അദ്ധ്യായം 31-40

 അദ്ധ്യായം - 31.


വൈകുന്നേരം അനൂപ് മാപ്ല വൈദ്യരെ കണ്ട് മരുന്ന് വാങ്ങാന്‍ ചെന്നു.  വൈദ്യരുടെ വീടിന്ന് മുമ്പില്‍ നിന്ന ടൊയോട്ട കൊറോള കാര്‍ അവന്‍ ശ്രദ്ധിച്ചു. ടൌണിലെ പ്രസിദ്ധയായ ലേഡി ഡോക്ടറുടെ കാറായിരുന്നു അത്. ഡോക്ടര്‍ വന്നിട്ടുണ്ടാവുമോ? അതിനുള്ള സാദ്ധ്യത കുറവാണ്. അത്രയധികം പേഷ്യന്‍സുള്ള ഡോക്ടറാണ് അവര്‍.


പഴയമട്ടിലുള്ള ചെറിയ ഇരുനിലകെട്ടിടമാണ് വൈദ്യരുടെ വീട്. അതിനോടുചേര്‍ന്ന് ചെറിയൊരു ഒറ്റമുറി കെട്ടിടമുണ്ട്. അതിലാണ് വൈദ്യശാല. തുറന്നിട്ടകെട്ടിടത്തിലെ ചില്ലലമാറകളില്‍ മരുന്നുകുപ്പികള്‍ നിരത്തിവെച്ചിട്ടുണ്ട്. അകത്ത് ആരേയും കാണാനില്ല. ചിലപ്പൊ വൈദ്യര്‍ വീട്ടിലേക്ക് പോയതായിരിക്കും. അനൂപ് ആ കെട്ടിടത്തിന്‍റെ ഇറയത്ത് കാത്തുനിന്നു. മഴ പെയ്യുന്നില്ലെങ്കിലും ആകാശം നല്ലൊരു മഴയ്ക്കുള്ള ഒരുക്കത്തിലാണ്. ചിന്നിച്ചിതറിയ കാര്‍മേഘങ്ങള്‍ കിഴക്കോട്ടേക്ക് വേഗത്തില്‍ താഴ്ന്നു പറക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ആഞ്ഞുവീശുന്ന കാറ്റ് ഇലകളില്‍ പറ്റിപ്പിടിച്ച വെള്ളത്തിനെ കുടഞ്ഞ് വീഴ്ത്തുന്നു. വീട്ടില്‍ ചെന്ന് വൈദ്യരെ വിളിച്ചാലോ എന്ന് ആലോചിച്ചു. വേണ്ടാ. ചിലപ്പോള്‍  എന്തെങ്കിലും അത്യാവശ്യകാര്യമുണ്ടെങ്കിലോ? പത്തുപതിനഞ്ച് മിനുട്ട് നിന്നുകാണും. മുന്‍വശത്തെ വാതില്‍തുറന്ന് വീട്ടില്‍നിന്ന് ആദ്യം പുറത്തിറങ്ങിയത് വൈദ്യരാണ്. ഡോക്ടറും എട്ടു പത്ത് വയസ്സുള്ള ആണ്‍കുട്ടിയുടെ കയ്യും പിടിച്ച് വൈദ്യരുടെ ഭാര്യയും തൊട്ടുപുറകിലായി വെളിയിലെത്തി. വൈദ്യശാലയ്ക്ക് മുമ്പില്‍ നില്‍ക്കുന്ന അനൂപിനെ വൈദ്യര്‍ കണ്ടു.


''വന്നിട്ട് കുറെ നേരായോ''അയാള്‍ ചോദിച്ചു''എന്തേ ഇത്രനേരം എന്നെ വിളിക്കാഞ്ഞ്''. അനൂപ് ചിരിച്ചതേയുള്ളു.


''കുട്ടി ഇങ്ങട്ട് വരൂ''വൈദ്യര്‍ വിളിച്ചു. അവരുടെ അടുത്തേക്ക് ചെന്ന് ഡോക്ടറെ അവന്‍ വിഷ് ചെയ്തു.


''ഈ കുട്ട്യേ കണ്ടിട്ടുണ്ടോ''വൈദ്യര്‍ ഡോക്ടറോട് ചോദിച്ചു''മരുന്ന് കമ്പനീലാ ജോലി''.


''ഞാന്‍ ഡോക്ടറെ വിസിറ്റ് ചെയ്യാറുണ്ട്''അനൂപ് പറഞ്ഞു.


''ഏതാ കമ്പനി''ഡോക്ടര്‍ അവനോട് ചോദിച്ചു. അനൂപ് മറുപടി പറഞ്ഞു.


''ഈ കുട്ടിടെ അച്ഛനെ ഞാന്‍ ചികിത്സിക്കിണുണ്ട്''വൈദ്യര്‍ ഡോക്ടറോട് പറഞ്ഞു''കുറെ കാലായിട്ട് വാതംപിടിച്ച് കിടപ്പിലായിരുന്നു. ഇപ്പോള്‍ എണീറ്റ് നടക്കാറായി''.


''കുറച്ചെങ്കിലും ആയുര്‍വ്വേദം പഠിക്കണം എന്ന് എനിക്കും മോഹം തോന്നാറുണ്ട്''ഡോക്ടര്‍ പറഞ്ഞു''ഒഴിവ് കിട്ടുമ്പൊ പഠിക്കാനായിട്ട് ഞാനിങ്ങോട്ട് പോരുന്നുണ്ട്''.


''നടന്നതുപോലെ തന്നെ. അതിന് മോള്‍ക്ക് എപ്പഴാ ഒഴിവുണ്ടാവ്വാ'' വൈദ്യരുടെ ഭാര്യയാണ് അതു പറഞ്ഞത്''പറ്റുംച്ചാല്‍ ഈ  കുട്ട്യേ സഹായിക്ക്. പാവപ്പെട്ട കുടുംബത്തിലെ കുട്ട്യാ അത്. ഒരു സ്വഭാവ ദൂഷ്യൂം അതിനില്ല. നന്നായി പാട്ട് പാടാനും അറിയും''.


''അങ്ങിനെയാണോ. ഇനി എന്നെ കാണാന്‍ വരുമ്പോള്‍ ഞാനൊരു പാട്ട് പാടിക്കുന്നുണ്ട്''ഡോക്ടര്‍ ചിരിച്ചു''പിന്നെ പറ്റുന്ന പ്രോഡക്റ്റൊക്കെ ഞാന്‍ എഴുതാം കേട്ടോ'' 


ആ വാഗ്ദാനം കേട്ടതും അനൂപ് കൈ കൂപ്പി. നല്ല കാര്യമാണ് ഡോക്ടര്‍ പറഞ്ഞതെങ്കിലും ഇപ്പോഴത്  ഉപയോഗപ്പെടുത്തികൂടാ. അടുത്തമാസം വാരിയര്‍ സാര്‍ നല്ലൊരു കമ്പനിയില്‍ കയറ്റിവിടും. സമ്മര്‍ദ്ദമൊന്നും ഇല്ലാത്ത കമ്പിനിയാണ്. പതിനയ്യായിരം രൂപ ശമ്പളവും ഏഴെട്ടായിരം രൂപ എക്സ്പെന്‍സസും കിട്ടും. ഗൈനക്ക് പ്രോഡക്റ്റുകള്‍  പ്രൊമോട്ട് ചെയ്യാനുണ്ടെങ്കില്‍ ഇവരുടെ സഹായം അപ്പോള്‍ ഉപയോഗിച്ചാല്‍ മതി. കാര്‍ ഗെയിറ്റ് കടന്നുപോയി.


''കുട്ടി വരൂ''മാപ്ല വൈദ്യര്‍ അനൂപിനെ വൈദ്യശാലയിലേക്ക് നയിച്ചു. ഏതോ ഒരു ഡപ്പിതുറന്ന് പഴയ ന്യൂസ്പേപ്പര്‍ കീറിയതില്‍ ചൂര്‍ണ്ണം പൊതിയാന്‍ തുടങ്ങി.


''ഇത് കൊടുക്കേണ്ടവിധം ഞാന്‍ അമ്മയ്ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്'' അയാള്‍ പൊതി അനൂപിനെ ഏല്‍പ്പിച്ചു .


''എത്ര്യാ തരണ്ടത്''അനൂപ് ചോദിച്ചു.


''അതൊക്കെ പിന്നെ പറഞ്ഞോളാം''വൈദ്യര്‍ പറഞ്ഞു''ആദ്യം അച്ഛന്‍റെ സൂക്കട് മാറട്ടെ''. ഡോക്ടര്‍ എന്തിനാണ് വന്നത് എന്ന് അറിയാനുള്ള ആകാംക്ഷ അനൂപിലുണ്ടായി.


''ഡോക്ടര്‍ എന്താ ഇവിടെ''അവന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.


''എന്‍റെ മരുമകളാണ്. മകന്‍റെ ഭാര്യ''.


''അപ്പൊ മകന്‍''.


''അവനും ഡോക്ടറാണ്. ഇംഗ്ലണ്ടിലാണ് ഇപ്പൊ ഉള്ളത്''.


''വൈദ്യര്‍ക്ക് ഒരു മകനേള്ളു''.


''അല്ല. എനിക്ക് രണ്ട് മക്കള്‍ കൂടീണ്ട്. മൂത്തവന്‍ റെയില്‍വെയില്‍ എഞ്ചിനീയറാണ്. അടുത്ത ആളുടെ കാര്യമാണ് നേരത്തെ പറഞ്ഞത്. ഒടുവിലുത്തേത് മകളാണ്. കോളേജില്‍ പഠിപ്പിക്കാന്‍ പോണൂ''. 


ഇത്ര അടുത്ത് താമസിച്ചിട്ടും ഇതൊന്നും താന്‍ അറിഞ്ഞില്ലല്ലോ എന്ന് അവനോര്‍ത്തു. അതിലേറെ മാപ്ല വൈദ്യരെക്കുറിച്ച് തോന്നിയ അത്ഭുതമാണ് മനസ്സ് മുഴുവന്‍. വലിയനിലയില്‍ കഴിയുന്ന മക്കള്‍ ഉണ്ടായിട്ട് ഈ നാട്ടിന്‍പുറത്തെ പഴയവീട്ടില്‍ മരുന്ന് വിറ്റുകിട്ടുന്ന ചില്ലറ വരുമാനംകൊണ്ട് ജീവിക്കുന്നത് എന്തിനാണ്. സഞ്ചരിക്കാനായി വിധത്തിലും തരത്തിലും കാറുവാങ്ങി കൊടുക്കാന്‍ മക്കള്‍ക്ക് കഴിയും. എന്നിട്ടും കാല്‍നടയായും അത്യാവശ്യം ബസ്സ് യാത്രയുമായി വൈദ്യര്‍ കഷ്ടപ്പെടുന്നതാണ് മനസ്സിലാവാത്തത്. അനൂപ് മിണ്ടാതിരിക്കുന്നത് വൈദ്യര്‍ ശ്രദ്ധിച്ചു.


''എന്താ കുട്ടി ആലോചിക്കിണത്''അയാള്‍ ചോദിച്ചു. അനൂപ് ചിന്തയില്‍ നിന്ന് ഉണര്‍ന്നു.


''ഇവരൊക്കെ ഉണ്ടായിട്ട് എന്തിനാ ഇവിടെ കഷ്ടപ്പെട്ട് കഴിയിണത്''ഒട്ടും ആലോചിക്കാതെയാണ് അവനത് പറഞ്ഞത്.


''ഞാന്‍ കഷ്ടപ്പെട്വാണെന്ന് ആരാ കുട്ട്യോട് പറഞ്ഞത്''വൈദ്യര്‍ പറഞ്ഞു ''ഈ തൊഴിലിന്ന് കിട്ട്യേതോണ്ടാ ഞാന്‍ മക്കള്‍ മൂന്നാളെ പഠിപ്പിച്ച് ഒരു നെലേല്‍ ആക്ക്യേത്. ഞങ്ങള് രണ്ട് അത്മാക്കള്‍ക്ക് ചിലവിന്ന് എന്തെന്നെ വേണം. അതിനുള്ളതൊക്കെ ഇപ്പഴും എനിക്ക് കളീല്യാതെ കിട്ടുണുണ്ട്. പിന്നെന്തിനാ മക്കളടെ സഹായം ചോദിക്കിണ്. ആവുണകാലം ആരേം ആസ്പദിക്കാതെ കഴിഞ്ഞുകൂടണം എന്നാ മോഹം. മക്കളാണെങ്കിലും അവര്‍ക്ക് അവരുടെ മാത്രായ ജീവിതൂണ്ട്. അത് കണ്ടറിഞ്ഞ് നമ്മള്‍ പെരുമാറ്യാല്‍ ഉള്ള സ്നേഹൂം ബഹുമാനൂം എന്നും നിലനില്‍ക്കും''.


''അപ്പൊ മക്കള്‍ക്ക് അച്ഛനോടും അമ്മയോടും കടമീല്ലേ''.


''ഉണ്ടല്ലോ. തന്നത്താന്‍ കഴിയാന്‍ പറ്റാത്തകാലം വരുമ്പോള്‍ മക്കളുടെ സഹായംആവാം. അതുവരെ നമ്മള്കാരണം അവര്‍ക്കൊരു ബുദ്ധിമുട്ട് ഉണ്ടാവാന്‍ പാടില്ല. വേണച്ചാല്‍ കാറോ ബംഗ്ലാവോ ഒക്കെ അവരോട് ചോദിച്ചാല് കിട്ടും. മുമ്പും അതിലൊന്നും താല്‍പ്പര്യം തോന്നീട്ടില്ല. ഇനി എഴുപതാമത്തെ വയസ്സില്‍ അത് വേണോ. ദൈവം നമുക്ക് രണ്ട് കയ്യ് തന്നത് അന്യര്‍ക്ക് കൊടുക്കാനാണ്, അല്ലാണ്ടെ വല്ലവരടേം മുമ്പിലത്     നീട്ടി വാങ്ങാനല്ലാന്ന് വൈദ്യന്‍ തമ്പുരാന്‍ പറഞ്ഞുതന്നിട്ടുണ്ട്''. 


ആ പറഞ്ഞതൊന്നും അനൂപിന് മനസ്സിലായില്ല. പക്ഷെ മാപ്ലവൈദ്യര്‍ സാധാരണ ആളുകളുടെ മാതിരിയുള്ള ആളല്ല എന്ന് അവന് ബോദ്ധ്യമായി. പുറത്ത് ഇരുട്ട് പരന്നുകഴിഞ്ഞു. മഴ പെയ്യുംമുമ്പ് വീടെത്തണം. അവന്‍ വൈദ്യരോട് യാത്രപറഞ്ഞ് പുറത്തിറങ്ങി.


അദ്ധ്യായം - 32.


''ഉച്ചാമ്പളത്തേക്ക് എന്താ ഉണ്ടാക്കണ്ട്''കുട്ടികളെ പറഞ്ഞയച്ചശേഷം രാമകൃഷ്ണന് ആഹാരം കൊടുക്കുമ്പോള്‍ ഇന്ദിര ചോദിച്ചു. ഏതോ കുട്ടിടെ പിറന്നാളിന്ന് പോവും എന്ന് രമ പറഞ്ഞിരുന്നു. അനൂപിന്ന് മാനേജറുണ്ട്. അതുകൊണ്ട് അവനും ഉച്ചഭക്ഷണംവേണ്ടാ. അല്ലെങ്കില്‍ വെപ്പുപണി എപ്പോഴേ കഴിഞ്ഞേനെ.


''എന്താച്ചാല്‍ ഉണ്ടാക്കിക്കോളൂ''രാമകൃഷ്ണന്‍ അങ്ങിനെയാണ്. ഇന്നത് വേണം എന്ന് ഒരിക്കലും പറയാറില്ല. എങ്കിലും  ഒരുചടങ്ങുപോലെ ഇന്ദിര എല്ലായ്പ്പോഴും ചോദിക്കും.


പടുവിത്ത് വീണു മുളച്ച മത്തന്‍റെ വള്ളിയില്‍ ഉണ്ടായ ഒരുപഴുത്ത മത്തന്‍ ഇരിപ്പുണ്ട്. അത് മുറിച്ച് നാനായിധം ആക്കി കളയാന്‍ മടിച്ചിട്ടാണ്. പത്തു ദിവസം കഴിഞ്ഞാല്‍ കര്‍ക്കിടകത്തിലെ അനിഴം നക്ഷത്രമാവും. അന്നാണ് രമയുടെ പിറന്നാള്. സദ്യക്ക് എരിശ്ശേരി വെക്കാനായി സൂക്ഷിച്ചതാണ് ആ മത്തന്‍. കാറ്റത്ത് പൊട്ടിവീണ പൊട്ടക്കാളി വാഴേല് ഒരു ചീര്‍പ്പ് ബാക്കി നില്‍ക്കുന്നുണ്ട്. അതുകൊണ്ട് പുളിങ്കറി വെക്കാം. രണ്ടാമതിന്ന് പയറിന്‍റെ ഇല അരിപ്പൊടി ചേര്‍ത്ത ഉപ്പേരിയാക്കാം.


കഞ്ഞികുടികഴിഞ്ഞ് ഇന്ദിര എഴുന്നേറ്റ് പാത്രം കഴുകാനിട്ടു. ഇഡ്ഡലിയും ദോശയും അത്രക്കങ്ങിട്ട് ഇഷ്ടമല്ല. ഏതായാലും രാമേട്ടന്ന് കഞ്ഞി വെക്കണം. അതില്‍നിന്ന് ഒരു ഓഹരി കഴിക്കും. പയറിന്‍റെ ഇല പറിച്ചിടാനായി ചേര്‍ണമുറം എടുത്ത് ഇന്ദിര മുറ്റത്തേക്കിറങ്ങിയതും പാറു പടികടന്നു വരുന്നത് കണ്ടു.


''വാരിയത്തമ്മ ഇന്നലീംകൂടി നിന്നെ അന്വേഷിച്ചു''ഇന്ദിര പറഞ്ഞു ''സങ്ക്രാന്തിക്ക് മുമ്പ് തറവാട് തട്ടി അടിക്കണോത്രേ''.


''ഞാന്‍ മകളടെ അടുത്ത് ചെന്നിരുന്നു. ഇന്നലെ സന്ധ്യക്കാ മടങ്ങി എത്ത്യേത്''പാറു പറഞ്ഞ''പിന്നെ മറ്റേകൂട്ടര് മകളടടുത്ത് എന്താ വിവരംന്ന് ചോദിച്ച്വോത്രേ''.


''നീ വാ. നമുക്ക് പയറിന്‍റെല വലിക്കും ചെയ്യാം കൂട്ടംകൂടും ചെയ്യാം'' എന്നുപറഞ്ഞ് ഇന്ദിര പയറിന്‍റെ ഏരിയിലേക്ക് തിരിഞ്ഞു. രണ്ടുപേരും കൂടി പയറിന്‍റെ ഇല നുള്ളാന്‍തുടങ്ങി.


''ജാതകം ചേര്‍ന്നതല്ലേ. വേണച്ചാലും വേണ്ടാച്ചാലും ആരെങ്കിലും ചെന്ന് കുട്ട്യേ കാണട്ടെ എന്ന് അവര് പറഞ്ഞ്വോത്രേ. കര്‍ക്കിടകം തുടങ്ങുംമുമ്പ് നമുക്കൊന്ന് പോയാലോ''.


''എന്നിട്ട് എടിപിടീന്ന് കല്യാണം വേണന്ന് പറഞ്ഞാലോ''.


''അതൊന്നും ഉണ്ടാവില്ല. എടുക്കാന്നും കൊടുക്കാന്നുംവെച്ചാല് അവര് കാത്തിരുന്നോളും''.


''അങ്ങിന്യാണച്ചാല്‍ നമുക്ക് രണ്ടാളുക്കുംകൂടി പോയി നോക്കീട്ട് വരാം. പക്ഷെ സംഗതി ഇരുചെവി അറിയാമ്പാടില്ല''.


