അദ്ധ്യായം 41-50

 അദ്ധ്യായം - 41.


''രാമേട്ടാ, ആരാ വന്നിരിക്കുണേന്ന് നോക്കൂ''ഇന്ദിര ഉറക്കെ വിളിച്ചു.


''വേണ്ടാ, വെറുതെ ബുദ്ധിമുട്ടിക്കണ്ടാ. അദ്ദേഹം കിടന്നോട്ടെ. ഞങ്ങള് അടുത്തു ചെന്ന് കണ്ടോളാം''ഗോപാലകൃഷ്ണന്‍നായര്‍ വിലക്കി.


''ഏയ്. രാമേട്ടന്‍ ഉറങ്ങ്വോന്നും അല്ല. ജനലില്‍കൂടി വെളിലിക്ക് നോക്കി കട്ടിലില്‍ വെറുതെ ഇരിക്ക്യാണ്''ഇന്ദിര പറഞ്ഞു''എടവഴീല്‍കൂടി വല്ല ആളുകളും പോണുണ്ടെങ്കില്‍ കാണാലോ''. അപ്പോഴേക്കും രാമകൃഷ്ണന്‍ രംഗത്തെത്തി. മോട്ടോര്‍സൈക്കിളില്‍ രണ്ടാളുകള്‍ പടിക്കല്‍വരെ വന്നത് കാണുകയും ഉമ്മറത്തുനിന്ന് സംഭാഷണംകേള്‍ക്കുകയും ചെയ്തപ്പോള്‍ എഴുന്നേറ്റതാണ്.


''ഇരിയ്ക്കൂ''രാമകൃഷ്ണന്‍ കൈകൂപ്പിക്കൊണ്ട് പറഞ്ഞു. 


എന്തോ നല്ലകാലത്തിന് നാല് കയ്യില്ലാത്ത പ്ലാസ്റ്റിക്ക്കസേലകളും കയ്യുള്ള രണ്ടെണ്ണവും ശമ്പളം കിട്ടിയപ്പോള്‍ അനൂപിന് വാങ്ങാന്‍ തോന്നിയത് ഒരു കണക്കിന്ന് നന്നായി. അതുവരെ വീട്ടില്‍ ആരെങ്കിലുംവന്നാല്‍ ഇരിക്കാന്‍ കൊടുക്കാന്‍ മര്യാദയ്ക്ക് ഒരുസാധനം ഉണ്ടായിരുന്നില്ല.


''വൈദ്യരെ കാണാന്‍ ആദ്യം വന്നപ്പഴേ ഇവിടേക്ക് വരണംന്ന് ഞാന്‍ കരുത്യേതാണ്. അന്ന് രോഗിയെ കാണട്ടെന്നും പറഞ്ഞ് അദ്ദേഹം കൂടെ വന്നിരുന്നു. അതോണ്ട് അന്നത് സാധിച്ചില്ല''സംഭാഷണം ആരംഭിച്ചത് ഗോപാലകൃഷ്ണന്‍നായരാണ്.


''കുട്ടി പറയ്യേണ്ടായി. ആട്ടെ ഇപ്പൊ എങ്ങിന്യേണ്ട്''.


''ഇടത്തെ കയ്യിനാണ് തളര്‍ച്ച വന്നത്. ഇപ്പൊ ഇടയ്ക്ക് അതില് കിരുകിരെ തോന്നുണൂന്ന് പറയുണു''.


''എനിക്കും അങ്ങിനെതോന്നീട്ടാ ഭേദാവാന്‍തുടങ്ങ്യേത്. മരുന്ന് ശരീരത്തില് പിടിക്കാന്‍ തുടങ്ങീട്ടുണ്ടാവും''.


രാമകൃഷ്ണനും ആഗതരും തമ്മില്‍ രോഗത്തെക്കുറിച്ചും മരുന്നിനെ പറ്റിയുമുള്ള സംഭാഷണം തുടങ്ങി. ഇന്ദിര അടുക്കളയിലേക്ക് നടന്നു. അടുപ്പത്ത് വെള്ളംതിളച്ചുകിടപ്പുണ്ട്. അവള്‍ ചായയുണ്ടാക്കി രണ്ടു ഗ്ലാസിലും നേന്ത്രപ്പഴം കഷണങ്ങളാക്കി ഒരു പ്ലേറ്റിലുമെടുത്ത് വേഗം തിരിച്ചെത്തി സ്റ്റൂളിന്നുമീതെ അവ വെച്ചു.


''പഴം ഇവിടീണ്ടായതാണ്. നാടന്‍ നേന്ത്രയാ''അവര്‍ പറഞ്ഞു.


''ഇന്ദിര ഒരുമിനുട്ട് നേരം വെറുത്യേരിക്കില്ല. എപ്പൊ നോക്ക്യാലും ഓരോ പണ്യാണ്''രാമകൃഷ്ണന്‍ ഭാര്യയുടെ അദ്ധ്വാനശീലത്തെ വാഴ്ത്തി''അതു കാരണം കുറച്ചായിട്ട് കൂട്ടാന്‍ വെക്കാനൊന്നും ഞങ്ങള് വില കൊടുത്ത് വാങ്ങാറില്ല''.


''പീടീല്‍നിന്ന് വാങ്ങുന്ന കായ്കറിയൊക്കെ കണ്ണില്‍കണ്ട വളം ഇട്ടിട്ട് ഉണ്ടാക്കുണതാണ്''ഇന്ദിര പറഞ്ഞു''ഒന്നിനും ഒരു രുചീണ്ടാവില്ല. മണു മണുക്കനെതോന്നും. എളുപ്പം കേടുംവരും ചെയ്യും. ഇന്നാള് പീടീന്ന് അനു ഒരുകഷ്ണം കുമ്പളങ്ങ വാങ്ങികൊണ്ടുവന്നു. മൂന്നാംപക്കം നോക്കുമ്പൊ അത് അളിഞ്ഞ് നാനായിധായി''.


