് കാര്‍നിര്‍ത്തി അനിരുദ്ധന്‍ ഇറങ്ങി. ഉമ്മറത്തിണ്ടില്‍ വെറ്റിലയും മുറുക്കി അമ്മ ഇരിപ്പാണ്.

''നീ ഒറ്റയ്ക്കേ ഉള്ളൂ''അമ്മ ചോദിച്ചു.

''അതെ''അയാള്‍ പറഞ്ഞു.

'' എന്തേ രാധികേം കുട്ട്യേം കൊണ്ടുവരാഞ്ഞത് ''.

''കുട്ടിക്ക് നല്ല സുഖൂല്യാ. രാത്രി പനിച്ചിരുന്നു. അതോണ്ട് അവരെ കൊണ്ടു വന്നില്ല''. പ്രതീക്ഷിച്ചിരുന്ന ചോദ്യത്തിന്നുള്ള ഉത്തരം നേരത്തെ തയ്യാറാക്കി വെച്ചതിനാല്‍ എളുപ്പം മറുപടി പറയാനായി. എങ്കിലും മനസ്സില്‍ ആത്മനിന്ദ തോന്നി. ഭാര്യയെ അനുസരിപ്പിക്കാന്‍ കഴിവില്ലാതെ നുണപറഞ്ഞ് തടിതപ്പുന്നു. മകന്‍ വന്നതില്‍ അമ്മയ്ക്കുള്ള സന്തോഷം കുറച്ചൊന്നുമായിരുന്നില്ല. അടുത്തെത്തിയതും അമ്മ ചേര്‍ത്തുപിടിച്ചു ശിരസ്സിലും മുഖത്തും തലോടി. അമ്മയുടെ അടുത്തായി അയാള്‍ ഇരുന്നു.

''നീ വല്ലാണ്ടെ ക്ഷീണിച്ചിരിക്കുന്നല്ലോ''അമ്മ പറഞ്ഞു. എപ്പോള്‍ വന്നാലും അമ്മ അതുതന്നെയാണ് പറയാറ്.

''അമ്മയ്ക്ക് തോന്നുണതാണ്''അയാള്‍ പറഞ്ഞു''കഴിഞ്ഞതവണ വന്നപ്പഴത്തേക്കാളും നാല് കിലോ തൂക്കം കൂടീരിക്ക്യാണ്''.

''അത് നീ എന്നെ സന്തോഷിപ്പിക്കാന്‍ പറയുണതല്ലേ''അമ്മ ചിരിച്ചു.

''അപ്പു എവിടെ''അയാള്‍ ചോദിച്ചു.

''ഇത്ര നേരം കള്യായിരുന്നു. ഭാനു കുളിക്കാന്‍ പോയപ്പൊ അവനും ഒപ്പം കുളത്തിലിക്ക് പോയതാണ്. നീ വന്നൂന്ന് അറിഞ്ഞാല്‍ ഓടിവരും''. അതു ശരിയായിരുന്നു. കാറിന്‍റെ ശബ്ദംകേട്ടതും അപ്പു ഓടിയെത്തി. അനിരുദ്ധന്‍ കടലമുഠായിയുടെ പൊതി അവന്‍റെ നേര്‍ക്കുനീട്ടി. അവന്‍ അതുവാങ്ങി അമ്മാമനോട് ചേര്‍ന്നുനിന്നു.

'' എന്തൊരു വികൃത്യാ ഈ ചെക്കന്. തീരെ തോറ്റു. അടുത്തകൊല്ലം നഴ്സറീലിക്ക് അയക്കണം''കുട്ടിയുടെ പുറകെ എത്തിയ ഭാനുമതി പറഞ്ഞു. അവളുടെ നനഞ്ഞതലമുടി തോര്‍ത്തുകൊണ്ട് കെട്ടിയിട്ടുണ്ട്.

''അപ്പു വികൃതി കാട്ടാറുണ്ടോ''അനിരുദ്ധന്‍ കുട്ടിയോട് ചോദിച്ചു. അവന്‍ ഇല്ലെന്ന് തലയാട്ടി.

''ഏട്ടന്‍റെടുത്ത് മര്യാദക്കാരനായി നില്‍ക്കുണത് കണക്കാക്കണ്ടാ. ദേഷ്യം വന്നാല്‍ അവന്‍ പെര മലര്‍ത്തിവെക്കും''.

കൊണ്ടുവന്ന പൊതികള്‍ തുറന്നുനോക്കി, മൂത്തചേച്ചിയെ വിളിച്ച് എല്ലാവര്‍ക്കും കൊടുക്കാനും ഊണിന് ഉണക്കമീന്‍ വറക്കാനും അമ്മ ഏല്‍പ്പിച്ചു.

''വറക്കണച്ചാല്‍ ഇതിലെ ഉപ്പ് പോണ്ടേ അമ്മേ''ചേച്ചി ചോദിച്ചു.

''നീ അത് മുറിച്ച് വെള്ളത്തിലിട്. ഒരു പേപ്പറിന്‍റെ കഷ്ണം കീറീട്ട് അതിലിട്ടോ. ഉപ്പ് പോവും''. 

അനിരുദ്ധനോടൊപ്പമാണ് അമ്മ ഭക്ഷണം കഴിക്കാനിരുന്നത്. സ്രാവ് വറുത്തതുംകൂട്ടി അമ്മ ഊണ് കഴിക്കുന്നത് അയാള്‍ നോക്കിയിരുന്നു. മനസ്സ് നിറയുന്നതുപോലെ തോന്നി.

''ശാരദേ, വൈകുന്നേരത്തെ ചായയ്ക്ക് കുമ്പളപ്പവും കൊത്തിപ്പൊടി ഉപ്പുമാവും ഉണ്ടാക്കണേ. അനിക്ക് അത് രണ്ടും വല്യേ ഇഷ്ടാണ്''അമ്മ മൂത്തചേച്ചിയെ ഏല്‍പ്പിക്കുന്നതു കേട്ടു''വല്ലപ്പഴും അല്ലേ അവന്‍ ഇവിടെ വരുണത്''. മക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അമ്മമാര്‍ക്ക് ഹൃദിസ്ഥമാണ്. മക്കള്‍ എത്രകാലം അകന്നിരുന്നാലും അതൊന്നും അവര്‍ മറക്കാറില്ല. ചായകുടി കഴിഞ്ഞ് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് അമ്മ ആഗ്രഹം പറഞ്ഞത്.

''എനിക്ക് ചീറമ്പത്തെ കാവില് ഒന്ന് തൊഴുകണംന്നുണ്ട്. നീയുംകൂടി വാ. അവിടെ തൊഴുതിട്ട് കുറെകാലായില്ലേ''. സ്ഥിരമായി വിളക്കുവെക്കലോ പൂജയോ ഇല്ലാത്ത കാവാണ് അത്. മുമ്പിലെ കല്‍വിളക്കില്‍ വല്ലപ്പോഴും ആരെങ്കിലും തിരിവെക്കും. പണ്ടൊക്കെ മണ്ഡലകാലത്ത് ഒരു പൂജാരി വന്ന് ദിവസവും പൂജകഴിയ്ക്കും. രാത്രിപൂജ കഴിഞ്ഞാല്‍ വെള്ളപ്പയര്‍ പുഴുങ്ങി ശര്‍ക്കര ചേര്‍ത്തത് കൂടിയവര്‍ക്ക് വിതരണം ചെയ്യും. ആ പ്രസാദത്തിന്‍റെ സ്വാദ് നാവിലെത്തി.

''മീന്‍ കഴിച്ചതല്ലേ അമ്മേ. കുളിക്കാതെ കാവില്‍ ചെല്ലാന്‍ പാട്വോ''.

''അതിന് നീ തിരുമുറ്റത്ത് കേറണ്ടാ. വെളില് നിന്ന് തൊഴുതാമതി. ഞാന്‍ കുളിച്ചിട്ടുവരാം. അപ്പൊ വിളക്കില് തിരിവെക്കാലോ''. നിസ്സാരമായ മോഹമാണ് അമ്മയുടേത്. അത് സാധിച്ചുകൊടുത്തില്ല എന്നുവേണ്ടാ. വേഗം കുളിച്ചൊരുങ്ങിക്കൊള്ളാന്‍ പറഞ്ഞു. അമ്മ തോര്‍ത്തുമായി കിണറിന്നരികിലെ കുളിമുറിയിലേക്ക് പോയപ്പോള്‍  ചേച്ചി വന്നു.

''വിളക്കുവെച്ച് തൊഴാനൊന്നും അല്ല നിന്‍റൊപ്പം കാറില് ഇരിക്കാനാ അമ്മ കാവിലിക്ക് വരുണത്''അവര്‍ പറഞ്ഞു. പുറപ്പെടുമ്പോള്‍ അപ്പുവിന്ന് കൂടെവരണമെന്ന് ഒരേ വാശി. 

''ചെക്കന് കാറിലിരിക്കാനുള്ള മോഹംകൊണ്ടാണ്. അല്ലാതെ ദേവിയെ തൊഴാനൊന്നും അല്ല''ഭാനു മകനെ കളിയാക്കി. അമ്മയോടൊപ്പം അവളും അപ്പുവും കാറില്‍ കയറി. അമ്പലപ്പറമ്പില്‍ അനിരുദ്ധന്‍ കാര്‍ നിര്‍ത്തി. എണ്ണയും തിരിയും തീപ്പെട്ടിയുമെടുത്ത് അമ്മ തിരുമുറ്റത്തേക്കിറങ്ങി. ഭാനുവും അപ്പുവും വെളിയില്‍ അനിരുദ്ധനോടൊപ്പംനിന്നു. അമ്മ തിരി തെളിയിക്കുമ്പോള്‍ അവര്‍ പുറത്തുനിന്ന് തൊഴുതു.

''പോണവഴിക്ക് ദേവകിടെ വീടിന്‍റെ മുമ്പില് ഒന്നുനിര്‍ത്തണേ''തിരിച്ചു പോരുമ്പോള്‍ അമ്മ പറഞ്ഞു. രണ്ടുപേരും സമപ്രായക്കാരാണ്.

''വെറുതെ എന്തിനാ അമ്മേ ഏട്ടനെ നേരം വൈകിക്കിണത്''ഭാനു ചോദിച്ചു.

''അവന് അതോണ്ട് വിരോധം ഒന്നൂണ്ടാവില്ല''.

''മകന്‍റെ കാറ് കാണിച്ചുകൊടുക്കാനാണ് അല്ലേ''ഭാനു അമ്മയെ ദേഷ്യം പിടിപ്പിക്കുകയാണ്. ഭാര്യവീട്ടിലെത്തുമ്പോള്‍ മണി ഏഴു കഴിഞ്ഞു. രാധികയുടെ മുഖത്ത് ഒട്ടും തെളിച്ചമില്ല.

''എന്തേ ഇത്ര വൈക്യേത് ''അവള്‍ ചോദിച്ചു''അച്ഛന്‍ എത്രനേരം കാത്തിരുന്നൂന്ന് അറിയ്യോ''.

''ലേശം വൈകി''അയാള്‍ പറഞ്ഞു''വേഗം പുറപ്പെട്ടോളൂ''.

''ഈ നേരത്തോ. അച്ഛന്‍ വന്നുകണ്ടിട്ട് നാളെ പോയാ മതി''.

''അതുപോരാ. നാളെ ഒമ്പത് മണിക്ക് എറണാകുളത്ത് എത്താനുള്ളതാ. അഞ്ചു മണിയ്ക്ക് മുമ്പ് പാലക്കാടെത്തണം. എന്നാലേ ആലപ്പുഴ വണ്ടി കിട്ടൂ''.

''അങ്ങിനെ തിരക്കാണെങ്കില്‍ പൊയ്ക്കോളൂ. ഞാന്‍ പിന്നെ വന്നോളാം''.

അനിരുദ്ധന്‍ കൂടുതല്‍ തര്‍ക്കിക്കാന്‍ നിന്നില്ല. കുട്ടിയുടെ അടുത്തേക്ക് ചെന്നു കവിളിലൊന്ന് തലോടി അയാള്‍ കാറിനടുത്തേക്ക് നടന്നു.