''നമ്മളിത് ചെണ്ടകൊട്ടി നടക്കാന്‍ പോവ്വാണോ തമ്പുരാട്ട്യേ''.


''ഞായറാഴ്ച പൊയ്ക്കോട്ടേന്ന് ഞാനൊന്ന് രാമേട്ടനോട് ചോദിക്കട്ടെ. അന്നാണച്ചാല്‍ വീട്ടില് കുട്ട്യേളുണ്ടാവും''. മുറം നിറഞ്ഞതോടെ ഇരുവരും എഴുന്നേറ്റു.


''ഇടയ്ക്കൊക്കെ ഇല നുള്ളണം. എന്നാലേ പയറ് കായ്ക്കൂ. അല്ലെങ്കില്‍ മദാളിച്ചുപോവും''പാറു തന്‍റെ അറിവ് പകര്‍ന്നു.


''രാവിലത്തെ നാല് ഇഡ്ഡലി ബാക്കീണ്ട്. നീ കഴിച്ചോ''ഇന്ദിര പാറുവിനെ സല്‍ക്കരിച്ച് മുട്ടിക്കത്തികൊണ്ട് പയറിന്‍റെ ഇല നുറുക്കാന്‍തുടങ്ങി.


''നിനക്ക് കുടിക്കാനൊന്നും തന്നില്ലല്ലോ. ചായ വേണോ''എന്തോ മറന്നു പോയത് ഓര്‍മ്മവന്നതുപോലെ ഇന്ദിര അന്വേഷിച്ചു.


''കഞ്ഞിടെ വെള്ളം ഉണ്ടെങ്കില്‍ രണ്ടുകല്ല് ഉപ്പിട്ട് തന്നാ മതി''.


ഇന്ദിര അഭിപ്രായം ചോദിക്കാന്‍ ചെന്നപ്പോള്‍  രാമകൃഷ്ണന്‍ എതിരൊന്നും പറഞ്ഞില്ല എന്നു മാത്രമല്ല''നമുക്ക് പറ്റുംന്ന് തോന്ന്യാല്‍ വാക്ക് കൊടുത്തോളൂ''എന്ന് സമ്മതം നല്‍കുകയുംചെയ്തു.


''നാളേം മറ്റന്നാളും തൊട്ടുവെച്ച ഒരുപണി തീര്‍ക്കാനുണ്ട്. ഞായറാഴ്ച നമുക്ക് പോണോലോ. തിങ്കളാഴ്ച തൊട്ട് വാരിയത്ത് പണിക്ക് ചെല്ലാം''.


''എന്നാ വാരിയത്തമ്മടെ അടുത്ത് ആ വിവരം പറഞ്ഞിട്ട് പോ''. പാറു വാരിയത്തേക്ക് നടന്നു, ഇന്ദിര അടുക്കളയിലേക്കും.


()()()()()()()()()()


മഴ തുടങ്ങിയതോടെ സുഹൃത്തുക്കളുടെ കോട്ടമൈതാനത്തുള്ള സംഗമം നിലച്ചു. വിവേക് ജോലിക്ക് നില്‍ക്കുന്ന കടയില്‍ എല്ലാവരും ഒത്തു കൂടും. കസ്റ്റമേഴ്സ് ആരും കടന്നു ചെല്ലാത്തതിനാല്‍ കൂട്ടുകാര്‍ക്ക് വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിന്ന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാറില്ല.


''പ്രദീപേ, കുറച്ചായി നിനക്ക് ഒരു പരിപാടീം ഇല്ലല്ലോ. അല്ലെങ്കില്‍ നാട്ടിലുള്ള കൊള്ള മുഴുവന്‍ നിന്‍റെ അടുത്ത് എത്ത്വോലോ''റഷീദ് ചോദിച്ചു.


''എപ്പൊഴും ഒരുപോലെ ഇരിക്ക്യോ. സ്ഥലകച്ചോടം ചെയ്യിണ പണിക്ക് ഇറങ്ങ്യാലോന്ന് ഞാന്‍ ആലോചിക്കിണുണ്ട്. കുറച്ചായി നാലഞ്ച് കൂട്ടര് വിളിക്കാന്‍ തുടങ്ങീട്ട്''.


''അതിന് നിന്‍റേല് എവിടുന്നാടാ കാശ്''.


''കയ്യില് പൈസവെച്ചിട്ടാണോടാ എല്ലാരും ഇതിനിറങ്ങിണത്. ആദ്യോക്കെ ബ്രോക്കറായി നടക്കണം. അതിന്ന്പത്തുറുപ്പിക കയ്യിലായാല്‍ അതുവെച്ച് തുടങ്ങാം. പറ്റ്യേസ്ഥലം നോക്കി അഡ്വാന്‍സ് കൊടുത്ത് വെക്കണം. സ്ഥലം മുറിച്ചുവില്‍ക്കാനുണ്ടേന്ന് കേട്ടാല്‍ ആവശ്യക്കാര് ചോദിച്ചോണ്ട് വരും. പിന്നെ അവരടെ കാശോണ്ട് കച്ചോടം നടത്താം''.


''കൈനനയാതെ മീന്‍ പിടിക്കിണപണി അല്ലേടാ''. പ്രദീപ് ചിരിച്ചതേയുള്ളു.


''കുറച്ചായിട്ട് ശെല്‍വനെ കാണാറേ ഇല്ലല്ലോ. എന്താടാ അവന്‍റെ വിവരം'' വിവേക് അന്വേഷിച്ചു.


''പെങ്ങളടെ കല്യാണത്തിന്നുള്ള ഓട്ടത്തിലാണ്. അതാ കാണാത്തത്'' പ്രദീപ് പറഞ്ഞു''പറയുമ്പോലെ കല്യാണത്തിന്ന് എന്തെങ്കിലും കൊടുക്കണ്ടേടാ''.


''പിന്നെ വേണ്ടേ''.


''ഞാനൊരു കാര്യം പറയാം''പ്രദീപ് പറഞ്ഞു''ആരും ഒറ്റയ്ക്കൊന്നും കൊടുക്കണ്ടാ. എല്ലാരുംകൂടി നല്ലൊരു ഗിഫ്റ്റ് വാങ്ങി കൊടുക്കാം''.


''എന്താ വേണ്ടത്''അനൂപ് ചോദിച്ചു.


''അറക്കിണതിന്ന് മുമ്പ് കിടന്ന് പിടയ്ക്കാതെ. സമയംവരുമ്പൊ നമുക്കത് ആലോചിക്കാം''. പ്രദീപ് വാച്ചില്‍ നോക്കി മണി രണ്ടര.


''ഇന്നത്തെ യോഗം പിരിച്ചുവിടുന്നു'' അവന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.


''എന്നാ ഞങ്ങള് പണിക്കിറങ്ങട്ടെ'' റഷീദും അനൂപും പുറപ്പെട്ടു.


''പോണവഴിക്ക് എന്നെ ടൌണ്‍ ബസ്സ് സ്റ്റാന്‍ഡില്‍ ഇറക്കിവിടെടാ''പ്രദീപ് റഷീദിന്‍റെ ബൈക്കിന്നുപുറകില്‍ കയറി.


 അദ്ധ്യായം - 33.


തുടര്‍ച്ചയായി രണ്ടുദിവസം ഗോപാലകൃഷ്ണന്‍നായര്‍ വിളിക്കാതെ ആയപ്പോള്‍ കെ.എസ്. മേനോന്‍ പരിഭ്രമിച്ചു. അങ്ങോട്ട് വിളിക്കുമ്പോള്‍ മൊബൈല്‍ സ്വിച്ചോഫ് ചെയ്തതായ അറിയിപ്പാണ്. പലതവണ ലാന്‍ഡ് ഫോണില്‍ വിളിച്ചെങ്കിലും എടുത്തതുമില്ല. വീട്ടില്‍ചെന്ന് നോക്കിയാലോ എന്നുതോന്നി. ഒരുപക്ഷെ അവിടെ ഇല്ലെങ്കിലോ? 


മൂന്നാമത്തെ ദിവസമായപ്പോഴേക്കും കെ.എസ്. മേനോന് ഇരിപ്പുറച്ചില്ല. കൂട്ടുകാരന്‍ വിളിക്കുന്നതുംകാത്ത് ഒരുവിധത്തില്‍ വൈകുന്നേരംവരെ കഴിച്ചുകൂട്ടി. പിന്നെ മടിച്ചില്ല. അയാള്‍ വസ്ത്രം മാറ്റി കുടയുമെടുത്ത് ഇറങ്ങി. ഗോപാലകൃഷ്ണന്‍നായരുടെ ടൌണിലുള്ള വീട്ടിലെത്തുമ്പോള്‍ സന്ധ്യയായി. ഗെയിറ്റ് പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണ്. ഭാര്യയും ഭര്‍ത്താവും എങ്ങോട്ടോ പോയിട്ടുണ്ടാവും. പോവുന്ന കാര്യമൊന്നും സൂചിപ്പിച്ചിരുന്നില്ല. ചിലപ്പോള്‍ പെട്ടെന്നെടുത്ത തീരുമാനമാണെങ്കിലോ. എന്നാലും എന്താണ് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തുവെക്കാനുണ്ടായ കാരണം എന്ന് അറിയുന്നില്ല. തൊട്ടടുത്ത വീട്ടിലേക്ക് കയറിചെന്നു. ഒരു സ്ത്രീ ഡോര്‍ബെല്ലിന്‍റെ ശബ്ദംകേട്ട് വാതില്‍ക്കലെത്തി.


''ആ വീട്ടിലുള്ളോര് എവിടെ പോയി''ഗോപാലകൃഷ്ണന്‍നായരുടെ വീട് ചൂണ്ടിക്കാട്ടി ചോദിച്ചു.


''ആ''അറിയില്ലെന്നമട്ടില്‍ ഒരു മൂളലുമായി അവര്‍ വാതിലടച്ചു. തൊട്ട് ഇപ്പുറത്തുള്ള വീട്ടുകാര്‍ കുറച്ചുകൂടി ഭേദമാണെന്ന് തോന്നി.


''ഞായറാഴ്ചരാത്രി അവരുണ്ടായിരുന്നു. പിറ്റേന്ന് കാലത്ത് വീട് പൂട്ടി കിടക്കിണതാണ് കണ്ടത്. എങ്ങോട്ടെങ്കിലും പോണൂന്ന് പറഞ്ഞിട്ടില്ല''. ആ പറഞ്ഞതുംകേട്ട് നിരാശനായി തിരിച്ചുപോന്നു. ശനിയാഴ്ച നേരം ഇരുട്ടിയ ശേഷമാണ് ഗോപാലകൃഷ്ണന്‍നായരുടെ ഫോണ്‍ വന്നത്.


''എന്ത് പണിയാടോ താന്‍ കാട്ട്യേത്''മൊബൈലിലിലെ നമ്പര്‍ കണ്ട് എടുത്തതും കെ.എസ്.മേനോന്‍ പരിഭവിച്ചു''എത്രപ്രാവശ്യം ഞാന്‍ വിളിച്ചൂന്നറിയ്യോ''.


''താന്‍ പരിഭവിക്കണ്ടടോ. തന്നെ വിവരമറിയിക്കാന്‍ പറ്റ്യേ സാഹചര്യം ആയിരുന്നില്ല''ഗോപാലകൃഷ്ണന്‍നായരുടെ സ്വരം കാതിലെത്തി ''രാത്രി പത്തരയ്ക്കാ അമ്മിണി ബാത്ത്റൂമില്‍ വീണത്. നോക്കുമ്പോള്‍ ഒരുഭാഗം കുഴഞ്ഞിരിക്കുന്നു. മുഖം കോട്യേപോലെ തോന്നി. പിന്നെ ഞാന്‍ ഒന്നും ആലോചിച്ചില്ല. പെട്ടെന്നൊരു ടാക്സി വിളിച്ച് കൊയമ്പത്തൂരിലിക്ക് വിട്ടു. ഇത്രദിവസം ഞങ്ങളവിടെ കെ.ജി. ഹോസ്പിറ്റലിലായിരുന്നു . ഇതാ വന്ന് കേറ്യേതേള്ളു''.


''മൊബൈലില്‍ വിളിച്ചപ്പൊ സ്വിച്ചോഫായിരുന്നു''.


''പോണതിരക്കില്‍ അതെടുക്കാന്‍ മറന്നു. ബാറ്ററി ഇറങ്ങ്യേതാവും''.


''അതറിഞ്ഞില്ലാട്ടോ. ഇപ്പൊതന്നെ ഞാന്‍ അങ്കിട്ട് വരുണുണ്ട്''.


''തിരക്ക് പിടിച്ച് വര്വോന്നും വേണ്ടാ. രാവിലെ പോന്നാ മതി''. 


രാവിലെ നേരത്തെ സുഹൃത്തിന്‍റെ വീട്ടിലെത്തി. മുന്‍വശത്തെ വാതില്‍ തുറന്നുകിടപ്പുണ്ട്. പൂമുഖത്ത് ആറേഴുപേര്‍ ഇരിപ്പുണ്ട്. ബന്ധുക്കളോ പരിചയക്കാരോ എന്ന് മനസ്സിലായില്ല.


''ഗോപാലകൃഷ്ണന്‍''ആരോടോ ചോദിച്ചു. അകത്തെ മുറിയിലേക്ക് അയാള്‍ ചൂണ്ടിക്കാണിച്ചു. കയറിചെല്ലുമ്പോള്‍ അമ്മിണിയമ്മ കട്ടിലില്‍ ചാരി ഇരിപ്പാണ്. കൂട്ടുകാരന്‍ അവരുടെ ചുണ്ടുകള്‍ വെള്ളംതൊട്ട് തുടയ്ക്കുന്നു.


''കഞ്ഞികൊടുത്ത് ചുണ്ടും ചിറീം  കഴുകിച്ചതാ''അയാള്‍ പറഞ്ഞു''ഇത്ര കാലം ഇവള്‍ എന്നെ പരിപാലിച്ചതല്ലേ. ഇനി കുറച്ചങ്ങോട്ടും ആവട്ടെ''. രോഗവിവരങ്ങള്‍ വിസ്തരിക്കുന്നതുംകേട്ട് നിന്നു.


''ഇത് പെട്ടെന്നൊന്നും ശര്യാവില്ല. എന്നാലും പേടിക്കാനൊന്നും ഇല്ല. ഫിസിയോതെറാപ്പി ചെയ്യണം. കൂടെജോലിചെയ്തിരുന്ന ടൈപ്പിസ്റ്റിന്‍റെ  മകന്‍ ഫിസിയോ തെറാപ്പിസ്റ്റാണ്. ദിവസവും വന്ന് വേണ്ടത് ചെയ്തു തരാന്‍ ഏര്‍പ്പാടാക്കി കഴിഞ്ഞു''.


''മക്കള്''.


''കൊയമ്പത്തൂരിലേക്ക് പുറപ്പെടുംമുമ്പ് രണ്ടാളേയും വിളിച്ച് വിവരം അറിയിച്ചിരുന്നു. ബാംഗ്ലൂരില്‍നിന്ന് മകളും ഭര്‍ത്താവും കുട്ടികളേയും കൂട്ടി ആ രാത്രിതന്നെ കാറില്‍ പോന്നു. ചെന്നയില്‍നിന്ന് മകന്‍ മാത്രമേ വന്നുള്ളു. അവന്‍ പ്ലെയിനിലാണ് പോന്നത്. നേരംവെളുക്കുമ്പഴയ്ക്കും അവരൊക്കെ എത്തി''.


''എന്നിട്ട് അവരെവിടെ''.


''ക്രിട്ടിക്കലല്ല എന്നറിഞ്ഞപ്പോള്‍ അവരോട് പൊയ്ക്കോളാന്‍ പറഞ്ഞു. എന്തിനാ അവരെ വെറുതെ ബുദ്ധിമുട്ടിക്കിണത്. പോരാത്തതിന്ന് മകളുടെ കുട്ടികള്‍ക്ക് സ്കൂളുണ്ട്. അത് കളയാന്‍ പറ്റില്ല. മകന്‍റെ കാര്യാണെങ്കില്‍ അവന്‍റെ ഭാര്യ പ്രസവിച്ചിട്ട് എട്ടുപത്ത് ദിവസം ആയിട്ടേള്ളു'' 


മരുന്ന് കൊടുത്തു കഴിഞ്ഞ് ഗോപാലകൃഷ്ണന്‍ നായര്‍ കെ. എസ്. മേനോനോടൊപ്പം പൂമുഖത്തേക്ക് വന്നു.


''എന്നാ ഞങ്ങളിറങ്ങട്ടെ. പറഞ്ഞപോലെ വൈകുന്നേരം എത്താം'' എല്ലാവര്‍ക്കുംവേണ്ടി ഒരാള്‍ യാത്രപറഞ്ഞു. ഗെയിറ്റ് കടന്നു അവര്‍ പോയി.


''താന്‍ വല്ലതും കഴിച്ച്വോ''ഗോപാലകൃഷ്ണന്‍ നായര്‍ ചോദിച്ചു.


''ഒന്നും വേണന്നില്യാ''.


''താന്‍ വാടോ. ഒരുപാത്രം നിറയെ ഇഡ്ഡലി ഇരിപ്പുണ്ട്. എമ്പാന്തിരി മാഷ് കൊണ്ടുവന്നതാ''. 


കൈകഴുകി രണ്ടുപേരും ഭക്ഷണം കഴിക്കാനിരുന്നു. ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞത് ശരിയാണ്. ഉച്ചയ്ക്കും രാത്രിയിലേക്കുംകൂടി വേണ്ട ആഹാരമുണ്ട്.


''പണിക്ക് ആരേങ്കിലും വെക്കണ്ടേ'' കെ.എസ്. മേനോന്‍ ചോദിച്ചു.


''ഒന്നുംവേണ്ടാ. ആര് നോക്ക്യാലും ഞാന്‍ നോക്കുണപോലെ വരില്ല. പിന്നെ എന്തിനാണ്''.


''പാത്രംമോറാനും അടിക്കാനും തുടയ്ക്കാനും ഒക്കെ എന്താചെയ്യാ''.


''അതിന് കബീര്‍ മാഷ് ഒരാളെ അയയ്ക്കാന്ന് പറഞ്ഞു''.


''ഇനിയാ തന്‍റെ കാര്യം പരുങ്ങലായത്. പഴേമട്ടിലെ ചുറ്റിത്തിരിയല്‍ ഇനി നടക്കില്ല''.


''അത് ശര്യാണ്. അമ്മിണ്യേ ഒറ്റയ്ക്കാക്കി ഇനി എങ്ങട്ടും പോവാന്‍ പറ്റില്ല''.


''കുറച്ചുദിവസം കഴിഞ്ഞാല്‍ ബോറാവില്ലേ''.


''അതിനൊക്കീള്ള വഴി ഞാന്‍  ഉണ്ടാക്കി കഴിഞ്ഞെടോ''.


''എന്താത്''.


''ഞാനും നേരത്തെ താന്‍കണ്ട കൂട്ടുകാരുംകൂടി പകല് മുഴുവന്‍ ഇവിടെ കമ്പിനികൂടാന്‍ തീരുമാനിച്ചു. നല്ല ഒന്നാതരം ചീട്ടുകളി കമ്പിനി''.


''പരമയോഗ്യന്‍. ഭാര്യ ഇങ്ങിനെ കിടക്കുമ്പഴോ''.


''അതോണ്ടെന്താ. എനിക്ക് അമ്മിണിയെ നോക്കാനും പറ്റും. നേരം പോവും ചെയ്യും''.


''എന്നാലും വീട്ടില് വെച്ച് ചീട്ട് കളിക്ക്വേ''.


''എന്താ കളിച്ചാല്. അതോണ്ടൊരു തെറ്റും ഇല്യാടോ. രാജകൊട്ടാരത്തില്‍ വരെ പണ്ട് ചൂതുകളി നടന്നിട്ടില്ലേ''.


''അതുശരി. അപ്പൊ പണംവെച്ചിട്ടുള്ള ചീട്ടുകള്യാ അല്ലേ''.