''ചെടികള്‍ക്ക് തൂപ്പ് തോല് ചാണകം ഒക്കെത്തന്ന്യാനല്ലത്. ഇന്ന് കാലത്ത് അതൊക്കെ എവിടുന്നാ കിട്ട്വാ''ഗോപാലകൃഷ്ണന്‍നായര്‍ പ്രായോഗിക വിഷമം അറിയിച്ചു.


''ഇവിടെ ഒരു പശൂം കുട്ടീം ഉള്ളതോണ്ട് ചാണകത്തിന് ബുദ്ധിമുട്ടില്ല'' രാമകൃഷ്ണന്‍ പറഞ്ഞു.


''അത് നന്നായി. നോക്കൂ, ഇപ്പോത്തന്നെ അമ്മിണിക്ക് പശുവിന്‍ പാലില്‍ അലിയിച്ചുകൊടുക്കണം എന്നുപറഞ്ഞ് വൈദ്യര് ഒരുമരുന്ന് തന്നിട്ടുണ്ട്. ടൌണില്‍ എവിടെ ചെന്നാലാ പശുവിന്‍ പാല് കിട്ട്വാ എന്ന് ആര്‍ക്കാണ് അറിയ്യാ. കടേന്ന് നമ്മള് വാങ്ങിണ പാക്കറ്റ് പാല് പശുവിന്‍റ്യാണോ എരുമട്യാണോ എന്ന് നമുക്കറിയില്ലല്ലോ''.


''പശുവിന്‍ പാല് വേണച്ചാ ഇവിടുന്ന് തരാം. പക്ഷെ എങ്ങിന്യാ കൊണ്ടു പോവ്വാ''.


''ബസ്സുകാരെ ഏല്‍പ്പിച്ചാല്‍ പോരേ. അവര് എത്തിക്കില്ലേ''കെ. എസ്. മേനോന്‍ അഭിപ്രായപ്പെട്ടു.


''അതൊന്നും നടക്കിണ കാര്യോല്ല''ഗോപാലകൃഷ്ണന്‍നായര്‍ക്ക് അത് സ്വീകാര്യമായി തോന്നിയില്ല ''ആളെ കിട്ടാന്‍വേണ്ടി ചവിട്ടിപിടിച്ച് പായുമ്പോള്‍ അതിനൊക്കെ അവര്‍ക്ക് എവിടുന്നാ നേരം''.


''അനു വന്നാല്‍ ഞാനവന്‍റെ കയ്യില്‍ കൊടുത്തയയ്ക്കാം''ഇന്ദിര പറഞ്ഞു ''അതുവരെ എന്താ ചെയ്യാ''.


''ബുദ്ധിമുട്ടാവില്ലെങ്കില്‍ മകള് പഠിക്കാന്‍ പോരുമ്പോള്‍ ഒരു കുപ്പീല് കൊടുത്തയച്ചാ മതി. കുട്ടി ഇറങ്ങുന്നോടത്ത്ചെന്ന് ഞാന്‍ വാങ്ങിച്ചോളാം''.


''എന്താ ബുദ്ധിമുട്ട്. അവള്‍ക്ക് അങ്ങിനെ ഒന്നൂല്യാ''ഇന്ദിര മറുപടി നല്‍കി ''പക്ഷെ അവള് ഒലവക്കോടല്ലേ പഠിക്കിണത്''.


''അത് സാരൂല്യാ. ബൈക്കിലാണെങ്കില്‍ ടൌണിന്ന് ഇതാന്ന് പറയിണ നേരംകൊണ്ട് അവിടെ എത്തും''.


''നോക്കൂ, അനുവും അവളെപോലെതന്ന്യാണ് ട്ടോ''രാമകൃഷ്ണന് മകനെക്കുറിച്ച് പറയാതിരിക്കാനായില്ല''എന്‍റെ കുട്ടി മനസ്സലിവുള്ള ആളാണ് .ആരക്കെങ്കിലും ഒരുവിഷമം വരുണത് കണ്ടാല്‍ അവന്  സഹിക്കില്ല''.


''അത് പറഞ്ഞറിയിക്കണോ. നടന്നനാട്ടില് കാണില്ല അവനേം  അവന്‍റെ കൂട്ടുകാരേയുംപോലീള്ള കുട്ട്യേളെ''ഗോപാലകൃഷ്ണന്‍ നായര്‍ സാക്ഷ്യപത്രം നല്‍കി.


''ഇയാളടെ വീട്ടിന്ന് വന്നശേഷം എനിക്കൊരു പനി പിടിച്ചു. നാല് ദിവസം കിടന്ന കിടപ്പില്‍നിന്ന് ഞാന്‍ എണീറ്റില്ല. അനൂപാണ് മരുന്നും, കഞ്ഞിയും, ബ്രഡ്ഡും കാപ്പിയും ഒക്കെ എത്തിച്ചിരുന്നത്. രണ്ടുനേരൂം വന്ന് വിവരം അന്വേഷിക്കും ചെയ്തിരുന്നു''.


''ഇന്ന് രാവിലെ മുതല്‍ക്ക് അവന്‍റെ കാര്യം ആലോചിച്ച് രാമേട്ടന് ഒരേ സങ്കടം''.


''അതെന്തിനാ''. പുലര്‍ച്ചെ കണ്ട സ്വപ്നത്തിന്‍റെ കാര്യം രാമകൃഷ്ണന്‍ വിവരിച്ചു''അപ്പൊ മുതല്‍ക്ക് എന്തോ മനസ്സില് ഒരു വേവലാതി''.


''എന്തിനാ പേടിക്കണേ. അപ്പഴേക്കും ഞങ്ങള്‍ രണ്ട് വയസ്സന്മാര്‍ ഇവിടെ എത്തീലേ''ഗോപാലകൃഷ്ണന്‍നായര്‍ ആശ്വസിപ്പിച്ചു.


