അദ്ധ്യായം 61-70

 അദ്ധ്യായം - 61.


മിക്ക ഒഴിവുദിവസങ്ങളിലും രാവിലെ സാവിത്രിയാണ് അമ്പലത്തിലെ ജോലിക്ക് ചെല്ലാറ്. അന്നെങ്കിലും അമ്മ കുറെനേരം വിശ്രമിച്ചോട്ടെ. കഴകം നിറുത്തിക്കൂടെ എന്ന് പലതവണ അമ്മയോട് ചോദിച്ചിരുന്നു. വയ്ക്കുന്ന കാലം ഭഗവാനു വേണ്ടതൊക്കെ ഒരുക്കികൊടുക്കും എന്ന നിലപാടാണ് അമ്മയുടേത്. പൂജയ്ക്ക് വേണ്ട പുഷ്പങ്ങളും കഴുകിയ പാത്രങ്ങളും ഏല്‍പ്പിച്ചശേഷം മാല കെട്ടാനിരുന്നു. വഴിപാട് ശീട്ടാക്കുന്ന പയ്യന്‍ എത്തി എന്നുതോന്നുന്നു. മൈക്കിന്‍റെ  ഒച്ച കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. സാവിത്രി മാല കെട്ടുന്നതിന്നിടയില്‍ തലയുയര്‍ത്തി നോക്കി. ബലിക്കല്‍പുരയില്‍ ആരോ എത്തിയിട്ടുണ്ട്. വെളിച്ചക്കുറവുകാരണം ആളെ തിരിച്ചറിയാന്‍ കഴിയുന്നില്ല. ആരാണാവോ ഇത്രനേരത്തെ വന്നിരിക്കുന്നത്. നട തുറന്ന് തിരുമേനി ഉള്ളില്‍  വിളക്ക് വെച്ചിട്ടേയുള്ളു. അകത്തേക്കു കടന്നതും ആളെ മനസ്സിലായി. ഇന്ദിര ചേച്ചി. കുളിച്ച് ഈറനോടെയുള്ള വരവാണ്. നേരെ ശ്രീകോവിലിന്നു മുന്നില്‍ ചെന്ന് സാഷ്ടാംഗം നമസ്ക്കരിക്കുന്നു. ഇതെന്തു പറ്റി? ചേച്ചി അധികമൊന്നും അമ്പലത്തിലെത്താത്ത ആളാണ്. നൂറുകൂട്ടം പ്രാരബ്ധങ്ങള്‍ ഉള്ളതോണ്ടായിരിക്കാം വരാത്തത്. ഇന്ന് വിശേഷം വല്ലതും ഉണ്ടോ ആവോ.


കുറെനേരമായിട്ടും ഇന്ദിര എഴുന്നേല്‍ക്കുന്ന ലക്ഷണം കാണഞ്ഞപ്പോള്‍ സാവിത്രി കെട്ടിക്കൊണ്ടിരിക്കുന്ന മാല താഴെവെച്ച് എഴുന്നേറ്റുചെന്നു. സോപാനത്തിന്‍റേയും നമസ്ക്കാരമണ്ഡപത്തിന്‍റേയും ഇടയിലായി ഇന്ദിര കിടപ്പാണ്. വിതുമ്പികരയുന്നതിനനുസരിച്ച് ദേഹം ഉലയുന്നുണ്ട്. തോളില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു.


''എന്താ ചേച്ചി ഇത്. ചേച്ചിക്കെന്താ പറ്റ്യേത്''ചോദിക്കുമ്പോള്‍ പരിഭ്രമം കാരണം തൊണ്ടവിറച്ചു.


''മോളേ പോയി. എല്ലാം പോയി''അവര്‍ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു. ഈശ്വരാ, രാമേട്ടന് വല്ലതും പറ്റിയോ. കഴിഞ്ഞതവണ കണ്ടപ്പോള്‍ സൂക്കട് നല്ലോണം ഭേദമായി എന്നുപറഞ്ഞതാണല്ലോ. പിന്നെ എന്താണ്?


''എന്താ ചേച്ചി രാമേട്ടന്''. ഇന്ദിര ഒന്നുമില്ലെന്ന് തലയാട്ടി.


''പിന്നെന്താ ചേച്ചി''.


''എന്‍റെ അനൂന്......... '' അവര്‍ പകുതിക്ക് നിര്‍ത്തി. അനൂപിന് എന്താണ്. മഴകൊണ്ടിട്ട് പനി പിടിച്ചു കിടപ്പാണ് എന്നുകേട്ടു. ചിക്കന്‍ ഗുനിയയോ ഡെങ്കിപ്പനിയോ മറ്റോ ആയിരിക്കുമോ.


''ചേച്ചി ഇങ്ങിനെ കരയണ്ടാ. നമുക്ക് വെളീല്‍ചെന്ന് സമാധാനമായി സംസാരിക്കാം''ഇന്ദിരയുടെ കയ്യുംപിടിച്ച് സാവിത്രി പുറത്തേക്കുനടന്നു.


''ഇനി പറയൂ. എന്താ നമ്മുടെ അനൂന്''. കരച്ചിലിന്‍റെ അകമ്പടിയോടെ ഇന്ദിര വിവരമെല്ലാം പറഞ്ഞു. എങ്ങിനെ അവരെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല.


 ''ചേച്ചി, തേവര് കൈവിടില്ലാന്ന് സമാധാനിക്കൂ. ഒക്കെ ശരിയാവും'' ആശ്വാസവാക്കുകള്‍  പറഞ്ഞുവെങ്കിലും ഈ വിഷയത്തില്‍നിന്ന് ചേച്ചിയുടെ മനസ്സ് മാറ്റണം. 


''ഇന്നലെ സന്ധ്യ മയങ്ങിയശേഷം ഒരു മോട്ടോര്‍ സൈക്കിള്‍ കടക്കുന്നതു കണ്ടു. അനൂപിന്‍റെ കൂട്ടുകാര്‍ ആരെങ്കിലുമാണെന്നാണ് ഞാന്‍ കരുത്യേത്'' സാവിത്രി പറഞ്ഞു.


''ഗോപാലകൃഷ്ണന്‍ സാറും അനൂന്‍റെ കൂട്ടുകാരനും വന്നതാ. അവര് അപ്പോള്‍ എത്തീലെങ്കില്‍ ഞങ്ങള് നാലാളും ഇപ്പൊ തളത്തില് മരിച്ചു കിടക്കിണുണ്ടാവും'' ഇന്ദിര കണ്ണുതുടച്ചുകൊണ്ട് ഉണ്ടായതെല്ലാം പറഞ്ഞു.


''എന്നാലും എന്‍റെ  ചേച്ചി, ഇങ്ങിനത്തെ ബുദ്ധിമോശം തോന്ന്യേലോ. പോവുന്നോര്‍ക്ക് പോവാം. ഇരിക്കുന്നോര്‍ക്ക് ബാക്കീള്ളകാലം ദുഃഖം മാത്രം''സാവിത്രി തുടര്‍ന്നു''എന്‍റെ അച്ഛന്‍ അന്നുചെയ്ത കടുംകൈ ഇന്നും മനസ്സിന്ന് വിട്ടുമാറീട്ടില്ല''. 


കുറെനേരത്തേക്ക് രണ്ടാളും ഒന്നും സംസാരിച്ചില്ല. എന്തു വേണമെന്ന് അറിയാതെ ഇന്ദിരയും എന്താണ് ചെയ്യേണ്ടത് എന്നോര്‍ത്ത് സാവിത്രിയും നിന്നു.


''ചേച്ചി പരിഭ്രമിക്കാതിരിക്കൂ. ഞാന്‍ വാരിയത്തുചെന്നതും അങ്ങോട്ട് വരാം. എന്തെങ്കിലും ചെയ്യാന്‍ പറ്റ്വോന്ന് നോക്കട്ടെ''. പറഞ്ഞതുപോലെ സാവിത്രി അനൂപിനെ കാണാനെത്തി. കട്ടിലില്‍ അവനോട് ചേര്‍ന്നിരുന്ന് അവള്‍ അവന്‍റെ മുടിയിലൂടെ വിരലോടിച്ചു.


''നീ ഒട്ടും വിഷമിക്കണ്ടാ. നിന്‍റെ റിപ്പോര്‍ട്ടുകളുംകൊണ്ട് മേമ ഇന്നന്നെ ഒരാളെ കാണാന്‍ പോണുണ്ട്. ചിലപ്പൊ അയാള് എന്തെങ്കിലും ചെയ്തു തരും''. എല്ലാ റിപ്പോര്‍ട്ടുകളുമായിട്ടാണ് സാവിത്രി തിരിച്ചുപോയത്.

^^^^^^^^^^^^^^^^^^^^^^^^^^

''രംഗബോധമില്ലാത്ത ഒരുകോമാളിയായി മരണത്തെ വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. പോവാനുള്ള റിട്ടേണ്‍ ടിക്കറ്റുകൂടി ഓക്കെ ആക്കിയിട്ടാണ് ഈ ലോകത്തെ സമസ്തജീവജാലങ്ങളും ഭൂമീലെത്തുന്നത് എന്ന തത്വജ്ഞാനം പറയുന്നതും കേട്ടിട്ടുണ്ട്, ജീര്‍ണ്ണിച്ച വസ്ത്രംമാറി പുതിയവസ്ത്രം നമ്മള്‍  ധരിക്കുന്നതുപോലെ നിലവിലുള്ള ശരീരത്തെ ഉപേക്ഷിച്ച് ദേഹി പുതിയ ദേഹം സ്വീകരിക്കുന്ന പ്രക്രിയയാണ് മരണം എന്നും അതിനാല്‍ മരണത്തെ ആരും ഭയപ്പെടുകയോ അതില്‍ ദുഖിക്കുകയോചെയ്യേണ്ട ആവശ്യമില്ല എന്നും ചിലര്‍ പറയുന്നു''ഒന്നുനിര്‍ത്തി എല്ലാവരേയും നോക്കിയശേഷം ഗോപാലകൃഷ്ണന്‍ നായര്‍ തുടര്‍ന്നു''ഇത്തരത്തിലുള്ള വേദാന്തം ആര്‍ക്കു വേണമെങ്കിലും പറയാന്‍ കഴിയും. പക്ഷെ അതെല്ലാം വെറും വാക്കുകള്‍ മാത്രമാണ്. വേര്‍പാടിന്‍റെ വേദന അവനവനെ ബാധിക്കുമ്പഴേ അറിയൂ''. 


ഹൈസ്കൂളിലെ ഓഡിറ്റോറിയമാണ് സ്ഥലം. അനൂപിന്‍റെ രോഗവിവരം നാട്ടുകാരെ അറിയിക്കാനും ചികിത്സയ്ക്ക് വേണ്ടുന്നസഹായം അവരില്‍ നിന്ന് സ്വരൂപിക്കാനുമുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നതിന്നുംവേണ്ടി കൂടിയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അയാള്‍. 


കേള്‍വിക്കാരായി അനൂപിന്‍റെ ഏതാനും സുഹൃത്തുക്കളെക്കൂടാതെ കെ.എസ്. മേനോന്‍ മാത്രമേയുള്ളു. ശിവശങ്കരമേനോനേയും അയാള്‍ വിളിച്ചിരുന്നു. ബിസിനസ്സ് സംബന്ധമായ കാര്യങ്ങള്‍ക്കായി അദ്ദേഹം അപ്പോള്‍ ബാംഗ്ലൂരിലേക്ക് ട്രെയിനില്‍ പോവുകയായിരുന്നു. കുറച്ചു നേരത്തിനുള്ളില്‍ നാട്ടുകാരായ മുപ്പതോളംപേര്‍ വന്നുചേര്‍ന്നു. 


അനൂപിന്‍റെ രോഗത്തിന്‍റെ ഗൌരവം വിവരിക്കാന്‍ തുടങ്ങുമ്പോഴേക്കും അനിരുദ്ധനും രാധികയും എത്തി, 


''അച്ഛന്‍ എന്നെ വിളിച്ചിരുന്നു. ഇവിടെവന്ന് വിവരങ്ങളെല്ലാം അറിയാന്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്''രാധിക പറഞ്ഞു''തിരിച്ചെത്തിയതും അച്ഛന്‍ ഗോപാലകൃഷ്ണന്‍സാറിനെ വന്നുകാണും''.


ഡോക്ടര്‍ പറഞ്ഞകാര്യങ്ങല്ലാം ഗോപാലകൃഷ്ണന്‍ നായര്‍ വിവരിച്ചു. കരള്‍മാറ്റശസ്ത്രക്രിയ കൂടാതെ പറ്റില്ല. അതിന് ധാരാളംപണച്ചിലവുണ്ട്. അനൂപിന്‍റെ കുടുംബത്തിന്ന് താങ്ങാനാവുന്ന ഒന്നല്ല ആ ചിലവ്. അവരെ സഹായിക്കാന്‍ ബന്ധുക്കളാരുമില്ല. മാത്രമല്ല അവന്‍റെ അച്ഛന്‍ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍കൂടി കഴിയാത്ത രോഗിയാണ്. അനുജത്തിയുടെ പഠിപ്പ് കഴിഞ്ഞിട്ടില്ല. പഠിപ്പോ ലോകപരിചയമോ ഇല്ലാത്ത വെറുമൊരു വീട്ടമ്മയാണ് അവന്‍റെ അമ്മ. ഈ പ്രതിസന്ധി തരണംചെയ്യാനുള്ള വഴി കാണാതെ അവര്‍ കൂട്ടആത്മഹത്യക്ക് ഒരുങ്ങിയതാണ്. തക്കസമയത്ത് ഞങ്ങള്‍ അവിടെ എത്തിയതുകൊണ്ട് ആ ദുരന്തം തടയാനായി. എല്ലാവരും ശ്രദ്ധയോടെ കേള്‍ക്കുകയാണ്.


 ''ഇനി പറയൂ, നമുക്കെന്തു ചെയ്യാനാവും''ഗോപാലകൃഷ്ണന്‍ നായര്‍ മറ്റുള്ളവര്‍ക്കു മുമ്പില്‍ ഒരുചോദ്യമെറിഞ്ഞു.


''എന്‍റെ കയ്യില്‍ ഒരു ലക്ഷത്തിലേറെ രൂപയുണ്ട്. അതു ഞാന്‍ തരാം''ആദ്യം സഹായഹസ്തം നീട്ടിയത് പ്രദീപാണ്.


''എന്‍റെ മോട്ടോര്‍ സൈക്കിള്‍ വിറ്റുകിട്ടുന്ന പണം മുഴുവനും ഞാന്‍ തരാം'' റഷീദ് പറഞ്ഞു.


''എന്നിട്ട് പണിക്കു പോവാനോ''ഗോപാലകൃഷ്ണന്‍നായര്‍ അവനോട് ചോദിച്ചു.


''വേറൊന്ന് ഞാന്‍ ലോണില്‍ വാങ്ങും''.


''ഇത്തരത്തിലുള്ള പ്രതികരണമല്ല നമുക്കാവശ്യം''ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു''അനൂപിനോട് ഇവര്‍ക്കുള്ള സ്നേഹത്തിനേയോ, ഇവരുടെ ത്യാഗസന്നദ്ധതയേയോ താഴ്ത്തികാണാതെ തന്നെ പറയട്ടെ. അനൂപിന്‍റെ ചികിത്സയ്ക്ക് വേണ്ട പണം ഏതാനും ആളുകള്‍ ചേര്‍ന്ന് എടുക്കുകയല്ല മറിച്ച് ഈ നാട്ടിലെ ഉദാരമതികളായ ആളുകളില്‍നിന്ന് സംഭരിക്കുകയാണ് വേണ്ടത്. അഞ്ചോ, പത്തോ, അമ്പതോ, നൂറോ, അഞ്ഞൂറോ, ആയിരമോ എന്തുനല്‍കിയാലും അതിന്ന് പുറകില്‍  പണം നല്‍കുന്നവരുടെ പ്രാര്‍ത്ഥനകൂടി ഉണ്ടാവും. അത് ചില്ലറകാര്യമല്ല''. അത് ശരിയാണെന്ന് എല്ലാവര്‍ക്കും തോന്നി.


''പണം ഉണ്ടാക്കിയാല്‍ മാത്രം പോരാ. അനൂപിന്‍റെ ഓപ്പറേഷന്ന് ആള്‍ സഹായവും വേണം. അതിന് നല്ലൊരു ടീം ഉണ്ടാവണം''.


''നമ്മളൊക്കെ പോരേ സാറേ''.റഷീദ് ചോദിച്ചു.


''പോരാഞ്ഞിട്ടല്ല. എങ്കിലും കുറച്ചുകൂടി വിപുലമായിക്കോട്ടേ. നമുക്ക് പഞ്ചായത്ത് പ്രസിഡണ്ടിനേയും അനൂപ് പഠിച്ച ഹൈസ്കൂളിലെ ഹെഡ് മാസ്റ്ററേയും ചേര്‍ക്കണം. നല്ലൊരു രക്ഷാധികാരി വേണം. അദ്ദേഹത്തിന്‍റെ പേരു കേട്ടാല്‍ത്തന്നെ അഞ്ചുരൂപ തരാന്‍ ഉദ്ദേശിച്ച ആള്‍ അമ്പതുരൂപ തരുന്നവിധം പേരുള്ള ഒരാള്‍''.


''ആരേങ്കിലും സാറ് ഉദ്ദേശിച്ചിട്ടുണ്ടോ''പ്രദീപ് ചോദിച്ചു.


''ഉണ്ട്. പക്ഷെ അദ്ദേഹം ഇവിടെയില്ല''.


''എന്നാലും അറിഞ്ഞോട്ടെ''.


''ശിവശങ്കരമേനോനെയാണ് ഞാന്‍ മനസ്സില്‍ കരുതിയത്. പക്ഷെ അദ്ദേഹം ഇല്ലാതെ തീരുമാനിക്കാന്‍  പാടില്ലല്ലോ''.


''അത് സാരൂല്യാ.  അച്ഛനോട് ഞാന്‍ പറഞ്ഞോളാം''രാധിക പറഞ്ഞതോടെ ആ പ്രശ്നം തീര്‍ന്നു.


''എന്‍റെ ഭാര്യടെ കുടുംബക്കാരുടെവക ഒരു ചാരിറ്റബിള്‍ ട്രസ്റ്റുണ്ട്''കെ. എസ്. മേനോന്‍ പറഞ്ഞു''ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൊല്ലം തോറും വലിയൊരു തുക ട്രസ്റ്റില്‍നിന്ന് കൊടുക്കാറുണ്ട്. ഞാന്‍ മകനോടു പറഞ്ഞ് മാക്സിമം വാങ്ങിത്തരാം''. എല്ലാവരും കയ്യടിച്ചു.


''ആദ്യത്തെ സംഭാവന എന്‍റെ വക ആവട്ടെ'' ഒരുലക്ഷം രൂപയുടെ ചെക്ക് ഗോപാലകൃഷ്ണന്‍ നായരെ ഏല്‍പ്പിച്ചുക്കൊണ്ട് രാധിക പറഞ്ഞു ''ആ കുട്ടി ഒരുദിവസം വീട്ടില്‍വന്ന് ഒരു പാട്ട് പാടീരുന്നു. ഇത് അതിനുള്ള സമ്മാനമായി കണക്കാക്ക്യാല്‍ മതി. ഇനി അച്ഛന്‍ വേണ്ടത് ചെയ്തോളും''.


''അച്ഛന്‍ വന്നിട്ട് അടുത്ത മീറ്റിങ്ങ് കൂടാന്ന് പറയൂ'' ഗോപാലകൃഷ്ണന്‍ നായര്‍ ചെക്ക് വാങ്ങിക്കുമ്പോള്‍ ഓര്‍മ്മിപ്പിച്ചു. 


''അന്യേട്ടന്‍റടുത്ത് ചോദിക്കാതെ സംഭാവന കൊടുത്തത് അബദ്ധായോ'' തിരിച്ചുപോവുമ്പോള്‍ രാധിക ചോദിച്ചു''സത്യം പറഞ്ഞാല്‍ ആ കുട്ടിടെ കാര്യംകേട്ടപ്പൊ എന്‍റെ മനസ്സൊന്ന് പിടഞ്ഞു. അന്ന് നമ്മടെവീട്ടില്‍വെച്ച് അവന്‍ പാടിയ പാട്ടാ എന്‍റെ ഓര്‍മ്മേല് വന്നത്. ആ കുട്ടി ജീവിക്കണം. നാളെ അവന്‍ വല്യോരു പാട്ടുകാരനാവണ്ടതാണ്''.


''രാധൂ, നല്ലത് ചെയ്യുന്നതൊക്കെ എനിക്കും സന്തോഷാണ്. പക്ഷെ ഇത്ര വലിയ സംഖ്യ കൊടുക്കുംന്ന് ഞാന്‍ ഒട്ടും വിചാരിച്ചില്ല''അനിരുദ്ധന്‍ പറഞ്ഞു''ഇനി അതിന് അച്ഛന്‍ എന്തെങ്കിലും പറയ്യോ''.


''അതുണ്ടാവില്ല. സ്വതവേ ഞാന്‍ എന്തുചെയ്താലും അച്ഛന്‍ ദേഷ്യപ്പെടില്ല. പിന്നെ ആ കുട്ട്യേ അച്ഛന്ന് നല്ലോണം ഇഷ്ടായിട്ടുണ്ട്. അങ്ങിനെ ഉള്ളോരെ സഹായിച്ചാല്‍ ഒട്ടും ദേഷ്യം തോന്നില്ല''.


''രാധികടെ മനസ്സിലെ നന്മ എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്''.


''ഉണ്ടായതോണ്ടല്ലേ അന്യേട്ടാ നമ്മള് കൊടുക്കുന്ന്. പോവുമ്പൊ ഇതൊക്കെ കെട്ടികൊണ്ടുപോവാന്‍ പറ്റില്യാന്ന് അമ്മ പറയിണത് കേട്ട് വളര്‍ന്നതാ ഞാന്‍. സമ്പത്തിന്ന് കാവല് ദാനം ആണെന്ന് മുത്തശ്ശീം പറഞ്ഞുകേട്ടിട്ടുണ്ട്''. 


അനിരുദ്ധന്ന് ഭാര്യയോടുള്ള സ്നേഹം പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഇത്രയും നല്ല മനസ്സുള്ള ഭാര്യയെ തന്നതിന്ന് ചീറമ്പത്തെ കാവിലമ്മയെ മനസ്സുകൊണ്ട് തൊഴുതു. അയാള്‍ ഇടത്തെകൈ സ്റ്റിയറിങ്ങ് വീലില്‍ നിന്നെടുത്തു. എന്നിട്ട് രാധികയുടെ കയ്യില്‍പ്പിടിച്ചു. തിരക്കുകുറഞ്ഞ റോഡിലൂടെ അവരുടെ കാര്‍ നീങ്ങിക്കൊണ്ടിരുന്നു.