''അല്ലാണ്ടെന്താ. കാശില്ലാതെ കളിക്കാച്ചാല്‍ പിന്നെ ചീട്ടില്ലാതെ കളിച്ചൂടെ. കളിക്കൊരു ഗൌരവം വേണങ്കില്‍ കുറച്ചെങ്കിലും പൈസ വെക്കണം'' ഗോപാലകൃഷ്ണന്‍നായര്‍ ഉറക്കെ ചിരിച്ചു''കാശിന്‍റെ കാര്യം കേട്ടപ്പൊ കൂട്ടുകാര്‍ ചിലരുക്കൊക്കെ ഒരുമടി. ഏറെ നിര്‍ബന്ധിച്ചിട്ടാ ഒരുവിധം വണ്‍, ടൂ, ഫോര്‍ ആവാന്ന് സമ്മതിച്ചത്''.


''അതെന്താ അങ്ങിന്യൊരു കളീണ്ടോ''.


''അത് കളിയല്ലടോ. പൈസടെ കണക്കാ. സ്കൂട്ട് ഒരു ഉറുപ്പിക, മിഡില്‍ രണ്ട് ഉറുപ്പിക, ഫുള്ള് നാല് ഉറുപ്പിക. ഇപ്പൊ തനിക്ക് മനസ്സിലായോ''.


''എനിക്ക് കളി അറിയില്ല. എന്നാലും ചോദിക്ക്യാണ്. ഇങ്ങിനെയൊക്കെ പൈസ വെക്കണോ ചീട്ട് കളിക്കാന്‍''.


''സുകുമാരാ, തനിക്ക് അറിയാഞ്ഞിട്ടാണ്. ജെന്‍റില്‍ മെന്‍സ് ക്ലബ്ബിലൊന്ന് ചെന്ന് നോക്കണം. സ്കൂട്ട് നൂറ്, മിഡില്‍ ഇരുന്നൂറ്റമ്പത്, ഫുള്‍ അഞ്ഞൂറ്. അതാ കണക്ക്. രണ്ടുമൂന്ന് പ്രാവശ്യം ഗസ്റ്റായിട്ട് അവിടെ പോയിട്ടുണ്ട്. വലിയ വലിയ ആള്‍ക്കാരാ അവിടത്തെ മെമ്പര്‍മാര്. നമ്മളെപോലത്തെ ആള്‍ക്കാര്‍ക്ക് അങ്ങട്ട് അടുക്കാന്‍ പറ്റില്ല''.


''എന്തായാലും പൈസവെച്ചു കളിച്ച് പണം കളയിണ പരിപാടി അത്ര നന്നല്ല''.


''തന്നെപ്പോലെ ഉള്ളോര് മരിച്ചുപോവുമ്പൊ സമ്പാദിച്ചുകൂട്ട്യേതൊക്കെ പാര്‍സല്‍ ലോറീല് ബുക്ക് ചെയ്ത് പോണദിക്കിലേക്ക് കൊണ്ടു പോവ്വോ. അതില്ലല്ലോ. പിന്നെ ചീട്ടുകളിടെ കാര്യം. ഒരാള് ഒരുവിധം മര്യാദയ്ക്ക് കളിക്ക്യാണെങ്കില്‍ വലുതായിട്ടൊന്നും കിട്ടൂല്യാ, പോവൂല്യാ. ദിവസൂം കളിച്ചിട്ട് കിട്ടുണതും പോണതും എഴുതിവെച്ചിട്ട് മാസം തികയുമ്പൊ കണക്ക് നോക്ക്യാ അറിയാം, ചീട്ടുകളീല് ലാഭൂം കാണില്ല, നഷ്ടൂംകാണില്ല. മനുഷ്യജീവിതംപോലത്തന്ന്യാ അതും.  നേടലും കളയലുമായി അതങ്ങിട്ട് തീരും''.


''അമ്മിണിയമ്മയ്ക്ക് വല്ലതും തോന്നില്ലേ''.


''തനിക്കറിയാഞ്ഞിട്ടാണ്. അവള് സന്തോഷിക്ക്വേ ഉള്ളു. പാവം. എന്നും എന്‍റെ സന്തോഷാ അവള്‍ക്ക് വലുത്''എന്തോ ആലോചിക്കുന്ന മട്ടില്‍ ഒന്നുനിര്‍ത്തി അയാള്‍ തുടര്‍ന്നു''പണ്ടൊക്കെ ശിവരാത്രിദിവസം രാത്രി ഞാനും കൂട്ടുകാരും പൂമുഖത്ത് ചീട്ടുകളിയുമായി കൂടും. അന്നൊക്കെ അമ്മിണിക്ക് ഉപവാസൂം ഉറക്കൊഴിപ്പും ഉണ്ട്. ശിവപുരാണം വായിച്ച് അവള്‍ അകത്ത് ഇരിക്കും. ഇടയ്ക്കിടയ്ക്ക് ചായ കുട്ടികൊണ്ടുവന്ന് ഞങ്ങള്‍ക്ക് തരുംചെയ്യും''.


''ഭാഗ്യവാന്‍''മേനോന്‍ അറിയാതെ പറഞ്ഞുപോയി.


''ഭാഗ്യം അല്ലാടോ. അങ്ങട്ട് കൊടുക്കുണത് ഇങ്ങട്ട് കിട്ടുണു. അത് താന്‍ മനസ്സിലാക്കിക്കോ''.


''ബാത്ത് റൂമില്‍ പോണം''അകത്തുനിന്ന് അമ്മിണിയമ്മയുടെ ഒച്ച കേട്ടു. ഗോപാലകൃഷ്ണന്‍നായര്‍ കയ്യിലുള്ള ഇഡ്ഡലികഷ്ണം പ്ലേറ്റില്‍തന്നെയിട്ട് അകത്തേക്ക് നടന്നു.


''അമ്മിണി, രാവിലത്തെപോലെ ബാത്ത് റൂമില്‍ചെന്ന് തനിക്ക് വയ്യാതെ വരണ്ടാ. ഞാന്‍ പാത്രംവെച്ചു തരാം''.


''അയ്യേ. എന്‍റെ ഗോപ്യേട്ടനെക്കൊണ്ട് മൂത്രം എടുപ്പിക്ക്വേ. ഞാന്‍ ഇത്തിരി കഷ്ടപ്പെട്ടാലും അത് വേണ്ടാ''.


''അതൊന്നും സാരൂല്യാ. എന്‍റെ അമ്മിണിടെ അല്ലേ''. ആ വാക്കുകള്‍ കെ. എസ്. മേനോനെ ആശ്ചര്യപ്പെടുത്തി.  എല്ലാ ഏടാകൂടത്തിലും തലയിടുന്ന പ്രകൃതക്കാരനാണെങ്കിലും ഗോപാലകൃഷ്ണന്‍നായര്‍ ഭാര്യയെ വല്ലാതെ സ്നേഹിക്കുന്നുണ്ട്. സല്‍സ്വഭാവി എന്ന് എല്ലാവരും പുകഴ്ത്തുന്ന താന്‍ ഒരിക്കലും ഭാര്യയെ ഇത്രഗാഢമായി സ്നേഹിച്ചിരുന്നില്ലെന്ന തിരിച്ചറിവ് അയാളില്‍ നേരിയ കുറ്റബോധം ഉണ്ടാക്കി. ആഹാരം മതിയാക്കി അയാള്‍ എഴുന്നേറ്റു കൈകഴുകി.


അദ്ധ്യായം - 34.


എട്ടുമണി കഴിഞ്ഞ ഉടനെ പാറുവെത്തി. അലക്കി വെളുപ്പിച്ച മുണ്ടും ജാക്കറ്റും കമ്പിക്കരയുള്ള വേഷ്ടിയുമാണ് അവളുടെ വേഷം. നെറ്റിയില്‍ ഭസ്മക്കുറിയിട്ടിട്ടുണ്ട്. ഈറനുണങ്ങാത്ത മുടിയിലെ നനവ് ജാക്കറ്റിന്‍റെ പുറകിലേക്ക് പടര്‍ന്നു കയറിയിരിക്കുന്നു. കയ്യിലെ കാലന്‍കുട അവള്‍ ഉമ്മറത്തെ തിണ്ടില്‍ ചാരിവെച്ചു.


''ഞാന്‍ നിന്നേം കാത്ത് നില്‍ക്ക്വാണ്''ഇന്ദിര അവളോട് പറഞ്ഞു.


''പണ്യോക്കെ മുടിഞ്ഞില്ലേ''പാറു തിരക്കി.


''എപ്പഴോ തീര്‍ന്നു''. ആ പറഞ്ഞത് ശരിയായിരുന്നു. അടിച്ചുതുടക്കലും രാമകൃഷ്ണന്ന് മരുന്നു കൊടുക്കലും കാലത്തേക്കുള്ള പലഹാരം ഉണ്ടാക്കലും ഉച്ചയ്ക്കുള്ള ചോറും കറികളും വെക്കലും പശുവിനും കുട്ടിക്കും വെള്ളവും വൈക്കോലും കൊടുക്കലും ഒക്കെകഴിഞ്ഞിരുന്നു. കന്നിനെ കഴുകുന്നത് മാത്രമേ വൈകുന്നേരത്തേക്ക് മാറ്റിവെച്ചിട്ടുള്ളു. വാര്‍ത്ത കഞ്ഞിയില്‍ കുറെവറ്റിട്ട് ഒരുകുണ്ടന്‍ പിഞ്ഞാണത്തില്‍ വിളമ്പി ഇലചീന്തില്‍ വാഴയ്ക്ക ഉപ്പേരിയുമായി ഇന്ദിര പാറുവിനെ സമീപിച്ചു.


''നീ വേഗം ഇത് കഴിച്ചോ. അപ്പഴയ്ക്കും ഞാന്‍ ഒരുങ്ങിവരാം''. ഇന്ദിര വസ്ത്രം മാറാന്‍ അകത്തേക്ക് പോയി. അമ്മ പാറുവിനോടൊപ്പം എവിടേക്കോ പോവുകയാണെന്ന് മക്കള്‍ക്ക് മനസ്സിലായി. രമ വിവരം അറിയാനുള്ള ആകാംക്ഷയോടെ ഇന്ദിരയുടെ അടുത്തേക്ക് ചെന്നു. വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നു. കുറച്ചുനേരം മടിച്ചുനിന്ന ശേഷം അവള്‍ വാതിലില്‍ മുട്ടി.


''ആരാത്''അകത്തുനിന്ന് ഇന്ദിരയുടെ സ്വരം ഉയര്‍ന്നു.


''ഞാനാമ്മേ. വാതില്‍ തുറക്കൂ''രമ ആവശ്യപ്പെട്ടു. തുറന്നവാതിലിന്ന് അപ്പുറത്ത് നില്‍ക്കുന്ന അമ്മയെ അവള്‍ കണ്ണിമ വെട്ടാതെ നോക്കിനിന്നു. കുറെ കൊല്ലങ്ങള്‍ക്ക് ശേഷമാണ് അമ്മ സാരി ഉടുത്തുകാണുന്നത്. മുണ്ടും ജാക്കറ്റുമാണ് സാധാരണ അമ്മ ഇടാറുള്ളത്. അമ്പലത്തില്‍ ഉത്സവത്തിന്ന് ചെല്ലുമ്പോള്‍ ഒരു വേഷ്ടികൂടി ഉണ്ടാവും. ഒരിക്കലും അതിലപ്പുറം ഒന്നും ഇട്ടുകണ്ടിട്ടില്ല. ഇന്നെന്താവോ അമ്മയ്ക്ക് പറ്റിയത്? അമ്മ ഭംഗിയായി അണിഞ്ഞൊരുങ്ങിയത് മാത്രമല്ല മുഖത്ത് പൌഡറിട്ട് നെറ്റിയില്‍ ചെറിയ വട്ടപ്പൊട്ടും ഇട്ടിട്ടുണ്ട്. മുടി ചീകി പിന്നിയിട്ടിരിക്കുന്നു. ഇപ്പോള്‍ അമ്മ ശരിക്കും ഒരു സുന്ദരിതന്നെ.


''ഏട്ടാ''അവള്‍ ഉറക്കെ വിളിച്ചു. എന്തോ അത്ഭുതം സംഭവിച്ചപോലെ അനൂപ് അമ്മയെ നോക്കി. അവന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. എന്തു ഭംഗിയാണ് അമ്മയ്ക്ക്. പക്ഷെ എന്തു ചെയ്യാം. നന്നായി നടക്കാന്‍ യോഗമില്ലാതെ പോയി.


''എവിടേക്കാ അമ്മ പോണത്''രണ്ടുപേരും മാറിമാറി ചോദിച്ചു.


''അതൊന്നും ഇപ്പൊ നിങ്ങളറിയണ്ട. സമയം വരുമ്പൊ ഞാന്‍തന്നെ അങ്ങട്ട് പറയും''ഇന്ദിര  ഉത്തരം നല്‍കി.


''രാമേട്ടാ, ഞാന്‍ ഇറങ്ങട്ടെ''ഇന്ദിര ഭര്‍ത്താവിനെ കണ്ട് യാത്രപറഞ്ഞു.


''ഇന്നലെ പറഞ്ഞത് എടുത്തിട്ടില്ലേ''അയാള്‍ ചോദിച്ചു.


''ജാതകോല്ലേ. എന്‍റെ കയ്യിലുണ്ട്''.


''കുട്ട്യേ പിടിച്ചാല്‍ ഞാന്‍ പണിക്കരെ കണ്ട് ഈ കല്യാണം നടക്ക്വോന്ന് നോക്കിക്കോട്ടെ''എന്ന് തലേന്ന് ഇന്ദിര രാമകൃഷ്ണനോട് അഭിപ്രായം ചോദിച്ചിരുന്നു.


 ''പറ്റുംച്ചാല്‍ രമടെ കാര്യംകൂടി നോക്കിക്കൂ''എന്ന് അപ്പോള്‍ മറുപടിയും പറഞ്ഞതാണ്. മകളുടെ മംഗല്യത്തെക്കുറിച്ച് അറിയാന്‍ അച്ഛനുള്ള മോഹം ഇന്ദിരയുടെ മനംകുളിര്‍പ്പിച്ചിരുന്നു.


''പണിക്കരുടെ അടുത്തേക്കാച്ചാല്‍ എന്‍റെ ജാതകംകൂടി നോക്കൂ. നല്ല ജോലി വല്ലതും കിട്ട്വോന്ന് അറിയാനാ''അനൂപ് ആവശ്യപ്പെട്ടു. നിന്‍റെ ഭാവി എന്താന്ന് അറിയാനാ ഞാനിപ്പോള്‍ പോണത് എന്ന് മനസ്സില്‍ പറഞ്ഞുവെങ്കിലും''ങും''എന്നൊരു മൂളലില്‍ ഇന്ദിര മറുപടി ഒതുക്കി.


പാറുവിനോടൊപ്പം പടി കടന്നുപോവുന്ന ഭാര്യയെ നോക്കി രാമകൃഷ്ണന്‍ ജനാലയ്ക്കല്‍ നിന്നു. പാവം ഇന്ദിര. എത്ര സൌന്ദര്യം ഉണ്ടായിരുന്നതാണ്. കരിപിടിച്ച നിലവിളക്കുപോലെയായി അവള്‍. എങ്കിലും ഒരു പരിഭവവും പറയാറില്ല.


''നമ്മടെ ശകുനം നന്നായിട്ടുണ്ട്ട്ടോ''വരമ്പത്തേക്ക് കയറിയതും ഇന്ദിര പാറുവിനോട് പറഞ്ഞു. എതിരെ പത്തുപന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന ഒരുപെണ്‍കുട്ടി കയ്യില്‍ പാല്‍പ്പാത്രവുമായി വരുന്നു.


''കമലാക്ഷിടെ പേരക്കുട്ട്യല്ലേ നീയ്യ്. എന്താ വിശേഷം''.


''ഇന്നെന്‍റെ പിറന്നാളാണ്. പായസംവെക്കാന്‍ പാല് വാങ്ങാന്‍ പോയതാ''.


''പായസം കുടിക്കുമ്പോള്‍ എന്നെ ഓര്‍ക്കണം കെട്ടോ''ഇന്ദിര അവളുടെ കവിളില്‍ വാത്സല്യത്തോടെ തടവി.


''പാറ്വോ, നിന്‍റടുത്ത് ഒരുകാര്യം ചോദിച്ചാലോ എന്നുണ്ട്''വാരിയത്തെ പടിക്കലെത്തിയപ്പോള്‍ ഇന്ദിര പാറുവിനോട് പറഞ്ഞു.


''എന്താ തമ്പുരാട്ട്യേ''.


''മറ്റന്നാള്‍ സാവിത്രിക്കുട്ട്യേ ആസ്പത്രീലാക്കും. ബുധനാഴ്ച അവളുടെ ഓപ്പറേഷനാണ്. ആസ്പത്രീല് നാല് ദിവസം നിക്കാന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. അത് കഴിഞ്ഞാലത്തെ കാര്യത്തിനാ നിന്‍റെ സഹായം വേണ്ടത്''.


''ഞാനെന്താ വേണ്ടത്''.


''ആസ്പ്ത്രീന്ന് വന്നാല്‍ കുറച്ച് ദിവസത്തേക്ക് അവളുടെ തുണിയൊക്കെ തിരുമ്പാനുണ്ടാവും. അത് ചെയ്തുകൊടുക്കാന്‍ എനിക്ക് മടീണ്ടായിട്ടല്ല. രാമേട്ടന് കഷായക്കഞ്ഞി കൊടുക്കലും തിരുമ്മലും ഒക്കെയാവുമ്പൊ നടക്ക്വോന്നറിയില്ല. നിനക്ക് കുറച്ചുദിവസത്തേക്ക് ഒന്ന് സഹായിച്ചൂടെ''.


''അതിനെന്താ. ആവുണ ഉപകാരം ചെയ്യാന്‍ എനിക്കൊരു മടീം ഇല്ല''.


''വാരിയത്തമ്മ എന്താ വേണ്ടത്ച്ചാല്‍ തരും''.


''കാശും പണൂം കിട്ടുംന്ന് കരുതീട്ടല്ല. നമ്മള് പെണ്ണുങ്ങള് ഇതിനൊക്കെ സഹായിക്കണ്ടേ. രാവിലെ പണിക്ക് പോണതിന്ന് മുപ്പിട്ടും പണിമാറി വരുമ്പളും ഞാന്‍ പോയി ആവത് ചെയ്തുകൊടുക്കാം''. രണ്ടുബസ്സ് മാറികയറി സ്ഥലത്തെത്തുമ്പോള്‍ സമയം പത്തര. പാറുവിന്‍റെ മരുമകന്‍ ഓട്ടോയുമായി കാത്തുനില്‍പ്പുണ്ട്.


''ഇതാണ് എന്‍റെ മരുമകന്‍. ഇത് അവന്‍റെ സ്വന്തം ഓട്ടോയാണ്''പാറു അഭിമാനത്തോടെ പറഞ്ഞു''നമുക്കവന്‍റെ വീട്ടിലൊന്ന് പൊയ്ക്കൂടേ''.


''അതിനെന്താ''ഒട്ടും മടിക്കാതെ ഇന്ദിര പാറുവിനോടൊപ്പം വണ്ടിയില്‍ കയറി.  മെയിന്‍ റോഡില്‍ നിന്ന് കരിങ്കല്ല് മുഴച്ചു നില്‍ക്കുന്ന കനാല്‍ വരമ്പിലൂടെ നൂറടിയോളംദൂരം ഓടി ഓട്ടോ ചെറിയൊരുവീട്ടിലെത്തി. നാല് ഇരുമ്പു പൈപ്പില്‍ മേല്‍ക്കൂര തീര്‍ത്ത ഷെഡ്ഡിനകത്തേക്ക് വണ്ടി കയറ്റിനിര്‍ത്തി. പാറുവിന്‍റെ പിന്നാലെ ഇന്ദിര ചെന്നു. ഊഷ്മളമായ സ്വീകരണമാണ് ഇന്ദിരയ്ക്ക് ലഭിച്ചത്. പാറുവിന്‍റെ മകളും അവളുടെ ഭര്‍ത്താവിന്‍റെ അച്ഛനും അമ്മയും അവരെ കാത്തിരിക്കുകയായിരുന്നു. അമ്മയ്ക്ക് പിറകിലായി പാറുവിന്‍റെ പേരക്കുട്ടി മറഞ്ഞുനിന്നു.