()()()()()()()()()()()

രാമകൃഷ്ണനെ കുളിപ്പിച്ച് കഞ്ഞിയുംകൊടുത്ത് കോസറി കുടഞ്ഞു വിരിച്ച് കിടത്തി. രാവിലത്തെ ആഹാരം കഴിച്ചിട്ടില്ല. ദൂരെ പത്തര മണിക്കുള്ള ബസ്സ് ഹോണ്‍ അടിക്കുന്നത് കേള്‍ക്കാം. കൂട്ടുപാത വഴി പോവുന്ന ഒരുബസ്സ് ഈ വഴിക്കായിട്ട് രണ്ടാഴ്ചയേ ആയിട്ടേയുള്ളു. ഇന്ദിര കിണ്ണത്തില്‍ ഭക്ഷണം വിളമ്പാന്‍ തുടങ്ങി.

''ഇന്ദിര ചേച്ച്യേ''പുറത്തുനിന്ന് ആരോ വിളിക്കുന്നതു കേട്ടു. ശബ്ദം കേള്‍ക്കുമ്പോള്‍ സാവിത്രിയുടേതുമാതിരിയുണ്ട്. പക്ഷെ അവളാവില്ല. ഇന്ന് ബുധനാഴ്ചയല്ലേ. ബാങ്കുള്ള ദിവസമാണ്. സാധാരണ ശനിയാഴ്ച വൈകുന്നേരമേ സാവിത്രി വാരിയത്ത് എത്തൂ. തിങ്കളാഴ്ച പുലര്‍ച്ചെ പോവുകയും ചെയ്യും. ഇന്ദിര പുറത്തേക്ക് വന്നുനോക്കി. ഉമ്മറത്ത് സാവിത്രിയാണ് ഉള്ളത്. 

''എന്താ നീ മടിച്ചു നില്‍ക്കിണത്. കേറി വന്നൂടെ''ഇന്ദിര ക്ഷണിച്ചു.

''ചേച്ചി എന്താ ചെയ്യുണത്''സാവിത്രി അന്വേഷിച്ചു.

''രാവിലത്തെ ആഹാരം കഴിക്കാന്‍ ഇരുന്നതാണ്. മക്കള് രണ്ടാള്‍ക്കും ആഹാരം കൊടുത്ത് അയച്ചു. രാമേട്ടനെ കുഴുമ്പുപുരട്ടി കുറച്ചുനേരം ഇരുത്തി കുളിപ്പിച്ചു. കഞ്ഞികൊടുത്ത് ഇപ്പോള്‍ കിടത്തിയതേയുള്ളു. ഒക്കെ കഴിഞ്ഞപ്പൊ ഈ നേരായി''.

''ഞാന്‍ വന്നതോണ്ട് ആഹാരം കഴിക്കല് മുടങ്ങി അല്ലേ''.

''ഏയ്, എനിക്ക് അങ്ങിനെയൊന്നൂല്യാ. എപ്പഴങ്കിലും എന്തെങ്കിലും വാരിത്തിന്നും. ജീവന്‍ കിടക്കണ്ടേ. സമയവും വായസ്വാദും നോക്കി ആഹാരംകഴിച്ച കാലംമറന്നു''.

''നമുക്ക് അടുക്കളേല് ഇരുന്നാലോ. ചേച്ചിക്ക് ആഹാരം കഴിക്കാം, വര്‍ത്തമാനം പറയുംചെയ്യാം''. രണ്ടുപേരും അടുക്കളയിലേക്ക് നടന്നു.

''വീടുപണ്യോക്കെ ഏതാണ്ട് തീര്‍ന്നല്ലോ. കുറച്ചായി ഞാന്‍ ഇങ്കിട്ട് വന്നിട്ട്''.

''നീയ് ആഴ്ച്ചേല് ഒരുദിവസം വീട്ടില് മുഖം കാണിച്ച് ഓടിപ്പോവും. ഒഴിവോടെ വന്നാലല്ലേ ചുറ്റുവട്ടത്ത് കേറാന്‍ സമയം കിട്ടൂ''.

''ചേച്ചി, വരുമ്പോ ഒരാഴ്ചത്തെ തുണീണ്ടാവും തിരുമ്പാന്‍. അത് കഴിയുമ്പൊത്തന്നെ ഉച്ച്യാവും. അതു കഴിഞ്ഞാല്‍ തലേ ആഴ്ചയില് തിരുമ്പീട്ടത് തേച്ചിട്ട് കൊണ്ടുപോവാന്‍ അടുക്കിവെക്കണം. അതോടെ ഒരുദിവസം തീര്‍ന്നു''സാവിത്രി പറഞ്ഞു''ഞങ്ങളെ കാണാനല്ല, തുണി അലക്കാനാണ് നീ ഇങ്കിട്ട് വരുണത് എന്ന് അമ്മ പറയും''.

''എന്താ പതിവില്ലാണ്ടെ നിന്നെ ഇന്ന് ഇവിടെ കാണുണത്. സാധാരണ ശനിയാഴ്ച്ച്യല്ലേ നീ വരാറ്''.

''എന്തെങ്കിലും ആവശ്യംവരുമ്പോ പതിവ് തെറ്റിക്കണ്ടിവരില്ലേ''.

''എന്തേ വിശേഷിച്ച് വല്ലതൂണ്ടോ''.

''എനിക്കെന്ത് വിശേഷം ചേച്ചി. ഒരു ഓപ്പറേഷന്‍ വേണ്ടി വരുംന്ന് തോന്നുണു. അതു പറയാനാ വന്നത്''.

''ആര്‍ക്കാ ഓപ്പറേഷന്‍''.

''എനിക്കന്നെ. അല്ലാണ്ടാര്‍ക്കാ''.

''എന്താ സംഗതീന്ന് പറയ്''. സാവിത്രി പറയാന്‍ തുടങ്ങി. ബ്ലീഡിങ്ങ് തുടങ്ങിയിട്ട് കുറച്ചുകാലമായി. ഗൈനക്കോളജിസ്റ്റിനെ കാണിച്ചു. കുറച്ചുകാലം മരുന്നും കഴിച്ചു. മരുന്നു കഴിക്കുമ്പോള്‍ അസുഖത്തിന്ന് കുറവുണ്ടാവും. മരുന്ന് നിര്‍ത്തിയാല്‍ വീണ്ടും തുടങ്ങും. ഗര്‍ഭപാത്രം എടുത്തു കളയണം എന്നാണ് ഡോക്ടര്‍ ഇപ്പോള്‍ പറയുന്നത്.

''നീ വേണ്ടാത്ത പണിക്ക് നില്‍ക്കാതെ''ഇന്ദിര പറഞ്ഞു''നമുക്ക് നമ്മടെ മാപ്ലവൈദ്യരടെ അടുത്ത് ചെല്ലാം. അയാളടെ കഷായവും മരുന്നും കഴിച്ചാല്‍ ഭേദാവാനുള്ളതേയുള്ളു ഇതൊക്കെ. രാമേട്ടന് അയാളുടെ ചികിത്സ തുടങ്ങ്യേശേഷം നല്ല ഭേദംണ്ട്. കയ്യില്‍ പിടിച്ചാല്‍ കുറേശ്ശെ നടക്കും''.

''എന്തിനാ ചേച്ചി വേണ്ടാതെ ഒരു പരീക്ഷണം''സാവിത്രി പറഞ്ഞു ''ഏതായാലും എനിക്ക് ഈ ജന്മം ആ സാധനംകൊണ്ട് ഒരാവശ്യംവരില്ല. പിന്നെന്തിനാ കൂലീല്ലാത്തഭാരം വെറുതെ ചുമക്കുണത്''. 

ആ വാക്കുകള്‍ ഇന്ദിരയുടെ മനസ്സില്‍തട്ടി. പാവം സാവിത്രി. കല്യാണം നടന്നിരുന്നുവെങ്കില്‍ രമയേക്കാള്‍ മുതിര്‍ന്ന ഒരുകുട്ടി ഉണ്ടായിരുന്നേനേ.

''എന്താ കുട്ട്യേ നീ പറയിണത്''അവളുടെ സ്വരം ഇടറിയിരുന്നു''നിന്നെ ഞാന്‍ കുറ്റം പറയ്യേല്ല. വേണച്ചാല് നിനക്ക് ആ വിധി മാറ്റാന്‍ പറ്റ്യേനേ. ഇനിയത് പറഞ്ഞിട്ട് കാര്യൂല്ല. പക്ഷെ നിന്നെ ഈ നിലയ്ക്കാക്കിയ ആ ദുഷ്ടനെ... ''.

''വേണ്ടാ ചേച്ചി''സാവിത്രി ഇന്ദിരയെ തുടരാന്‍ അനുവദിച്ചില്ല''രാജേട്ടനെ ശപിക്കണ്ടാ. എനിക്ക് യോഗൂല്യാന്ന് കൂട്ട്യാ മതി''.

''നീ എന്തൊക്കെ പറഞ്ഞാലും അയാള്‍ ചെയ്തതിന്... ''.

''ചേച്ചി, ചിലര്‍ക്ക് മോഹിച്ചതു കിട്ടാനുള്ള യോഗൂണ്ടാവും. എനിക്ക് മോഹിക്കാനുള്ള യോഗം മാത്രേള്ളു''.

''പണം മോഹിച്ച് കാണാന്‍ കൊള്ളാത്ത ഒന്നിന്‍റെ കഴുത്തില്‍ താലികെട്ടി. അതിനുവേണ്ട കൂലി ഈശ്വരന്‍ കൊടുത്തില്ലേ. തലസ്ഥാനത്തെ വലിയ ഡോക്ടറായി. പണം കുന്നുപോലെ ഉണ്ടാക്കി. പക്ഷെ ദൈവം അയാള്‍ക്ക് സമാധാനം കൊടുത്തില്ല. നാട്ടിലെ ജനസംസാരം ചിലതൊക്കെ ഞാനും കേട്ടു. അയാളടെ ഭാര്യ ഡ്രൈവറുടൊപ്പം ഒളിച്ചോടി പോയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടാ വീട്ടില് മടങ്ങി വന്നതത്രേ. അതിനുശേഷം സന്ധ്യായാല്‍ മരുന്നു കുത്തിവെച്ചിട്ട് അയാള് ബോധംകെട്ട് കിടപ്പാണെന്നാ പറച്ചില്''.

''എനിക്ക് ഒന്നും കേള്‍ക്കണ്ടാ എന്‍റെ ചേച്ചി''സാവിത്രി തടഞ്ഞു''ഏത് നാട്ടിലാണെങ്കിലും സന്തോഷത്തോടും സമാധാനത്തോടുംകൂടി രാജേട്ടന്‍ കഴിയുണൂന്ന് കേട്ടാമതി. എനിക്കത്രേവേണ്ടൂ. ഈ ജന്മം അയാളെ എനിക്കു വേണ്ടാ. കണ്ടാല്‍ക്കൂടി കണ്ടില്ലാന്നേ ഞാന്‍ നടിക്കൂ''.

''ഇന്ദിരേ, സാവിത്രിക്കുട്ട്യേ ഓരോന്ന് പറഞ്ഞ് സങ്കടപ്പെടുത്തണ്ടാ'' അടുക്കളവാതിലും ചാരിനിന്ന് രാമകൃഷ്ണന്‍ പറഞ്ഞു.

''എന്‍റെ രാമേട്ടന്‍ തന്നെ നടന്നൂ''ഇന്ദിരയുടെ വാക്കുകളില്‍ അത്ഭുതം നിറഞ്ഞു. എച്ചില്‍കയ്യോടെ അവള്‍ അയാളുടെ അടുത്തേക്കോടി.

 അദ്ധ്യായം - 27.

വലിയ വരമ്പത്തുനിന്ന് സ്കൂട്ടറിന്‍റെ ഒച്ചകേട്ടതും രമ പടിക്കലേക്കോടി. അനൂപിനെ പടിക്കല്‍വെച്ചേ അവള്‍ കൈ കാണിച്ചുനിര്‍ത്തി.

''ഇന്ന് സന്തോഷൂള്ളൊരു കാര്യം ഉണ്ടായിട്ടുണ്ട്. എന്താന്ന് ഏട്ടന്‍ പറ''.

''എനിക്കെങ്ങിന്യാ അറിയ്യാ. നീതന്നെ പറയ്''അനൂപ് ഒഴിഞ്ഞുമാറി.

''അതൊന്നും പറഞ്ഞാ പറ്റില്ല. ഏട്ടന്‍ പറയണം''അവള്‍ വാശി പിടിച്ചു.