അന്ന് വൈകുന്നേരം ഗോപാലകൃഷ്ണന്‍നായര്‍ക്ക് ശിവശങ്കരമേനോന്‍റെ ഫോണ്‍ വന്നു.


''ഞങ്ങള്‍ ബിസിനസ്സുകാര് പൊതുവെ പണപ്പിരിവിനൊന്നും ഇറങ്ങിണ പതിവില്ല. എപ്പഴെങ്കിലും സഹായം ചോദിച്ചോണ്ട് ആരെങ്കിലും വന്നാല്‍ വല്ലതുംകൊടുക്കും''അയാള്‍ പറഞ്ഞു''പക്ഷെ, ഇത് എന്‍റെ മകള് ഏറ്റതല്ലേ. അതോണ്ട് ഞാന്‍ ഒഴിവ് പറയിണില്യാ. പക്ഷെ എനിക്ക് തിരക്കുള്ളപ്പൊ എന്നെ ഒഴിവാക്കണം''. 


ഗോപാലകൃഷ്ണന്‍നായര്‍ ചിരിച്ചു, മനസ്സുനിറഞ്ഞ ചിരി.


 അദ്ധ്യായം - 62.


രമ മുറ്റമടിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാപ്ലവൈദ്യര്‍ കയറിവരുന്നത്.


''അമ്മേ, ഇതാ വൈദ്യര് വരുണൂ''അവള്‍ അകത്തേക്കുനോക്കി വിളിച്ചു. അമ്പലത്തില്‍നിന്നുവന്ന് ഇന്ദിര ഈറന്‍തുണി മാറ്റുന്നതേയുള്ളു. കഴിഞ്ഞ രണ്ടുദിവസമായി കുളിച്ച് അമ്പലത്തില്‍ തൊഴുതതിന്നുശേഷമേ ഇന്ദിര മറ്റെന്തെങ്കിലും ചെയ്യാറുള്ളു. വസ്ത്രം മാറ്റി വേഗത്തില്‍ ഉമ്മറത്തേക്ക് വന്നു.


''വൈദ്യരേ, എന്‍റെ കുട്ടി''ഇന്ദിര കരച്ചിലാരംഭിച്ചു.


''കരയാതിരിക്കൂ''വൈദ്യര്‍ ആശ്വസിപ്പിച്ചു''വിപദിധൈര്യം എന്നു കേട്ടിട്ടില്ലേ. ആപത്തുവരുമ്പോഴാണ് മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ ധൈര്യം വേണ്ടത്''.


''എന്നാലും എന്‍റെ കുട്ടിയ്ക്ക്''.


''വിഷമിക്കണ്ടാ. ഒക്കെ ശര്യാവുംന്ന് കരുതിക്കോളൂ''വൈദ്യര്‍ പറഞ്ഞു ''ഇന്നലെ സന്ധ്യമയങ്ങ്യേതിന്ന് ശേഷാണ് പാറുവന്ന് വിവരം പറഞ്ഞത്. അസമയത്ത് വരണ്ടല്ലോന്നു കരുതി നേരംവെളുക്കാന്‍ കാത്തിരുന്നതാ''.


''പണി മാറി വരുമ്പഴാണ് അവളിവിടെ വന്നത്. വിവരം കേട്ടതും കരച്ചിലോട് കരച്ചില്. ഒടുക്കം എനിക്കവളെ സമാധാനിപ്പിക്കണ്ടിവന്നു''.


 ''അവിടെ വരുമ്പളും കരച്ചിലുതന്നെ. പേടിക്കാനൊന്നൂല്യാന്ന് ഞാന്‍ പറഞ്ഞപ്പഴേ അവള്‍ക്ക് സമാധാനം വന്നുള്ളു''.


''ഇതു മനസ്സില്‍ കണ്ടിട്ടാണോ വൈദ്യരവനെ ചികിത്സിക്കാന്‍ മടിച്ചത്''.


''മടിച്ചതല്ല. ചികിത്സ ആരംഭിക്കുംമുമ്പ് വൈദ്യന്‍ രോഗിടെ ദേഹനില നോക്കണം. പിന്നെ ചികിത്സിച്ച് മാറ്റാന്‍പറ്റുംന്ന് മനസ്സില്‍ ഒരു ഉറപ്പും ഉണ്ടാവണം. അല്ലാതെ ആളെ കാണുംമുമ്പ് മരുന്ന് കുറിക്കിണ ഏര്‍പ്പാട് ശര്യല്ല. മകന്‍റെ കാര്യത്തില് എനിക്കത്രക്കങ്ങിട്ട് ധൈര്യം തോന്നീല്ല. കയ്യിലൊതുങ്ങാത്തതിനെ പിടിക്കാന്‍ മിനക്കെടരുതല്ലോ''.


''അങ്ങന്യോക്കെ നോക്കി ചികിത്സിക്കാന്‍ സാധിക്ക്യോ''.


''ഗുരുനാഥന്‍ പറഞ്ഞുതന്ന ഒരുകാര്യൂണ്ട്. വൈദ്യം ഒരുതൊഴിലല്ല. അതൊരു ദൈവനിയോഗാണ്. മനുഷ്യന്‍റെ വേദനമാറ്റാന്‍ ഉഴിഞ്ഞുവെച്ച ജീവിതാവണം വൈദ്യന്‍റേത്. ഗുരുനാഥന്‍റെ വാക്കുകള്‍ ഇപ്പോഴും എന്‍റെ ചെവീല്‍ മുഴങ്ങിണുണ്ട്''.


''ഓപ്പറേഷന്‍ വേണംന്നാണ് പറയിണത്. അതു കഴിഞ്ഞാല്‍ രക്ഷകിട്ട്വോ''.


''നോക്കൂ, എല്ലാ വൈദ്യന്മാരിലുംവെച്ച് വലിയൊരു വൈദ്യന്‍ നമ്മടെ മുകളിലിരിപ്പുണ്ട്. അദ്ദേഹം വിചാരിച്ചാല്‍ ഭേദപ്പെടാത്ത എന്ത് സൂക്കടാ ഉള്ളത്''. 


ഇന്ദിരയുടെ പുറകിലായി അയാള്‍ അനൂപ് കിടക്കുന്ന ഇടത്തേക്ക് ചെന്നു. കട്ടിലില്‍ അവന്‍റെടുത്തിരുന്ന് അവന് ധൈര്യം നല്‍കിയിട്ടാണ് വൈദ്യര്‍ മടങ്ങിയത്.

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

സാവിത്രി വാച്ചിലേക്ക് നോക്കി. സമയം പതിനൊന്നായി. ഒമ്പതുമണിക്ക് ഇവിടെ എത്തിയതാണ്. റൌണ്ട്സ് കഴിഞ്ഞ് ഡോക്ടറെത്തി പരിശോധന ആരംഭിച്ച് അധികനേരം ആയിട്ടില്ല. ഏതാനും പേരെ ഡോക്ടര്‍ നോക്കി കഴിഞ്ഞു. ഉറക്കം കണ്‍പോളകളെ വലിച്ചടപ്പിക്കാന്‍ നോക്കുന്നു. കഴിഞ്ഞ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല. കുലുങ്ങികുലുങ്ങിയുള്ള ബസ്സ് യാത്രയില്‍ എങ്ങിനെ ഉറങ്ങാനാണ്.


''ടോക്കണ്‍ നമ്പര്‍ എട്ട്''ഉറക്കെ വിളിച്ചു പറയുന്നതുകേട്ട് ടവല്‍കൊണ്ട് മുഖം അമര്‍ത്തിത്തുടച്ചു. അടുത്ത ഊഴമാണ്. റിപ്പോര്‍ട്ടുകളടങ്ങിയ ഫയല്‍ ചേര്‍ത്തുപിടിച്ച് വാതില്‍ക്കലേക്ക് നീങ്ങി.


''ആരാ ഒമ്പത്''ദ്വാരപാലകന്‍ ചോദിച്ചു.


''ഞാനാണ്''സാവിത്രി പറഞ്ഞു.


''ഇങ്ങോട്ട് നീങ്ങിനിന്നോളൂ''അയാള്‍ പറഞ്ഞതും മുന്നിലേക്ക് നീങ്ങി. അകത്തു ചെന്നവര്‍ പുറത്തേക്കു വന്നതോടെ അവള്‍ ഉള്ളിലേക്ക് നടന്നു.


മുന്നിലെത്തിയ ആളെ കണ്ടതും ഡോക്ടര്‍ രാജനൊന്നു ഞെട്ടി. അയാളുടെ മനസ്സാകെപിടച്ചു. സാവിത്രിക്ക് പറയത്തക്ക മാറ്റങ്ങളൊന്നും കാണാനില്ല. തലമുടി വകയെടുത്ത് ചീകിയതിന്‍റെ ഇരുവശത്തും കാണുന്ന വെളുത്ത മുടി ഒഴിവാക്കിയാല്‍ പഴയ ആളുതന്നെ. രണ്ടു പതിറ്റാണ്ടിലേറെയായി തമ്മില്‍ കണ്ടിട്ട്. അമ്മാമന്‍ ആത്മഹത്യ ചെയ്തത് അറിഞ്ഞിട്ടും ചെന്നു കാണുകയുണ്ടായില്ല. കുറ്റബോധമോ അവളെ നേരിടാനുള്ള ഭീതിയോ ഒക്കെയായിരുന്നു ആ സമയത്ത്. ഉയരങ്ങള്‍ കീഴടക്കാന്‍വേണ്ടി അവളെ കയ്യൊഴിഞ്ഞതാണല്ലോ. അറിയാതെ ഇരുന്ന കസേലയില്‍നിന്ന് അയാള്‍ എഴുന്നേറ്റു.


''സാവിത്രി, എന്താ ഇവിടെ''ഡോക്ടറുടെ വാക്കുകള്‍ ഇടറിയിരുന്നു.


''എന്തിനാ ആളുകള് ഇവിടെ വരുണത്. ഡോക്ടറെ കാണാനല്ലേ''സാവിത്രി ഒരുമറുചോദ്യം ചോദിച്ചു.


''എന്താണ് സാവിത്രിക്ക്''കറങ്ങുന്ന കസേലയിലേക്ക് ചാഞ്ഞ് ഡോക്ടര്‍ ചോദിച്ചു. സാവിത്രി മറുപടിയൊന്നും  പറഞ്ഞില്ല. അനൂപിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അടങ്ങുന്ന ഫയല്‍ അവള്‍ അയാള്‍ക്കു നേരെനീട്ടി. ഡോക്ടര്‍ അതുവാങ്ങി വായിച്ചുനോക്കാന്‍ തുടങ്ങി. സാവിത്രി തലയുംതാഴ്ത്തി കസേലയിലിരുന്നു.


''ആരാ ഈ കുട്ടി''.


''എന്‍റെ മകന്‍''. ഡോക്ടര്‍ രാജന്‍ അവളുടെ മുഖത്തേക്കൊന്നുനോക്കി.


''അപ്പോള്‍''പകുതിവഴിക്ക് അയാളുടെ ചോദ്യം അവസാനിച്ചു.


''കല്യാണം കഴിച്ച്വോ എന്നല്ലേ''സാവിത്രി മന്ദഹസിച്ചു''കല്യാണം കഴിച്ചാല്‍ മാത്രമേ മക്കളുണ്ടാവൂ എന്നില്ലല്ലോ അല്ലേ ഡോക്ടര്‍''. ഡോക്ടര്‍ രാജന്‍ വിളറിവെളുത്തു. വിയര്‍പ്പുകണങ്ങള്‍ മുടിയില്ലാത്ത ശിരസ്സില്‍ പൊടിഞ്ഞു തുടങ്ങി. ഗൂഡമായ ഒരാനന്ദം സാവിത്രിയുടെ മനസ്സില്‍ ഉണ്ടായി.


''ഞാന്‍ കല്യാണം കഴിച്ചില്ല, പ്രസവിച്ചിട്ടില്ല, ദത്തെടുത്തിട്ടുമില്ല. എങ്കിലും അവനെന്‍റെ മകനാണ്''സാവിത്രി ഉറച്ച സ്വരത്തില്‍ പറഞ്ഞു''ഡോക്ടര്‍ക്ക് ഓര്‍മ്മീണ്ടോ രാമകൃഷ്ണപൊതുവാളിനെ. എന്‍റെച്ഛന്‍ ഡോക്ടറടെ മനസ്സറിയാന്‍ ഒടുവില്‍ അയച്ച രാമേട്ടന്‍. അദ്ദേഹത്തിന്‍റെ മകനാണ് ഈ അനൂപ്''. എന്താണ് പറയേണ്ടതെന്ന് ഡോക്ടര്‍ രാജന്ന് അറിയാതായി. അയാള്‍ സാവിത്രിയെത്തന്നെ നോക്കിയിരുന്നു.


''എങ്ങിനേങ്കിലും അവനെ രക്ഷിക്കണം. അത് അപേക്ഷിക്കാനാണ് ഞാന്‍ വന്നത്''.


''പക്ഷെ അതിന്ന്''.


''ധാരാളം പണം വേണ്ടിവരും എന്നല്ലേ. അതൊരു പ്രശ്നോല്ല. കഴിഞ്ഞ ഇരുപത് കൊല്ലായി ഞാന്‍ സമ്പാദിച്ചതിന്‍റെ വലിയൊരു പങ്ക് ബാങ്കില്‍ നീക്കിയിരിപ്പുണ്ട്. അതുംപോരെങ്കില്‍ വാരിയത്തെവീടും പറമ്പും ഞാന്‍ വില്‍ക്കും. എന്നാലും ഡോക്ടര്‍ക്ക് തരാനുള്ളത് ഞാന്‍ തരാതിരിക്കില്ല''.


''സാവിത്രി എന്നെ തെറ്റിദ്ധരിച്ചിരിക്ക്യാണ്. എന്‍റെ മനസ്സിലുള്ളത് അതല്ല. അനൂപിന്‍റെ ഓപ്പറേഷന്‍ ഒട്ടുംവൈകിക്കാന്‍ പറ്റില്ല. അതിനുമുമ്പ് ലിവര്‍ നല്‍കാന്‍ പറ്റ്യോരു ഡോണറെ കണ്ടെത്തണം. ഒരുപാട് ഫോര്‍മാലിറ്റികള്‍ അതിനുണ്ട്. അതൊക്ക്യാണ് ഞാന്‍ ഉദ്ദേശിച്ചത്''.


''എല്ലാം ശര്യായാലോ''.


''ഞാന്‍ ഓപ്പറേഷന്‍ നടത്തും''.


''അതിന്ന് എന്നാണ് ഞങ്ങള്‍ വരണ്ടത്''.


''അധികം നീട്ടേണ്ടാ. പറ്റ്യാല്‍ അടുത്ത ആഴ്ച്ച്യേന്നെ പോന്നോളൂ''.


''ശരി. ഞാന്‍ പോണൂ''സാവിത്രി എഴുന്നേറ്റു.


''സാവിത്രീ''ഡോക്ടര്‍ വിളിച്ചു''എന്‍റെ കാര്യം വല്ലതും അറിയ്യോ''.


''വല്യേ ആള്‍ക്കാരടെ കാര്യം ഞങ്ങളൊക്കെ എങ്ങിന്യാ അറിയിണത്''.


''എന്തൊക്കേയോ നേടണം എന്നു വിചാരിച്ചതാണ്. കഷ്ടപ്പെട്ട് ഓരോന്ന് ഉണ്ടാക്കുമ്പഴേക്കും ജീവിതംതന്നെ നഷ്ടപ്പെട്ടു. ഇപ്പോള്‍ ഞാന്‍ ആര്‍ക്കും വേണ്ടാത്തവനായി''.


''ഓരോരുത്തരുടെ ശിരോലിഖിതം ഓരോവിധോല്ലേ ഡോക്ടറേ. അത് അവനവന്‍തന്നെ അനുഭവിക്കണം. അല്ലാതെ പറ്റില്ലല്ലോ''.


 ''തലേലെഴുത്തിനെ എന്തിനാ കുറ്റം പറയിണത്. ഒക്കെ ഞാന്‍ വരുത്തി വെച്ചതല്ലേ. ചെയ്ത തെറ്റ് വളരെ വലുതാണ്. അപ്പോഴതിന്‍റെ ശിക്ഷീം കഠിനാവണ്ടേ''. 


സംഭാഷണം തുടരുന്നതില്‍ സാവിത്രിക്ക് താല്‍പ്പര്യമില്ലെന്ന് അവളുടെ മുഖഭാവത്തില്‍നിന്ന് ഡോക്ടര്‍ക്ക് മനസ്സിലായി.


''ഒരു റിക്വസ്റ്റുണ്ട്''അയാള്‍ പറഞ്ഞു''ഈ കുട്ടിട്ടിടെ ഓപ്പറേഷന്ന് ഒന്നും വേണ്ടാ. എനിക്ക് നിങ്ങളോടൊക്കെ ഒരുപാട് കടപ്പാടുണ്ട്''.


''കടപ്പാടിന്‍റെ കണക്കുപറഞ്ഞ് സൌജന്യം ഇരന്നു വാങ്ങാനല്ല ഞാന്‍ വന്നത്. ശസ്ത്രക്രിയ ചെയ്യാന്‍ വിദഗ്ദ്ധനായ ഒരു ഡോക്ടറുടെ സേവനം വേണം. അവനത് ലഭ്യമാക്കണം എന്ന ഒരുലക്ഷ്യം മാത്രേ എനിക്കുള്ളു. ഡോക്ടര്‍ മറ്റേതെങ്കിലും രോഗിയെ ചികിത്സിച്ചാല്‍ വാങ്ങുണ പൈസ എത്ര്യാണോ അത് വാങ്ങണം. അല്ലെങ്കില്‍ ഞങ്ങളിങ്ങോട്ട് പോരില്ല''.


 ''സാവിത്രിക്ക് നിര്‍ബന്ധാണെങ്കില്‍ അങ്ങിനെ ചെയ്യാം. എന്നാലെങ്കിലും എനിക്ക് അവനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാല്ലോ''.


''എങ്കില്‍ അടുത്താഴ്ച ഞങ്ങളെത്തും''.സാവിത്രി പോവാന്‍ എഴുന്നേറ്റു.


 ''ഒരു മിനുട്ട്''ഡോക്ടര്‍ അവളെ തിരികെ വിളിച്ചു''ശനിയാഴ്ച രാവിലെ എന്നെ ഒന്നു വിളിക്കൂ. ബാക്കി കാര്യങ്ങള്‍ ഞാന്‍ അപ്പൊ പറഞ്ഞുതരാം''. ഡോക്ടര്‍ നല്‍കിയ വിസിറ്റിങ്ങ് കാര്‍ഡുമായി സാവിത്രി തിരിഞ്ഞുനടന്നു.

^^^^^^^^^^^^^^^^^^^^^^^^^^^^

കോട്ടമൈതാനത്തെ സ്ഥിരംതാവളത്തില്‍ സുഹൃത്തുക്കള്‍ ഒത്തുകൂടി. ശെല്‍വന്‍ ജോലിക്കുപോവാന്‍ തുടങ്ങിയശേഷം എല്ലാവരേയും ഒത്തു കിട്ടാറില്ല. അനൂപിനുവേണ്ടി എന്തെല്ലാം ചെയ്യാനാവുമെന്ന്ചര്‍ച്ച ചെയ്യാന്‍ പ്രദീപ് എല്ലാവരേയും വിളിച്ചു വരുത്തിയതാണ്. അവന്‍റെ അവസ്ഥയില്‍ എല്ലാവരും ദുഃഖിതരാണ്.


''ഇന്ന് രാവിലെ സങ്കടൂള്ള ഒരു കാര്യൂണ്ടായി''ചര്‍ച്ചകഴിഞ്ഞതും പ്രദീപ് കൂട്ടുകാരോട് പറഞ്ഞു.


''ഇപ്പൊ ഉള്ളതിലുംവെച്ച് സങ്കടമുള്ള എന്തു കാര്യാണ് ഇനിയുള്ളത്''റഷീദ് ചോദിച്ചു.


''ഞാന്‍ രാവിലെ നമ്മടെ സുമേഷിന്‍റെ വീട്ടില്‍ പോയിരുന്നു.  അനൂപിന്‍റെ സുഖക്കേടിന്‍റെ വിവരം പറയണംന്നു കരുതി ചെന്നതാണ്''.


''എന്നിട്ട്''.


''ഞാന്‍ വിവരം പറഞ്ഞതും അവന്‍റച്ഛന്‍ ഇരുപത്തഞ്ച് രൂപ എടുത്തു തന്നു''.


''നിനക്ക് വല്ല കാര്യൂണ്ടോ ഒറ്റയ്ക്ക് ചെല്ലാന്‍''റഷീദ് ചൂടായി.


''അതിന് ഞാനവിടെ സംഭാവന ചോദിച്ച് ചെന്നതല്ല. സുമേഷിനെ വിവരം അറിയിക്കാംന്നേ കരുത്യോള്ളൂ. കുറച്ചുദിവസം മുമ്പുവരെ  നമ്മടൊപ്പം ഉണ്ടായിരുന്ന ആളല്ലേ അവന്‍''.


''അവന്‍റെ വീട്ടില്‍ പറഞ്ഞാല്‍ ഗള്‍ഫിലുള്ള അവന്‍ എങ്ങന്യാ അറിയ്യാ'' വിവേകിനൊരു സംശയം തോന്നി.


''അവര് ഫോണ്‍ ചെയ്യുമ്പോള്‍ ഈ വിവരം പറയില്ലേ''.


''അമ്മ പറഞ്ഞത് കേള്‍ക്കാതെ അവന്‍ ഗള്‍ഫിലേക്ക് കടന്നു. അതോടെ ആ കൊരണ്ടിത്തന്ത ഉള്ള പണിയും കളഞ്ഞ് നാട്ടിലെത്തി. ഇപ്പോള്‍ അയാളാ കാര്യംനോക്കുണത്''വിവേക് പറഞ്ഞു''വല്ലപ്പോഴും പത്തോ നൂറോ കടം ചോദിക്കാന്‍ പറ്റ്യേ ആളായിരുന്നു അവന്‍''.


''നിനക്ക് കടേല് പണീല്ലേ'' പ്രദീപ് ചോദിച്ചു''എപ്പൊ നോക്ക്യാലും നിനക്ക് കടത്തിന്‍റെ കാര്യേ പറയാന്‍ കാണൂ''.


''ബാങ്കില് പൈസ അടയ്ക്കാന്‍ പോണകൂട്ടത്തില്‍ ഇവിടെ വന്നതാണ്'' വിവേക് പറഞ്ഞു.


''എങ്കില്‍ വേഗം സ്ഥലം വിട്''.


''ഞാനിതാ പോണൂ''അവന്‍ എഴുന്നേറ്റ് നടന്നു.


''ഒടുക്കം എന്തുണ്ടായി. അതു പറ''.റഷീദ് തിടുക്കം കൂട്ടി.


