അദ്ധ്യായം 1-10

 അദ്ധ്യായം - 1.


''ഏക ദന്തായ വിദ്മഹേ

വക്ത്ര തുണ്ഡായ ധീ മഹി

തന്വോ ദന്തി പ്രചോദയാത്''. 


നാരായണന്‍ നമ്പൂതിരിയുടെ ശബ്ദം ശ്രീ കോവിലിന്‍റെ പടവുകളിറങ്ങി പുറത്തെത്തി.


''ഭഗവാനെ. നാളത്തെ മീറ്റിങ്ങില്‍ കുഴപ്പമൊന്നും വരാതെ  കടാക്ഷിക്കണേ'' അനൂപ് നിറഞ്ഞമനസ്സോടെ കൈകൂപ്പി. കമ്പനി പുതുക്കിനിശ്ചയിച്ച ടാര്‍ജറ്റ് കൈവരിക്കാന്‍ കഴിയാത്തതിലുള്ള വിഷമമാണ് മനസ്സുമുഴുവന്‍.


''ആരുടെ പിറന്നാളാ ഇന്ന്''പ്രസാദവുമായിവന്ന ശാന്തിക്കാരന്‍ തിരുമേനി ചോദിച്ചു.


''പിറന്നാളൊന്നും ഇല്ല''.


''ഗണപതി ഹോമം ഉള്ളതോണ്ട് ചോദിച്ചതാ''ഇലച്ചീന്തിലുള്ള പ്രസാദം അനൂപിന്‍റെ കൈവെള്ളയിലേക്ക് ഇട്ടുകൊണ്ട് അയാള്‍ ചോദിച്ചു''ആട്ടെ, അച്ഛന് ഇപ്പൊ എങ്ങിനീണ്ട്''.


'കിടപ്പാണ്. ഒരുഭാഗം അനങ്ങുന്നില്ല. ഫിസിയോതെറാപ്പി വേണം എന്നാണ് ഡോക്ടര്‍ പറഞ്ഞത്''.


''ഗണപതിഹോമത്തിന്‍റെ പ്രസാദം തിടപ്പള്ളീലാണ്. താന്‍ വന്നോളൂ. ഞാന്‍ എടുത്തു തരാം'' തിരുമേനിയുടെ പുറകെ അനൂപ് നടന്നു. 


ശര്‍ക്കരപ്പാവില്‍ കൊട്ടനാളികേരത്തിന്‍റെ കഷ്ണങ്ങളും, കരിമ്പിന്‍ തുണ്ടുകളും, മലരും, ഗണപതിനാരങ്ങ ചെറുതായി നുറുക്കിയിട്ടതും ചേര്‍ത്ത പ്രസാദം അവന് വളരെ ഇഷ്ടമാണ്.


''പൊതുവാള് കിടപ്പിലായതോടെ അമ്പലത്തിലെ കൊട്ട് മുടങ്ങി''തിരുമേനി പറഞ്ഞു''തനിക്കത് ചെയ്യേ വേണ്ടൂ. മുമ്പൊക്കെ പൊതുവാള് വരാത്തപ്പൊ താന്‍ മുട്ടിനുവന്ന് കൊട്ടാറുള്ളതല്ലേ''. അനൂപ് ഒന്നും പറഞ്ഞില്ല.


''ആയിരത്തഞ്ഞൂറ് ഉറുപ്പിക ശമ്പളംകിട്ടും. പിന്നെ രണ്ടുനേരം ഓരോ പടച്ചോറും. നാട്ടില്‍ ഇത് കിട്ട്യാ എന്താടോ മോശം''തിരുമേനി തുടര്‍ന്നു'' ഇഷ്ടാണെച്ചാല്‍ താന്‍ പറഞ്ഞോളൂ. എക്സിക്യുട്ടീവ് ഓഫീസറുടെ അടുത്ത് പറഞ്ഞ് ഞാന്‍ ശരിയാക്കാം. അച്ഛന്‍റെ പകരം മകന്‍. ഒരുതെറ്റും വരില്ല. എന്താ ഞാന്‍ പറഞ്ഞോട്ടെ''.


''പറയാന്‍ വരട്ടെ. വീട്ടില് അച്ഛന്‍റെടുത്തും അമ്മടടുത്തും എനിക്കു ചോദിക്കണം''അനൂപ് ഒഴിഞ്ഞു മാറി. ഈ പറഞ്ഞ വരുമാനംകൊണ്ട് ഇന്നത്തെ കാലത്ത് ഒരുകുടുംബം പോറ്റാനാവില്ല.


''അമ്പലത്തില്‍ കൊട്ടാന്‍ നിന്നാല്‍ തനിക്ക് പാന്‍റും കോട്ടും ഒക്കെ ഇട്ട് വിലസി നടക്കാന്‍ പറ്റില്ലല്ലോ''തിരുമേനിയുടെ സ്വരത്തില്‍ പരിഭവം നിഴലിച്ചിരുന്നു''ഒരുകാര്യം മനസ്സിലാക്കിക്കോളൂ. എത്രവല്യേ ഉദ്യോഗം കിട്ട്യാലും ഇതിന്‍റെ സുകൃതം വേറെ എവിടുന്നും കിട്ടില്ല''.


ഒരു നാക്കിലയില്‍ ഗണപതിഹോമത്തിന്‍റെ പ്രസാദവുമായി അയാള്‍ ഇറങ്ങിവന്നു.


''തനിക്കിപ്പൊ തിരക്കൊന്നും ഇല്ലല്ലോ''അയാള്‍ ചോദിച്ചു''ചില കാര്യങ്ങളൊക്കെ തന്നെ പറഞ്ഞ് മനസ്സിലാക്കി തരണംന്നുണ്ട് ''.


അനൂപ് ഓഫീസ്മുറിയിലെ ക്ലോക്കിലേക്ക് നോക്കി. മണി എട്ടാവുന്നു. വീട്ടില്‍ചെന്ന് ഷര്‍ട്ടും പാന്‍റും തേക്കണം. വസ്ത്രങ്ങളും മീറ്റിങ്ങിനുള്ള കടലാസ്സുകളും ബാഗില്‍ ഒതുക്കിവെക്കണം. പത്തരമണിക്ക് വിട്ടില്‍നിന്ന് ഇറങ്ങണം . കൂട്ടുപാതവരെ ഓട്ടോറിക്ഷയില്‍ പോവാം. അവിടെനിന്ന് ഒലവക്കോട്ടേക്ക് അഞ്ചുമിനുട്ട് കൂടുമ്പോള്‍ ബസ്സുണ്ട്. ബാംഗ്ലൂരിലേക്കുള്ള ട്രെയിന്‍ എത്തുമ്പോഴേക്കും സ്റ്റേഷനില്‍ എത്താം.


''എനിക്ക് മിറ്റിങ്ങിന്ന് പോവാനുണ്ട്. ഒരുദിവസം ഒഴിവോടെ വരാം''. അനൂപ് നടക്കാന്‍ തുടങ്ങി.


''ഇപ്പഴത്തെ ചെറുപ്പക്കാര്‍ക്ക് നല്ലത് പറഞ്ഞു കൊടുക്കാച്ചാല്‍ അതു കേള്‍ക്കാന്‍ നേരൂല്യാ. വെറുത്യല്ല ഒറ്റൊന്നും ഗുണം പിടിക്കാത്തത്''. ആ വാക്കുകള്‍ കേട്ടില്ലെന്ന് നടിച്ചു.  മുതിര്‍ന്നവരുമായി എന്തിനാണ് വെറുതെ തര്‍ക്കിക്കാന്‍ നില്‍ക്കുന്നത്. വല്ലതും പറഞ്ഞാല്‍ അതുമതി നിഷേധിയാണ് എന്ന് നാടുമുഴുവന്‍ കൊട്ടിഘോഷിച്ചുകൊണ്ട് നടക്കാന്‍. 


അനൂപ് വീട്ടിലെത്തുമ്പോള്‍ ഇന്ദിര ആകെ ചൂടിലാണ്.


''ഇത്രനേരം എവിടെ പോയി കിടക്ക്വായിരുന്നു''അവര്‍ ചോദിച്ചു''ഒരു യാത്ര പോവാനുള്ളകാര്യം ഓര്‍മ്മീണ്ടോ നിനക്ക്. വഴിക്ക് കാണുന്ന അപ്പടീം തൃത്താവിന്‍റീം അടുത്ത് വര്‍ത്തമാനം പറഞ്ഞോണ്ട് നിന്നിട്ട് വന്നതാവും. മനുഷ്യരായാല്‍ അല്‍പ്പം വകതിരിവ് എന്നസാധനം വേണം. പണ്ടേ അങ്ങിനെയൊന്ന് നിന്നെ കൂട്ടിതൊടീച്ചിട്ടില്ലല്ലോ''.


''അതല്ലാ അമ്മേ. പ്രസാദം കിട്ടാന്‍ വൈകി''അനൂപ് പറഞ്ഞു.


''ഒമ്പത് മണിക്കാണ് ബസ്സ്. അതാ ഞാന്‍ പറഞ്ഞത്''.


''ഞാന്‍ അതിന് പോണില്ലാ''അനൂപ് പറഞ്ഞു''പത്തര മണിക്കേ ഞാന്‍ ഇറങ്ങുണുള്ളു''.


''അപ്പൊ ഏതാ ബസ്സ്. ഒമ്പത് മണിടെ പോയി കഴിഞ്ഞാല്‍ പീന്നീള്ളത് പന്ത്രണ്ടരക്കല്ലേ''.


''ഞാന്‍ കൂട്ടുപാതേല് ചെന്ന് അവിടുന്ന് ബസ്സിന് പോകും''.


''അതുവരെ എങ്ങിന്യാ പോണത്''.


''ഓട്ടോറിക്ഷയ്ക്ക്''.


''എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാ. നിന്‍റെ മുത്തശ്ശന്‍ അപ്പുക്കുട്ടി പൊതുവാള് ഓട്ടോറിക്ഷ വാങ്ങിനിര്‍ത്തീട്ടുണ്ടോ നിനക്ക് കേറി സവാരി പോവാന്‍. ഓട്ടോറിക്ഷയ്ക്ക് പത്തിരുപത് ഉറുപ്പിക വാടക കൊടുക്കണം കൂട്ടുപാതേല് എത്താന്‍. ആ കാശോണ്ട് കടലപിണ്ണാക്ക് വാങ്ങ്യാല്‍ രണ്ട് ദിവസം പശൂന് കൊടുക്കാം''.


''ഒമ്പതിന്‍റെ ബസ്സിന്ന് പോയാല്‍ ഒരുപാട് നേര്‍ത്തെ എത്തും. അതാ'' അനൂപ് പറഞ്ഞുനോക്കി.


''ഇവിടെ ഇരുന്നിട്ട് മല മറിക്കാനൊന്നും ഇല്ലല്ലോ. അതോ ഇത്തിരി നേരത്തെ ചെന്നൂന്ന് വെച്ചിട്ട് നിന്നെ തീവണ്ടീല്‍ കേറ്റില്ലാന്നുണ്ടോ''.


''ഇന്ദിരേ''അകത്തുനിന്ന് ദുര്‍ബ്ബലമായ ശബ്ദം പൊങ്ങി''ആ കുട്ടി ഒരു വഴിക്ക് പോണതല്ലേ. വെറുതെ അതിനെ ചീത്ത പറയണ്ടാ''.


''ഓ, തുടങ്ങി ഉപദേശം. ദേഹംമാത്രേ തളര്‍ന്നിട്ടുള്ളു. നാവിന് ഒരു കേടൂല്യാ''ഇന്ദിര പ്രതികരിച്ചു''അതിങ്ങനെ വായില്‍കിടന്ന് ഇടക്കിടക്ക് ഇളകിക്കോളും കൊട്ടക്കണക്കിന്ന് ഉപദേശംതരാന്‍''.


''ഞാന്‍ വേഗം ഷര്‍ട്ടും പാന്‍റും തേക്കട്ടെ''അനൂപ് വിഷയം മാറ്റി ''അപ്പഴയ്ക്കും അമ്മ ആഹാരം ഉണ്ടാക്കൂ''.


''വേണ്ടതൊന്നും ചെയ്തിട്ടുണ്ടാവില്ലാന്ന് എനിക്കറിയില്ലേ . ഒക്കെ ഞാന്‍ ഒരുക്കിവെച്ചിട്ടുണ്ട്. വേഗം ആഹാരംകഴിച്ച് പോവാന്‍ നോക്ക്''.


അടുക്കളയിലെ മാവിന്‍റെ പലക തല്ലിത്തറച്ചുണ്ടാക്കിയ മേശപ്പുറത്ത് പ്ലേറ്റില്‍ ഇഡ്ഡലി വിളമ്പി വെച്ചിട്ടുണ്ട്. ചായയ്ക്ക് പകരം ഒരു ഗ്ലാസ്സ് പാലും. അനൂപ് സ്റ്റൂളില്‍ ഇരുന്നു.


''ഇന്നെന്താ പാല്''അവന്‍ ചോദിച്ചു''അച്ഛന് കൊടുക്കണ്ടേ''.


 ''വാരിയത്ത് കൊടുക്കുന്നത് ഇന്ന് ഇത്തിരികുറച്ചു. പകലന്ത്യോളം നീ വണ്ടീല് ഇരിക്കണ്ടതല്ലേ''.


അമ്മ ഇങ്ങിനെയാണ്. വേഗത്തില്‍ ദേഷ്യം വരും, അതുപോലെ തന്നെ തണുക്കും ചെയ്യും. അനുജത്തി രമ ഒരുങ്ങിവന്നു. ട്യൂഷന്‍ ക്ലാസ്സിലേക്ക് അവള്‍ ബസ്സിനാണ് പോവാറ്.


''അമ്മേ''രമ വിളിച്ചു''ഏട്ടന്‍ സ്കൂട്ടര്‍ എടുത്തോട്ടെ. ഞാന്‍ ഏട്ടന്‍റെ പിന്നാലെയിരുന്ന് ട്യൂഷന് പോവാം. കൂട്ടുപാതയിലെത്ത്യാല്‍ ഏട്ടന്‍ എന്‍റടുത്ത് വണ്ടി തന്നോട്ടെ. ഇങ്ങിട്ട് ഞാന്‍ ഓടിച്ച് വരാം''.


ഇന്ദിരയ്ക്ക് കലിയാണ് വന്നത്. ജോലിക്ക് വണ്ടി കൂടിയേകഴിയൂ എന്ന് മകന്‍ പറഞ്ഞപ്പോള്‍ കയ്യില്‍കിടന്ന മോതിരം അഴിച്ചുവിറ്റ് പഴയതൊന്ന് വാങ്ങി കൊടുത്തതാണ്. പണിക്ക് പോവുമ്പോള്‍ അതു കൂടാതെകഴിയില്ല. അല്ലാത്തപ്പൊ വാഹനം എടുക്കേണ്ട കാര്യൂല്യാ. പെട്രോള്‍ ഒഴിക്കാതെ അത് ഓടില്ലല്ലോ.


''മിണ്ടാണ്ടിരുന്നോ. എന്നിട്ടുവേണം അതില്‍നിന്ന് താഴെവീണ് കയ്യും കാലും ഒടിക്കാന്‍''. അതോടെ രമ അടങ്ങി.


''വേണ്ടെങ്കില്‍ വേണ്ടാ''പെണ്‍കുട്ടി പറഞ്ഞു''ഏട്ടന്‍ പൊരിയണ്ടാ. ബസ്സിന് ഇനീം നേരംണ്ട് ''.


ഭക്ഷണം കഴിഞ്ഞശേഷം അനൂപ് ബാഗ് പരിശോധിച്ചു. മീറ്റിങ്ങിനു വേണ്ട പേപ്പറുകളും വസ്ത്രങ്ങളും അമ്മ ഒതുക്കിവെച്ചിട്ടുണ്ട്. അലക്കിത്തേച്ച ടൈ ഏറ്റവും മുകളിലായി വെച്ചിരിക്കുന്നു. കമ്പിനി മിറ്റിങ്ങിന്ന് ഒഴിവാക്കാന്‍ പറ്റാത്ത വസ്തുവാണ് അത്. ഇന്ദിര അകത്തുനിന്നും ഒരു ക്യാരിബാഗ് കൊണ്ടുവന്നു.


''ഉച്ചയ്ക്കും രാത്രീലിക്കും ഉള്ള ആഹാരം ഇതിലുണ്ട്. ഇഞ്ചിയും പച്ചമുളകും അരിഞ്ഞിട്ട് തൈരുംചേര്‍ത്ത് കുഴച്ച ചോറും നാരങ്ങ ഉപ്പിലിട്ടതും ആണ്. കേട് വരില്ല''ഒന്നുനിര്‍ത്തി അവര്‍ പറഞ്ഞു''വണ്ടീലെ ആഹാരം ചിലപ്പൊ വയറ്റിന് പിടിക്കില്ല. തൊള്ളേല്‍ തോന്ന്യേ കാശും വാങ്ങും''.


''എന്നാ പിന്നെ നാളെയ്ക്ക് ഉള്ളതുംകൂടി പൊതിഞ്ഞുകെട്ടി കൊടുക്കായിരുന്നില്ലേ'' രമ ചോദിച്ചു.


''പെണ്ണേ ചിലക്കാണ്ടിരുന്നോ. മക്കാറാക്കാന്‍ വന്നാല്‍ നിന്‍റെ തലയ്ക്ക് ഞാനൊരു കിഴുക്കുവെച്ചു തരും'' ഇന്ദിരയ്ക്ക് ദേഷ്യംവന്നു. 


അല്‍പ്പനേരം അവര്‍ എന്തോ ആലോചിച്ചുനിന്നു. അവിടെ എത്ത്യാല്‍ പിന്നെ കമ്പിനിക്കാരുടെ ചിലവല്ലേ. നല്ല നല്ല സാധനങ്ങള് ഇഷ്ടംപോലെ തിന്നാന്‍കിട്ടും എന്ന് പറയാറുണ്ട്. അവന്‍ സുഭിക്ഷായി കഴിച്ചോട്ടെ. ഒരു ദിവസം എങ്കില്‍ ഒരുദിവസം ഇവിടുത്തെ കഷ്ടപ്പാട് കൂടാതെ കഴിയാലോ 


അനൂപ് വേഗം പുറപ്പെട്ടു. ഇറങ്ങുന്നതിന്നുമുമ്പ് അച്ഛന്‍റെ കാലുതൊട്ട് വന്ദിച്ചു. അനുഗ്രഹിക്കാന്‍ കൈകള്‍ ഉയര്‍ത്താനാവാത്തതിന്‍റെ ദുഖം രാമകൃഷ്ണനില്‍നിന്ന് കണ്ണീരായി ഒഴുകി.


''മൂന്നാളുംകൂടി ഒരുവഴിക്ക് ഇറങ്ങാന്‍ പാടില്ല''ഇന്ദിര മകളോട് പറഞ്ഞു ''നീ മുമ്പേ നടന്നോ. ഞങ്ങള് പിന്നാലെ വരാം''. പുസ്തകക്കെട്ടുമായി അവള്‍ പടിയിറങ്ങി. പുറകിലായി അനൂപിനോടൊപ്പം ഇന്ദിരയും. കുളക്കരയിലെത്തിയപ്പോള്‍ അവര്‍ നിന്നു.


''ഇനി നീ പൊയ്ക്കോ''അവര്‍ പറഞ്ഞു''പോയിട്ട് എനിക്ക് അച്ഛന്‍റെ മേലില് കുഴമ്പ് പുരട്ടി ആവി പിടിക്കാനുണ്ട്. മരുന്നും കൊടുക്കണം''കയ്യില്‍ ചുരുട്ടിവെച്ച നൂറിന്‍റെ ഒറ്റനോട്ട് അവര്‍ അനുപിന്‍റെ നേരെ നിട്ടി.


''അനൂ, എന്‍റേല് ഇതേ ഉള്ളു''അവര്‍ പറഞ്ഞു''ഇതന്നെവാരസ്യാരമ്മയ്ക്ക് പൂവുണ്ടാക്കിക്കൊടുത്ത് സ്വരൂപിച്ചതാ''.


''വേണ്ടാമ്മേ. എന്‍റേല് ആവശ്യത്തിന്ന് കാശുണ്ട്''അനൂപ് പണം വാങ്ങാന്‍ മടിച്ചു.


''എന്നാലും ഒരുവഴിക്ക് പോണതല്ലേ. എന്‍റെ കുട്ടി ഇത് കയ്യില്‍ വെച്ചോളൂ. സൂക്ഷിച്ച് ചിലവാക്ക്യാല്‍ മതി''. തോടിന്‍റെ വരമ്പുകടന്ന് റോഡില്‍ കയറിയപ്പോള്‍ അനൂപ് തിരിഞ്ഞുനോക്കി. അമ്മ കുളവരമ്പത്തുതന്നെ നില്‍ക്കുന്നു. അനൂപ് കൈ ഉയര്‍ത്തി കാട്ടി. ഇന്ദിര വേഷ്ടിത്തലപ്പുകൊണ്ട് കണ്ണുതുടച്ചു. 


അദ്ധ്യായം 2.


കുളത്തിന്‍പള്ളയില്‍നിന്നു മടങ്ങുമ്പോള്‍ ഇന്ദിര മഠത്തില്‍ക്കാരുടെ പറമ്പിലേക്ക് നോക്കി. എത്ര മാവുകളാണ് കായ്ച്ചു നില്‍ക്കുന്നത്. ചിലപ്പോള്‍ മാവിന്‍ചുവട്ടില്‍ ധാരാളം മാങ്ങ വീണുകിടപ്പുണ്ടാവും. വെള്ളരിഗോമാങ്ങ രാമേട്ടന് വലിയ ഇഷ്ടമാണ്. അഞ്ചാറ് മാങ്ങ കിട്ടിയാല്‍ കൊണ്ടുപോകാമായിരുന്നു. പറമ്പില്‍ മുമ്പൊരു നാലുകെട്ട് ഉണ്ടായിരുന്നു. കുറെകാലം മുമ്പ് ഉടമസ്ഥര്‍ അതുപേക്ഷിച്ച് ടൌണിലേക്ക് താമസംമാറ്റി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവരത് പൊളിച്ചുവിറ്റു. അതിനുശേഷം വല്ലപ്പോഴും വന്ന് നോക്കിപോവും . തൊടിയില്‍ ഉണ്ടാവുന്നത് മുഴുവന്‍ കണ്ണില്‍ കണ്ടവര്‍ കൊണ്ടുപോവും. 


അകത്തു കടന്ന് മാങ്ങ എടുക്കുന്നത് വല്ലവരും കണ്ടാല്‍ കുറച്ചിലല്ലേ എന്നൊരു സന്ദേഹം തോന്നി. ഇതുവരെ താന്‍ ചെയ്യാത്ത പണിയാണ്. ഇല്യായ്മകൊണ്ട് ചെയ്തുപോവുന്നതാണ്. ഇന്ദിര ചുറ്റുപാടും ഒന്നു നോക്കി. അടുത്തൊന്നും ആരേയും കാണാനില്ല. പൊളിഞ്ഞുകിടക്കുന്ന വേലി നീക്കിയിട്ട് അവര്‍ അകത്തുകടന്നു.


തൊടി മുഴുവന്‍ പരതിനോക്കിയിട്ടും ഒരു മാങ്ങപോലും കിട്ടിയില്ല. മിനക്കെട്ടതു വെറുതെയായി. ആരോ പെറുക്കിക്കൊണ്ടു പോയിട്ട് അധികനേരമാവില്ല. കര്‍ക്കിടകപ്ലാവ് കായ്ച്ചു നില്‍പ്പുണ്ട്. എല്ലാം ഇടിച്ചക്കകളാണ്. മഴക്കാലത്ത് വെള്ളമിറങ്ങി ചക്ക പഴുക്കുമ്പോള്‍ തിന്നാന്‍ കൊള്ളാതാവും. ഒരു ഇടിച്ചക്ക കിട്ടിയാല്‍ അതോണ്ട് പൊടി ത്തൂവല് ഉണ്ടാക്കാം. ഇന്ദിര കയ്യെത്തും ദൂരത്തുള്ള ഒരു ഇടിച്ചക്ക പൊട്ടിച്ചു. മുളഞ്ഞ് ഒഴുകുന്നത് നിര്‍ത്താന്‍ പാണയുടെ ഇല പറിച്ച് ഞെട്ടിയില്‍ ഒട്ടിച്ചു.


പറമ്പില്‍നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ പള്ളിയാലിലേക്ക് ചെരിഞ്ഞു നില്‍ക്കുന്ന തെങ്ങില്‍നിന്ന് ഒരു മടക്കട താഴെ വീണുകിടക്കുന്നത് കണ്ടു. അത് വലിച്ചുകൊണ്ട് ഇന്ദിര നടന്നു. ഒഴിവോടെ ഈര്‍ക്കില ചീന്തി ചൂലുണ്ടാക്കണം. പട്ടയും മടക്കടയും അടുപ്പ് കത്തിക്കാനെടുക്കാം. അമ്പലകുളത്തിന്നരികിലുള്ള തെങ്ങുകളില്‍നിന്ന് വീഴുന്ന മടക്കട എടുക്കാറുണ്ട്. ആലിന്‍റെ ചുള്ളലും മടക്കട ഉണക്കിയതും ചാണകം വരട്ടിതല്ലിയതും ഒക്കെ കത്തിക്കും. വേനല്‍ക്കാലത്ത് എങ്ങിനേയും കഴിച്ചുകൂട്ടാം. മഴപെയ്താലാണ് ബുദ്ധിമുട്ട്. ജോലികിട്ടിയശേഷം അനൂപ്  ഗ്യാസ് വാങ്ങിത്തന്നു. അതിന്‍റെ വില ആലോചിക്കുമ്പോള്‍ കത്തിക്കാന്‍ തോന്നില്ല.