''ഇന്നേവരെ എന്‍റെ ജീവിതത്തില്‍ ദുരിതങ്ങള്‍ മാത്രേ ഉണ്ടായിട്ടുള്ളു. കഷ്ടപ്പാടും പ്രയാസങ്ങളും ഒഴിഞ്ഞ നേരൂല്യാ. അവന്‍ സമ്പാദിക്കാന്‍ തുടങ്ങ്യേപ്പഴാണ് ഒരുനില്‍ക്കക്കള്ളി കിട്ട്യേത്. സത്യംപറഞ്ഞാല്‍ അവന്‍റെ തണലിലാ ഞങ്ങളിപ്പൊ കഴിഞ്ഞുകൂടുണത്''.


''പൊതുവാളേ''ഗോപാലകൃഷ്ണന്‍ നായര്‍ വിളിച്ചു''നോക്കിന്‍ ഒരു രാത്രിക്ക് ഒരുപകലുണ്ട്, ഒരുവേനലിന്ന് ഒരുമഴീണ്ട്, ഒരുകുണ്ടിന്ന് ഒരു കുന്നുണ്ട്. അതുപോലെ ഏത് കഷ്ടകാലത്തിന്നും ഒരു നല്ലകാലം ഉണ്ടാവും. ഒരുകാര്യം നിങ്ങള് രണ്ടാളും ഉറപ്പിച്ചോളിന്‍. ആ കുട്ടിക്ക് എപ്പൊ എന്ത് ആവശ്യം വന്നാലും ഞങ്ങള് രണ്ടാളും അവന്‍റൊപ്പം ഉണ്ടാവും''.


''നിങ്ങളെപ്പോലെ ഉള്ളോരുടെ അനുഗ്രഹം അവനുണ്ട് എന്നറിഞ്ഞാ മതി ഞങ്ങള്‍ക്ക്''.


''അനൂപ് നന്നായി പാടും . എന്‍റെ മകന്‍ ചെന്നേലുണ്ട്. സിനിമക്കാര്വായി അവന് കുറച്ചൊക്കെ പിടിപാടുണ്ട്. ഞങ്ങള്‍ ആ വഴിക്കൊന്ന് ശ്രമിച്ചു നോക്കട്ടെ. ഭാഗ്യൂണ്ടെങ്കില്‍ സമ്പത്തും പേരുംപെരുമയും തേടിവരും''. ഇന്ദിരയുടേയും രാമകൃഷ്ണന്‍റേയും ഹൃദയങ്ങള്‍ നിറഞ്ഞു. ഇരുവരും അറിയാതെ കൈകള്‍ കൂപ്പി.


''എന്നാലിനി ഞങ്ങള്‍ ഇറങ്ങട്ടെ''കൂട്ടുകാര്‍ എഴുന്നേറ്റു.


''കുറച്ച് ചീരീം  പയറും തന്നോട്ടെ''ഇന്ദിര മടിച്ചുമടിച്ചാണ് ചോദിച്ചത്.


''ആയ്ക്കോട്ടെ. ഞങ്ങളും നല്ലത് കഴിച്ചുനോക്കട്ടെ''.


''ഒരു ചേനപ്പൂവുണ്ട്. അതുവേണോ''അടുത്ത ചോദ്യം.


''ചേനപ്പൂവോ''കെ. എസ്. മേനോന്‍ അത്ഭുതം പ്രകടിപ്പിച്ചു.


''എന്താടോ ചേനയ്ക്ക് പൂക്കാന്‍ പാടില്ലാന്നുണ്ടോ. നല്ല സാധനാണ് അത്. മസാലകൂട്ടി കറിവെക്കണം. ഇറച്ചി തോറ്റ് മാറിനില്‍ക്കും''.


''ഇവിടെ വെക്കാറില്ല. ആര്‍ക്കെങ്കിലും കൊടുക്കാറാ പതിവ്''ഇന്ദിര പറഞ്ഞു''കൂനും ചേനപ്പൂവും ഒക്കെ മാംസത്തില്‍പ്പെട്ടതാണെന്നാ     രാമേട്ടന്‍ പറയാറ്''.


''നല്ലത് തിന്നാന്‍ യോഗൂല്യാത്തതോണ്ട് തോന്നുണതാ അത്''.


''പറയുമ്പോലെ ഇന്നലെരാത്രി കൂനിടി വെട്ടീട്ടുണ്ട്. ഞാന്‍ പറമ്പില് കൂന് പൊടിഞ്ഞിട്ടുണ്ടോന്ന് നോക്കീട്ടു വരട്ടെ''ഇന്ദിര പറമ്പിലേക്ക് നടന്നു, കൂട്ടുകാര്‍ തൊടിയിലെ കൃഷികാണാനും. എല്ലാംനോക്കി ഉമ്മറപ്പടവില്‍ രാമകൃഷ്ണന്‍ ഇരുന്നു. ഇന്ദിര ഉടുത്ത മുണ്ടിന്‍റെ മടിക്കുത്ത് നിറയെ കൂനുമായിട്ടാണ് തിരിച്ചെത്തിയത്,


''ധാരാളം കിട്ടി അല്ലേ''ഗോപാലകൃഷ്ണന്‍ നായര്‍ക്ക് സന്തോഷമായി ''വാങ്ങുണ കൂനിന് ഈ രുചികിട്ടില്ല. പാടകളഞ്ഞ് കഴുകീട്ട് ഉള്ളീം മുളകും അരച്ചതും പാകത്തിന് ഉപ്പുംചേര്‍ത്ത് വേവിച്ച് ഇത്തിരി വെളിച്ചെണ്ണ ഒഴിച്ചാ മതി. ചോറ് കൊണ്ടുവാന്ന് അറിയാതെ പറയും''. പ്ലാസ്റ്റിക്ക് കവറുകളില്‍ സാധനങ്ങളാക്കി ഇന്ദിര അവരെ ഏല്‍പ്പിച്ചു.