''സുമേഷിന്‍റെ ഒപ്പം പഠിച്ച ആളാണ്, അവന്‍റെ കൂട്ടുകാരനാണ് എന്നൊക്കെ ഞാന്‍ പറഞ്ഞപ്പൊ അഞ്ഞൂറുരൂപ തന്നു. ഇനി ഒന്നും ചോദിച്ച് വരരുത് എന്നൊരു കല്‍പ്പന വേറേയും''.


''നിനക്കത് അയാളടെ മുഖത്ത് വലിച്ചെറിഞ്ഞ് പോരായിരുന്നില്ലേ''.


''അറിയാഞ്ഞിട്ടല്ല. പക്ഷെ എന്നെങ്കിലും സുമേഷ് ആ വിവരം അറിഞ്ഞാല്‍ അവന് സങ്കടാവും. അതോണ്ട് ഒന്നും പറയാതെ വാങ്ങി പോക്കറ്റിലിട്ടു''.


''പോട്ടെടാ. ദൈവൂല്യേ മോളില്. അങ്ങിനെ നമ്മളെ കൈവിടില്ല''ശെല്‍വന്‍ ആശ്വസിപ്പിച്ചു.


''ഇനി ഒരു കാര്യത്തിന്ന് അവന്‍റെ വീട്ടില് ഒരാളും പോവരുത്. ആ തന്ത ഇനീം ഇമ്മാതിരി പെരുമാറും. നമ്മള് ആരുടേങ്കിലും വായിന്ന് വല്ലതും വേണ്ടാത്തത് വീണൂന്നും വരും''റഷീദ് പറഞ്ഞു.


''അനൂപിന്‍റെ കാര്യം നേരത്തെ അറിഞ്ഞൂച്ചാല്‍ അവന്‍ ഗള്‍ഫിലിക്ക് ഈ നേരം നോക്കി പോവില്യായിരുന്നു. ഇനീപ്പൊ എന്താ ചെയ്യാ. പോയിട്ട് പത്തുദിവസം ആവുമ്പഴയ്ക്ക് മടങ്ങിവരാന്‍ പറ്റ്വോ''.


''പോട്ടേടാ ശെല്‍വാ, ആദ്യം അവനൊരു ജോലിശര്യാവട്ടെ. ഏതോകടേല് സെയില്‍സ്മാനായി പണികിട്ടുംന്ന് പോവുമ്പൊ അവന്‍ പറഞ്ഞിരുന്നു'' പ്രദീപ് പറഞ്ഞു''എന്നിട്ട് അവിടത്തെ സിംകാര്‍ഡെടുത്തിട്ട് വിളിക്ക്യാന്ന് പറഞ്ഞിട്ടുണ്ട്. അപ്പൊ നമുക്കവനോട് പറയാനുള്ളതൊക്കെ പറയാലോ''.


കോട്ടയ്ക്കകത്തുനിന്ന് കുടമണിയുടെ നിര്‍ത്താതെയുള്ള ഒച്ച പൊങ്ങി. ഉച്ചപ്പൂജ കഴിഞ്ഞ് ഹനുമാന്‍കോവിലിലെ നട തുറന്നതാണ്.


''ഏതായാലും ഇതുവരെ വന്നതല്ലേ. ഞാനൊന്ന് ഭഗവാനെ തൊഴുതിട്ട് വരാം''ശെല്‍വന്‍ എഴുന്നേറ്റു.


''ഞങ്ങളും പോണൂ''കൂട്ടുകാര്‍ ബൈക്കുകളുടെ അടുത്തേക്ക് നടന്നു.


അദ്ധ്യായം - 63.


ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെ സാവിത്രി ഹോസ്പിറ്റലിലേക്ക് ഫോണ്‍ ചെയ്തു.


''ഡോക്ടര്‍ രാജനെ വേണം''ഫോണില്‍കൂടികേട്ട സ്ത്രീശബ്ദത്തിന്‍റെ ഉടമയോട്      അവര്‍ പറഞ്ഞു.


''സോറി മാഡം. ഡോക്ടര്‍ ഇപ്പോള്‍ എത്തിയതേയുള്ളു. നല്ല തിരക്കുണ്ട്. ഫോണ്‍ കണക്ട് ചെയ്താല്‍ ദേഷ്യപ്പെടും. ഉച്ചതിരിഞ്ഞു വിളിക്കൂ''.


''പാലക്കാട്ന്ന് സാവിത്രി വിളിക്കുന്നു എന്നുപറഞ്ഞാ മതി. ഒന്നുംപറയില്ല''. 


''ശരി. നോക്കട്ടെ''ഫോണ്‍ കണക്ട് ചെയ്യുന്നത് സാവിത്രി അറിഞ്ഞു.


''സാവിത്ര്യല്ലേ''മറുവശത്തുനിന്ന് ഫോണിലൂടെ ഡോക്ടര്‍ രാജന്‍റെ ശബ്ദമെത്തി''എന്‍റെ മൊബൈലില്‍ വിളിക്കായിരുന്നു''.


''ചികിത്സയുടെ കാര്യത്തിനാണല്ലോ. ആസ്പത്രിയിലേക്ക് വിളിക്കുന്നതാണ് ഉചിതമെന്ന് തോന്നി''.


''സാരൂല്യാ''ഡോക്ടര്‍ തൃശൂരിലെ ഒരുഹോസ്പിറ്റലിന്‍റെ പേരുപറഞ്ഞു''അവിടെ അഡ്മിറ്റ് ചെയ്തോളൂ''.


''എന്നെ ഒരിക്കല്‍ക്കൂടി ചതിച്ചു അല്ലേ''സാവിത്രി ചൊടിച്ചു.


''ചതിച്ചൂന്നോ? അതിന് ഞാന്‍ എന്തുതെറ്റാണ് ചെയ്തത്''.


''ഒന്നും ചെയ്തില്ല അല്ലേ. അനുവിന്‍റെ ഓപ്പറേഷന്‍ ചെയ്യാന്ന് സമ്മതിച്ചിട്ട് ഇപ്പൊ വാക്കുമാറ്യേതോ''.


''അതിന് ഞാന്‍ വാക്കു മാറീട്ടൊന്നൂല്യാ. അവനെ ഞാന്‍തന്ന്യാണ് ഓപ്പറേഷന്‍ ചെയ്യുണത്. നിങ്ങളുടെ സൌകര്യംനോക്കീട്ടാ തൃശൂരിലിക്ക് മാറ്റ്യേത്. അവിടെ എല്ലാസൌകര്യൂണ്ട്. നിങ്ങള്‍ക്ക് വന്നെത്താന്‍ എളുപ്പാണ്. പോരാത്തതിന്ന് അവിടത്തെ മിക്ക ഡോക്ടര്‍മാരും എന്‍റെ സുഹൃത്തുക്കളാണ്. ഇതിനുമുമ്പും          പലതവണ ഞാന്‍ ആ ഹോസ്പിറ്റലില്‍ ഓപ്പറേഷന്‍ ചെയ്യാന്‍ പോയിട്ടുണ്ട്''. അതോടെ സാവിത്രിക്ക് സമാധാനാമായി.


.''സോറി. ഞാനറിയാതെ പറഞ്ഞതാണ്''അവര്‍ പറഞ്ഞു.


'' പോട്ടെ, സാരൂല്യാ. ആരാ ഡോണര്‍''


''അനൂപിന്‍റെ അനിയത്തിയാണ്. ടെസ്റ്റ് ചെയ്യിച്ചു. അവളുടേത് ചേരും''.


''നന്നായി. ഇനി പ്രശ്നോന്നൂല്യ''. അഡ്മിറ്റാവാന്‍ ചെല്ലുമ്പോള്‍ കരുതേണ്ട കാര്യങ്ങള്‍ ഡോക്ടര്‍ സാവിത്രിക്ക് പറഞ്ഞുകൊടുത്തു.


''ചില ടെസ്റ്റൊക്കെ ഉണ്ടാവും. അതുകഴിഞ്ഞാല്‍ അവര്‍ ഓപ്പറേഷന്‍ ദിവസം നിശ്ചയിക്കും. തലേന്നെ ഞാന്‍ എത്തിക്കോളാം''അയാള്‍ ഉറപ്പുനല്‍കി.


''വളരെ നന്ദി ഡോക്ടര്‍''സാവിത്രി സംഭാഷണം അവസാനിപ്പിച്ചു.

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

ഗോപാലകൃഷ്ണന്‍നായരും കെ.എസ്.മേനോനും അനൂപിന്‍റെ സുഹൃത്തുക്കളും രാമകൃഷ്ണന്‍റെ വീട്ടില്‍  സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സാവിത്രി കടന്നു ചെന്നത്. ചെന്നപാടെ അവര്‍  ഡോക്ടര്‍ രാജന്‍ പറഞ്ഞ കാര്യങ്ങള്‍ അറിയിച്ചു.


''ദൈവാധീനം'' ഗോപാലകൃഷ്ണന്‍ നായര്‍ പ്രതികരിച്ചു''സത്യം പറഞ്ഞാല്‍ രണ്ടു കാര്യങ്ങളോര്‍ത്ത് ഇത്രദിവസം ഞാന്‍ വിഷമത്തിലായിരുന്നു. ഇപ്പോഴാ എനിക്ക് സമാധാനായത്''.


''എന്താ തന്‍റെ വിഷമം''കെ.എസ്.മേനോന്‍ ചോദിച്ചു.


''ദൂര്യാവുമ്പൊ ആളുകള്‍ക്ക് വരാനും പോവാനും ബുദ്ധിമുട്ടാവും. അതൊരു പ്രശ്നം. തിരിച്ചുവരാന്‍ കുറെദിവസം വേണ്ടിവരില്ലേ. അതുവരെ തങ്ങാന്‍ ഒരിടം കാണണ്ടേ. അത് വേറൊരു പ്രശ്നം''.


''തൃശൂരിലാണെങ്കിലും മുറി വേണ്ടിവരും. നമുക്ക് രാമേട്ടനെ ആസ്പത്രിയില്‍ കിടത്താന്‍ പറ്റില്ലല്ലോ''.


''അതൊരു പ്രശ്നോല്ല. തൃശൂര്‍ടൌണില്‍ ആസ്പത്രിടെ അടുത്തായി അമ്മിണിടെ ചേച്ചിടെ വീടുണ്ട്. ഒരു പടുകൂറ്റന്‍ബംഗ്ലാവ്. നടന്നുപോണ്ട ദൂരേള്ളൂ. അവിടെ ചേച്ചീം ഒരു പണിക്കാരീം മാത്രേ താമസൂള്ളു. നമ്മള് തിരിച്ചുപോരുണതുവരെ അമ്മിണ്യേ അവിടെ ആക്കാന്ന് വിചാരിച്ചതാണ്. നാളെ രാവിലേന്നെ അവളെ കൊണ്ടുപോയി അവരെ ഏല്‍പ്പിച്ച് മടങ്ങിവരാന്‍ ഇരുന്നതാ. അതുകൂടാതെ കഴിഞ്ഞു. അമ്മിണിക്കും രാമകൃഷ്ണനും അവിടെ തങ്ങാം. വേണച്ചാല്‍ എട്ടോ പത്തോ ആള്വേളുക്കുകൂടി ബുദ്ധിമുട്ടില്ലതെ അവിടെ കൂടാം''.


''ഈശ്വരന്‍ ഓരോവഴി കാണിച്ചു തരുണതാവും''ഇന്ദിര ആശ്വസിച്ചു.


''എനിക്ക് ബാങ്കുവരെ ഒന്ന് പോണം''സാവിത്രി എല്ലാവരോടുമായി പറഞ്ഞു ''ഇപ്പഴത്തെ ആവശ്യത്തിന്ന് പണം എത്രയാ എടുക്കേണ്ടത്''.


''നിങ്ങള് കാശൊന്നും എടുക്കണ്ടാ. ഇഷ്ടംപോലെ പണൂണ്ട്. ചികിത്സചിലവ് കഴിഞ്ഞാലും കുറെപണം ബാക്കീണ്ടാവും''ഗോപാലകൃഷ്ണന്‍നായര്‍ പറഞ്ഞു.


''അത്ര്യോക്കെ കാശ് പിരിഞ്ഞു കിട്ട്യോ''.


''സത്യം പറയാലോ. ഇതിനിറങ്ങുമ്പൊ ഇങ്ങിനെ വരും എന്നൊന്നും കരുതീലാ. ഒരുപാട് ആളുകള്‍ കയ്യയച്ച് സഹായിച്ചു. നാലേനാലുദിവസം പിരിച്ചതേള്ളൂ. കൈനിറയെ കാശായി. ശിവശങ്കരമേനോന്‍റെ മകളടെ കൈരാശി ആണെന്നാ തോന്നുണത്''.


''ആ കുട്ടി എത്ര്യാ തന്നത്''ഇന്ദിര ചോദിച്ചു.


''ഒരു ലക്ഷം''.


''ഈശ്വരാ, ഭൂമീല് ഇങ്ങിനത്തെ ആള്‍ക്കാരുണ്ടോ''.


''ഉണ്ടല്ലോ.ആ കുട്ട്യേ കുട്ടീലേ എനിക്കറിയാം. ഏട്ടന്മാരെപ്പോലെയല്ല അവള്‍. കണ്ടറിഞ്ഞ് ആരേം സഹായിക്കും''.


''കാശോക്കെ ആയിട്ടുണ്ടെങ്കിലും എന്‍റെ വക്യായിട്ട്''സാവിത്രി വീണ്ടും ചോദിച്ചു.


''എന്തെങ്കിലും ആവശ്യം തോന്ന്യാല്‍ ഞാന്‍ ചോദിച്ചോളാം. അതുപോരെ''.


''തിങ്കളാഴ്ച മുതല്‍ ഞാന്‍ ഒരുമാസത്തെ ലീവാണ്. അതു കഴിയുമ്പോള്‍ ഞാനത് എക്സ്റ്റെന്‍ഡ് ചെയ്യാം''.


''ഒരാഴ്ചയ്ക്ക് ഞാനുണ്ടാവില്ല എന്ന് മാനേജറോട് പറഞ്ഞിട്ടുണ്ട്''റഷീദ് പറഞ്ഞു.


''നീ മാത്രോല്ല. നമ്മടെ സെറ്റിലെ പലരും ലീവെടുത്തിട്ടുണ്ട്''പ്രദീപ് പറഞ്ഞു''എനിക്ക് ലീവിന്‍റെ ആവശ്യൂല്ലല്ലോ. ഞാന്‍ എന്നും ലീവല്ലേ''. ആ പറഞ്ഞത് എല്ലാവരിലും ചിരി പടര്‍ത്തി. വളരെ നാളുകള്‍ക്കുശേഷം ആ വീട്ടില്‍നിന്ന് ചിരിയുടെ ശബ്ദം ഉയര്‍ന്നു.


''തിങ്കളാഴ്ച എപ്പോഴാ പുറപ്പെടണ്ടത്''രാമകൃഷ്ണന്‍ ചോദിച്ചു.


''നേരത്തെതന്നെയാവാം''ഗോപാലകൃഷ്ണന്‍നായര്‍ മറുപടിനല്‍കി''പോയിട്ട്   അന്നന്നെ വല്ല ടെസ്റ്റും ചെയ്യുണൂങ്കില്‍ ചെയ്തോട്ടെ''.


''ഒന്നുകില്‍ രാവിലെ ഏഴരയ്ക്ക് മുമ്പ് പുറപ്പെടണം''ഇന്ദിര പറഞ്ഞു ''അല്ലെങ്കില്‍ ഒമ്പതിനുശേഷം പത്തരയ്ക്കുള്ളില്‍ ആവണം. ബാക്കിസമയം രാഹുകാലൂം ഗുളികകാലൂം ആയിരിക്കും''.


''ഇപ്പോഴാ എനിക്കൊരു കാര്യം ഓര്‍മ്മ വന്നത്''രാമകൃഷ്ണന്‍ ഇന്ദിരയുടെ മുഖത്തേക്കൊന്നുനോക്കി തുടര്‍ന്നു''അല്ലെങ്കില്‍ എന്തിനാണ് അതൊക്കെ മറച്ചു വെക്കിണത്. ഒക്കെ നമുക്ക് വേണ്ടപ്പെട്ടോരല്ലേ''.


''ഞാനത് പറയാന്‍ നില്‍ക്ക്വായിരുന്നു''ഇന്ദിര ഇടയ്ക്കുകയറി പറയാന്‍ തുടങ്ങി ''അനൂനൊരു കല്യാണാലോചന വന്നിരുന്നു. എന്തെങ്കിലും ചെയ്യാന്ന് ഞങ്ങള് വിചാരിക്കുമ്പോഴേക്കും അല്ലേ ഇക്കണ്ട വൈതരണിയൊക്കെ വന്നുപെട്ടത്''.


''ആഹാ. അതു ശരി. ഞങ്ങളറിയാതെ ഇങ്ങിന്യോരു സംഭവം ഉണ്ടായോ'' ഗോപാലകൃഷ്ണന്‍നായര്‍ അനൂപിനെ നോക്കി''എന്നിട്ട് നീയെന്താ ഈ കാര്യം നിന്‍റെമ്മമ്മ്യോട് പറയാഞ്ഞത്''.


''എന്തെങ്കിലും ആയിട്ട് പുറത്ത് പറഞ്ഞാ മതീന്ന് ഞാന്‍ പറഞ്ഞിട്ടാ അവന്‍ പറയാഞ്ഞ്. കുട്ടിടെ അച്ഛന്‍ ഏതോ നല്ലജോത്സ്യരെ കണ്ടിരുന്നു. തല്‍ക്കാലം കുറച്ച് ചീരെഴച്ചിലുണ്ടാവുംന്നല്ലാതെ ആയുര്‍ഭാഗത്തിന്ന്          കേടില്ലാന്നാ പറഞ്ഞതത്രേ''.


''അതന്നെ നമുക്കുവേണ്ടൂ''.


''ആരൊക്ക്യാ ചേച്ചീ കൂടെ പോണത്''സാവിത്രി തിരക്കി.


''ഇവിടുന്ന് ഞങ്ങള് നാലാളും, പിന്നെ നീയും. ബാക്കി ആള്‍ക്കാരടെ കാര്യം ഗോപാലകൃഷ്ണേട്ടന്‍ തീരുമാനിക്കും''.


''അതെല്ലാം എപ്പോഴേ തീരുമാനിച്ചു കഴിഞ്ഞു''.


''ഞാന്‍ ഒരുകാര്യം പറഞ്ഞാല്‍ ഒന്നും തോന്നരുത്''ഗോപാലകൃഷ്ണന്‍ നായരെ നോക്കി ഇന്ദിര തുടര്‍ന്നു''ഇവിടെ പണിക്ക് വരാറുള്ള പാറു ഞാനൂണ്ട് നിങ്ങടെ  കൂടെ, ഇവിടെ ഇരുന്നാല്‍ എനിക്ക് ഇരുപ്പുറക്കില്യാന്ന് പറയുണൂ. ചിലവിനുള്ള കാശ് അവളെടുക്കാന്നും പറഞ്ഞു''.


''ആ സ്ത്രീടെ മനസ്ഥിതിയ്ക്ക് വെറ്റിലയും അടയ്ക്കയുംവെച്ച് അവരടെ കാലു പിടിക്കണം. അവരടെകയ്യിന്ന് പൈസ വാങ്ങുണകാര്യം ചിന്തിക്കാനേ പാടില്ല''.


''എനിക്ക് സമാധാനായി. അവളു വന്നാല്‍ എന്തെങ്കിലും ഉപകാരം ഉണ്ടാവും. ഒന്നൂല്യെങ്കില്‍ മുണ്ടും തുണീം  തിരുമ്പാന്‍ ഒരാളായല്ലോ''.


''ഇനി ആരെങ്കിലും ഉണ്ടാവ്വോ''.


''അനൂനു നോക്ക്യേകുട്ടിടെ അച്ഛന്‍ ഓപ്പറേഷന്‍സമയത്ത് എത്തുംന്നാ തോന്നുണത്. രമയ്ക്ക് ആലോചിച്ച ആളും ചെലപ്പൊ വന്നുകൂടായ്കയില്ല''.


''അതുശരി. അങ്ങിനെ ഒരുകാര്യം കൂടീണ്ട് അല്ലേ. ഒളിപ്പിച്ചുവെച്ചതൊക്കെ ഓരോന്നായി പുറത്തെത്തട്ടെ''.


''ഇനിയൊന്നും ഒളിപ്പിക്കാനില്ല. ഇതോടെ എല്ലാംതീര്‍ന്നു''.


''എല്ലാം ഭംഗിയായി തീരട്ടെ. രണ്ടുകല്യാണങ്ങളും നമുക്ക് ഗംഭീരമായിട്ടന്നെ   നടത്താം''കെ.എസ്.മേനോന്‍ പറഞ്ഞു''ഓപ്പറേഷന്‍ തൃശൂരിലേക്ക് മാറ്റിയ കാര്യം വരാന്‍ പോവുന്ന ബന്ധുക്കളെ അറിയിക്കാന്‍ മറക്കണ്ടാ''.


''എങ്കില്‍ സാധനങ്ങള്‍ ഒരുക്കിവെക്കാന്‍ തുടങ്ങിക്കോളൂ. റിപ്പോര്‍ട്ടുകളൊന്നും എടുക്കാന്‍ മറക്കണ്ടാ. നാളെ രാവിലെ ഞങ്ങള്‍ വരാം. എന്നിട്ട് ബാക്കി കാര്യം വല്ലതൂണ്ടെച്ചാല്‍ ആലോചിക്കാം''ഗോപാലകൃഷ്ണന്‍നായര്‍ എഴുന്നേറ്റു. കൂടെ മറ്റുള്ളവരും. 


അദ്ധ്യായം - 64.


ആസ്പത്രിയുടെ പ്രധാനഗെയിറ്റു കടന്ന് ഓ.പി.യ്ക്കു മുന്നില്‍ വന്നുനിന്ന ഓട്ടോറിക്ഷയില്‍നിന്ന് ഗോപാലകൃഷ്ണന്‍ നായരും, കെ.എസ്.മേനോനും രാമകൃഷ്ണനും ഇറങ്ങി. അവരെ കണ്ടതും പ്രദീപും റഷീദും ശെല്‍വനും അവരുടെ അടുത്തേക്കു ചെന്നു. സമയം അഞ്ചരമണി ആവുന്നതേയുള്ളൂ. 


''നിങ്ങള് നേരത്തെ എഴുന്നേറ്റതാണോ, അതോ രാത്രി ഉറങ്ങീല്ലാന്നുണ്ടോ'' ഗോപാലകൃഷ്ണന്‍നായര്‍ അവരോടു ചോദിച്ചു. 


''അങ്കിള്‍, എങ്ങിന്യാ ഉറങ്ങ്വാ. ഓരോ കൊതൂന് ഓരോആനടെ വലുപ്പൂണ്ട്'' പ്രദീപ് പറഞ്ഞു''ഞങ്ങള് മൂന്നാളും ഇത്രനേരം ഒരുപോള കണ്ണ് കൂട്ടീട്ടില്ല. അന്‍വറണ്ണനും കൂട്ടരും പോര്‍ട്ടിക്കോയിലും ബ്ലഡ് ബാങ്കിന്‍റെ മുമ്പിലോക്ക്വെ കിടക്കുണുണ്ട്''. ആവശ്യമായ രക്തം നല്‍കാന്‍ കൂട്ടുകാരുമായി അന്‍വര്‍ എത്തിയതായിരുന്നു.