''ഇവിടെ വാടി. ഇതാരാ വന്നതേന്ന് നോക്ക്''പാറു അവളെ ക്ഷണിച്ചു. കുട്ടി ഒന്നുകൂടി മറഞ്ഞുനിന്നു.


''ഇതൊന്നും കണക്കാക്കണ്ടാ. പത്തുമിനുട്ട് കഴിയട്ടെ. ആട്ടിത്തല്ലിയാല്‍ അവള് അടുത്തിന്ന് പോവില്ല''പാറുവിന്‍റെ മകള്‍ കുഞ്ഞിന്‍റെ സ്വഭാവം വെളിപ്പെടുത്തി.


''ഇങ്ങിട്ട് വരുണ കാര്യം പാറു എന്നോട് മിണ്ട്യേതേ ഇല്ല. അല്ലെങ്കില്‍ ചെറ്യേകുട്ടീള്ള വീട്ടിലേക്ക് കയ്യുംവീശി വര്വോ''.


''അതൊന്നും സാരൂല്യാ തമ്പുരാട്ട്യേ''പാറു ആശ്വസിപ്പിച്ചു.


''അച്ഛനും അമ്മീം  ഇപ്പൊ വന്നതേയുള്ളു. ലക്ഷം വീട് കോളനിടെ അടുത്താ അവരടെ താമസം''. പാറുവിന്‍റെ മരുമകന്‍ അച്ഛനമ്മമാരെ പരിചയപ്പെടുത്തി.


''നമ്മള് കുട്ട്യേ കാണാന്‍ വരുണ വിവരം കൊടുത്തിട്ടുണ്ടോടി''പാറു മകളോട് ചോദിച്ചു.


''ഉവ്വ്''.


''പെണ്‍കുട്ടിടെ വീട്ടിലേക്ക് പോവുമ്പൊ കൂടെ മകളും മരുമകനും അവന്‍റെ അമ്മീം വരും''പാറു പറഞ്ഞു''നല്ലകാര്യത്തിന് പോവുമ്പൊ മൂന്നാളായിട്ട് പോവന്‍ പാടില്ല. പിന്നെ കെട്ട്യോന്‍ ചത്ത ഞാനും വേണ്ടാ''.


'' നീയില്യാണ്ടെ ശര്യാവ്വോ പാറ്വോ''ഇന്ദിരയ്ക്ക് ആശങ്കയായി.


''എന്താ ശരിയാവാണ്ടെ. സമാധാനായിട്ട് പോയിവരിന്‍''.


''തമ്പുരാട്ടിക്ക് കുടിക്കാന്‍ കരിക്കിട്ടുതരട്ടെ. ചായീം കാപ്പീം ഒന്നും പറ്റില്ലല്ലോ''.


''എന്താ പറ്റാണ്ടെ''.


''എന്നാലും ഞങ്ങളടെ അടുത്തിന്ന്''.


''എന്താ, ചായ തൊണ്ടേന്ന് ഇറങ്ങാണ്ടെവര്വോ. എന്നാ അതൊന്ന് കാണണോലോ''ഒന്നുനിര്‍ത്തി ഇന്ദിര തുടര്‍ന്നു''ഭൂമീല് ഉള്ളോനും ഇല്യാത്തോനും എന്ന രണ്ടുവിധം ആള്‍ക്കാരേ ഉള്ളു. അത് എനിക്ക് നല്ലോണം നിശ്ചയൂണ്ട്''. എല്ലാ മുഖങ്ങളിലും സന്തോഷം നിറഞ്ഞു.


''ഇല്ലാത്തോരുക്ക് തമ്മില്‍തമ്മില്‍ ഉള്ളിലൊരു സ്നേഹൂണ്ടാവും''അതു വരെ ഒന്നും പറയതെ നിന്നിരുന്ന മരുമകന്‍റെ അച്ഛന്‍ ഒരുതത്വം പറഞ്ഞു ''വലിയോരക്ക് വെറും കാട്ടിക്കൂട്ടലേ ഉണ്ടാവൂ''.


ചായകുടി കഴിഞ്ഞതും സംഘം പുറപ്പെട്ടു. പേരക്കുട്ടി മകളുടെ ഒക്കത്ത് കയറിക്കൂടി. ഓട്ടോ പോവുന്നതും നോക്കി പാറു പടിക്കല്‍ നിന്നു.


അദ്ധ്യായം - 35.


മൂന്ന് മണിയോടടുത്താണ് ഇന്ദിര തിരിച്ചെത്തിയത്. പാറു വഴിയില്‍വെച്ചേ അവളുടെ വീട്ടിലേക്ക് പോയിരുന്നു. രാമകൃഷ്ണന്‍ ഇന്ദിര വരുന്നതും കാത്ത് ഉറങ്ങാതെയിരിപ്പാണ്.


''കുട്ട്യേളെവിടെ''ഇന്ദിര ചോദിച്ചു.


''രമടെകൂടെ പഠിക്കിണ ഒരുകുട്ടി ഫോണില് വിളിച്ചിരുന്നു. അവളും അച്ഛനുംകൂടി സ്കൂളിന്‍റെ അടുത്ത് അയാളുടെ ബന്ധുവിന്‍റെ വീട്ടില്‍ വന്നിട്ടുണ്ടത്രേ. അനുവിനേയുംകൂട്ടി കൂട്ടുകാരിയെ കണ്ടിട്ട് വരാന്നും പറഞ്ഞ് രമ പോയി''.


''ഇനി അവരേംകൂട്ടി ഇങ്ങിട്ട് വര്വോ''.


''അമ്മ സ്ഥലത്തില്ലാന്ന് പറയാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്''.


''ഒരുകണക്കില് പിള്ളര് ഇവിടെ ഇല്യാത്തത് നന്നായി. മനസ്സ് തുറന്ന് കൂട്ടം കൂടാലോ''ഇന്ദിര രാമകൃഷ്ണന്‍റെ അരികില്‍ ഇരുന്നു.


''പോയ സംഗതി എന്തായി''.


''കുട്ട്യേ ഞാന്‍ കണ്ടു. നല്ല ചന്തക്കാരികുട്ടി. വെളുത്ത് അധികം തടീല്യാത്ത പ്രകൃതം. പനങ്കുലപോലത്തെ ചുരുണ്ടമുടി മുട്ടിനടുത്ത് എത്തും. കണ്ണില്‍ കണ്ട വേഷം കെട്ടലൊന്നൂല്യാ. നമ്മടെ അനു പാട്ട് പാടും എന്നൊക്കെ ആ കുട്ടി അറിഞ്ഞിട്ടുണ്ട്. എന്നോടത് പറഞ്ഞു. ചുറ്റുപാടൊക്കെ നോക്കുമ്പൊ നമുക്ക് അവരടെ ഏഴയലത്ത് ചെല്ലാനുള്ള യോഗ്യതീല്യാ. പാറു പറഞ്ഞ മാതിരി അമ്മടെകാര്യം മാത്രേ മോശംന്ന് പറയാനുള്ളു''.


''എന്താ അവര്‍ക്ക് അത്ര കലശലാ. ചങ്ങലയ്ക്ക് ഇട്വേ, മുറീല് അടച്ചുപൂട്ടി ഇരിക്ക്യേ മറ്റോ ആണോ''.


''ഏയ്. അങ്ങിനെയൊന്നൂല്യാ. ഒറ്റനോട്ടത്തില്‍ ആ സ്ത്രീക്ക് ഒരു കുഴപ്പൂം തോന്നില്ല. കുളിച്ച് നല്ല അലക്കിയ ജാക്കറ്റും മുണ്ടും വേഷ്ടീം ഒക്കെ ഇട്ട് അസ്സലൊരു തറവാട്ടമ്മടെ മട്ടില് ഇരിക്കിണുണ്ട്''.


''പിന്നെന്താ തകരാറ്''.


''എന്നെ കണ്ടപ്പൊ നീലകണ്ഠന്‍ നമ്പൂരിടെ ആത്തേമ്മാരാ അല്ലേ. ഇപ്പൊ ഗുരുവായൂരിന്ന് വര്വാണോ എന്നൊക്കെ ചോദിച്ചു. പിന്നെ ഏതോരു കല്യാണത്തിന്‍റെ വിശേഷങ്ങള് വിളമ്പുണത് കേട്ടു''.


''നമുക്ക് വേണ്ടാന്ന് വെക്കാല്ലേ''.


''സൂക്കട് വരുണത് അപരാധം അല്ലല്ലോ. കുട്ടിടെ അച്ഛനൊക്കെ വളരെ സന്തോഷായിട്ടുണ്ട്. എന്നെ നിര്‍ബന്ധിച്ച് ഊണ് കഴിപ്പിച്ചിട്ടാ അയച്ചത്. എടുക്കാന്നും കൊടുക്കാന്നും ആവാതെ പതിവില്ലാന്ന് അറിയാഞ്ഞിട്ടല്ല. എന്നാലും എനിക്ക് വേണ്ടാന്ന് പറയാന്‍ തോന്നീല്ലാ. വീട്ടിലെ അകത്തെ പണിക്ക് രണ്ട് പണിക്കാരി പെണ്ണുങ്ങള്‍ ഉണ്ട്. അതോണ്ട് വെക്കാനോ വിളമ്പാനോ ഒരുബുദ്ധിമുട്ടും വരില്ല. എല്ലാം ഞാന്‍ സൂത്രത്തില്‍നോക്കി കണ്ട് മനസ്സിലാക്കി. വീട്ടില്‍പോയി രാമേട്ടന്‍റെടുത്ത് ചോദിച്ചിട്ട് വിവരം അറിയിക്കാന്ന് പറഞ്ഞിട്ടാ ഞാന്‍ പോന്നത്''.


''ഇന്ദിര എന്തുതീരുമാനിച്ചാലും ഞാന്‍ എതിര് പറയില്ല. തെറ്റായിട്ട് ഒന്നും ചെയ്യില്യാന്ന് എനിക്കറിയില്ലേ''


''എന്നാലും അതല്ലല്ലോ മര്യാദ. പിന്നെ കുട്ടിടെ അച്ഛനോട് ഞാന്‍ നമ്മടെ അവസ്ഥ പറഞ്ഞു. ഉള്ളത് മൂടിവെച്ചൂന്ന് നാളെ പറയാന്‍ പാടില്ലല്ലോ''.


''എന്നിട്ട് അദ്ദേഹം എന്തു പറഞ്ഞു''.


''സ്വത്തും പണൂം ഒന്ന്വോല്ല കാര്യം. അത് ഇന്ന് വരുണു, നാളെ പോണൂ. വരുണ ആണിന്‍റെ സ്വഭാവം, കുടുംബമഹിമ. ഇതൊക്കേ നോക്കണ്ടൂ. അനൂപിനെക്കുറിച്ച് അന്വേഷിച്ചു. ഇത്ര സ്വഭാവഗുണൂള്ള കുട്ടീല്യാന്നാ അറിഞ്ഞത്. അപ്പുക്കുട്ടിപൊതുവാളിന്‍റെ പേരക്കുട്ടി, തായമ്പകവിദ്വാന്‍ രാമകൃഷ്ണപൊതുവാളിന്‍റെ മകന്‍. ഇത് രണ്ടും മാത്രംമതി. വേറൊന്നും നോക്കാനില്ല എന്നാ അദ്ദേഹം പറഞ്ഞത്''


''അങ്ങിന്യാണെങ്കില്‍ പെണ്‍കുട്ടിടെ ഒരുഫോട്ടോ ചോദിക്കായിരുന്നില്ലേ''.


''രാമേട്ടന്‍റെ സമ്മതം ചോദിക്കാതെ അതൊന്നും വേണ്ടാന്ന് കരുതീട്ടാ. പാറു മകളുടെ അടുത്തേക്ക് പോവുമ്പൊ വാങ്ങീട്ട് വരാന്‍ പറയാം''.


''പണിക്കരെ കണ്ട്വോ''.


''ഉവ്വ്. അവന് രാഹു പോയിട്ട് വ്യാഴം എടുക്ക്വാണത്രേ. അസുരനും ദേവനും ആണ്. കൂട്ടത്തില്‍ എന്തോ ചില ദോഷൂം ഉണ്ട്. അതോണ്ട് സൂക്ഷിച്ചിരിക്കണം. ജന്മനാളില് മൃത്യുഞ്ജയഹോമം നടത്തണം ഒരു കൊല്ലം കഴിഞ്ഞിട്ട് കല്യാണക്കാര്യം ആലോചിച്ചാ മതി എന്നൊക്കെ പറഞ്ഞു''.


''ആയുര്‍ഭാഗത്തിന് കേടുണ്ടോ''.


''എന്തോ ചെറിയ കേടുണ്ടത്രേ. അതിനാ ശിവന് മൃത്യുഞ്ജയ ഹോമം ചെയ്യാന്‍ പറഞ്ഞത്''. 


''മകളടെ കാര്യോ''.


''അവള്‍ക്ക് കേടൊന്നൂല്യാ. സര്‍ക്കാര്‍ ജോലി കിട്ടും, നല്ല നിലയ്ക്ക് കല്യാണം നടക്കും, പുത്രഭാഗ്യൂണ്ട് എന്നൊക്കെ വാഴ്ത്തണത് കേട്ടു''.


''നമ്മടെ കണ്ണടയുണവരെ കുട്ട്യേള്‍ക്ക് ഒന്നുംവരാതെ കാക്കണേ എന്‍റെ തേവരേ എന്നാ പ്രാര്‍ത്ഥന''.


''എനിക്ക് കുറച്ചുകഴിഞ്ഞ് വാരിയത്തൊന്ന് പോണം. സാവിത്രിടെ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ പത്ത് പതിനഞ്ച് ദിവസം പാറു പണിക്ക് ചെന്നോളാന്ന് ഏറ്റിട്ടുണ്ട്. അത് പറയണം''.


''സാവിത്രിക്ക് ലീവ് കിട്ട്യോ''.


''ഉവ്വ്. നാളെമുതല് ലീവാണ്. മറ്റന്നാള്‍ ചൊവ്വാഴ്ച. അന്ന് ആസ്പത്രീല്‍ ചെല്ലണം. പിറ്റേന്ന് ഓപ്പറേഷന്‍ ചെയ്യും. മൂന്ന് നാല് ദിവസംകൊണ്ട് അവള്‍ക്ക് വീട്ടിലിക്ക് വരാറാവും ''.


''ആസ്പത്രീല് നിങ്ങളടെകൂടെ പാറു ഉണ്ടാവ്വോ''.


''അവിടെ ഞാന്‍ മതി. ഓപ്പറേഷന്‍ സമയത്ത് അനു ഉണ്ടാവും. രണ്ടു ദിവസം രമ കഞ്ഞീണ്ടാക്കീ കൊണ്ടുവരട്ടെ. പത്തരയ്ക്കുള്ള ബസ്സില്‍ ഇവിടുന്ന് കേറ്യാമതി. പന്ത്രണ്ടേകാലിന്ന് മടങ്ങിയെത്തുംചെയ്യാം''.


''ക്ലാസ്സില്ലേ അവള്‍ക്ക്''.


''പാഠം ഒന്നും എടുക്കിണില്യാത്രേ. നാളെ ലീവ് പറഞ്ഞിട്ട് വരാന്‍ ഞാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്''.


''അനു ലീവാണോ''.


''അല്ല. വെറുതെ ശമ്പളം കളയണ്ടല്ലോ. ഈ ആഴ്ച ദൂരത്തൊന്നുംപോണ്ടാ. പെണ്ണ് കഞ്ഞികൊണ്ട് വരുമ്പൊ അവളെ ബസ്സ് സ്റ്റാന്‍ഡിന്ന് സ്കൂട്ടറില്‍ കേറ്റി ആസ്പത്രീല് എത്തിക്കണം, അവിടുന്ന് സ്റ്റാന്‍ഡിലും. അനു ദൂരെ പോയാല്‍ അത് പറ്റില്ലല്ലോ''.  


രാമകൃഷ്ണന്‍ ഒന്നും പറഞ്ഞില്ല. കുറച്ചുകാലമായി കാര്യങ്ങളൊന്നും അന്വേഷിക്കാറും അറിയാറും ഇല്ല. പ്രാരബ്ധങ്ങള്‍ക്കിടയില്‍ വിശേഷം പറയാന്‍ ഇന്ദിരയ്ക്ക് നേരം എവിടെ. ഒഴിവോടെ കുറച്ചുനേരം ഇരുന്നു സംസാരിച്ചതോണ്ട് ഇതൊക്കെ അറിഞ്ഞു. അല്‍പ്പനേരംകൂടി ഇരുന്നശേഷം ഇന്ദിര എഴുന്നേറ്റു.


''ഞാന്‍ ഇതൊക്കെ അഴിച്ചുവെക്കട്ടെ. ഉടുത്തത് മാറ്റീട്ട് വാരിയത്ത് പോയി വരാം''.


''ഇതേ വേഷത്തില്‍ ഒന്ന് പോയിട്ട് വരൂ. അവരൊക്കെ കാണട്ടെ''.


''എന്നിട്ട് വേണം എവിടെ പോയിട്ട് വര്വാണ് എന്ന് അവര് ചോദിക്കാന്‍. എന്തെങ്കിലും അവസരം ഉണ്ടാവുമ്പൊ അണിഞ്ഞൊരുങ്ങി ചന്തത്തില് നടക്കാലോ''. അവള്‍ തുണിമാറാനായി തൊട്ടടുത്തമുറിയിലേക്ക് നടന്നു. രാമകൃഷ്ണന്‍ മനോരാജ്യത്തിലേക്കും.


അനൂപിന്‍റെ വിവാഹമാണ് മുന്നില്‍ തെളിയുന്നത്. കല്യാണവേഷത്തില്‍ അവന്‍ തിളങ്ങുന്നുണ്ട്. വീട്ടിലെത്തിയ അതിഥികളെ സ്വീകരിക്കാന്‍ ഇന്ദിര ഓടി നടക്കുകയാണ്. പച്ചപട്ടുസാരിയില്‍ അവള്‍ സുന്ദരിയായിരിക്കുന്നു. പിന്നിയിട്ട അവളുടെ മുടിയില്‍ചൂടിയ മുല്ലപ്പൂവിന്‍റെ മണം അവിടമാകെ പരന്നിരിക്കുന്നു. ഭാര്യയുടെ സൌന്ദര്യത്തില്‍ രാമകൃഷ്ണന്‍ മതിമറന്ന് ഇരിക്കുകയാണ്. അയാളുടെ കണ്ണുകള്‍ സന്തോഷംകൊണ്ട് നിറഞ്ഞു.


''എന്താ കണ്ണില് വെള്ളം വന്നത്. വേഷം മാറ്റണ്ടാ എന്നുപറഞ്ഞത് ഞാന്‍ കേള്‍ക്കാഞ്ഞതിലെ സങ്കടംകൊണ്ടാണോ''അയാളുടെ ചുമലില്‍ അവളുടെ കൈ വിശ്രമിച്ചു.


''ഏയ്. അല്ല. എല്ലാംകൂടീള്ള സന്തോഷം കൊണ്ടാണ്''.


''എന്നാലേ ഇനിമുതല് രാമേട്ടന്ന് സന്തോഷം മാത്രേ ഉണ്ടാവൂ''. അവളുടെ ശരീരത്തിലേക്ക് രാമകൃഷ്ണന്‍ ചാഞ്ഞു.


അദ്ധ്യായം - 36.