''അടുത്തപ്രാവശ്യം വരുമ്പൊ കുറച്ച് താളിന്‍റെ തണ്ട് സംഘടിപ്പിച്ചു തരണം'' ഗോപാലകൃഷ്ണന്‍നായര്‍ പറഞ്ഞു''അതു കൂട്ടീട്ട് കുറെ കാലായി''.


''അതിനെന്താ പ്രയാസം. ഞാനിപ്പൊത്തന്നെ കൊണ്ടുവന്ന് തരാലോ'' ഇന്ദിര സന്നദ്ധത അറിയിച്ചു.


''ഇന്ന് വേണ്ടാ. എല്ലാംകൂടി ആയാല്‍ ബുദ്ധിമുട്ടാണ്. ഇനി വരുമ്പൊ മതി''. വിരുന്നുകാര്‍ പടിയിറങ്ങി. ബുള്ളറ്റിന് ജീവന്‍വെച്ചു. അത് മെല്ലെ മുന്നോട്ട് നീങ്ങി.


''ഞങ്ങള് വല്യേ ആള്‍ക്കാരാണ് എന്നഭാവം രണ്ടാള്‍ക്കും ഇല്ലാട്ടോ'' ഇന്ദിര ഭര്‍ത്താവിനോട് പറഞ്ഞു. അത് ശരിവെച്ച് അയാള്‍ മൂളി.


()()()()()()()()()()()()()


''പ്രദീപേ, ഒന്ന് വേഗം വീട്ടിലിക്ക് വാടാ''അപ്രതീക്ഷിതമായി ശെല്‍വന്‍റെ ഫോണ്‍വിളി കേട്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്. രണ്ടുപേരും യാത്ര പറഞ്ഞു പിരിഞ്ഞിട്ട് മണിക്കൂര്‍ ഒന്നായിട്ടില്ല.


''എന്താടാ വിശേഷിച്ച്''അവന്‍ തിരക്കി.


''എനിക്കൊന്നും മനസ്സിലാവിണില്യാ. അച്ഛന്‍ പരിഭ്രമിച്ച മട്ടുണ്ട്. നിന്നെ അര്‍ജന്‍റായിട്ട് കാണണംന്നു പറഞ്ഞു''.


''നേരം ഏഴാവാറായി. നാളെരാവിലെ വന്നാല്‍ പോരേടാ''.


''നീ എങ്ങിനേങ്കിലും ഒന്ന് വാടാ, പ്ലീസ്. അത്രയ്ക്ക് പ്രശ്നൂണ്ട്''. പിന്നെ പ്രദീപ് ഒന്നുംആലോചിച്ചില്ല. ബൈക്ക് സ്റ്റാര്‍ട്ടാക്കുമ്പോള്‍ അമ്മ വന്നു.


''എവിടേക്കാ ഈ രാത്രീല്''അവര്‍ ചോദിച്ചു.


''ശേല്‍വന്‍റെ വീട്ടിലേക്കാ അമ്മേ. അവന്‍റെ അച്ഛന് അത്യാവശ്യായിട്ട്  എന്നോടെന്തോ പറയാനുണ്ടത്രേ. ഞാന്‍ വേഗം തിരിച്ചുവരാം''.


''ശരി, സൂക്ഷിച്ച് പോയി വാ''. പ്രദീപ് എത്തുമ്പോള്‍ ശെല്‍വന്‍റെ അച്ഛന്‍ നിലത്ത് പായ വിരിച്ച് കിടപ്പാണ്.


''എന്തിനാ എന്നെ വിളിച്ചത്'' അവന്‍ ചോദിച്ചു. അയാള്‍ ഒന്നും പറഞ്ഞില്ല. എഴുന്നേറ്റുചെന്ന് ബാഗില്‍നിന്ന് ഒരുകവറെടുത്ത് പ്രദീപിന്‍റെ നേരെ അതു നീട്ടി. അവനത് തുറന്നു.


''ഇത് ഒരു താക്കോലല്ലേ''അവന്‍ ചോദിച്ചു.


''അതെ. ബാങ്കിലെ ലോക്കറിന്‍റ്യാണ്''.


''ഇതെങ്ങിനെ കിട്ടി''.


''അവള് കൊറിയര്‍ അയച്ചു തന്നതാണ്''.


''എന്തിനാ മകളിത് അയച്ചുതന്നത്''.


''ആ, എനിക്കറിയില്ല''.


''ഫോണില്‍ വിളിച്ച് ചോദിക്കായിരുന്നില്ലേ''.


''സ്വിച്ചോഫാണ്. കോളേജില്‍ വിളിച്ചപ്പോള്‍ രണ്ടുദിവസായി വന്നിട്ട് എന്നു പറഞ്ഞു''.


''ബാങ്കില്‍ അന്വേഷിച്ചോ''.


''ഇല്ല''.


''ഇന്നിനി ഒന്നും പറ്റില്ല. നാളെ ഞായറാഴ്ച. മറ്റന്നാള്‍ ബാങ്കില്‍ ചെന്ന് നോക്കാം''അവന്‍ പറഞ്ഞു''കൂട്ടുകാര് ആരുടേങ്കിലും ഫോണ്‍ നമ്പര്‍ അറിയ്യോ''.


''അറിയില്ല''.


''ശരി. എന്താ ചെയ്യാന്‍ പറ്റ്വാന്ന് ആലോചിക്കട്ടെ''. ഇറങ്ങാന്‍നേരം പ്രദീപ് ശെല്‍വനെ വിളിച്ചു.


''നിന്നോടൊരു കാര്യം പറയാനുണ്ട്''ബൈക്കിനടുത്ത് എത്തിയപ്പോള്‍ അവന്‍ പറഞ്ഞു''എന്തോ ഒരു ഫൌള്‍ സ്മെല്‍ അടിക്കിണുണ്ട്. ധൈര്യം വിടരുത്. വരുമ്പോലെ കാണാംന്ന് ഉറപ്പിച്ചോ''.