''റൂമിലുള്ളവര്‍ എണീറ്റിട്ടുണ്ടോന്ന് നോക്കട്ടെ. ആറുമണിയ്ക്ക് ഓപ്പറേഷന്‍ തിയ്യേറ്ററിലേക്ക് കൊണ്ടുപോവുംന്ന് ഇന്നലെ എന്നോട് പറഞ്ഞിരുന്നു. ആ നേരത്ത് തുടങ്ങ്യാലേ വൈകുന്നേരത്തേക്കെങ്കിലും തീരൂ'' എല്ലാവരുംകൂടി മുറിയിലേക്ക് നടന്നു. 


ഇന്ദിരയും സാവിത്രിയും കുളികഴിഞ്ഞ് വസ്ത്രം മാറിക്കഴിഞ്ഞിരുന്നു. ഇന്ദിര അനൂപിന്‍റെ കട്ടിലില്‍ അവനെ കെട്ടിപ്പിടിച്ച് കിടക്കുകയാണ്.  സാവിത്രി രമയുടെ അടുത്ത് ഒരു കസേലയില്‍  ഇരിക്കുന്നുണ്ട്.


''എല്ലാം റെഡിയല്ലേ. ആറുമണിക്ക് അവരെത്തും''ഗോപാലകൃഷ്ണന്‍നായര്‍ ചോദിച്ചു.


''കുറച്ചുമുമ്പ് ഒരു നേഴ്സ് വന്നുപറഞ്ഞു. ഞാന്‍  ഇവരെ ഓരോന്നു പറഞ്ഞ് സമാധാനിപ്പിക്ക്യാണ്''സാവിത്രിയാണ് മറുപടി പറഞ്ഞത്.


''എല്ലാ കാര്യൂം രണ്ടാളേം  പറഞ്ഞു മനസ്സിലാക്കീട്ടുണ്ട്. അവര്‍ക്കൊരു  പേടീം ഇല്ല''.


''അതല്ല സാറേ, അവരെ എങ്ങനീം സമാധാനിപ്പിക്കാം. പക്ഷെ ചേച്ച്യേ എങ്ങിനെ സമാധാനിപ്പിക്കും. അനു യാത്രപറഞ്ഞമുതല്‍ ചേച്ചി കരച്ചിലാണ്''. അപ്പോഴാണ് എല്ലാവരും ഇന്ദിരയെ ശ്രദ്ധിക്കുന്നത്. അവര്‍ കട്ടിലില്‍കിടന്ന് മകനെകെട്ടിപ്പിടിച്ച് ഏങ്ങലടിക്കുകയാണ്.


''എന്താ അനൂപ് പറഞ്ഞത്''.


''എനിക്കെന്തെങ്കിലും പറ്റ്യാല്‍ അമ്മ കരയാന്‍ പാടില്ല, രമേ കല്യാണംകഴിപ്പിച്ച് അവളടൊപ്പം അച്ഛനും അമ്മീം കഴിഞ്ഞോളൂ എന്നാ അവന്‍ പറഞ്ഞത്''.


''എന്‍റെ പൊന്നുമോനേ''രാമകൃഷ്ണന്‍ ഉറക്കെ അലമുറയിട്ടുകൊണ്ട് മകന്‍റെ അടുത്തേക്കുനീങ്ങി.


''എന്താ പൊതുവാളേ ഈ കാണിക്കണത്''ഗോപാലകൃഷ്ണന്‍ നായരുടെ ശബ്ദം ഉയര്‍ന്നു''കുട്ടിയ്ക്ക് ധൈര്യംകൊടുക്കേണ്ട നിങ്ങള്‍ ഇങ്ങിനെ തുടങ്ങ്യാലോ''. 


''ഞങ്ങളടെ മകന്‍ പോയിട്ട് ഞങ്ങളെന്തിനാ ജീവിച്ചിരിക്കിണത്. എന്തെങ്കിലും തിന്ന് ഞങ്ങളും ചാവും''അയാള്‍ ഊക്കില്‍ നെഞ്ചത്തടിച്ചു.


''രാമേട്ടാ, എനിക്കിതൊന്നും കാണാന്‍ വയ്യ. നമുക്ക് എവിടേങ്കിലുംചെന്ന് ഈ ജീവിതം അവസാനിപ്പിക്കാം''ഇന്ദിര എഴുന്നേറ്റ് ശിരസ്സുകൊണ്ട് ചുമരില്‍ ഇടിക്കാന്‍ തുടങ്ങി.


''കരഞ്ഞു ബഹളൂണ്ടാക്കി ഇവിടെ ഒരു സീനുണ്ടാക്കാനാണ് പുറപ്പാടെങ്കില്‍ അച്ഛനും അമ്മേം  ആണെന്നൊന്നും ഞാന്‍ നോക്കില്ല. ഇപ്പൊത്തന്നെ ഇവിടുന്ന് പറഞ്ഞയക്കും''ഗോപാലകൃഷ്ണന്‍നായര്‍ ശാസിച്ചതോടെ അവര്‍ അടങ്ങി.


''ഏറെ കഷ്ടപ്പെട്ടിട്ടാണ് കാര്യങ്ങള്‍ ഈ നിലയ്ക്ക് എത്തിച്ചത്. സാവിത്രി മാഡം ഇടപെട്ടതോണ്ട് ഡോക്ടര്‍ രാജന്‍ ഓപ്പറേഷന്‍ ചെയ്യാനെത്തി. ഇല്ലെങ്കില്‍ ഇത്ര സമര്‍ത്ഥനായ ഡോക്ടറെ കിട്ടില്ല. ഇനി വേണ്ടത് ദൈവത്തിന്‍റെ അനുഗ്രഹാണ് . ഒരുപാട് പേരടെ പലതരത്തിലുള്ള സഹായം ​നമുക്ക് കിട്ടീട്ടുണ്ട്. അവരുടെ പ്രാര്‍ത്ഥനീം അനുഗ്രഹൂം അനൂപിനോപ്പം എപ്പഴും ഉണ്ടാവും. ആ ധൈര്യം നമുക്കുണ്ടാവണം''അയാള്‍ എല്ലാവരോടുമായി പറഞ്ഞു''ഇനി അച്ഛനും അമ്മേം കരഞ്ഞുബഹളംകൂട്ടാതെ കണ്ണൊക്കെതുടച്ച് സന്തോഷത്തോടെ മക്കളടെ അടുത്ത് ചെല്ലിന്‍''.


''ഇല്ല സാറേ, ഞാനിനി ചെത്തം കൂട്ടില്ല''എന്ന് ഗോപാലകൃഷ്ണന്‍നായരോടു പറഞ്ഞ് രാമകൃഷ്ണന്‍  മകന്‍റെ നേരെതിരിഞ്ഞു.


 ''ഇങ്ങിട്ട് പോരുമ്പൊ അമ്പലത്തിലെ തിരുമേനി എന്‍റെ കുട്ട്യോട് പറഞ്ഞത് ഓര്‍മ്മീണ്ടോ. അത് മനസ്സില്‍ കരുത്യാമതി. എല്ലാം തേവര് നോക്കീക്കോളും. വേണ്ടാതെ ഓരോന്നുപറഞ്ഞ് അമ്മേ വേദനിപ്പിക്കണ്ടാ''.അനൂപ് തലയാട്ടി. സ്വതവേ നമ്പൂതിരിയുടെ വായില്‍നിന്ന് എന്തെങ്കിലും ഏടാകൂടമേ പുറത്തേക്ക് വരൂ. എന്നാല്‍ ഇങ്ങോട്ടു പോരുന്നദിവസം ഉണ്ടായത് അതല്ല . ഗണപതി ഹോമത്തിന്‍റെ പ്രസാദം  അദ്ദേഹം വീട്ടില്‍ കൊണ്ടുവന്നു തന്ന് ''ഒന്നോണ്ടും പേടിക്കേണ്ടാടോ. കാലില്‍ മുള്ളുകുത്ത്യേത് എടുത്തു കളയുണപോലെ തന്‍റെ ഉള്ളിലെ കേട് ഡോക്ടര്‍മാര് എടുത്തുകളഞ്ഞോളും. പിന്നെ സുഖായില്ലേ. തേവര് എപ്പഴും തന്‍റെ കൂടെ ഉണ്ടാവും. ഞാന്‍ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ചിട്ടുണ്ട്'' എന്നു സമാധാനിപ്പിച്ചിട്ടാണ്  പോയത്.


വാതില്‍ തുറന്ന് ഒരു മദ്ധ്യവയസ്ക്കനും ഒരു ചെറുപ്പക്കാരനും അകത്തുവന്നു. ഗോപാലകൃഷ്ണന്‍നായര്‍ക്ക് ആഗതരെ മനസ്സിലായില്ല.


''ആരാ''അയാള്‍ ചോദിച്ചു.


''ഏട്ടാ, ഇതാ ഞാന്‍പറഞ്ഞ ആള്‍ക്കാര്''ഇന്ദിര ഇടയില്‍ കയറിപറഞ്ഞു''അനൂന് നോക്ക്യേ കുട്ടിടെ അച്ഛനും രമയ്ക്ക് നോക്ക്യേ ആളും''.


''എന്താ പേര്''അയാള്‍ ആഗതരോട് ചോദിച്ചു.


''ഞാന്‍ നാരായണന്‍കുട്ടി പൊതുവാള്‍. ഇവന്‍ സജീവന്‍''അയാള്‍ തുടര്‍ന്നു ''വെളുപ്പിന് മൂന്നുമണിക്ക് ഞങ്ങള്‍ എഴുന്നേറ്റുപുറപ്പെട്ടതാണ്. വഴിക്കുവെച്ച് കാറ് കേടായി. അതാ എത്താന്‍ വൈക്യേത്''.


''ഇല്ല. ഒട്ടും വൈകീട്ടില്ല. ഞങ്ങളും ഇപ്പൊ എത്ത്യേതേള്ളു''. 


''ഓപ്പറേഷന്‍ കഴിഞ്ഞാല്‍ ഞാന്‍ പോവും. വീട്ടിലെ സ്ഥിതി അങ്ങിന്യാണ്. ഇവന്‍ ഇവിടെത്തന്നീണ്ടാവും''. വൈകാതെ നേഴ്സുമാരെത്തി.


''എല്ലാവരും പുറത്തേക്ക് പോണം. ഇവരുടെ ഡ്രസ്സ് മാറ്റിയിട്ട് തിയ്യേറ്ററിലേക്ക് കൊണ്ടുപോവാനാണ്''. നേഴ്സിന്‍റെ കല്‍പ്പന കേട്ടതും എല്ലാവരും മുറിയില്‍ നിന്നിറങ്ങി.


അദ്ധ്യായം - 65.


ഓപ്പറേഷന്‍ തിയേറ്ററിന്നു മുമ്പില്‍ ഇരുപ്പുതുടങ്ങിയിട്ട് മണിക്കൂറുകളായി. 


''പൊതുവാളേ, നിങ്ങള്‍ വീട്ടിലേക്ക് പൊയ്ക്കോളിന്‍. ഇവിടീങ്ങിനെയിരുന്ന് കഷ്ടപ്പെടേണ്ടാ''എന്ന് ഗോപാലകൃഷ്ണന്‍നായര്‍ പലതവണ പറഞ്ഞുവെങ്കിലും അതിന്ന് മനസ്സുവരുന്നില്ല. അകത്തുകിടക്കുന്നത് തന്‍റെ പൊന്നുമക്കളാണ്.


പകല്‍ കടന്നുപോയത് ആരും അറിഞ്ഞില്ല. വൈദ്യുത ദീപങ്ങള്‍ ചൊരിയുന്ന പ്രകാശം ആസ്പത്രിക്കകത്ത് രാപ്പകല്‍ ഭേദമില്ലാത്ത അവസ്ഥ ഒരുക്കിയിട്ടുണ്ട്. ഇന്ദിരയും സാവിത്രിയും ജലപാനമില്ലാതെ തൊട്ടുതൊട്ടുള്ള കസേലകളില്‍ മനം നിറയെ പ്രാര്‍ത്ഥനയുമായി ഇരിപ്പാണ്. പാറു ജനാലയ്ക്കുതാഴെ തറയില്‍ കാലും നീട്ടി ഇരിക്കുന്നു. അവളും പട്ടിണിയിലാണ്. രാമകൃഷ്ണന്‍ ഒരു ഓരത്ത് വെറും തറയില്‍ കിടപ്പുണ്ട്. മറ്റുള്ളവര്‍ പലഭാഗങ്ങളിലായി നില്‍പ്പാണ്. തിയ്യേറ്ററിന്‍റെ വാതില്‍ തുറന്ന് കയ്യിലൊരു കടലാസുമായി നേഴ്സെത്തി.


''ഈ മരുന്നുകളൊക്കെ വാങ്ങണം''അവര്‍ നീട്ടിയ കടലാസ് ഗോപാലകൃഷ്ണന്‍ നായര്‍ വാങ്ങി പ്രദീപിനെ ഏല്‍പ്പിച്ചു.


''ഓപ്പറേഷന്‍ കഴിഞ്ഞോ''അയാള്‍ ചോദിച്ചു.


''കഴിഞ്ഞു''.


''ഇപ്പൊ എങ്ങനീണ്ട്''.


''കുറച്ചുകഴിഞ്ഞാല്‍ ഡോക്ടര്‍ വിളിക്കും. അപ്പോള്‍ പറയും''അതും പറഞ്ഞ് അവര്‍ അകത്തേക്ക് പോയി.


പ്രദീപും ശെല്‍വനും മരുന്നുകളുമായി എത്തി. അവര്‍ വാതില്‍ക്കല്‍വെച്ച് ആ മരുന്നുകള്‍ നേഴ്സിനെ ഏല്‍പ്പിച്ചു. അകത്തുള്ളവരുടെ വിവരം അറിയാതെ എല്ലാവരുടേയും ആകാംക്ഷയുടെ മുള്‍മുനയിലാണ്. സമയം ഇഴഞ്ഞുനീങ്ങി.


''ഡോക്ടര്‍ വിളിക്കുന്നു'' വേറൊരു നേഴ്സ് വന്നുപറഞ്ഞപ്പോള്‍ എല്ലാവരും എഴുന്നേറ്റു.


''ആരും വരണ്ടാ. ഞാന്‍ പോയി അന്വേഷിക്കാം''ഗോപാലകൃഷ്ണന്‍നായര്‍ പറഞ്ഞു''വേണച്ചാല്‍ സജീവനും പോന്നോട്ടെ''. അവര്‍ തിരിച്ചു വരുന്നതും കാത്ത് എല്ലാവരുമിരുന്നു. അരമണിക്കൂറിന്നുശേഷമാണ് പോയവര്‍ തിരിച്ചു വന്നത്.


''ഡോക്ടര്‍ എന്തു പറഞ്ഞു'' എല്ലാവര്‍ക്കും അതാണ് അറിയാനുള്ളത്.


''ഓപ്പറേഷന്‍ ഭംഗിയായി കഴിഞ്ഞു. എങ്കിലും എല്ലാം ശരിയാവാന്‍ ഇനീം കുറച്ചു സമയെടുക്കും''ഡോക്ടര്‍ പറഞ്ഞത് മുഴുവന്‍ ഇവരോട് പറയണ്ട എന്ന് ഗോപാലകൃഷ്ണന്‍നായര്‍ നേരത്തെതന്നെ നിശ്ചയിച്ചതാണ്. ഒന്നാമത് അതു മുഴുവന്‍  ആര്‍ക്കും മനസ്സിലാവില്ല. മാത്രമല്ല ചിലപ്പോള്‍ ആരെങ്കിലും ചിലര്‍ പരിഭ്രമിച്ചു എന്നും വരാം.


''സമയം എത്ര വേണച്ചാലും എടുത്തോട്ടെ. മാറി കിട്ട്യാ മതി '' ഇന്ദിര കണ്ണുതുടച്ചു.


''ഞാന്‍ രാവിലെ പറഞ്ഞത് ഓര്‍മ്മീണ്ടല്ലോ. വെറുതെ സങ്കടപ്പെടരുത്''. 


''ഇല്ല ഏട്ടാ''ഇന്ദിര കണ്ണീരൊപ്പി.


''ഇനി ബ്ലഡ്ഡിന്‍റെ ആവശ്യം വരില്ലല്ലോ അങ്കിള്‍.  നമുക്ക് അന്‍വറണ്ണനേയും കൂട്ടുകാരേയും പറഞ്ഞയച്ചാലോ''പ്രദീപ് ചോദിച്ചു.


''വേണ്ടി വരുംന്ന് തോന്നുണില്യാ. എങ്കിലും ഞാനൊന്ന് അന്വേഷിച്ചുനോക്കട്ടെ'' ഗോപാലകൃഷ്ണന്‍നായര്‍ കെ.എസ്. മേനോനേയുംകൂട്ടി കോണിയിറങ്ങി നടന്നു.


''കുട്ടികളുടെ അച്ഛനെ രാജന്‍ ഡോക്ടര്‍ കാണണമെന്ന് പറഞ്ഞു''അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ താഴെനിന്ന് ഒരു നേഴ്സ് വന്നു  പറഞ്ഞു. 


അതുകേട്ടതും  രാമകൃഷ്ണന്‍ പരിഭ്രമിച്ചു. തന്നെ മാത്രം വിളിക്കണമെങ്കില്‍ എന്തെങ്കിലും ഗൌരവമായ കാര്യം പറയാനാവും . ഒരുപക്ഷെ കുട്ടികള്‍ രക്ഷപ്പെടാനുള്ള സാദ്ധ്യത ഇല്ലെന്നു പറയാനാവുമോ. അതോ പ്രതിഫലമായി വലിയ സംഖ്യ ചോദിക്കാനാവുമോ. കാല്‍ക്കാശിന്ന് വകയില്ലാത്തവനാണ് രാമകൃഷ്ണ പൊതുവാളെന്ന് ഒരുപക്ഷെ ഡോക്ടര്‍ക്ക് അറിയില്ലായിരിക്കും. ഗോപാലകൃഷ്ണന്‍ സാറുള്ളതാണ് ഏക സമാധാനം.  


''ഞാനും വരാം''എന്നുപറഞ്ഞ് ഇന്ദിര കൂടെ പുറപ്പെട്ടു. നേഴ്സ് കാണിച്ചുതന്ന മുറിയുടെ വാതില്‍തുറന്ന് രണ്ടുപേരും അകത്തേക്ക് കടന്നു.


''നിങ്ങള്‍ പൊയ്ക്കോളൂ. എനിക്ക് ഇദ്ദേഹത്തോടാണ് സംസാരിക്കാനുള്ളത്''എന്നു പറഞ്ഞു ഡോക്ടര്‍ ഇന്ദിരയെ തിരിച്ചയച്ചു. അതോടെ പരിഭ്രമം കൂടി.


 ''ഇരിയ്ക്കൂ''എന്നു പറഞ്ഞപ്പോള്‍ മടിച്ചുനിന്നു. മുന്നിലുള്ളത് വലിയ ഒരാളാണ്. അദ്ദേഹത്തിന്‍റെ മുമ്പില്‍ ഇരുന്നുകൂടാ. അല്‍പ്പംകഴിഞ്ഞതും ഡോക്ടര്‍ എഴുന്നേറ്റു വന്ന് കൈപിടിച്ച് കസേലയിലിരുത്തി.


''എനിക്ക് വളരെ പ്രധാനപ്പെട്ട ഒരുകാര്യം പറയാനുണ്ട്''എന്നു പറഞ്ഞപ്പോള്‍ ഉള്ളില്‍ തീവീണതുപോലെ തോന്നി. മകന്‍റെ കാര്യത്തില്‍ എന്തെങ്കിലും പ്രയാസം അദ്ദേഹം കണ്ടിട്ടുണ്ടാവുമോ എന്ന തോന്നലില്‍ ദേഹം വിറച്ചു.


''ഡോക്ടര്‍ എന്‍റെ കുട്ടിക്കെന്തെങ്കിലും ആപത്ത്''അത്രയേ പറയാനായുള്ളു.


''ഛേ, ഛേ. എന്തിനാ രാമേട്ടന്‍ ഇങ്ങിനെ പരിഭ്രമിക്കുന്നത്. കുട്ടികള്‍ക്ക് ഒന്നും സംഭവിക്കില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചോളൂ. എന്നെക്കൊണ്ട് ആവുന്നതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. ബാക്കി ഈശ്വരന്‍ നോക്കിക്കോളും. ഞാന്‍ പറഞ്ഞതില്‍  വിശ്വാസം ഇല്ലാന്നുണ്ടോ''.


''അയ്യോ, വിശ്വാസക്കേടൊന്നും ഇല്ല. ഉള്ളിലെ വേദനകൊണ്ട് ചോദിച്ചതാണ്''.


''എന്നാല്‍ ഇപ്പോള്‍ സമാധാനത്തോടെ പൊയ്ക്കോളൂ''.


''അപ്പൊ എന്തോ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞിട്ട്''.


''ഉണ്ട്. പക്ഷെ രാമേട്ടന്‍റെ ഈ അവസ്ഥയില്‍ എങ്ങിന്യാ പറയ്യാ''.


''പണത്തിന്‍റെ കാര്യത്തിനാണെങ്കില്‍ എന്‍റേല് കാല്‍ക്കാശില്ല. നാട്ടുകാരടെ കയ്യിന്ന് പിരിവെടുത്തിട്ടാണ് കുട്ട്യേ ചികിത്സിക്കിണത്. എന്നാലും ഡോക്ടര്‍ക്ക് വേണ്ടത് ഗോപാലകൃഷ്ണന്‍സാര്‍ തരും''.


''അതിന് ആരാ രാമേട്ടനോട് പൈസ ചോദിച്ചത്. ഒരു രൂപപോലും ഫീസായിട്ട് എനിക്കു വേണ്ടാ എന്നാ ഞാന്‍ സാവിത്ര്യോട് പറഞ്ഞത്. സൌജന്യായിട്ട് ചികിത്സിക്കാന്‍ കൊണ്ടുവരില്യാന്നു പറഞ്ഞതോണ്ട് ഫീസ് വാങ്ങാന്ന് ഞാന്‍ സമ്മതിച്ചു എന്നതാണ് വാസ്തവം''.


''പിന്നെന്താ എന്നെക്കൊണ്ട് സാധിക്കാനുള്ളത്''.


''വലിയൊരു കാര്യം ​സാധിക്കാനുണ്ട്. ഒരുപക്ഷെ രാമേട്ടനു മാത്രമേ എന്നെ സഹായിക്കാനാവൂ''. ഇത്രയും വലിയഡോക്ടര്‍ക്ക് എന്തു സഹായമാണാവോ വേണ്ടത്? ഒന്നും മനസ്സിലാവുന്നില്ലല്ലോ. വെറുതെ ഡോക്ടറുടെ മുഖത്തേക്ക് നോക്കിയിരുന്നു.