''എന്നാല്‍ കേട്ടോ. ക്ലാസ്സ് ടെസ്റ്റില്‍ നിനക്ക് വട്ടക്കുമ്പളങ്ങ കിട്ടീട്ടുണ്ടാവും'' നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ അവളെ ശുണ്ഠിപിടിപ്പിക്കാന്‍ പറഞ്ഞു.

''പിന്നെപ്പിന്നെ. ഞാന്‍ തോല്‍ക്ക്വാത്രേ''രമ ചൊടിച്ചു''തോറ്റൂന്ന് ഏട്ടന്‍ സമ്മതിച്ചാ മതി. ഞാന്‍ പറയാം''.

''ശരി. ഞാന്‍ തോറ്റു'' അവന്‍ തോല്‍വി സമ്മതിച്ചു.

''ഇന്ന് നമ്മടെ അച്ഛന്‍ തന്നെ നടന്നു''അവള്‍ പറഞ്ഞത് അനൂപിന്ന് വിശ്വസിക്കാനായില്ല. അവന്‍ സ്കൂട്ടര്‍ സ്റ്റാന്‍ഡിലിട്ട് അകത്തേക്കോടി.

''ഇവള് പറയണത് ശര്യാണോ അമ്മേ''ശബ്ദംകേട്ട് വാതില്‍ക്കലെത്തിയ ഇന്ദിരയോട് അവന്‍ ചോദിച്ചു. അതെയെന്ന് അവള്‍ തലയാട്ടി. അനൂപ് അച്ഛന്‍റെ അടുത്തേക്ക് ചെന്നു. രാമകൃഷ്ണന്‍ കുഴമ്പുപുരട്ടി ഒരുസ്റ്റൂളില്‍ ഇരിക്കുകയാണ്.

''അച്ഛാ''അവന്‍ വിളിച്ചു''അച്ഛന്‍ ഇന്ന് തന്നെ നടന്ന്വോല്ലേ''. ഉവ്വെന്ന് രാമകൃഷ്ണന്‍ തലയാട്ടി.

''നീ വന്നിട്ടു വേണം മാപ്ലവൈദ്യര്‍ക്ക് വിവരം കൊടുക്കാന്‍ എന്നു വിചാരിച്ച് ഇരിക്ക്യാണ്''ഇന്ദിര പറഞ്ഞു''ചായകുടിച്ചതും ചെന്ന് പറഞ്ഞിട്ടു വാ''.

''അമ്മേ, ഞാന്‍ അമ്പലത്തില്‍ചെന്ന് അച്ഛന്‍റെ പേരില് ഒരു അര്‍ച്ചന കഴിച്ചിട്ടു വരട്ടെ. എന്നിട്ടുമതി എനിക്ക് ചായ''.

''അപ്പൊ വൈദ്യരെ കാണാന്‍ പോണില്ലേ''.

''നോക്കൂ ഇന്ദിരേ''രാമകൃഷ്ണന്‍ ഇന്ദിരയെവിളിച്ചു''അവന്‍ അമ്പലത്തില്‍ പോയിട്ടു വരട്ടെ. എന്നിട്ടുപോരെ വൈദ്യരുടെ അടുത്തേക്ക്''.

''എന്നാല്‍ ഞാനൂണ്ട് നിന്‍റെ കൂടെ''ഇന്ദിര പുറപ്പെട്ടു.

''ഇന്നെന്താ ഈ അമ്മയ്ക്ക് പറ്റ്യേത്''രമ പറഞ്ഞു''ഈശ്വരന്‍ ഇല്ലാന്നു പറയണ ആളല്ലേ''.

''മിണ്ടാണ്ടിരുന്നോ പെണ്ണേ''ഇന്ദിര മകളെ ശാസിച്ചു. 

അനൂപും ഇന്ദിരയും അമ്പലത്തിലെത്തുമ്പോള്‍ ദീപാരാധനയ്ക്കുള്ള സമയം ആവുന്നതേയുള്ളു. മതില്‍ക്കെട്ടിന്ന് വെളിയില്‍ രണ്ടുപേര്‍ സിഗററ്റ് വലിച്ചു നില്‍ക്കുന്നുണ്ട്. അകത്ത് തൊഴാനെത്തിയ നാലഞ്ചു സ്ത്രീകള്‍ പ്രദക്ഷിണം വെക്കുകയാണ്. വാരിയത്തമ്മ മാലകെട്ടുന്ന സ്ഥലത്ത് കാല് നീട്ടിയിരുന്ന്നാമം ജപിക്കുന്നു. ഇന്ദിര അര്‍ച്ചനയ്ക്ക് ചീട്ടാക്കി തൃപ്പടിമേല്‍ വെച്ചു, അതിനുമുകളിലായി രണ്ടുരൂപയുടെ ഒരു നാണയവും. തൊഴുതു പ്രദക്ഷിണംവെക്കാന്‍ തുടങ്ങിയതും വാരിയത്തമ്മ വിളിച്ചു.

''ഇന്ദിരേ, കുട്ടി ഇങ്ങോട്ടൊന്നും വരാത്തതല്ലേ. ഇന്നെന്താ പറ്റ്യേ''അവര്‍ ചോദിച്ചതില്‍ അത്ഭുതപ്പെടാനില്ല. കുറച്ചുകാലമായി അമ്പലത്തിലേക്ക് വന്നിട്ട്.

''ഇന്ന് രാമേട്ടന്‍ തന്നെനടന്നു. ഇവന്‍ ജോലികഴിഞ്ഞുവന്ന് ആ വിവരം അറിഞ്ഞതും അച്ഛന്‍റെ പേരില് ഒരര്‍ച്ചന നടത്തണംന്ന് ഒരേ നിര്‍ബന്ധം. ഞാനും കൂടെപോന്നു''.

''അതു നന്നായി. സാവിത്രി വിവരം പറഞ്ഞു. നിങ്ങടെ കഷ്ടകാലം തീരാറായീന്ന് കൂട്ടിക്കോളൂ''.

''ഏറെ കണ്ണീര് കുടിച്ചു. ഇനി അതുകൂടാതെ കഴിയണേന്നേ ഉള്ളു''.

''ഒരു രാത്രിക്ക് ഒരു പകലില്ലേ കുട്ട്യേ. എപ്പഴും ഒരുപോലെത്തന്നെ ഇരിക്ക്യോ''ഒന്നുനിര്‍ത്തിയശേഷം അവര്‍ തുടര്‍ന്നു''അല്ലെങ്കില്‍ എന്‍റെ സാവിത്രിടെ ജന്മം ആവണം''.

''വാരിയത്തമ്മ എന്താ ഇങ്ങിന്യോക്കെ പറയിണത്. അതിനുമാത്രം എന്താ ഇപ്പൊ ഉണ്ടായത്''.

''ഒക്കെ അവള് എന്നോട് പറഞ്ഞിട്ടുണ്ട്. പൂക്കാതെ കായ്ക്കാതെ ഉണങ്ങി പോണ ചെടിടെ ജന്മായി എന്‍റെ കുട്ടിടേത്''മുണ്ടിന്‍റെ കോന്തലകൊണ്ട് അവര്‍ കണ്ണീരൊപ്പി.

''തൃസന്ധ്യനേരത്ത് കണ്ണിലെ വെള്ളം കളയണ്ടാ. നടയ്ക്കല് നിന്ന് സങ്കടം പറഞ്ഞോളൂ. നിവൃത്തിമാര്‍ഗ്ഗം ഉണ്ടാവാതെ ഇരിക്കില്ല. വാരിയത്തമ്മ എന്നെമാതിര്യോന്നും അല്ലല്ലോ. പകല് മുഴുവന്‍ ഈശ്വരാന്നും പറഞ്ഞ് ഇതിനകത്തല്ലേ''.

''ഞാന്‍ ഒരുകാര്യം ചോദിച്ചാല്‍ ഇന്ദിരയ്ക്ക് വിഷമാവ്വോ''.

''എന്താന്ന് പറയൂ''.

''ഓപ്പറേഷന്‍ കഴിഞ്ഞാല്‍ രണ്ടുമൂന്ന് ദിവസം ആസ്പത്രീല് കിടക്കണ്ടി വരുംന്ന് പറയുണു. നിനക്ക് അവളുടെ ഒപ്പം നില്‍ക്കാന്‍ ആവ്വോ''.

''വിരോധൂണ്ടായിട്ടല്ല. രമേട്ടന്‍ ഇങ്ങിനെ കിടക്കുമ്പൊ എങ്ങിന്യാ''.

''ഞാനത് ആലോചിക്കാഞ്ഞിട്ടല്ല. വിശ്വാസൂള്ള ഒരാള് വേണ്ടേ കൂട്ടത്തില്''. പ്രദക്ഷിണംവെച്ചിരുന്ന അനൂപ് അവരുടെ അരികിലെത്തിയിരുന്നു.

''എന്താമ്മേ സംഗതി''അവന്‍ ചോദിച്ചു. ഇന്ദിര വിവരങ്ങള്‍ പറഞ്ഞു.

''മാപ്ലവൈദ്യരുടെ ചികിത്സനോക്കാന്ന് ഞാന്‍ പറഞ്ഞതാ. എന്നെക്കൊണ്ട് ഒരു പരീക്ഷണത്തിന്ന് വയ്യാന്നാ പറഞ്ഞത്''.

''അമ്മേ, ഗൈനക്കോളജിസ്റ്റ് പറയിണതാ ശരി''അനൂപ് പറഞ്ഞു''വല്ല  മരുന്നും കഴിച്ചോണ്ടിരുന്ന് കോംപ്ലിക്കേഷന്‍ ആയാലോ. ഓപ്പറേഷന്‍ വേണച്ചാല്‍ അത് വൈകിക്കാതെ ചെയ്യണം''.

''നിന്‍റെ അച്ഛന്‍റെ സൂക്കട് ആരാ ഭേദാക്കീത്''.

''അല്ലാന്ന് ഞാന്‍ പറയില്ല. എന്നാലും റിസ്ക് എടുക്കണ്ടാന്നേ പറയൂ''.

''എന്നോട് ആസ്പത്രീല് മേമയ്ക്ക് തുണയ്ക്ക് നില്‍ക്ക്വോന്ന് വാരിയത്തമ്മ ചോദിക്ക്യാണ്''ഇന്ദിര പറഞ്ഞു''രാമേട്ടന്‍റെ ഈ അവസ്ഥേല് ഞാന്‍ എന്താ പറയ്യാ''.

''മേമടെ കാര്യത്തിനല്ലേ. അമ്മ പൊയ്ക്കോളൂ. അച്ഛന്‍റെ കാര്യം ഞാനും രമീം കൂടി നോക്കാം''.

''ഈശ്വരാ. ഈ കുട്ടിയ്ക്ക് ദീര്‍ഘായുസ്സ് കൊടുക്കണേ''വാരിയത്തമ്മ ശ്രീകോവിലിലേക്ക് നോക്കി തൊഴുതു .

''സാവിത്രി ഇങ്ങിട്ട് വരില്ലേ''ഇന്ദിര ചോദിച്ചു.

''കുറച്ച് തുണിതിരുമ്പാനുണ്ട്. അത് കഴിഞ്ഞ് മേല്‍ കഴുകീട്ട് ഇങ്ങോട്ട് വരാന്ന് പറഞ്ഞിട്ടുണ്ട്''വാരിയത്തമ്മ സ്വന്തം ശാരീരിക അസ്വാസ്ഥ്യങ്ങള്‍ വിവരിക്കാന്‍ തുടങ്ങി.

''ദീപാരാധനയ്ക്ക് നട അടയ്ക്കാന്‍ പോണൂ''തിരുമേനി പറഞ്ഞതും എല്ലാവരും നടയ്ക്കലേക്ക് നീങ്ങി.

''ഏതായാലും ഇന്ന് താനിവിടെ ഉണ്ടല്ലോ''അയാള്‍ അനൂപിനോട് പറഞ്ഞു''അച്ഛന്‍റെ ചെണ്ട അവിടെത്തന്നെ തൂങ്ങുണുണ്ട്. അതെടുത്ത് ദേവനെ കൊട്ടി കേള്‍പ്പിക്കടോ''. അനൂപ് അമ്മയെ നോക്കി. ഇന്ദിര സമ്മതഭാവത്തില്‍ തലയാട്ടി. അവന്‍ ചെണ്ടയെടുക്കാന്‍ നടന്നു.

()()()()()()()()()()()()()()()

അനിരുദ്ധന്‍ ജോലികഴിഞ്ഞു വൈകുന്നേരം എത്തുമ്പോള്‍ രാധികയും കുട്ടിയും വീട്ടിലുണ്ട്. അവര്‍ വരുന്നകാര്യം അറിയിച്ചിരുന്നില്ല.