''അവള് ഞങ്ങളെ പറ്റിച്ച്വോന്ന് എനിക്കും ഒരു സംശയം തോന്നുണുണ്ട്. അങ്ങിന്യാണെങ്കില്‍ ഒരുവെട്ടിന് ഞാന്‍ അവളടെ പണിതീര്‍ക്കും''.


''വിവരക്കേട് പറയാതെടാ. ഇപ്പൊ ഉള്ളത് ഒരുസംശയം മാത്രാണ് . അത് തെറ്റാവാം, ശര്യാവാം. എന്തിനും നീ പറഞ്ഞ വഴി ഒട്ടും ശര്യാല്ല. നീ ജയിലില്‍ പോയാല്‍ അച്ഛനേം അമ്മേം ആര് നോക്കുംന്നാ നിന്‍റെ വിചാരം''.


''ഞാന്‍ പിന്നെ എന്താ ചെയ്യാ''.


''തല്‍ക്കാലം മിണ്ടാതിരി. അച്ഛനും അമ്മയ്ക്കും ധൈര്യംകൊടുക്ക്. ഞാന്‍ പറഞ്ഞില്ലേ, പിന്നെ എല്ലാം വരുമ്പോലെ കാണാം''. 


ബൈക്ക് വളവ് കഴിഞ്ഞ് മറയുന്നതുംനോക്കി ശെല്‍വന്‍ നിന്നു. പെട്ടെന്ന് അവന്‍റെ കണ്ണുനിറഞ്ഞു. അവന്‍ വിമ്മികരയാന്‍ തുടങ്ങി.


അദ്ധ്യായം - 42.


ഞായറാഴ്ചകളില്‍ അനിരുദ്ധന്‍ വളരെ വൈകിയാണ് എഴുന്നേല്‍ക്കാറ്. ഉണര്‍ന്നാലും കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് കുറെനേരംകൂടി കിടക്കും. കുട്ടിക്കും സന്തോഷമുള്ള കാര്യമാണ് അത്. അയാള്‍ വാച്ചില്‍ നോക്കി. എട്ടുമണി കഴിഞ്ഞിരിക്കുന്നു. വേഗം എഴുന്നേറ്റു.


കുഞ്ഞിനെ നോക്കിക്കൊണ്ടിരിക്കാന്‍ മോഹം തോന്നി. അയാള്‍ കട്ടിലില്‍ പടിഞ്ഞിരുന്നു. വെളുത്ത് സുന്ദരിയാണ് മകള്‍. ആരുകണ്ടാലും അവളെ ഒന്നുനോക്കും. 


''അച്ഛനെ കണ്ടാല്‍ മകളെ കാണണ്ടാ. അത്രയ്ക്ക് ഛായ ഉണ്ട് രണ്ടാള്‍ക്കും'' എന്ന് എല്ലാവരും പറയും. അതുകേള്‍ക്കുമ്പോള്‍ രാധികയ്ക്ക് ഉണ്ടാവുന്ന സന്തോഷം പറയാനാവില്ല.


''എന്‍റെ അനിയേട്ടാ. നേരം എത്രയായി എന്നറിയ്യോ. എണീക്കൂന്നേ'' രാധിക അടുക്കളയില്‍നിന്ന് വിളിച്ചു.


''ഞാന്‍ എപ്പഴോ എണീറ്റൂ''എന്ന് പറഞ്ഞുവെങ്കിലും അയാള്‍ ഇരിപ്പു തുടര്‍ന്നു.


''ഇതെന്താ ഇന്ന് എണീറ്റതും മകളെ നോക്കിക്കൊണ്ട് ഇരിക്കുന്ന്''രാധിക അനിരുദ്ധന്‍റെ തോളില്‍ കൈവെച്ചു''ഇന്നലെ മുത്തശ്ശനും ഇവിടെ വന്നിട്ട് പോണതുവരെ കണ്ണിന്‍റെ ഇമകൂട്ടാതെ അവളെത്തന്നെ നോക്കിയിരുന്നു. നൂറുകൂട്ടം തിരക്കുകള്‍ ഉണ്ടെങ്കിലും മുത്തശ്ശന്‍ ഇടയ്ക്കിടെ ഇവിടേക്ക് ഓടിയെത്തുണത് എന്തിനാന്ന് അറിയ്യോ. പേരക്കുട്ടിടെ ചന്തംകാണാനാ''.


''ഈശ്വരന്‍ സഹായിച്ച് നമ്മടെ കുടുംബത്തിലെ ഒരാളുടേയും കോലം ഇവള്‍ക്ക് കിട്ടീട്ടില്ല. മകള് അച്ഛന്‍റെ അതേ അച്ചില് ഉണ്ടാക്ക്യേതാ''എന്ന് അദ്ദേഹം പറയുന്നത് പലപ്പോഴും താന്‍ കേട്ടിട്ടുണ്ട്.


''അച്ഛന്‍ എപ്പഴാ വന്നത്''അനിരുദ്ധന്‍ ചോദിച്ചു. അച്ഛന്‍റെ വിവരങ്ങള്‍ അന്വേഷിച്ചില്ലെന്നു വേണ്ടാ.


''ഉച്ചയ്ക്ക് ഊണുകഴിഞ്ഞതും വന്നു. ആറു മണിക്കാണ് പിന്നെ പോയത്''. രാധിക അനിരുദ്ധന്‍റെ അരികിലിരുന്നു''ഇന്നലെ വന്നപ്പൊ അച്ഛന്‍ ഒരു കാര്യം പറഞ്ഞു''.


''ങും''അയാള്‍ ഭാര്യയെ നോക്കി.


''മിനിഞ്ഞാന്ന് അച്ഛന്‍ വക്കീലിനെ കണ്ടിട്ട് എറണാകുളത്തുന്ന് വരുമ്പൊ തൃശൂരിനടുത്തുവെച്ച് അനിയേട്ടന്‍ മഴയുംകൊണ്ട് ഏതോഒരു ചെക്കന്‍റെ പിന്നാലെ ബൈക്കില്‍ പോണത് കണ്ട്വോത്രേ. ഈ പണിക്ക് എന്തിനാ അനി നില്‍ക്കുണ് എന്ന് എന്നോട് ചോദിച്ചു''. 


ഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനിയിലെ അസിസ്റ്റന്‍റ് മാനേജര്‍ എന്നത് അത്ര വലിയ പദവിയൊന്നുമല്ല. കാറ്റും വെയിലും മഴയും വകവെക്കാതെ അലഞ്ഞു നടക്കേണ്ട പണിയാണത്. മേലുദ്യോഗസ്ഥന്മാരെ പ്രീണിപ്പിച്ചും കീഴിലുള്ള റെപ്രസന്‍റേറ്റീവുമാരെ പിണക്കാതേയും, ഞാണിന്മേല്‍ കളിക്കാരനെപ്പോലെ കഴിയണം. എന്നാലും ജോലിസ്ഥിരത എന്നൊന്നില്ല. കച്ചവടത്തില്‍ നേരിയ കുറവ് വന്നാല്‍ മതി, ഉദ്യോഗം തെറിക്കും.


''ബുദ്ധിമുട്ടാതെ ജീവിക്കാന്‍ കഴിയില്ലല്ലോ''.


''ഈ ജോലി വേണ്ടാന്നുവെക്കാന്‍ എത്ര പ്രാവശ്യായി അച്ഛന്‍ പറയിണു. ജ്വല്ലറിയും, ടെക്സ്റ്റൈല്‍ ഷോപ്പും, എസ്റ്റേറ്റും, കൃഷീം ഒക്കെക്കൂടി അച്ഛന് നോക്കാന്‍ വയ്യാണ്ടായിട്ടുണ്ട്. ഇതിനൊക്കെ പുറമെ എന്നും തലവേദന ഉണ്ടാക്കാനായിട്ട് ഒരുബസ്സ് കമ്പിനീം. അനിയേട്ടന് ഏതെങ്കിലും ഒന്ന് നോക്കി നടത്തിക്കൂടേ''. അല്ലെങ്കിലേ ഭാര്യവീട്ടുകാര്‍ക്ക് തന്നെ തീരെ മതിപ്പില്ല. ഇനി അവരുടെ ശമ്പളക്കാരന്‍കൂടി ആയാലോ. ആ അവസ്ഥ എന്തായിരിക്കും?


''എന്താ ഒന്നും പറയാത്തത്''രാധിക തിരക്കി.


''അതിനെന്താ വിരോധം. എപ്പൊ വേണമെങ്കിലും ആവാലോ''അയാള്‍ പറഞ്ഞു. വെറുതെ എന്തിനാണ് ഭാര്യയെ വിഷമിപ്പിക്കുന്നത്.


''ഇതന്നെ എല്ലായ്പ്പോഴും പറയാറ്. ഇന്നലെ ഞങ്ങളൊരു പുതിയ പ്ലാന്‍ ഇട്ടിട്ടുണ്ട്''. എന്തെന്ന് ചോദിക്കാന്‍ നിന്നില്ല. കുഞ്ഞിന്‍റെ കവിളിലൊരു ഉമ്മ കൊടുത്ത് അനിരുദ്ധന്‍ എഴുന്നേറ്റു. ദിനചര്യകള്‍ കഴിഞ്ഞ് പത്രവും ചായയുമായി സെറ്റിയില്‍ ഇരുന്നു. എപ്പോഴും സപ്ലിമെന്‍റ് ഷീറ്റാണ് ആദ്യം നോക്കാറ്. ഒരു ഓടിച്ചുനോക്കല്‍. വാര്‍ത്തകള്‍ വിസ്തരിച്ച് വായിക്കണം.


ഗെയിറ്റ് തുറക്കുന്ന ശബ്ദംകേട്ടു. ഭിക്ഷക്കാര്‍ വല്ലവരും ആയിരിക്കും. കയ്യിലൊരു ഭാണ്ഡവുമായി നേരം വെളുക്കുമ്പോഴേക്കും അവരെത്തും. ഈയിടെയായി ഭിക്ഷ യാചിക്കാന്‍ ഗ്രാമങ്ങളില്‍നിന്ന് എത്തുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ കണ്ണില്‍പെട്ടതൊക്കെ എടുത്ത് സ്ഥലം വിടുന്നവരും അവരിലുണ്ട്. ജനലിലൂടെ വെളിയിലേക്ക് നോക്കി. രവീന്ദ്രനാഥാണ് വരുന്നത്. ഒരു പഴയസുഹൃത്താണ് അയാള്‍. ഏതാണ്ട് ഒരേ സമയത്താണ് രണ്ടു പേരും മെഡിക്കല്‍ റെപ്രസന്‍റേറ്റീവ് ആയി ജോലിയില്‍ കയറുന്നത്. എ. ബി. എം ആയി പ്രമോഷന്‍ ലഭിച്ചശേഷവും ഇടയ്ക്കൊക്കെ കണ്ടുമുട്ടാറുണ്ട്. കുറച്ചുദിവസം മുമ്പ് രവിയുടെ ജോലി നഷ്ടപ്പെട്ടതായി പറഞ്ഞുകേട്ടു. ഇപ്പോള്‍ എന്താണ് ചെയ്യുന്നത് എന്നറിയില്ല. വേറെ വല്ലകമ്പിനിയിലും കയറി പറ്റിയിട്ടുണ്ടാവും .


''വരൂ സാറേ''അനിരുദ്ധന്‍ ഉപചാരപൂര്‍വ്വം അതിഥിയെ എതിരേറ്റു ''വീട് കണ്ടെത്താന്‍ പ്രയാസായോ''.


''ഏയ്, ഒട്ടും ബുദ്ധിമുട്ടീല്ല''അയാള്‍ പറഞ്ഞു''നമ്മടെ പഴയ മോഹനന്‍ സാറാണ് സാറിന്‍റെ വീട് പറഞ്ഞു തന്നത്''. 