''എന്നാണ് രാമേട്ടന്‍ എന്നെ കാണാന്‍ ഒടുവില്‍ വന്നത്''. ആ രംഗം മനസ്സില്‍ ഒളി മങ്ങാതെ നില്‍പ്പുണ്ട്. സാവിത്രിയുടെ അച്ഛന്‍ മരിച്ച ദിവസമാണത്.


''സാവിത്രിക്കുട്ടിടെ കാര്യം സംസാരിക്കാന്‍ വന്നപ്പൊ''.


''അപ്പോള്‍ ഒന്നുംമറന്നിട്ടില്ല അല്ലേ''ഒന്നുനിര്‍ത്തി ഡോക്ടര്‍ തുടര്‍ന്നു''ആ കാര്യം നമുക്ക് ഒന്നുകൂടി ആലോചിച്ചാലോ''.


''എനിക്കൊന്നും മനസ്സിലാവുണില്യാ''.


''ഞാന്‍ തുറന്നു പറയാം. രാമേട്ടാ, എനിക്ക് സാവിത്രിക്കുട്ടിയെ വിവാഹം ചെയ്യണംന്നുണ്ട്''. ഒരു നിമിഷം അന്ധാളിച്ചു പോയി. ഇതെന്തൊരു ആശ്ചര്യം. ഒരിക്കല്‍ പുറങ്കാല്‍കൊണ്ട് തട്ടിക്കളഞ്ഞ ബന്ധമാണ്. എന്നിട്ട് ഈ വൈകിയ വേളയില്‍ എന്തേ ഇങ്ങിനെ തോന്നാന്‍ . അപ്പോള്‍ ഡോക്ടറുടെ ഭാര്യയും മക്കളും? ഒന്നും മനസ്സിലാവുന്നില്ലല്ലോ.


''രാമേട്ടന്‍ ആലോചിക്കുന്നത് എനിക്ക് മനസ്സിലായി. ഒരിക്കല്‍ ഞാന്‍ വേണ്ടാ എന്നുവെച്ച ബന്ധമാണ്. അന്ന് അമ്മായിയച്ഛന്‍ ആവാന്‍ പോവുന്ന ആളോടു തോന്നിയ ഭയത്തേക്കാള്‍ കൂടുതല്‍ വരാന്‍പോവുന്ന സൌഭാഗ്യങ്ങളെയാണ് ഞാന്‍ ചിന്തിച്ചത്. അത് തെറ്റായിപ്പോയി എന്ന് തിരിച്ചറിയാന്‍ ഒരുപാടു വൈകി. അപ്പോഴേക്ക് എല്ലാം നഷ്ടപ്പെട്ടു''.


''അന്ന് പിരിഞ്ഞതില്‍പ്പിന്നെ യാതൊന്നും അറിഞ്ഞില്ല. അടുത്ത കാലത്താണ് വീട്ടിലെന്തോ തകരാറുണ്ടെന്നുകേട്ടത്''മടിച്ചു മടിച്ചാണ് അത്രയും പറഞ്ഞത്.


''കേട്ടതെന്താണെങ്കിലും അതൊക്കെ ശരിയാണ് എന്ന് കരുതിക്കോളൂ. എല്ലാം വെട്ടിപ്പിടിച്ചു നേടി. അപ്പഴേക്ക് ജീവിതം കൈവിട്ടുപോയി''.


''ഭാര്യയും മക്കളും''.


''ഭാര്യയുമായി സ്വരച്ചേര്‍ച്ച ഇല്ലാതായിട്ട് അനവധി കൊല്ലായി. മക്കള്‍ക്ക് അമ്മ മതി. അച്ഛന്‍ പണമുണ്ടാക്കുന്ന യന്ത്രം മാത്രം''.


''വക്കീല്''.


''മരിച്ചിട്ട് പത്തു പന്ത്രണ്ടുകൊല്ലായി''.


''എന്താ ഇപ്പഴത്തെ അവസ്ഥ''.


''ആറേഴുകൊല്ലായി അമ്മയും മക്കളും അച്ഛന്‍ കൊടുത്ത തറവാട്ടിലാണ്. ഞാന്‍ ഒറ്റയ്ക്ക് കഴിയിണൂ. മകള്‍ കൂടെപഠിച്ച ഒരു ക്രിസ്ത്യാനിചെക്കനെ കല്യാണം കഴിച്ചൂന്നു കേട്ടു. എന്നെ കല്യാണത്തിന്ന് വിളിച്ചില്ല''.


''ഭാര്യയുമായി ബന്ധം പിരിഞ്ഞ്വോ''.


''വിവാഹമോചനത്തിന്ന് രണ്ടാളുംചേര്‍ന്ന് അപേക്ഷ കൊടുത്തിട്ടുണ്ട്. അത് വിധിയാവണം''.


''കഷ്ടായി''.


''ശര്യാണ്. പക്ഷെ ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ. ഒന്നേ ഇപ്പോള്‍ മനസ്സിലുള്ളു. ചെയ്തതെറ്റിന്ന് പ്രായശ്ചിത്തംചെയ്യണം. അതിന്  രാമേട്ടന്‍      എന്നെ സഹായിക്കണം''.


''ഞാന്‍ എന്താ ചെയ്യേണ്ടത്''.


''സാവിത്രിക്കുട്ട്യേ പറഞ്ഞു സമ്മതിപ്പിക്കണം''.


''എനിക്ക് അവളുടെ മനസ്സിലെന്താന്ന് അറിയില്ല. എങ്കിലും ഞാന്‍ പറഞ്ഞു നോക്കാം''.


''അതുമതി. ധൃതി കൂട്ടണ്ടാ''.


''ശരി. എന്നാല്‍ ഞാന്‍ പൊയ്ക്കോട്ടെ''. ഡോക്ടര്‍ വാതില്‍ക്കല്‍വരെ കൂടെ ചെന്നു.


''ഞാന്‍ രാവിലെനേരത്തെ പോവും. എങ്കിലും കുട്ടികള്‍ ഡിസ്ചാര്‍ജ്ജ് ആവും മുമ്പ് ഒരിക്കല്‍കൂടി ഞാന്‍ വരും''. കൈകൂപ്പി തൊഴുത് വരാന്തയിലൂടെ മെല്ലെ നടന്നു.


അദ്ധ്യായം - 66.



കോട്ടമൈതാനത്തെ സ്ഥിരംതാവളത്തില്‍ സുഹൃത്തുക്കള്‍ ഒത്തുകൂടുന്ന പരിപാടി ഏതാണ്ട് നിലച്ചമട്ടായി. സുമേഷ് വിദേശത്തേക്ക് പോയതും അനൂപ് കിടപ്പിലായതും മാത്രമല്ല മറ്റുള്ളവര്‍ ഓരോരോ തിരക്കുകള്‍ കാരണം എത്താതേയുമായി. മിക്കദിവസങ്ങളിലും പ്രദീപും റഷീദും അനൂപിന്‍റെ വീട്ടിലെത്തി വേണ്ട കാര്യങ്ങള്‍ അന്വേഷിക്കും. ഏതാനും ആഴ്ചകള്‍ കഴിഞ്ഞാണ് ശെല്‍വനെ ഇരുവരുംകണ്ടുമുട്ടുന്നത്. എന്തോ ആവശ്യത്തിന്നായി സിവില്‍സ്റ്റേഷനില്‍ ചെന്ന് തിരിച്ചുപോവുമ്പോള്‍ കോട്ടമൈതാനത്ത് റോഡരികില്‍ ഇളന്നീര്‍ കുടിച്ചുകൊണ്ട് പ്രദീപും റഷീദും നില്‍ക്കുന്നത് ശെല്‍വന്‍റെ കണ്ണില്‍പ്പെട്ടു. അവന്‍ അവരുടെ അടുത്ത് ബൈക്ക് നിര്‍ത്തിയിട്ട് ഇറങ്ങി.


''ഇന്നെന്താ മുട്ടബജ്ജിക്കും ചായയ്ക്കും പകരം ഇളന്നീരാക്ക്യേത്''അവന്‍ ചോദിച്ചു.


''ഇതാവുമ്പൊ കുടിക്കാനൂണ്ട്, തിന്നാനൂണ്ട്. അതാ ഇതാക്ക്യേത്''റഷീദ് പറഞ്ഞു.


''അതല്ലടാ. ഞാന്‍ ശബരിമലയ്ക്ക് പോണുണ്ട്. ഇപ്പൊ വൃതത്തിലാ''പ്രദീപ് തിരുത്തി''നീയെന്താ കല്യാണംകഴിഞ്ഞശേഷം വെളീല് ഇറങ്ങാറില്യേ''.


''ഹോട്ടലിന്ന് തോന്നുംപോലെ ഇറങ്ങി നടക്കാന്‍ പറ്റ്വോ. അത്വോല്ല കുറച്ച് പഠിക്കാനൂണ്ട്''.


''പഠിക്ക്യേ. ഇനി എന്താ പഠിക്കിണത്''.


''റെയില്‍വേ റിക്രൂട്ട്മെന്‍റ് പരീക്ഷീണ്ട്. ഈ പ്രാവശ്യം എങ്ങിന്യേങ്കിലും കടന്നുകൂടണം''. റഷീദ് ഒരുഇളന്നീര്‍ ചെത്തിവാങ്ങി അവന് കൊടുത്തു


''അനൂപിന് എങ്ങനീണ്ട്''ശെല്‍വന്‍ അന്വേഷിച്ചു.


''കുഴപ്പൂല്യാ. ഇപ്പൊ റെസ്റ്റിലാ''. 


''സുമേഷിന്‍റെ വിവരൂണ്ടോ''.


''ഇന്ന് രാവിലേംകൂടി വിളിച്ചിരുന്നു. അവന് സെയില്‍സ്മാന്‍റെ പണി ഇഷ്ടായീന്നാ പറഞ്ഞത്''.


''നിങ്ങളുടെ കാര്യോ''അവന്‍ ഇളന്നീര്‍ ആസ്വദിച്ചുകൊണ്ട് ചോദിച്ചു.


''ഞാന്‍ പഴേപോലെ ഈ ബാഗും തൂക്കി നടക്കുണൂ''റഷീദ് പറഞ്ഞു ''ഇവന്‍ ഓടിനടന്ന് കാശുണ്ടാക്ക്വാണ്''.


''അത്യോടാ പ്രദീപേ''.


''എങ്ങിന്യേങ്കിലും ജീവിക്കണ്ടേടാ. അതിന് ഓരോ വേഷംകെട്ട്വേന്നെ''.


''ഇനി നിന്‍റെ വിശേഷങ്ങള്‍ പറ''റഷീദ് ചോദിച്ചു.


''പറയാന്‍ മടീണ്ട്. നിങ്ങളോടായതോണ്ട് പറയ്യാ. ചേച്ചിക്കെന്തോ ചില പ്രശ്നൂണ്ട് എന്ന് കേട്ടു.


''എന്താന്ന് അറിയില്ലേ''.


''മുഴുവനും അറിയില്ല. കേട്ടപ്പൊ ഒരു സങ്കടം. എന്തൊക്കെ ആയാലും അവളെന്‍റെ പെങ്ങളല്ലേ''.


''അവള് തിരിച്ചുവന്നാല്‍ വീട്ടില്‍ കേറ്റ്വോ''.


''കേറ്റുംന്ന് തോന്നുണില്ല. അങ്ങിനെ ചെയ്താല്‍ ഞങ്ങളെ സമുദായത്തിന്ന് മാറ്റി നിര്‍ത്തും''.


''അച്ഛനും അമ്മേം എന്തു പറഞ്ഞു''.


''അച്ഛന്‍ ഒന്നും പറഞ്ഞില്ല. വിവരം പറഞ്ഞുകേട്ടപ്പൊ കണ്ണുംതുടച്ചോണ്ട് ഇരിക്കിണത് കണ്ടു. അമ്മയ്ക്കാ ദേഷ്യം. അവള് പിച്ചകുര്വോട്ടി എടുത്ത് തെണ്ടുണത് കാണണംന്ന് പറഞ്ഞു''.


''അത് നിന്‍റമ്മടെ വെറും മോഹാണ്. അവള് ഡോക്ടറാണ്. ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലില്‍ ജോലികിട്ടാന്‍ പ്രയാസംവരില്ല. അറ്റകൈയ്ക്ക് ഒരുറൂമെടുത്ത് ബോര്‍ഡുംവെച്ചിരുന്നാല്‍ അവളടെ ചിലവിനുള്ള കാശ് കിട്ടും''പ്രദീപ് പറഞ്ഞു''അതോണ്ട് കാര്യൂല്യല്ലോ. എന്തെങ്കിലും ആവശ്യം വരുമ്പൊ വേണ്ടപ്പെട്ടോര് ഉണ്ടാവണ്ടേ''.


''ആകെക്കൂടി മനസ്സമാധാനം ഇല്ലാണ്ടായി''.


''കുറെകഴിയുമ്പൊ ഒക്കെ ശരിയാവ്വോടാ. വിഷമിക്കാണ്ട് ഇരിക്ക്''റഷീദ് അവന്‍റെ തോളില്‍ തടവി. 


''എന്തോ വരുമ്പോലെ കാണാം. ഞാന്‍ പൊയ്ക്കോട്ടെ''.


''ഞങ്ങളും പോവ്വന്നെ''. മൂന്നുപേരും ബൈക്കുകള്‍ സ്റ്റാര്‍ട്ടാക്കി.

^^^^^^^^^^^^^^^^^^^

പത്തരമണിയോടെ റിങ്ങ് അടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ ശാരദ മൊബൈല്‍ എടുത്തു. പരിചയമില്ലാത്ത നമ്പറാണ്.


''ഹല്ലോ. ആരാ''അവര്‍ ചോദിച്ചു.


''ഞാനാ ചേച്ചീ. രാധിക''മറുവശത്തെ ശബ്ദംകേട്ടതും ശാരദ അമ്പരന്നു. അനിരുദ്ധന്‍റെ വിവാഹം കഴിഞ്ഞ് ഇത്രകാലത്തിനുള്ളില്‍ നാത്തൂന്‍ ഇങ്ങോട്ട് വിളിച്ചിട്ടില്ല. ഇതെന്താ ഇന്ന് ഒരത്ഭുതം. സന്തോഷംകൊണ്ട് അവളുടെ മനസ്സ് നിറഞ്ഞു.


''എന്താ മോളേ വിശേഷം''അവര്‍ ചോദിച്ചു.


''ഒന്നൂല്യാ ചേച്ചി. അന്യേട്ടന്‍ തുണികടേലിക്ക് ഇറങ്ങി. ഇനി ജ്വല്ലറീലും മെഡിക്കല്‍ സ്റ്റോറിലുംകൂടി കേറി ഉച്ചയ്ക്കേ വരൂ. കുളി കഴിഞ്ഞപ്പൊ മോള് ഉറങ്ങി. വെറുതെ ഇരുന്നപ്പൊ വിളിച്ചതാണ്''.


''അത് നന്നായി. അവന് വിശേഷിച്ചൊന്നും ഇല്ലല്ലോ''.


''ഇല്ല. സുഖായി പോണൂ. ചേച്ചി അമ്മടടുത്തൊന്ന് കൊടുക്ക്വോ''.


''ഇതാ ഇപ്പൊ കൊടുക്കാം''മറുവശത്ത് അമ്മേ മരുമോള് വിളിക്കുന്നൂന്ന് ശാരദചേച്ചി പറയുന്നത് രാധിക കേട്ടു.


''ഇത് ഞാനാമ്മേ രാധിക''എന്തെങ്കിലും പറയുന്നതിന്നുമുമ്പ് അനിരുദ്ധന്‍റെ അമ്മ മരുമകളുടെ സ്വരം കേട്ടു. 


''എന്താ മോളേ''ദേവകിയമ്മയുടെ ഒച്ചവിറച്ചു. എന്തോ ഒരു പരവേശം പോലെ തോന്നുന്നു. എഴുപത്തൊന്ന് വയസ്സിനുള്ളില്‍ തോന്നാത്ത ഒരു പരിഭ്രമാണ് ഇപ്പോഴുള്ളത്. കാര്യം മരുമകളൊക്കെത്തന്നെ. പക്ഷെ അവരൊക്കെ വലിയ ആള്‍ക്കാരാണ്.


''വെറുതെ ഇരുന്നപ്പൊ വിളിക്കണംന്ന് തോന്നി. അല്ലാതെ പ്രത്യേകിച്ച് കാര്യോന്നും ഉണ്ടായിട്ടല്ല''.


അനിരുദ്ധനെക്കുറിച്ചും കുട്ടിയെക്കുറിച്ചുമുള്ള അന്വേഷണങ്ങളിലൂടെ സംഭാഷണം നീണ്ടു.


''എനിക്ക് നിങ്ങളെ കാണണംന്നുണ്ട്''ദേവകിയമ്മ പറഞ്ഞു.


''അതിനെന്താ. ഞങ്ങള്‍ ഞായറാഴ്ച രാവിലെ നേരത്തെ എത്താം''രാധിക പറഞ്ഞു''അമ്മ മരുന്ന് എന്തെങ്കിലും കഴിക്കിണുണ്ടോ''.


''അങ്ങിനെ പ്രത്യേകിച്ചൊന്നൂല്യാ. കൈകാല്‍ കടച്ചിലിന്ന് കൊട്ടംചുക്കാദീം സഹചരാദീം ധന്വന്തരൂംകൂടി ചേര്‍ത്തത് പുരട്ടി ചുടുവെള്ളം ഒഴിക്കും. അല്ലാതെ അകത്തേക്ക് ഒന്നൂല്യാ''.


''ഞാന്‍ വരുമ്പൊ അതൊക്കെ വാങ്ങീട്ട് വരാട്ടോ. അവിടുന്ന് വാങ്ങണ്ടാ. അമ്മ ചേച്ചിടടുത്ത് ഒന്ന് ഫോണ്‍കൊടുക്കൂ''. ശാരദ ഫോണ്‍ ഏറ്റുവാങ്ങി.


''അതേ ചേച്ചീ. അവിടെ എന്ത് ആവശ്യൂണ്ടെങ്കിലും പറയാന്‍ മടിക്കണ്ടാ. കടകളിലിക്ക് മരുന്ന് സപ്ലേചെയ്യാന്‍ ദിവസൂം നമ്മടെ വണ്ടി ആ വഴിക്ക് വരുണുണ്ട്. വേണ്ടതൊക്കെ വാങ്ങി അതില്‍ കൊടുത്തുവിടാം''.


''എന്തിനാ മോളേ അങ്ങിന്യോക്കെ ബുദ്ധിമുട്ടുണത്''.


''ഒരു ബുദ്ധിമുട്ടൂല്യാ ചേച്ചി. അന്യേട്ടന്‍റടുത്ത് പറയുണതിന്ന് പകരം ചേച്ചി എന്നോട് പറയുണൂന്ന് കരുത്യാല്‍ മതി''.


''ഞായറാഴ്ച വരുമ്പൊ പറഞ്ഞാ പോരേ''.


''അതു മതി. എന്നാല്‍ നിര്‍ത്തട്ടെ''രാധിക കാള്‍ കട്ട് ചെയ്തു.


''എന്താമ്മേ ഇതിന്‍റ്യോക്കെ അര്‍ത്ഥം''സംഭാഷണം അവസാനിപ്പിച്ച് ശാരദ അമ്മയോട് ചോദിച്ചു.


''അനി കയ്യൊടിഞ്ഞ് കിടന്നപ്പൊ ഞാനവിടെ പോയില്യേ. അന്ന് രാധികടെ അച്ഛന്‍ പറഞ്ഞതാ എനിക്ക് ഓര്‍മ്മ വരുണത്. ഒരു ബുദ്ധിമുട്ടും വരാതെ നോക്കാന്നാണ് അന്നദ്ദേഹം പറഞ്ഞത്. അവരടെ കാര്യായിരിക്കും എന്നാ ഞാനപ്പൊ കരുത്യേത്. ഈ വീട്ടിലെ കാര്യം മനസ്സില്‍വെച്ചോണ്ടാണെന്ന് ഇപ്പഴാ മനസ്സിലാവുണത്''.


''നമ്മള് വല്യേ സ്ഥിത്യോന്നും ഇല്ലാത്തോരാണ്. എന്നാലും അവരടെ ചെലവില് കഴിയിണത് മോശാണെന്നാ എനിക്ക് തോന്നുണത്''.


''ഇത്രീംകാലം അവന്‍ തരുണകാശോണ്ടാണ് നമ്മള് കഴിഞ്ഞിരുന്നത്. ഇപ്പൊ അവന്‍ കമ്പിനീലെ ജോലിവിട്ട് അവരടെകൂടെ കൂടി. കാശ് തരുണതിന്ന് പകരം സാധനം എത്തിക്കിണത് ആണെങ്കിലോ''.


''എന്തോ എനിക്കറിയില്യ. എന്നും ഈ സല്‍ബുദ്ധി ഉണ്ടായാ മതി''.


''ഉണ്ടാവും. നല്ല സ്വഭാവ്വാണ് രാധികടെ എന്ന് പണിക്കാരിപ്പെണ്ണുങ്ങള്‍ പറയ്യേണ്ടായി. ആര്‍ക്കും എന്തും കൊടുക്കാന്‍ ഒരു മടീം ഇല്ലാത്രേ ആ കുട്ടിക്ക്''.


''നമുക്കൊന്നും തന്നില്ലെങ്കിലും വേണ്ടില്യാ എന്‍റമ്മേ. എന്‍റെ അനിയന്‍ വിഷമിക്കാതെ ഇരിക്കിണൂന്ന് കേട്ടാമതി''ശാരദ അടുക്കളയിലേക്ക് നടന്നു. ദേവകിയമ്മ മരുമകളെക്കുറിച്ചുള്ള ചിന്തകളില്‍ മുഴുകി.


അദ്ധ്യായം - 67.



സന്ധ്യയോടെയാണ് അനൂപും ഗോപാലകൃഷ്ണന്‍നായരും കെ. എസ്. മേനോനും സജീവനുമുള്‍പ്പെട്ട സംഘം തിരിച്ചെത്തിയത്. ഓപ്പറേഷന്‍ കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടു. പരിശോധനയ്ക്ക് എത്തണമെന്ന ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ചെന്നതായിരുന്നു അവര്‍.



''എന്താ ഏട്ടാ ഡോക്ടര്‍ നോക്കീട്ട് പറഞ്ഞത്''ഇന്ദിരയ്ക്ക് ആകാംക്ഷ അടക്കാനായില്ല.



''ഒട്ടും പേടിക്കാനില്ല. കുറച്ചുദിവസംകൂടി റെസ്റ്റ് ചെയ്യണം, ഇപ്പോ കഴിക്കിണ മരുന്നൊക്കെ മതി. മൂന്നുമാസം കഴിഞ്ഞിട്ട് ഒന്നുകൂടി കാണണം എന്നൊക്ക്യാണ് പറഞ്ഞത്''.