''എപ്പൊ എത്തി''അയാള്‍ ചോദിച്ചു.

''ഉച്ചയ്ക്ക് ഊണ് കഴിഞ്ഞതും പോന്നു''.

''പറഞ്ഞാല്‍ കൂട്ടീട്ട് വരാന്‍ ഞാന്‍ എത്തില്ലേ''.

''ജോലിത്തിരക്കുള്ള ആളല്ലേ. ബുദ്ധിമുട്ടിക്കണ്ടാന്ന് വിചാരിച്ചു''രാധിക പറഞ്ഞു''അച്ഛന്‍ എന്നെ ഇവിടെ ആക്കീട്ട്പോയി''. അതിലടങ്ങിയ കുത്ത് അനിരുദ്ധന്ന് മനസ്സിലായി. ഒന്നുംപറയാതെ അയാള്‍ അകത്തുചെന്ന് വേഷംമാറാന്‍ തുടങ്ങി.

''ദേഷ്യം വന്ന്വോ''പുറകില്‍ രാധികയാണ്.

''ങൂങ്ങും''ഒന്ന് മൂളി.

''അടുപ്പിച്ച് നാലുദിവസം എനിക്ക് അനിയേട്ടനെ കാണാണ്ടെ ഇരിക്കാന്‍ പറ്റില്ല. എന്‍റെ സ്നേഹം അറിയിണില്യാന്ന് ചിലപ്പൊ തോന്നും''. ആ മനസ്സ് അറിയാഞ്ഞിട്ടല്ല. അവളുടെ ആഗ്രഹങ്ങള്‍ക്കൊപ്പിച്ച് തനിക്ക് കഴിയാനാവുന്നില്ല എന്നേയുള്ളു.

''ഞാന്‍ കാണാന്‍ ഭംഗീല്ലാത്തതോണ്ടാണോ എന്നോട് ഇഷ്ടൂല്യാത്തത്'' രാധിക ചോദിച്ചു''എന്‍റെ അനിയേട്ടന്‍റെ ഭംഗിക്ക് ഞാന്‍ തീരെപോരാന്ന് അറിയാം. ഏഴ് അയലത്ത് നില്‍ക്കാനുള്ള യോഗ്യത എനിക്കില്ല''.

വെളുത്ത് സുമുഖനായ അനിരുദ്ധനും വീപ്പക്കുറ്റിപോലെ തടിച്ച കറുത്ത് വീതിയേറിയ നെറ്റിയുള്ള രാധികയും തമ്മില്‍ യാതൊരു ചേര്‍ച്ചയും ഇല്ല എന്ന് എല്ലാവരും പറയാറുണ്ട്. പറയുന്നവര്‍ എന്തോ പറഞ്ഞു കൊള്ളട്ടെ. അനുജത്തി ഭാനുവിന്‍റെ കല്യാണവും, വീട് പണയപ്പെടുത്തി വാങ്ങിയ കടംവീട്ടലും രാധികയുടെ അച്ഛനില്ലെങ്കില്‍ നടക്കില്ല. ആ ഓര്‍മ്മ എന്നും മനസ്സിലുണ്ട്. മുഖം കറുപ്പിച്ച് ഒരുവാക്ക് അവളോട് പറഞ്ഞിട്ടില്ല.

''നോക്കൂ, എന്തിനാ താന്‍ വേണ്ടാത്തതൊക്കെ ആലോചിക്കുണത്. ഞാന്‍ എപ്പഴങ്കിലും രാധികടെ അടുത്ത് ഇഷ്ടക്കേട് കാണിച്ചിട്ടുണ്ടോ''.

''അതൊന്നൂല്യാ''അവള്‍ പറഞ്ഞു''എന്നാലും ശിവശങ്കരമേനോന്‍ പണം കൊടുത്ത് മകള്‍ക്ക് നല്ല ചന്തൂള്ളഭര്‍ത്താവിനെ വിലയ്ക്ക് വാങ്ങി  എന്ന് ആളുകള് പറയുമ്പൊ എന്തിനാ ഇങ്ങിനത്തെ ഒരുജീവിതംന്ന് തോന്നും''. 

അവളുടെ സ്വര്‍ണ്ണ ഫ്രെയിമുള്ള കണ്ണടയുടെ ചുവട്ടിലൂടെ കണ്ണുനീര്‍ കവിളിലേക്ക് ഒഴുകിയിറങ്ങി. അനിരുദ്ധന്‍ അത് തുടച്ചുമാറ്റി.

''എന്‍റെ രാധു കുട്ട്യേളെപ്പോലെ കരയണ്ടാ''അയാള്‍ പറഞ്ഞു. അവള്‍ ആ മാറത്തേക്ക് കുഴഞ്ഞുവീണു.

അദ്ധ്യായം - 28.

''ഒരുപാട് നന്ദീണ്ടെടാ നീ ചെയ്ത ഈ സഹായത്തിന്''പ്രദീപിനെ കെട്ടിപ്പിടിച്ച് അതുപറയുമ്പോള്‍ ശെല്‍വന്‍റെ തൊണ്ടയിടറിയിരുന്നു. ഹോട്ടലിലെ പാര്‍ക്കിങ്ങ് ഏരിയയില്‍ നില്‍ക്കുകയാണ് അവര്‍.

''വല്ലാതെ സെന്‍റി ആവാതെടാ ചെക്കാ''പ്രദീപ് അവന്‍റെ മുതുകത്ത് തടവിക്കൊണ്ട് പറഞ്ഞു''ആരും ചെയ്യുന്നതെ ഞാനും ചെയ്തുള്ളൂ''. പ്രദീപ് അങ്ങിനെപറഞ്ഞുവെങ്കിലും വാസ്തവം അതല്ലെന്ന് രണ്ടു കൂട്ടര്‍ക്കും അറിയാം. വാടകയ്ക്ക് വീട് സംഘടിപ്പിച്ച് കൊടുത്തതോ, ഫര്‍ണിച്ചറും ഗൃഹോപകരണങ്ങളും വാങ്ങാന്‍ സഹായിച്ചതോ വലിയ കാര്യമല്ല. എന്നാല്‍ വീട് വില്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ പൊന്തിവന്ന പ്രതിബന്ധങ്ങള്‍ തീര്‍ത്തത് അങ്ങിനെയാണോ?

രണ്ടാഴ്ച മുമ്പാണ് ആദ്യത്തെ സംഭവം. ശെല്‍വന്‍റെ വീട് വില്‍ക്കുന്ന വിവരം അറിഞ്ഞ് മൂന്ന് നാല് ആവശ്യക്കാര്‍ അന്ന് വീട് നോക്കാന്‍ വന്നിരുന്നു. വൈകുന്നേരം അച്ഛന്‍ പണികഴിഞ്ഞ് എത്തിയ സമയം. അച്ഛന്‍റെ രണ്ടനുജന്മാര്‍ വീട്ടിലെത്തി.

''നിങ്ങള് ഈ വീട് വില്‍ക്കാന്‍ പോണൂന്ന് കേട്ടു. അതറിയാന്‍ വന്നതാ'' അച്ഛന്‍റെ തൊട്ട് താഴെയുള്ള ആള്‍ ചോദിക്കുന്നത് കേട്ടു.

''ഉവ്വ്''അച്ഛന്‍ പറഞ്ഞു''പെണ്ണിന് ഒരാലോചന വന്നിട്ടുണ്ട്. ഇത് വിറ്റിട്ട് വേണം അവളടെ കല്യാണംനടത്താന്‍''.

''അതെങ്ങിന്യാ നിങ്ങള്‍ ഒറ്റയ്ക്കിത് വില്‍ക്ക്വാ. ഈ സ്ഥലം നമ്മടെ അച്ഛന്‍റെ പേരിലാണ്. അതില് എല്ലാരുക്കും അവകാശൂണ്ട്''.

''എന്‍റെ ഭാര്യടെ അച്ഛന്‍ പണംകൊടുത്ത് എനിക്ക് വാങ്ങ്യേതാണ് ഈ സ്ഥലം. എന്‍റെ പേരില് ആധാരൂണ്ടാക്കാന്‍ ഞാന്‍ സമ്മതിക്കാഞ്ഞതാ. അന്ന് നമ്മടെ അച്ഛനിണ്ട്. തലയിരിക്കുമ്പോ വാലാടണ്ടാ എന്നുവെച്ച് അച്ഛന്‍റെ പേരില്‍ സ്ഥലം റയിഷാക്കി. നിങ്ങള്‍ക്ക് അറിയിണതല്ലേ ആ കാര്യങ്ങള്. ഒരാളും ഒരുപൈസ ഇതിലിക്ക് മുടക്കീട്ടില്ല''.

''ഇതൊക്കെ പറഞ്ഞോണ്ടിരിക്കാനേ പറ്റു. കോടതീല് കേറ്യാല്‍ അടുത്തകാലത്തൊന്നും കേസ്സ് തീരില്ല''.

''ഞാനെന്താ വേണ്ടത്. നിങ്ങളന്നെ പറയിന്‍''അച്ഛന്‍ കരയുകയാണോ എന്ന് ശെല്‍വന് തോന്നി.

''അങ്ങിനെ വഴിക്ക് വരിന്‍. പെങ്ങള്‍ക്ക് കൊടുക്കാനുള്ളത് കൊടുത്ത് അവളെ കെട്ടിച്ചയച്ചു. ഇനി അവള്‍ക്കൊന്നും കൊടുക്കണ്ട കാര്യൂല്യ. പിന്നെ നമ്മള് നാല് ആണുങ്ങള്. കിട്ടുന്ന പണം ഒപ്പൊപ്പം''.

''അതെങ്ങിന്യാ ശര്യാവ്വാ. അരപൈസ ഇറക്കാത്ത നിങ്ങള്‍ക്കും വില കൊടുത്ത് വാങ്ങിയ എനിക്കും ഒരുപോലെ. നല്ല കണക്ക്. ഒരുപൈസ ഞാന്‍ തരില്ലാച്ചാലോ''.

''എങ്കില്‍ ഇത് വില്‍ക്കുന്നത് ഞങ്ങളൊന്ന് കാണട്ടെ ''. 

അനുജന്മാര്‍ പോയതും അച്ഛന്‍ കരയാന്‍ തുടങ്ങി. കല്യാണത്തിന്ന് പുറപ്പെട്ടതേ വീടുവിറ്റ് പണം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. അത് തടസ്സപ്പെടാന്‍ പോവുകയാണ്. കല്യാണം മുടങ്ങാനാണ് ഇടവരിക. സമുദായക്കാരോട് വിവരംപറയാന്‍ അമ്മ അച്ഛനെ ഉപദേശിക്കുന്നത് കണ്ടു. മദ്ധ്യസ്ഥംപറഞ്ഞ് കേസ്സും കൂട്ടവും ഒഴിവാക്കാന്‍ പറ്റിയാലോ? അപ്പോള്‍ത്തന്നെ അച്ഛന്‍ പോയി.

''അത് നടക്കില്ല''അച്ഛന്‍ തിരിച്ചുവന്നത് കുറെക്കൂടി സങ്കടത്തിലാണ് ''വല്യേ നെലേല് മകളെ അയക്കാന്‍ നോക്കണ്ടാ. സ്ഥലംവിറ്റു കിട്ടുണ പണം വീതംവെച്ച് ബാക്കീള്ളതോണ്ട് കല്യാണം നടത്താനാ അവര് പറയിണത്''.

''മകള് പഠിച്ച് ഡോക്ടറാവുന്നതിലേ കണ്ണുകടി ഉള്ളോരാണ്. അതാ സഹായിക്കാത്തത്''അമ്മ പറഞ്ഞു.

''ഇത് മുടങ്ങ്യാല്‍ ഞാന്‍ തൂങ്ങിച്ചാവും''അച്ഛന്‍ പായവിരിച്ച് കിടന്നു. 

ഉണ്ടാക്കിയ ആഹാരം ആരും രാത്രി കഴിച്ചില്ല. അച്ഛനേയും അമ്മയേയും എങ്ങിനെ സമാധാനിപ്പിക്കണം എന്നറിയാതെ മനസ്സു പിടഞ്ഞു. പ്രദീപിനെ ഓര്‍മ്മവന്നത് അപ്പോഴാണ്. ഉടനെ അവനെ വിളിച്ച് വിവരം പറഞ്ഞു.