വീടിന്‍റെ പിന്‍ഭാഗത്ത് പട്ട കൊണ്ടുപോയി ഇട്ടിട്ട് ഇന്ദിര കിണറ്റിനടുത്തേക്ക് നടന്നു. ആള്‍മറ കെട്ടാത്ത കിണറില്‍നിന്ന് ഒരു ബക്കറ്റ് വെള്ളംകോരി കൈകാലുകളും മുഖവും കഴുകി. ദേഹമാസകലം വിയര്‍ത്ത് കുളിച്ചിരിക്കുന്നു. നേരം പുലരുമ്പോഴേ സൂര്യന് പൊള്ളുന്ന ചൂടാണ്. വീടിനകത്താണെങ്കില്‍ പറയുകയും വേണ്ടാ.


മണ്ണുകൊണ്ട് കെട്ടിയ ഓടിട്ട ഒരു ചെറിയപുര. അത്രയേ മോഹം ഉണ്ടായിരുന്നുള്ളു. അപ്പോഴാണ് വാര്‍പ്പ് കെട്ടിടം വേണം എന്ന തോന്നല്‍ രാമേട്ടന്ന് വന്നത്. കെട്ടിപ്പൊക്കി കഴിയുമ്പോഴേക്കും കയ്യിരിപ്പ് കഴിയാറായി. മഴക്കാലം വരുമ്പോഴേക്കും പുറത്തെ പണികള്‍ തീര്‍ക്കണം എന്ന പലരുടേയും ഉപദേശം കേട്ടത് നന്നായി. അതുകൊണ്ട് അത്രയെങ്കിലും പണികള്‍ തീര്‍ന്നു. അകത്തെ ചെത്തിത്തേപ്പും നിലം പണിയും ആരംഭിക്കും മുമ്പ് രാമേട്ടന്‍ കിടപ്പിലായി. അതോടെ എല്ലാംനിന്നു.


ഇന്ദിര ചെന്നുനോക്കുമ്പോള്‍ രാമകൃഷ്ണന്‍ മയക്കത്തിലാണ്. വിയര്‍പ്പില്‍ മുങ്ങിയിരിക്കുന്നു. എങ്ങിനെ ഉണ്ടായിരുന്ന ആളാണ്. ആലോചിച്ചപ്പോള്‍ സങ്കടം തോന്നി. നനഞ്ഞ തോര്‍ത്തുകൊണ്ട് ദേഹത്തെ വിയര്‍പ്പ് തുടച്ചു മാറ്റാന്‍ തുടങ്ങിയപ്പോള്‍ രാമകൃഷ്ണന്‍ ഉണര്‍ന്നു.


''അനു ഇറങ്ങിയോ'' അയാള്‍ ചോദിച്ചു.


''എത്രനേരായി അവന്‍ പോയിട്ട്. രാമേട്ടന്‍റെ കാല് പിടിച്ചിട്ടല്ലേ ഇറങ്ങ്യേത്''.


''ഞാനത് മറന്നു''.


''എന്തെങ്കിലും വേണോ''.


''ഒന്നും വേണ്ടാ. ഇത്തിരിനേരം എന്‍റെ അടുത്ത് ഇരുന്നാ മതി. എന്നാത്തന്നെ ഒരാശ്വാസം കിട്ടും''. ഇന്ദിരയുടെ മനസ്സില്‍ ഒരുതേങ്ങല്‍ ഉയര്‍ന്നു. ഈ സ്നേഹത്തിലുംവെച്ച് വലുത് എന്താണുള്ളത്. കഷ്ടപ്പാട് സഹിക്കാന്‍ വയ്യാതാവുമ്പോള്‍ ഇടയ്ക്ക് രാമേട്ടനോട് ദേഷ്യപ്പെടാറുണ്ട്. എന്നാലും തിരിച്ച് ഒരക്ഷരംപോലും ഇന്നുവരെ പറഞ്ഞിട്ടില്ല.


''പണി ബാക്കി കിടക്കിണുണ്ടാവും അല്ലേ. എന്നാല്‍ പൊയ്ക്കോളൂ'' രാമകൃഷ്ണന്‍ പറഞ്ഞു. ആ പറഞ്ഞത് ശരിയാണ്. ഒരുപാട് പണികള്‍ ബാക്കിയുണ്ട്. തൊഴുത്തില്‍നിന്ന് ചാണകംവാരി വരട്ടി ഉണ്ടാക്കണം. പശുവിനെ മേക്കാന്‍ കൊണ്ടുപോണം. പശുക്കുട്ടിയെ കുളിപ്പിക്കണം. പണികള്‍ അവിടെ കിടക്കട്ടെ. രാമേട്ടന്‍റെ മോഹമാണ് വലുത്. ഇന്ദിര കട്ടിലില്‍ ഇരുന്നു. തളര്‍ന്നുപോയ ശരീരത്തില്‍ അവര്‍ മെല്ലെതടവി.


''ഈയിടെയായി രാമേട്ടനെ ഞാന്‍ വല്ലാണ്ടെ കുറ്റംപറയിണുണ്ട് അല്ലേ'' അവര്‍ ചോദിച്ചു.


''സാരൂല്യാ. ഇന്ദിരടെ മനസ്സ് എനിക്കറിയില്ലേ''. പെട്ടെന്ന് അവള്‍ ഒരു പതിനേഴ് വയസ്സുകാരിയായി. അമ്പലത്തിലെ ഉത്സവത്തിന്‍റെ തായമ്പകയാണ്. മുമ്പില്‍നിന്ന ചെറുപ്പക്കാരന്‍റെ കയ്യിലിരുന്ന കോല് ചെണ്ടപ്പുറത്ത് നൃത്തംചെയ്യുന്നതു കണ്ട് അവള്‍ അത്ഭുതപ്പെടുകയാണ്.


''ഗോവിന്ദന്‍കുട്ടി പൊതുവാളിന്‍റെ ശിഷ്യന്മാരില്‍ ഒന്നാമനാണ്'' ആരോ പറയുന്നതു കേട്ടു. അച്ഛന്‍റെ അരുമശിഷ്യന്‍. ആ നിമിഷം മനസ്സില്‍ ഒരു മോഹം മുളപൊട്ടി. മനസ്സുകൊണ്ട്  ആ കഴുത്തില്‍ സ്വര്‍ണ്ണമാലയും വിരലുകളില്‍ മോതിരങ്ങളും അവളണിയിച്ചു.


ഒന്നുമില്ലാതെ ദാരിദ്ര്യംപിടിച്ചു കിടക്കുന്ന ഒരുവീട്ടിലേക്ക് ഞങ്ങടെ മകളെ പറഞ്ഞയക്കില്ല എന്ന നിലപാട് മകളുടെ വാശിക്കുമുമ്പില്‍ പൊതുവാളിന്ന് ഉപേക്ഷിക്കേണ്ടിവന്നു. അതോടെ അയാള്‍ക്ക് മകളോടുള്ള വാത്സല്യം കുറഞ്ഞു. പിന്നീട് അയാള്‍ ആരേയും കൊട്ട് പഠിപ്പിച്ചതുമില്ല. ഇന്ദിരയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി രാമകൃഷ്ണന്‍റെ ശരീരത്തിലേക്ക് ഇറ്റിറ്റു വീണു.


''വെറുതെ കരയണ്ടാ''അയാള്‍ അവളെ ആശ്വസിപ്പിച്ചു''എന്നെങ്കിലും നമ്മുടെ കഷ്ടപ്പാടൊക്കെ മാറും. ഈശ്വരന്‍ കണ്ണ് മിഴിക്കാതിരിക്കില്ല''.


''ഈശ്വരന്‍''ഇന്ദിരയുടെ സ്വരംമാറി''അത് മാത്രം പറയണ്ടാ. ആ ദുഷ്ടന്‍ നന്നെങ്കില്‍ നമുക്ക് ഈക്കണ്ട ദുരിതം ഒന്നുംവരില്ല''.


''വന്ദിച്ചില്ലെങ്കിലും വിരോധൂല്യാ. നിന്ദിക്കരുത്. വെറുതെ ദൈവകോപം വരുത്തണോ''.


''എനിക്ക് കേള്‍ക്കണ്ടാ ഒരു ദൈവകോപം. അല്ലെങ്കില്‍ മൂപ്പര് ഇപ്പൊ നമുക്ക് അനുഗ്രഹം വരിക്കോരി തന്നോണ്ടിരിക്ക്യല്ലേ. എത്രപ്രാവശ്യം ഞാന്‍ പറഞ്ഞതാ അമ്പലത്തിലെ കൊട്ടുപണി ഏറ്റെടുക്കണ്ടാന്ന്. അന്നത് കേള്‍ക്കാണ്ടെ രാമേട്ടന്‍ അച്ഛന്‍ പറഞ്ഞതും കേട്ടുനടന്നു. ഈശ്വരനെ സേവിക്കുന്നതില്‍ കവിഞ്ഞ് പുണ്യം ഇല്ലാത്രേ. ഇപ്പൊ ഇരിക്കിണ വീട് നിറയെ പുണ്യംമാത്രം. അത് മതിയല്ലോ വയറ് നിറയാന്‍. ഇന്നത്തെ കാലത്ത് കൊട്ടുകാര് പലരും സ്വന്തം കാറിലാ പരിപാടിക്ക് പോണത്. നമുക്കുമാത്രം കഞ്ഞിക്ക് വകയില്ല. ആലോചിച്ച് നോക്കൂ. ദൈവം എന്താ തന്നതേന്ന്''. ഇന്ദിര പറയുന്നത് ശരിയാണെന്ന് രാമകൃഷ്ണന്‍ ഓര്‍ത്തു. മേളക്കാര്‍ക്കിടയില്‍ പ്രമുഖനായിരുന്ന കാലം. എന്നും പരിപാടി. കൈ നിറയെ പണം. കുട്ടികള്‍ രണ്ടുപേരും തീരെ ചെറുതാണ്. ഭാവി ഒരു പ്രശ്നമായി തോന്നിയിരുന്നില്ല. ആ സമയത്താണ് അച്ഛന്‍ വരുന്നത്. അച്ഛന് വയസ്സായി. അമ്പലത്തിലെ പണി ഏറ്റെടുക്കണം. അതാണ് ആവശ്യം. വിവരം അറിഞ്ഞപ്പോള്‍ ഇന്ദിരയുടെ അച്ഛന്‍ വിളിപ്പിച്ചു. കല്യാണം കഴിഞ്ഞശേഷം ആദ്യമായിട്ടാണ് കാണണമെന്ന് പറയുന്നത്.


''അപ്പുകുട്ടി പൊതുവാള് അമ്പലത്തിലെ പണി രാമനെ ഏല്‍പ്പിക്കാന്‍ പോണൂന്ന് കേട്ടു. അയാള് ഈക്കണ്ട കാലത്തിന്നിടയില്‍ രണ്ടുകോലും കൊണ്ട് ചെണ്ടേല് കൊട്ടീട്ടില്ല. ഈ തൊഴില് എന്താന്ന് അറിയില്ല'' അദ്ദേഹം പറഞ്ഞു''രാമന്‍  അങ്ങിനെയല്ല. ഇപ്പൊ നല്ല പേരുണ്ട്. പറ്റുന്ന കാലത്തേ വല്ലതും ഉണ്ടാക്കാനാവൂ. കുടുംബൂം കുട്ട്യേളും ഉള്ളതാണ്. അത് താന്‍ മറക്കണ്ടാ''. നിത്യദാരിദ്ര്യം അനുഭവിക്കേണ്ടിവന്നത് ഗുരുനാഥന്‍റെ ഉപദേശം കേള്‍ക്കാത്തതിന്നുള്ള ശിക്ഷയാവണം. ഉള്ളിലുള്ള ആ തോന്നല്‍ വാക്കുകളായി പുറത്തുവന്നു.


''അറിഞ്ഞുംകൊണ്ട് ഞാന്‍ ആര്‍ക്കും ഒരു ഉപദ്രവംചെയ്തിട്ടില്ല. എന്‍റെ അച്ഛനും ഇന്ദിരടെ അച്ഛനും രണ്ട് വിധത്തില്‍ പറഞ്ഞപ്പോള്‍ എന്താ വേണ്ടത് എന്നായി. മാതാ, പിതാ, ഗുരു, ദൈവം എന്നല്ലേ പറയാറ്. അങ്ങിനെ നോക്കുമ്പോള്‍ അച്ഛന്‍ ഗുരുവിനെക്കാള്‍ മീതെയാണ്. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് എടുക്കാതെ അച്ഛന്‍റെ വാക്ക് കേള്‍ക്കാന്‍ കാരണം. എന്നിട്ടിപ്പൊ''വാക്കുകള്‍ പകുതിയില്‍നിന്നു.


''ഇനി അതൊന്നും ആലോചിച്ച് വിഷമിക്കണ്ടാ. വരുമ്പോലെ വരട്ടെ''.


''കിടന്ന് മടുത്തു. കുറച്ചുനേരം പുറത്ത് വന്നിരിക്കാന്‍ കഴിഞ്ഞാല്‍ എന്തെങ്കിലും ഒക്കെകണ്ട് സമയം കളയായിരുന്നു. അകവും പുറവും ഒരുപോലെ ചുട്ട് കിടക്കാനാണ് യോഗം''.


''രാമേട്ടന്‍ വിഷമിക്കണ്ടാ. ഞാന്‍ അതിനൊരു വഴികണ്ടിട്ടുണ്ട്. പാലുവിറ്റു കിട്ടുന്ന കാശിന്ന് മിച്ചംപിടിച്ച് പോസ്റ്റാപ്പീസില് ഞാന്‍ ഒരു ആര്‍.ഡി ചേര്‍ന്നിരുന്നു. അതിന്‍റെ കാലാവധി തീര്‍ന്നു. വരുന്നമാസം പണംകിട്ടും''.


''എന്നിട്ട്''രാമകൃഷ്ണന്‍ ആകാംക്ഷയോടെ ചോദിച്ചു.


''പെണ്ണിന് ഒരു ജോഡി കമ്മല്‍ വാങ്ങണം എന്ന് വിചാരിച്ചതാ. അത് പിന്നീടാവാം. ആദ്യം രാമേട്ടന് ഒരു ഫാനും ചെറിയൊരു ടി. വി.യും വാങ്ങണം. കാറ്റുംകൊണ്ട് അതുംനോക്കി കിടക്കാലോ''.


''അതൊന്നും വേണ്ടാ. കഷ്ടപ്പെട്ടിട്ടാണ് ഇന്ദിര ഓരോന്ന് ഉണ്ടാക്കുന്നത്. വക മാറി ചിലവാക്കരുത്''.


''യോഗം ഉണ്ടെങ്കില്‍ ഇനിയും നമുക്ക് ഉണ്ടാക്കാന്‍ പറ്റും. ഫാന്‍ വാങ്ങി ഇടുന്നതിന്നു മുമ്പ് ഈ മുറിടെ നിലം നന്നാക്കണം. ഇല്ലെങ്കില്‍ പൊടി പറക്കും. കൂലികൊടുത്ത് ചെയ്യിക്കാനൊന്നും ആവില്ല. ഒരു ചാക്ക് സിമിന്‍റും കുറച്ച് മണലും വാങ്ങി അറിയുമ്പോലെ ഞാന്‍ വെടുപ്പാക്കും''. രാമകൃഷ്ണന്‍ പിന്നെയൊന്നും പറഞ്ഞില്ല.


********************************

പാതയോരത്തെ കൂറ്റന്‍ പൂമരം താഴെ റോഡില്‍  ചുവന്നപരവതാനി വിരിച്ചിരിക്കുന്നു. അനൂപും രമയും അവിടെ ബസ്സുകാത്ത് നിന്നു.


''ഏട്ടന് സങ്കടൂണ്ടോ അമ്മ ദേഷ്യപ്പെട്ടതിന്ന്''രമ ചോദിച്ചു.


''ഇല്ല. കഷ്ടപ്പാടോണ്ടല്ലേ അമ്മ ഓരോന്നൊക്കെ പറയിണത്''.


''രാവിലെ എണീറ്റാല്‍ കിടക്കിണതുവരെ അമ്മയ്ക്ക് പണിയാണ്. മുമ്പ് ഉച്ചനേരത്ത് കിടക്കാറുണ്ട്. ഇപ്പൊ ആ സമയത്ത് പൂവലിക്കാന്‍ വട്ടിയും എടുത്ത് ഇറങ്ങും. വാരിയത്തമ്മയെ സഹായിക്കാനാണ് എന്നാണ് അമ്മ അച്ഛനോട് പറഞ്ഞിട്ടുള്ളത്. കാശിനാണ് എന്ന് നമുക്കല്ലേ അറിയൂ''.


''എന്തെങ്കിലും നല്ലൊരു ജോലി കിട്ടീട്ട് വേണം അമ്മയെ കഷ്ടപ്പെടാതെ നോക്കാന്‍''. എന്തൊക്കെയോ ആലോചനകളില്‍ ഇരുവരും മുഴുകി.


''ഏട്ടന്‍ പാട്ടുകാരനാവണം എന്നായിരുന്നു എന്‍റെ മോഹം''രമ പറഞ്ഞു ''കൂട്ടുകാരികളോടൊക്കെ എന്‍റെ ഏട്ടന്‍ വലിയ പാട്ടുകാരനാണ് എന്ന് പറഞ്ഞിട്ടുണ്ട്''.


''മോഹിച്ചതോണ്ട് എന്താ മോളേ കാര്യം. ഭാഗ്യംകൂടി വേണ്ടേ''.


''ഏട്ടന്‍ സ്റ്റാര്‍സിങ്ങറില്‍ പാടാന്‍ ചെന്നിട്ട് നമുക്കൊരു ഫ്ലാറ്റ് കിട്ടീന്ന് ഞാന്‍ ഇന്നാള് സ്വപ്നം കണ്ടു''. അനൂപ് ചിരിച്ചു.


''ഏട്ടന്‍ വരുമ്പോള്‍ മോള്‍ക്ക് എന്താ കൊണ്ടുവരണ്ടത്'' അവന്‍ ചോദിച്ചു.


''ഒന്നും വേണ്ടാ. വല്ലതും വാങ്ങീട്ടുവന്നാല്‍ അമ്മ ദേഷ്യപ്പെടും''.


തോട്ടുപാലം കടന്ന് ബസ്സെത്തി. അനൂപ് കൈനീട്ടി.


 അദ്ധ്യായം - 3.


''യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ട്രെയിന്‍ നമ്പര്‍ ഒന്ന് രണ്ട് ആറ് ഏഴ് എട്ട് എറണാകുളത്തുനിന്നും ബങ്കളൂരുവരെ പോകുന്ന എറണാകുളം - ബങ്കളൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ് അല്‍പ്പസമയത്തിനകം മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ എത്തിച്ചേരുന്നതാണ്'' അറിയിപ്പ് കേട്ടതും അനൂപ് എഴുന്നേറ്റു. വസ്ത്രങ്ങള്‍വെച്ച ബാഗും കമ്പിനിവക വര്‍ക്കിങ്ങ് ബാഗും എടുത്ത് തയ്യാറായതും ദൂരെ എഞ്ചിന്‍ കാണാറായി. യാത്ര പോവുന്നവരും, അവരെ അയയ്ക്കാന്‍ എത്തിയവരും, ഭക്ഷണം വിതരണം ചെയ്യുന്ന വെണ്ടര്‍മാരുംകൂടി പ്ലാറ്റ്ഫോമില്‍ ആകെ ബഹളം. ടിക്കറ്റ് റിസര്‍വ്വ് ചെയ്തിട്ടില്ല. പകല്‍ പോവുന്നവണ്ടിക്ക് അതൊന്നും ആവശ്യമില്ല എന്നാണ് കൂട്ടുകാര്‍ പറഞ്ഞത്. പുറകിലെ ഏതെങ്കിലും ബോഗിയില്‍ ഞാനുണ്ടാവും എന്ന് ജോണ്‍സണ്‍ വിളിച്ച് വിവരം തന്നിരുന്നു. ഏത് കമ്പാര്‍ട്ട്മെന്‍റിലാണ് ഉള്ളത് എന്ന് വണ്ടിയില്‍ കയറിയതിന്നുശേഷം അറിയിച്ചിരുന്നുവെങ്കില്‍ അതുമാത്രം നോക്കിയാല്‍ മതിയായിരുന്നു. ഒരിക്കലും അവന്‍ ഒന്നും മുഴുവന്‍ പറയാറില്ല.


സീറ്റ് ഒപ്പിച്ചുവെച്ച്, വണ്ടി നില്‍ക്കുന്നതിന്നുമുമ്പേ വാതില്‍ക്കല്‍നിന്ന് ജോണ്‍സണ്‍ വിളിച്ചു കയറ്റിയതിനാല്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. മീറ്റിങ്ങിന് വരാനുള്ള മറ്റുള്ളവരെയൊന്നും ബോഗിക്കകത്ത് കണ്ടില്ല.


'' ബാക്കിയുള്ളോരൊക്കെ എവിടെ '' അനൂപ് ചോദിച്ചു.


''എവിടെയെങ്കിലും കാണും. ഞാന്‍ ആരേയും നോക്കാന്‍ പോയില്ല'' ജോണ്‍സണ്‍ പറഞ്ഞു''ചിലപ്പോള്‍ പെപ്സിയുടെകൂടെ വിസ്കിയോ ബ്രാന്‍ഡിയോ ചേര്‍ത്തത് ഇടക്കിടക്ക് മോന്തിക്കൊണ്ട് സെറ്റുച്ചേര്‍ന്ന് ഇരിക്കുന്നുണ്ടാവും എനിക്ക് അവരുടെ ബഹളവും വര്‍ത്തമാനവും   ഒന്നുംഇഷ്ടമല്ല''. യാത്രയിലെ വിരസതമാറാന്‍ ചിലരൊക്കെ ചെയ്യുന്ന പണിയാണത്. അല്‍പ്പം ലഹരി കയറി കഴിഞ്ഞാല്‍ പിന്നെ കളിയും ചിരിയും വര്‍ത്തമാനവും ബഹളവും ഒക്കെയാവും. ജോലിയെ സംബന്ധിച്ച സമ്മര്‍ദ്ദങ്ങള്‍ കുറെനേരത്തേക്കെങ്കിലും അങ്ങിനെ വിസ്മരിക്കുന്നു.


''പേപ്പറൊക്കെ ശരിയാക്കി വെച്ചിട്ടുണ്ടോ''അനൂപ് ജോണ്‍സണോടു ചോദിച്ചു. അവന്‍ തലയാട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല.. അധികം സംസാരിക്കാത്ത പ്രകൃതമാണ് അവന്‍റേത്.


''ടാര്‍ജ്ജറ്റ് എത്ത്യോ''അനൂപ് അടുത്തചോദ്യം ചോദിച്ചു.


''നോക്ക്''ജോണ്‍സണ് ദേഷ്യംവന്നു''മെജസ്റ്റിക്കില്‍ ഇറങ്ങുന്നതുവരെ ജോലിയെപ്പറ്റി എന്തെങ്കിലും എന്നോട് ചോദിച്ചാല്‍ നിന്നെ ഞാന്‍ തൂക്കി വെളിയില്‍ എറിയും''.


ജോണ്‍സണ്‍ മൊബൈലിന്‍റെ ഇയര്‍ഫോണ്‍ ചെവിയില്‍തിരുകി. അനൂപ് പിന്നെ ഒന്നും പറഞ്ഞില്ല. ജോണ്‍സണ് ഈ ജോലിയില്‍ ഒട്ടും താല്‍പ്പര്യമില്ല. അവന്‍റെ ഡാഡി മരിച്ചതോടെ മുടങ്ങിപ്പോയ ബി.ടെക്ക്. പഠനം മുഴുമിക്കാന്‍ കുറച്ചു പണം ഉണ്ടാക്കണം. അതുവരെ എങ്ങിനെയെങ്കിലും ഉള്ളപണി കോട്ടംതട്ടാതെ ഉരുട്ടിക്കൊണ്ടുപോകണമെന്നാണ് അവന്‍റെ ഉദ്ദേശം. 


പുറത്തെ കാഴ്ചകള്‍ അനൂപിനെ ആകര്‍ഷിച്ചില്ല. കമ്പിനി നിശ്ചയിച്ച ടാര്‍ജ്ജറ്റ് എത്താത്തതിന്‍റെ വിഷമം കുറച്ചൊന്നുമല്ല അനൂപിനുള്ളത്. എല്ലാവരുടേയും മുമ്പില്‍വെച്ച് എം. ഡി നിര്‍ത്തി പൊരിച്ചേക്കും. കണ്‍ഫര്‍മേഷന്‍ ആവാത്തതിനാല്‍ തന്നെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം. മീറ്റിങ്ങിനെക്കുറിച്ചുള്ള ചിന്തകള്‍ മനസ്സിനെ മഥിച്ചു.


ആദ്യമായി പങ്കെടുത്ത കമ്പിനി മീറ്റിങ്ങിന്‍റെ ദൃശ്യങ്ങളാണ് മനസ്സില്‍ തെളിഞ്ഞുവരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍നടന്ന ആ മീറ്റിങ്ങില്‍ എത്ര സന്തോഷത്തോടെയാണ് പങ്കെടുത്തത്. എയര്‍കണ്ടീഷന്‍ ചെയ്തഹാള്‍. യു ആകൃതിയിലുള്ള മേശക്ക് പുറകില്‍ നിരനിരയായി അടുക്കിയ കസേലകള്‍. രണ്ടുവശങ്ങളിലായി ഏരിയ ബിസിനസ്സ് മാനേജര്‍മാരും, റീജിയണല്‍ മാനേജര്‍മാരും ഇരിപ്പുണ്ട്,  മദ്ധ്യഭാഗത്തെ കസേലകളില്‍ മെഡിക്കല്‍ റെപ്രസന്‍റ്റേറ്റിവുമാരും. മുമ്പില്‍ തൂവെള്ള വിരിപ്പ് വിരിച്ച മേശ. അലങ്കാരത്തിന്ന് ഫ്ലവര്‍വേസില്‍വെച്ച പൂക്കള്‍ മാത്രം. സ്ലൈഡുകള്‍ കാണിക്കാന്‍ പ്രൊജക്ടറും സ്ക്രീനും ഒരുക്കിവെച്ചിട്ടുണ്ട്. കമ്പിനിയുടെ മാനേജിങ്ങ് ഡയറക്ടറും വൈസ് പ്രസിഡണ്ടും സെയില്‍സ് മാനേജരും മേശയ്ക്ക് പുറകിലായി ഇരിക്കുന്നുണ്ട്. കൂട്ടത്തില്‍ ചെറുപ്പക്കാരനായ ആള്‍ എഴുന്നേറ്റു.