''എത്ര വേണച്ചാലും റെസ്റ്റെടുത്തോട്ടെ. കുഴപ്പൂല്യാതിരുന്നാല്‍ മതി''.



''അതല്ലേ ആദ്യംതന്നെ പേടിക്കാനില്ലാന്ന് പറഞ്ഞത്''.



''അമ്മേ, പ്രദീപും റഷീദും വിളിച്ചിരുന്നു''അനൂപ് പറഞ്ഞു''ഞാന്‍ വിവരം പറഞ്ഞുകൊടുത്തു''.



''ഇന്ന് ഏതോ സ്ഥലം റജിസ്ട്രാക്കിണുണ്ടത്രേ''ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു''അതാ അവന്‍ വരാഞ്ഞത്''.



''റഷീദിന്ന് ഇന്ന് മാനേജറുണ്ട്''അനൂപ് ആ വിവരം അറിയിച്ചു.



''പ്രദീപ് ഈ കാര്യം നേരത്തെ എന്നോട് പറഞ്ഞിരുന്നു. അവര്‍ക്കും ഉണ്ടാവില്ലേ ഓരോരോ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍. രണ്ടാളും ഇവനുവേണ്ടി നല്ലോണം കഷ്ടപ്പെട്ടിട്ടുണ്ട്. ജീവനുള്ള കാലം ഞാന്‍ അതൊന്നും മറക്കില്ല''ഇന്ദിര കടപ്പാട് അറിയിച്ചു.



''എന്തായാലും എന്‍റേ കുട്ടിടെ കഷ്ടകാലം മാറാറായി''രാമകൃഷ്ണന്‍ നെഞ്ചത്ത് കൈവെച്ചു.



''ഇനീപ്പൊ സമാധാനായിട്ട് ഇരിക്ക്യാ. ഞങ്ങള് ഇടയ്ക്കിടയ്ക്ക് വന്ന് കണ്ടോളാം''കൂട്ടുകാര്‍ യാത്ര പറഞ്ഞിറങ്ങി.



^^^^^^^^^^^^^^^^^^^^^


അല്ലലറിയാതെയാണ് അനൂപിന്‍റെ വിശ്രമജീവിതം കടന്നുപോവുന്നത്. മരുന്നുകള്‍ തീരുന്നമുറയ്ക്ക് ഗോപാലകൃഷ്ണന്‍നായര്‍ എത്തിക്കും.

ഇടയ്ക്കിടയ്ക്ക് അനൂപിനെ ആസ്പത്രിയിലേക്ക് ചെക്കപ്പിന്ന് കൊണ്ടു പോവുന്ന ഉത്തരവാദിത്വവും അയാള്‍ സ്വയം ഏറ്റെടുത്തു. വീട്ടിലെ മറ്റു കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പ്രദീപും കൂട്ടുകാരും എന്നുമുണ്ടാവും.



നാരായണന്‍കുട്ടി പൊതുവാള്‍ നാലോ അഞ്ചോ ദിവസം കൂടുമ്പോള്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ വരാറുണ്ട്. ചില ദിവസങ്ങളില്‍ അദ്ദേഹം 

അരിയും നാളികേരവും പച്ചക്കറികളുമായി ഓട്ടോറിക്ഷയിലാണ് എത്തുക.



''എന്തിനാ  കഷ്ടപ്പെട്ട് ഇതൊക്കെ ഏറ്റിക്കൊണ്ടുവരുണത്''എന്ന് ഇന്ദിര ചോദിക്കും.



''ഒന്നാമത് ഇതൊന്നും കാശുകൊടുത്ത് വാങ്ങുണതല്ല''അയാള്‍ മറുപടി പറയും''പിന്നെ അനു എന്‍റെ മരുമകനാവാന്‍ പോണ ആളല്ലേ. അവനും കുടുംബത്തിനുംവേണ്ടി കുറച്ചൊക്കെകഷ്ടപ്പെടാന്‍ ഞാന്‍ ബാദ്ധ്യസ്ഥനല്ലേ''.



''തേവരുടെ അനുഗ്രഹംകൊണ്ടാ ഞങ്ങള്‍ക്ക് ഇങ്ങിന്യൊരുബന്ധം കിട്ട്യേത്. കല്യാണം കഴിയിണതിന്നുമുമ്പന്നെ എന്‍റെ അനൂനെ സ്വന്തം മകനെപ്പോലെ അവര് സ്നേഹിക്കിണുണ്ടല്ലോ''എന്ന് ഇന്ദിര പലവട്ടം പറയാറുണ്ട്.



''ഈയിടെയായി ഇന്ദിരയ്ക്ക് ഈശ്വരവിശ്വാസംകൂടി വരുണുണ്ട്. മുമ്പ് ദൈവം എന്ന വാക്കുകേട്ടാല് കലിതുള്ളുണ ആളായിരുന്നു താന്‍''അതു കേള്‍ക്കുമ്പോള്‍ രാമകൃഷ്ണന്‍ ഭാര്യയെ പ്രകോപിക്കാനായി പറയും. 



''കഷ്ടപ്പാടും ബുദ്ധിമുട്ടും വരുമ്പൊ ആരും ദൈവത്തിനെ പഴിപറയും'' ഇന്ദിര തന്‍റെ പ്രവര്‍ത്തിയെ ന്യായീകരിക്കും''എന്നുവെച്ച് അതൊക്കെ ഉള്ളില്‍ത്തട്ടി പറയുണതാണെന്ന് കരുതണ്ടാ''.



''അല്ലെങ്കിലും ഈ അമ്മ സൂത്രക്കാര്യാണ്. തരംപോലെ പറയാനും കുറച്ച് സാമര്‍ത്ഥ്യംവേണം''രമയുടെ കമന്‍റ് വീട്ടില്‍ ചിരിയുടെ അലകളുയര്‍ത്തും. 



ദിവസങ്ങള്‍ ആഴ്ചകളിലേക്കും ക്രമേണ മാസങ്ങളിലേക്കുംനീങ്ങി. ഇടയ്ക്ക് അനൂപിന്‍റെ മനസ്സില്‍ പലപല മുഖങ്ങള്‍ തെളിഞ്ഞുവരും. കൊടിയവേദന സഹിച്ച് സ്വന്തം ശരീരത്തില്‍നിന്ന് ഒരുഭാഗം ദാനംചെയ്ത പൊന്നനിയത്തി രമയുടെ പുഞ്ചിരിക്കുന്നമുഖം, കൂട്ട ആത്മഹത്യയില്‍നിന്ന് കുടുംബത്തെ രക്ഷിക്കുന്നതിന്നും തന്നെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാനുമായി ഈശ്വരനെപ്പോലെ അവതരിച്ച ഗോപാലകൃഷ്ണനങ്കിളിന്‍റെ ഗൌരവം തുളുമ്പുന്ന മുഖം, ഒപ്പംനിന്ന മേനോനങ്കിളിന്‍റെ മുഖം, ഊണും ഉറക്കവും ഉപേക്ഷിച്ച് ആസ്പത്രിയില്‍ നില്‍ക്കുകയും ഇന്നും എല്ലാവിധ സഹായം നല്‍കുന്നവരുമായ കൂട്ടുകാരുടെ മുഖങ്ങള്‍, എത്രയോകാലം കഷ്ടപ്പെട്ടു 

സമ്പാദിച്ചത് മുഴുവന്‍ തന്‍റെ ചികിത്സയ്ക്കായി നല്‍കാന്‍ തയ്യാറായ മേമയുടെ മുഖം, കൂലിപ്പണിചെയ്തു സ്വരുക്കൂട്ടിയതെല്ലാം തന്‍റെ കയ്യില്‍ 

പിടിപ്പിച്ച് കണ്ണീരൊലിപ്പിച്ചുനിന്ന പാറുവിന്‍റെ മുഖം,നേരില്‍വന്നുകണ്ട് ആരേയും അറിയിക്കാതെ ഒരുകെട്ട് നോട്ടുകള്‍ അമ്മയുടെ കയ്യിലേല്‍പ്പിച്ച മാപ്ലവൈദ്യരുടെ മുഖം, ഭീമമായ സംഖ്യ സംഭരിക്കാന്‍ തിരക്കുകളെല്ലാം 

മാറ്റിവെച്ച് മുന്നോട്ടിറങ്ങിയ ശിവശങ്കരമേനോന്‍റെ മുഖം, പണംകൊണ്ടും ശരീരംകൊണ്ടും മനസ്സുകൊണ്ടും തന്നെ സഹായിച്ച ഒട്ടനവധി പേരുടെ മുഖങ്ങള്‍.



''ഈശ്വരാ, എത്രജന്മം ഞാന്‍ ചെയ്ത പുണ്യംകൊണ്ടാണ് ഇത്രയധികം 

നന്മ നിറഞ്ഞ മനുഷ്യരുടെ സഹായം എനിക്കു ലഭിച്ചത്''എന്നവന്‍ ഇടയ്ക്കൊക്കെ ആലോചിക്കും.



''വല്ലാതെ ക്ഷീണം തോന്നുണില്ലെങ്കില്‍ വെറുതെ ടി.വീം  നോക്കി ഇങ്ങിനെ കിടക്കുണതിന്നുപകരം ഏതെങ്കിലും കീര്‍ത്തനംമൂളിനോക്ക്'' അമ്മ മകനെ പ്രോത്സാഹിപ്പിക്കും''ഗോപാലകൃഷ്ണേട്ടന്‍ ശ്രമിച്ച് സിനിമേല് വല്ല ചാന്‍സ് കിട്ടുമ്പഴേക്ക് ഉള്ള കഴിവ് ഇല്ലാതാവണ്ടാ''.



പലപ്പോഴും അനൂപിന് അത്ഭുതം തോന്നാറുണ്ട്. ഈയിടെയായി അമ്മ വല്ലാതെ മാറിയിരിക്കുന്നു. ദേഷ്യം എന്ന വാക്കുപോലും അമ്മ മറന്ന മട്ടാണ്. ഇല്ലെങ്കില്‍ ഇടയ്ക്കിടയ്ക്കുള്ള രമയുടെ കളിയാക്കലിന്ന് അമ്മ അവളെ ശരിപ്പെടുത്തിയേനെ. ഇതൊക്കെയാണെങ്കിലും ചിലനേരത്ത് അവന്‍ ദുഖിതനാവും. എത്രകാലമാണ് മറ്റുള്ളവരെ ആശ്രയിച്ചുകഴിയുക. പാട്ടുകാരനാവുക എന്നമോഹം എളുപ്പത്തില്‍ നടക്കുന്ന ഒന്നല്ല. മറ്റുവല്ല 

മാര്‍ഗ്ഗവും കാണണം. ഏതെങ്കിലും കമ്പിനിയില്‍ റപ്രസന്‍റ്റേറ്റീവ് ആയി പണി കിട്ടിയാല്‍ ചേരുകതന്നെ. റഷീദിനോട് അന്വേഷിക്കാന്‍ പറയണം.



ഏതാനും ദിവസം ഈ ആശയം മനസ്സില്‍ കൊണ്ടുനടന്ന ശേഷമാണ് അവന്‍ റഷീദിനോട് വിവരം പറയുന്നത്.



''നിനക്ക് അതിന് ആവ്വോടാ, അനൂപേ''റഷീദിന്‍റെ ചോദ്യത്തിന്ന് അവന്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ തലയാട്ടി.


^^^^^^^^^^^^^^^^^^^^^^^^^^


''ഇന്ദിരേ''ഒരു ദിവസം ഉച്ചമയക്കത്തിന്നുശേഷം ഉണര്‍ന്ന രാമകൃഷ്ണന്‍ ഭാര്യയെ വിളിച്ചു''അതേ, നാളെ തിങ്കളാഴ്ച്യാണ്. രാവിലെ നേരത്തെ സാവിത്രിക്കുട്ടി പോവും. അതിനുമുമ്പ് താന്‍ അവളടെ മനസ്സിലിരുപ്പ് എന്താന്ന് അറിയണം. നാളെ ഡോക്ടര്‍ എന്നെ വിളിക്കുമ്പൊ വിവരം പറയാനാണ്''.



''ആ കട്ടിലുകണ്ട് അയാള് പനിക്കണ്ടാ''ഉത്തരം പെട്ടെന്നായിരുന്നു''ഇന്ന് അമ്പലത്തില്‍വെച്ചു കണ്ടപ്പൊ ഞാന്‍ ചോദിച്ചിരുന്നു. രാമേട്ടനോട് ആ കാര്യം പറയാന്‍ മറന്നതാ''.



'' എന്താ അവള് പറഞ്ഞത് ''.



''പൊതിഞ്ഞുകെട്ടികൊണ്ടുവന്ന അച്ഛന്‍റെ മുഖം മനസ്സിന്ന് പോയിട്ടില്ലാന്നു പറഞ്ഞു. അതിന് ആരാ കാരണക്കാരന്‍''.



''അപ്പൊ അവള്‍ക്ക് ഡോക്ടറോടുള്ള ദേഷ്യം മാറീട്ടില്ല അല്ലേ''.



''അവിട്യാ രാമേട്ടന്ന് തെറ്റുപറ്റ്യേത്. എനിക്കു വിധിച്ചിട്ടില്ലാന്നു കരുതി ഞാന്‍ ഇത്രനാളും കഴിഞ്ഞു. ഇനീം എനിക്ക് അങ്ങിന്യോക്കെ കഴിഞ്ഞാ  മതി. പക്ഷെ എവിട്യാണെങ്കിലും രാജേട്ടന്‍ സന്തോഷത്തോടെ കഴിയണം, അതേ ഞാന്‍ പ്രാര്‍ത്ഥിക്കാറുള്ളു എന്നാ അവള് പറഞ്ഞത്''.



''പിന്നെ എന്തിനാ അവള് ഡോക്ടറെ കാണുമ്പൊ ഗൌരവംകാട്ടി അകന്നു മാറുണത് ''.



''അല്ലെങ്കില്‍ വീണ്ടും അടുക്കാനുള്ള ശ്രമം ഉണ്ടാവുംന്നു വെച്ചിട്ടാത്രേ''.



''പെണ്ണുങ്ങളുടെ മനസ്സ് ദേവേന്ദ്രന്‍ കൂട്ട്യാല്‍പോലും മനസ്സിലാക്കാന്‍ 

 പറ്റില്ല''രാമകൃഷ്ണന്‍ നെടുവീര്‍പ്പിട്ടു.


^^^^^^^^^^^^^^^^^^^^^^^^^^^


ഒരു വ്യാഴാഴ്ച വൈകുന്നേരം ഗോപാലകൃഷ്ണന്‍നായരും കെ.എസ്. മേനോനും എത്തി. ഇന്ദിര അനൂപിന്‍റെ ഉദ്ദേശം അവരെ അറിയിച്ചു.



''നിനക്ക് കാറ്റുംവെയിലുംകൊണ്ട് അലയാന്‍ മോഹം തോന്നുണുണ്ടോ'' ഗോപാലകൃഷ്ണന്‍നായര്‍ അവനോട് ചോദിച്ചു.



''എനിക്ക് വെറുതെയിരുന്നു മടുത്തു അങ്കിള്‍. മനുഷ്യനായാല്‍ എന്തെങ്കിലും ചെയ്യണ്ടേ''. 



''തീര്‍ച്ചയായും ജോലിവേണം. അതു പറയാനാണ് ഞങ്ങളിപ്പൊ വന്നത്''. എല്ലാവരും ആ മുഖത്തേക്ക് ശ്രദ്ധിച്ചു.



''സുകുമാരന്‍ ഈ ശന്യാഴ്ച്ച ഹൈദരാബാദിലേക്ക് തിരിച്ചുപോണുണ്ട്. അയാള്‍ പോവുമ്പൊ അനൂപിനെ കൂടെകൊണ്ടുപോവും. ചിലതൊക്കെ പറഞ്ഞുവെച്ചിട്ടുണ്ട്. ശര്യായാല്‍ നമ്മടെ ഭാഗ്യം''.



 ശസ്ത്രക്രിയകഴിഞ്ഞ അനൂപ് വീട്ടിലെത്തി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞശേഷമാണ് വളരെകാലത്തിന്നുശേഷം കെ. എസ്. മേനോന്‍ ഹൈദരാബാദിലേക്ക് തിരിച്ചുപോയത്. പക്ഷെ രണ്ടാഴ്ച അവിടെ താമസിച്ച്  അദ്ദേഹം മടങ്ങിപ്പോന്നു.



''എനിക്ക് നിങ്ങള്യോക്കെ കാണാതിരിക്കാന്‍ വയ്യ. അതാ ഞാന്‍ തിരിച്ചു വന്നത്''അയാള്‍ പറഞ്ഞു. പിന്നീട് രണ്ടാഴ്ച ഹൈദരാബാദിലും ഒരാഴ്ച നാട്ടിലും എന്നരീതി അയാള്‍ അവലംബിച്ചു.



''എന്തിനാടോ ഇങ്ങിനെ ഓരോ പ്രാവശ്യൂം ട്രെയിനിന് ടിക്കറ്റെടുക്കാന്‍ മെനക്കെടുണത്. ശബരി എക്സ്പ്രസ്സിലെ ഒരുബെര്‍ത്ത് തന്‍റെപേരില്‍ വില കൊടുത്ത് വാങ്ങിക്കൂടേ''ഗോപാലകൃഷ്ണന്‍നായര്‍ കളിയാക്കും.



''എനിക്കെന്താ മെനക്കേട്. മകന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തുതരുണു. ഞാന്‍ വന്നുപോണു'' അയാള്‍ പറയും.



''അങ്കിള്‍ എന്‍റെകൂടെ വരില്ലേ''അനൂപ് ഗോപാലകൃഷ്ണന്‍നായരോട് ചോദിച്ചു.



''വരണംന്നുണ്ട്. പക്ഷെ അമ്മിണ്യേ ആരുനോക്കും''.



''അതിനാണോ പ്രയാസം''ഇന്ദിര ചാടിവീണു''ഞങ്ങള് പോയി നോക്കാം. അല്ലെങ്കിലോ ഇങ്ങിട്ട് കൊണ്ടുവരാം''.



''ശരി. ഞാനൊന്ന് ആലോചിക്കട്ടെ''.



''ഇത് ഇവന്‍ വേണംന്നുപറഞ്ഞതോണ്ട് ഞാന്‍ ഉണ്ടാക്ക്യേതാ''ഇന്ദിര എല്ലാവര്‍ക്കും പാല്‍പ്പായസം നല്‍കി.



''മുമ്പൊരിക്കല്‍ ഇതുപോലെ പാല്‍പ്പായസം ഉണ്ടാക്ക്യേത് ഓര്‍മ്മീണ്ടോ'' ഗോപാലകൃഷ്ണന്‍നായര്‍ ചോദിച്ചു.



''ഈ ജന്മത്ത് ഞങ്ങള്‍ക്ക് അതൊക്കെ മറക്കാനാവ്വോ''ഇന്ദിരയുടെ കണ്ണു നിറഞ്ഞു''അന്ന് എനിക്കൊരു ഏട്ടനെകിട്ടി. ജീവിതകാലം മുഴുവന്‍ ഞങ്ങളെ നോക്കുംന്ന് ഉറപ്പുള്ള ഏട്ടനെ''.



''എങ്കില്‍ അനൂപിന്ന് കൊണ്ടുപോവാനുള്ളതൊക്കെ ഒരുക്കിവെച്ചോളൂ. സുകുമാരന്‍ ടിക്കറ്റ് വാങ്ങീട്ടുണ്ട്''.



രാത്രി വൈകിയിട്ടേ ഇരുവരും തിരിച്ചു പോയുള്ളു. ഇരുട്ടിനെ തുളച്ച് ബുള്ളറ്റിന്‍റെ പ്രകാശം നീങ്ങുന്നതുംനോക്കി നാലുപേരും മുറ്റത്തുനിന്നു. ആ രാത്രി അച്ഛനും അമ്മയും മക്കളും ഉറങ്ങിയതേയില്ല. വരാനിരിക്കുന്ന നല്ല കാലത്തെക്കുറിച്ച് നാലു മനസ്സുകളും ഒരുപാട് സ്വപ്നങ്ങള്‍ നെയ്തു കൂട്ടുകയായിരുന്നു.



അദ്ധ്യായം 68.


അനൂപ് ഹൈദരാബാദിലെത്തി ആദ്യത്തെ ആഴ്ചത്തന്നെ അവന് ഒരു തെലുങ്കുസിനിമയ്ക്കുവേണ്ടി പാടാന്‍ അവസരം കിട്ടി. ആ വാര്‍ത്ത അനൂപിന്‍റെ വീട്ടുകാരെ മാത്രമല്ല അവനെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളേയും സന്തോഷത്തിലാറാടിച്ചു. 


ഇന്ദിരയുടെ ആഹ്ലാദത്തിന്ന് അതിരുകള്‍ ഉണ്ടായിരുന്നില്ല. അനൂപ് തിരിച്ചുവന്നതും അവനെ ഗുരുവായൂരില്‍ കൂട്ടിക്കോണ്ടുപോയി തൊഴുവിച്ച് തുലാഭാരം തൂക്കിക്കണം, അതു കഴിഞ്ഞതും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ചെന്ന് സരസ്വതി മണ്ഡപത്തിലിരുത്തി പാടിക്കണം എന്നൊക്കെ അവര്‍ ആഗ്രഹിച്ചു. 


പക്ഷെ അങ്ങിനെയൊന്നുമല്ല സംഭവിച്ചത്. ഒന്നിനുപുറകെ ഒന്നായി അവസരങ്ങള്‍ അനൂപിനെ തേടിയെത്തി. റിക്കാര്‍ഡിങ്ങും നിരവധി ഗാനമേളകളും അവന്‍റെ ജീവിതത്തെ തിരക്കുള്ളതാക്കി. മൂന്നുനാലുതവണ മേനോന്‍ നാട്ടില്‍ വന്നുപോയി. ഓരോതവണ വരുമ്പോഴും അയാള്‍ അനൂപിന്‍റെ ജോലിത്തിരക്കും അരുണിനും അവന്‍റെ കൂട്ടുകാര്‍ക്കും അവനോടുള്ള സ്നേഹവാത്സല്യങ്ങളും കരുതലും വീട്ടുകാരെ പറഞ്ഞുകേള്‍പ്പിക്കും. അതെല്ലാം സന്തോഷം നല്‍കിയെങ്കിലും മകനെ കാണാന്‍ കഴിയാത്തതില്‍ ഇന്ദിരയ്ക്കും രാമകൃഷ്ണനും വിഷമം തോന്നിയിരുന്നു.


''ഏട്ടാ, എന്നാ എന്‍റെ കുട്ട്യേ എനിക്കൊന്ന് കണാന്‍ കിട്ട്വാ''ഒരിക്കല്‍ വീട്ടിലെത്തിയ ഗോപാലകൃഷ്ണന്‍നായരോട് ഇന്ദിര തന്‍റെ സങ്കടം പറഞ്ഞു''അവനെ കണ്ടിട്ട് മാസം നാലായി''.