രണ്ടുദിവസമായി മഴ നിലച്ച മട്ടാണ്. കെ. എസ്. മേനോന്‍ കാലത്ത് അമ്പലത്തില്‍ചെന്നു തൊഴുതു. അമ്മിണിയമ്മയുടെ പിറന്നാളാണ് ഇന്ന്. പാവം, അനങ്ങാന്‍ വയ്യാതെ കിടപ്പല്ലേ. അവരുടെ പേരില്‍ ധാരയും പുഷ്പാഞ്‌ജലിയും നെയ്‌വിളക്കും കഴിപ്പിച്ചു. ഗോപാലകൃഷ്ണന്‍ നായര്‍ക്ക് ഇതിലൊന്നും വിശ്വാസമില്ലെങ്കിലും ഭാര്യക്ക് ഈശ്വരഭക്തി വേണ്ടുവോളമുണ്ട്.


അമ്പലത്തില്‍നിന്ന് തിരിച്ചുപോരുമ്പോഴേക്കും നേരം വൈകി. പ്രാതല്‍ കൂട്ടുകാരന്‍റെ വീട്ടില്‍ ചെന്നിട്ടാവില്ല. പഴനിചെട്ട്യാരുടെ ചായക്കടയില്‍ നിന്ന് ഭക്ഷണംകഴിച്ച് വീട്ടിലെത്തുമ്പോള്‍ ക്ലോക്ക് പത്തുതവണ മണി മുഴക്കി. മേനോന്‍ വേഗം വസ്ത്രംമാറ്റി. മഞ്ഞമുറിക്കയ്യന്‍ ഷര്‍ട്ടും നരച്ച പാന്‍റും ധരിച്ചു. കണ്ണാടിയില്‍കാണുന്ന രൂപം താന്‍തന്നെയാണോ എന്ന് സംശയംതോന്നി. ഞാറ്റ് കണ്ടത്തില്‍ മുളപൊട്ടി നില്‍ക്കുന്നമാതിരി താടി രോമം മുഖത്ത് നിറഞ്ഞിരിക്കുന്നു. ഷേവ് ചെയ്തിട്ട് ദിവസങ്ങളായി. സമൃദ്ധിയായി വളര്‍ന്നുനില്‍ക്കുന്ന നരച്ചതലമുടി ചെമ്പിച്ചിട്ടുണ്ട്. നാളെ മുടി വെട്ടിച്ചിട്ടേ വേറൊരു കാര്യമുള്ളു.


വീടും പടിയും പൂട്ടി പുറത്തേക്കിറങ്ങി. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിന്‍റെ വലതുവശത്ത് വലിയൊരു കുളമുണ്ട്. തൊട്ടടുത്തുള്ള കരിങ്കല്ലിന്‍റെ ആല്‍ത്തറയില്‍ അധികം വലുപ്പമില്ലാത്ത ആല്‍മരവും . അതിന്‍റെ തണലില്‍ നില്‍ക്കാതെ അയാള്‍ നടന്നു. വൈകുന്നേരമായാല്‍ ഒരുകൂട്ടം വയസ്സന്മാര്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന ഇടമാണത്. ചിലരെ പകല്‍നേരത്തും  കാണാറുണ്ട്. കഴിയുന്നതും ആള്‍ക്കാരില്‍നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്.


''എവിടേക്കാ നിങ്ങള് പോണത്''എതിരെവന്ന ആള്‍ ചോദിക്കുന്നത് കേട്ടു.  കല്യാണമണ്ഡപം പണിയാന്‍ സംഭാവന ചോദിച്ചുവന്നവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ആളാണ്.


''ടൌണുവരെ ഒന്ന് പോണം''.


''അതിന് ഇവിടെ നിന്നാ പോരെ. ബസ്സിവിടെ നിര്‍ത്തിതര്വോലോ''.


''പത്തടി നടന്നാല്‍ സ്കൂള്‍പടി ആയില്ലേ. അവിടുന്ന് ബസ് ചാര്‍ജ്ജില് ഒരു ഉറുപ്പികടെ കുറവുണ്ട്. എന്‍റെ കയ്യില്‍ അത്രേ ഉള്ളൂ''.


''കാശില്ലെങ്കില്‍ ഞാന്‍ തരാം''.


''വേണ്ടാ, ഇന്നുവരെ ആരടെ മുമ്പിലും കയ്യ് നീട്ടീട്ടില്ല. അത് കൂടാതെ കഴിക്കണംന്നാ മോഹം''.


''പോയിട്ട് പ്രത്യേകിച്ച് എന്തെങ്കിലും''.


''ഗോപാലകൃഷ്ണന്‍നായരെ കാണണം. ലേശം കാശ് വാങ്ങണം''.


''അതെന്താ കടോല്ലേ''.


''അല്ല. നല്ലകാലത്ത് അന്യനാട്ടില്‍ ചെന്ന് കഷ്ടപ്പെട്ട് ഒരുപാട് സമ്പാദിച്ചു. വയസ്സായപ്പോള്‍ നാട്ടില്‍ കൂടാന്ന് കരുതി. അതറിഞ്ഞതോടെ കുടുംബം എന്നെ കൈവിട്ടു. ഇവിടെ വന്നപ്പോഴോ? നല്ലകാലത്ത് ഓരോന്നു പറഞ്ഞ് ഉള്ളതെല്ലാം കൊത്തിപ്പറിച്ച ബന്ധുക്കള്‍ക്ക്എന്നെ വേണ്ടാ. നുള്ളിപറിച്ച് ഉള്ള കാശൊക്കെകൂടി ഗോപാലകൃഷ്ണന്‍നായരെ ഏല്‍പ്പിച്ചു. ഇപ്പോള്‍ പണത്തിന് ആവശ്യം വരുമ്പൊ ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്ത് ചെല്ലും. അങ്ങോട്ടും ഇങ്ങോട്ടും കണക്കൊന്നും പറയാറില്ല. പലിശ വകയ്ക്ക് കൂട്ടിക്കോളിന്‍ എന്നുപറഞ്ഞ് ചോദിച്ച പണം തരും''.


''അങ്ങിനെ ഒരാള് ഉള്ളത് നിങ്ങടെ ഭാഗ്യം. വാസ്തവംപറയാലോ, നിങ്ങള് വല്യേകോടീശ്വരാണെന്നാ ജനസംസാരം. നിങ്ങടെ പെങ്ങ്മ്മാര് അങ്ങിന്യാ നാട്ടില് പറഞ്ഞുണ്ടാക്ക്യേത് ''.


''ആര്‍ക്കും എന്തും പറയാലോ. സത്യം നമുക്കല്ലേ അറിയൂ''.


''എന്നാല്‍ ചെല്ലിന്‍''അയാള്‍ക്ക് മതിയായി എന്ന് തോന്നുന്നു. രണ്ടുപേരും രണ്ടുവശത്തേക്ക് നീങ്ങി. ഗോപാലകൃഷ്ണന്‍നായര്‍ പറഞ്ഞത് എത്ര ശരി. ആളുകള്‍ക്ക് പണംനോട്ടം മാത്രമേ ഉള്ളു, മുഖംനോട്ടം ഇല്ല എന്ന്. കയ്യില്‍ കാശുണ്ട് എന്നറിഞ്ഞാല്‍ പിന്നാലെകൂടാന്‍ നൂറാളുണ്ടാവും. ഒന്നൂല്യാന്ന് വരുത്തി തീര്‍ത്തത് നന്നായി. ആരും ബുദ്ധിമുട്ടിക്കാന്‍ വരില്ലല്ലോ.


സ്റ്റോപ്പിലെത്തിയതും ബസ്സെത്തി. ഭാഗ്യത്തിന് വലിയ തിരക്കില്ല. കെ. എസ്. മേനോന്‍ അതില്‍ കയറി.


()()()()()()()()()()()


ടൌണ്‍ബസ്സ് സ്റ്റാന്‍ഡില്‍ രമ ബസ്സ് ഇറങ്ങിയതും അനൂപ് അടുത്തെത്തി. കഞ്ഞിപ്പാത്രംവെച്ച ബിഗ്ഷോപ്പര്‍ അവന്‍ ഏറ്റുവാങ്ങി.


''വാ. നമുക്ക് പോവാം''അവന്‍ പറഞ്ഞു. 


ടെലഫോണ്‍ എക്സ്ചെയിഞ്ചിന്‍റെ സൈഡിലുള്ള വഴിയിലൂടെ സ്കൂട്ടര്‍ നീങ്ങി. ഏതാനും വാര അകലത്തിലാണ് റോബിന്‍സണ്‍ റോഡ്. അത് ചെന്നെത്തുന്നത് ആസ്പത്രിയിലാണ്. പിന്നില്‍നിന്ന് ഒരു ഓട്ടോറിക്ഷ ഹോണടിച്ച് മുന്നില്‍കേറി. എന്തൊരു ഓട്ടമാണ് ഇവരുടേത്. കാലൊന്ന് അകത്തിവെച്ചാല്‍ മതി, അതിനിടയിലൂടെ അവര്‍ വണ്ടികടത്തും. വളവ് തിരിഞ്ഞതും ഓരത്തുകൂടി നടന്നു പോകുന്ന വയസ്സനെ ഓട്ടോ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോവുന്നതു കണ്ടു. അനൂപ് സ്കൂട്ടര്‍ നിര്‍ത്തി അയാളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.


''എന്തെങ്കിലും പറ്റ്യോ''അവന്‍ ചോദിച്ചു.


''വയ്യാന്ന് തോന്നുണു''വൃദ്ധന്‍ പറഞ്ഞു. അവന്‍ അയാളെ ശ്രദ്ധിച്ചു. വലതുകൈ മുട്ടിന്നുതാഴെ തൊലിപോയി ചോര പൊടിഞ്ഞിട്ടുണ്ട്. കീഴ്ത്താടിയിലെ മുറിവിലൂടെ രക്തം ഒഴുകുന്നു. വലുതായി ഒന്നും പറ്റിയില്ലെങ്കിലും ആള്‍ വല്ലാതെവിറയ്ക്കുന്നുണ്ട്. ഭയന്നിട്ടായിരിക്കും. അനൂപിന്ന് എന്താ വേണ്ടത് എന്ന് ഒരു എത്തുംപിടിയും കിട്ടിയില്ല. സഹായിക്കാന്‍ ആരെയെങ്കിലും കിട്ടുമെന്ന് തോന്നുന്നില്ല. ഇതിലൂടെ വാഹനങ്ങള്‍ വരുന്നതേ അപൂര്‍വ്വം. നാലഞ്ച് കാല്‍നടക്കാര്‍ പിറകെ വന്നുവെങ്കിലും രംഗം ഒന്നുനോക്കി മിണ്ടാതെ അവര്‍ അവരുടെ വഴിക്ക് പോയി. അനൂപ് പ്രദീപിനെ വിളിച്ച് വിവരംപറഞ്ഞു.


''നമുക്ക് ആസ്പത്രീലിക്ക് പോവാം''അവന്‍ വൃദ്ധനോടു പറഞ്ഞു.


''അതിനുമുമ്പ് എന്‍റെ കൂട്ടുകാരനെ ഒന്നുവിളിച്ച് വിവരം അറിയിക്കണം''. അയാള്‍ പോക്കറ്റില്‍ കയ്യിട്ട് എന്തോ തപ്പുന്നതുകണ്ടു. അതിനകത്ത് ഒന്നും കാണാത്തതിനാലാവാം പരിസരത്തൊക്കെ പരതാന്‍ തുടങ്ങി.


''എന്താ നോക്കുണത്'' അവന്‍ ചോദിച്ചു.


''എന്‍റെ മൊബൈലും കണ്ണടയും കാണാനില്ല. ഞാന്‍ രണ്ടും പോക്കറ്റില്‍ സൂക്ഷിച്ചുവെച്ചതാണ്''. അനൂപും രമയും അവിടെയൊക്കെ പരതി. കണ്ണട അടുത്തുതന്നെ മണ്ണില്‍ കിടപ്പുണ്ട്. അതിന് കേടൊന്നും പറ്റിയിട്ടില്ല. മൊബൈല്‍ തെറിച്ച് റോഡില്‍ വീണുകിടപ്പാണ്. അനൂപ് അതെടുത്തു. നോക്കുമ്പോള്‍ അതു പൊട്ടിതകര്‍ന്നിരിക്കുന്നു. ഓട്ടോ അതിന്‍റെ മുകളില്‍ കയറിയിട്ടുണ്ടാവും.


''ഇത് കേടു വന്നല്ലോ''അനൂപ് പറഞ്ഞു''നമ്പറ് പറഞ്ഞോളൂ. എന്‍റെ മൊബൈലില്‍നിന്ന് വിളിച്ചുതരാം''.


''എനിക്ക് നമ്പര്‍ ഓര്‍മ്മ വരിണില്യ. കുട്ടി ഒരു ഉപകാരം ചെയ്യോ. ഗോപാലകൃഷ്ണന്‍നായര്‍ എന്നാ എന്‍റെ കൂട്ടുകാരന്‍റെ പേര്. മുമ്പ്  ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലീള്ള ആളാണ്. അയാളുടെ വീട്ടില്‍       ചെന്ന് കെ.എസ്.മേനോന്‍ ഓട്ടോതട്ടി വീണുകിടക്കിണൂന്ന് പറയ്യോ''. മേനോന്‍ സുഹൃത്തിന്‍റെ വീട്ടിലേക്കുള്ളവഴി പറഞ്ഞുകൊടുത്തു.


''എന്‍റെ കൂട്ടുകാര് ഇപ്പൊ എത്തും. അങ്കിളിനെ ആസ്പത്രീല് എത്തിച്ചിട്ട് ഞാന്‍ പോയിപറയാം''. നിമിഷങ്ങള്‍ക്കകം പ്രദീപും ശെല്‍വനും റഷീദും എത്തി. ഒരു ഓട്ടോവിളിച്ച് മേനോനെ കയറ്റി അവര്‍ ആസ്പത്രിയിലേക്ക് വിട്ടു, അനൂപും രമയും ഗോപാലകൃഷ്ണന്‍നായരുടെ വീട്ടിലേക്കും.


 അദ്ധ്യായം - 37.


സാവിത്രിയും ഇന്ദിരയും കയറിയ ടാക്സി ആസ്പത്രിഗെയിറ്റ് കടന്നു പോകുന്നതുംനോക്കി അനൂപ് നിന്നു. പത്തരമണിക്ക് ഡോക്ടര്‍ വന്നു  മേമയെ പരിശോധിച്ചതുമുതല്‍ ഓരോരുത്തരുടെ പുറകെ നടന്നിട്ടാണ് ഇപ്പോഴെങ്കിലും അവര്‍ക്ക് ഡിസ്ചാര്‍ജ്ജ് ചെയ്ത് പോവാന്‍ പറ്റിയത്. സമയം രണ്ടുമണി കഴിഞ്ഞിരിക്കുന്നു. അവരുടെ കാറിന്‍റെ പുറകെ തനിക്കും പോവാമായിരുന്നു.


 ''നീ പണികളഞ്ഞ് ഇപ്പൊ ഞങ്ങളടെ കൂടെ വര്വോന്നും വേണ്ടാ'' എന്ന് അമ്മ പറഞ്ഞതുകൊണ്ട് പോവാതിരുന്നതാണ്. സ്കൂട്ടറിനടുത്തേക്ക് ചെല്ലുമ്പോള്‍ ഇനിയിപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നവന്‍ ചിന്തിച്ചു. ഒരാഴ്ചയായി ടൌണില്‍ത്തന്നെ പണിചെയ്യാന്‍ തുടങ്ങിയിട്ട്. അമ്മ പറഞ്ഞതിനാല്‍ എക്സ് സ്റ്റേഷന്‍വര്‍ക്കിന്ന് പോയില്ല. ടൌണിലെ മിക്ക ഡോക്ടര്‍മാരേയും ഒന്നുംരണ്ടുംതവണ കണ്ടുകഴിഞ്ഞു. ഇനി കാണാന്‍ ചെല്ലുന്നത് മോശമാണ്. അല്ലെങ്കില്‍തന്നെ കമ്പിനി മാറുകയാണ്. ഓടിനടന്ന് പണിയെടുക്കേണ്ട ഒരു കാര്യവുമില്ല.


''ഉണ്ണുന്ന ചോറിന്ന് നന്ദി വേണം. പിരിയിണതുവരെ മര്യാദയ്ക്ക് ഉള്ള പണിചെയ്തോ''എന്ന് അമ്മ പറഞ്ഞതുകൊണ്ടുമാത്രം ചെയ്യുകയാണ്. ഇല്ലെങ്കില്‍ റിസൈന്‍ ചെയ്യുന്നവരെ ഉഴപ്പി നടന്നേനെ. കര്‍ക്കിടകമാസം തുടങ്ങുമ്പോഴേക്ക് ഒരുസ്ഥലത്തിന്‍റെ കച്ചവടം ശരിപ്പെടുത്താനുണ്ട് എന്നു പറഞ്ഞ് രണ്ടുദിവസമായി പ്രദീപ് വരാറില്ല. അവനില്ലാത്തതിനാല്‍ മറ്റു കൂട്ടുകാരും എത്താതായി. അതുകാരണം വര്‍ത്തമാനം പറഞ്ഞിരുന്ന് സമയം കളയാനും കഴിയില്ല. എന്തെങ്കിലും ആഹാരം കഴിച്ചശേഷം എന്തു വേണമെന്ന് തീരുമാനിക്കാം. അവന്‍ സ്കൂട്ടര്‍ ഹോട്ടലിലേക്ക് വിട്ടു.


ആസ്പത്രിയില്‍നിന്ന് അകലെയല്ലാതെ പോസ്റ്റ് ഓഫീസിനോട് ചേര്‍ന്ന് ഒരു ചെറിയ ഹോട്ടലുണ്ട്. സസ്യഭക്ഷണം മാത്രമേ അവിടെയുള്ളു. അതിനാല്‍ മിക്കപ്പോഴും അനൂപ് അവിടേക്കാണ് ചെല്ലാറ്. 


കൈകഴുകി ഉണ്ണാനിരുന്നു. എതിര്‍വശത്തെ ബെഞ്ചില്‍ ഇരിക്കുന്ന ആള്‍ക്ക് ഒരു സ്ത്രി ഭക്ഷണം വാരികൊടുക്കുക്കുകയാണ്. ആ കാഴ്ച അനൂപിന്‍റെ ഉള്ളില്‍ വല്ലാത്ത വിഷമം സൃഷ്ടിച്ചു.


അവനവന്‍റെ കാര്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത ജീവിതം അസഹ്യം തന്നെ. ലോകത്തില്‍ ആര്‍ക്കും അങ്ങിനത്തെ വിഷമം വന്നുകൂടാ. അച്ഛനും കുറച്ചുകാലം ഈ വിധം കഷ്ടപ്പാട് സഹിച്ചതാണ്. ഒരു കൊല്ലത്തോളം അമ്മയാണ് അച്ഛന്ന് ആഹാരം വാരികൊടുത്തുകൊണ്ടിരുന്നത്. ഇപ്പോള്‍ ഈശ്വരാനുഗ്രഹത്താല്‍ അച്ഛന്ന് സ്വന്തംകാര്യം കുറച്ചൊക്കെ ചെയ്യാറായി. മാപ്ലവൈദ്യരുടെ മരുന്നിന്‍റെ ഗുണമാണ് അത്.


പെട്ടെന്ന് അനൂപിന്‍റെ മനസ്സില്‍ അമ്മിണിയമ്മയുടെ രൂപം ഓടിയെത്തി. ഒരുപ്രാവശ്യം മാത്രമേ അവരെ കണ്ടിട്ടുള്ളു. പക്ഷെ എന്തുകൊണ്ടോ അവരോട് വല്ലാത്തൊരു മമതതോന്നുന്നു. ആ ആന്‍റിയും അങ്കിളും എത്ര നല്ല ആള്‍ക്കാരാണ്. ഓട്ടോറിക്ഷ ഇടിച്ചുവീണ സുഹൃത്തിന്‍റെ വിവരം പറയാന്‍ അവിടെ ചെന്നതാണ്. ഒപ്പം രമ ഉണ്ടായിരുന്നു. കൂട്ടുകാരന്‍റെ അപകടവാര്‍ത്തകേട്ട് ആ അങ്കിള്‍ പരിഭ്രമിച്ചു.