''പേടിക്കണ്ടടാ. വഴീണ്ടാക്കാം''എന്നവന്‍ പറഞ്ഞപ്പോള്‍ കുറച്ച് ആശ്വാസം തോന്നി. പിറ്റേദിവസം രാവിലെ അവന്‍ വീട്ടിലെത്തി. ആധാരംവാങ്ങി വായിച്ചു നോക്കി.

''മര്യാദയ്ക്ക് പോയാല്‍ അവര്‍ക്ക് പണം കൊടുക്കണം, അല്ലെങ്കില്‍ കേസ്സിനുപോണം''അവന്‍ പറഞ്ഞു''നമുക്ക് വേറെ വഴിനോക്കാം''.   

അന്ന് വൈകുന്നേരം ഏറ്റവും താഴെയുള്ള ഇളയച്ചനെത്തി. സ്വതവേ ആര്‍ക്കും ഗുണത്തിന്നും ദോഷത്തിന്നും പോകാത്ത ആള്‍.

''അണ്ണന്‍റെകൂടെ ഞാനുണ്ട്. ഏത് കോടതീല് വേണച്ചാലും  ഉള്ള സത്യം ഞാന്‍ പറയാം''അയാള്‍ പറഞ്ഞു. പക്ഷെ അതൊന്നും വേണ്ടിവന്നില്ല. രണ്ടുദിവസം കഴിഞ്ഞതും ദേഷ്യപ്പെട്ടുപോയ ഇളയച്ഛന്മാരെത്തി.

''വീട് വിറ്റോളിന്‍. ഞങ്ങള്‍ കേസ്സിനും കൂട്ടത്തിനും ഒന്നും വരുണില്യാ'' മൂത്ത ആള്‍ പറഞ്ഞു''എന്നാ വേണ്ടത്ന്ന് പറഞ്ഞാ മതി, ആ ദിവസം ഞങ്ങള്‍ റയിഷാപ്പീസില്‍ വന്ന് ഒപ്പിട്ടുതരാം''.

''നിന്‍റെ ഏറ്റവും താഴത്തെ ചെറിയച്ഛനില്ലേ അര്‍ജുനന്‍. അയാളൊരു പാവാണ്. കാര്യംപറഞ്ഞ ഉടനെ അങ്ങേര് സഹായിക്കാന്ന് ഏറ്റു. മറ്റേ രണ്ടാളോടും കുറച്ച് ഭീഷണി വേണ്ടിവന്നു''.

പിറ്റേന്ന് കോട്ടമൈതാനത്തുവെച്ച് കണ്ടു മുട്ടിയപ്പോള്‍ പ്രദീപ് തന്നോട് പറയുകയുണ്ടായി. ബാക്കി കാര്യങ്ങള്‍ പെട്ടെന്നുതന്നെ നടന്നു. കിട്ടിയ സംഖ്യ ബാങ്കില്‍ ഇടുന്നതിന്നു മുമ്പ് ഇളയച്ഛന്മാര്‍ക്ക് അച്ഛന്‍ അറിഞ്ഞു കൊടുത്ത പണംകൂടി അവര്‍ സ്വീകരിച്ചില്ല.

''പ്രദീപിന് എന്തെങ്കിലും കൊടുക്കണംന്ന് അച്ഛന്‍ പറഞ്ഞു''. ശെല്‍വന്‍ മടിയോടുകൂടിയാണ് ആ വിവരം അവനോട് പറഞ്ഞത്.

''എനിക്കൊന്നും വേണ്ടാടാ. നിങ്ങള്‍ക്ക് നിര്‍ബന്ധം ആണച്ചാല്‍ നമ്മടെ അന്‍വറണ്ണനും സെറ്റിനും ഒരുപാര്‍ട്ടി കൊടുക്ക്. അവര് പത്തുപൈസ വാങ്ങാത്യാണ് ക്വൊട്ടേഷന്‍ എടുത്ത് നിന്‍റെ ഇളയച്ചന്മാരെ ഒതുക്ക്യേത്''. ശെല്‍വന് അതൊരു പുതിയ അറിയായിരുന്നു.

''എന്നിട്ട് എന്‍റെ ഇളയച്ഛന്മാരെന്താ പോലീസില്‍ കംപ്ലൈന്‍റ് ചെയ്തില്ല'' അവന്‍ ചോദിച്ചു.

''ജീവനില്‍ കൊതി ഉള്ളതോണ്ടന്നെ''പ്രദീപ് ചിരിച്ചു.

അന്‍വറും കൂട്ടാളികളും പ്രദീപും സംഘവും ഒന്നിച്ച് ഹോട്ടലില്‍നിന്ന് ഇറങ്ങിയതാണ്. യാത്രപറഞ്ഞ് എല്ലാവരും പോയ്ക്കഴിഞ്ഞു.

''സാധനങ്ങള്‍ കടത്താന്‍ സഹായിക്കണോ''പ്രദീപ് ചോദിച്ചു.

''ഒന്നും വേണ്ടാടാ. അകെക്കൂടി പെങ്ങളടെ ഒരുകട്ടിലേ ഉള്ളു. പിന്നെ അവളുടെ മേശയും ഒരു ടി.വിയും കുറച്ച് പാത്രങ്ങളും. ഞങ്ങളത് ഒരു പെട്ടി ഓട്ടോയില്‍ കടത്താം. കുറച്ച് ചട്ടികള്‍ ഉള്ളതും ഞങ്ങള്‍ യൂസ് ചെയ്യുണ പായകളും അവിടെത്തന്നെ കളയുംന്നാ അമ്മ പറഞ്ഞത്''.

''ഇനി എന്താ വേണ്ടത്. വല്ലതും ചെയ്യാനുണ്ടോ''.

''കുറച്ച് ആഭരണങ്ങള്‍ വാങ്ങാനുണ്ട്. പെങ്ങള് വന്നിട്ടേ ഉണ്ടാവൂ. അന്ന് നീ കൂടെ വരണം''.

''ഉറപ്പായിട്ടും വരാം. നിനക്ക് എന്ത് വേണമെങ്കിലും ധൈര്യായിട്ട് എന്നോട് പറഞ്ഞോ. നിന്‍റെ കൂടെ ഞാനുണ്ടാവും''പ്രദീപ് പറഞ്ഞു.

''അതല്ലേടാ എന്‍റെ ഒരു സമാധാനം''ശെല്‍വന്‍ കണ്ണ് തുടച്ചു.

''നോക്കെടാ, സമയം മൂന്നായി''പ്രദീപ് പറഞ്ഞു''ഞാന്‍ പോയി കുറച്ചു നേരം റെസ്റ്റ് ചെയ്യട്ടെ''. അവര്‍ പുറപ്പെട്ടു.

()()()()()()()()()()()()()()

ഏട്ടുമണിയായി. എന്നിട്ടും പ്രദീപ് എഴുന്നേറ്റില്ല. എപ്പോഴേ ഉറക്കം തെളിഞ്ഞു. വല്ലാത്ത ക്ഷീണം. പോയ രാത്രി മിനക്കെട്ടിരുന്ന് സിനിമ കണ്ടതാണ്. അല്ലെങ്കിലും തിരക്കിട്ട് ജോലിക്കൊന്നും പോവാനില്ലല്ലോ. മാനേജരുടെ അടുത്ത് തരികിട പറഞ്ഞ് മടുത്തു. ഇപ്പോള്‍ അയാള്‍ക്ക് മതിയായിട്ടുണ്ടാവും. അതാണ് പുള്ളി വിളിക്കാത്തത്. പെട്ടെന്ന് മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ ശെല്‍വനാണ്. എന്താണാവോ അവന്‍റെ ഇനിയത്തെ പ്രശ്നം.

''എന്താടാ''പ്രദീപ് ചോദിച്ചു.

''ഇന്നലെ രാത്രി മനസ്സില് ഒരുകാര്യം തോന്നി''മറുവശത്തുനിന്നും ശെല്‍വന്‍റെ സ്വരംകേട്ടു.

''തോന്നും. അതല്ലേ പ്രായം''.

''അതല്ലെടാ. നിന്‍റെ അച്ഛന്‍റെ സ്വത്ത് ഇളയച്ഛന്മാര്‍ തട്ടിയെടുത്തൂന്ന് നീ പറയാറില്ലേ. ആ കേസ്സ് അന്‍വറണ്ണനെ ഏല്‍പ്പിച്ചൂടേ''.

''ഇത് പറയാനാണോ നീയിപ്പൊ എന്നെ വിളിച്ചുണര്‍ത്ത്യേത്. വേറെ പണ്യോന്നും ഇല്ലേടാ നിനക്ക്''.

''നിന്നെക്കുറിച്ചാലോചിച്ചപ്പോള്‍ എനിക്ക് തോന്ന്യേ ഐഡിയാണ്. അവര് ചെയ്ത ദ്രോഹത്തിന്ന് പകരം വീട്ടണംന്ന് നീ എപ്പഴും പറയുണതല്ലേ''.

''നോക്ക്. എല്ലാ കാര്യൂം ഒരേ മാതിരി ചെയ്യാന്‍ പറ്റില്ല. അത് നീ മനസ്സിലാക്കിക്കോ''.

''അതെന്താ അങ്ങനെ''.

''ഒന്നാമത് നിന്‍റെ ഇളയച്ഛന്മാരെപ്പോലെ കാശിന് വകീല്ലാത്തോരല്ല എന്‍റെ ഇളയച്ഛന്മാര്. നമ്മള് അന്‍വറണ്ണന് ക്വൊട്ടേഷന്‍ കൊടുത്തൂന്ന് അവര് അറിഞ്ഞാ മതി, എന്നെ തട്ടാന്‍ അതിലും വലിയ ഗ്യംഗിനെ  ഏല്‍പ്പിക്കും. കൂടാതെ പോയമുതലൊന്നും തിരിച്ചുകിട്ടാന്‍ പോണില്ല. രേഖകളൊക്കെ അവര് പെര്‍ഫക്റ്റ് ആക്കീട്ടുണ്ടാവും. ഏത് കോടതീല് ചെന്നാലും രക്ഷ കിട്ടില്ല. പിന്നൊരു കാര്യം കൂടീണ്ട്''.

''എന്താടാ അത്''.

''എന്‍റെ ഉള്ളിലെ പക പോണച്ചാല്‍ ഞാന്‍തന്നെ അവരോട് പകരം വീട്ടണം. സമയം വരുമ്പൊ ഞാനത് ചെയ്യും''. അവന്‍ കാള്‍ കട്ടാക്കി.

അദ്ധ്യായം  - 29.

കുഴിയടിപ്പാത്തിയിലൂടെ കുതിച്ചൊഴുകി മുറ്റത്തുവീണ മഴവെള്ളം തടാകമായി മാറിയിരിക്കുന്നു. ഓടിനിടയിലൂടെയുള്ള ചോര്‍ച്ച തടയാന്‍ ചില ഭാഗങ്ങളില്‍ തിരുകിവെച്ച പനയോലത്തുണ്ടുകളെ കബളിപ്പിച്ച് നിലത്തേക്ക് വെള്ളം ഇറ്റിറ്റുവീഴുന്നുണ്ട്. സര്‍വ്വത്ര വെള്ളമയം. മകീരം ഞാറ്റുവേല മതിമറന്ന് പെയ്യുകയാണ്. സ്വെറ്റര്‍ ധരിച്ച്, തലയിലൊരു മഫ്ളറുംകെട്ടി കെ. എസ്. മേനോന്‍ പൂമുഖത്തിന്‍റെ വാതില്‍ക്കല്‍ മഴയും നോക്കിനിന്നു. കേടുപാടുകള്‍ തീര്‍ക്കുമ്പോള്‍ വീടിനൊരു പൂമുഖം ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഗോപാലകൃഷ്ണന്‍ നായരാണ്. 

''എടോ സുകുമാരാ, വീട്ടില്‍ വരുന്നവര്‍ മൂന്ന് തരക്കാരാണ്. ചിലരെ മുറ്റത്തുനിന്നു തന്നെ നമുക്ക് പറഞ്ഞുവിടാം. ബാക്കിയുള്ളവരില്‍ രണ്ടു കൂട്ടരുണ്ട്''. ഒന്നും മനസ്സിലാവാതെ അയാള്‍ പറയുന്നതുംകേട്ട് മിഴിച്ചു നിന്നതേയുള്ളു.