''ഗുഡ് മോണിങ്ങ് എവരിബഡി. ടു ബിഗിന്‍ വിത്ത് ഐ ഇന്‍ട്രഡ്യൂസ് മൈസെല്‍ഫ്''അയാളുടെ മുഖത്തെ ഗൌരവം പുഞ്ചിരിയെ മറച്ചുകളഞ്ഞു. ''അയാം ജയന്ത്, മാനേജര്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് സൌത്ത് സോണ്‍. വെല്‍ക്കം ആള്‍ ഓഫ് യൂ ടു ദി തേര്‍ഡ് ക്വാര്‍ട്ടര്‍ മീറ്റിങ്ങ്''. തെക്കന്‍ മേഖലയുടെ മാനേജര്‍ സുപ്രഭാതം ആശംസിച്ച് സ്വാഗതംപറഞ്ഞതും കയ്യടി ഉയര്‍ന്നു.


''പുതിയ ആളാണ്''അടുത്തിരുന്ന സീനിയര്‍ റെപ്രസന്‍റ്റേറ്റീവ് പറഞ്ഞു.


''ടുഡേ വി ഹാവ് വിത്ത് അസ്സ് അവര്‍ മാനേജിങ്ങ് ഡയറക്ടര്‍ മിസ്റ്റര്‍ ജഗജിത്ത് സിങ്ങ് അന്‍ഡ് അവര്‍ വൈസ് പ്രസിഡണ്ട് മിസ്റ്റര്‍ വെങ്കിടേശ്വര റാവു. ഹാര്‍ട്ടി വെല്‍ക്കം ടു ബോത്ത് ഓഫ് ദെം''. വീണ്ടും കയ്യടി ഉയര്‍ന്നു.


''നൌ കമിങ്ങ് ടു ദി പൊയന്‍റ്''അയാളുടെ സ്വരം ഉയര്‍ന്നു''റിപ്പോര്‍ട്ട്സ് ഷോ ദാറ്റ് ദെയര്‍ വാസ് നോ ഇന്‍ക്രീസ് ഇന്‍ സെയില്‍ ഡ്യൂറിങ്ങ് ദി ലാസ്റ്റ് ഫ്യൂ മന്ത്‌സ്. ദിസ് ഈസ് നോട്ട് ഗുഡ്. ഈഫ് വീ ആര്‍ സാറ്റിസ്ഫൈഡ് വിത്ത് വാട്ട് വീഹാവ് അറ്റ് പ്രസന്‍റ്, മൈന്‍ഡ് യൂ, കമ്പിനി വില്‍ഡിക്ലൈന്‍ സൂണ്‍''. എന്താണ് ഇയാള്‍ പറഞ്ഞു വരുന്നത്? കഴിഞ്ഞ കുറെ മാസങ്ങളായി വ്യാപാരം വര്‍ദ്ധിക്കുന്നില്ല എന്നത് ശരിയാണ്. ഇപ്പോള്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടാല്‍ കമ്പിനി പൊളിയുമത്രേ. അതെങ്ങിനെയാണ്. എല്ലാ മുഖങ്ങളിലും ആകാംക്ഷ നിറഞ്ഞു.


''ടു അവോയ്ഡ് സച്ച് എ സിറ്റ്വേഷന്‍ വി ഹാവ് ടു അറ്റ് ലീസ്റ്റ് ഡബിള്‍ അവര്‍ സെയില്‍സ് വിത്തിന്‍ വണ്‍ ഇയര്‍''. അങ്ങിനെയൊരു സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ഒരുകൊല്ലത്തിനകം കച്ചവടം ഇരട്ടിയാക്കണമെന്ന്. പുതിയ സെയില്‍സ് മാനേജരുടെ പദ്ധതി ആര്‍ക്കും ദഹിച്ചില്ല. നൂറു കണക്കിന് മരുന്നു കമ്പിനികളാണ് ഈ നാട്ടിലുള്ളത്. കടുത്ത മത്സരമുള്ള മേഖലയാണ് ഇത്. നിലവിലുള്ള ടാര്‍ജ്ജറ്റ് ഒപ്പിക്കാന്‍ പെടുന്ന പാട് ദൈവത്തിന്നുമാത്രമേ അറിയൂ. അതിനിടയിലാണ് ഒരു വര്‍ദ്ധന.


''ദിസ് ഇസ് നോട്ട് എ ഡിഫിക്കല്‍റ്റ് ടാസ്ക് ആസ് യൂ മേ തിങ്ക് ഒഫ് ഇറ്റ്'' വീണ്ടും ഗൌരവംതുളുമ്പുന്ന വാക്കുകള്‍''യൂ ട്രൈ ടു അച്ചീവ് ട്വന്‍റി ഫൈ പെര്‍സന്‍റ് മോര്‍ ഓഫ് യുവര്‍ പ്രസന്‍റ് ടാര്‍ജ്ജറ്റ് ഡ്യൂറിങ്ങ് ദി നെക്സ്റ്റ് ക്വാര്‍ട്ടര്‍, ഓര്‍ എയിറ്റ് അന്‍ഡ് വണ്‍ തേര്‍ഡ് പെര്‍സന്‍റ് എവരി മന്ത്. യൂ വില്‍ ബി സര്‍പ്രൈസ്ഡ് ടു സീ ദി റിസള്‍ട്ട് നെക്സ്റ്റ് ഇയര്‍''. അദ്ദേഹം സദസ്യരെ ഗൌരവത്തില്‍ നോക്കി. എല്ലാവരും വലിയ ആലോചനയിലാണ്. മൂന്ന് മാസത്തില്‍ ഇരുപത്തഞ്ച് ശതമാനം അഥവാ മാസംതോറും എട്ടും മൂന്നിലൊന്നും വര്‍ദ്ധന ഉണ്ടാക്കുക. വലിയ പ്രയാസമുള്ളതല്ല അത് എന്ന്. എങ്കില്‍ അടുത്ത കൊല്ലം അത്ഭുതപ്പെടുത്തുന്ന ഫലം കാണുമത്രേ. പ്രതീക്ഷിച്ച മട്ടിലുള്ള പ്രതികരണം ആരുടെ മുഖത്തും കാണാനില്ല.


''ലെറ്റ് മീ സീ എ ന്യൂലി അപ്പോയിന്‍റ്റഡ് പേഴ്‌സണ്‍''അദ്ദേഹം പറഞ്ഞു. പുതിയതായി നിയമനം ലഭിച്ച ജീവനക്കാരനെക്കുറിച്ചുള്ള അന്വേഷണം എത്തിച്ചേര്‍ന്നത് അനൂപിലായിരുന്നു. അവന്‍ എഴുന്നേറ്റു.


''യുവര്‍ നെയിം അന്‍ഡ് ഹെഡ് ക്വാര്‍ട്ടേര്‍സ്''അദ്ദേഹം ചോദിച്ചു.


''അനൂപ് ഫ്രം പാലക്കാട്, കേരള '.


''ഓക്കേ, വാട്ട് ഈസ് യുവര്‍ പ്രസന്‍റ് ടാര്‍ജ്ജറ്റ്''.


''ഫിഫ്റ്റി തൌസന്‍ഡ്''വിറയലോടെയാണ് അത്രയും പറഞ്ഞത്.


''യുവര്‍ ലാസ്റ്റ് മന്ത്‌സ് സെയില്‍സ് ഫിഗര്‍''


''ഫിഫ്റ്റി എയിറ്റ് തൌസന്‍ഡ് സെവെന്‍ ഹണ്ട്രഡ് അന്‍ഡ് സിക്സ്''.


''ഐ സീ, യു ആര്‍ എബൌവ്വ് ദി പ്രസന്‍റ് ടാര്‍ജെറ്റ്. യുവര്‍  റിവൈസ്ഡ് ടാര്‍ജറ്റ് ഫോര്‍ ദി നെക്സ്റ്റ് ക്വാര്‍ട്ടര്‍ ഈസ് സിക്സ്റ്റി ടു തൌസന്‍ഡ് അന്‍ഡ് ഫൈവ് ഹണ്ട്രഡ്. യുവര്‍ ആര്‍  വെരി ക്ലോസ് ടു ഇറ്റ്'' സദസ്യരെനോക്കി അദ്ദേഹം പറഞ്ഞു''എ ലിറ്റില്‍ ബിറ്റ് എഫര്‍ട്ട് ഫ്രം ഹിസ് സൈഡ് എലോണ്‍ ഈസ് റിക്ക്വയേര്‍ഡ് ടു അച്ചീവ് ദ റിവൈസ്ഡ് ടാര്‍ജറ്റ്''. ഇപ്പോള്‍ത്തന്നെ പുതുക്കിയ ലക്ഷ്യമായ അറുപത്തിരണ്ടായിരത്തി അഞ്ഞൂറിന്ന് അരികെ ആണെന്നും ചെറിയ ഒരു പരിശ്രമംകൊണ്ട് അത് കൈവരിക്കാനാവുമെന്നുമുള്ള പരാമര്‍ശം അവന് സന്തോഷം നല്‍കി. 


''ആര്‍ യൂ റെഡി ടു ടേക്ക് ഇറ്റ് ആസ് എ ചാലഞ്ച്''അനൂപിനെ നോക്കി അയാള്‍ ചോദിച്ചു. അനൂപ് തലയാട്ടി.


ഭാഗ്യത്തിന് അടുത്ത മൂന്നുമാസങ്ങളിലും കച്ചവടം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. കൈവരിച്ച നേട്ടതിന്ന് അല്‍പ്പം പ്രശംസയും ഒരു ടൈയും ജനവരി മാസത്തെ മീറ്റിങ്ങില്‍ കിട്ടി, അതോടൊപ്പം അടുത്ത മൂന്ന് മാസത്തെ ടാര്‍ജ്ജറ്റ് എഴുപത്തയ്യായിരം ആക്കിയ കല്‍പ്പനയും. എത്ര പണിപ്പെട്ടിട്ടും എഴുപതിനായിരം രൂപപോലും എത്തിക്കാന്‍ അവന് കഴിഞ്ഞില്ല. ആ വിഷമം കൊണ്ടാവാം, കോണ്‍ഫറന്‍സ് ദിവസം മദ്ധ്യാഹ്നഭക്ഷണമായി നല്‍കുന്ന വിശിഷ്ടഭോജ്യങ്ങളും ഇഷ്ടപ്പെട്ട ഐസ്ക്രീമും മനസ്സില്‍ കടന്നു വന്നില്ല.


മൊബൈല്‍ ശബ്ദിച്ചു. തമിഴ്നാട് ബി. എസ്. എന്‍. എല്‍. വക മെസ്സേജാണ്. റോമിങ്ങിനെ കുറിച്ചുള്ള അറിയിപ്പ്. അനൂപ് വെളിയിലേക്ക് നോക്കി. വണ്ടി വാളയാര്‍ചുരം കടന്നുകഴിഞ്ഞിരുന്നു.

****************************

മേടച്ചൂടില്‍ ഞെളിപിരി കൊള്ളുന്ന കോട്ടമൈതാനത്തില്‍ ക്രിക്കറ്റ് കളി നടക്കുകയാണ്. തണലത്ത് ബൈക്ക് നിര്‍ത്തി കുറച്ചകലെ കളിയുംനോക്കി നില്‍ക്കുന്ന റഷീദിന്‍റെ അരികിലേക്ക് പ്രദീപ് ചെന്നു.


''എനിക്ക് ഈ കളി തീരെ പറ്റില്ല''അവന്‍ പറഞ്ഞു''ഇങ്ങിനെ വൈകുന്നേരം വരെ  മുട്ടിമുട്ടി നില്‍ക്കുണത് നോക്കിയിരിക്കാന്‍ എന്നെക്കൊണ്ടാവില്ല''.


''നിനക്ക് ട്വന്‍റി ട്വന്‍റി ക്രിക്കറ്റേ പറ്റു. കൊച്ചിയില്‍ ഐ.പി.എല്‍. വരുമ്പോള്‍ പോയി കണ്ടോ''റഷീദ് ഉപദേശിച്ചു.


''അല്ലെങ്കിലും ഒരുപ്രാവശ്യം പോയി കാണണംന്ന് ഉറപ്പിച്ചിട്ടുണ്ട്. നമ്മുടെ മുതലാളിക്കുട്ടിയോട് അവന്‍റെ കാറെടുക്കാന്‍ പറയണം. എല്ലാവരുംകൂടി പെട്രോളിന്‍റെ കാശെടുക്കാം. എന്നിട്ട് അന്തസ്സായിചെന്ന് കളികാണണം''.


''ഒരുകാര്യം ഞാന്‍ പറയാം. നിന്‍റെ മുതലാളിക്കുട്ടി എന്ന വിളി സുമേഷിന്ന് തീരെ പിടിക്കിണില്യാ. ഇന്നാള് അവനത് എന്നോട് പറഞ്ഞിരുന്നു''.


''അതൊരു സോപ്പിങ്ങല്ലേടാ. നമുക്ക് ഇടയ്ക്ക് പൊറോട്ടയും ചായയും വാങ്ങിത്തരുന്നതല്ലേ അവന്‍''പ്രദീപ് കാരണം കണ്ടെത്തി''നമ്മള്‍ ദരിദ്രവാസികളുടെ എടേല്‍  അങ്ങിനെയൊരുത്തന്‍ ഉള്ളത് നമ്മടെഭാഗ്യം. ഇല്ലെങ്കില്‍ തെണ്ടിത്തിരിഞ്ഞ് കുത്തുപാള എടുക്കുണുണ്ടാവും''.


''അല്ലെങ്കില്‍ എന്തു കുന്താണ് ഇപ്പൊ ചെയ്യുന്നത്''റഷീദ് ചോദിച്ചു ''രാവിലെ പണിക്കാണെന്നും പറഞ്ഞ് വീട്ടിന്നിറങ്ങും. ഇവിടെവന്ന് ചുറ്റിത്തിരിയും. വീട്ടില്‍ ഉള്ളോര് മക്കള് പണിയെടുത്ത് കഷ്ടപ്പെടുണു എന്നുകരുതും. സത്യം അറിയാത്തത് പടച്ചോന്‍റെ കൃപ''.


''അത് നമ്മടെ തെറ്റോണ്ടാണോ''പ്രദീപ് ചോദിച്ചു''നല്ലപണി എന്തെങ്കിലും കിട്ട്യാല്‍ നമ്മളത് ശരിക്ക് ചെയ്യില്ലേ''.


''ഉവ്വ്. എടുത്ത് വെച്ചിട്ടുണ്ട് നല്ല ജോലി''റഷീദ് ചൊടിച്ചു''കൂടെ പഠിച്ച മിടുക്കന്മാരൊക്കെ എന്‍ട്രന്‍സ് എഴുതി എന്‍ജിനീയറിങ്ങിനും മെഡിസിനും ചേര്‍ന്നു. പഠിപ്പുകഴിഞ്ഞ് അവരൊക്കെ അതാത് ജോലിനേടി. പിന്നെ കുറെ മിടുക്കന്മാര് ബാങ്ക് ടെസ്റ്റും, ആര്‍. ആര്‍ ബിയും, പി.എസ്. സി യും ഒക്കെ മിനക്കെട്ടെഴുതി അവരും നല്ല ഓരോരോ ജോലികളില്‍ കേറി. തേര്‍ഡ് ക്ലാസ്സ് ഡിഗ്രിയുംവെച്ച് നമ്മളെപ്പോലെ കുറച്ചെണ്ണം ചില്ലറപണികളുമായി തെക്കും വടക്കും നടക്കുണു''.


''പഠിക്കിണകാലത്ത് ഒഴപ്പി നടന്നിട്ടല്ലേ. ഇനി കുറ്റം പറഞ്ഞിട്ടെന്താ കാര്യം''. ബൌണ്ടറികടന്ന് അരികിലെത്തിയ പന്ത് റഷീദ് എടുത്ത് എറിഞ്ഞു കൊടുത്തു.


''ഇന്നെന്താ ആരേം കാണാത്തത്''പ്രദീപ് ചോദിച്ചു.


''അനൂപ് ബാംഗ്ലൂരില്‍ മീറ്റിങ്ങിന്ന് പോയിരിക്ക്യാണ്. സുമേഷിനേയും ​ശെല്‍വനേയും കാണാനില്ല. വിവേക് വന്നിട്ടുണ്ട്. അവനൊരു കോള് കിട്ടി എന്ന് തോന്നുണു. കുറച്ചുനേരായി പാര്‍ക്കിങ്ങ് ഗ്രൌണ്ടില്‍ ഒരാളോട് സംസാരിച്ച് നില്‍ക്കിണുണ്ട്''. പാരലല്‍ കോളേജില്‍ ഒന്നിച്ചുപഠിച്ച കൂട്ടുരാണ് എല്ലാവരും. സുമേഷ് ഒഴികെ മറ്റെല്ലാവരും മാര്‍ക്കെറ്റിങ്ങ് സംബന്ധിച്ച വിവിധ ജോലികളുമായി കഴിയുന്നു. ധാരാളം കൃഷിയും റബ്ബര്‍തോട്ടങ്ങളും മില്ലുമൊക്കെ സ്വന്തമായി ഉള്ള ആളാണ് അവന്‍. പെട്രോള്‍ കാറുകളില്‍ എല്‍. പി. ജി. കിറ്റ് ഫിറ്റ് ചെയ്തുകൊടുക്കുന്ന ഒരുകമ്പിനിയുടെ കമ്മിഷന്‍ ഏജന്‍റാണ് വിവേക്.


''നോക്ക്,നമ്മളേക്കാള്‍ മോശാണ് അവന്‍റെ കാര്യം''പ്രദീപ് പറഞ്ഞു''തീരെ ചെറുപ്പത്തിലേ കല്യാണം കഴിഞ്ഞു. ഒരുകുട്ടീം ആയി. അതിന് ഒരുപാക്കറ്റ് പാല് വാങ്ങിക്കൊടുക്കാനുള്ള കാശിനുംകൂടി അവന് വീട്ടുകാരെ ആശ്രയിക്കണം. എപ്പോഴെങ്കിലും ഒരുഗ്യാസ് കണക്ഷന്‍ ഒപ്പിച്ചു കൊടുക്കുന്നതിന്ന് എന്ത് കിട്ടും''.


''കല്യാണം കഴിക്കാതെ നടന്നാല്‍ ആ വിഷമം ഒഴിവാക്കാം''റഷീദ് പറഞ്ഞു ''എന്നോട് നിനക്കൊരു പെണ്ണ് നോക്കട്ടെ എന്ന് വീട്ടുകാര് ചോദിച്ചതാ. അങ്ങിനെ വല്ലതുംചെയ്താല്‍ കെട്ടിത്തൂങ്ങിച്ചാവും എന്ന് ഞാന്‍ പറഞ്ഞു. എന്തിനാ വെറുതെ ഒരുപെണ്‍കുട്ട്യേ കൊണ്ടുവന്ന് സങ്കടപ്പെടുത്തുണത്''.


പാര്‍ക്കിങ്ങ് ഗ്രൌണ്ടില്‍നിന്ന് വെളിയില്‍വന്ന വിവേക് റോഡിന്‍റെ രണ്ടു വശത്തേക്കും നോക്കിനിന്നു. വാഹനങ്ങള്‍ ഒഴിഞ്ഞതും വേഗത്തില്‍ റോഡ് കടന്ന് കൂട്ടുകാരുടെ അടുത്തെത്തി.


''ഇര ചൂണ്ടേല് കൊത്ത്യോടാ''പ്രദീപ് ചോദിച്ചു.


''നല്ല കാര്യായി. എന്നാല്‍ ഇടിവെട്ടി മഴപെയ്തിട്ടുണ്ടാവും''.


''പിന്നെ ഇത്രനേരം നിങ്ങള് വര്‍ത്തമാനം പറഞ്ഞതോ''.


''സമയം പോവാന്‍ അയാളെന്നെ പിടിച്ചു നിര്‍ത്തിയതാ. ആ കക്ഷി ലൈന്‍ വരുന്നതും കാത്തുനിന്നതാ. പെണ്ണ് എത്ത്യേതും ടാറ്റാപറഞ്ഞ് രണ്ടുംകൂടി കോട്ടടെ അകത്തേക്ക് പോയി''.


''നേരം പോയത് മാത്രം നിനക്ക് ലാഭം അല്ലേടാ''


''അങ്ങിനെ പറയാന്‍ പറ്റില്ല. ഓട്ടോമോബൈല്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ പാസ്സായ ആളേക്കാള്‍ വണ്ടിടെ എഞ്ചിന്‍റെ മെക്കാനിസം എനിക്കിപ്പോള്‍ അറിയാം. ഇത്രനേരം ഗ്യാസ് ഫിറ്റ് ചെയ്താല്‍ വണ്ടിടെ എഞ്ചിന്ന് വരുണ ദോഷങ്ങള്‍ അയാളെന്നെ പഠിപ്പിക്ക്യായിരുന്നു''.


''നിന്നെ കണ്ടപ്പോഴേ അയാള്‍ക്ക് മനസ്സിലായിട്ടുണ്ടാവും നീയൊരു അര വട്ടുകേസ്സാണെന്ന്. അതാ നിന്നെ പിടിച്ചുനിര്‍ത്തി വാചകമടിച്ചുവിട്ടത്''.


''നീയൊക്കെ എന്തോ പറഞ്ഞോ. ഒരു ചെവീല്‍കൂടി കേട്ട് ഞാനത് മറ്റേ ചെവീല്‍ക്കൂടി പുറത്ത് വിടും''.


''നീ എന്താ ചെയ്യാന്‍ പോണത്''പ്രദീപ് റഷീദിനോട് ചോദിച്ചു.


''ബൈക്കിന്‍റെ സ്പോക്കറ്റ് കേടായത് നന്നാക്കാന്‍ കൊടുത്തിട്ടുണ്ട്. അതു വാങ്ങണം. നാളെ മാനേജര്‍ എന്‍റെകൂടെ പണിക്ക് വരുണുണ്ട്''.


''നീയോ''വിവേകിനോടായിരുന്നു ആ ചോദ്യം.


''ഞാന്‍ റഷീദിന്‍റെകൂടെ പോണൂ. ബസ്സ് ചര്‍ജ്ജെങ്കിലും ലാഭം കിട്ട്വോലോ''.


''ശരി. എന്നാല്‍ ഞാന്‍ വീട്ടില്‍ചെന്ന് കുറച്ചുനേരം ഉറങ്ങട്ടെ''പ്രദീപ് തന്‍റെ ഉദ്ദേശം വെളിപ്പെടുത്തി.


''ആ ടിച്ചറടെ കഷ്ടകാലം''വിവേക് പറഞ്ഞു''സമ്പാദിച്ചു കൊണ്ടുപോയി ഇവന്‍ അവരെ നോക്കേണ്ടതാണ്. അതിനുപകരം അവരുടെ പെന്‍ഷന്‍ കാശോണ്ട് അവര്‍ മകനെ പുലര്‍ത്തുണൂ. നീതന്നെ ശരിക്കുള്ള ഭാഗ്യവാന്‍. വേഗംപോയി കിടന്നുറങ്ങിക്കോ''.


''ഇന്ന് എത്രയാടാ തിയ്യതി'' പൊടുന്നനെ പ്രദീപ് ചോദിച്ചു.


''പന്ത്രണ്ട്''


''പോരാ. മുഴുവനും പറ''.


''2011മെയ്12''.


''അഞ്ചുകൊല്ലം കഴിയുമ്പഴത്തെ ഇതേദിവസം ഞാന്‍ ആരായിരിക്കുംന്ന് നിനക്കാറിയ്യോ''.


''അമേരിക്കന്‍ പ്രസിഡണ്ട്. അവന്‍റെയൊരു ചോദ്യം കേട്ടില്ലേ'' റഷീദ് ഇടയ്ക്കു കയറിപറഞ്ഞു.


പ്രദീപ് ഒന്നുചിരിച്ചു. പിന്നെ മെല്ലെ ബൈക്കിനടുത്തേക്ക് നടന്നു, റഷീദും വിവേകും ഐ.എം.എ. ജങ്ക്‌ഷന്‍റെ ഭാഗത്തേക്കും .


അദ്ധ്യായം - 4.


''അശോകേ, ഇത് ഞാനാടാ, പ്രദീപ്''മൊബൈലില്‍ അവന്‍ കൂട്ടുകാരനെ വിളിച്ചു''ഇപ്പൊ നിനക്ക് തിരക്കുണ്ടൊ. ഇല്ലെങ്കില്‍ നീ എത്രയുംപെട്ടെന്ന്  കോട്ടമൈതാനത്തേക്ക് വാ. എനിക്ക് വേണ്ടപ്പെട്ട ഒരുകക്ഷിക്ക് ഒരുകാറ് വേണം''. നിമിഷങ്ങള്‍ക്കകം കാറ് വില്‍പ്പനകേന്ദ്രത്തിലെ മാര്‍ക്കെറ്റിങ്ങ് എക്സിക്യൂട്ടീവ് അശോക് സ്ഥലത്തെത്തി. കമ്പിനിനിശ്ചയിച്ച പ്രതിമാസ ക്വാട്ടയിലേക്ക് ഒരെണ്ണം വീണുകിട്ടിയ സന്തോഷത്തിലാണ് അവന്‍.


''ആളെവിടെ''അശോക് ചോദിച്ചു.


''ഇപ്പൊ എത്തും''പ്രദീപ് മറുപടി നല്‍കി''അതിന്നുമുമ്പ് എനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്''.


''കമ്മീഷന്‍റെ കാര്യോല്ലേ. അതൊക്കെ ഞാന്‍ ഏറ്റു''.