''അധികം വല്ലതൂണ്ടോ''പതറിയ സ്വരമാണ് കേട്ടത്.


''നെറ്റീല് ഒരു മുറീണ്ട്. കയ്യിലെ തൊലിപോയിട്ട് ചോര വന്നു''.


''എനിക്ക് കാണണംന്നുണ്ട്''.


''വന്നോളു. ഞങ്ങളും ആസ്പത്രീലിക്കാണ്''.


''വരായിരുന്നു. എന്‍റെ ഭാര്യ അനങ്ങാന്‍ വയ്യാതെ കിടപ്പിലാണ്'' അദ്ദേഹം പറഞ്ഞു''ഇവിടെ എപ്പഴും എന്‍റെ കൂട്ടുകാര് ആരെങ്കിലും ഉണ്ടാവും. ഇന്ന് അവളടെ പിറന്നാളാണ്. കിടപ്പിലായതോണ്ട് ഒന്നും നടത്തണ്ടാന്ന് അവള് പറഞ്ഞതോണ്ട് അവരോടൊക്കെ വൈകുന്നേരം വന്നാ മതീന്ന് പറഞ്ഞു. അതാ ആരും ഇല്ലാത്തത്''.


''എന്നാ ഞങ്ങള് പൊയ്ക്കോട്ടെ''.


''കുറച്ചുനേരം ഈ കുട്ട്യേ ഇവിടെ നിര്‍ത്ത്വോ. ഞാന്‍ ആസ്പത്രീല്‍ ചെന്ന് ഒന്നുനോക്കി ഉടനെ മടങ്ങിവരാം''. അങ്ങിനെ രമയെ അവര്‍ക്ക് തുണയ്ക്ക് നിര്‍ത്തി. അന്നതിന്ന് അമ്മ ദേഷ്യപ്പെട്ടതിന്ന് കണക്കില്ല.


''എടാ വങ്കാ ശിരോമണി. ഒന്നിനോളം പോന്ന പെണ്‍കുട്ട്യേ കണ്ടവീട്ടില്‍ നിര്‍ത്തിപോരാന്‍ നിനക്കെന്താ പ്രാന്തുണ്ടോ''എന്ന് ചോദിച്ചത് ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. മേമ ഇടപെട്ടതോണ്ട് മാത്രമാണ് അമ്മ ശകാരം നിര്‍ത്തിയത്.


രമയെ തിരിച്ചു കൂട്ടീട്ട് വരാന്‍ പോയപ്പോള്‍ അങ്കിള്‍ അകത്തേക്ക് ക്ഷണിച്ചു. കട്ടിലിന്‍റെ തലഭാഗത്ത് തലയണനിവര്‍ത്തിവെച്ച് അമ്മൂമ അതില്‍ ചാരിയിരിക്കുകയാണ്. രമയുടെ കയ്യില്‍ അവര്‍ മുറുകെ പിടിച്ചിട്ടുണ്ട്.


''കുട്ടന്‍ പാട്ടുകാരനാണല്ലേ. പെങ്ങള് പറഞ്ഞു. ഒരുദിവസം വന്ന് അമ്മമ്മയ്ക്ക് കുറെപാട്ട് കേള്‍പ്പിച്ചു തരണം''സ്നേഹം തുളുമ്പുന്ന വാക്കുകളായിരുന്നു അവ. അന്ന് വരാമെന്ന് പറഞ്ഞ് പോന്നതാണ്.  പക്ഷെ ഇന്നുവരെ പോവാന്‍ കഴിഞ്ഞില്ല. ആ അമ്മമ്മടെ അസുഖം മാറിയാല്‍ എത്ര നന്നായിരുന്നു. മാപ്ലവൈദ്യര്‍ക്ക് കാണിച്ചാല്‍ ഒരുപക്ഷെ സൂക്കട് മാറികൂടായ്കയില്ല. ഏതായാലും ഊണ് കഴിഞ്ഞശേഷം അവരെ ചെന്നുകണ്ട് വിവരം പറയണം.


വീടിന്‍റെ മുറ്റത്ത് സ്കൂട്ടര്‍ നിര്‍ത്തി ചെല്ലുമ്പോള്‍ ഉമ്മറത്ത് നിറയെ ചെരുപ്പുകളാണ്. എന്താണ് ഇത്രതോനെ ആളുകള്‍ വരാന്‍ കാരണം. ഈശ്വരാ, അമ്മൂമയ്ക്ക് എന്തെങ്കിലും പറ്റ്യോ? സ്കൂട്ടറിന്‍റെ ശബ്ദംകേട്ട് വാതില്‍ക്കല്‍ വന്നത് അങ്കിള്‍ തന്നെയാണ്.


''വാടോ'' അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു''മോന്‍ പിന്നെ വന്നതേ ഇല്ലാ എന്ന് അമ്മിണിയ്ക്ക് ഒരേ ആവലാതി. ഇനിയത് പറയില്ലല്ലോ''.


''തിരക്കായിരുന്നു. അതാ വരാഞ്ഞത്''.


''അത് അവള്‍ക്ക് അറിയണ്ടേ''.


''ആരാ ഈ കുട്ടി''പൂമുഖത്തെ സദസ്സിലുള്ള ഒരാള്‍ ചോദിക്കുന്നത് കേട്ടു .


''സുകുമാരനെ ഓട്ടോ ഇടിച്ചവിവരം പറയാന്‍ വന്ന കുട്ട്യാണ്. ഇയാളും കൂട്ടുകാരും കൂട്യാണ് അന്നയാള്‍ക്ക് വേണ്ടതൊക്കെ ചെയ്തത്''.


''ഈ കാലത്തും ഇമ്മാതിരി കുട്ട്യേളുണ്ടോ''.


''എല്ലാകാലത്തും നല്ലതും ചീത്തീം ഉണ്ടാവും. ചെലപ്പൊ ഏറ്റക്കുറച്ചില്‍ കാണും. അത്രേള്ളു''.


''ആ അങ്കിളിന്ന് എങ്ങിനീണ്ട്''അനൂപ് അന്വേഷിച്ചു.


''കുഴപ്പോന്നൂല്യാ. അകത്ത് കിടന്നുറങ്ങുണുണ്ട്''.


''എനിക്ക് അമ്മമ്മേ ഒന്ന് കാണണംന്നുണ്ട്''അനൂപ് പറഞ്ഞു.


''അതിനെന്താ. കുട്ടി വരൂ''ഗോപാലകൃഷ്ണന്‍നായര്‍ അവനേയുംകൂട്ടി മുറിയിലേക്ക് ചെന്നു.


''അമ്മിണി, താന്‍ അന്വേഷിച്ച ആള് വന്നിട്ടുണ്ട്''അയാള്‍ പറഞ്ഞു. അമ്മിണിയമ്മ കണ്ണുതുറന്ന് അനൂപിനെനോക്കി. അവന്‍ കൈകുപ്പി. ഗോപാലകൃഷ്ണന്‍നായര്‍ സുഹൃത്തുക്കളുടെ അടുത്തേക്ക് മടങ്ങി.


''മോന്‍ അമ്മമ്മടെ അടുത്തിരിയ്ക്ക്''അവര്‍ ക്ഷണിച്ചു''രണ്ടുദിവസം കാണാഞ്ഞപ്പൊ ഇനി വരില്ലാന്ന് കരുതി''.


''അമ്മ ആസ്പത്രീലായിരുന്നു. അച്ഛന് സുഖമില്ലാത്തതോണ്ട് ഉച്ചയ്ക്ക് ഞാന്‍ പെങ്ങളടെകൂടെ വീട്ടിലിക്ക് പോവും. അതാ വരാന്‍പറ്റാഞ്ഞത്''. അവന്‍ കട്ടിലിന്‍റെ ഒരോരത്ത് ഇരുന്നു.


''എന്താ അച്ഛന്. പെങ്ങള് ഒന്നും പറഞ്ഞില്ലല്ലോ''. രാമകൃഷ്ണന്‍റെ അസുഖത്തെക്കുറിച്ചും മാപ്ലവൈദ്യരുടെ ചികിത്സയില്‍ ഭേദം കണ്ടതിനെക്കുറിച്ചും അവന്‍ വിസ്തരിച്ചു പറഞ്ഞു.


''അമ്മമ്മയ്ക്ക് ആ വൈദ്യരെക്കൊണ്ട് ചികിത്സിപ്പിച്ചാലോ''അവന്‍ അന്വേഷിച്ചു.


''ഭേദം കിട്ടുംച്ചാല്‍ പരീക്ഷിക്കാലോ''.


''എന്നാ ഞാന്‍ സൌകര്യംപോലെ ഒരുദിവസം കൂട്ടീട്ട് വരാം''.


''എന്‍റെ മോന്‍ നന്നായിവരും''അവര്‍ അവന്‍റെ കരം കവര്‍ന്നു''ഇനി കുട്ടന്‍ ഒരു പാട്ട് പാട്. അമ്മമ്മ കേക്കട്ടെ''.


''ഏതു പാട്ടാ അമ്മമ്മയ്ക്ക് വേണ്ടത്''.


''ആദ്യം ഒരുകീര്‍ത്തനം. കൃഷ്ണന്‍റെ ആയിക്കോട്ടേ''.


''മരതക മണിമയ ചേലാ''അനൂപ് സ്വയംമറന്ന് പാടി. പാട്ട് കഴിയുമ്പോള്‍ മുറി ആളുകളെക്കൊണ്ട് നിറഞ്ഞു.


''സന്തോഷായീട്ടോ''അമ്മിണിയമ്മ ചിരിച്ചു''ഇനിയൊരു പഴേ ഹിന്ദിപ്പാട്ട് ആവട്ടെ. അങ്കിളിന്ന് അതാ ഇഷ്ടം''.


''ചോദ് വിന്‍ കാ ചാന്ദ് ഹോ''അനൂപ് പാടിതുടങ്ങി. മുഹമ്മദ് റാഫിയുടെ സ്വരമാധുര്യം അവിടമാകെ നിറഞ്ഞൊഴുകി. മറ്റുള്ളവര്‍ അതില്‍ ലയിച്ചു നിന്നു. പാട്ട് കഴിഞ്ഞിട്ടും ശ്രോതാക്കള്‍ അതിന്‍റെ നിര്‍വൃതിയാലായിരുന്നു.


''ഇത്ര്യോക്കെ കഴിവുണ്ടായിട്ട് അതെന്താ അനൂപേ ഉപയോഗിക്കാത്തത്'' ഗോപാലകൃഷ്ണന്‍നായര്‍ അത്ഭുതം പ്രകടിപ്പിച്ചു''താന്‍ ഒരു മെഡിക്കല്‍ റെപ്രസന്‍റേറ്റീവ് ആയി അലയണ്ട ആളല്ല''.


''അമ്മയ്ക്ക് ഞാന്‍ പാട്ടുകാരനാവുണത് ഇഷ്ടൂല്യാ''അനൂപ് പറഞ്ഞു ''പാട്ടുംകൊണ്ട് നടന്നാല്‍ കഞ്ഞികുടി ഉണ്ടാവില്ല എന്നാ അമ്മ പറയാറ്''.


''അങ്ങിനെ കരുതണ്ടാ. കഴിവുണ്ടെങ്കില്‍ നല്ല നെലേലെത്താം. എന്തെങ്കിലും ചെയ്യാന്‍ പറ്റ്വോന്ന് ഞാനൊന്ന് നോക്കാട്ടെ''.


''ഈ കുട്ടി ഒരു വൈദ്യരടെ കാര്യം പറഞ്ഞു''അമ്മിണിയമ്മ ഭര്‍ത്താവിനോട് പറഞ്ഞു''അവന്‍റെ അച്ഛന്ന് എന്‍റെ അതേ സൂക്കട് ആയിരുന്നുത്രേ. ആ വൈദ്യര് ചികിത്സിച്ചിട്ട് മാറീന്ന് പറഞ്ഞു''.


''അങ്ങിന്യാണെങ്കില്‍ നമുക്കും നോക്കാലോ''. അനൂപ് അച്ഛന്‍റെ അസുഖത്തെക്കുറിച്ചും മാപ്ലവൈദ്യരുടെ ചികിത്സയെക്കുറിച്ചും വിവരിച്ചു.


''വൈദ്യരോട് അമ്മിണിടെ വിവരം പറയൂ. അദ്ദേഹത്തിന് വരാന്‍ വയ്യെങ്കില്‍ നമുക്ക് അങ്ങട്ട് പോവാം''ഗോപാലകൃഷ്ണന്‍ നായര്‍    അനൂപിനെ ചുമതലപ്പെടുത്തി.


''ഞാന്‍ അന്വേഷിച്ച് വിവരം പറയാം''അവന്‍ പോവാനൊരുങ്ങി.


''കുട്ടന്‍ ചായകുടിച്ചിട്ട് പോയാ മതി''അമ്മിണിയമ്മയ്ക്ക് അവനെ സല്‍ക്കരിക്കാതെ വയ്യ.


''വേണ്ടാ അമ്മമ്മേ. ഇപ്പൊ ഊണ്ണ് കഴിച്ചതേയുള്ളു. ഇനി ഒരുദിവസം ആവാം''.


''ഏത് കമ്പിനീലാ അനൂപ് ജോലി ചെയ്യുണത്''ഗോപാലകൃഷ്ണന്‍നായര്‍ ചോദിച്ചു. അനൂപ് നിലവില്‍ ജോലിചെയ്യുന്ന മരുന്നുകമ്പിനിയുടെ പേര് പറഞ്ഞു.


''ഞാന്‍ കമ്പിനി മാറാന്‍ പോവ്വാണ്. വേറൊന്ന് ശര്യായിട്ടുണ്ട്. കുറച്ചു കൂടി ശമ്പളം കിട്ടും. പത്തുദിവസം കഴിഞ്ഞാല്‍  രണ്ടാഴ്ചത്തെ ട്രെയിനിങ്ങിന്ന് എനിക്ക് പോണം''.


''എവിടെ വെച്ചാ ട്രെയിനിങ്ങ്''.


''ലോണാവാലയില്‍. പൂനടെ അടുത്താണ്''. പൂമുഖത്ത് കെ. എസ്. മേനോന്‍ അവനെ കാത്തിരിപ്പാണ്. നെറ്റിയില്‍ മരുന്നുവെച്ച് കെട്ടിയിരിക്കുന്നുണ്ട്. അനൂപ് അയാളുടെ അടുത്തേക്ക് ചെന്നു.


''അങ്കിള്‍ ഇപ്പൊ എങ്ങിനീണ്ട്''അവന്‍ ചോദിച്ചു.


''സാരൂല്യാ. ഇത്തിരീശ്ശെ പനിതോന്നുണുണ്ട്' ഒന്ന് നിര്‍ത്തിയശേഷം അയാള്‍ തുടര്‍ന്നു''പാട്ടു കേട്ടു. നന്നായിട്ടുണ്ട്''. 


 ''ഞാന്‍ പോണൂ അങ്കിള്‍''അനൂപ് പുറപ്പെട്ടു. ശബ്ദമുണ്ടാക്കിക്കൊണ്ട് സ്കൂട്ടര്‍ ഓടിപ്പോയി.


''നല്ല പയ്യന്‍ അല്ലേ അമ്മിണി. ബുദ്ധിമുട്ടുള്ള കുടുംബത്തിലെ കുട്ട്യാണെന്ന് തോന്നുണു''.


''അതിനെന്താ സംശയം. ആ പെണ്‍കുട്ട്യേ കണ്ടപ്പഴേ എനിക്ക് തോന്നി'' അമ്മിണിയമ്മ ശരിവെച്ചു''കാതിലെ ചെറ്യേ കമ്മലല്ലാതെ ഒരുപൊട്ട് പൊന്ന് ആ കുട്ടിടെ മേത്ത് കണ്ടില്ല''.


''എപ്പോഴും ഒരുപോലെ ഇരിക്കില്ലല്ലോ. വലിയവന്‍ ചെറുതാവാനും ചെറിയവന്‍ വലുതാവാനും അധിക സമയോന്നും വേണ്ട'' നായര്‍ ഒരു തത്വം പറഞ്ഞു''ഏതെങ്കിലുംകാലത്ത് അവനും നന്നാവും. അവനതിന്ന് വേണ്ട കഴിവുണ്ട്''.


''നമ്മടെ മൂത്തമകളുണ്ടെങ്കില്‍ ഇതുപോലെ ഒരു പേരക്കുട്ടി നമുക്കും ഉണ്ടാവണ്ടതാണ്''അമ്മിണിയമ്മ മുഖംതുടച്ചു.


''കഴിഞ്ഞത് ആലോചിച്ചിട്ട് എന്താ കാര്യം. യോഗൂല്യാ. കുട്ടീലേ അവള് പോയി. രണ്ടാമത്തെകുട്ടി ജനിക്കാന്‍ എട്ടുകൊല്ലം കഴിയണ്ടിവന്നു. അത് ആണ്‍ക്കുട്ടീം. പിന്നെങ്ങെന്യാ വല്യേ പേരക്കുട്ട്യേള് ഉണ്ടാവ്വാ''.


''എനിക്കവനെ കാണുമ്പൊ എന്തോ ഒരുസ്നേഹം''. അമ്മിണിയമ്മ ദീര്‍ഘനിശ്വാസം ചെയ്തു. അവരുടെ മനസ്സില്‍ വാത്സല്യത്തിന്‍റെ പെരുവെള്ളം ഉയരാന്‍ തുടങ്ങി.


 അദ്ധ്യായം - 38.


അന്ന് പതിവിലും നേരത്തെ അനിരുദ്ധന്‍ വീട്ടില്‍ തിരിച്ചെത്തി. സമയം നാലുമണിയാവുന്നതേയുള്ളു.  ഉച്ചഭക്ഷണംകഴിച്ചുകൊണ്ടിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന മെഡിക്കല്‍ റെപ്പ് ''സാര്‍, നേരത്തെ പൊയ്ക്കോട്ടെ'' എന്ന് സമ്മതംചോദിച്ചിരുന്നു. അയാള്‍ക്ക് ഏതോ വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കാനുണ്ടത്രേ. സമ്മതിക്കാതിരുന്നിട്ട് കാര്യമില്ല. എന്തായാലും അവന്‍ പോവും, നീരസം ബാക്കി നില്‍ക്കുകയുംചെയ്യും. അതിലും ഭേദം സമ്മതം നല്‍കുന്നതാണ്. നാളെ നേരത്തെ എത്ത്  എന്നുപറഞ്ഞ് അവനെ അയച്ചതാണ്. 


''ഇന്ന് അച്ഛന്‍ വന്നിരുന്നു''രാധികയുടെ മുഖത്ത് സന്തോഷം''അന്യേട്ടന്‍ ഇത്രനേരത്തെ വരുംന്നറിഞ്ഞാല്‍ അച്ഛന്‍ കണ്ടിട്ടേ പോവ്വായിരുന്നുള്ളു. ഇതാ ഇപ്പങ്ങിട്ട് ഇറങ്ങ്യേതേയുള്ളു''. അനിരുദ്ധന്‍ വലിയ താല്‍പ്പര്യം കാണിച്ചില്ല. അല്ലെങ്കിലും അച്ഛന്‍ എത്തുന്നത് മകളെ കാണാന്‍വേണ്ടി മാത്രം. മരുമകന്‍ വെറുമൊരു അപ്രധാന കഥാപാത്രം. അയാള്‍ ഡ്രസ്സ് മാറാന്‍ ചെന്നു.