''അത്രയും വേണ്ടപ്പെട്ടവരെ കിടപ്പുമുറിയിലോ, അടുക്കളയിലോ ഒക്കെ വിളിച്ചിരുത്താം. എല്ലാവരേയും അതു ചെയ്യാന്‍ പറ്റില്ല. അതിനാണ് പണ്ടുള്ളവര്‍ പൂമുഖം പണിയാറ്. ഇന്നത് സിറ്റൌട്ടായി''.

പറഞ്ഞതിന്‍റെ പിറ്റേന്നുകാലത്ത് ട്രാക്ടറില്‍ കരിങ്കല്ലെത്തി, ഉച്ചയോടെ സിമന്‍റും മണലും വെട്ടുകല്ലും. കുറ്റി തറയ്ക്കലും, വാനം കീറലും, പണി തുടങ്ങലുമെല്ലാം അടുത്തദിവസം തന്നെ. പൂമുഖം ടെറസ്സ് ആക്കിയാലോ എന്ന മേസന്‍റെ അഭിപ്രായം ഗോപാലകൃഷ്ണന്‍ നായര്‍ പരിഗണിച്ചില്ല. പഴയകെട്ടിടത്തിന്‍റെ മുന്‍ഭാഗംമാത്രം പുതിയ മട്ടിലാക്കിയാല്‍ കാണാന്‍ ബോറാണ് എന്നുപറഞ്ഞ് അവസാനിപ്പിച്ചു. പഴയകെട്ടിടങ്ങള്‍ പൊളിച്ചു വില്‍ക്കുന്നവരില്‍നിന്ന് പനയുടെ കഴിക്കോലും പട്ടികയും തുലാക്കട്ടയും കൊണ്ടുവന്നു. വാതില് സഹിതം രണ്ടുപാളിയുടെ രണ്ട് ജനലുകളും ഒരു ഒറ്റപ്പാളിജനലും ഓടും അവരില്‍നിന്നുതന്നെ വാങ്ങി.

''വാതില് കിട്ട്വോന്ന് നോക്കി. നല്ലതൊന്നൂല്യാ. മാവിന്‍റെ പലകകൊണ്ട് തല്ലിത്തറച്ചപോലത്തെ ഒന്നു കണ്ടു. അതിന്‍റെ കട്ടിളയും ദ്രവിച്ചിട്ടുണ്ട്. അതാ വാങ്ങാഞ്ഞത്''സാധനങ്ങള്‍ വാങ്ങിവന്ന ഗോപാലകൃഷ്ണന്‍ നായര്‍ ഉണ്ടായകാര്യം പറഞ്ഞു

''ഇനി അതിനെന്താ ചെയ്യാ''ഒന്നും ചെയ്യാനാവില്ലെങ്കിലും വെറുതെ ചോദിച്ചു.

''നമ്മള്‍ പുത്യേത് ഉണ്ടാക്കും. അത്രേന്നെ''.

''മുന്‍വശത്തെ വാതിലല്ലേ, ആറുക്ക് നാല് കനത്തിലുള്ള വലിയ കട്ടിള ഉണ്ടാക്ക്യാലോ''എന്ന ആശാരിയുടെ ചോദ്യത്തിന്ന്''അതൊന്നും വേണ്ടാ സാധാരണമട്ടില് നാലുക്ക് മൂന്ന് സൈസ്സ് കട്ടിള മതി''എന്നു പറഞ്ഞതും അയാളാണ്. തേക്കിന്‍റെ ഉരുപ്പടികള്‍ വാങ്ങാനും മൂപ്പര് സമ്മതിച്ചില്ല.

''അത്ര ആലോചിച്ചില്ല. മരം വിറ്റപ്പൊ രണ്ടുകഷ്ണം എടുത്തുവെക്ക്യേ വേണ്ടു. പോയബുദ്ധി ഇനി ആനപിടിച്ചാല്‍ പോരില്ലല്ലോ''എന്നയാള്‍ പലവട്ടം പറയുന്നത് കേട്ടു. 

 ''കട്ടിള പലജാതി മരംകൊണ്ട് ഉണ്ടാക്കിക്കോ. ഇരൂളോ, കരിവാകയോ, മരുതോ, കഴനിയോ, വേപ്പോ, ഞാവിളോ എന്തുമരംകൊണ്ടായാലും മതി. . പക്ഷെ വേങ്ങടെ പാടില്ല. അത് ദേവവൃക്ഷം ആണ്. അതോണ്ട് കട്ടിളടെ കുറുമ്പടി ഉണ്ടാക്കി അതില്‍ ചവിട്ടി ഒരുപാപം നേടണ്ടാ. പോരെങ്കില്‍ അതിന് കറീണ്ട്. വെള്ളത്തിന്‍റെ നനവ് തട്ട്യാമതി, ചുമരില് മഷിമാതിരി കറപടരും. വാതിലിന്ന് തേക്കിന്‍റെ ചട്ടൂം, പ്ലാവിന്‍റെ പലകീം മതി''. പണി തുടങ്ങുമ്പോള്‍ ഗോപാലകൃഷ്ണന്‍നായര്‍ ആശാരിയോട് പറഞ്ഞു. എല്ലാ കാര്യത്തിലും ആ മൂപ്പര്‍ക്ക് നല്ല അറിവാണ്. ഏതായാലും അയാളുടെ മോഹംപോലെ പൂമുഖം ഉണ്ടായി. അടമഴ തുടങ്ങുന്നതിന്നുമുമ്പ് എല്ലാ പണികളും തീര്‍ക്കാന്‍ കഴിഞ്ഞതും അയാളുടെ കഴിവുകൊണ്ടാണ്.

കാറ്റിന്‍റെ കയ്യുംപിടിച്ച് മഴവെള്ളം വാതില്‍പടിയിലെത്തി. കുറച്ചായി രാമന്‍ പണിക്കു വരാറില്ല. അല്ലെങ്കിലും ഈ മഴയത്ത് ഒന്നും ചെയ്യാന്‍ ആവില്ല. വാഴക്കുഴികള്‍ കുത്താന്‍ ഗോപാലകൃഷ്ണന്‍നായര്‍ അവനെ ഏല്‍പ്പിച്ചതാണ്. അയാളുടെ ഏതോ പരിചയക്കാരന്‍ കുറച്ച് നല്ലയിനം വാഴകള്‍ കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടത്രേ. പിന്നെ കുറെ പച്ചക്കറി ചെടികളാണ്. നാടന്‍ വഴുതിനയുടേയും മുളകിന്‍റേയും തൈകള്‍ നട്ടത് മുഴുവനും പിടിച്ചു. കാനലിന്നായി കുത്തികൊടുത്തിരുന്ന തേക്കിന്‍റെ ഇലകളെല്ലാം കരിഞ്ഞ് മണ്ണോടുചേര്‍ന്നു കഴിഞ്ഞു. കോഴിക്കാട്ടം ഇട്ട് മണ്ണുകേറ്റികൊടുത്ത സമയം നന്നായി. മഴ തുടങ്ങിയതിനാല്‍ ചെടികള്‍ നനയ്ക്കാതെകഴിഞ്ഞു. അല്ലെങ്കില്‍ കോഴിക്കാട്ടത്തിന്‍റെ ചൂടില്‍ എല്ലാം വെന്തുപോയേനെ.

മഴ നോക്കിക്കൊണ്ടുനിന്നു . കുട്ടിക്കാലത്ത് ചാരുപടിയില്‍ മഴയെ നോക്കി മണിക്കൂറുകളോളം കിടക്കും. ചെരിഞ്ഞുവീഴുന്ന മഴത്തുള്ളികളെ കാറ്റ് തട്ടിമാറ്റുന്നത് കാണാന്‍ നല്ലരസമാണ്. ഗെയിറ്റ് തുറന്ന് രാമന്‍വന്നു. ആകെ നനഞ്ഞ് കുളിച്ചിട്ടുണ്ട്.

''ഗോപാലകൃഷ്ണന്‍ മൂത്താര് വര്വോ''അവന്‍ ചോദിച്ചു.

''ഈ മഴേത്ത് വരുംന്ന് തോന്നിണില്യാ. എന്താ വിശേഷിച്ച്''.

''പുറവെള്ളം ഏന്തീട്ടുണ്ട്. നല്ല അസ്സല് പുഴമീന്‍ കിട്ടും''.

''വെറുതെ അയാളെ വരുത്തി മഴ നനയിക്കണോ''.

''കുറെ ഞാന്‍ പിടിച്ച് കുടത്തിലെ വെള്ളത്തില്‍ ഇട്ടുവെച്ചിട്ടുണ്ട്''രാമന്‍ പറഞ്ഞു''എന്നാലും മൂപ്പര് വന്ന് ചൂണ്ട ഇട്ടോട്ടെ. നല്ലോണം മീനുള്ള ദിവസം രണ്ടാളുക്കുംകൂടി ചൂണ്ടലിട്ട് കുറെ പിടിക്കണംന്ന് എന്നോട് മോഹംപറഞ്ഞിട്ടുണ്ട്''. അതു കേട്ടതും മൊബൈലെടുത്ത് കൂട്ടുകാരനെ വിളിച്ചു.

''രാമന്‍റെടുത്ത് അവിടെ നില്‍ക്കാന്‍ പറയിന്‍. ഞാനിതാ പുറപ്പെട്ടു''.

''ഈ മഴേത്തോ''.

''അതിനല്ലടോ റെയിന്‍കോട്ട്''. കാള്‍ കട്ട്ചെയ്ത് വെളിയില്‍വന്ന് രാമനോട് വിവരം പറഞ്ഞു.

''ചുടുക്കനെ ഇത്തിരി കാപ്പി കിട്ട്യാല്‍''രാമന്‍ പറഞ്ഞു. രാവിലെ ഒന്നും കഴിച്ചിട്ടില്ല എന്ന് അപ്പോഴാണ് ഓര്‍മ്മ വന്നത്.

''നീ പോയി ചെട്ട്യാരുടെ കടേന്ന് ചായയും കഴിക്കാനും വാങ്ങീട്ട് വാ'' അവനോട് പറഞ്ഞു.

''ഇഡ്ഡ്‌ളി മത്യോ, അതോ ദോശ വേണോ''.

''എന്താച്ചാ വാങ്ങിച്ചോ''. ഫ്ലാസ്കുമായി രാമന്‍ പടികടന്നു പോയി. ഗോപാലകൃഷ്ണന്‍നായര്‍ വരുന്നതും കാത്ത് കെ. എസ്. മേനോന്‍ വാതില്‍ക്കല്‍ത്തന്നെ നിന്നു.

()()()()()()()()()()()()()

കെ. എസ്. ആര്‍. ടി. സി. സ്റ്റാന്‍ഡില്‍ കൊണ്ടുപോയി ചേച്ചിയെ ബസ്സ് കയറ്റി വിട്ടിട്ട് പോയാല്‍മതി എന്നു പറഞ്ഞാണ് ശെല്‍വന്‍റെ അച്ഛന്‍ ബാങ്കില്‍നിന്ന് ഇറങ്ങിയശേഷം ജോലിക്കു പോയത്. ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയതും ഒരു ഫ്രന്‍ഡ് വരാനുണ്ട്, അവള്‍ എത്തിയിട്ട് ഞങ്ങള്‍ ഒന്നിച്ചു പൊയ്ക്കോളാം, അതുവരെ നീ ഇവിടെ കാത്തു നില്‍ക്കണ്ടാ എന്നുപറഞ്ഞ് ചേച്ചി അവനെ പറഞ്ഞയച്ചു. അവന്‍ ബൈക്ക് നേരെ കോട്ടമൈതാനത്തേക്ക് വിട്ടു. 

കൂട്ടുകാരൊന്നും എത്താറായിട്ടില്ല. അതുവരെ അവിടെ തനിച്ചിരിക്കാം. ജോലിക്കു പോവാന്‍ മൂഡ് തോന്നുന്നില്ല. ചേച്ചിയുടെ വിവാഹത്തിന്ന് ആദ്യപടിയായി സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയതിന്‍റെ സംതൃപ്തിക്കൊപ്പം വീട്ടിലെ സാഹചര്യം മനസ്സിലാക്കാതെ കണ്ടമാനം സ്വര്‍ണ്ണം വാങ്ങാനുള്ള ചേച്ചിയുടെ പ്രവണത സൃഷ്ടിച്ചവിഷമവും മനസ്സില്‍ നിറഞ്ഞുനില്‍പ്പാണ്.