''അതൊന്നും അല്ലെടാ''പ്രദീപ് പറഞ്ഞുതുടങ്ങി''അമ്മടെ സ്കൂളില്‍ ഉണ്ടായിരുന്ന ദേവകിടീച്ചറുടെ മകനാണ് കാറ് വേണ്ടത്. വേറൊരു കമ്പിനിടെ കാറ് അവര്‍പോയി നോക്കിയിരുന്നു. ഒരു അഭിപ്രായം ചോദിക്കാന്‍ എന്നെ ടീച്ചര്‍ വിളിച്ചതാണ്. നിനക്കൊരുസഹായം ചെയ്യാമെന്ന് വിചാരിച്ച് കൂടുതല്‍ നല്ലത് വാങ്ങിക്കാമെന്നു പറഞ്ഞ് ഞാനവരെ അതില്‍നിന്ന് പിന്‍തിരിപ്പിച്ചു. അമ്മയുടെ സുഹൃത്തും ചെറിയക്ലാസ്സില്‍ എന്നെ പഠിപ്പിച്ച ടിച്ചറുമായ അവരുടെ കാര്യത്തില്‍ ഞാന്‍ ഇടപെടുണത് കമ്മിഷന്‍ കിട്ടാനല്ല. കിട്ടുന്നസൌജന്യം മുഴുവന്‍ അവര്‍ക്കുതന്നെ കൊടുക്കണം. അതില്‍നിന്ന് ഒരുവീതവും വേണ്ടാ''.


''അങ്ങിന്യാച്ചാല്‍ അങ്ങനെ''


''നിനക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും''.


''നിന്‍റെ കേസല്ലേ. മാക്സിമം ചെയ്യാടാ''.


''അങ്ങിനെ പറഞ്ഞാ പോരാ. എന്ത് ചെയ്യുംന്ന് ഉറപ്പ് പറയ്. എനിക്ക് അവരോട് പറയണ്ടതാ''.


''വീല്‍കപ്പ് കൊടുക്കാം. ഫ്ലോര്‍മാറ്റ് ഉണ്ടോന്ന് നോക്കട്ടെ''അശോക് പറഞ്ഞു.


''നോക്ക്, വേറെ ഡീലര്‍ ഇല്ലാഞ്ഞിട്ടല്ല. നിനക്കൊരു ഉപകാരം ആയിക്കോട്ടേ എന്നു വെച്ചിട്ടാണ്. അത് നീ മനസ്സിലാക്കണം''പ്രദീപ് കാര്യം പറഞ്ഞു.


''പറ്റുന്നതൊക്കെ ചെയ്തു കൊടുക്കാന്ന് ഞാന്‍ പറഞ്ഞില്ലേ''.


''എന്നലേ വീല്‍ കപ്പും, മാറ്റും മാത്രം പോരാ''.


''പിന്നെ എന്താടാ വേണ്ടത്''.


''വണ്ടിക്ക് അണ്ടര്‍ കോട്ടിങ്ങ് അടിച്ചു കൊടുക്കണം, പിന്നെ ടഫ്‌ലോണും''.


''ഒക്കെ ഞാന്‍ മാനേജരോട് പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യാം. നീ അവരെ ടെസ്റ്റ് ഡ്രൈവിങ്ങിന് കൂട്ടീട്ട് വാ''.


''അയാള്‍ക്ക് കാറോടിക്കാനൊന്നും അറിയില്ല. വണ്ടി വാങ്ങീട്ട് വേണം ഓട്ടാന്‍ പഠിക്കാന്‍ ''.


''പുത്യേ വണ്ടീല് ഡ്രൈവിങ്ങ് പഠിച്ചാല്‍ അസ്സലാവും. അയാളടെ പഠിപ്പ് കഴിയുമ്പഴക്കും ഗിയര്‍ബോക്സ് മാറ്റാറാവും''.


''അതെന്തോ ചെയ്യട്ടെ. എനിക്കതറിയണ്ടാ. എന്‍റടുത്ത് ഒരുകാര്യം പറഞ്ഞു. ഞാനത് ചെയ്തു. അത്ര്യേന്നെ''.


''ലോണാണോടാ''അശോക് അന്വേഷിച്ചു.


''അതേന്ന് പറഞ്ഞു''.


''ലോണ്‍ ഏര്‍പ്പാടാക്കണോ''.


''വേണ്ടാ. എന്‍റെ ഫ്രണ്ട് ജെയിംസ് കാര്‍ലോണ്‍ സെക്ഷനിലാണ്. അവനെ ഏല്‍പ്പിക്കാം''പ്രദീപ് പറഞ്ഞു''അവനും ക്വോട്ട ഒപ്പിക്കണ്ടതല്ലേ. ഒരു സഹായം ആയിക്കോട്ടെ''.


''നിന്‍റെ ഇഷ്ടംപോലെ. അതുപോട്ടെ, നീ എന്താ ഇപ്പൊ ചെയ്യുണത് ''.


''ഈ ഒന്നാംതിയ്യതിമുതല്‍ ചെറിയൊരുപണി കിട്ടി. ഇന്‍ഷൂറന്‍സില്‍ ആളെ ചേര്‍ക്കല്. എത്രകാലത്തേക്ക് എന്നേ നോക്കാനുള്ളു. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ ഒറ്റപോളിസി എടുപ്പിക്കാന്‍ എന്നെക്കൊണ്ട് പറ്റീട്ടില്ല. ആരെകണ്ട് ചോദിച്ചാലും നോക്കട്ടെ പിന്നെ പറയാം ആലോചിക്കട്ടെ എന്നൊക്കെ ഒഴിവ് കഴിവ് പറഞ്ഞൊഴിയും. പ്രൈവറ്റ് കമ്പനിടെ ഇന്‍ഷൂറന്‍സല്ലേ. അധികം ആര്‍ക്കും താല്‍പ്പര്യം കാണുണില്ല''.


''ആര്‍ക്കെങ്കിലും വല്ല പോളിസീം  വേണോന്ന് അന്വേഷിച്ചുനോക്കട്ടെ. വല്ലതും ഒത്തുകിട്ട്യാല്‍ നിന്നെ വിളിക്കാം''.


''ഒരുപാലം പണിതാല്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കാം അല്ലേടാ''പ്രദീപ് ചോദിച്ചു. അശോക് ചിരിച്ചു. ആവശ്യക്കാരുമായി വൈകുന്നേരത്തിന്ന് മുമ്പ് എത്താമെന്ന് പ്രദീപ് ഏറ്റു.


''വരുമ്പൊ എന്നെ വിളിക്കണം. നേരിട്ട് കമ്പിനീല്‍ ചെന്നാല്‍ അവടീള്ള ആരെങ്കിലും അത് അവരടെ പേരിലാക്കും''. അശോക് തിരിച്ചുപോയി.

************************

രാവിലത്തെ തിരക്കുകള്‍ ഒഴിഞ്ഞപ്പോഴേക്കും വെയില്‍ മൂത്തുകഴിഞ്ഞു. ഇന്ദിര ചെന്നുനോക്കുമ്പോള്‍ രാമകൃഷ്ണന്‍ ജനാലയിലൂടെ ദൂരെ ആകാശത്തേക്ക് നോക്കിക്കിടക്കുകയാണ്.


''രാമേട്ടന് വല്ലതും വേണോ''അവള്‍ ചോദിച്ചു.


''ഇപ്പൊ ഒന്നും വേണ്ടാ. എന്താ. പശൂനെ മേക്കാന്‍ പോവാറായോ''അയാള്‍ തിരക്കി.


''അതിനല്ല. പുഴവരെ ഒന്ന് പോവാനുണ്ട്. വല്ലതും വേണച്ചാല്‍ തന്നിട്ട് വാതിലും പൂട്ടി പോവാലോന്ന് വിചാരിച്ചിട്ടാ''.


''എന്തിനാ ഈ പൊരിവെയിലത്ത് പുഴേലിക്ക് പോണത്. വൈകുന്നേരം കുളത്തില്‍ തിരുമ്പികുളിച്ചാല്‍ പോരേ''.


''ഞാന്‍ പോണത് കുറച്ച് മണല് കൊണ്ടുവരാനാണ്. ചത്തുപോയ ചെല്ലന്‍റെ കെട്ട്യോള് പാറൂണ്ട് തുണയ്ക്ക്''.


''എല്ലാം കഴിഞ്ഞ് മണല് കോരലും ആയോ''.


''സാരൂല്യാ. നമുക്ക് വേണ്ടീട്ടല്ലേ''.


''എന്നാലും ഇന്ദിര ഇങ്ങിനെ കഷ്ടപ്പെടുന്നത് കാണുമ്പൊ''അയാളുടെ വാക്കുകള്‍ ഗദ്ഗദത്തില്‍ മുങ്ങി.


''കാശ് കൊടുത്ത് മണല് വാങ്ങാന്‍ ഇപ്പൊപറ്റില്ല. ഞാനും കൂട്വാണെങ്കില്‍ കുറേശ്ശയായി ചുമര് തേക്കലും നിലംനന്നാക്കലും ചെയ്യാന്ന് പാറു പറഞ്ഞു. അവള് കുറെകാലം കെട്ടുപണിക്കാരുടെകൂടെ നടന്നതല്ലേ''.


''ആവാത്ത പണിചെയ്ത് വയ്യായ ഒന്നും വരുത്തണ്ടാ''.


''ഇതൊക്കെ വയറ്റിന്ന് പഠിച്ചിട്ട് വന്നിട്ടാണോ ആളുകള് ചെയ്യുണത്. പണി ചെയ്തിട്ട് അസുഖം ഒന്നും വരില്ലാന്ന് എനിക്ക് നല്ല ധൈര്യൂണ്ട്''. പിന്നെ രാമകൃഷ്ണന്‍ ഒന്നും പറഞ്ഞില്ല. ഇന്ദിര വാതില്‍പൂട്ടി ചാക്കുമായി പോയതോടെ അയാള്‍ സ്വന്തം ദുരിതങ്ങളുടെ ലോകത്തായി. പണിതീരാത്ത വീട്. ഒന്നുമാവാത്ത മക്കള്‍, കുടുംബം പുലര്‍ത്താനുള്ള ആള്‍ കിടപ്പില്‍. സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. ഈ പ്രയാസങ്ങളെല്ലാം പതറാതെ നേരിടുന്നഭാര്യ ഒരു അത്ഭുതംതന്നെ. നല്ല സമയത്ത് ബന്ധുക്കളാണെന്നു പറഞ്ഞ് വരാനും പോവാനും ആരുമില്ലാത്തതില്‍ ഒരുവിഷമവും   തോന്നിയിരുന്നില്ല. പക്ഷെ കിടപ്പിലായശേഷം ആരെങ്കിലും വേണമെന്ന തോന്നല്‍ ഉണ്ടായിത്തുടങ്ങി.


''മരത്തിന്ന് വേര് ബലം. മനുഷ്യന് ബന്ധുബലം. നമുക്ക് ആരും ഇല്ലാതെ പോയില്ലേ''പലപ്പോഴും ആ തോന്നല്‍ വാക്കുകളായി പുറത്തെത്തി.


''രാമേട്ടന്‍ ഒന്നോണ്ടും പേടിക്കണ്ടാ. ഞാനില്ലേ കൂടെ''അപ്പോഴെല്ലാം ഇന്ദിര സാന്ത്വനിപ്പിക്കും''പിന്നെ ഈ ഭൂമീല് ആരും ഇല്ലാത്തോര്‍ക്കും കഴിയണ്ടേ''. ഒരു കൊച്ചുതോണിയില്‍ ഒഴുക്കിനെതിരെ തുഴഞ്ഞ് കുടുംബത്തെ അക്കര എത്തിക്കാന്‍ പാടുപെടുന്ന സ്ത്രീരൂപമാണ് ഇന്ദിരയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ എത്തുക.


''ശംഭോ, മഹാദേവാ, എന്‍റെ കുട്ട്യേളക്കെങ്കിലും ഒരു കൈ സഹായം നല്‍കാന്‍ ആരെങ്കിലും ഉണ്ടാവണേ''രാമകൃഷ്ണന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.


അദ്ധ്യായം - 5.


ക്ലാസ്സുകഴിഞ്ഞ് രമ കൂട്ടുകാരികളോടൊപ്പം ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. ക്ലാസ്സ് സമയം സൌകര്യപ്രദമാണ്. ഒമ്പതരയ്ക്ക് തുടങ്ങി ഒന്നരയ്ക്ക് അവസാനിക്കും. ഒന്നേമുക്കാലിന്ന് ദിവസത്തില്‍ ഒരുതവണമാത്രം വന്നു പോവുന്ന ഒരു ബസ്സുണ്ട്. അതിലാണെങ്കില്‍ തിരക്കും ഉണ്ടാവില്ല.


''ഒന്ന് നില്‍ക്ക്. ഞാനുംകൂടീണ്ട്'' പിന്നില്‍നിന്നുള്ള വിളി കേട്ടപ്പോള്‍ തിരിഞ്ഞുനോക്കി. ചിത്രയാണ്.


''നീ എന്തേ വൈക്യേത്''ആരോ ചോദിച്ചു.


''ടീച്ചറടെ കയ്യിന്ന് ഒരുപുസ്തകം വാങ്ങാന്‍ നിന്നു''അവള്‍ പറഞ്ഞു ''ഇന്നലെ വീട്ടില് വലിയമ്മടെ മക്കള് വന്നിരുന്നു. രമടെ ഏട്ടന്‍റെ കാര്യം ചേച്ചി പറഞ്ഞു. ചേച്ചിടെ ഒപ്പം പഠിച്ചിട്ടുണ്ടത്രേ. അതു പറയാനാ ഞാന്‍ ഓടിവന്നത്''.


''എന്താ എന്‍റെ ഏട്ടനെ പറ്റി പറഞ്ഞത്''രമ ചോദിച്ചു.


''നിന്‍റെ ഏട്ടന്‍ നന്നായി പാട്ട് പാടുംന്നു പറഞ്ഞു. കണ്ണടച്ചിരുന്ന് പാട്ടു കേട്ടാല്‍ സാക്ഷാല്‍ യേശുദാസ് മുമ്പില്‍വന്ന് പാടുണപോലെ തോന്നുംന്ന് ഹെഡ്മാഷ് അസംബ്ലീല് പറഞ്ഞിട്ടുണ്ടത്രേ''. രമയ്ക്ക് അഭിമാനംതോന്നി. ചിത്ര പറഞ്ഞ സംഭവം ഏട്ടന്‍തന്നെ വീട്ടില്‍ പറഞ്ഞിട്ടുണ്ട്. എന്നാലും വേറെ ആരെങ്കിലും പറഞ്ഞു കേള്‍ക്കുന്നതില്‍ ഒരു സുഖമുണ്ട്.


''ഏട്ടന്‍ പാട്ട് പഠിച്ചിട്ടുണ്ടോ''ഷൈലയ്ക്ക് അതറിയണം.


''ഇല്ല. അമ്മ പാട്ട് പഠിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് അമ്മ ഏട്ടന് പറഞ്ഞു കൊടുക്കാറുണ്ട്''.


''പിന്നെ എന്തേ പഠിപ്പിച്ചില്ല''.


''ഒന്ന് ഞങ്ങള്‍ക്ക് അതിനുള്ള ചുറ്റുപാട് ഉണ്ടായിരുന്നില്ല. പിന്നെ ഏട്ടന്‍ വലുതാവുമ്പോഴേക്കും അമ്മയ്ക്ക് എല്ലാ കലകളോടും എന്തോ ഒരുമടുപ്പ് വന്നു. ഇപ്പൊ കുറച്ചായിട്ട് പാട്ട് എന്ന് കേട്ടാലേ അമ്മയ്ക്ക് കലിവരും. രാഗം മൂളിക്കൊണ്ടിരുന്നാല്‍ വയറ് നിറയില്ല എന്നുപറഞ്ഞ് ദേഷ്യപ്പെടും''.


''നല്ല പാട്ടുകാരനായാല്‍ സമ്പാദിച്ചുകൂട്ടാലോ''.


''അതൊക്കെ വളരെക്കുറച്ച് ആളുകളുക്കേ സാധിക്കൂ. അല്ലാത്തോര്‍ക്ക് എന്നും ദാരിദ്ര്യം ആവും എന്നാണ് അമ്മടെ അഭിപ്രായം''.


''അതൊക്കെ വെറുതെ തോന്നുണതാ''ചിത്ര എതിര്‍ത്തു.


''അല്ലാ കുട്ടീ. സരസ്വതീം മഹാലക്ഷ്മീം ഒന്നിച്ച് ഒരുദിക്കില്‍ വാഴില്ലാത്രേ''.


''ആ പറഞ്ഞതാ തെറ്റ്''ചിത്ര വിയോജിപ്പ് പ്രകടിപ്പിച്ചു''സരസ്വത്യേ പ്രസാദിപ്പിച്ചു കൂടെനിറുത്ത്യാല്‍ മഹാലക്ഷ്മി തന്നെ വന്നുകേറുംന്ന് മുത്തശ്ശി പറഞ്ഞുതന്നിട്ടുണ്ട്''.


''എന്തായാലും ഏട്ടനോട് മുടങ്ങാതെ പ്രാക്ടീസ് ചെയ്യാന്‍ പറയണം. എപ്പോഴാ ഒരു ചാന്‍സ് കിട്ട്വാന്ന് പറയാന്‍ പറ്റില്ലല്ലോ''. അതുകേട്ട്            രമ തലയാട്ടിയതേയുള്ളു.

**********************************

മൂന്നാംദിവസം കൂട്ടുകാരെ കാണാന്‍ സുമേഷെത്തി. കോട്ടയ്ക്ക് മുമ്പിലെ പാര്‍ക്കിങ്ങ് ഗ്രൌണ്ടിനോട് ചേര്‍ന്നുള്ള മരചുവട്ടില്‍ എല്ലാവരും ഇരുന്നു.


''എന്താടാ ഇന്നലീം  മിനിഞ്ഞാന്നും നിന്നെ ഈ വഴിക്ക് കാണാഞ്ഞത്''റഷീദ് ചോദിച്ചു.


''ഒന്നും പറയണ്ടാടാ. ജീവിക്കാന്‍ എന്തൊക്കെ പ്രയാസങ്ങളാണ്. ഒന്നു മഴചാറ്യേതും ആളുകള് വിതയ്ക്കാനും ഞാറുപാകാനും തുടങ്ങി. ആ സമയം നോക്കി ട്രാക്ടര്‍ഡ്രൈവര്ക്ക് കണ്ണില്‍ദീനം. പിന്നെന്താ ചെയ്യാ. രണ്ടുദിവസൂം ഞാന്‍തന്നെ പാടംപൂട്ടാന്‍ ട്രാക്ടറും കൊണ്ടുപോയി''.


''എങ്ങന്യാടാ പൊടീം  സഹിച്ച് ഈ ചൂടില് പകല് മുഴുവന്‍ അതിന്‍റെ മോളില് ഇരിക്കിണ്''പ്രദീപ് ചോദിച്ചു.


''അതുപറഞ്ഞ് വീട്ടിലിരുന്നാല്‍ സമയത്തിന്ന് പണിചെയ്ത കൊടുക്കാന്‍ കഴിയില്ല''.


''നാട്ടില് വേറെ ട്രാക്ടര്‍ ഇല്ലാത്ത മാതിര്യാണല്ലോ നിന്‍റെ വര്‍ത്തമാനം''.


''നാട്ടില് ഇഷ്ടംപോലെ ട്രാക്ടര്‍ ഉണ്ടാവും. ആവശ്യക്കാര്‍ക്ക് വിളിച്ചാല്‍ കിട്ടും ചെയ്യും. പോണത് നമുക്ക് കിട്ടുണ കാശാണ്. പോരാത്തതിന്ന് ആ ആളുകള് അടുത്ത പ്രാവശ്യം മുതല്‍ നമ്മളെ വിളിക്കാണ്ടാവും''.


''എന്തിനാ ഇത്ര കഷ്ടപ്പെടുണ്''പ്രദീപ് ചോദിച്ചു''നീ ഒറ്റമകനല്ലേ. ഇട്ടു മൂടാനുള്ള സ്വത്തൂണ്ട്''.


''അത് ഇപ്പഴല്ലേ. ആദ്യകാലത്ത് ഉണ്ടായിരുന്നത് വെറും അഞ്ചുപറകണ്ടം. അച്ഛന് ലോറിഡ്രൈവറടെ പണി. ബാക്കിയൊക്കെ അച്ഛന്‍ ഗള്‍ഫില്‍ചെന്ന് സമ്പാദിച്ച കാശോണ്ട് ഉണ്ടാക്കി ചേര്‍ത്തതാണ്''സുമേഷ് പറഞ്ഞു''നെല്ല് അരയ്ക്കാനും പൊടിക്കാനൂള്ള മില്ല് തുടങ്ങ്യേശേഷം ഒരാളെ പണിക്ക് വെച്ചിട്ടില്ല. അമ്മേന്നെ എല്ലാം ചെയ്യും. ലീവില് വരുമ്പൊ അച്ഛനുംകൂടി പണിയെടുത്തിട്ടാണ് മലടെചോട്ടില്‍ വാങ്ങിയ സ്ഥലത്ത് റബ്ബര്‍ വെച്ചത്. രണ്ടാളും നല്ലോണം കഷ്ടപ്പെട്ടിട്ടാണ് ഇന്നുള്ളതൊക്കെ ഉണ്ടാക്ക്യേത്''.


''സമ്മതിച്ചു. ഇനീള്ളകാലം ബുദ്ധിമുട്ടാതെ കഴിഞ്ഞൂടേ''.


''എടാ. എത്ര വല്യേ കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും. കുറച്ചൊക്കെ ബുദ്ധിമുട്ടണം. എന്നാലേ ഉള്ളമുതല് നിലനിര്‍ത്താന്‍പറ്റു. എന്‍റെ അച്ഛനും അമ്മീം  എനിക്ക് വേണ്ടീട്ടാണ് ഈക്കണ്ട പാടൊക്കെ പെടുണത്. ഞാന്‍ അത് മനസ്സിലാക്കണ്ടേ''.


''നീ എന്തോ ചെയ്തോ''പ്രദീപ് പറഞ്ഞു''നിന്‍റെ സ്ഥാനത്ത് ഞാനാണെങ്കില്‍ സമയത്തിന് ഭക്ഷണംകഴിച്ച് മിണ്ടാണ്ടെ ഒരുഭാഗത്തിരിക്കും''.


''അല്ലെങ്കില്‍ ഇപ്പൊ നീ എന്താ ചെയ്യുണത്''സുമേഷിന്‍റെ ചോദ്യംകേട്ട് കൂട്ടുകാര്‍ ഉറക്കെ ചിരിച്ചു. പ്രദീപിന്ന് ഒന്നും പറയാനുണ്ടായിരുന്നില്ല.


''എല്ലാരുംകൂടി എന്നെ വാരിക്കോ''അവനും ചിരിയില്‍ കൂടി.


''എവിടെ നമ്മടെ ഗാനഗന്ധര്‍വ്വന്‍ പൊതുവാള്‍''സുമേഷ് അന്വേഷിച്ചു.


''ബാംഗ്ലൂരിലിക്ക് മീറ്റിങ്ങിന്ന് പോയതാണ്. അതിനുശേഷം കണ്ടിട്ടില്ല. ചിലപ്പോ മാനേജര്‍ വര്‍ക്കിന്ന് വന്നിട്ടുണ്ടാവും''റഷീദ് മറുപടി നല്‍കി. പാതയോരത്തെ ഉന്തുവണ്ടീല്‍നിന്നും മുട്ടബജ്ജിയും ചായയുംകഴിച്ച് കൂട്ടുകാര്‍ പിരിയാനൊരുങ്ങി.


''ബൈക്കിന്ന് ബ്രേക്ക് പോരാ''സുമേഷ് പറഞ്ഞു''ലൈനര്‍ മാറ്റണം എന്നു തോന്നുണു''.


''നീ അതു കൊടുക്ക്. നാലഞ്ച് കൊല്ലം പഴക്കം ഉണ്ടെങ്കിലും പാഷന്‍ പ്ലസ്സ് ആയതോണ്ട് കാശുകിട്ടും. റീസെയില്‍വാല്യൂ ഉള്ളതാണ്''റഷീദ് പറഞ്ഞു.


''എന്നിട്ട്''.


''സെഡ്. എം. ആറോ, കരിഷ്മയോ വാങ്ങിക്ക്. ഓടിക്കാന്‍ നല്ല സുഖം ഉണ്ടാവും''.


''നന്നായി. ഇന്നത്തെ പെട്രോളിന്‍റെ വിലയ്ക്ക് നല്ലോണം മുതലാവും''.


''ഞാന്‍ നോക്കുമ്പോള്‍ പെട്രോളിന്‍റെ വില കുറയാന്‍ ഒറ്റവഴിയേ ഉള്ളു'' പ്രദീപ് പറഞ്ഞു.


''എന്താടാ അത്''ആ ചോദ്യം പല ചുണ്ടുകളില്‍നിന്നും ഒന്നിച്ച് ഉയര്‍ന്നു.


''നമ്മടെ പഴേ റെയില്‍വെ മന്ത്രീല്ലേ  ലാലുപ്രസാദ് യാദവ്. അയാളെ പിടിച്ച് പെട്രോളിയം വകുപ്പിന്‍റെ ചുമതല ഏല്‍പ്പിക്ക്യാ. ട്രെയിന്‍ചാര്‍ജ്ജ് കുറച്ച് റെയില്‍വെ ലാഭത്തിലാക്ക്യേ ആളാണ്. ഉറപ്പായിട്ടും അതുപോലെ എന്തെങ്കിലും സൂത്രം കാട്ടി രണ്ടുമാസം കൊണ്ട് ആ മൂപ്പര് പെട്രോളിന്‍റെ വില ലിറ്ററിന്ന് ഇരുപത് ഉറുപ്പ്യേങ്കിലും ആയി കുറയ്ക്കും. പെട്രോളിയം കമ്പിനികളൊക്കെ ലാഭത്തില്‍ ആവും ചെയ്യും''.