''ദിവസൂം രണ്ടുനേരം അവന്‍ ഫോണ്‍ ചെയ്യാറില്ലേ. പിന്നെന്താ''.


''അതൊക്കെ ശര്യേന്നെ. എന്നാലും നേരില്‍ കാണുണപോലെ ആവ്വോ. എന്നാ അവന്‍ വര്വാ''.


''അത് പറയാനാ ഞാനിപ്പൊ വന്നത്. അനൂപിന്ന് ഗള്‍ഫിലും ചില യൂറോപ്യന്‍രാജ്യങ്ങളിലും പാടാന്‍ പോവാനുണ്ട്. അരുണ്‍ എന്നെ വിളിച്ചു പറഞ്ഞതാ ഈ കാര്യം''അയാള്‍ പറഞ്ഞു''അനൂപിനെ ഈ സംഗതി അറിയിച്ചിട്ടില്ല. അവന്‍ ഇതറിഞ്ഞാല്‍ ഉടനെ നിങ്ങളെ വിളിക്കും. നിങ്ങള്‍ വിസമ്മതം പറഞ്ഞാല്‍ അവന്‍ പോവില്ല''. 


''അപ്പൊ അടുത്ത കാലത്തൊന്നും എന്‍റെ കുട്ട്യേ കാണാന്‍ പറ്റില്ലേ'' അയാള്‍ പറയുന്നത് മുഴുമിക്കാന്‍ ഇന്ദിര അവസരം നല്‍കിയില്ല.


''തോക്കിന്‍റെ എടേല്‍കേറി വെടിവെക്കണ്ടാ''അയാള്‍ തുടര്‍ന്നു''കൈ നിറയെ കാശ് കിട്ടുണ ഏര്‍പ്പാടാണ് ഇതൊക്കെ. വിദേശരാജ്യങ്ങളില്‍ പരിപാടിനടത്താന്‍ ആര്‍ക്കും അത്രയെളുപ്പം അവസരംകിട്ടില്ല. ഇത് ആരുട്യോ അനുഗ്രഹംകൊണ്ട് കിട്ട്യേതാണെന്ന് കരുത്യാ മതി''.


''എന്നാലും''


''ഒരു എന്നാലൂല്യാ''അയാളുടെ വാക്കുകളില്‍ ഗൌരവം നിറഞ്ഞു ''യാത്ര പോണതിന്നുമുമ്പ് അവന്‍ വരും. നിങ്ങള് രണ്ടാളേം കണ്ട് അനുഗ്രഹം വാങ്ങീട്ടേ അവന്‍ പോവൂ. ആ സമയത്ത് സങ്കടപ്പെട്വേ കരയ്യേ ചെയ്ത് കുട്ടിടെ മനസ്സ് വേദനിപ്പിക്കരുത്. ഞാന്‍ പറഞ്ഞത് മനസ്സിലായല്ലോ''. ഉവ്വെന്ന് ഇരുവരും തലയാട്ടി.


''അരുണിനെ വിളിച്ച് നമ്മള്‍ സംസാരിച്ച വിവരം പറഞ്ഞോട്ടെ. അവന്‍ അനൂപിനോട് ഈ കാര്യം പറഞ്ഞാല്‍ ഉറപ്പായും മകന്‍ നിങ്ങളെ വിളിക്കും. അപ്പൊ എതിര് പറയില്ലല്ലോ''.


''അവന്‍റെ നല്ലതിനല്ലേ. സന്തോഷത്തോടെ പോയി വരാന്‍ ഞാന്‍ പറഞ്ഞോളാം''രാമകൃഷ്ണന്‍ സമ്മതിച്ചു.


''ഇനി വേറൊരു കാര്യം പറയാം. അനൂപിന്ന് നല്ല വരുമ്പടീണ്ട്.  അതൊക്കെ അരുണ്‍ അവന്‍റെ പേരില്‍ ബാങ്കില്‍ ഇട്ടിട്ടുണ്ട്. ഇനി പുറംരാജ്യങ്ങളില്‍ പാടാന്‍ പോവ്വാണ്. അപ്പൊ ഇനീം കിട്ടും. അതോണ്ട് എന്തെങ്കിലും ചെയ്യണച്ചാല്‍ ചെയ്യാം''.


''എന്താ ഏട്ടന്‍ ഉദ്ദേശിച്ചത്. എനിക്കൊന്നും മനസ്സിലാവിണില്യാ''.


''കയ്യില്‍ കാശുണ്ടെങ്കില്‍ മനുഷ്യന് പലതുംതോന്നില്ലേ. കുറെസ്ഥലം വാങ്ങണം, വീടുവെക്കണം, സ്വര്‍ണ്ണംവാങ്ങണം എന്നൊക്കീള്ള ചില മോഹം ഉണ്ടാവില്യേ''.


''ഈശ്വരാ, ഞങ്ങള്‍ക്ക് അങ്ങിനെ ഒന്നൂല്യാ. മൂന്നുനേരം മുടങ്ങാതെ കഞ്ഞികുടിക്കാന്‍ കിട്ടണം, തല്ലി വെളുപ്പിച്ച് ഉടുക്കാന്‍ എന്തെങ്കിലും വേണം. അല്ലാതെ സ്വത്തിനും മുതലിനും ദൈവത്താണെ ഞങ്ങള്‍ക്ക് ഒരാഗ്രഹൂം ഇല്യാ. കഴിഞ്ഞതൊന്നും ഞങ്ങള് മറന്നിട്ടില്ല''.


''അല്ല. ഞാന്‍ പറഞ്ഞൂന്നേള്ളൂ.  നിങ്ങള് രണ്ടാളുടെ മനസ്സിലിരുപ്പ് എന്താണോ അത് ചെയ്യാം''.


''പെട്ടെന്ന് വേണ്ടത് കുട്ട്യേള് രണ്ടാളുടെ കല്യാണം നടത്തലാണ്. അതു കഴിഞ്ഞാല്‍ ഞങ്ങടെ ബാദ്ധ്യത തീര്‍ന്നു''രാമകൃഷ്ണന്‍ ആവശ്യം ഉന്നയിച്ചു.


''അത്വോല്ലാ ഏട്ടാ. പറഞ്ഞുവെച്ചിട്ട് കാലംശ്ശി ആയി. നമ്മള് കാര്യം കഴിഞ്ഞപ്പൊ പിന്നാക്കം മാറീന്ന് അവര്‍ക്ക് തോന്നില്ലേ. ആദ്യം രമടെ കല്യാണം. പിറ്റേദിവസം അനൂന്‍റേം''.


''രമടെ നടത്താം. അനൂപിന്‍റെ ഇപ്പൊ വേണ്ടാ''.


''അതെന്താ. അവന് എന്തെങ്കിലും കുഴപ്പൂണ്ടോ''ഇന്ദിര കരയാന്‍ ഒരുങ്ങി.


''വെറുതെ ഒരോന്ന് ആലോചിച്ചു കൂട്ടണ്ടാ. അനൂപിന്ന് കേടൊന്നും ഇല്ല. പക്ഷെ ഇപ്പോള്‍ അവന് തിരക്കുണ്ട്. ഒന്ന് പിടിച്ചു നില്‍ക്കട്ടെ. എന്നിട്ടാവാം കല്യാണം''. ആരും ഒന്നും മിണ്ടിയില്ല.


''എന്താ രണ്ടാളും ഒന്നും പറയാത്തത്. രമടെ കല്യാണം നടത്തണ്ടേ. പെണ്‍കുട്ടിയെ കെട്ടിച്ചയക്കുന്നതല്ലേ ആദ്യം ചെയ്യേണ്ടത്''.


''വേണം. പക്ഷെ അനൂന്ന് ഇങ്ങിനെ തിരക്കാണച്ചാല്‍ എങ്ങിന്യാ''.


''അതിനെന്തിനാ അനൂപ്. അവന്‍ കല്യാണത്തിന് എത്ത്യാപോരേ''.


''അപ്പൊ ക്ഷണിക്കാനും കാര്യങ്ങള്‍ നോക്കാനും ഒക്കെ ആരാ''.


''അതിനല്ലേ ഞങ്ങളൊക്കെ ഉള്ളത്. രമടെ കൂട്ടുകാരികളെ അവള്‍ വിളിച്ചോളും. നാട്ടുകാരേം അനൂപിന്‍റെ സുഹൃത്തുക്കളേം ഒക്കെ വിളിക്കാന്‍ നിങ്ങളാരും മിനക്കെടണ്ടാ. അത് അവന്‍റെ കൂട്ടുകാര്‍ ചെയ്യും. നിങ്ങളടെ ബന്ധുക്കളെ വിളിക്കാന്‍ നിങ്ങളന്നെ ചെല്ലണം. അതിന് കാറുമായി പ്രദീപ് വരും. എന്താ അതുപോരെ''.


''ധാരാളം. അവരൊക്കെ ഞങ്ങളടെ മക്കളന്യാണ്. അപ്പൊ എന്നക്കാ കല്യാണം നടത്തേണ്ടത്''.


''അടുത്താഴ്ച അനൂപെത്തും. അവന്‍ തിരിച്ചുപോണതിന്നുമുമ്പ് നമുക്ക് നിശ്ചയം നടത്താം. അനൂപ് പോയാല്‍ തിരിച്ചെത്താന്‍ മൂന്നുമാസാവും. അതനുസരിച്ച് നമുക്ക് ദിവസം നിശ്ചയിക്കാം. അതല്ലേ നല്ലത്''.


''ഒക്കെ ഏട്ടന്‍റെ ഇഷ്ടംപോലെ. അപ്പോഴേക്ക് പെണ്ണിന്‍റെ പരീക്ഷീം കഴിയും''.


''ഇനി പ്രശ്നം ഒന്നൂല്യല്ലോ''.


''അനൂപിന്‍റെ കാര്യോ''മടിച്ചു മടിച്ചാണ് ഇന്ദിര ചോദിച്ചത്.


''അടുത്തകൊല്ലം ഈ കാലത്ത് നടത്തും. അതുപോരേ''.


''സന്തോഷായി. രണ്ടുവീട്ടുകാരേം വിവരം അറിയിക്കണ്ടേ''.


''വേണോലോ. എപ്പോഴാ വേണ്ടത് എന്നറിയിച്ചാല്‍ മതി. കൂട്ടീട്ടു പോവാന്‍ കാറുമായിട്ട് ഇവിടെ ആളെത്തും''. 


''അതിനുമുമ്പ് നമ്മള്‍ ചെല്ലുണവിവരം ഫോണ്‍ ചെയ്തുപറയാം. അവരുടെ സൌകര്യൂം നോക്കണോലോ''.


''എന്നാ ഞാന്‍ ഇറങ്ങട്ടെ''.


''വര്‍ത്തമാനത്തിന്‍റെ എടേല്‍ ചായ വെക്കാന്‍ മറന്നു. ഞാന്‍ ചെന്ന് വെള്ളംവെച്ചിട്ട് തൊടീല് ഒന്ന് ചെന്നുനോക്കട്ടെ. ഒരുകുല വാഴയ്ക്ക മൂത്തുനില്‍ക്കുണുണ്ട്. അതിന്ന് രണ്ടുമൂന്ന് ചീര്‍പ്പ് പൊട്ടിച്ചുവരാം''.


''എന്‍റെ അനുപോയശേഷം നല്ലചീര കിട്ടാറില്ലാന്ന് അമ്മിണി പറയും''.


''വര്‍ത്തമാനം പറഞ്ഞിരുന്ന് ചോദിക്കാന്‍ വിട്ടു. ഇപ്പോഴാ ഓര്‍മ്മ വന്നത്. ഏടത്ത്യേമ്മയ്ക്ക് വിശേഷിച്ചൊന്നും ഇല്ലല്ലോ''.


''ഹേയ്. ഒന്നൂല്യാ. അനൂപിന്‍റെ പാട്ട് കേള്‍ക്കാന്‍ പറ്റിണില്ല എന്ന സങ്കടം മാത്രേ ഉള്ളൂ''.


''അവന്‍ വരട്ടെ. മതിയാവോളം പാടിക്കാലോ''. 


''ദിവസം രണ്ടുപ്രാവശ്യേങ്കിലും അവന്‍ അമ്മിണ്യേ വിളിക്കും. വിളിക്കാന്‍ വൈക്യാല്‍ അമ്മിണിയ്ക്ക് വെപ്രളാവും ''.


''അവനും  അമ്മമ്മാന്നുവെച്ചാല്‍ ജീവനാണ്'' ഇന്ദിര അകത്തേക്ക് നടന്നു. രാമകൃഷ്ണന്‍ നീട്ടിയദിനപത്രം ഗോപാലകൃഷ്ണന്‍നായര്‍ കൈനീട്ടി വാങ്ങി.

^^^^^^^^^^^^^^^^^^^^^^^^^^^^^^^^

സന്ധ്യകഴിഞ്ഞപ്പോഴാണ് അനിരുദ്ധന്‍ വീട്ടിലേക്ക് വിളിച്ചത്. ശാരദ മൊബൈലെടുത്തു.


''എന്താ അനി വിശേഷിച്ചൊന്നൂല്യല്ലോ''അവള്‍ ചോദിച്ചു. സാധാരണ രാവിലെ ഒമ്പതുമണിയോടെയാണ് അനിരുദ്ധന്‍ വിളിക്കാറ്. ഇന്നെന്താ പതിവില്ലാതെ ഈ നേരത്ത്.


''ഒന്നൂല്യാ ചേച്ചി''അയാള്‍ പറഞ്ഞു''അമ്മടെ നാമംചൊല്ലല് കഴിഞ്ഞ്വോ''.


''ഇതാ ഇപ്പൊ കഴിഞ്ഞതേള്ളു''.


''എന്നാല്‍ ചേച്ചി ലൌഡ് സ്പീക്കര്‍ ഇട്ടോളൂ. രണ്ടാള്‍ക്കും കേള്‍ക്കാലോ''.


''എന്നാ ഞാന്‍ അമ്മടടുത്ത് ചെല്ലട്ടെ''ശാരദ മൊബൈലുമായി അമ്മയുടെ അടുത്തെത്തിയശേഷം വിളിച്ചു''ഇനി എന്താച്ചാ പറഞ്ഞോ''.


''അമ്മേ, അമ്മയ്ക്ക് വയ്യായ ഒന്നൂല്യല്ലോ. കൈകാല്‍ കടച്ചിലൊക്കെ ഇപ്പൊ എങ്ങനീണ്ട്''.


''നിത്യം ചാവലുണ്ടാവുന്ന വീട്ടില് കരച്ചിലുണ്ടാവ്വോ. അതുപോലേന്നെ ഇതും. നല്ലോണം കടച്ചിലുണ്ടാവുമ്പൊ കുഴമ്പ് പുരട്ടും. അത്ര്യ്യേന്നെ''.


''നമുക്കൊരു യാത്ര പൊവ്വാ''.


''യാത്ര്യോ. എവിടേക്ക്''.


''പഴനി, മധുര, ട്രിച്ചി, തഞ്ചാവൂര്, കുംഭകോണം, ചിദംബരം, രാമേശ്വരം ഒക്കെ  പോവാം. നിങ്ങളാരും ഈ സ്ഥലോന്നും കണ്ടിട്ടില്ലല്ലോ''.


''ഒന്നിന്നും സാധിച്ചിട്ടില്ല. ആരൊക്ക്യാ പോണത്''.


''ഞാന്, രാധിക, അവളടെ അമ്മ, കുട്ടി ഒക്കെ ഇവിടുന്നുണ്ട്. നമ്മടെ വീട്ടിന്ന് ആരൊക്ക്യാ വരുണത്''.


''ഭാനുമതീം കുട്ടീം ഭര്‍ത്താവിന്‍റെ വീട്ടിലാണ്. എപ്പഴാ വര്വാന്ന് അറിയില്ല''. 


''അമ്മ ഒന്ന് അന്വേഷിച്ചിട്ട് പറയ്യോ. അപ്പൂന് യാത്ര ഇഷ്ടാണ്. അവരോട് വരാന്‍ പറയൂ. അതോ ഞാന്‍ തന്നെ പറയണോ''. 


''വേണ്ടാ, ഞാന്‍ പറഞ്ഞോളാം. എന്നെയ്ക്കാ പോണത്''.


''അഞ്ചാം തിയ്യതി രാവിലെ നേരത്തെ പോവും. പതിനൊന്നാം തിയ്യതി തിരിച്ചെത്തും''.


''ഞാന്‍ വിളിച്ചു ചോദിച്ചിട്ട് പറയാം''. പത്തുമിനുട്ട് കഴിഞ്ഞതും അനിരുദ്ധന്ന് കാള്‍ വന്നു.


''അവള്‍ക്ക് വരാന്‍ പറ്റില്ലാത്രേ. ഇനിയൊരിക്കല്‍ പോവുമ്പൊ വരാന്ന് പറഞ്ഞു''ചേച്ചി വിവരം അറിയിച്ചു.


''എന്താ ഇപ്പൊ പ്രശ്നം''.


''അമ്മായിയമ്മയ്ക്ക് വയ്യാന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയതാണ്. ഇനീം ഭേദായിട്ടില്യാത്രേ''.


''എന്താ അവര്‍ക്ക്''.


''ഒന്നൂല്യാ. വെറുതെ അയമ്മ ഓരോ കാരണൂണ്ടാക്ക്വേന്നെ''ചേച്ചി പറഞ്ഞു''നോക്ക് അനീ, ഞാനും വരുണില്യാ''.


''ചേച്ചിക്കെന്താ പ്രശ്നം''.


''എന്‍റെ കാര്യം നിനക്കറിയില്ലേ''.


പാവം ചേച്ചി. ഇരുപത്തിനാലാമത്തെ വയസ്സിലാണ് കല്യണം കഴിഞ്ഞത്. വെറും രണ്ടേരണ്ടു കൊല്ലം. ചേച്ചിയുടെ നെറ്റിയിലെ കുങ്കുമക്കുറി മാഞ്ഞ് പകരം ഭസ്മക്കുറിയായി. അതിന്നുശേഷം ശാരദചേച്ചി പുറത്തിറങ്ങിയിട്ടില്ല.


''അതും ആലോചിച്ചോണ്ട് ജീവിതകാലം മുഴുവന്‍ വീടിന്‍റെ പുറത്തേക്ക് കാലെടുത്തുവെക്കാതെ ഇരിക്കാന്‍ പറ്റ്വോ. ഉല്ലാസയാത്രയ്ക്കൊന്ന്വോല്ല നമ്മള് പോണത്. ക്ഷേത്രങ്ങള്‍ കാണാനും തൊഴാനും വേണ്ടീട്ടാണ്''.


''അങ്ങിനെ പറഞ്ഞുകൊടുക്ക്''അമ്മയുടെശബ്ദം ഇടയില്‍കൂടി കടന്നു വന്നു ''രാമേശ്വരത്ത് നിങ്ങള് അച്ഛന് വെലീടുന്നകൂട്ടത്തില്‍ അവള് അവനുംകൂടി വെലിയിട്ടോട്ടെ''.


''രാധികയ്ക്ക് എന്തോ പറയണോത്രേ''അനിരുദ്ധന്‍ പറഞ്ഞു. അയാള്‍ മൊബൈല്‍ ഭാര്യക്ക് കൈമാറി.


''അമ്മേ, ചേച്ചീം കൂട്ടി നാളെത്തന്നെ വരൂ. യാത്ര കഴിഞ്ഞുവന്നിട്ട് കുറച്ചു ദിവസം ഇവിടെ ഇരുന്നിട്ട് പോയാ മതി''.


''നോക്കട്ടെ കേട്ടോ മോളേ''ദേവകിയമ്മ പറഞ്ഞു''ചുറ്റുപാടൂള്ള ആളുകള് ശര്യല്ല. ആളില്ലാന്ന് കണ്ടാല്‍ കിട്ട്യേത് എടുത്തിട്ട് പോവും''.


''ആരേങ്കിലും കാവലിന്ന് ഏര്‍പ്പാടാക്ക്യാല്‍ പോരേ''.


ശരിയെന്നോ അല്ലയെന്നോ ദേവകിയമ്മ പറഞ്ഞില്ല. അനിരുദ്ധന്ന് ഉണ്ടായ സന്തോഷത്തിന്ന് അളവില്ല. തന്‍റെ ഉള്ളിലുള്ള ആഗ്രഹങ്ങള്‍ കണ്ടറിഞ്ഞ് രാധിക പെരുമാറുന്നുണ്ട്. 


''രാവിലെ വിളിക്കാട്ടോ അമ്മേ''അയാള്‍ കാള്‍ കട്ടാക്കി.


''അന്യേട്ടാ, ചേച്ചിക്കെന്താ വരാന്‍ മടി''രാധിക ചോദിച്ചു.


''വാസ്വോട്ടന്‍ മരിച്ചശേഷം ചേച്ചി എവിടേക്കും പോവാറില്ല'' അയാള്‍ പറഞ്ഞു''അമ്മടെ കാലശേഷം ചേച്ചിടെ കാര്യം എന്താവുംന്നാ അമ്മടെ ആധി''.


''എന്താ ഇത്ര ആധീണ്ടാവാന്‍. ഒറ്റ ആങ്ങളല്ലേ ഉള്ളൂ. അന്യേട്ടന്‍ ചേച്ച്യേ ഇങ്ങൊട്ട് കൂട്ടീട്ട് വരും. അത്ര്യന്നേ''.


''അതൊക്കെ.....''


''എന്താ. എനിക്ക് ബുദ്ധിമുട്ടാവും എന്നാണോ? നോക്കൂ അന്യേട്ടാ, എനിക്ക് രണ്ട് ഏട്ടന്മാരേ ഉള്ളൂ. ചേച്ചിമാരില്ല. ആ കുറവ് ദൈവം തീര്‍ത്തതാണെന്ന് ഞാന്‍ കരുതും''.


തന്‍റെ മുന്നില്‍നില്‍ക്കുന്നത് ഏതോ ദേവതയാണെന്ന് അനിരുദ്ധന്ന് തോന്നി.


അദ്ധ്യായം 69.


സായംസന്ധ്യകളില്‍ ചേക്കേറാന്‍ പോവുന്ന പക്ഷിക്കൂട്ടങ്ങളോടൊപ്പം ദിവസങ്ങളും പറന്നകന്നു.  തിരക്കുകളെല്ലം മാറ്റിവെച്ച് രണ്ടാഴ്ചത്തെ താമസത്തിന്ന് അനൂപ് വീട്ടിലെത്തുകയാണ്.


''പെങ്ങളുടെ കല്യാണനിശ്ചയം കഴിഞ്ഞതിന്‍റെ പിറ്റേന്ന് പോയ ആളാണ്. കല്യാണത്തിനാ ഇപ്പൊ വന്നുകയറുന്നത്''ഇന്ദിര മനസ്സിലുള്ള ഇഷ്ടക്കേട് തുറന്നുപറഞ്ഞു.