ആഭരണം നോക്കി വാങ്ങാന്‍ പെങ്ങള്‍ തലേന്ന് ലീവെടുത്ത് വന്നതാണ്. പ്രദീപ് ഒരു ജ്വല്ലറിയിലെ സെയില്‍സ് മാനേജറോട് നേരത്തെ പറഞ്ഞു വെച്ചിരുന്നു. വീടുവിറ്റിട്ടാണ് നിന്‍റെ കല്യാണം നടത്തുന്നത്, വരന്‍റെ വീട്ടുകാരോട് കൊടുക്കാന്‍ ഉദ്ദേശിച്ച സ്വര്‍ണ്ണത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്, പറഞ്ഞതില് കൂടുതലൊന്നും അവര്‍ ചോദിച്ചിട്ടില്ല, കല്യാണംകഴിഞ്ഞ് ബാക്കി പണംകൊണ്ട് ദൂരെ എങ്ങോട്ടെങ്കിലും മാറി ഞങ്ങള്‍ക്ക് ചെറിയൊരു വീടുവാങ്ങണം എന്നൊക്കെ ചേച്ചിയോട് അമ്മ പറഞ്ഞിരുന്നു. അതിനവള്‍ മറുത്തൊന്നും പറയാഞ്ഞപ്പോള്‍ എല്ലാം അനുകൂലിച്ചുവെന്ന് കരുതിയത് തെറ്റായി.

ജ്വല്ലറിയില്‍ ചെന്നപ്പോള്‍ ചേച്ചിയുടെ ഭാവം മാറി. ഇഷ്ടാനുസരണം ആഭരണങ്ങള്‍ വാങ്ങി കൂട്ടാന്‍ ഒരുങ്ങിയപ്പോള്‍ അമ്മ എതിര്‍ത്തു. വാക്കുതര്‍ക്കത്തിന്നുള്ള സാദ്ധ്യത കണ്ടപ്പോള്‍ ഇടപെടേണ്ടിവന്നു.

''ഇതുകൂടി കഴിഞ്ഞാല്‍ അവള്‍ക്കുവേണ്ടി ഒന്നും ചെയ്യാനില്ലല്ലോ''എന്നു പറഞ്ഞത് അമ്മയെ സമാധാനിപ്പിച്ചില്ല.

''സമ്പാദിച്ചത് മുക്കാലും ഇവള്‍ക്ക് വേണ്ടീട്ടാണ് ചിലവാക്ക്യേത്. പഠിക്കാന്‍ മിടുക്കനായിട്ടും നിന്നെ പഠിപ്പിച്ചില്ല. ഇരിക്കാനുള്ള വീടുംപോയി. എല്ലാം ഇവള്‍ക്കുമാത്രം മത്യോ, നമുക്കും ജീവിക്കണ്ടേ'' അതായിരുന്നുഅമ്മയുടെ വാദം. എങ്കില്‍ എനിക്ക് ഈ കല്യാണം വേണ്ടാ എന്ന് ചേച്ചി പറഞ്ഞതോടെ അമ്മ അയഞ്ഞു. ഉദ്ദേശിച്ചതിലും വളരെ കൂടുതല്‍ പണം ജ്വല്ലറിയില്‍തന്നെ ചിലവായി. വീട്ടില്‍ എത്തിയിട്ടും അമ്മയും മകളും മിണ്ടിയില്ല.

ആഭരണങ്ങള്‍ വീട്ടില്‍സൂക്ഷിക്കുന്നത് റിസ്കാണ്, ബാങ്ക് ലോക്കര്‍ വേണം എന്നതായി അടുത്ത ആവശ്യം. വീണ്ടും പ്രദീപിന്‍റെ സഹായം തേടി. രാവിലെ ബാങ്കില്‍ചെന്ന് അവളുടെ പേരില്‍ ഒരു ലോക്കര്‍ സംഘടിപ്പിച്ച് ആഭരണങ്ങള്‍ അതില്‍ വെച്ചിട്ടാണ് അവള്‍ പോയത്.

''നിന്‍റെ ചേച്ചി നല്ല അസ്സല് സാധനാണ്''ലോക്കറിന്‍റെ താക്കോല്‍ അച്ഛനെ ഏല്‍പ്പിക്കാതെ അവള്‍ കയ്യില്‍വെച്ചത് പ്രദീപിന് ഇഷ്ടമായില്ല.

''എപ്പഴായാലും അതെല്ലാം അവള്‍ക്കുള്ളതല്ലേ. അവളടെ ഇഷ്ടംപോലെ ആവട്ടെ''എന്ന് ആശ്വസിച്ചു.

''എന്താടാ നീ ഒറ്റയ്ക്കിരുന്ന് സ്വപ്നം കാണുണത്'' മുമ്പില്‍ റഷീദും പ്രദീപുമാണ്.

''ഓരോന്ന് ആലോചിച്ചോണ്ടിരുന്നു''.

''നോക്കടാ, ഇവന്‍റെ ചേച്ചിടെ കല്യാണം ആവാറായി''പ്രദീപ് റഷീദിനോട് പറഞ്ഞു''അതാ ഇത്ര വലിയ ആലോചന''.

''നമുക്കത് അടിപൊളിയാക്കണം''റഷീദ് പറഞ്ഞു.

''അതിനിവന്‍ നിന്നേം  അനൂപിന്നേം  വിളിക്കില്ലല്ലോ''.

''അതെന്താ ഞങ്ങളെ വിളിക്കാത്തത് ''.

''ഇവന്‍റെ ചേച്ചി ഡോക്ടറല്ലേ. കല്യാണപന്തലില്‍വെച്ച് നിങ്ങള് രണ്ടാളും അവളോട് മരുന്ന് എഴുതിത്തരണംന്ന് പറഞ്ഞാലോ''.

അതുകേട്ട് ശെല്‍വന്‍ ഉറക്കെ ചിരിച്ചു. റഷീദിനും ആ ചിരിയില്‍ പങ്കു ചേരാതിരിക്കാനായില്ല.

അദ്ധ്യായം - 30.

തോട്ടിന്‍പള്ളയിലെത്തിയ മാപ്ലവൈദ്യര്‍ ഒരുമിനുട്ട് മടിച്ചുനിന്നു. കലക്കവെള്ളം കുതിച്ചൊഴുകുകയാണ്. ഇറങ്ങിയാല്‍ കാലുറപ്പിച്ചു നിര്‍ത്താനാവില്ല. വെള്ളം തട്ടിനീക്കും. ഇനി എന്താണ് വേണ്ടത്? തോട് കടക്കാനായാല്‍ കുറച്ചേ നടക്കേണ്ടു. അല്ലെങ്കില്‍ വന്നവഴി തിരിച്ചുചെന്ന് റോഡിലൂടെ അങ്ങാടിചുറ്റി വളഞ്ഞവഴിക്കു വേണം യാത്രതുടരാന്‍. ഒന്നൊന്നര നാഴികദൂരം അധികം നടക്കണം.

''എന്താ വൈദ്യരേ, എങ്ങോട്ട് പോകാന്‍ വേണ്ടീട്ടാ നില്‍ക്കിണത്'' ചോദ്യം കേട്ട് നോക്കിയപ്പോള്‍ ചോഴിയാണ്. പച്ചമരുന്ന് കൊണ്ടുതരുന്നവനാണ് അവന്‍.

''പൊതുവാളടെ മകന്‍ അന്വേഷിച്ച് വന്നൂന്ന് വീട്ടിലുള്ളോര് പറഞ്ഞു. കുറച്ച് ദിവസായി ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. വിശേഷം എന്താന്ന് അറിയാലോന്ന് വിചാരിച്ച് ഇറങ്ങ്യേതാ''.

''നിങ്ങളല്ലാണ്ടെ ഈ മഴേത്തും തണുപ്പത്തും ഇതിനായിട്ട് കുടീന്ന് ഇറങ്ങ്വോ. മിണ്ടാണ്ടെ അവിടെ കുത്തിരുന്നാ പോരെ. വേണ്ടോര് വന്ന് കാണില്ലേ''.

''അങ്ങിനെ ചെയ്യാന്‍ പാടില്ല. ഒരിക്കലും വൈദ്യരെകാത്ത് രോഗി നിക്കണ്ട അവസ്ഥ ഉണ്ടാവാന്‍ പാടില്യാന്ന് എന്‍റെ ഉസ്താദ് പറയാറുണ്ട്''വൈദ്യര്‍ പറഞ്ഞു''എങ്ങനേങ്കിലും അപ്പറത്തേക്ക് കടക്കണോലോ''.

''തോട്ടിന്ന് ആഴൂം വീതീം ഇല്ലച്ചാലും വെള്ളത്തിന് നല്ലതട്ടലുണ്ട്. ചെരിപ്പ് അഴിച്ച് കയ്യില്‍ പിടിച്ചോളിന്‍. ഞാന്‍ കടത്തിവിട്ടോളാം''ചോഴി സന്നദ്ധത അറിയിച്ചു. വെള്ളത്തിന്ന് ഐസുപോലത്തെ തണുപ്പുണ്ട്. വിചാരിച്ചതു പോലെ തോടിലെ ഒഴുക്കിന്ന് നല്ലശക്തിയുമുണ്ട്. ചോഴി ബലമായികയ്യില്‍ പിടിച്ചില്ലെങ്കില്‍ ഒഴുകിപോകുമെന്ന് തോന്നി.

''മഴയൊന്ന് വിടട്ടെ''വൈദ്യരെ മറുകരയില്‍ എത്തിച്ചശേഷം അവന്‍ പറഞ്ഞു''എന്നിട്ടേ മരുന്ന് പറിക്കാന്‍ ഇറങ്ങൂ''.

''വരുണത് കര്‍ക്കിടകമാസാണ്. അത് ഓര്‍മ്മവേണം''അതും പറഞ്ഞ് വൈദ്യര്‍ നടന്നുനീങ്ങി.

പാടത്തുനിന്ന് ഒന്നാംകള വലിച്ച് വരമ്പത്തിട്ടത് അവിടെകിടന്ന് അളിഞ്ഞു തുടങ്ങിയിട്ടുണ്ട്. മുഴുവനും മങ്ങാണ്. അത് കന്നുകാലികള്‍ക്ക് തിന്നാന്‍ കൊടുത്താല്‍ അവയ്ക്ക് തൂറ്റല്‍പിടിക്കും. ചെരിപ്പ് നല്ലോണംവഴുക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ വീഴും. ചന്നംപിന്നം മഴ ചാറ്റുന്നത് നിന്നിരുന്നെങ്കില്‍ കുട മടക്കി കുത്തികൊണ്ട് നടക്കാമായിരുന്നു. സര്‍ക്കസ്സ് അഭ്യാസിയെപ്പോലെ ബാലന്‍സ് ചെയ്താണ് നടക്കുന്നത്.

എന്തിനാണാവോ പൊതുവാളുടെ മകന്‍ അന്വേഷിച്ചുവന്നത്. കൊടുത്ത മരുന്നുകളെല്ലാം സൂക്കടിന്ന് പറ്റിയതാണ്. കുറച്ചൊക്കെ ഭേദം കാണേണ്ട സമയമായി. രോഗം മാറാന്‍ മരുന്ന് മാത്രം പോര. രോഗിയുടെ മനസ്സില്‍ ഒരുവിശ്വാസം വേണം, അതിലും കൂടുതലായി വേണ്ടത് ദൈവത്തിന്‍റെ അനുഗ്രഹമാണ്. ദൈവത്തെക്കുറിച്ച് ഓര്‍ത്തതും അറിയാതെ ''അള്ളാ'' എന്ന് മനസ്സില്‍ വിളിച്ചു.

എതിരെ പാറു വരുന്നതുകണ്ടു. പൊതുവാളെ ചികിത്സിക്കാന്‍ അയാളടെ വീട്ടിലേക്ക് അവള്‍ പറഞ്ഞിട്ടാണ് ആദ്യമായി കൂട്ടിക്കൊണ്ടു പോയത്. അവിടുത്തെ കാര്യങ്ങള്‍ അവള്‍ക്കറിയും.

''എന്താ പാറൂ പൊതുവാളുടെ വീട്ടിലെ വിശേഷം''വൈദ്യര്‍ ചോദിച്ചു.

''തമ്പുരാന് ഇപ്പൊ നല്ലകുറവുണ്ട്''അവള്‍ പറഞ്ഞു''മൂപ്പര് എണീറ്റ് ഒറ്റയ്ക്കൊക്കെ നടക്കാന്‍ തുടങ്ങി. എന്താ അവിടീള്ളോരടെ സന്തോഷം''.