രവി വളരെയേറെ ക്ഷീണിതനായിട്ടാണ് കാണപ്പെട്ടത്. മോഹനന്‍ സാര്‍ എ.ബി.എം ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെകൂടെ രണ്ടുപേരും ജോലിചെയ്തിട്ടുണ്ട്. റീജിയണല്‍ മാനേജരും, സെയില്‍സ് മാനേജരും, കമ്പിനിയുടെ വൈസ് പ്രസിഡണ്ടും ഒക്കെയായി ശോഭിച്ച ആളാണ് ആദ്ദേഹം. ഇപ്പോള്‍ ജോലി അവസാനിപ്പിച്ച് വിശ്രമജീവിതത്തിലാണ്.


''ടൌണിന്‍റെ നടുവിലായതോണ്ട് വീടിന് നല്ലവാടകീണ്ടാവും അല്ലേ''രവി ചോദിച്ചു. ഭാര്യാപിതാവ് മകളുടെപേരില്‍ വാങ്ങിയ വീടാണ് ഇതെന്ന് എങ്ങിനെയാണ് പറയുക.


''സ്വന്തം വീടാണ്''എന്നുമാത്രം പറഞ്ഞു.


''ഭാഗ്യവാന്‍. പറഞ്ഞുകേട്ടതൊക്കെ ശരിയാണെന്ന് ഇപ്പൊ എനിക്കു മനസ്സിലായി. ഈശ്വരന്‍ എന്നും തനിക്ക് നല്ലതുവരുത്തട്ടെ''.


സംഭാഷണം മാര്‍ക്കറ്റിനെക്കുറിച്ചായി. നിത്യേന പുതിയ കമ്പിനികള്‍ രംഗത്ത് എത്തുന്നുണ്ട്. കയറിപ്പറ്റാന്‍ അവര്‍ പാടുപെടുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ് നിലവിലുള്ളവര്‍.


''ഈ കണക്കിന്ന് പോയാല്‍ ഇതെവിടെ ചെന്നെത്തും''രവിയ്ക്ക് അതാണ് വിഷമം.


''അതൊന്നും സാരൂല്യാ സാറേ''അനിരുദ്ധന്‍ പറഞ്ഞു''മനുഷ്യര്‍ ഉള്ള കാലത്തോളം രോഗങ്ങളുണ്ടാവും. അതു മാറാന്‍ മരുന്നുകള്‍ വേണം. പിന്നെന്തിനാ പേടിക്കിണത്''.


''നിങ്ങള്‍ക്ക് പേടിക്കാനില്ല. ജോലിവേണ്ടെന്ന് വെച്ചാലും കഴിഞ്ഞു കൂടാന്‍ ബുദ്ധിമുട്ട് വരില്ലല്ലോ. എല്ലാവര്‍ക്കും അതുപോലാണോ''. അടുക്കളയില്‍നിന്ന് രാധിക വിളിച്ചു. ഭക്ഷണം ആയിട്ടുണ്ട്. നേരം ഇപ്പോള്‍തന്നെ  വൈകി.


''വരൂ സാറേ. ആഹാരം കഴിക്കാം''അനിരുദ്ധന്‍ ക്ഷണിച്ചു.


''വേണ്ടാ, നിങ്ങള്‍ കഴിച്ചിട്ടു വരൂ''എന്ന് രവി പറഞ്ഞുവെങ്കിലും അനിരുദ്ധന്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ ഒപ്പംചെന്നു. വെള്ളേപ്പവും സ്റ്റൂവും, പുട്ടും കടലക്കറിയും, നേന്ത്രപ്പഴം പുഴുങ്ങിയതും, ഉഴുന്നു വടയും മേശപ്പുറത്ത് നിരന്നിട്ടുണ്ട്. രാധികയ്ക്ക് എന്തെങ്കിലും രണ്ട് വിഭവങ്ങളെങ്കിലും വേണം. അതാണ് അവളുടെ ശീലം. ഭാഗ്യത്തിന് നല്ല കൈപ്പുണ്യമുള്ള വേലക്കാരിയാണ് ഇപ്പോഴുള്ളത്.


''സാറിനോട് ഒരുസഹായം ചോദിക്കാനാണ് ഞാന്‍ വന്നത്''ഭക്ഷണം കഴിക്കുന്നതിന്നിടെ രവി പറഞ്ഞു.


''എന്താ സാറേ''അനിരുദ്ധന്‍ ചോദിച്ചു. രവീന്ദ്രന്‍റെ വരവിന്‍റെ പിന്നില്‍ എന്തോ കാര്യമുണ്ടെന്ന് നേരത്തെതന്നെ തോന്നിയിരുന്നു.


''എന്‍റെ ജോലി പോയി''രവീന്ദ്രന്‍ പറഞ്ഞു.


''എന്താ സെയില് കുറഞ്ഞ്വോ?''.


''ഏ, അതൊന്ന്വൊല്ല. പുതിയ ആര്‍.എം. ചാര്‍ജ്ജെടുക്കുന്നതുവരെ ഒരു കുഴപ്പൂം ഉണ്ടായിരുന്നില്ല''രവി പറഞ്ഞു''ആ ചങ്ങാതി പ്രത്യേകതരം ആളാണ്. കീഴുദ്യോഗസ്ഥന്മാരെക്കുറിച്ച് ഇല്ലാത്ത കുറ്റവുംകുറവുകളും മേലധികാരികളോട് പറഞ്ഞ് സ്വയംകേമനാവുന്ന ഒരു സ്വഭാവക്കാരന്‍. എനിക്ക് ഫ്ലുവന്‍റായി ഇംഗ്ലീഷ് സംസാരിക്കാനാവില്ല, പ്രോഡക്റ്റ് നോളേജ് പോരാ, പേഴ്സനാലിറ്റി കമ്മി എന്നൊക്കെ പറഞ്ഞുകൊടുത്ത് എന്നെ ഒഴിവാക്കിച്ചതാണ്''.