''അവന്‍ കേള്‍ക്കച്ചലെ ഇതൊന്നും പറയരുത്. ആ കുട്ടിക്ക് സങ്കടാവും'' രാമകൃഷ്ണന്‍ പറഞ്ഞു''ഗോപാലകൃഷ്ണന്‍ സാറും കേള്‍ക്കണ്ടാട്ടോ. മൂപ്പരക്കും ഇഷ്ടാവില്ല''.


''ഏയ്. എനിക്കറിയില്ലേ. ഇപ്പൊ നമ്മള് രണ്ടാള് മാത്രോല്ലേ ഇവിടീള്ളൂ എന്നുവെച്ച് പറഞ്ഞതാ''.


''നമ്മടെ മകന്‍ നമ്മള്‍ മോഹിച്ചതിലുംവെച്ച് ഒരുപാടുയരത്തിലെത്തി. അപ്പോള്‍ അവന് വിചാരിച്ചപോലെ വരാന്‍പറ്റില്ലാ. അല്ലാതെ വേണ്ടാ എന്ന് വെച്ചിട്ടാവില്ല. അവന്‍ ഇനീം നന്നായിവരാന്‍വേണ്ടി തേവരോട് പ്രാര്‍ത്ഥിക്ക്യാ. അതല്ലേ നമ്മള്‍ ചെയ്യണ്ടത്''.


''രാമേട്ടന്‍ പറഞ്ഞതന്യാണ് ശരി. ഇനി ഞാന്‍ ഒരു കുറ്റൂം പറയില്ല''. ആ നേരത്ത് മൊബൈല്‍ ബെല്ലടിച്ചു. ഇന്ദിര വേഗം അതെടുത്ത് സംസാരിച്ചു.


''പ്ലെയിന്‍ എത്തീന്ന് അറിയിക്കാന്‍ രമ വിളിച്ചതാ''. അനൂപിനെ കൂട്ടിയിട്ട് വരാന്‍ വിമാനത്താവളത്തിലേക്ക് പോയതാണ് രമ.


''ഇനീം നേരം പിടിക്കില്ലേ അവരെത്താന്‍''.


''വേണ്ടിവരും. സാധനങ്ങളൊക്കെ കിട്ടീട്ടുവേണ്ടേ പോരാന്‍. രണ്ടുമൂന്ന് മണിക്കൂര്‍ ഓടാനൂണ്ട്''.


''അപ്പഴയ്ക്കും സന്ധ്യ കഴിയില്ലേ''.


''പിന്നല്ലാതെ. അതാ ഞാന്‍ പെണ്ണിനോട് പോണ്ടാന്ന് പറഞ്ഞത്. ഏട്ടന്‍ എത്ത്യേതും എനിക്കു കാണണംന്ന് ഒരേവാശി. എന്നാല്‍ അവള് കൂടെ പോന്നോട്ടെ എന്ന് ഏട്ടന്‍ പറഞ്ഞപ്പൊ ഞാന്‍ വേണ്ടാന്ന് പറഞ്ഞില്യ''. 


''കല്യാണത്തിന്ന് നാലുദിവസോല്ലേ ഉള്ളൂ. അതുകഴിഞ്ഞാല്‍ കൈ കെട്ടും കാല്‍ കെട്ടും ആയില്ലേ''.


''അല്ലെങ്കിലും പെണ്ണുങ്ങളടെ കാര്യം അങ്ങിന്യാണ്. സ്വാതന്ത്രം എന്ന സാധനം കുട്ടീലും ഇല്ല വലുതായാലും ഇല്ല''. ഒമ്പതുമണിയോടെയാണ് അനൂപും സംഘവും എത്തിയത്. ഗോപാലകൃഷ്ണന്‍നായരെ വീട്ടില്‍ ഇറക്കിവിട്ടിട്ടാണ് അവര്‍ വന്നത്.


''അമ്മമ്മേ കണ്ട്വോ''ഇന്ദിര ചോദിച്ചു.


''കാണും ചെയ്തു. ഏട്ടന്‍ അമ്മമ്മയ്ക്ക് ഒരു പാട്ട് പാടി കേള്‍പ്പിക്കും ചെയ്തു''രമയാണ് മറുപടി പറഞ്ഞത്.


''എന്നാല്‍ ഇട്ട ഡ്രസ്സൊക്കെ മാറ്റ്. ആഹാരം കഴിക്കണ്ടേ. ഇപ്പൊത്തന്നെ വൈകി''.


''വഴിയ്ക്കിന്ന് വല്ലതും കഴിക്കണോന്ന് അങ്കിള്‍ ചോദിച്ചു. അമ്മ ഉണ്ടാക്കീത് കഴിക്കണംന്ന് ഏട്ടന്‍ പറഞ്ഞതോണ്ടാ കഴിക്കാഞ്ഞ്''.


ഇന്ദിരയുടെ മനസ്സ് നിറഞ്ഞു, രാമകൃഷ്ണന്‍റേയും. പ്രദീപും റഷീദും യാത്ര പറഞ്ഞ് ഇറങ്ങി. അവര്‍ വന്ന ടാക്സി പുറപ്പെട്ടു. അടുത്ത പ്രഭാതം മുതല്‍ ഉത്സവപ്രതീതിയായിരുന്നു അനൂപിന്‍റെ വീട്ടില്‍. അവനെ കാണാനായി ധാരാളംപേര്‍ വന്നുകൊണ്ടിരുന്നു.


''ഇങ്ങിനെ പോയാല്‍ എന്താ ചെയ്യാ. ചായ കൂട്ടാന്‍ തന്നെ നേരൂള്ളൂ'' താല്‍ക്കാലികമായി അടുക്കളപ്പണിക്കെത്തിയ ലക്ഷ്മിയമ്മ പരാതി പറഞ്ഞു.


''അതു കഴിഞ്ഞിട്ടു മതി ബാക്കി പണി. എത്ര ആളുകള് സഹായിച്ചിട്ടാണ് എന്‍റെ കുട്ടി രക്ഷപ്പെട്ടത് എന്നറിയ്യോ''.


''എനിക്ക് വിരോധം ഉണ്ടായിട്ടല്ല. ആ കുട്ടിക്ക് കുറച്ചുനേരം കിടക്കണം എന്നുണ്ടാവില്ലേ''.


''രണ്ടു കാര്യേ ചെയ്യാനുണ്ടായിരുന്നുള്ളു. ഒന്ന് തേവരെ കണ്ട് തൊഴുക്വാ. പിന്നെ വാരിയത്തമ്മേ കാണ്വാ. രണ്ടും അവന്‍ കാലത്തന്നെചെയ്തു. ഇനി കിടക്ക്വേ ഇരിക്ക്വേ എന്തു വേണച്ചാലും ആയിക്കോട്ടെ''.


മണ്ഡപത്തിന്‍റെ മുമ്പില്‍ അളിയനെ സ്വീകരിക്കാന്‍ നിന്നു എന്നല്ലാതെ കല്യാണത്തിന്‍റെ ബദ്ധപ്പാടുകള്‍ യാതൊന്നും അനൂപ് അറിഞ്ഞില്ല. എല്ലാ കാര്യവും ഗോപാലകൃഷ്ണന്‍നായരുടെ മേല്‍നോട്ടത്തില്‍ ചങ്ങാതിമാര്‍  കണ്ടറിഞ്ഞ് ചെയ്തിരുന്നു. കെ.എസ്.മേനോന്‍റെ ഭാര്യവന്നില്ല എന്ന ഒരു സങ്കടം മാത്രമേ അനൂപിന്ന് ഉണ്ടായിരുന്നുള്ളു.


''അമ്മമ്മെപ്പോലെ ആന്‍റിക്കും എന്നെ വല്യേ ഇഷ്ടാണ്. ഞാന്‍ ആന്‍റിടെ അടുത്ത് പ്രത്യേകം പറഞ്ഞതാ കല്യാണത്തിന്ന് വരണംന്ന്. അങ്കിള്‍ വന്ന് കൂട്ടീട്ട് വര്വാണെങ്കില്‍ വരാം. ഇല്ലെങ്കില്‍ നിന്‍റെ കല്യാണത്തിന്ന് ഉറപ്പായും ഉണ്ടാവും എന്നാ എന്നോട് പറഞ്ഞത്'' അനൂപ് അമ്മയോട് പറഞ്ഞു ''അങ്കിള്‍ പോയതും ഇല്ല. ആന്‍റി വന്നതും ഇല്ല''. 


''അവര്  തമ്മിലുള്ള മുഷിച്ചില്  തീര്‍ന്നിട്ടുണ്ടാവില്ല''ഇന്ദിര പറഞ്ഞു


''മുഷിച്ചിലൊന്നൂല്യാ. അങ്കിള്‍ ചെലപ്പൊ അങ്ങിന്യാണ്. ചെല്ലാന്ന് പറയും. ചെല്ലില്ല''. 


''അതിരിക്കട്ടെ. അയമ്മയ്ക്ക് മലയാളം അറിയ്യോ''.


''നല്ല പച്ചവെള്ളംപോലെ മണിമണിയായി സംസാരിക്കും''.


''കുറെ കൊല്ലായില്ലേ മലയാളിടെ ഭാര്യയായിട്ട്. അങ്ങിനെ പഠിച്ചതാവും''.


കല്യാണവും വിരുന്നുകൂട്ടിക്കൊണ്ടുപോക്കും അതിനോടനുബന്ധിച്ച തിരക്കുകളും ഒരുവിധം തീരുമ്പോഴേക്ക് അനൂപിന്ന് പോവാറായി. അതിന്നുമുമ്പ് ഒരുരാത്രി അച്ഛനമ്മമാരോടൊപ്പം അനൂപ് സംസാരിച്ചു കൊണ്ട് ഇരിക്കുകയാണ്.


''നിശ്ചയത്തിന്ന് നീ വരുംമുമ്പ് ഗോപാലകൃഷ്ണേട്ടന്‍ ഞങ്ങളോട് ഒരു കാര്യം പറഞ്ഞിരുന്നു''ഇന്ദിര സംഭാഷണത്തിന്ന് തുടക്കമിട്ടു.


''എന്താ അമ്മേ''.


''അതേയ്, പണ്ടത്തെപ്പോലെ ഒന്ന്വോല്ല. അനൂപിന്ന് നല്ല വരുമ്പടീണ്ട്. സ്ഥലോ സ്വര്‍ണ്ണോ എന്തെങ്കിലും വാങ്ങി ഇടണോന്ന് ചോദിച്ചു''.


''എന്നിട്ട് അമ്മ എന്തു പറഞ്ഞു''.


''മൂന്നുനേരം കുടിക്കാന്‍ കഞ്ഞീം നാണം മറയ്ക്കാന്‍ എന്തെങ്കിലും തുണീം കിട്ട്യാല്‍ ധാരാളായീന്ന് ഞാനും  പറഞ്ഞു. നിനക്ക് വല്ല മോഹൂണ്ടോ''.


''അച്ഛനേം അമ്മേം നോക്കി സന്തോഷായിട്ട് കൂടെ ഇരിക്കണം എന്നേ എനിക്കുള്ളു. അതിന്ന് പറ്റിണില്യല്ലോ. അതാ സങ്കടം''.


''അത് സാരൂല്യാ. നന്നാവാന്‍ വേണ്ടി കഷ്ടപ്പെടാതെ പറ്റില്ലല്ലോ. ആട്ടെ നിനക്ക് ടൌണില്‍ സ്ഥലോ വീടോ വേണോ''.


''എന്താ അച്ഛനും അമ്മയ്കും ഇവിടം വിട്ട് പോണംന്നുണ്ടോ''.


''ഇവിടുന്ന് ഒരിടത്തേക്കും ഞാനില്ല. തേവരെ കണ്ടുതൊഴുത് ഇനീള്ള കാലം കഴിഞ്ഞുകൂടണം. അത് ഒറ്റമോഹേ എനിക്കുള്ളു''രാമകൃഷ്ണന്‍ പറഞ്ഞു.


''വല്ലതും വെച്ചുണ്ടാക്കി രാമേട്ടന്ന് കൊടുത്ത് ബാക്കി കഴിച്ച് ഞാനും കൂടും''.


''അച്ഛനും അമ്മയും എവട്യാണോ ഞാനും അവിട്യാണ്. എനിക്ക് എവിടക്കും താമസം മാറ്റണ്ടാ''അനൂപ് തീര്‍ത്തുപറഞ്ഞു. മകന്‍റെ വാക്കുകള്‍ ഇന്ദിരയുടേയും രാമകൃഷ്ണന്‍റേയും ഉള്ളംകുളിര്‍പ്പിച്ചു.


അദ്ധ്യായം 70.


കല്യാണം കഴിഞ്ഞുപോയ രമ വല്ലപ്പോഴുമാണ് വീട്ടിലേക്ക് വരാറുള്ളത്. വന്നാല്‍ അവള്‍ അരുമക്കുട്ടിയായി മാറും. ഇന്ദിര പഴയപോലെ അവളെ ശാസിക്കാറോ ശകാരിക്കാറോ ഇല്ല. അതുകൊണ്ടുതന്നെ രമ  അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കാറുണ്ട്.


രമ വീട്ടിലേക്ക് വന്നതിന്‍റെ പിറ്റേന്ന് അടുക്കളപ്പണികള്‍ തീര്‍ത്ത് ഇന്ദിര വന്ന സമയം. രാമകൃഷ്ണനും രമയും ടി.വി. കാണുകയാണ്.


''ഞാന്‍ ഒരു മോഹം പറഞ്ഞാല്‍ അമ്മ സാധിച്ചു തര്വോ''രമ ചോദിച്ചു.


''എന്നെക്കൊണ്ട് ആവുണതാണെങ്കില്‍ സാധിച്ചുതരും''.


''ഉറപ്പായിട്ടും ചെയ്യ്വോലോ''.


''ചെയ്യും''.


''എന്നാല്‍ അമ്മ ഒരു സിനിമാപാട്ട് പാടൂ''.


''പോടി പെണ്ണേ. നീയും നിന്‍റെ ഒരു പാട്ടും''.


''ഇതാ അമ്മ വാക്കുമാറി. ഞാനിനി മിണ്ടില്ല''അവള്‍ കുട്ടികളെപ്പോലെ പിണക്കം നടിച്ചു.


''എന്തെങ്കിലും രണ്ടുവരി പാടി കൊടുക്കൂ ഇന്ദിരേ. കുട്ടിടെ മോഹോല്ലേ'' രാമകൃഷ്ണന്‍ ഇടപെട്ടു.


''അതിന് എനിക്ക് ഇപ്പഴത്തെ പാട്ടൊന്നും അറിയില്ല''.


''അത് സാരൂല്യാ. അമ്മ ഒരു പഴേ പാട്ട് പാട്യാല്‍ മതി''.


''എന്നാല്‍ ആ കുന്ത്രാണ്ടം ഒന്ന് നിര്‍ത്ത്''. രമ ഓടിച്ചെന്ന് ടി.വി. ഓഫാക്കി. ഇന്ദിര തൊണ്ടശരിയാക്കി പതുക്കെ പാടിത്തുടങ്ങി.


''ഏഴു സുന്ദര രാത്രികള്‍ ഏകാന്ത സുന്ദര രാത്രികള്‍ വികാര തരളിത ഗാത്രികള്‍ വിവാഹപൂര്‍വ്വ രാത്രികള്‍''. അശ്വമേധത്തിലെ ഒരിക്കലും പുതുമനഷ്ടപ്പെടാത്ത പ്രശസ്തമായഗാനം അവിടെമാകെ പരന്നുതുടങ്ങി അനുഗൃഹീതഗായിക പി.സുശീലയുടെ ശബ്ദസൌകുമാര്യവും ഷീലയുടെ സൌന്ദര്യവും അഭിനയമികവും സമ്മേളിച്ച ആ രംഗം രാമകൃഷ്ണന്‍റെ മുന്നിലൂടെ കടന്നുപോയി. അയാളും രമയും അതില്‍ ലയിച്ചിരുന്നു. പാട്ടു കഴിഞ്ഞതും രമ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് ഇരുകവിളുകളിലും മാറിമാറി ചുംബിച്ചു.


''എത്ര കൊല്ലായി ഇന്ദിര പാടി കേട്ടിട്ട്''രാമകൃഷ്ണന്‍ പറഞ്ഞു.


''അതിന് ഇല്ലാപ്പാട്ട് പാടാനല്ലേ എനിക്ക് നേരം ഉണ്ടായിട്ടുള്ളൂ''.


''ആ കാലോക്കെ പോയില്ലേ തമ്പുരാട്ട്യേ''വാതില്‍ക്കല്‍നിന്ന് പാറുവിന്‍റെ ഒച്ച കേട്ടു''ഇനി ഈ ജന്മത്ത് അങ്ങിനത്തെ ഒരുകാലം ഉണ്ടാവില്ല''.


''നീ എപ്പഴേ എത്ത്യേത്''ഇന്ദിര എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു.


''കുറച്ചു നേരായി. തമ്പുരാട്ടി പാടുന്നത് കേട്ടോണ്ട് നിന്നു''.


''എനിക്ക് പാടാനൊന്നും അറിയില്ല. ഈ പെണ്ണിന്‍റെ ഓരോ പ്രാന്തേ''.


''അതല്ല. തമ്പുരാട്ടി നന്നായി പാടുണുണ്ട്. തമ്പുരാന്‍കുട്ടിക്ക് തമ്പുരാട്ടിടെ ഒച്ചയാണ് കിട്ട്യേത് ''.


''കുറെ ദിവസായി നിന്നെ കണ്ടിട്ട്. നീ ഈ വഴിയൊക്കെ മറന്ന്വോ''.


''കാശീം രാമേശ്വരൂം കാണാന്‍ സെറ്റായിട്ട് പോണുണ്ട്, നീ വരുന്നോന്ന്  വേലൂന്‍റെ പെണ്ണ് ദാക്ഷായണി ചോദിച്ചു. കേട്ടപ്പൊ എനിക്കൊരു മോഹം തോന്നി. ഞാനും പോയി. ഇന്നലെ വെളുപ്പിനാണ് മടങ്ങി എത്ത്യേത്''.


''അതെന്തായാലും നന്നായി. ഒക്കേറ്റിനും ഒരുയോഗം വേണം''ഇന്ദിര പറഞ്ഞു''പിന്നെ എന്തൊക്ക്യാ നാട്ടിലെ വിശേഷങ്ങള്. നീ വന്നാലേ വല്ലതും അറിയൂ''.


''നിങ്ങളുടെ തൊട്ട ഈ തൊടീല്ലേ. അത് കൊടുക്കാന്‍ പോവ്വാണത്രേ''.


''അത് മഠത്തില്‍കാരുടെ തൊട്യല്ലേ. അവരെന്തിനാ ഇത് കൊടുക്കുണത്''.


''അതിലെ രണ്ടാമത്തെ ചെക്കന്‍ കച്ചോടം നടത്ത്വേ, കുറി പിരിക്ക്വേ ഒക്കെ ആയിരുന്നു. അത് പൊളിഞ്ഞൂന്ന് കേള്‍ക്കുണു. നില്‍ക്കക്കള്ളീല്ലാതെ സ്ഥലം വില്‍ക്കാണെന്നാ കേട്ടത്. ഒരു ഏക്കറിന്‍റെ മീതെ ഉണ്ടത്രേ. വറ്റാത്ത ഒരു കുളം, നല്ലൊരു കിണറ് ഒക്കെ ഉണ്ട്. പറ്റ്യാല്‍ തമ്പ്രാട്ടി വാങ്ങിക്കോളിന്‍. തൊട്ട തൊട്യേല്ലേ. നോട്ടം കിട്ടും''.


''എന്താ അവര് വില പറയിണ്''.


''ഗതികെട്ടിട്ട് വില്‍ക്ക്വല്ലേ. ചെലപ്പൊ പെട്ടവിലയ്ക്ക് കിട്ടും''.


''വേണ്ടാ പാറൂ. നമുക്കാ ആരുടേങ്കിലും വയറ്റത്തടിച്ചിട്ട് ഒന്നും വേണ്ടാ. നമ്മള് കടന്നുവന്ന വഴി നമുക്കറിയാലോ. അവരെന്താ ചോദിക്കിണത്, എന്താ മര്യാദവില എന്നൊക്കെ നീ അറിഞ്ഞുവെക്ക്''.


''ഇന്നന്നെ ഞാന്‍ അറിഞ്ഞിട്ട് പറയാം''. കുറെനേരം സംസാരിച്ചിരുന്ന് ഭക്ഷണം കഴിച്ച് പാറുപോയി.


വൈകുന്നേരം ഗോപാലകൃഷ്ണന്‍ നായരോടൊപ്പം അമ്മിണിയമ്മയും     അനൂപിന്‍റെ വീട്ടിലെത്തി.


''കുറച്ചായി ഇവിടം ഒക്കെ കാണണംന്ന് വിചാരിച്ചിട്ട്''അവര്‍ പറഞ്ഞു ''ഇന്ന് എന്തോ താനും പോന്നോളൂന്നു പറഞ്ഞു''.


''ഏടത്ത്യേമ്മ ആദ്യായിട്ട് വര്വേല്ലേ. നേരത്തെ വിവരം കിട്ടീരുന്നെങ്കില്‍ വല്ലതും ഉണ്ടാക്കിവെക്കായിരുന്നു''.


''അതൊന്നും സാരൂല്യാ. സ്നേഹോല്ലേ വലുത്.  അതുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും വേണ്ടാ''. അവരത് പറഞ്ഞെങ്കിലും ഇന്ദിര അടുക്കളയിലേക്ക് നീങ്ങി. പിന്നെവന്നത് പഴംനിറച്ചതും പരിപ്പുവടയും ചായയുമായിട്ടാണ്.


''ഏട്ടാ, ഇന്നൊരു കാര്യൂണ്ടായി''ഇന്ദിര പറഞ്ഞു.


''പാട്ട് പാട്യേതല്ലേ. രമ പറഞ്ഞു''.


''ഈ പെണ്ണിനെക്കൊണ്ട് തോറ്റു. ഞാന്‍ പറയാന്‍ വന്നത് അതല്ല''. ഇന്ദിര പാറു പറഞ്ഞ വിവരങ്ങള്‍  അവതരിപ്പിച്ചു.


''അതു കൊള്ളാലോ. എന്നാല്‍ ഇപ്പൊത്തന്നെ നമുക്ക് ആ സ്ഥലം ഒന്ന് നടന്ന് നോക്കാലോ''. 


ആ നേരത്ത് പാറു എത്തി. അവള്‍ ചോദിച്ചറിഞ്ഞ വിവരങ്ങള്‍ കൈമാറി. ഗോപാലകൃഷ്ണന്‍നായര്‍ക്ക് സ്ഥലം നല്ലവണ്ണം ബോധിച്ചു.


''ബാക്കി ഞാനായി''തിരിച്ചുപോവുമ്പോള്‍ അയാള്‍ ഉറപ്പുനല്‍കി. 


Comments

Popular posts from this blog

അദ്ധ്യായം 71-76

അദ്ധ്യായം 1-10