''അള്ളാ''വൈദ്യര്‍ വീണ്ടും വിളിച്ചു.

''എന്തിനാ ഈ കുണ്ടാമണ്ടി പിടിച്ച വഴീല്‍കൂടി വന്നത്. നോക്കീലാച്ചാല്‍ മട്ടമലച്ച് പാടത്ത് വീഴും''പാറു പറഞ്ഞു''ഓട്ടോറിക്ഷേല് കേറിവന്നാല്‍ അമ്പലത്തിന്‍റടുത്ത് എത്തില്ലേ. പിന്നെ നാലടി ദൂരംനടന്നാ പോരേ''.

''അത്രയങ്ങിട്ട് ആലോചിച്ചില്ല''വൈദ്യര്‍ പറഞ്ഞു''ഞാന്‍ നടക്കട്ടെ''.

''വീട്ടിലെത്ത്യാല്‍ കുറച്ച് വെള്ളംചൂടാക്കി കാലില് വീഴ്ത്തിക്കോളിന്‍. ചേറ്റുപ്പുണ്ണ് പിടിക്കണ്ടാ''. മാപ്ലവൈദ്യരും പാറുവും രണ്ടു ദിശകളിലേക്ക് നടന്നു. ചികിത്സ ഫലിക്കുന്നു എന്നറിഞ്ഞതോടെ മനസ്സില്‍ സന്തോഷം നിറഞ്ഞു. അതങ്ങിനെയാണ്. ചെയ്ത പ്രവര്‍ത്തി ഫലപ്രാപ്തിയായാല്‍ ഒരു ചാരിതാര്‍ത്ഥ്യം ഉണ്ടാവും.

കുളവരമ്പിലേക്ക് ഒരു എളുപ്പവഴിയുണ്ട്. വീതികുറഞ്ഞ വരമ്പാണ് എന്നൊരു ദൂഷ്യമേയുള്ളു. ആ വഴിയെ വൈദ്യര്‍ സൂക്ഷിച്ചുനടന്നു. പാടത്ത് നിറഞ്ഞവെള്ളം വെട്ടിവാര്‍ക്കാനാണെന്ന് തോന്നുന്നു വരമ്പില്‍ വീതിയേറിയ ഒരുകഴായ വെട്ടിയിരിക്കുന്നു. നല്ല ആയവും നീളവും ഉള്ള ആളുകള്‍ക്ക് ഒറ്റചാട്ടത്തിന്ന് അപ്പുറത്തെത്താം. കഷ്ടിച്ച് അഞ്ചടി ഉയരവും അതിനൊത്ത ശരീരവും ഉള്ള തനിക്ക് അതിനാവുമോ എന്നൊരു ശങ്ക തോന്നി. എന്തായാലും പരീക്ഷിച്ച് നോക്കാം. വൈദ്യര്‍ നിന്നനില്‍പ്പില്‍ ഊക്കില്‍ കുതിച്ച് ഒറ്റച്ചാട്ടം. മറുഭാഗത്ത് എത്താന്‍ കഴിഞ്ഞെങ്കിലും ചെരിപ്പുവഴുക്കി പാടത്തേക്ക് തെറിച്ചുവീണു. ആകെ നനഞ്ഞുകുളിച്ചു. എഴുന്നേറ്റ് ചുറ്റുംനോക്കി. ഭാഗ്യത്തിന്ന് ആരും കണ്ടിട്ടില്ല. വീഴുന്നതല്ല, ആരെങ്കിലും കാണുന്നതാണ് സങ്കടം.

ഉമ്മറത്തുനിന്ന് ശബ്ദംകേട്ട് ഇന്ദിര വന്നപ്പോള്‍ മാപ്ലവൈദ്യര്‍ നനഞ്ഞു കുളിച്ചു നില്‍ക്കുന്നു.

''എന്താ വൈദ്യരെ പറ്റീത്''അവള്‍ ചോദിച്ചു.

''വരമ്പത്ത് ഒന്ന് വഴുക്കിവീണു. കാര്യായിട്ട് ഒന്നും പറ്റീലാ''.

''മഴക്കാലം ആയാല്‍ ആ വഴിക്ക് എത്തിപറ്റാന്‍ വല്യേപാടാണ്''ഇന്ദിര പറഞ്ഞു''തൊട്ടീല് വെള്ളം നിറച്ചുവെച്ചിട്ടുണ്ട്. മേത്ത് ചളി ആയത് കഴുകിക്കോളൂ''. കയ്യും കാലും കഴുകി  വൈദ്യര്‍ രാമകൃഷ്ണന്‍റെ അടുത്തേക്കുചെന്നു. കട്ടിലില്‍ കാലുംനീട്ടി ഇരിക്കുകയാണ് അയാള്‍.

''കുട്ടി അന്വേഷിച്ച് വന്നപ്പൊ ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല''അയാള്‍ പറഞ്ഞു''ഒരുകൂട്ടര് വന്ന് വിളിച്ചപ്പൊ അവരടെകൂടെ ഏര്‍വാടിവരെ പോയി. ചുറ്റിത്തിരിഞ്ഞ് ഇന്നലെ രാത്ര്യാണ് മടങ്ങി എത്ത്യേത്''.

''എങ്ങോട്ടോ പോയിരിക്ക്യാണ് എന്ന് കുട്ടി വന്നുപറഞ്ഞു''ഇന്ദിരയാണ് മറുപടി പറഞ്ഞത്.

''ആട്ടെ. ഇപ്പൊ എങ്ങനീണ്ട്''വൈദ്യര്‍ ചോദിച്ചു.

''ഭേദം തോന്നുണുണ്ട്''രാമകൃഷ്ണന്‍ പറഞ്ഞു.

''സമാധാനായി ഇരുന്നോളൂ. മുഴുവനും മാറും''വൈദ്യര്‍ പറഞ്ഞു''ഏത് സൂക്കടും വന്നപോലെ ക്ഷണത്തില്‍ അങ്കിട്ട് മാറില്ല. ചിലപ്പൊ കുറച്ച് സമയം എടുക്കും. അത്രേ ഉള്ളൂ''.

''ഈശ്വരന്‍റെ ഓരോ ലീലാവിലാസങ്ങള് എന്നല്ലാണ്ടെ എന്താ പറയ്യാ. അല്ലെങ്കില്‍ പാറു ഇവിടെ പണിക്ക് വരാനും വൈദ്യരടെ കാര്യം പറയാനും ചികിത്സ തുടങ്ങാനും ഒക്കെ സാധിക്ക്വോ''ഇന്ദിര പറഞ്ഞു ''രാമേട്ടന്‍ ഇപ്പഴും കിടന്നകിടപ്പന്നെ ആയിരിക്കില്ലേ''.

''അത് ശര്യാണ്. ഇനി എന്‍റെ കാര്യം കേട്ടോളിന്‍''വൈദ്യര്‍ ആ പറഞ്ഞത് ശരിവെച്ചു''നല്ല തടീം വണ്ണൂം ആരോഗ്യൂം ഉണ്ടെങ്കില്‍ മീന്‍ വില്‍ക്കാന്‍ പോണ്ട ആളാണ് ഞാന്‍. പടച്ചോന്‍റെ കൃപ ഒന്നോണ്ട് മാത്രാണ് എനിക്ക് വൈദ്യരാവാനും ഇവിടെ ചികിത്സയ്ക്ക് വരാനും ഇടവന്നത്''.

മാപ്ലവൈദ്യര്‍ കഴിഞ്ഞുപോയ കാലത്തിലേക്ക് കടന്നു. മീന്‍കാരന്‍ ബാപ്പുട്ടിയുടെ ഇളയമകന്‍ പിറന്നതേ അസുഖക്കാരനായിട്ടായിരുന്നു. അതുകാരണം ശരിക്ക് സ്കൂളില്‍ പോവാനായില്ല. ഇവനെ പഠിപ്പിച്ച് നേരാക്കാനാവില്ല എന്ന് അന്നേ വീട്ടുകാര്‍ ഉറപ്പിച്ചു. എങ്ങിനെയോ തട്ടിമുട്ടി ഹൈസ്കൂളില്‍ എത്തിയപ്പോഴേക്കും ബാപ്പ മരിച്ചു. മീന്‍കൊട്ട ഏറ്റാനുള്ള ആരോഗ്യം ഇല്ലാത്തവനെക്കൊണ്ട് എന്തുചെയ്യിക്കും എന്ന ആധിയായി വീട്ടുകാര്‍ക്ക്. അതിന്‍റെ എടേലാണ് വലിവിന്‍റെ അസുഖം പിടിപെട്ടത്. ചികിത്സക്കായി വൈദ്യന്‍തിരുമേനിയെ ചെന്നുകണ്ടതാണ്. ജീവിക്കാനുള്ളവഴി കാട്ടിതന്നത് ആ തമ്പുരാനാണ്. പച്ചമരുന്ന് പറിക്കലും അവ കൊത്തിനുറുക്കലുമായിരുന്നു തുടക്കത്തിലെ പണി. ഗുളികകള്‍ അരയ്ക്കാനും ഉരുട്ടാനും തുടങ്ങിയത് പിന്നീടാണ്. ക്രമേണ കഷായങ്ങളും കുഴമ്പുകളും പാകംനോക്കി ചെയ്യാറായി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ രോഗികളെ പരിശോധിക്കുമ്പോള്‍ അടുത്തുവിളിച്ചുനിര്‍ത്തി ഓരോന്ന് പറഞ്ഞുതരാന്‍ തുടങ്ങി.

''വൈദ്യന്‍ തമ്പുരാന്‍ അറിഞ്ഞുതന്ന കഞ്ഞ്യാണ് എന്‍റേത്. ഇന്നും ഞാന്‍ മൂപ്പരടെ പടത്തിന്‍റെമുമ്പില് പ്രാര്‍ത്ഥിച്ചിട്ടേ ചികിത്സിക്കാനിറങ്ങൂ'' വൈദ്യര്‍ പറഞ്ഞവസാനിപ്പിച്ചു. ആ സംഭാഷണത്തില്‍ ഭര്‍ത്താവും ഭാര്യയും ലയിച്ചിരുന്നു.

''ഇനിയെന്താ വേണ്ടത്''അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ഇന്ദിര ചോദിച്ചു.

''കര്‍ക്കിടകമാസം അല്ലേ വരുണത്. ഒരു കഷായകഞ്ഞിയൊക്കെ കഴിച്ച് ദേഹം നന്നാക്കാനുണ്ട്. അതോടെ സൂക്കട് പടികടക്കും''.

''വൈദ്യര് ചെയ്ത ഉപകാരം ഞങ്ങള് മറക്കില്ല''ഇന്ദിര പറഞ്ഞു''ഞാന്‍ ഇത്തിരി ചായ ഉണ്ടാക്കീട്ട് വരാം''.

''എനിക്കാണച്ചാല്‍ വേണ്ടാ''വൈദ്യര്‍ പറഞ്ഞു''വളരെ കാലായിട്ട് ഞാന്‍ അതൊന്നും കഴിക്കാറില്ല''. വൈദ്യര്‍ എഴുന്നേറ്റു, രാമകൃഷ്ണനും .

''ഇനി മുതല്‍ കഷായം ഒരുനേരം കൊടുത്താ മതി. രാവിലെ നേരത്തന്നെ ആയിക്കോട്ടെ. ബാക്കിയൊക്കെ ഇതുവരെ ഉള്ളപോലതന്നെ''വൈദ്യര്‍ പറഞ്ഞു''വൈകുന്നേരം കടേലിക്ക് മകനെ അയയ്ക്കൂ. ഒരു ചൂര്‍ണ്ണം കൊടുത്തയയ്ക്കാം. രാത്രി കിടക്കിണതിന്നുമുമ്പ് അത് ചുടുവെള്ളത്തില്‍ കലക്കികൊടുക്കണം''.

പടികടന്നു പോകുന്ന വൈദ്യരെ നോക്കി രാമകൃഷ്ണനും ഇന്ദിരയും വാതില്‍ക്കല്‍ നിന്നു. അപ്പോള്‍ മഴ തോര്‍ന്നിരുന്നു.

Comments

Popular posts from this blog

അദ്ധ്യായം 71-76

അദ്ധ്യായം 1-10

അദ്ധ്യായം 61-70