''എന്തിനാ അച്ഛന്‍ വന്നത്ന്നറിയ്യോ''ചായയുമായി രാധിക അയാളുടെ അരികിലെത്തി. വൈകീട്ട് ചായ ഉണ്ടാക്കുമ്പോള്‍ ഫ്ലാസ്ക്കില്‍ കുറച്ച് എടുത്തുവെക്കും. എപ്പോള്‍ വീട്ടിലെത്തിയാലും രാധിക അത് കപ്പില്‍ പകര്‍ന്നുതരും, ഒരുതരം  വഴിപാട് പോലെ. 


''ങും''ചോദ്യം ഒരു മൂളലില്‍ ഒതുങ്ങി.


''അടുത്തത് ഏതാ മാസംന്ന് അറിയ്യോ''.


''ആഗസ്റ്റ്''.


''ആഗസ്റ്റെങ്കില്‍ ആഗസ്റ്റ്. മലയാളമാസം അറിയില്ലല്ലോ. ആഗസ്റ്റ് മാസം പതിനൊന്നാം തിയ്യതി കുട്ടിടെ ഒന്നാം പിറന്നാളാണ്''.


''അതെനിക്ക് ഓര്‍മ്മീണ്ട്. കര്‍ക്കിടകമാസം ആയതോണ്ട് അന്നേദിവസം അമ്മേംകൂട്ടി തൃപ്രയാറില്‍ചെന്ന് ശ്രീരാമനെ തൊഴാന്‍ പ്ലാനിട്ടിട്ടുണ്ട്''.


''അത് നടക്കില്ലാട്ടോ''.


''എന്താ കാരണം''.


''കുട്ടിടെ പിറന്നാള്‍ദിവസം വീട്ടില്‍വെച്ച് അയ്യപ്പന്‍പ്പാട്ട് നടത്താന്‍ അച്ഛന്‍ നിശ്ചയിച്ചിട്ടുണ്ട്''.


''അതൊന്നും പറ്റില്ല. അല്ലെങ്കിലും കര്‍ക്കിടകമാസത്തില്‍ അയ്യപ്പന്‍പ്പാട്ട് നടത്താറുണ്ടോ''.


''ഇനിപറഞ്ഞിട്ട് കാര്യൂല്യാ. അച്ഛന്‍ ഒക്കെ ഏര്‍പ്പാടാക്കിക്കഴിഞ്ഞു''.


''എന്നോട് ഒരുവാക്ക് ചോദിക്കണ്ടേ''.


''എന്തിന്. ദോഷംവരുണ ഒന്നും അല്ലല്ലോ അച്ഛന്‍ ചെയ്യുണത്. വെറുതെ തര്‍ക്കിക്കാന്‍നിന്ന് അച്ഛനെ പിണക്കണ്ടാ''. അതോടെ അനിരുദ്ധന്‍റെ വായ അടഞ്ഞു. അറിഞ്ഞുകൊണ്ട് കാവല്‍നായയുടെ സ്ഥാനം സ്വീകരിച്ചതാണ്. ഇനി ഈ തുടല് പൊട്ടിച്ച് ഒരിക്കലും പുറത്ത് പോവാന്‍ കഴിയില്ല.


''പിന്നെ അച്ഛന്‍ നമുക്ക് പുതിയൊരു കാറ് വാങ്ങി തരുണണ്ട്. ഹോണ്ടാ സിറ്റിയോ, ഫോര്‍ഡ് ഫിയസ്റ്റയോ, ഹുണ്ടായ് വെര്‍ണയോ, അതല്ല ഹാച്ച് ബാക്ക് ടൈപ്പ് തന്നെവേണംന്നുണ്ടെങ്കില്‍ വോക്സ് വാഗന്‍റെ പോളോയോ ഏതാണ് അന്യേട്ടന് ഇഷ്ടംന്നു പറഞ്ഞാ മതി ''. നെറ്റില്‍നിന്ന് രാധികതന്നെ കണ്ടെത്തിയപേരുകളായിരിക്കണം ഇവയെല്ലാം, അതോ അവളോടൊപ്പം പഠിച്ച പൊങ്ങച്ചക്കാരികളായ കൂട്ടുകാരികളില്‍നിന്ന് ലഭിച്ച അറിവോ?


''ഇപ്പോഴുള്ള കാറോ''.


''അത് കൊടുത്ത് കിട്ടുണ കാശ് വാങ്ങിക്കോളാന്‍ പറഞ്ഞു''. അനിരുദ്ധന്‍ ഒന്നും പറഞ്ഞില്ല. ഏറെ മോഹിച്ചാണ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് മാരുതി 800 വാങ്ങിയത്. അമ്മയിയച്ഛന്‍റെ സ്റ്റാറ്റസ്സിന്ന് അത് പോരാ. അയാളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങികൊടുക്കാനല്ലേ പറ്റു. ചോദിക്കാതെതന്നെ ഓരോന്ന് കെട്ടിയേല്‍പ്പിച്ച് ഉള്ള കടപ്പാട് വീണ്ടുംവീണ്ടും കൂട്ടുകയാണ്. എതിര്‍ത്തൊരു വാക്ക് പറയാന്‍ കഴിയാത്ത ജന്മം. അയാള്‍ക്ക് തന്നോടു തന്നെ പുച്ഛം തോന്നി.


()()()()()()()()


ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷമാണ് കൂട്ടുകാര്‍ കോട്ടയുടെമുമ്പില്‍ ഒത്തു കൂടുന്നത്. മഴയുടെ ലക്ഷണംപോലും കാണാനില്ല.


''ഞാന്‍ നിങ്ങള്യോക്കെ വിളിച്ചു വരുത്തീത് എന്തിനാണെന്ന് അറിയ്യോ'' പ്രദീപ് ചോദിച്ചു. ആര്‍ക്കും അതറിയില്ല.


''ഞാന്‍തന്നെ പറയാം. രണ്ട് സ്ഥലങ്ങള്‍ കച്ചോടം ആക്കികൊടുത്ത വകേല് എനിക്ക് കുറെകാശു കിട്ടി''.


''പത്തോ പതിനായിരോ കിട്ട്യോടാ''റഷീദ് ചോദിച്ചു.


''കേട്ടാ നീയൊക്കെ ഞെട്ടും. രണ്ടിനുംകൂടി എന്‍റെ കയ്യില് വന്നത് ചില്ലറ്യല്ല. ഒരുലക്ഷത്തി ഇരുപത്തയ്യായിരാണ് ''.


 ''വെറുതെ പുളുകാതെ. ഒന്നേകാല്‍ ലക്ഷം ഉറുപ്പികകിട്ട്യേത്രേ. നീ സ്വപ്നം കണ്ടിട്ടുണ്ടാവും''റഷീദ് ഉറക്കെ ചിരിച്ചു.


''എന്‍റെ അമ്മയുടെ നിറുകാണേ സത്യം. കിട്ട്യേത് ശരിയാണ്''.


''അത് കൊള്ളാലോടാ''സുമേഷ് പറഞ്ഞു''ഇനിമുതല്‍ ഞങ്ങളൊക്കെ നിന്‍റെ അസിസ്റ്റന്‍റുമാരായിട്ട് വരാന്‍ പോവ്വാണ്''.


''എന്നിട്ടുവേണം എനിക്ക് കിട്ടുന്നതുംകൂടി ഇല്ലാതാവാന്‍ ''.


''കയ്യില് ഇഷ്ടംപോലെ കാശായില്ലേ. പുതിയ ബൈക്ക് എടുക്കുണുണ്ടോ'' ശെല്‍വന്‍ പണം ചിലവാക്കാനുള്ള മാര്‍ഗ്ഗംകണ്ടെത്തി.


''അത് വേണ്ടാന്ന് വെച്ചു''.


''എന്നിട്ട് നീയാ പണം എന്തുചെയ്തു''.


''ഒരു പൈസ എടുക്കാതെ അങ്ങനെത്തന്നെ അമ്മടെ കയ്യില്‍ കൊടുത്തു. ഇത്രകാലം എന്നെ തീറ്റിപോറ്റി വളര്‍ത്ത്യേതല്ലേ''.


''അത് എന്തായാലും നന്നായി''അനൂപ് പറഞ്ഞു''സത്യംപറഞ്ഞാല്‍ ഇപ്പൊ എനിക്ക് നിന്നോട് മുമ്പത്തേക്കാളും ഇഷ്ടംതോന്നുണുണ്ട്''.


''ഒരുലക്ഷം ഉറുപ്പിക അമ്മടെ പേരില്‍ ഒരുകൊല്ലത്തിക്ക് എഫ്. ഡി ഇട്ടു. ഇരുപതിനായിരം എസ്. ബി. യിലും. അഞ്ചുറുപ്പിക അമ്മടെ കയ്യില്‍ കൊടുത്തതിന്ന് എന്തെങ്കിലും ചിലവിന് വെച്ചോന്നും പറഞ്ഞ് എന്‍റേല് രണ്ടായിരം മടക്കിത്തന്നു''.


''അപ്പൊ ഞങ്ങള്‍ക്ക് ചിലവൊന്നും ഇല്ലേടാ''റഷീദ് ചോദിച്ചു.


''പിന്നെന്താ. ഇന്നത്തെ ലഞ്ച് എന്‍റെ വക''.


''എന്നാ ഇനി വൈകിക്കണ്ടാ''. സംഘം ഹോട്ടലിലേക്ക് നീങ്ങി.


 അദ്ധ്യായം - 39.


റഷീദ് ആകപ്പാടെ അസ്വസ്ഥനായിരുന്നു. രാവിലെ വിസിറ്റ് ചെയ്യാന്‍ ഉദ്ദേശിച്ച മൂന്ന് ഡോക്ടര്‍മാരെ കാണാനൊത്തില്ല. നഗരത്തിലെ ഏതോ വി.ഐ.പി. യുടെ കല്യാണത്തിന്ന് പോയിരിക്കുകയായിരുന്നു അവര്‍. നാലാമത്തെ ഡോക്ടറെ കാണാന്‍ചെന്നിട്ട് കാര്യമില്ലാതെ ഒരുത്തനോട് തമ്മില്‍ത്തല്ലേണ്ടി വരികയും ചെയ്തു. ചില ദിവസം അങ്ങിനെയാണ്. വിചാരിച്ചപോലെ ഒന്നും നടക്കില്ല. പ്രതീക്ഷിക്കാതെ പല പ്രശ്നങ്ങള്‍ കയറി വരികയുംചെയ്യും. ഇത് അങ്ങിനെ പറ്റിയതാണ്. അല്ലെങ്കിലും ഏതോ ഒരുത്തന്‍ കല്‍പ്പിച്ചുകൂട്ടി മേക്കട്ട് കേറാന്‍വന്നാല്‍ എത്രനേരം ക്ഷമിക്കാന്‍ പറ്റും.


ടോക്കണോ, അസിസ്റ്റന്‍റോ ഒന്നും ഇല്ലാത്ത ചെറിയൊരു ക്ലിനിക്കില്‍ ചെന്നതാണ്. രോഗികള്‍ എത്തിചേരുന്ന മുറയ്ക്ക് അകത്ത് കയറും, അവര്‍ക്കിടയില്‍ റെപ്രസന്‍റേറ്റീവുമാരും. ഡോക്ടറുടെ ക്യാബിനില്‍ കയറാനായി വാതില്‍ക്കല്‍ കാത്തുനില്‍ക്കുമ്പോഴാണ് തോളത്ത് തട്ടി ഒരുത്തന്‍ വിളിക്കുന്നത്. ഏതെങ്കിലും പരിചയക്കാരന്‍ ആവുമെന്നു  കരുതി നോക്കുമ്പോള്‍ ഏതോ ഒരു അപരിചിതന്‍.


''എന്താ മാഷേ പരിപാടി''അയാള്‍ ചോദിച്ചു.


''ഡോക്ടറെ കാണണം''മറുപടി പറഞ്ഞു.


''എങ്കില്‍ ഇപ്പൊ പറ്റില്ല. ഈ ഇരിക്കുന്ന രോഗ്യേളൊക്കെ ഡോക്ടറെ കാണാനുള്ളോരാണ്. അതിന്‍റെടേല് കയറാന്‍ പറ്റില്ല''.


''എനിക്ക് ഇതുകഴിഞ്ഞ് ഇനീം  കുറെ ഡോക്ടര്‍മാരെ കാണാനുണ്ട്'' മര്യാദയ്ക്ക് പറഞ്ഞുനോക്കി.


''എന്നാല്‍ അവിട്യോക്കെ ചെന്നിട്ട് തിരക്കൊഴിയുമ്പൊ ഇങ്ങിട്ട് വാ''.


''എല്ലാദിക്കിലും തിരക്കാണെങ്കിലോ''.


''അത് തന്‍റെ പാട്. രോഗ്യേളെ നോക്കികഴിയാതെ  ഒരുത്തനേം ഞങ്ങള് ഇതിനകത്തേക്ക് കടത്തിവിടില്ല''.


''താനാരാ അത് നിശ്ചയിക്കാന്‍''തന്‍റെ ശബ്ദം ഉയര്‍ന്നുവെന്ന് റഷീദിന്ന് തോന്നി.


''ആരോ ആയിക്കോട്ടെ. നിന്നെ അകത്ത് വിടുണ പ്രശ്നമില്ല''.


''ഞാന്‍ കേറും''.


''എങ്കില്‍ എനിക്കതൊന്ന് കാണണം''.


ഇവന്‍റെ മുമ്പില്‍ ഒരു കാരണവശാലും തോറ്റുകൂടാ. വേണ്ടി വന്നാല്‍ അന്‍വറണ്ണനെ വിളിക്കും. ഒരു ഗ്യാങ്ങ് എത്തിക്കോളും. ഈ സൈസ്സ് പാര്‍ട്ടികള്‍ക്ക് പറ്റിയത് അവരാണ്. കയ്യോടെ തൂക്കിവെളിയിലിടും. എന്നാല്‍ അതൊന്നും വേണ്ടിവന്നില്ല. അകത്തുണ്ടായിരുന്ന രോഗിയെ നോക്കിക്കഴിഞ്ഞതും ഡോക്ടര്‍ വാതില്‍ക്കലെത്തി. പുറത്തെ ബഹളം   കേട്ടുവന്നതാണ്. അദ്ദേഹം ദേഷ്യപ്പെടുമോയെന്ന് റഷീദ് ഭയപ്പെട്ടു.


''എന്താ ഇവിടെ''ഡോക്ടര്‍ ചോദിച്ചു.


''എന്നെ അകത്ത് കടത്തി വിടില്ലാന്ന് ഇയാള്‍ പറഞ്ഞു''റഷീദ് വിവരം അറിയിച്ചു.


''നിങ്ങളാരാ അതുപറയാന്‍''ഡോക്ടര്‍ അയാളോട് ചോദിക്കുന്നത് കേട്ടു.


''ഇടയില്‍ കടക്കാന്‍ നിന്നതോണ്ടാണ്''.


''ഇയാള്‍ക്ക് എന്നെമാത്രം കാത്തുനിന്ന് കണ്ടാല്‍ പോരാ. ഇനിയും എത്രയോ ഡോക്ടര്‍മാരെ കാണാനുണ്ടാവും''ഡോക്ടര്‍ തനിക്ക് അനുകൂലമാണെന്ന് കണ്ടതോടെ പേടിതീര്‍ന്നു.


''ഞങ്ങള്‍ ഇത്ര ആളുകള് കാത്തിരിക്കുമ്പോള്‍ ഇയാളെ കടത്തിവിടുണത് ശരിയല്ല സാറേ''അയാള്‍ തര്‍ക്കിച്ചു.


''ശരീം തെറ്റും ഞാന്‍ നിശ്ചയിച്ചോളാം. വലിയ തിരക്കുള്ള ആളുകള് വേറെ എവിടെ വേണങ്കിലും പൊയ്ക്കോളിന്‍''ഡോക്ടര്‍ ചൂടായി''താന്‍ വാടോ'' അദ്ദേഹം അകത്തേക്ക് വിളിച്ചു. ഡീറ്റെയിലിങ്ങ് കഴിഞ്ഞു വരുമ്പോള്‍ നേരത്തെ ഉടക്കിയവന്‍ തുറിച്ചുനോക്കുന്നു.


''നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്''അയാള്‍ പറഞ്ഞു.


''വിളമ്പാറാവുമ്പോള്‍ താന്‍ വിളിക്ക്. ഞാന്‍ കഴിക്കാന്‍ വരാം''എന്നു പറഞ്ഞുവെങ്കിലും ജോലിചെയ്യാനുള്ള താല്‍പ്പര്യമാകെ പോയി. ഇനി ഒന്നും ശരിയാവില്ല. കോട്ടമൈതാനത്തു പോയി ഇരിക്കാം. കൂട്ടുകാര്‍ എത്താറായിട്ടില്ല. എന്നാലും സാരമില്ല. റഷീദ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. എന്നാല്‍ അവന്‍ കണക്ക് കൂട്ടിയതില്‍നിന്ന് വ്യത്യസ്തമായി ഒരുത്തന്‍ നേരത്തെ സ്ഥലം പിടിച്ചിട്ടുണ്ട്. റഷീദ് വണ്ടിനിര്‍ത്തി അങ്ങോട്ട് ചെന്നു.


''എന്താടാ സുമേഷേ നീ ഇത്ര നേരത്തെ''അവന്‍ ചോദിച്ചു.


''ആകെക്കൂടി ഒരുമൂഡില്ല''തണുപ്പന്‍ മട്ടിലാണ് സുമേഷത് പറഞ്ഞത്.


''എന്താടാ നിനക്ക് പറ്റ്യേത്. ദൈവം കടാക്ഷിച്ച് ഞങ്ങളെപ്പോലത്തെ ഗതികേടൊന്നും നിനക്കില്ലല്ലോ''.


''പൈസ ഉള്ളതോണ്ടു മാത്രം എല്ലാം ആയോടാ. മനുഷ്യനായാലേ ലേശം  മനസ്സമാധാനം വേണം. എനിക്കതില്ല''.


''നിനക്കെന്താടാ ഇത്രപ്രയാസം. വിരോധൂല്യെല്ലെങ്കില്‍ എന്നോട് പറയ്''.


''വീട്ടില് ഇരിക്കപ്പൊറുതി തരുണില്യ. ഞാന്‍ എവിടേക്കെങ്കിലും കടന്നു പോവും''. 


റഷീദിന് അത്ഭുതം തോന്നി. സുമേഷ്  ധാരാളം സമ്പത്തുള്ള വീട്ടിലെ ഏക പുത്രനാണ്. വീട്ടിലെ കാര്യങ്ങള്‍ കണ്ടറിഞ്ഞുചെയ്യാറുള്ള പ്രകൃതമാണ്. ദുശ്ശീലങ്ങളൊന്നും ഇല്ലാത്തതിനാല്‍ ആരും അവനെ കുറ്റം പറയാനുള്ള സാദ്ധ്യതയില്ല. പിന്നെന്തിനാ വീട്ടില്‍ ഒരു സ്വൈരക്കേട്.


''നീ കാര്യം പറയെടാ''റഷീദ് പ്രോത്സാഹിപ്പിച്ചു. സുമേഷ് കുറെനേരം കോട്ടയിലേക്ക് നോക്കിയിരുന്നു, അക്ഷമനായി റഷീദ് അരികത്തും.


''ജോലിയില്ലാത്തതാടാ എന്‍റെ പ്രശ്നം''സുമേഷ് പറഞ്ഞുതുടങ്ങി. വയസ്സ് ഇരുപത്താറ് കഴിഞ്ഞു. കല്യാണം ആലോചിക്കേണ്ട പ്രായമാണ്. വീട്ടില്‍ സ്വത്തുള്ളതൊന്നും ഒരുകാര്യമല്ല. ഇന്നത്തെകാലത്ത് പെണ്‍കുട്ടികള്‍ക്ക് ഭര്‍ത്താവായിട്ട് ജോലിയുള്ള ആളെത്തന്നെ വേണം. പി.എസ്.സി. എഴുതി എന്തെങ്കിലും ജോലി ലഭിക്കുമെന്ന് സങ്കല്‍പ്പിക്കാനേ ആവില്ല. അതുകൊണ്ട് എളുപ്പത്തിലൊരുമാര്‍ഗ്ഗം അമ്മ കണ്ടിരിക്കുന്നു. ഏതോ ഒരു മാനേജ്മെന്‍റ് സ്കൂളില്‍ പ്യൂണിന്‍റെ ഒഴിവുണ്ട്. ഒമ്പതുലക്ഷമാണ് അവര് ചോദിക്കിണത്. ഏജന്‍റിന് കമ്മിഷന്‍ വേറെകൊടുക്കണം. അമ്മ പണംകൊടുത്ത് ആ ജോലി വാങ്ങാന്‍ ഒരുങ്ങുകയാണ്.