''നിന്‍റെ തല ഇവട്യോന്നും വെക്കേണ്ടതല്ല''സുമേഷ് പറഞ്ഞു. കൂട്ടുകാര്‍ ആര്‍ത്തു ചിരിച്ചു.


  അദ്ധ്യായം - 6.


വെയിലിന് പതിവിലും കൂടുതല്‍ ചൂടുതോന്നി. തലേന്ന് വൈകുന്നേരം മഴ പെയ്തതാണ്. വഴിയോരത്ത് അവിടവിടെ തളംകെട്ടിനിന്ന വെള്ളം വറ്റി ചെളിയുടെ പാടമാത്രം അവശേഷിപ്പിച്ചിട്ടുണ്ട്. അതിന്നുചുറ്റും ഉണങ്ങിയ പുല്‍ക്കൊടികള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. വഴിനീളെ കടുത്ത ദുര്‍ഗ്ഗന്ധം ഉയരുന്നുണ്ട്. ടൌണിനുള്ളില്‍ ഇങ്ങിനെയുള്ള വഴികള്‍ ഇപ്പോഴുമുള്ളത് ഒരുഅത്ഭുതംതന്നെ. വിവേക് കര്‍ച്ചീഫ്കൊണ്ട് മൂക്കുപൊത്തി വേഗത്തില്‍ നടന്നു. പതിവുപോലെ കോട്ടയിലേക്കുള്ള വഴിയോരത്തെ മരച്ചുവട്ടില്‍ കൂട്ടുകാര്‍ സമ്മേളിച്ചിട്ടുണ്ട്.


''എവിടുന്നാടാ വിവേകേ നീ വരുണത്''പ്രദീപ് ചോദിച്ചു.


''സ്റ്റേഡിയത്തിന്‍റെ അടുത്ത് ഒരാളെ കാണാന്‍ ചെന്നതായിരുന്നു. ചെന്നപ്പൊ ആള് സ്ഥലത്തില്ല. അതോണ്ട് ഇങ്ങിട്ട് പോന്നു''.


''എന്താടാ നീ നടന്നത്. നിനക്ക് ബസ്സില്‍ വരായിരുന്നില്ലേ''അടുത്തചോദ്യം. വിവേക് ചിരിച്ചു.


 ''ബസ്സിലല്ല, ടൂറിസ്റ്റ് ടാക്സി വിളിച്ച് വരണം ന്ന് വിചാരിച്ചതാ. പക്ഷെ ചെറ്യോരു തടസ്സം''.


''എന്താടാത്''.


''എന്‍റേല് ഒറ്റപൈസീല്ല. കാശില്ലാതെ എത്താന്‍ ഒറ്റവഴ്യേള്ളു. നടത്തം''. അവന്‍ സ്വന്തം കഷ്ടപ്പാടുകള്‍ വിവരിച്ചു. രാവിലെ വീട്ടിന്ന് ജോലിക്ക് വരാന്‍നേരം കയ്യിലൊന്നും ഉണ്ടായിരുന്നില്ല. ആ വിഷമം മനസ്സിലാക്കി ഭാര്യ അമ്പതുറുപ്പികതന്നു. മകന് ആരോവിഷുകൈനീട്ടം കൊടുത്തതാണ് ആ പൈസ. അവര്‍ക്ക് അങ്ങോട്ടൊന്നും കൊടുക്കാനോ പറ്റുണില്യാ, കയ്യില്‍ ഉള്ളത് വാങ്ങേണ്ട ഗതികേടാണ് ഉള്ളത്.


''പിന്നെന്താ നീ കാശില്ല എന്ന് പറഞ്ഞത്''.


''വീട്ടില്‍നിന്ന് പോരുമ്പോഴത്തെ ബസ്സ് ചാര്‍ജ്ജ് കൊടുത്തു, ഇവിടെ വന്നപ്പോള്‍ ഒരു കസ്റ്റമറെ അന്വേഷിച്ച് പോണ്ടിവന്നു. അതിനുള്ള ബസ്സ്ചാര്‍ജ്ജും കൊടുത്തുകഴിഞ്ഞപ്പോള്‍ ബാക്കീള്ളത് ഇരുപത് രൂപ മാത്രം. എനിക്ക് വിശന്നിട്ടാണെങ്കില്‍ തീരെ വയ്യ. എത്രനേരം പിടിച്ചു നില്‍ക്കാന്‍ പറ്റും. കയ്യിലുള്ള പണം കൊടുത്ത് ഊണു കഴിച്ചു. ഇനി നിങ്ങള്‍ ആരെങ്കിലും വല്ലതുംതന്ന് സഹായിച്ചാലേ വീട്ടിലേക്ക് തിരിച്ചു പോവാന്‍ പറ്റൂ''. വിവേകിന്‍റെ വിഷമം എല്ലാവരേയും ദുഖിപ്പിച്ചു. എത്രകാലം അവന്‍ ഇങ്ങിനെ കഷ്ടപ്പെടും.


''സുമേഷേ, നീ ഇവന് ഒരു അഞ്ഞൂറ് രൂപ കൊടുക്കെടാ''പ്രദീപ് പറഞ്ഞു ''കിട്ടുമ്പൊ അവന്‍ തിരിച്ചുതരും''.


''നീ പറഞ്ഞിട്ടു വേണ്ടേ കൊടുക്കാന്‍. ഒരു റെക്കമെന്‍റേഷനുംകൊണ്ട് വന്നിരിക്കുണു''സുമേഷ് ചൊടിച്ചു.


''നിനക്ക് പഴയ പണിക്കുന്നെ പൊയ്ക്കൂടേ''റഷീദ് വിവേകിനോട് ചോദിച്ചു''ദിവസം പത്തു മുന്നൂറ് ഉറുപ്പിക കൂലി കിട്ടും''. വിവേക് കുറച്ചുകാലം പെയിന്‍ററായി പണിചെയ്തിട്ടുണ്ട്. അതാണ് റഷീദ് ആ ചോദ്യം ചോദിച്ചത്


''ബക്കറ്റില്‍ പെയിന്‍റുംതൂക്കി കോണീലോ മറ്റോ കേറ്യാല്‍ എനിക്ക് തല ചുറ്റും. അതല്ലേ ഞാന്‍ ആ പണി നിര്‍ത്ത്യേത്''.


''നിനക്ക് ആക്ചൊലി ഇപ്പൊ എന്ത് കിട്ടുണുണ്ട്''സുമേഷ് ചോദിച്ചു.


''മുമ്പ് രണ്ടായിരത്തി അഞ്ഞൂറ് മുവ്വായിരം ഉറുപ്പികവരെ കിട്ടീരുന്നു. കഴിഞ്ഞ രണ്ടുമൂന്ന് മാസായി ഒറ്റപൈസ കിട്ടാറില്ല''.


''നീ ബിസിനസ്സൊന്നും ചെയ്യുണുണ്ടാവില്ല. അതന്നെ അവര്‍ ശമ്പളം തരാത്തത്''.


''നിങ്ങളൊക്കെ വിചാരിക്കിണപോലെയല്ല കാര്യങ്ങള്‍. പുതിയ കാറുകാര്‍ ഗ്യാസ് വെക്കില്ല. ഗ്യാരണ്ടിപിരീഡില്‍ അതൊന്നും ചെയ്യാന്‍ പാടില്ല. പഴയ കാറുകാരോട് ചോദിച്ചാല്‍, കൊടുക്കാന്‍ പോയാല്‍ നാല്‍പ്പതോ അമ്പതോ കിട്ടിണ കാറിന്ന് ഇത്ര പണം മുടക്കി എന്തിനാ ചെയ്യുണത് എന്ന് ഇങ്ങിട്ട് ചോദിക്കും''.


''നിനക്ക് തല്‍ക്കാലത്തേക്ക് ഒരുപണി ഞാന്‍ ശര്യാക്കി തരാം''പ്രദീപ് പറഞ്ഞു''ഒരു സ്പെയര്‍പാര്‍ട്ട് കടേലാ പണി. രാവിലെ ഒമ്പതരയ്ക്ക് തുറക്കണം. വൈകുന്നേരം ആറരയ്ക്ക് കടപൂട്ടി വീട്ടിലിക്ക് പോവാം. എന്താ നോക്കണോ''.


''ശമ്പളം എന്തു കിട്ടും''.


''മൂന്നരതരാന്ന് പറഞ്ഞിട്ടുണ്ട്. പത്തോ അഞ്ഞൂറോ കൂട്ടിത്തരാന്‍ പറയാം''.


''അതിന് ഇവന് സ്പെയര്‍പാര്‍ട്ട്‌സിനെ പറ്റി വല്ലതും അറിയ്യോ''സുമേഷ് ചോദിച്ചു.


''അതാലോചിച്ച് ആരും വിഷമിക്കണ്ടാ''പ്രദീപ് പറഞ്ഞു''കട എന്ന പേരന്നെയുള്ളു. അവിടെ പഴയ സാധനങ്ങള്‍ എന്തൊക്ക്യോ ഉണ്ട്.      ആരും വാങ്ങാനും വരില്ല, ഒന്നും വില്‍ക്കും വേണ്ടാ''.


''പിന്നെ ചന്തം കാണാനാണോ കട വെച്ചിരിക്കിണത്''.


''അതിന്‍റെ ഓണര്‍ക്ക് എട്ടുപത്ത് ടാക്സികളും നാലഞ്ച് ബസ്സുകളും ഉണ്ട്. വല്ലവരും വണ്ടിബുക്ക്ചെയ്യാന്‍ വന്നാല്‍ റജിസ്റ്ററില്‍ എഴുതിവെക്കണം. ഡ്രൈവര്‍മാര്‍ കൊണ്ടുവന്നുതരുന്ന വാടകക്കാശ് വാങ്ങി ബാങ്കില്‍ ആ പണം അടയ്ക്കണം. ബാക്കിനേരം പേപ്പറും വായിച്ചിരിക്കാം''.


''എന്നാല്‍ അതൊന്ന് ശരിപ്പെടുത്തി താ''വിവേക് പറഞ്ഞു' എനിക്ക് തീരെ നില്‍ക്കക്കള്ളീല്ലാതായി ''.


''അതോടുകൂടി ഇവന്‍ നമ്മുടെ സെറ്റിന്ന് ഇല്ലാതാവും അല്ലേടാ പ്രദീപേ'' ശെല്‍വന്‍ ചോദിച്ചു.


''അല്ലല്ലോ. നമ്മള്‍ അവന്‍റെ കടലിക്ക് താവളംമാറ്റില്ലേ''പ്രദീപ് പറഞ്ഞു ''അല്ലെങ്കിലും മഴക്കാലം തുടങ്ങ്യാല്‍ പിന്നെ നമുക്കിവിടെ ഇരിക്കാന്‍ പറ്റില്ലല്ലോ''.


''എടാ പ്രദീപേ, നിനക്ക് മൊബൈല്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് എന്ന് പേരിടണ്ടതാണ്''സുമേഷ് പറഞ്ഞു''എത്ര ആള്‍ക്കാര്‍ക്കാണ് നീ ജോലി വാങ്ങി കൊടുത്തിട്ടുള്ളത്''.


''എന്നെക്കൊണ്ട് കഴിയിണ ഉപകാരം ചെയ്യുണു. അത്ര്യേന്നെ''പ്രദീപ് മറുപടി നല്‍കി''തെണ്ടിത്തിരിഞ്ഞ് നടക്കിണതിന്നിടയില്‍ ഒരുപാടുപേരെ ഈശ്വരാനുഗ്രഹംകൊണ്ട് എനിക്ക് പരിചയപ്പെടാന്‍ പറ്റുണുണ്ട്. അതു കാരണം പലതും ചെയ്യാനും കഴിയുണുണ്ട്''.


''ഇങ്ങന്യോക്കെ ആയിട്ട് നിനക്ക് നല്ലൊരു ജോലി സമ്പാദിക്കാന്‍ ഇതുവരെ സാധിച്ചില്ലല്ലോ''റഷീദ് ചോദിച്ചു.


''എനിക്കൊരു മോഹൂണ്ട്. എങ്ങനേങ്കിലും പഠിച്ച് ഒരു എസ്. ഐ. ആവണം. എന്നിട്ടുവേണം എന്‍റെ അച്ഛന്‍റെ സ്വത്ത് തട്ടിപ്പിടുങ്ങി എടുത്ത ഇളയച്ഛന്മാരെ എന്തെങ്കിലും കേസ്സില്‍പ്പെടുത്തി സ്റ്റേഷനില്‍കേറ്റി കൂമ്പ് നോക്കി നാല് ഇടികൊടുക്കാന്‍''അവന്‍റെ സ്വരം കടുത്തു''അത് ചെയ്താലേ മരിച്ചുപോയ എന്‍റെ അച്ഛന്‍റെ ആത്മാവിന്ന് ശാന്തികിട്ടൂ''.


''പോട്ടെ സാരൂല്യാടാ''സുമേഷ് ആശ്വസിപ്പിച്ചു''നമുക്ക് ചായകുടിക്കണ്ടേ''.


''പിന്നല്ലാതെ. നീ വരുന്നതും കാത്ത് വെള്ളം ഇറക്കിക്കൊണ്ട് ഇരിക്ക്യല്ലേ ഞങ്ങളൊക്കെ''പ്രദീപ് പറഞ്ഞു.


''ആടിക്കും അമാവാസിക്കും നിങ്ങളാരെങ്കിലും വാങ്ങിതരാറുണ്ടല്ലോ. അതു മതി''സുമേഷ് പറഞ്ഞു.


''ശമ്പളം കിട്ട്യാല്‍ ഞാന്‍ ചിലവ് ചെയ്യുണുണ്ട്''റഷീദ് ഏറ്റു.


''വിവേകേ നിനക്ക് എത്ര പണം വേണം'' സുമേഷ് ചോദിച്ചു.


''എന്തെങ്കിലും താ''അവന്‍ പറഞ്ഞു.


''അമ്പത് പൈസ മത്യോ''വിവേക് ഒന്നും പറഞ്ഞില്ല. അവന്‍ കിടങ്ങിലേക്ക് നോക്കിക്കൊണ്ടു നിന്നു. പച്ചനിറത്തിലുള്ള വെള്ളത്തില്‍ ഇളംകാറ്റ് കുഞ്ഞോളങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.


''ഇന്നാ. ഇവന്‍ പറഞ്ഞ അഞ്ഞൂറ് ഉറുപ്പിക''സുമേഷ് അഞ്ഞൂറിന്‍റെ ഒരു നോട്ട് നീട്ടി. വിവേക് അത് വാങ്ങി പോക്കറ്റിലിട്ടു.


''ശമ്പളം വല്ലതും കിട്ട്യാല്‍ ഞാന്‍ തരാട്ടോ''അവന്‍ പറഞ്ഞു.


''നീയത് ആലോചിച്ച് വിഷമിക്കണ്ടാ''സുമേഷ് എഴുന്നേറ്റുനടന്നു, പുറകെ മറ്റുള്ളവരും.

****************************

മൂന്നു മണിക്ക് മാനേജര്‍ പണി മതിയാക്കി പുറപ്പെട്ടു.


''അനൂപേ, ഇന്നത്തെ ഇവിടുത്തെ പരിപാടി ഇത്രമതി. അത്യാവശ്യമായി എനിക്ക് കോഴിക്കോടെത്തണം''അയാള്‍ പറഞ്ഞു''നീ പാലക്കാടുചെന്ന് നേരത്തെ ഏല്‍പ്പിച്ച ഡോക്ടറെ കാണണം''. 


അന്നത്തെ ജോലി പട്ടാമ്പിയിലായിരുന്നു. ഇനി അറുപത് കിലോമീറ്റര്‍ ചെന്ന് ഡോക്ടറെ കാണുന്ന കാര്യം ആലോചിച്ചപ്പോള്‍ മടിതോന്നി. മാനേജര്‍ക്ക് അതുമനസ്സിലായി എന്ന് തോന്നുന്നു.


''ശരി എന്നുപറഞ്ഞ് ഇവിടെനിന്നും പോയിട്ട് വഴിക്കുവെച്ച് മുങ്ങി കളയരുത്. ഞാന്‍ അന്വേഷിക്കും''അയാള്‍ പറഞ്ഞു.


''ഇല്ല സാര്‍, ഞാന്‍ ഉറപ്പായിട്ടും കണ്ടോളാം'' അനൂപ് ഏറ്റു.


''എളുപ്പം നോക്കി നീ വീട്ടിലേക്കൊന്നും പോവരുത്'' ഒരിക്കല്‍ കൂടി പറഞ്ഞേല്‍പ്പിച്ച് മാനേജര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് നടന്നു, അനൂപ് സ്കൂട്ടറില്‍ പാലക്കാട്ടേക്ക് തിരിച്ചു. ആകാശം മൂടികെട്ടി നില്‍ക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാം. റെയിന്‍കോട്ട് വാങ്ങീട്ടില്ല. നല്ലമഴ തുടങ്ങുമ്പോഴേക്ക് ഒന്ന് വാങ്ങണം.


ഒറ്റപ്പാലത്ത് എത്തുന്നതിന്ന് മുമ്പുതന്നെ ഒന്നുരണ്ടിടത്ത് ചാറ്റല്‍മഴ ഉണ്ടായി. പാതയോരത്തെ പീടികകള്‍ക്ക് മുന്നില്‍ വണ്ടിനിര്‍ത്തി അവന്‍ കയറിനിന്നു. ജോലികഴിഞ്ഞ് എത്തിയശേഷം രണ്ടുചാക്ക് സിമിന്‍റ് വാങ്ങി സ്കൂട്ടറില്‍ കയറ്റി വീട്ടില്‍ എത്തിക്കണമെന്ന് അമ്മ ഏല്‍പ്പിച്ചതാണ്. ഡോക്ടറെ കാണാന്‍ ചെന്നാല്‍ ആ  കാര്യം നടക്കില്ല.


സ്വതവേ നല്ല തിരക്കുള്ള ഡോക്ടറാണ്. ഏതു സമയത്തും ധാരാളം രോഗികള്‍ കാണും. ക്ലിനിക്കില്‍ ടോക്കണ്‍ കൊടുക്കാന്‍ നില്‍ക്കുന്ന ചേച്ചിക്ക് ഡോക്ടറേക്കാള്‍ പത്രാസാണ്. ഇഷ്ടമില്ലാത്ത ഏതെങ്കിലും റെപ്രസന്‍റ്റേറ്റീവ് ചെന്നാല്‍ ഏറെനേരം കഴിഞ്ഞേ അകത്തേക്ക് കടത്തി വിടാറുള്ളു. ഭാഗ്യത്തിന്ന് അവര്‍ക്ക് തന്നെ ഇഷ്ടമാണ്. ഡോക്ടര്‍മാര്‍ക്ക് ഗിഫ്റ്റ് കൊടുക്കാന്‍ കമ്പിനി തന്ന വിലകൂടിയ ഒരു പേന ഒരിക്കല്‍ കൊടുക്കുകയുണ്ടായി. അന്നുമുതല്‍ തുടങ്ങിയ ലോഹ്യമാണ്. ശബരി മലയില്‍പോയി വന്നശേഷം അപ്പവും അരവണയുംകൊടുത്ത് നല്ലവണ്ണം സന്തോഷിപ്പിക്കുകയും ചെയ്തു.


''അനൂപേ, നീ എപ്പൊ വേണമെങ്കിലും വന്നോ. ഞാന്‍ കടത്തി വിടാം''എന്ന ചേച്ചിയുടെ വാഗ്ദാനമാണ് ഏക ആശ്വാസം. ഇല്ലെങ്കില്‍ നിന്നു മടുത്തതു തന്നെ.


ആകാശത്ത് അമിട്ടുകള്‍ പൊട്ടിത്തുടങ്ങി. ചരല്‍ വാരി എറിയുന്നത്തു പോലുള്ള മഴ പെട്ടെന്നാണ് കടന്നുവന്നത്. എവിടെയെങ്കിലും കയറി നില്‍ക്കാന്‍ ആവുന്നതിന്നുമുമ്പ് നല്ലവണ്ണം നനഞ്ഞു. ഇനി കയറിനിന്നിട്ട് എന്തു കാര്യം. സ്കൂട്ടര്‍ ഓടികൊണ്ടിരുന്നു. കൂട്ടുപാതയില്‍ എത്തുമ്പോഴേക്കും നനഞ്ഞു കുതിര്‍ന്നിരുന്നു. ഇവിടെനിന്ന് രണ്ടു കിലോമീറ്റര്‍ ദൂരമേ വീട്ടിലേക്കുള്ളു. എന്താണ് വേണ്ടത് എന്ന് ഒരുനിമിഷം ആലോചിച്ചു. വീട്ടില്‍ ചെന്നാല്‍ തലയും മേലും തുടച്ച് വസ്ത്രം മാറ്റി ചൂടോടെ ഒരു ചായയുംകുടിച്ച് ഇരിക്കാം. പക്ഷെ ഡോക്ടറെ കാണാന്‍ ചെല്ലാഞ്ഞത് മാനേജര്‍ അറിഞ്ഞാലോ?


ഏതായാലും നനഞ്ഞുകഴിഞ്ഞു. മാനേജര്‍ ഏല്‍പ്പിച്ച പണി തീര്‍ക്കാന്‍ കഴിഞ്ഞാല്‍ സമാധാനമായി വീട്ടിലേക്ക് പോവാമല്ലോ. അനൂപ് സ്കൂട്ടര്‍ പാലക്കാട്ടേക്ക് വിട്ടു.


അദ്ധ്യായം - 7.


ഒമ്പതുമണിക്കുമുമ്പേ പാറു എത്തി. ആ നേരത്ത് എത്തിയാല്‍ മതിയെന്ന് ഇന്ദിര അവളെ പറഞ്ഞ് ഏല്‍പ്പിച്ചതായിരുന്നു. കാലത്ത് ഒരുപാട് പണികളുള്ളതാണ്. പശുവിനെ കറക്കണം, വെള്ളവും വൈക്കോലും കൊടുക്കണം, പശുക്കുട്ടിയെ മാറ്റിക്കെട്ടണം, അടുക്കളപ്പണികള്‍ തീര്‍ക്കണം, കുട്ടികള്‍ പോവാറാവുമ്പോഴേക്കും ഭക്ഷണം ഉണ്ടാക്കി അവര്‍ക്കു കൊടുക്കണം, രാമകൃഷ്ണന്ന് വേണ്ടതെല്ലാം ചെയ്യണം. നൂറുകൂട്ടം പണികളാണ് ഉള്ളത്. അതിന്നുമുമ്പ് മറ്റു പണികള്‍ക്കൊന്നും നേരം കിട്ടില്ല.


അനൂപും രമയും പോവുമ്പോഴേയ്ക്കും പാറു കുറെമണല്‍ ചലിച്ചുകൂട്ടി, മുറ്റത്ത് സിമന്‍റും മണലും കലര്‍ത്തി മട്ടിയുണ്ടാക്കി. കുട്ടികള്‍ ഇറങ്ങിയതും ഇന്ദിര എത്തി.


''നമുക്ക് തമ്പുരാന്‍ കിടക്കിണ മുറിടെ പണി ആദ്യം തീര്‍ത്താലോ''പാറു ചോദിച്ചു.


ഇന്ദിരയ്ക്കും അതുതന്നെയായിരുന്നു താല്‍പ്പര്യം. ഡ്രായിങ്ങ് റൂമിലേക്ക് രാമകൃഷ്ണനെ മാറ്റിക്കിടത്തി അവര്‍ പണിതുടങ്ങി.


''തമ്പുരാട്ടി ഇടയ്ക്ക് ഓരോകുടം വെള്ളംകൊണ്ടുവന്ന് തന്നാമതി, മട്ടി കഴിയുമ്പോള്‍ അതും ഓരോചട്ടി. ബാക്കി പണിയൊക്കെ ഞാനായി''.


നിലത്തുവിരിച്ച പായയില്‍ രാമകൃഷ്ണന്‍ മലര്‍ന്നുകിടന്നു. ഇന്ദിരയുടെ കഷ്ടപ്പാടോര്‍ത്ത് അയാളുടെ ഉള്ളില്‍ സങ്കടം നിറഞ്ഞു. എത്ര സുഖമായി കഴിഞ്ഞതാണ് അവള്‍. മറ്റാരെയെങ്കിലും കല്യാണംകഴിച്ച് സന്തോഷമായി ജീവിക്കേണ്ടവളാണ്. ഇവിടുത്തെ ബുദ്ധിമുട്ട് സഹിക്കാനായിരിക്കും അവള്‍ക്ക് യോഗം.


പണിയോടൊപ്പം സംഭാഷണവും പുരോഗമിച്ചു. പാറുവിന്ന് എന്തെങ്കിലും സംസാരിച്ചുകൊണ്ടല്ലാതെ പണി ചെയ്യാനാവില്ലെന്നു തോന്നി.


''തമ്പുരാന് എവട്യാ ചികിത്സ''അവള്‍ അന്വേഷിച്ചു. ഇന്ദിര വിവരങ്ങള്‍ പറഞ്ഞു.


''ഞാന്‍ പറയുണപക്ഷം നാട്ടുവൈദ്യം നോക്കുണതാ നല്ലത്''പാറു പറഞ്ഞു തുടങ്ങി. കാവുമുറ്റത്തെ വീട്ടിലെ അമ്മുത്തമ്പുരാട്ടി വാതംവന്നു അനങ്ങാന്‍ പാടില്ലാണ്ടെ പതിനൊന്നുകൊല്ലം കിടപ്പായിരുന്നു. നേരത്തും കാലത്തും കഞ്ഞിവെള്ളം കോരിക്കൊടുക്കണം. ഒന്നിനും വയ്യാണ്ടെ ഒരേകിടപ്പ്. വല്യേ വല്യേ ഡോക്ടര്‍മാരൊക്കെ നോക്കീട്ട് ദെണ്ണം  മാറീല. ഒടുവിലാണ് അവര് മാപ്ലവൈദ്യരെ വിളിച്ച് അമ്മേനെ കാണിച്ചത്. മൂപ്പര് ഒരു എണ്ണീം കുഴമ്പും കൊടുത്തു. അകത്തേക്ക് ഒരു കഷായൂം പൊടീം. ഒരു മാസംകൊണ്ട് ആ തമ്പുരാട്ടിക്ക് എണീറ്റ് നടക്കാറായി.