''ഇതേള്ളു. സന്തോഷിക്കേണ്ട കാര്യോല്ലേടാ ഇത്. പെന്‍ഷനാവുണവരെ ജോലീം ശമ്പളൂം ഉറപ്പ്''റഷീദ് പറഞ്ഞു''പിന്നെ ഞങ്ങളെപ്പോലെ പണിടെ കാര്യത്തില്‍ തീ തിന്നുംവേണ്ടാ''.


''സന്തോഷം വെച്ചിരിക്കുണു. ക്ലാസ്സുകളില് നോട്ടീസുമായി പോവാനും മാഷന്മാര്‍ക്ക് ചായ വാങ്ങിക്കൊണ്ടുവരാനും  ബെല്ലടിക്കാനും ഒക്കെ എന്നെക്കൊണ്ടു വയ്യ''.


''അങ്ങിന്യാണച്ചാല്‍  നിനക്കത് അമ്മടടുത്ത് പറയായിരുന്നില്ലേ''.


''പറയാഞ്ഞിട്ടൊന്ന്വോല്ല. കൈക്കൂലി കൊടുക്കിണതിന്‍റെ പകുതി കാശ് തരൂ. ഞാന്‍ നല്ലൊരു പോളിഫാമുണ്ടാക്കി അത്വായിട്ട് കഴിഞ്ഞോളാം. എനിക്ക് ഇഷ്ടൂള്ള തൊഴിലാണ്. അദ്ധ്വാനിച്ചാല്‍ പ്യൂണിന്‍റെ ശമ്പളത്തിന്‍റെ എത്രയോ ഇരട്ടി സമ്പാദിക്കാന്‍ പറ്റും എന്നൊക്കെ പറഞ്ഞു നോക്കി. കേള്‍ക്കണ്ടേ. അമ്മയ്ക്ക് അമ്മ വിചാരിച്ചത് നടക്കണം''.


''എന്നിട്ട് എന്തുചെയ്യാനാ നിന്‍റെ ഉദ്ദേശം''.


''ഒരുമാസം കഴിഞ്ഞാല്‍ അച്ഛന്‍ വരും. അതിനുമുമ്പ് ഞാന്‍ സ്ഥലംവിടും''.


''എങ്ങോട്ട്''.


''വാള്‍പ്പാറേല് എന്‍റൊരു ഫ്രന്‍റുണ്ട്. ഏതെങ്കിലും ഒരുതോട്ടത്തില്‍ എനിക്ക് സൂപ്പര്‍വൈസറടെ പണിവാങ്ങിത്തരാന്ന് അവന്‍ ഏറ്റിട്ടുണ്ട്''.


സുമേഷിന്‍റെ മനസ്സിലുള്ള വിഷമം റഷീദിന് നല്ലപോലെ മനസ്സിലായി. അത് എങ്ങിനെയെങ്കിലും ലഘൂകരിക്കണമെന്ന് അവനുതോന്നി.


''വെറുതെ നീ വേണ്ടാത്ത പണിക്ക് പോണ്ടാ'' അവന്‍ പറഞ്ഞു''അവിടെ ഇഷ്ടംപോലെ പുലീണ്ട്. നിന്‍റെ തടികണ്ടാല്‍ അവറ്റ വിടില്ല. വെറുതെ ഉള്ള ഇറച്ചി പുലിക്ക് തിന്നാന്‍ കൊടുക്കണോ''. അതോടെ സുമേഷിന്‍റെ ടെന്‍ഷന്‍ പകുതി ചുരുങ്ങി. അവന്‍റെ ചുണ്ടില്‍ ഒരു നേര്‍ത്തചിരി പടര്‍ന്നു.


''അതിന് ഞാന്‍ മേത്ത് മുഴുവന്‍ വേപ്പെണ്ണ പുരട്ടും. പിന്നെ പുലി എന്നെ തൊടില്ല''. റഷീദിന്  അതുകേട്ട് ചിരിക്കാതിരിക്കാനായില്ല. അപ്പോള്‍ കൂട്ടുകാരുടെ ബൈക്കുകള്‍ കോട്ടയിലേക്ക് വരുന്നുണ്ടായിരുന്നു.


()()()()()()()()()()()


''ഏതാ അമ്മേ, ഒരു പെണ്‍കുട്ടിടെ ഫോട്ടൊ. കാണാന്‍ എന്ത് ഭംഗ്യാണ്''രമ ഒരു  ഫോട്ടോയുമായി അമ്മയെ സമീപിച്ചു. ഇന്ദിര നോക്കുമ്പോള്‍ പാറു എത്തിച്ച ഫോട്ടോയാണ്. രാമേട്ടന്‍ നോക്കിയശേഷം ഭാഗവതത്തിന്‍റെ ഉള്ളില്‍വെച്ച് മരത്തിന്‍റെ പെട്ടിയില്‍ സൂക്ഷിച്ചതായിരുന്നു.


''ഭൂമി തുരന്ന് അതിന്‍റെ ഉള്ളില് എന്തുസാധനം കൊണ്ടുപോയി വെച്ചാലും കണ്ടെത്തിക്കോളും ഈ അശ്രീകരം''ഇന്ദിര മകളുടെ കയ്യില്‍നിന്ന് ഫോട്ടോ വാങ്ങി.


''എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു. ഏട്ടന് നല്ല യോജിപ്പുള്ള കുട്ട്യാണ്''രമ ഒന്നും അറിയാതെ പറഞ്ഞതാണ്.


''പെണ്ണേ, വേണ്ടാതെ ഓരോന്ന് പറഞ്ഞുംകൊണ്ട് വന്നാല്‍ നിന്‍റെ മുഖത്ത് ഞാന്‍ നാളികേരം ഉടച്ച് ചാത്തൂട്ടും''. അങ്ങിനെ പറഞ്ഞുവെങ്കിലും കുറെ കഴിഞ്ഞപ്പോള്‍ ഇന്ദിരയ്ക്കൊരു വീണ്ടുവിചാരം ഉണ്ടായി. അവര്‍ മകളെ വിളിച്ചു.


''ഏട്ടന്‍ ട്രെയിനിങ്ങ് കഴിഞ്ഞ് എത്ത്യേതും ഫോട്ടത്തിന്‍റെ കാര്യം അവന്‍റെ അടുത്ത് വിളമ്പണ്ടാ. സമയംവരുമ്പോ ഞങ്ങളന്നെ പറഞ്ഞോളാം''. രമ ആ നിമിഷം അമ്മയെ കെട്ടിപ്പിടിച്ച് കവിളിലൊരു ഉമ്മകൊടുത്തു.


''എന്താ ഈ പെണ്ണിന്. ഇപ്പഴും ഇള്ളക്കുട്ട്യാണെന്നാ ഭാവം''ഇന്ദിര മകളെ പിടിച്ചുമാറ്റി.


 അദ്ധ്യായം - 40. 


''അഗ്രേ പശ്യാമി തേജോ നിബിഡ തരകളായാവലീ ലോഭനീയം'' പി. ലീലയുടെശബ്ദം അമ്പലമതില്‍ക്കെട്ട് കടന്നുവന്ന് ഇന്ദിരയെ തട്ടിവിളിച്ചു. ഉണര്‍ന്നെഴുന്നേറ്റതേ അവള്‍ വീട്ടുപണിയിലേക്ക് കടന്നു. മുറ്റം അടിച്ചു വാരി ചാണകവെള്ളം തളിച്ചു. വീടിന്‍റെ അകം മുഴുവനും അടിച്ചു തുടച്ചു. പല്ലുതേപ്പും കുളിയുംകഴിയുമ്പോള്‍ ആറരമണി ആയതേയുള്ളു.


മരത്തിന്‍റെ പീഠവും ശിവോതിപലകയും കഴുകി ഭസ്മംകൊണ്ട് കുറി തൊടുവിച്ചു. തളത്തില്‍ പീഠംവെച്ച് അതിനു പുറകില്‍ പലക ചുമരും ചാരി നിര്‍ത്തി. അലക്കിയ തോര്‍ത്തുമുണ്ടും രാമായണ പുസ്തകവും കുങ്കുമചെപ്പും പലകപ്പുറത്തുവെച്ച് നിലവിളക്ക് കൊളുത്തി.


''ശ്രീരാമചന്ദ്രപ്രഭോ''ഇന്ദിര കൈകൂപ്പി. 


മുമ്പൊക്കെ കര്‍ക്കിടക മാസത്തില്‍ ഒരുദിവസമെങ്കിലും തിരുവില്വാമല ക്ഷേത്രത്തില്‍ചെന്ന് തൊഴാറുണ്ട്. കുറച്ചായി അതിനൊന്നും കഴിയുന്നില്ല. ഇവിടുത്തെ കഷ്ടപ്പാട് ഭഗവാന് അറിയുന്നതല്ലേ. നേരം ആറേമുക്കാലായി. രമ ഇനിയും എണീറ്റിട്ടില്ല.


''പെണ്ണേ, നേരം ഉദിച്ചുപൊങ്ങി ഉച്ച്യാവാറായി. മര്യാദയ്ക്ക് എണീറ്റോ. ഇല്ലെങ്കില്‍ നിന്‍റെ തലേല് ഞാന്‍ ഒരുകുടം വെള്ളംകൊണ്ട് അഭിഷേകം ചെയ്യും''മകള്‍ കിടക്കുന്ന മുറിയുടെ മുമ്പില്‍ ചെന്ന് അത്രയും പറഞ്ഞ് തിരിച്ചുപോന്നു.


''കര്‍ക്കിടകം ഒന്നാം തിയ്യത്യായിട്ട് ഈ പെണ്ണിന് ഇത്തിരി നേരത്തെ എഴുന്നേറ്റുകുളിച്ച് ഐശ്വര്യായിട്ട് ഇരുന്നൂടേ. അതെങ്ങിനെ. നല്ലതു വല്ലതും ഇതിന്‍റെ തലേല് തോന്ന്വോ''എന്നുറക്കെ അവള്‍ ആത്മഗതം ചെയ്യുകയും ചെയ്തു.


പശുവിനെ കറന്നുവന്നതും  അടുപ്പു കത്തിച്ച് കഞ്ഞിക്കുള്ള അരി അരിച്ചിട്ടു, കാളവായില്‍ രാമേട്ടന് കുളിക്കാനുള്ള ചൂടുവെള്ളത്തിനും. ഉണക്കവിറക് ആയതോണ്ട് അടുപ്പിന്‍റെ വക്കത്തന്നെ ആള് നില്‍ക്കേണ്ട ആവശ്യമില്ല. ഇനി രാമേട്ടനെ വിളിച്ചുണര്‍ത്തണം. വൈദ്യരുടെ മരുന്ന് തുടങ്ങിയശേഷം മൂപ്പര്‍ക്ക് നല്ല ഉറക്കമാണ്. ചിലപ്പോള്‍ തട്ടിവിളിച്ചാലേ ഉണരൂ. പ്രഭാതകൃത്യങ്ങള്‍ കഴിപ്പിച്ചശേഷം തലയില്‍ എണ്ണയും ദേഹം മുഴുവന്‍ കുഴമ്പും തേപ്പിക്കാനുണ്ട്. മരുന്നുപുരട്ടി രണ്ടുനാഴികനേരം ഇരുന്നിട്ടേ കുളിക്കാന്‍ പാടുള്ളു. കര്‍ക്കിടകമാസം ഒന്നാം തിയ്യതിയല്ലേ. നല്ലതോ ഒന്നും  ചെയ്യാന്‍ പറ്റുണില്യ. കുളിക്കാതെ ചീണ്ടറംപിടിച്ച മാതിരി ഏറെനേരം ഇരുത്തേണ്ടല്ലോ.


ചാരിവെച്ച വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോള്‍ രാമേട്ടന്‍ വല്ലാത്ത അപശബ്ദം ഉണ്ടാക്കുന്നു. എന്തോ കണ്ടുപേടിച്ച് ഞെട്ടിവിറച്ച മാതിരിയുണ്ട്. അടുത്തുചെന്ന് കുലുക്കി വിളിച്ചുനോക്കി. ദേഹമാകെ വിയര്‍ത്ത് കുളിച്ചിരിക്കുന്നു.


 ''എന്താ രാമേട്ടാ''കണ്ണു മിഴിച്ച് ഭര്‍ത്താവ് നോക്കിയപ്പോള്‍ ചോദിച്ചു.


''നമ്മടെ അനു''.


''എന്താ അനൂന്. അവന്‍ ട്രെയിനിങ്ങിന് പോയിരിക്ക്യല്ലേ''.


''ഞാനൊരു സ്വപ്നം കണ്ടു''.


''എന്തു സ്വപ്നം''.


''നമ്മടെ അനു വെള്ളത്തില് മുങ്ങി താണോണ്ട് ഇരിക്ക്യാണ്. നമ്മള് രണ്ടാളും അതുകണ്ട് ഉറക്കെ കരയുണുണ്ട്''. ഇന്ദിരയുടെ മനസ്സൊന്ന് പിടഞ്ഞു. ആകെക്കൂടിയുള്ള ഒരുപ്രതീക്ഷ അവനേയുള്ളു. എന്‍റെ കുട്ടി അന്യനാട്ടിലാണ്. അവനെന്തെങ്കിലും സംഭവിച്ചിരിക്ക്വോ. ബാക്കികൂടി കേള്‍ക്കാന്‍ ധൃതിയായി.


''എന്നിട്ട്''.


''ഏതോ രണ്ട് വയസ്സന്മാര് അവനെ പിടിച്ചുകയറ്റി''. ചുട്ടുപൊള്ളുന്ന ദേഹത്തില്‍ ഐസ് കട്ട വാരിയിട്ടതുപോലെ തോന്നി. തളത്തില്‍നിന്ന് മൊബൈല്‍ അടിച്ചു.


''അമ്മേ ഏട്ടന്‍''രമ വിളിച്ചു. അവള്‍ ഏട്ടനോട് വിശേഷങ്ങള്‍ തിരക്കാന്‍ തുടങ്ങി.


സ്വപ്നം ചിലര്‍ക്ക് ചിലകാലമൊത്തിടും എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്‍റെ ഈശ്വരന്മാരേ അങ്ങിനെയൊന്നും വരുത്തരുതേ എന്ന് ഇന്ദിര മനസ്സില്‍ പ്രാര്‍ത്ഥിച്ചു.


''രാമേട്ടന്‍ ഇന്നുമുതല്‍ക്ക് ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആലത്ത്യൂര് ഹനുമാനെ ജപിച്ചു കിടന്നോളൂ. ദുസ്വപ്നം കാണില്ല''  മകളുടെ കയ്യില്‍നിന്ന് ഫോണ്‍ വാങ്ങാനായി ഇന്ദിര നടന്നു.


()()()()()()()()()()()()


''സുകുമാരാ, പോണവഴിക്ക് നമുക്ക് ആ പൊതുവാള് കുട്ടിടെ വീട്ടിലൊന്ന് കേറണം. അവന്‍റെ അച്ഛനെ ഒന്ന് കാണുംചെയ്യാലോ'' 


മാപ്പിളവൈദ്യരെ കണ്ട് അമ്മിണിയമ്മയുടെ രോഗവിവരം പറഞ്ഞ് മരുന്നു വാങ്ങികഴിഞ്ഞതും ഗോപാലകൃഷ്ണന്‍നായര്‍ കൂട്ടുകാരനോട് പറഞ്ഞു. ഇങ്ങോട്ട് പോരുന്നവഴിക്ക് കെ. എസ്. മേനോന്‍റെ വീട്ടില്‍ കയറി അയാളെ കൂടെകൂട്ടിയതുകൊണ്ട് തുണയ്ക്ക് ഒരാളായി.


ഭാര്യയുടെ അനുജത്തിയുടെ മകള്‍ വിരുന്ന് വന്നതിനാല്‍ വീട്ടില്‍ ആളുണ്ട്. ആധൈര്യത്തിലാണ് വീടുവിട്ട് പുറത്തിറങ്ങിയത്. പോരാത്തതിന്ന് മരുന്ന് കഴിയാറായി. കഴിഞ്ഞതവണ അനൂപാണ് വൈദ്യരെകണ്ട് മരുന്ന് വാങ്ങി തന്നത്. അവന്‍ വന്നിട്ട് മരുന്ന് വാങ്ങാമെന്നു വെച്ചാല്‍ ദിവസങ്ങള്‍ കുറെ കഴിയണം. അതുവരെ കാത്തു നില്‍ക്കാന്‍ പറ്റില്ല.


''അതിന് തനിക്ക് ആ കുട്ടിടെ വീട് അറിയ്യോ''മേനോന്‍ ചോദിച്ചു.


''വൈദ്യരെ ആദ്യം കാണാന്‍ വരുമ്പോള്‍ അനൂപ് മെയിന്‍ റോഡില്‍നിന്ന് വീട്ടിലേക്ക് തിരിയുന്നഭാഗം കാട്ടിത്തന്നിട്ടുണ്ട്. ആ വഴിക്ക് ചെന്നാല്‍ ഏതോ ഒരു അമ്പലത്തിന്‍റെ അടുത്താണ് വീട്. നമുക്ക് ചെന്ന് നോക്ക്വാ. അല്ലെങ്കില്‍ എന്താ. വായിലെ നാവിലല്ലേടോ വഴി''.


വീട് കണ്ടെത്താന്‍ പറയത്തക്ക ബുദ്ധിമുട്ടുണ്ടായില്ല. അമ്പലം എത്തുംമുമ്പ് വഴിയോരത്ത് കന്നുമേച്ച് നില്‍ക്കുന്ന സ്ത്രീ വ്യക്തമായി വഴി പറഞ്ഞു തന്നിരുന്നു. പടിക്കല്‍ ബൈക്കിന്‍റെ ശബ്ദം കേട്ടതും ഇന്ദിര ഉമ്മറത്തെത്തി. അപരിചിതരായ രണ്ടുവയസ്സന്മാര്‍ വരുന്നു.


''ഞങ്ങളെ മനസ്സിലായോ''ഗോപാലകൃഷ്ണന്‍ നായര്‍ ചോദിച്ചു. ഇല്ലെന്ന് ഇന്ദിര തലയാട്ടി.


''ഇദ്ദേഹം കെ. എസ്. മേനോന്‍. ഓട്ടോറിക്ഷ തട്ടി ഇദ്ദേഹത്തിന്ന് പരിക്ക് പറ്റിയപ്പോള്‍ അനൂപാണ് സഹായിച്ചത്. ഞാന്‍ ആരാണെന്ന് മനസ്സിലായി കാണ്വോലോ''.


''ഓ''ഇന്ദിര ചിരിച്ചു''ഇപ്പൊ വീട്ടുകാരിക്ക് എങ്ങനീണ്ട്''.


''ഭേദം ആവുംന്ന് തോന്നുണു. തളര്‍ന്നകയ്യില് കിരുകിരെ അരിക്കിണ പോലെ തോന്നുണൂന്ന് പറഞ്ഞു. ഞങ്ങള് മരുന്ന് വാങ്ങാന്‍ വന്നതാണ്''.


''രാമേട്ടനും അങ്ങിനെ തോന്നീട്ടാ ശര്യായത്. ഉള്ളിലിക്ക് വരൂ'' ഇന്ദിരയ്ക്ക് പുറകെ അവര്‍ അകത്തേക്ക് നടന്നു.


Comments

Popular posts from this blog

അദ്ധ്യായം 71-76

അദ്ധ്യായം 21-30

അദ്ധ്യായം 41-50