''എന്നാ എന്‍റെ രാമേട്ടനെ വൈദ്യര്‍ക്ക് ഒന്ന് കാണിക്കണം''ഇന്ദിര പറഞ്ഞു ''എങ്ങിനേങ്കിലും ഭേദായി കിട്ട്യാമതി. ഇനിമുതല്‍ രാമേട്ടന്‍ അമ്പലത്തില്‍ കൊട്ടാനൊന്നും പോണ്ടാ. വെറുതെ ഉമ്മറത്ത് ഒരാളായിട്ട് ഇരുന്നാ മതി. ഇപ്പൊ എന്‍റെ മകന്‍ കുറച്ചൊക്കെ സമ്പാദിച്ച് കൊണ്ടുവന്നു തരുണുണ്ട്. പോന്നുപോരാത്തത് ഞാന്‍ എങ്ങിന്യേങ്കിലും ഉരുട്ടിക്കൊണ്ട് പോവും''.


''ഇന്നത്തെകാലത്ത് ആണ്‍കുട്ട്യേള് സമ്പാദിച്ച് കൊണ്ടുവന്ന് തരണച്ചാല്‍ വീട്ടിലിരിക്കുന്നോരക്ക് നല്ലഭാഗ്യം വേണം. ഇശ്ശിമിക്കവാറും ചെക്കന്മാര് മീശ മുളയ്ക്കിണതിന്ന് മുന്നേ കള്ളും വെള്ളൂം കുടിക്കാനും സിഗററ്റും ബീഡീം വലിക്കാനും തുടങ്ങും. അതിന്നപ്പുറത്തുള്ള തെമ്മാടിത്തരം കാട്ടുന്നോരൂണ്ട്. കയ്യില്‍കിട്ടുണത് മുഴുവന്‍ അങ്ങിനെ പൊലിച്ചുപാടും, പണിയുംതൊരൂം ഇല്ലാത്തോര് കക്കാനും തട്ടിപ്പറിക്കാനും പോവും''.


''എന്തോ ഈശ്വരാനുഗ്രഹംകൊണ്ട് എന്‍റെ അനൂന്ന് അങ്ങിനത്തെ ദുശ്ശീലം യാതൊന്നൂല്യാ. അവനെപ്പോലത്തെ കുട്ടികള് ഉച്ചയ്ക്ക് ഹോട്ടലിന്നാ ഉണ്ണാറ്. എന്‍റെകുട്ടി പുറത്തിന്ന് കാശുകൊടുത്ത് ഒന്നും വാങ്ങികഴിക്കില്ല. നമ്മളുടെ ഇല്ലായ വല്ലായ അവന് നന്നായിട്ടറിയാം. രാവിലത്തെ നാല് ഇഡ്ഡലി പൊതിഞ്ഞുകൊടുക്കും. ഒപ്പം ഒരുകുപ്പീ സംഭാരൂം ഒരുകുപ്പി വെള്ളൂം. ഉച്ചയ്ക്ക് എവിടേങ്കിലും ഇരുന്ന് അത് തിന്നും. മാനേജര് വരുണ ദിവസം വീട്ടിന്ന് ഒന്നും കൊണ്ടുപോവില്ല. അന്ന് അയാള് ആഹാരംവാങ്ങി കൊടുത്തോളും''.


''അത് തമ്പുരാട്ടി വളര്‍ത്ത്യേതിന്‍റെ ഗുണം. അല്ലെങ്കിലും തന്തേം തള്ളേം ജീവിക്കണത് ആരക്ക് വേണ്ടീട്ടാ? മക്കള്‍ക്ക് വേണ്ടീട്ടല്ലേ. കുട്ട്യേള്  അത് മനസ്സിലാക്കി നടന്നാ അതിന്‍റെ ഗുണം അവര്‍ക്കന്നെ''.


''സത്യം പറയാലോ എന്‍റെ പാറു. ഈ ഇരിക്കിണ ഇരിപ്പില്‍ മരിച്ചാല്‍ അതിലേറെ വേറൊരുസന്തോഷം എനിക്കില്ല. അത്രയ്ക്ക് ദുരിതം ഞാന്‍ അനുഭവിക്കിണുണ്ട്. എന്നാലും കുറച്ചുകാലംകൂടി അതൊക്കെ സഹിച്ച് കഴിയണം. ഒരു പെണ്‍കുട്ടി ഉള്ളതിനെ പഠിപ്പിച്ച് നല്ല ഒരുത്തന്‍റെ കയ്യില്‍ പിടിച്ചു കൊടുക്കണം. എന്നിട്ട് എന്‍റെ അനൂന് ഒരുപെണ്‍കുട്ട്യേ കൊണ്ടു വരണം. പിറ്റെദിവസം ചത്താലും എനിക്ക് വിരോധൂല്യാ''.


''അതൊക്കെ ഇപ്പൊ തോന്ന്വല്ലേ തമ്പുരാട്ട്യേ. താലികെട്ട്യേ ആണിനെ ഭൂമീല് ഒറ്റയ്ക്കാക്കീട്ട് ചത്തുപോവാന്‍ ഏതെങ്കിലും പെണ്ണിന്ന് തോന്ന്വോ''.


''ഞാന്‍ നല്ലോണം മോഹിച്ചിട്ട് കിട്ട്യേ ആളാണ് എന്‍റെ രാമേട്ടന്‍. മൂപ്പരെ പറഞ്ഞയച്ചിട്ട് ജീവിക്കാന്‍ എന്നെക്കൊണ്ടാവില്ല. രണ്ടു ദിവസംകൊണ്ട് ഞാന്‍ ഉരുകി ചാവും''.


''എന്‍റെ കാര്യം നോക്കിന്‍. ജീവിച്ചിരിക്കുമ്പൊ കെട്ട്യോന്‍ എനിക്ക് ഒട്ടും തൊയിരം തന്നിട്ടില്ല. പണിയെടുത്ത് കിട്ടുന്നതിന്ന് ഒരുപൈസ എനിക്ക് തരില്ല. മൂക്കെറ്റം കള്ളുംകുടിച്ചുവന്നിട്ട് തല്ലും. ഒടുവില്‍ കുടിച്ചുകുടിച്ച് തീരെ വയ്യാണ്ടെ കിടപ്പിലായി. ഇനികുടിച്ചാല്‍ ചാവുംന്ന് ഡോക്ടറ്. കടം വാങ്ങി കുടിനിര്‍ത്താന്‍ ചികിത്സിച്ചു. കുറച്ചുദിവസം അടങ്ങി ഒതുങ്ങി കൂടി. എന്നോടും മകളോടും നല്ല സ്നേഹോക്കെ ആയി. ഒരുദിവസം പഴേകൂട്ടുകാര് കുടിപ്പിച്ചുവിട്ടു. പിന്നെ എപ്പൊനോക്ക്യാലും ഒരേ കുട്യേന്നെ. നിര്‍ത്ത്യേതുംകൂടി കുടിച്ചുതീര്‍ത്തു. പണിക്ക് പോയോടത്തിന്ന് ചോര ഛര്‍ദ്ദിച്ച് ആസ്പത്രീലാക്കി. ചത്തിട്ട്  അയാളടെ ശവാണ് വീട്ടില് കൊണ്ടുവന്നത്. അവസരം കഴിഞ്ഞതിന്‍റെ പിറ്റേദിവസം മുതല് ഞാന്‍ പണിക്ക് പോവാന്‍ തുടങ്ങി. കഷ്ടപ്പെട്ട് മകളെ വളര്‍ത്തി കെട്ടിച്ചുവിട്ടു. ഇപ്പഴും പണിയെടുത്ത് കഴിയിണുണ്ട്''.


''ഒക്കെ ഓരോരുത്തരുടെ തലയിലെഴുത്താണ്''ഇന്ദിര ആശ്വസിപ്പിച്ചു.


''പണ്ടാരക്കാലനെ മേപ്പട്ട് കെട്ടിയെടുക്കണേ തമ്പുരാനേന്ന് പലപ്പഴും പ്രാകീട്ടുണ്ട്. ഒറ്റയ്ക്കായപ്പഴാ ആള് പോയതിന്‍റെ കുറവ് മനസ്സിലായത്''.


''ഞാനും ചിലപ്പഴക്കെ രാമേട്ടനോട് ശണ്ഠകൂടാറുണ്ട്. അതൊന്നും സ്നേഹം ഇല്ലാഞ്ഞിട്ടല്ല. ഓരോ പ്രയാസങ്ങള് ഉണ്ടാവുമ്പൊ നമ്മള് അറിയാണ്ടെ പറഞ്ഞുപോണതാണ്. എന്നാലും ഇന്നേവരെ മുഖം കറുപ്പിച്ച് മൂപ്പര് എന്നോടൊന്നും പറഞ്ഞിട്ടില്ല''. കുറച്ചുനേരത്തേക്ക് സംഭാഷണം നിലച്ചു.


''നമ്മള് കൂട്ടംകൂടുണതൊക്കെ തമ്പുരാന്‍ കേള്‍ക്ക്വോ''പാറുവിന്‍റെ സ്വരം വീണ്ടും  ഉയര്‍ന്നു''ഇല്ലെങ്കില്‍ എനിക്കൊരു കാര്യം പറയാനുണ്ട്''.


''സാധാരണ ഈ നേരത്ത് രാമേട്ടന് ഒരു മയക്കൂണ്ട്. ഞാന്‍ ചെന്ന് നോക്കീട്ട് വരാം''ഇന്ദിര പറയുന്നത് രാമകൃഷ്ണന്‍ കേട്ടു. താനായിട്ട് പെണ്ണുങ്ങളുടെ സംഭാഷണം മുടക്കുന്നില്ല. അയാള്‍ കണ്ണടച്ചു കിടന്നു.


''ഞാന്‍ പറഞ്ഞില്ലേ, മൂപ്പര് നല്ല ഉറക്കത്തിലാണ്''ഇന്ദിര പറഞ്ഞു.


''വെക്കക്കേട് വെളില് പറയാന്‍ മടീണ്ട്. എന്നാലും മനസ്സില്‍ കെടന്ന് തിക്കുമുട്ടുന്നതോണ്ട് തമ്പുരാട്ടിടെ അടുത്ത് പറയിണതാണ്''പാറു തുടങ്ങി. ''വീട്ടില്‍ ആകപ്പാടെ ഒറ്റമുറ്യേ ഉള്ളു. മകളടെ കല്യാണം കഴിഞ്ഞശേഷം അത് അടച്ചിട്വാണ് പതിവ്. വല്ലപ്പഴും അവളും കെട്ടിയോനുംകൂടി വരുമ്പൊ അതില്‍കെടക്കും. കെട്ട്യോന്‍ചത്ത ഞാന്‍ അവിടെ കെടന്ന് അവര്‍ക്ക് വര്‍ക്കത്തുകേട് വരണ്ടാന്നു വിചാരിച്ചിട്ടാ. പിന്നാലത്തെ ചായ്പ്പില്‍ ഒരുതിണ്ടുണ്ട്. അതിന്‍റെ മേലെ പായവിരിച്ചു കെടക്കും. അടച്ചുറപ്പുള്ള സ്ഥലോന്ന്വോല്ല. അഞ്ചാറ് പൊട്ടപ്പാത്രം അല്ലാണ്ടെ വീട്ടില് ഒന്നും ഇല്ലാത്തതോണ്ട് പേടിക്കാനില്ല''പാറു നിര്‍ത്തി.


''എന്താ നിര്‍ത്ത്യേത്'' ഇന്ദിര ചോദിച്ചു.


''ഞാന്‍ പറയുണകാര്യം വെളീല് പോവരുത്''പാറു പറഞ്ഞു''അഞ്ചാറ് മാസം മുമ്പൊരു രാത്രി. ഉറക്കം പിടിച്ച് വന്നതേ ഉള്ളു. പെട്ടെന്നാരോ അടുത്ത് കിടക്കിണതുപോലെ ഒരു തോന്നല്‍. ആരോ കെട്ടിപ്പിടിച്ച് വേണ്ടാത്തതിനുള്ള പുറപ്പാടാണ്. ഞാന്‍ ആരെടാ എന്ന് ഉറക്കെവിളിച്ച് ഊക്കില്‍ ഒറ്റ തള്ളു കൊടുത്തു. ആള് മട്ടമലച്ച് താഴെ വീണു. എന്നിട്ട് എണീറ്റ് ഒറ്റഓട്ടം. അപ്പഴയ്ക്കും അയലോക്കത്തുള്ളോരൊക്കെ എത്തി''.


''എന്നിട്ട് ആളെ പിടിച്ച്വോ''.


''ചതുക്കി ചതുക്കിയുള്ള ഓട്ടം കണ്ടപ്പോ എനിക്ക് ആളെ മനസ്സിലായി. പത്തുവട്ടം അവനെ പെറ്റ് വളര്‍ത്താനുള്ള പ്രായം എനിക്കുണ്ട്. എന്നിട്ടാ ആ കുരുത്തംകെട്ടോന്‍''.


''അയലോക്കക്കാരുടെ അടുത്ത് പറഞ്ഞില്യേ''.


''അങ്ങനെ പറയാന്‍ പാട്വോ. കെട്ട്യോന്‍ ചത്തിട്ട് ഇരിക്കിണ പെണ്ണാ ഞാന്. വിളിച്ചിട്ടാ ചെന്നത് എന്ന് ആ ചെക്കന്‍ പറഞ്ഞാല്‍ മാനം പോവില്ലേ. മുഖംമറച്ച ഒരു തടിയന്‍ കഴുത്തില്‍ തപ്പി നോക്കി എന്നാ ആള്വോളോട് ഞാന്‍ പറഞ്ഞത്. വല്ല കള്ളന്മാരും ആവുംന്ന് അവരും കരുതി''.


''അത് വേണ്ടീരുന്നില്ല''ഇന്ദിര പറഞ്ഞു''ഇനി ആ ചെക്കന് കുറച്ചുംകൂടി ഏളുതം തോന്നും''.


''കൊക്കില് ജീവനുള്ള കാലം ഇനി അവന്‍ എന്‍റടുത്ത് വരില്ല''പാറു പറഞ്ഞു''ഒരു ദിവസം ഒറ്റയ്ക്ക് കണ്ടപ്പോള്‍ ഇനി മേലാല്‍ എന്‍റടുത്ത് വേണ്ടാത്തതിന്ന് വന്നാല്‍ വെട്ടി കണ്ടംതുണ്ടാക്കുംന്ന് ഞാന്‍ ആ നായിനോട് പറഞ്ഞിട്ടുണ്ട്''.


''കാലംപോയ പോക്കേ''ഇന്ദിര പറഞ്ഞു''ആര്‍ക്കും എന്തും കാട്ടാന്നായി''.


''എന്നെപ്പോലെ ഒറ്റക്കാരികള്‍ക്ക് കറുത്തമുടി വെളുത്തുകിട്ടുണത് വരെ എന്നും അങ്കലാപ്പാണ്''പാറു തേങ്ങി.


''നീ വെറുതെ കരയണ്ടാ. സമാധാനത്തോടെ ഇരിയ്ക്ക്''ഇന്ദിരയ്ക്ക് അങ്ങിനെ പറയാനേ കഴിഞ്ഞുള്ളു.


 അദ്ധ്യായം - 8.


പാറു പണിമാറിപോയി ഏറെ വൈകാതെ അനൂപ് വീട്ടിലെത്തി. സ്കൂട്ടര്‍ നിര്‍ത്തി ബാഗുമായി അകത്ത് കയറിയതും അന്നുചെയ്ത പണിയാണ് അവന്‍ നോക്കിയത്.


''അച്ഛന്‍റെ മുറിടെ ചൊമര് നേരത്തെ തേച്ചതോണ്ടാ അതിലെ നിലംപണി ചെയ്യാന്ന് വിചാരിച്ചത്. ഒരുമുറിടേങ്കില്‍ ഒരുമുറിടെ പണി തീര്‍ന്നൂന്ന് സമാധാനിക്കാലോ''ഇന്ദിര മകനോട് പറഞ്ഞു.


''തേച്ചത് നന്നായിട്ടുണ്ടല്ലോ. നല്ല കെട്ടുപണിക്കാരന്‍ ചെയ്തതാണെന്നേ ആരും കണ്ടാല്‍ പറയൂ''അവന്‍ പറഞ്ഞു.


''അവള്‍ക്ക് പണിക്കാരുടെകൂടെ നടന്ന് വിവരം വെച്ചിട്ടുണ്ട്''ഇന്ദിര പറഞ്ഞു''അല്ലെങ്കിലും വേണംന്ന് വെച്ചാല്‍ ചെയ്യാന്‍ പറ്റാത്ത വല്ല പണീം ഈ ലോകത്തുണ്ടോ''. ഫ്ലാസ്കില്‍ സൂക്ഷിച്ചുവെച്ച ചായ അവര്‍ മകനുനല്‍കി. രാമകൃഷ്ണനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ വാങ്ങിച്ചതാണ് ആ ഫ്ലാസ്ക്.


''നോക്ക്, നമുക്കൊരു കാര്യംചെയ്യണം''ഇന്ദിര മകനോട് പറഞ്ഞു'' മാപ്ല വൈദ്യരെ കൂട്ടിക്കൊണ്ടുവന്ന് അച്ഛനെ ഒന്ന് കാണിക്കണം. അയാളടെ ചികിത്സ കേമാണെന്ന് ഇന്ന് പാറു പറയ്യേണ്ടായി''.


''അതിനെന്താമ്മേ, ഞാന്‍ കൂട്ടീട്ട് വരാലോ''അനൂപ് സമ്മതിച്ചു.


രാമകൃഷ്ണന്‍ അമ്മയും മകനും തമ്മിലുള്ള സംഭാഷണം കേട്ടുകൊണ്ട് കിടപ്പാണ്. ഇനി വേറൊരു ചികിത്സയുമായി ഇറങ്ങിയാല്‍ ശരിയാവില്ല. മരുന്നിനൊക്കെ വല്ലാത്തവിലയാണ്. കഴിച്ചിട്ട് ഭേദമായില്ലെങ്കിലോ, പണം പോയത് മിച്ചം. എത്ര കഷ്ടപ്പെട്ടാണ് ഇന്ദിര വീട്ടുകാര്യങ്ങള്‍ നോക്കി നടത്തുന്നത്. അവളെ വീണ്ടും ബുദ്ധിമുട്ടിച്ചു കൂടാ. ഉള്ള ദുരിതങ്ങള്‍ അനുഭവിച്ചുതീര്‍ക്കാം.


''അനൂ''അയാള്‍ വിളിച്ചു''ഇനി പുതിയൊരു ചികിത്സയ്ക്കൊന്നും പുറപ്പെടണ്ടാ. മാറുമ്പൊ മാറട്ടെ''. ആ പറഞ്ഞത് ഇന്ദിരയ്ക്ക് രസിച്ചില്ല.


''മിണ്ടാണ്ടെ കിടന്നിട്ട് സുഖം കണ്ടു'' അവരുടെ ഒച്ച ഉയര്‍ന്നു''ഒന്നും അറിയണ്ടല്ലോ. ഞാനുണ്ടല്ലോ ഇവിടെ കിടന്ന് കഷ്ടപ്പെടാന്‍''. അതിന്ന് രാമകൃഷ്ണന്‍ ഒന്നും പറഞ്ഞില്ല. പക്ഷെ മക്കള്‍ ഇടപെട്ടു.


''സാരൂല്യാ അമ്മേ''അനൂപ് പറഞ്ഞു''അമ്മേ ബുദ്ധിമുട്ടിക്കണ്ടാന്ന് വിചാരിച്ച് അച്ഛന്‍ പറഞ്ഞതാവും''.


''അല്ലെങ്കിലും എപ്പൊ നോക്ക്യാലും അമ്മ അച്ഛനെ ദേഷ്യപ്പെടാറുണ്ട്''രമ അമ്മയെ കുറ്റപ്പെടുത്തി.


''എന്നെ കുറ്റം പറഞ്ഞോളിന്‍. അച്ഛനെ പറയുമ്പഴക്കും മക്കള്‍ക്ക് പൊള്ളി. എന്നെപ്പറ്റി ആര്‍ക്കും ഒരുനിനവും ഇല്ല'' ഇന്ദിരയുടെ സ്വരം ഇടറി.


''അമ്മ സങ്കടപ്പെടണ്ടാ. അമ്മയ്ക്ക് ഞാനില്ലേ'' അനൂപ് അമ്മയുടെ അടുത്തു ചെന്നു.


''കടന്ന് പൊയ്ക്കോ എന്‍റെ മുമ്പിന്ന്''മകന്‍റെ സാന്ത്വനിപ്പിക്കല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല.


''ഏട്ടന്‍ ഇങ്ങിട്ട് വരൂ. കുറച്ച് കഴിയുമ്പൊ തന്നെശരിയായിക്കോളും''രമ ആങ്ങളയെ കൂട്ടിക്കൊണ്ടുപോയി. 


ആ പറഞ്ഞത് ശരിയായിരുന്നു. കുറച്ച് കഴിയുമ്പോഴേക്കും ഇന്ദിരയുടെ മനസ്സു മാറി. രാമേട്ടനോട് ദേഷ്യപ്പെടേണ്ടിയിരുന്നില്ല എന്നവള്‍ക്കു തോന്നി.


''എന്നോട് ദേഷ്യം തോന്നുണുണ്ടോ'' അവള്‍ രാമകൃഷ്ണന്‍റെ അടുത്തുചെന്ന് ചോദിച്ചു. ഇല്ലായെന്ന മട്ടില്‍ അയാള്‍ തലയാട്ടി.


''എന്‍റെ രാമേട്ടന് എന്നെ എത്ര ഇഷ്ടാണ്''അവര്‍ അയാളുടെ കൈത്തലം കവര്‍ന്നു. ആ കണ്ണുകളില്‍നിന്ന് രണ്ടുതുള്ളി അടര്‍ന്ന് രാമകൃഷ്ണന്‍റെ ദേഹത്തുവീണു.


''അയ്യേ, എന്തിനാ എന്‍റെ ഇന്ദു കരയിണത്. ഒട്ടും വിഷമിക്കണ്ടാ. എല്ലാം ശര്യാവും''അയാള്‍ ഭാര്യയേ ആശ്വസിപ്പിച്ചു. തളര്‍ന്നദേഹത്തു ചാരി ഈര്‍പ്പംവിടാത്ത ചുമരുംനോക്കി ഇന്ദിര ഇരുന്നു.


''കുട്ട്യേളെ വിളിയ്ക്കൂ. ഇത്തിരിനേരം എല്ലാരുക്കുംകൂടി ഇവിടെ ഇരിയ്ക്കാം''അയാള്‍ പറഞ്ഞു. ഇന്ദിര മക്കളെ വിളിച്ചു. കട്ടിലില്‍  അമ്മയ്ക്കും അച്ഛനും അരികിലായി കുട്ടികളിരുന്നു.


''അനൂ, എന്‍റെ കുട്ടി ഒരു പാട്ട് പാടു. അച്ഛന്‍ കേള്‍ക്കട്ടെ'' അയാള്‍ ആവശ്യപ്പെട്ടു.


''കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ''അനൂപിന്‍റെ മനോഹരമായ ശബ്ദത്തില്‍ കീര്‍ത്തനം ഉയര്‍ന്നു.


''അച്ഛാ, ഞാന്‍ പോയി വൈദ്യരെ കൂട്ടീട്ടുവരട്ടെ''പാട്ട് തീര്‍ന്നതും അനൂപ് അച്ഛനോട് ചോദിച്ചു''അച്ഛന്‍റെ സൂക്കട് മാറാന്‍ സമയം ആയീന്ന് എന്‍റെ മനസ്സ് പറയുണൂ''.


''എനിക്ക് വിരോധൂണ്ടായിട്ടല്ല''രാമകൃഷ്ണന്‍  പറഞ്ഞു''എല്ലാംകൂടി എത്തിച്ചുവരാന്‍ ഇന്ദു കഷ്ടപ്പെടില്യേന്ന് ആലോചിച്ചിട്ടാ''.


''എന്തു കഷ്ടപ്പാട് വേണച്ചാലും ഞാന്‍ സഹിച്ചോളാം. എനിക്കെന്‍റെ രാമേട്ടന്‍റെ വയ്യായ മാറികിട്ട്യാ മതി''ഇന്ദിര സ്വന്തം മനസ്സിലിരുപ്പ് പറഞ്ഞു.


''എന്നാല്‍ ആയിക്കോട്ടേ''അയാള്‍ സമ്മതം നല്‍കി. അനൂപ് ഷര്‍ട്ടും മുണ്ടും മാറ്റി സ്കൂട്ടറിനടുത്തേക്ക് നടന്നു.

*******************************

എക്സിക്യുട്ടീവ് എക്സ്പ്രസ്സ് എറണാകുളം നോര്‍ത്തിലെത്തുമ്പോള്‍ നേരം സന്ധ്യ കഴിഞ്ഞിരുന്നു. റഷീദ് ബാഗുകളെടുത്ത് ആള്‍ക്കൂട്ടത്തിനൊപ്പം നടന്നു. പിറ്റേന്നുകാലത്ത് ഒമ്പതുമണിക്കാണ് കോണ്‍ഫറന്‍സ്. എട്ടു മണിക്കെങ്കിലും അബാദ് പ്ലാസയിലെത്തണം. പുലര്‍ച്ചെ നാലുമണിക്ക് പാലക്കാട് നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ വന്നാല്‍ മതി. പക്ഷെ അത് ബുദ്ധിമുട്ടാണ്. ഒന്നാമത് അത്രനേരത്തെ എഴുന്നേറ്റ് പുറപ്പെടാനുള്ള മടി. കൂടാതെ എന്തെങ്കിലും കാരണവശാല്‍ സമയത്തിന്ന് ബസ്സ്സ്റ്റാന്‍ഡില്‍ എത്താന്‍ കഴിയാതെ വരികയോ, വഴിക്ക് എവിടെയെങ്കിലും ട്രാഫിക് ബ്ലോക്ക് ഉണ്ടാവുകയോ സംഭവിച്ചാല്‍ മീറ്റിങ്ങിന് എത്താന്‍ പറ്റാതാവും . മിക്കപ്പോഴും പാലക്കാട് - തൃശ്ശൂര്‍ റൂട്ടില്‍ കുതിരാന്‍ഭാഗത്ത് ബ്ലോക്ക് ഉണ്ടാവാറുണ്ട്. തലേന്നെത്തി ക്യാമ്പ് ചെയ്താല്‍ പരിഭ്രമിക്കേണ്ടതില്ലല്ലോ.


മീറ്റിങ്ങ് അബാദ്പ്ലാസയിലാണെങ്കിലും മാനേജര്‍മാരുടേയും റെപ്രസന്‍റേറ്റീവുമാരുടേയും താമസം ഗ്രാന്‍ഡ് ടൂറിസ്റ്റ് ഹോമിലോ, മാത ടൂറിസ്റ്റ് ഹോമിലോ ആണ് പതിവ്. ഇത്തവണ താമസം മാതയിലാണെന്ന് നേരത്തെ അറിയിച്ചിരുന്നു. റഷീദ് മാതയില്‍ ചെന്നപ്പോള്‍ ആരേയും കാണാനില്ല. എന്‍ക്വയറിയില്‍ ചോദിച്ചപ്പോള്‍ വാരിയര്‍ സാര്‍ മുറിയിലുണ്ടെന്നറിഞ്ഞു. അവന്‍ ബാഗുമായി അവിടേക്കുനടന്നു.


ഏരിയ ബിസിനസ്സ് മാനേജരാണ് വാരിയര്‍. റഷീദ് വാതില്‍ക്കല്‍നിന്നു നോക്കുമ്പോള്‍ മാനേജര്‍ ഭഗവത് ഗീത വായിക്കുകയാണ്. അദ്ദേഹത്തിന്‍റെ സന്തതസഹചാരിയാണ് ആ പുസ്തകം. എവിടെയാണെങ്കിലും കുറച്ചു നേരത്തെ ഒഴിവുകിട്ടിയാല്‍ വായനതുടങ്ങും.


''സാര്‍, ആരും എത്തീല്ലേ''റഷീദ് ചോദിച്ചു. പുസ്തകത്തില്‍നിന്ന് മുഖമുയര്‍ത്തി റഷീദിനെനോക്കി അദ്ദേഹം ചിരിച്ചു.


''കേറി വാ''അദ്ദേഹം ക്ഷണിച്ചു. വളരെ സാത്വികനായ ആളാണ് വാരിയര്‍ സാര്‍. കൂടെ ജോലിചെയ്യുന്നവരെ വിഷമിപ്പിക്കാത്ത പ്രകൃതം. എപ്പോഴും സ്നേഹത്തോടെ മാത്രമേ വല്ലതും പറയൂ. കീഴ് ജീവനക്കാര്‍ക്ക് നിര്‍ഭയം എന്തിനെക്കുറിച്ചും അദ്ദേഹത്തോട് സംസാരിക്കാം. റഷീദ് വാതില്‍ക്കല്‍ ബാഗുകള്‍വെച്ച് കസേലയില്‍ ചെന്നിരുന്നു.


''ആരും വന്നില്ലേ സാറേ''റഷീദ് ചോദ്യം ആവര്‍ത്തിച്ചു.


''ഒരുവിധം എല്ലാവരും എത്തീട്ടുണ്ട്''എ.ബി.എം. പറഞ്ഞു.


''എന്നിട്ട് ഒരാളേയും കാണാനില്ലല്ലോ''.


''സെറ്റ് ചേര്‍ന്ന് വെള്ളമടിക്കാന്‍ പോയിട്ടുണ്ടാവും . ഇവിടെ വന്നാല്‍ അതല്ലേ പതിവ്''. മിക്കവരും മീറ്റിങ്ങിന്ന് ചെല്ലുന്നതേ കൂട്ടംചേര്‍ന്ന് രസിക്കാനാണ്. ജോലിയോടനുബന്ധിച്ച സമ്മര്‍ദ്ദങ്ങള്‍ ഇങ്ങിനെയൊക്കെയേ മറക്കാനാവു.


''നീ ആ സെറ്റില്‍ പെടില്ല എന്നെനിക്കറിയാം. അതാ നല്ലത്. കിട്ടുന്നകാശ് വീട്ടിലെത്തിക്കാല്ലോ''. റഷീദ് ചിരിച്ചു. ഓരോരുത്തരെക്കുറിച്ചും വാരിയര്‍ സാറിന്ന് നന്നായി അറിയാം. സ്വാഭാവികമായും അവരുടെ സംഭാഷണം പിറ്റേന്നത്തെ മീറ്റിങ്ങിനെക്കുറിച്ചായി.


''നാളെയ്ക്കുള്ള റിപ്പോര്‍ട്ടൊക്കെ നീ ശരിയാക്കിയിട്ടില്ലേ''മാനേജര്‍ ചോദിച്ചു.


''ഉവ്വ്''അവന്‍ മറുപടി നല്‍കി''നാളെ പ്രത്യേകിച്ച് വല്ലതും ഉണ്ടോ സാറേ'' എന്നവന്‍ ചോദിക്കുകയും ചെയ്തു.


''പേടിക്കെണ്ടടോ. പ്രത്യേകിച്ചൊന്നും ഉണ്ടാവില്ല. പരിപാടികളെല്ലാം പതിവുപോലെത്തന്നെ. പുതിയപ്രോഡക്റ്റൊന്നും ലോഞ്ച് ചെയ്യുന്നില്ല എന്നാണ് അറിഞ്ഞത്''വാരിയര്‍ പറഞ്ഞു.


''സമാധാനായി. അല്ലെങ്കില്‍ മിനക്കെട്ട് ഡീറ്റൈല്‍ ചെയ്യാന്‍ പഠിക്കണം. എന്‍റെ പരിചയത്തിലുള്ള മിക്കവാറും മെഡിക്കല്‍ റെപ്പിന്ന് മീറ്റിങ്ങ് എന്നുപറഞ്ഞാല്‍ പേട്യാണ്. മീറ്റിങ്ങിന്‍റെ എടേല് എല്ലാരുടെ മുമ്പില്‍വെച്ച് എന്താണ് കേള്‍ക്കണ്ടി വര്വാ എന്ന ആവലാത്യാണ് അവര്‍ക്കൊക്കെ''.


''നിങ്ങള്‍ക്കൊക്കെ അതു പറഞ്ഞാല്‍ മനസ്സിലാവില്ല. നമ്മുടെ കമ്പിനി പോലെയല്ല മിക്കകമ്പിനികളും. ടാര്‍ജറ്റ് എത്തിയില്ലെങ്കില്‍ ജോലി പോവാന്‍ അതുമതി. കഷ്ടപ്പെട്ട് ടാര്‍ജറ്റ് എത്തിച്ചാലും കുറ്റം ഉണ്ടാവും. ഓ. എച്ച്. വി. ഷീറ്റില്‍ ഉണ്ടാക്കിയ സെയില്‍സ് റിപ്പോര്‍ട്ട് പ്രൊജക്റ്ററില്‍ക്കൂടി വലുതായി കാണിക്കും. പിന്നെ അതുനോക്കി ഒരു വിലയിരുത്തലുണ്ട്. അസിഗ്ലോ ഫിനാക്ക് യൂ ഡിഡ് വെല്‍. ബട്ട് നോട്ട് ഈവന്‍ എ സിംഗിള്‍ ബോട്ടില്‍ ഓഫ് കഫ് സിറപ്പ് വാസ് സോള്‍ഡ്. വൈ? ഇതാണ് അവരുടെ വിമര്‍ശനത്തിന്‍റെ രീതി. പിന്നെ അതിനുള്ള സമാധാനം പറച്ചിലായി''.


''എന്തിനാ സാറേ കമ്പിനിക്കാര് റെപ്പുകളെ വെറുതെ കുറ്റം പറയുണത്. അവര്‍ക്ക് വെറുപ്പ് തോന്നില്ലേ''.


''തോന്നിയിട്ടെന്താ. കീഴ്ജീവനക്കാരെ ശാസിക്കുന്നതും കുറ്റംപറയുന്നതും ആവശ്യമാണെന്നാ പലരുടേയും വിചാരം. തമിഴ്നാട്ടിലും ആന്ധ്രയിലും ഉള്ളവര്‍ നന്നായി പണി ചെയ്യുന്നുണ്ടെന്നും കേരളത്തിലുള്ളവരാണ് മോശക്കാര്‍ എന്നും അവര്‍ ഇവിടെ വന്നുപറയും. അവിടെ ചെന്നാലോ, അവിടുത്തെ ആളുകളെ ചീത്ത പറയുകയും കേരളക്കാരെ പൊക്കി പറയുകയും ചെയ്യും''.


''വെറുതെയല്ല നമ്മുടെ കമ്പിനിയില്‍ വലിയ പ്രഷര്‍ ഇല്ലാന്ന് എല്ലാവരും പറയിണത്''.


''അത് മേനോന്‍സാറ് സോണല്‍ ആയതോണ്ട്. സാറിന് ജോലിക്കാരെ വെറുതെ നിര്‍ത്തിപൊരിക്കുന്നത് ഇഷ്ടോല്ല''മാനേജര്‍ പറഞ്ഞു''പക്ഷെ ഒരുകാര്യൂണ്ട്. കള്ളത്തരം സാറിന്‍റടുത്ത് നടക്കില്ല. ഡെയിലിറിപ്പോര്‍ട്ട് കണ്ടാ മതി ഏതൊക്കെയാണ് ഫാള്‍സ് റിപ്പോര്‍ട്ട് എന്ന് സാറ് പറയും''.


''മറ്റുകമ്പിനികളിലെ റെപ്പുകള്‍ മേനോന്‍സാറിനെപ്പറ്റി പറയാറുണ്ട്''.


''പണ്ട് കുറെകാലം ഞങ്ങള്‍ ഒന്നിച്ചു വര്‍ക്ക് ചെയ്തിട്ടുണ്ട്. സാറിന് എന്നേക്കാള്‍ ഒന്നോരണ്ടോ വയസ്സ് കൂടും. വാരരെ താന്‍ എന്‍റെകൂടെ വാടോ എന്നുപറഞ്ഞ് അദ്ദേഹം എന്നെ ഈ കമ്പിനീല്‍ ചേര്‍ത്തതാണ്. അതോണ്ട് ഇപ്പോള്‍ സമാധാനമായി പണിചെയ്ത് കഴിയുന്നു''.


'' സാറിന് നല്ല പ്രോഡക്റ്റ് നോളേജ് ഉണ്ടെന്നാണ് കേട്ടത് ''.


''എടോ. സാറ് ഇന്ത്യ മുഴുവന്‍ ജോലി ചെയ്തിട്ടുള്ള ആളാണ്. സാറിന് ഓരോ കമ്പിനികളുടെ പ്രോഡക്റ്റും അവയുടെയൊക്കെ കോമ്പിനേഷനും പ്രൈസും മനപ്പാഠമാണ്. എങ്ങിനെ ബിസിനസ്സ് കൂട്ടാം എന്ന് മേനോന്‍ സാറിനറിയാം . സാറ് പറഞ്ഞതിനപ്പുറം എം. ഡി ഒരക്ഷരം മിണ്ടില്ല''.


''സാറിന്‍റെ വീട് എവിട്യാണ് ''.


''കോഴിക്കോടാണ് മേനോന്‍ സാറിന്‍റെ തറവാട്. നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബം. അമ്മാമന്‍റെ മകളെയാണ് കല്യാണം കഴിച്ചത്. അവര്‍ക്ക് അതിലേറെ സ്വത്തുണ്ട്. പത്ത് പൈസ ചിലവിന് കൊടുക്കണ്ടാ. സാറ് സമ്പാദിച്ചത് മുഴുവന്‍ സ്ഥലംവാങ്ങി കൂട്ടി. പണ്ടൊക്കെ ഭൂമിക്ക് ഇന്നത്തത്ര വിലയില്ലല്ലോ. ഇപ്പോള്‍ കേരളത്തിലെ മിക്കടൌണിലും കണ്ണായഭാഗത്ത് പത്ത് സെന്‍റ് സ്ഥലമെങ്കിലും സാറിന്‍റെപേരില്‍ കാണും. ഇന്നത്തെ വില കണക്കാക്കിയാല്‍ അതന്നെ കോടിക്കണക്കിന്ന് വരും''.


''അപ്പോള്‍ മേനോന്‍ സാറിന്ന് സ്വന്തമായി ഒരു കമ്പിനി തുടങ്ങിക്കൂടേ. വെറുതെ ആരാന്‍റെ കീഴില്‍ പണി ചെയ്യണോ''.


''എടോ, മിടുക്കന്മാര് അങ്ങിനെയാണ്. കക്ഷത്തിലുള്ളത് പോവാതെ ഉത്തരത്തിലുള്ളത് എടുക്കും. ഒരാള്‍ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുമ്പോള്‍ എന്തൊക്കെ റിസ്കുകളാണ് നേരിടേണ്ടി വരിക. മറ്റൊരാളുടെ കീഴിലുള്ള ജോലിയാവുമ്പോള്‍ അതില്ലല്ലോ''. 


മേശപ്പുറത്തുള്ള പാത്രത്തില്‍നിന്ന് വെള്ളമെടുത്തു കുടിക്കാന്‍ റഷീദ് എഴുന്നേറ്റു. തിരിച്ചുപോരുമ്പോള്‍ ജനലഴികളില്‍ ഉണങ്ങാനിട്ട അടി വസ്ത്രങ്ങളിലേക്ക് അവന്‍റെ ശ്രദ്ധപതിഞ്ഞു. പലഭാഗത്തും പിഞ്ഞികീറിയ ബനിയനും പഴകിനരച്ച അണ്ടര്‍വെയറും.


''എന്താ സാറെ ഇത്''അവന്‍ ചോദിച്ചു.


''കണ്ടിട്ട് മനസ്സിലായില്ലേ''.


''മനസ്സിലായി. എന്തിനാ ഈ വലിച്ചെറിയാനുള്ളതൊക്കെ സാറിടുന്നത്''.


''നോക്ക് റഷീദേ, നമ്മള്‍ അകത്ത് എന്തിടുന്നുവെന്ന് ആരും അറിയില്ല. അതുപോലെയല്ല വെളിയില്‍ മനുഷ്യര്‍ കാണുന്ന ഭാഗത്തിടുന്നത്''.


''എന്നുവെച്ചാല്‍''.


''എടോ, നമ്മള് അലന്‍സോളിയോ, ജോണ്‍പ്ലെയേഴ്സോ, പീറ്റര്‍ ഇംഗ്ലണ്ടോ ഒക്കെ ധരിച്ച് സോഡിയാക്ക് ടൈയും കെട്ടി വുഡ് ലാന്‍ഡ്സ് ഷൂസും ഇട്ട് നടക്കുന്നത് എന്തിനാണെന്ന് തനിക്കറിയ്യോ. നമ്മള്‍ പ്രതിനിധാനം ചെയ്യുന്ന കമ്പിനിക്ക് മറ്റുള്ളവരുടെ മതിപ്പ് കിട്ടാനാണ് ഈ വേഷംകെട്ടല്‍. മെഡിക്കല്‍ സെയില്‍സ് പേര്‍സണലിന്ന് നല്ല ആകര്‍ഷണീയത വേണം. എന്നാലേ അവരെ ഡോക്ടര്‍മാര്‍ ശ്രദ്ധിയ്ക്കൂ. കമ്പിനിയുടെ മരുന്നുകള്‍ എഴുതു''.


''അപ്പോള്‍ ഈ കീറിയ ബനിയനും പഴകിനരച്ച ജട്ടിയും ഇടുന്നതോ''.


''ഞാനോ നീയോ എന്നമട്ടില്‍ മത്സരിച്ച് വളരുന്ന മൂന്ന് പെണ്‍കുട്ടികളുടെ അച്ഛനാണ് ഞാന്‍ എന്ന ഓര്‍മ്മ മനസ്സിലുണ്ടാവാന്‍ ''. 


വാരിയര്‍ സാര്‍ പറഞ്ഞതും ആലോചിച്ചുകൊണ്ട് റഷീദ് ഇരുന്നു. പുറത്ത് ഉറക്കെയുള്ള സംസാരം കേട്ടു. സഹപ്രവര്‍ത്തകര്‍ എത്തിയതാണ്.


''സാറേ, അവര് വന്നൂന്ന് തോന്നുണു. ഞാന്‍ അങ്ങോട്ട് പോട്ടെ''. അവന്‍ ബാഗുകളെടുത്ത് പുറത്തേക്കിറങ്ങി.


 അദ്ധ്യായം -9.


''പാറ്വോ,നേരം ഇരുട്ടാവാറായില്ലേ. നീ എങ്ങിന്യാ ഒറ്റയ്ക്ക് പോവ്വാ'' ഇന്ദിര ചോദിച്ചു''അനു വന്നാല് അവനെ കൂടെ അയക്കായിരുന്നു ''.


''അതൊന്നും സാരൂല്യാ തമ്പുരാട്ടി. എനിക്ക് ഇതൊക്കെ നല്ലശീലാണ്'' പാറു പറഞ്ഞു''പോരാത്തതിന്ന് പോണവഴിക്ക് പാറക്കുളത്തില് ഒന്ന് മുങ്ങീട്ടേ വീട്ടിലേക്ക് ചെല്ലൂ''. 


രാമകൃഷ്ണന്‍ കിടക്കുന്ന മുറിയുടെ നിലം പണിയായിരുന്നു അന്ന്. സിമന്‍റ് പാലില്‍ കാവി കലക്കി നിലത്ത് ഒഴിക്കാനൊരുങ്ങിയപ്പോഴേ സമയം ഏറെ ആവുമെന്ന് ഇന്ദിര പറഞ്ഞതാണ്. അതൊക്കെ തീരും തമ്പുരാട്ട്യേ എന്നു പറഞ്ഞ് പാറു പണിതുടങ്ങി. കരണ്ടികൊണ്ട് മിനുപ്പിക്കുന്ന ജോലി വിചാരിക്കുന്ന വേഗത്തില്‍ ചെയ്യാനാവില്ല.  നിലം വെടിക്കുന്നതിന്നുമുമ്പ് അതിലൂടെ കരണ്ടി ഓടിക്കുകയും വേണം. നേരംവൈകിയെങ്കിലും പണി തീര്‍ക്കാനായതില്‍ രണ്ടുപേര്‍ക്കും സന്തോഷംതോന്നി.


''കൂലി നാളെ വാങ്ങാം തമ്പുരാട്ടി''എന്നു പറഞ്ഞ് പാറു ഇറങ്ങി നടന്നു. പടികടന്ന് വഴിയിലിറങ്ങിയപ്പോള്‍ നാട്ടുവെളിച്ചം ഉണ്ട്. പെട്ടെന്ന് നല്ല വെളിച്ചത്തില്‍നിന്ന്  മാറുമ്പോഴേ ഇരുട്ടുതോന്നു. കുറച്ചുകഴിഞ്ഞാല്‍ ഉള്ള വെളിച്ചവുമായി കണ്ണ് പൊരുത്തപ്പെടും.


പാറക്കുഴിയിലിറങ്ങി ഉടുത്ത തുണികള്‍ നനച്ച് വേഗം കുളിച്ചുകയറി. ഈറന്‍തുണി വാരിച്ചുറ്റി വേഗത്തില്‍ നടന്നു. ചെന്നിട്ട് വേണമെങ്കില്‍ കഞ്ഞിവെക്കണം, വേണ്ടെങ്കിലോ ഒരുഭാഗത്ത് നടുചായ്ക്കാം. 


പാറുവിന്‍റെ മനസ്സില്‍ ഇന്ദിരയെക്കുറിച്ചുള്ള ഓര്‍മ്മകളെത്തി. ആ തമ്പുരാട്ടി എത്ര നല്ല സ്വഭാവമുള്ള ആളാണ്. ഒരു പണിക്കാരി ചെയ്യുന്ന ജോലി അവരും ചെയ്യുണുണ്ട്. വലിപ്പമോ വലിയ കെടയോ ഒന്നും തന്നെയില്ല. തമ്പുരാന്‍റെ ദെണ്ണം മാറിയാല്‍ ആ കുടുംബം കരപിടിക്കും. ഒരു മനുഷ്യനോട് മുഖം കറുപ്പിച്ച് ഒറ്റവാക്ക് പറയാത്ത ആളാണ് തമ്പുരാന്‍. അങ്ങിനെയുള്ള ആളുകള്‍ക്കാണ് ഇന്നത്തെ കാലത്ത് എല്ലാ ദുരിതവും.


വയല്‍വരമ്പ് അവസാനിക്കുന്നേടത്ത് തോടാണ്. പാറു തോടിറങ്ങി കയറി ഇടവഴിയിലൂടെ നടന്നു. ഒരാള്‍ക്ക് നടക്കാനുള്ള വീതിയേ ഉള്ളു. എതിരെ ആരെങ്കിലും വന്നാല്‍ ഒരാള്‍ വേലിയിലേക്ക് ചാഞ്ഞുനിന്നാലേ കടന്നു പോവാന്‍ കഴിയു. തെക്കുഭാഗത്തെ കോളനിയിലേക്കുള്ള പിരിവ് മുതല്‍ വഴിവിളക്കായി. കുറച്ചുകൂടി ചെന്നാല്‍ പഞ്ചായത്ത് പാതയിലെത്തും. പിന്നെ വീട്ടിലേക്ക് പത്തടി ദൂരമേയുള്ളു.


'' എനിക്കെന്‍റമ്മേ ഗറുഭമാണെന്ന് പറയുന്നെല്ലാരും, അത് നിനക്കെങ്ങിനെ മനസ്സിലായെടി കുരുത്തം കെട്ടോളേ ''ഇടവഴിയുടെ മറുഭാഗത്തുനിനിന്ന് ഉച്ചത്തിലുള്ള പാട്ടുകേട്ടു. കെട്ടുപണിക്കാരന്‍ മാധവനാണ് പാടുന്നത്. കള്ള് വയറ്റിലെത്തിയാല്‍ അവന്‍റെ ചുണ്ടില്‍നിന്ന് പാട്ട് ഉയരും. പണിയെടുത്ത് കിട്ടുന്നത് മുഴുവന്‍ കുടിച്ചുതുലയ്ക്കുന്ന തെമ്മാടി. അല്ലെങ്കിലും ഒരുവിധം ആണുങ്ങളൊക്കെ ഇങ്ങിനെയാണ്. അവര്‍ക്ക് സ്വന്തം സന്തോഷം മാത്രമേ നോട്ടമുള്ളു. വീടും വീട്ടുകാരും എങ്ങിനെയായാലും വേണ്ടില്ല.


''ആര് പാറുഏടത്ത്യോ''മുമ്പിലെത്തിയപ്പോള്‍ അവന്‍ ചോദിച്ചു'' ഈ രാത്രിനേരത്ത് എവിടുന്നാ നിങ്ങള് വരുണ്''. പണി കഴിഞ്ഞുവരുന്ന വഴിയാണെന്ന് മറുപടി നല്‍കി.


''ഞാന്‍ ഇടയ്ക്ക് കാണാറുണ്ട്''അവന്‍ പറഞ്ഞു''ഒറ്റത്തീന്‍ തിന്നിട്ട് ആളൊന്ന് മിനുങ്ങീട്ടുണ്ട്''. പാറുവിന്ന് ദേഷ്യംവന്നു.


''ഞാന്‍ മിനുങ്ങീട്ടുണ്ടെങ്കില്‍ നിനക്കെന്താ നഷ്ടം''അവള്‍ ചോദിച്ചു.


''എനിക്ക് നഷ്ടോന്നും ഇല്ലാപ്പാ. സന്തോഷംകൊണ്ട് പറഞ്ഞതാ''മാധവന്‍ ചിരിച്ചു''അല്ലാ ഇപ്പഴും നിങ്ങള് ഒറ്റക്കന്ന്യാ താമസം''. ഇവന്‍ വല്ലതും കേട്ടിട്ടേ പോവൂ.


''അല്ല. വേറൊരാളെക്കെട്ടി അയാളുടെകൂട്യാണ് ഇപ്പഴ് ''.


''അത് ഞാന്‍ അറിഞ്ഞില്ല''.


''എല്ലാകാര്യൂം നിന്നെ അറിയിക്കാന്ന് കരാറുണ്ടോ''.


''അതൊന്നൂല്യാ. പക്ഷെ ഇനി ഒഴിവ് വരുമ്പൊ എന്‍റെ കാര്യം ഓര്‍മ്മ വേണം''മാധവന്‍ ഉറക്കെ ചിരിച്ചു.


''ഫ. ചെളുക്കേ''ചിരി അടങ്ങുംമുമ്പ് പാറുവിന്‍റെ ഒച്ച പൊങ്ങി''എന്താ നീ എന്നെപ്പറ്റി വിചാരിച്ചിരിക്കിണത്. തോന്ന്യാസം പറഞ്ഞുംകൊണ്ട് വന്നാല്‍ അടിച്ച് നിന്‍റെ പല്ല് ഞാന്‍ കൊഴിക്കും''.


വലത്തുകൈകൊണ്ട് പാറു ഊക്കില്‍ അവനെ പിടിച്ചു തള്ളി. മാധവന്‍ വേലിപ്പുറത്തേക്ക് വീണു. ഒന്നു നീട്ടിത്തുപ്പിയിട്ട് പാറു നടന്നു.


''പെണ്ണിന്‍റെ ഒരു തെമ്പേ''കിടന്നകിടപ്പില്‍ മാധവന്‍ പറഞ്ഞു.

*****************************

പടിക്കല്‍ സ്കൂട്ടറിന്‍റെ ശബ്ദം കേള്‍ക്കുന്നതും കാത്ത് ഇന്ദിര ഇരുന്നു. വൈകിയാണ് അനൂപ് എത്തിയത്.


''ഇന്നെന്താ നീ ഇത്ര വൈക്യേത്'' അവര്‍ ചോദിച്ചു.


''ക്ലിനിക്കില്‍ ഭയങ്കരതിരക്ക്. ഡോക്ടറെ കാണാന്‍വൈകി''മകന്‍ പറഞ്ഞു.


''രാവിലെ പോയതല്ലേ. നേരം വൈക്യേപ്പൊ ഞാന്‍ പേടിച്ചു. എന്താന്ന് അന്വേഷിക്കാന്‍ ഒരുവഴീം ഇല്ലല്ലോ''.


''ഞാന്‍ ഒരുകാര്യം പറയട്ടെ'' അനൂപ് പറഞ്ഞു ''പ്രദീപിന്‍റെ കൂട്ടുകാരന് സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ കച്ചവടം ഉണ്ട്. അവനോട് പറഞ്ഞ് എനിക്കൊരു മൊബൈല്‍ വാങ്ങ്യാല്‍ എന്‍റെ കയ്യിലുള്ളത് ഞാന്‍ ഇവിടെ വെക്കാം. അത് വളരെപഴേസെറ്റാ. ഇപ്പോള്‍ എല്ലാരുടെ കയ്യിലും ക്യാമറ മൊബൈലാണ്. എന്‍റെ കയ്യില്‍ മാത്രേ ഇത്ര പഴക്കംചെന്ന മൊബൈലുള്ളു''.


''പഴേത് വാങ്ങ്യാല്‍ പെട്ടെന്ന് കേടാവില്ലേ. പുതിയതിന്ന് എന്ത് വിലവരും'' ഇന്ദിര ചോദിച്ചു. അമ്മ അനുകൂലഭാവത്തിലാണെന്ന് തോന്നിയതോടെ അനൂപിന്ന് ഉത്സാഹംകൂടി.


''ഓരോ മോഡല്‍ ഫോണിന്ന് ഓരോ വെല്യാണ് അമ്മേ''അവന്‍ പറഞ്ഞു ''ആയിരത്തഞ്ഞൂറ് ഉറുപ്പിക മുതല്‍ അമ്പതിനായിരംവരെ വെലീള്ള മൊബൈലുണ്ട്''.


''എനിക്ക് കേള്‍ക്കുമ്പൊത്തന്നെ തലചുറ്റുണു. ഇവിടെ കെട്ടിയിരുപ്പ് ഉണ്ടായിട്ടൊന്ന്വൊല്ല. എന്നാലും ഏറ്റവുംകുറഞ്ഞ വിലയ്ക്കുള്ള ഒന്ന് വാങ്ങിക്കോ. സമ്പാദിച്ചുകൊണ്ടുവന്ന് തരുണതല്ലേ. അമ്മ മുഴുവന്‍ തട്ടിപ്പറിച്ചൂന്ന് തോന്നണ്ടാ''.


''ഞാന്‍ അങ്ങിനെ വിചാരിക്കുംന്ന് അമ്മയ്ക്ക് തോന്നുണുണ്ടോ'' അനൂപിന്ന് സങ്കടംവന്നു.


''അമ്മ പൊതുവെ പറഞ്ഞൂന്നേള്ളു. കുട്ടി അച്ഛന്‍റെ അടുത്തുപറഞ്ഞ് സമ്മതം വാങ്ങിച്ചോ''. അനൂപിന്ന് സന്തോഷമായി. അച്ഛന്‍ വേണ്ടാന്ന് പറയില്ല. ആര് എന്തുപറഞ്ഞാലും എതിര്‍ത്ത് ഒരുവാക്ക് പറയാത്ത ആളാണ് അച്ഛന്‍. അവന്‍ രാമകൃഷ്ണന്‍റെ അടുത്തേക്ക് നടന്നു. രമ ആ സമയത്ത് അമ്മയുടെ അടുത്തെത്തി.


''അമ്മേ, ഏട്ടന് പുതിയ മൊബൈല് വാങ്ങ്യാല്‍ ഇത് ഞാനെടുത്തോട്ടെ. ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ഫോണുണ്ട്''അവള്‍ പറഞ്ഞു.


''എന്നിട്ട് വേണം നിനക്ക് കണ്ണില്‍ക്കണ്ട ആണ്‍കുട്ട്യോളോട് അതില്‍കൂടി ശൃംഗരിക്കാന്‍''ഇന്ദിര കയര്‍ത്തു''വല്ല ചീത്തപ്പേരും കേള്‍പ്പിച്ചാലുണ്ടല്ലോ, നിന്നെയുംകൊന്ന് ഞാനും ചാവും''.


''എന്നാ ഇപ്പൊത്തന്നെ എന്നെ അങ്ങോട്ട് കൊന്നോളിന്‍''രമ മുന്നോട്ടു നീങ്ങി. അനൂപ് അവര്‍ക്കിടയിലേക്ക് ഓടിയെത്തി.


''മോള് സങ്കടപ്പെടണ്ടാ. നമ്മള് നന്നാവാനല്ലേ അമ്മ ചീത്ത പറയിണത്''. അവന്‍ അനുജത്തിയുടെ തോളില്‍ കൈവെച്ചു. രമ ഏട്ടനെ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു. 


 അദ്ധ്യായം - 10.


''ചെലപ്പൊ ഞാന്‍ നാളെ ഒരടിയന്തരത്തിന്ന് പോവും''പാറു തലേന്ന് ഇന്ദിരയോട് പറഞ്ഞിരുന്നു''അങ്ങനെയാണെങ്കില്‍ ഉച്ചകഴിഞ്ഞിട്ടേ എത്തൂ''സാധാരണ എത്താറുള്ളസമയത്ത് അവളെ കാണാഞ്ഞപ്പോള്‍ വരില്ല എന്ന് ഇന്ദിര ഉറപ്പിച്ചു. കുട്ടികള്‍ പോയികഴിഞ്ഞതും അവള്‍ കിണറില്‍നിന്ന് വെള്ളം കോരികൊണ്ടുവന്ന് നിലവും ചുമരുകളും നനയ്ക്കാന്‍ തുടങ്ങി. വേണ്ടരീതിയില്‍ നനച്ചുകൊടുത്തില്ലെങ്കില്‍ ബലം കിട്ടില്ല എന്ന് പാറു പറഞ്ഞിട്ടുണ്ട്. നനയ്ക്കല്‍ തീര്‍ത്തിട്ട് രാമേട്ടന്ന് ആഹാരവും മരുന്നുകളും കൊടുക്കണം. എന്നിട്ടുവേണം കുളത്തില്‍ചെന്ന് വിഴുപ്പ് തുണികള്‍ തിരുമ്പാനും, പശുവിനേയും കുട്ടിയേയും തോട്ടില്‍ കൊണ്ടു പോയി കഴുകാനും. വീടിന്‍റെപണി തുടങ്ങിയ മുതല്‍ മാടിനെ മേക്കാന്‍ സമയം കിട്ടാറില്ല. വൈക്കോലിട്ടു കൊടുക്കും. വീട്ടിലുള്ള വൈക്കോല് മഴക്കാലം ആവുമ്പോഴേക്ക് തീരുമോ എന്നാ പേടി.


രാമകൃഷ്ണന്ന് ഭക്ഷണവും മരുന്നും കൊടുത്ത് ആഹാരം കഴിക്കാന്‍ ഇന്ദിര ഒരുങ്ങുമ്പോള്‍ മുറ്റത്തുനിന്ന് ''ആരൂല്യേ ഇവിടെ'' എന്ന വിളി കേട്ടു. ശബ്ദത്തില്‍നിന്ന് വന്ന ആള്‍  നാരായണന്‍ നമ്പൂതിരിയാണെന്ന് മനസ്സിലായി. ഇന്ദിര ചെന്നുനോക്കുമ്പോള്‍ വന്നത് അദ്ദേഹംതന്നെ. അമ്പലത്തില്‍നിന്ന് വരുന്നവഴിയാണ്. കയ്യിലൊരു കറുത്തബാഗുണ്ടെന്ന് മാത്രം.


''എവിട്യാ നമ്മടെ പൊതുവാള്'' നമ്പൂതിരി ചോദിച്ചു.


''അകത്ത് കിടപ്പാണ്'' ഇന്ദിര പറഞ്ഞു. ഇന്ദിരയുടെ പുറകെ അദ്ദേഹം അകത്തേക്ക് ചെന്നു.


''എന്താടോ കിടന്നകെടപ്പന്ന്യാണോ. എണീക്കാനൊന്നും വയ്യേ തനിക്ക്'' അദ്ദേഹം രാമകൃഷ്ണനോട് ചോദിച്ചു. പിടിച്ചെഴുന്നേല്‍പ്പിച്ചാല്‍ ചാരി ഇരിക്കാന്‍ കഴിയുമെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. 


''ഇന്ദൂ ഒന്ന് എണീപ്പിക്കൂ''അയാള്‍ ഇന്ദിരയോട് ആവശ്യപ്പെട്ടു.


''ഒന്നും വേണ്ടാടോ. താനവിടെ കിടന്ന്വോളാ. ഞാന്‍ ഇവിടെ കൂടാം'' കട്ടിലിന്‍റെ ഓരത്ത് അദ്ദേഹം ഇരുന്നു. ഇരുവരും രോഗവിവരങ്ങളും ചികിത്സയെക്കുറിച്ചും സംസാരിച്ചു.


''ഇന്നലെ ദേവസ്വംബോര്‍ഡിന്ന് രണ്ട് കൊല്ലത്തെ അരിയേഴ്സ് പാസ്സാക്കി കിട്ടി. ഇന്നലെത്തന്നെ ചെക്ക് മാറ്റി എടുക്കുംചെയ്തു. തനിക്ക് കുടീശ്ശിക എട്ടായിരത്തി ചില്വാനം ഉറുപ്പികീണ്ട്. ദേവസ്വംക്ലാര്‍ക്ക് അതുംകൊണ്ട് വരാന്‍നിന്നതാ. ഞാന്‍ കൊണ്ടുപോയി കൊടുത്തോളാന്ന് പറഞ്ഞു. തന്നെ കാണും ചെയ്യാലോ''. നമ്പൂതിരി ബാഗ് തുറന്ന് പണവും അക്വിറ്റന്‍സും എടുത്തു.


''ഒപ്പിടാനാവ്വോ''അദ്ദേഹം ചോദിച്ചു.


''വിരലില് മഷിമുക്കി വെച്ചാ പോരേ''.


''കയ്യ് അനങ്ങാന്‍ വയ്യെങ്കില് പിന്നെന്താ ചെയ്യാ. ക്ലാര്‍ക്കിന് വിവരംണ്ട്. അയാള്‍ മഷി തേക്കാനുള്ളത് തന്നുവിട്ടിട്ടുണ്ട്''. രാമകൃഷ്ണന്‍റെ വിരലില്‍ മഷിതേച്ച് ഇന്ദിര അക്വിറ്റന്‍സില്‍ പതിപ്പിച്ചു. നമ്പൂതിരി നീട്ടിയ പണം അവര്‍ ഏറ്റുവാങ്ങി.


''തന്നോടൊരു കാര്യം പറയാനുണ്ട്''പുസ്തകം ബാഗില്‍ വെച്ചശേഷം നമ്പൂതിരി പറഞ്ഞു''കൊട്ടില്ലാതെ പൂജയ്ക്ക് ഒരു ഉഷാറ് പോരാ. തന്‍റെ മകനോട് അമ്പലത്തില്‍വെച്ച് ഞാനൊരുകാര്യം പറഞ്ഞിരുന്നു. അത് ആ വിദ്വാന്‍ ഇവിടെ പറഞ്ഞില്ലേ''. ഉവ്വെന്ന മട്ടില്‍ രാമകൃഷ്ണന്‍ തലയാട്ടി.


''എന്താ അതിന് വിരോധം വല്ലതും ഉണ്ടോ. ആയിരത്തി അഞ്ഞൂറ് ഉറുപ്പിക ശമ്പളം. വൈകിയാണെങ്കിലും ബാക്കി ദാ ഇപ്പൊ കിട്ടിയ മാതിരി ഒന്നിച്ച് കയ്യിലെത്തും. പോരാത്തതിന്ന് നേദ്യച്ചോറും ഉണ്ട്. ഒരാള്‍ക്ക് കഴിഞ്ഞുകൂടാന്‍ അതൊക്കെ ധാരാളാണേ''.


''അതിന് അവന്‍ ഒറ്റത്തടിയല്ലല്ലോ തിരുമേനീ''ഇന്ദിര പറഞ്ഞു''കല്യാണം കഴിച്ചിട്ടില്ല. എന്നാലും അവനൊരു കുടുംബൂള്ളതല്ലേ. അമ്മീം പെങ്ങളേം വയ്യാണ്ടെ കിടക്കിണ അച്ഛനീം  അവനല്ലാതെ ആരാ നോക്കാനുള്ളത്. അമ്പലത്തിന്ന് കിട്ടുന്നതോണ്ട് കഴിഞ്ഞുകൂടാന്‍ ഒക്ക്വോ''.


''ഞങ്ങളൊക്കെ അതോണ്ടല്ലേ കഴിയിണത്''.


''തിരുമേനിക്ക് നടവരായ ഉണ്ട്. മാലകെട്ടുന്നതിന്ന് വാരസ്യാര്‍ക്കും എന്തെങ്കിലും കിട്ടും. കൊട്ടുകാരന് എന്താ ഉള്ളത്''.


''അതനുസരിച്ചുള്ള പണിയല്ലേ ഉള്ളൂ''.


''പണി കൂട്യാലും വേണ്ടില്ല, ഇത്തിരി വരുമാനംവേണം. മണ്ഡലകാലത്ത് അമ്പലത്തില് വിളക്കെഴുന്നെള്ളിപ്പിന്ന് നാദസ്വരക്കാര് വരാറുണ്ട്. മൂന്നേ മൂന്ന് പ്രദക്ഷീണത്തിന്ന് അവര്‍ക്ക് ഒപ്പം നടക്ക്വേവേണ്ടു. തകിലുകാരനും നദസ്വരക്കാരനും മുന്നൂറ് ഉറുപ്പികവെച്ച് കൊടുക്കും. കൊട്ടുകാരനോ. മറ്റുള്ളോരടെ ഒപ്പം പുലര്‍ച്ചെ അമ്പലത്തിലെത്തണ്ടേ? ഉച്ചവരെ അവിടെ നിക്കണോ? വൈകുന്നേരം ചെന്നാല്‍ രാത്രിവരെ ഉണ്ടാവണ്ടേ? അങ്ങിനെ മുപ്പത് ദിവസം പണിതാല്‍ കിട്ടിണത് എന്താ''.


''വരുമ്പടി മാത്രം നോക്കരുത്. ഈശ്വരസേവയില്‍ കവിഞ്ഞ് മറ്റെന്തെങ്കിലും ഉണ്ടോ. ആ പുണ്യം വേറെന്ത് ചെയ്താലാ കിട്ട്വാ''.


''കിട്ട്യേ പുണ്യം കണ്ടില്ലേ. പരാശ്രയം കൂടാതെ കഴിയാന്‍ പറ്റാണ്ടായി. എന്തു വന്നാലും അനൂനെ ഞാന്‍ ആ പണിക്ക് അയയ്ക്കില്ല. ഒരാള് ദൈവത്തിനെ പ്രസാദിപ്പിച്ചത് തന്നെ ധാരാളായി''.


''എന്നാല്‍ ഇനി ഞാനൊന്നും പറയിണില്യാ''. നമ്പൂതിരി യാത്രപറഞ്ഞ് ഇറങ്ങി.

**************************

കോട്ടമൈതാനത്തെ പതിവുതാവളത്തില്‍ കൂട്ടുകാര്‍ ഒത്തുകൂടിയതാണ്. വര്‍ത്തമാനം പറയുന്നതിന്നിടെ പ്രദീപിന്‍റെ മൊബൈലില്‍ കാള്‍ വന്നു. അവന്‍ എടുത്തുനോക്കി.


''മാനേജരാണ്. ആരും ശബ്ദൂണ്ടാക്കരുത്. ഞാന്‍ പറയുണത് എല്ലാരും കേട്ടോളിന്‍''അവന്‍ ലൌഡ് സ്പീക്കര്‍ ഓണാക്കി.


''ഗുഡ് മോണിങ്ങ് സാര്‍''അവന്‍ പറഞ്ഞു.


''ഗുഡ് മോണിങ്ങ്. പ്രദീപേ, നീ ഇപ്പോള്‍ എവിടെയാണ്'' മാനേജറുടെ ശബ്ദം എല്ലാവര്‍ക്കും കേള്‍ക്കാം .


''ഞാന്‍ മണ്ണാര്‍ക്കാട് ആര്യമ്പാവ് എന്ന സ്ഥലത്താണ്''പ്രദീപ് തട്ടിവിട്ടു.


''എന്താ അവിടെ''.


''ഒരാള് ഡെപ്പോസിറ്റ് ചെയ്യാന്ന് പറഞ്ഞിട്ടുണ്ട്. അയാള് വരുന്നതും നോക്കി നില്‍ക്ക്വാണ് ''.


''ആരാ ആള്''.


''ഒരു ഗള്‍ഫ് പാര്‍ട്ട്യാണ് സാറേ. രണ്ട് ലക്ഷം ചെയ്യാന്ന് പറഞ്ഞിട്ടുണ്ട്''.


''വെരി ഗുഡ്. എങ്ങിന്യാ നീ ആളെ പരിചയപ്പെട്ടത്''.


''പാര്‍ട്ടി എന്‍റെ ഒരു കൂട്ടുകാരന്‍റെ ബന്ധുവാണ്. ആള് ഗള്‍ഫിന്ന് ഇന്നലെ വന്നിട്ടേള്ളു. വല്ലോരും ക്യാന്‍വാസ്സ് ചെയ്യുണതിന്നുമുമ്പ് പിടിക്കണംന്ന് വിചാരിച്ച് കാലത്തേ പോന്നതാണ്. ഊണുംകൂടി കഴിച്ചിട്ടില്ല''.


''നിന്‍റെ കൂട്ടുകാരന്‍ അടുത്തുണ്ടോ''.


''പാര്‍ട്ടിയെ കൂട്ടീട്ട് വരാന്‍ അവന്‍ എന്‍റെ ബൈക്കുംകൊണ്ട് പോയി''.


''നീ അവനെ നല്ലോണം സോപ്പിട്ടോ. പാര്‍ട്ടിക്ക് എല്ലാ സ്കീമുകളും പറഞ്ഞ് മനസ്സിലാക്കണം. വേണച്ചാല്‍ ഞാന്‍ വരാം''.


''സാറ് ബുദ്ധിമുട്ടണ്ടാ. ഞാന്‍ കൈകാര്യം ചെയ്തോളാം''.


''പാര്‍ട്ടി വന്നാല്‍ എന്നെ വിളിക്ക്. ഞാന്‍കൂടി സംസാരിക്കാം''.


''ഓക്കെ''.


''എന്നാല്‍ ശരി''. ഫോണ്‍ കട്ടായി.


''നോക്കെടാ പഹയന്‍റെ ബുദ്ധി. പാര്‍ട്ടിടെ അടുത്ത് സംസാരിക്കണംന്ന്. അതിന് വഴീണ്ട്''.


''നീ അസാദ്ധ്യ സാധനംതന്നെ''സുമേഷ് പറഞ്ഞു 'നുണ അടിച്ചുവിടാന്‍ നിന്നെപ്പോലെ ആര്‍ക്കും പറ്റില്ല. അതുപോട്ടെ. പോളിസിക്ക് എന്താ വഴി കണ്ടിരിക്കിണത് ''.


''അതോ, ഒരു പാര്‍ട്ടീണ്ട്. അയാളടെ പേര് ഇബ്രാഹിം. ദുബായിയില്‍ സ്വന്തം ബിസിനസ്സ്ചെയ്യുന്ന ആള്. ഇന്നലെ വന്നതേള്ളു. കുറച്ചുകാശ് അയാള്‍ ഡെപ്പോസിറ്റ് ചെയ്യും. പക്ഷെ ഒരുകണ്ടീഷന്‍. അടുത്തമാസം ഇരുപത്തേഴാം തിയ്യതി അയാളടെ പെങ്ങളുടെ കല്യാണം ആണ്. അത് കഴിഞ്ഞിട്ടേ അയാള് ഡെപ്പോസിറ്റ് ചെയ്യൂ''.


''ആരാടാ നീ പറയുന്ന ഇബ്രാഹിം''ശെല്‍വന്‍ ചോദിച്ചു''അയാള് വിചാരിച്ചാല്‍ എനിക്ക് വിസ വല്ലതും കിട്ട്വോ''.


''പോടാ പോത്തേ. അങ്ങിനെ ഒരാളൊന്നും ഇല്ല''.


''പിന്നെ എങ്ങിന്യാ നിന്‍റെ മാനേജര് ആ പാര്‍ട്ടിയോട് സംസാരിക്ക്യാ''.


''പത്ത് മിനുട്ട് കഴിഞ്ഞാല്‍ ഞാന്‍ ആ കൊരണ്ടി മാനേജരെ വിളിക്കും. നിങ്ങളാരെങ്കിലും ഞാനാ ഇബ്രാഹിം എന്നുപറഞ്ഞ് ആ കൊരങ്ങനോട് സംസാരിച്ചാ മതി''.


''ബെസ്റ്റ് ഐഡിയ. പക്ഷെ എന്നെക്കൊണ്ട് ആവില്ല''സുമേഷ് പറഞ്ഞു. ചുരുക്കത്തില്‍ സംഘത്തിലാര്‍ക്കും മാനേജറോട് സംസാരിക്കാന്‍ വയ്യ.


''ഒരൊറ്റൊന്നിന്ന് ധൈര്യൂല്യാ. നിങ്ങളൊക്കെ നോക്കിക്കോ. ഞാന്‍ അലിയെ വിളിക്കും. അവന്‍ പുല്ലു ചവറുപോലെ സംസാരിക്കിണത് കണ്ടോളിന്‍''.


''ആരാടാ ഈ അലി''ശെല്‍വന്‍ അടുത്തചോദ്യം ചോദിച്ചു. 


''മോട്ടോര്‍സൈക്കിള്‍ വര്‍ക്ക് ഷോപ്പിലെ പയ്യന്‍. അവന്‍ ഇമ്മാതിരി പരിപാടിക്ക് മിടുക്കനാ''.


''എടാ പ്രദീപേ, എത്രകാലം നിനക്ക് ഇങ്ങിനെ നുണ പറഞ്ഞ് പിടച്ച് നില്‍ക്കാന്‍ പറ്റും''റഷീദ് ചോദിച്ചു''കമ്പിനിക്കാര് ഇതറിഞ്ഞാല്‍ അന്ന് നിന്‍റെ പണി പോവില്ലേ''.


''അതിന് ഞാന്‍ പണിക്ക് നിന്നിട്ടു വേണ്ടേ. കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടാറായി. ഈ മാസത്തേതുംകൂടി കിട്ട്യാല്‍ എനിക്കൊരു നല്ലൊരു മൊബൈല്‍ഫോണ്‍ വാങ്ങാന്‍ പറ്റും. പിന്നെ ഞാന്‍ പണിക്ക് പോവില്ല''.


''അതെന്താടാ''.


''കണ്ണില്‍ കണ്ടവനോട് ഇരന്ന് കമ്പിനിക്ക് മുതലുണ്ടാക്കാന്‍ എനിക്കു വയ്യ''പ്രദീപ് പറഞ്ഞു''അതുകൂടാതെ ആനക്കൊട്ട ഇന്‍ററസ്റ്റ് കൊടുക്കാന്ന് ആള്‍ക്കാരോട് പറയുണുണ്ട്. കമ്പിനി കൊടുക്ക്വോ ഇല്യോ എന്ന് നമുക്കറിയ്യോ. പറഞ്ഞകാശു കിട്ടാതെ വന്നാല്‍ ആളുകള് എന്നെയിട്ട് ഇടിക്കില്ലേ? എന്തിനാ വേണ്ടാത്ത പരിപാടിക്ക് നില്‍ക്കിണത്''.


''എന്നിട്ട് എന്താ നിന്‍റെ പിന്നത്തെ പരിപാടി''സുമേഷ് ചോദിച്ചു.


''ഇതുപോലൊക്കെതന്നെ. രാവിലെ എണീറ്റ് കാപ്പികുടി കഴിഞ്ഞ് ഇറങ്ങും. വട്ടത്തിരിഞ്ഞുനടന്ന് ഉച്ചയാവുമ്പൊ വീട്ടില്‍ചെന്ന് ഉണ്ണും. എന്നിട്ട് ഇങ്ങോട്ടുപോരും. നിങ്ങളടെകൂടെ സൊള്ളിക്കൊണ്ടിരിക്കും. പിന്നെ വീട്ടില്‍ ചെല്ലും. സുഖമായി കിടന്നുറങ്ങും''.


''മതിമതി . ഇനി നീ പറയണ്ടാ''റഷീദ് വിലക്കി''നിനക്ക് നന്നാവാന്‍ പരിപാടീല്യാന്ന് ചുരുക്കം''.


''ഞാന്‍ പറഞ്ഞിട്ടില്ലേ. അഞ്ചുകൊല്ലം കഴിയുമ്പൊ ഞാന്‍ ....''.


''ഇനി മേലാല്‍ ആ വര്‍ത്തമാനം പറഞ്ഞാല്‍ നിന്‍റെ ചെകിട് ഞാനടിച്ചു പൊളിക്കും'' അവന്‍ ആ വാചകം മുഴുമിക്കാന്‍ പ്രദീപിനെ സമ്മതിച്ചില്ല.


Comments

Popular posts from this blog

അദ്ധ്യായം 71-76

അദ്ധ്യായം 61-70