''എപ്പഴാ സംഭവം''.


''കുറച്ചായി''അയാള്‍ പറഞ്ഞുതുടങ്ങി.


കമ്പിനിയില്‍നിന്ന് പിരിഞ്ഞുപോകണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഒരുമാസത്തെ മുന്‍കൂര്‍ നോട്ടീസ് ഫെബ്രുവരിയിലാണ് കിട്ടിയത്. അന്ന് വലിയ മനപ്രയാസമൊന്നും തോന്നിയില്ല. ഈ തൊഴിലില്‍ പിരിച്ചുവിടല്‍ അസാധാരണമായ സംഭവമൊന്നും അല്ലല്ലോ. അധികംവൈകാതെ മറ്റൊരു കമ്പിനിയില്‍ കയറികൂടാമെന്നായിരുന്നു കണക്ക് കൂട്ടല്‍. മരിച്ചുപോയ പെങ്ങളുടെ ഏക മകന്‍ ഞങ്ങളുടെ കൂടെയുണ്ട്. എസ്.എസ്.എല്‍. സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മരുമകനെ പഠിപ്പിക്കാന്‍ വേണ്ടി ലീവെടുത്തതാണെന്നു പറഞ്ഞ് കുറച്ചുദിവസം കഴിച്ചുകൂട്ടി. ജോലി നഷ്ടപ്പെട്ട വിവരം അറിയിച്ച് വീട്ടിലുള്ളവരെ വിഷമിപ്പിക്കരുതല്ലോ. മരുമകന്‍റെ പരീക്ഷ കഴിയുമ്പോഴേക്ക് വേറെ എന്തെങ്കിലും ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. നാലഞ്ചുമാസം കഴിഞ്ഞു. ഒന്നും ആയില്ല .


''വേറെ കമ്പിനികളിലൊന്നും ശ്രമിച്ചുനോക്കിയില്ലേ''.


''ശ്രമിക്കാഞ്ഞിട്ടല്ല. ഏഴെട്ട് കമ്പിനികളില്‍ ഇന്‍റര്‍വ്യു കഴിഞ്ഞു. ചിലര് എടുത്തില്ല. വേറെചിലര്‍ സെലക്ട്ചെയ്തു. പക്ഷെ അതൊന്നും ഹോം ഡിസ്ട്രിക്ടില്‍ അല്ല. എനിക്കാണെങ്കില്‍ സുഖമില്ലാത്ത ഭാര്യയെ വിട്ട് ദൂരെപോവാനും പറ്റില്ല. പിന്നെ പഴയകാലം മാതിരിയാണോ. ബി.ഫാം. കാരും എം.ബി.എ. ക്കാരും ഇഷ്ടംപോലെ ഈ തൊഴിലിന്ന് വരാന്‍ തുടങ്ങീല്ലേ. അപ്പൊ നമ്മളെപ്പോലെ ഉള്ളവര്‍ക്ക് ചാന്‍സ് കിട്ട്വോ''.


രവീന്ദ്രന്‍റെ വിഷമം അനിരുദ്ധന് മനസ്സിലായി. എന്താണ് വേണ്ടതെന്ന് അയാള്‍ പറയുന്നില്ല.


''എന്താ ഞാന്‍ ചെയ്യേണ്ടത്''അനിരുദ്ധന്‍ ചോദിച്ചു.


''വരുമാനം നിന്നതോടെ അല്‍പ്പസ്വല്‍പ്പം കയ്യിരിപ്പുള്ളതോണ്ട് ഇതുവരെ കഴിഞ്ഞു. ഇനി പിടിച്ചുനില്‍ക്കാനാവില്ല. സാറ് എന്തെങ്കിലും ഒരു പണി സംഘടിപ്പിച്ചു തരണം''.


''ഞാനോ?''അത്ഭുതമാണ് തോന്നിയത്.


''ഇപ്പോഴത്തെ ചുറ്റുപാടില്‍ സാറിന് അതൊരു ബുദ്ധിമുട്ടാവില്ല. എനിക്ക് ഒരു സഹായം ആവും ചെയ്യും. നിങ്ങളുടെ ഏതെങ്കിലും സ്ഥാപനത്തില്‍ തല്‍ക്കാലം ഒരു ജോലിതന്ന് എന്നെ സഹായിക്കണം''. എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ അനിരുദ്ധന്‍ കുഴങ്ങി. അപ്പോഴാണ് രാധിക ഇടപെട്ടത്.


''അനിയേട്ടന്‍റെ പേരില് നമ്മള് തുടങ്ങാന്‍പോണ ഫാര്‍മസ്യൂട്ടിക്കല്‍ ഡിസ്ട്രിബ്യൂഷനിലേക്ക് നല്ലൊരു മാനേജരെ നോക്കണംന്ന് ഇന്നലെ    അച്ഛന്‍ പറഞ്ഞിരുന്നു. സാറിന് അത് മതീച്ചാല്‍ കൊടുക്കാം അല്ലേ''.


ഇന്നലെ അച്ഛന്‍ പുതിയപ്ലാന്‍ ഉണ്ടാക്കി എന്ന് രാധിക നേരത്തെ പറഞ്ഞത് ഇതാണല്ലേ. അയാള്‍ എന്തെങ്കിലും പറയുംമുമ്പ് ഭാര്യതന്നെ ബാക്കികൂടി പറഞ്ഞു.


''അനിയേട്ടന് പരിചയമുള്ള ഫീല്‍ഡ് ആയതോണ്ട് തുടങ്ങുന്നതാണ്. പണി മുഴുവനാവാത്ത ഒരുകെട്ടിടം വാങ്ങീട്ടുണ്ട്. അത് ശരിയാക്കി കര്‍ക്കിടകം കഴിഞ്ഞ ഉടനെ ആരംഭിക്കണംഎന്നാ ഉദ്ദേശം. സാറിന് ഇഷ്ടമാണെങ്കില്‍ അനിയേട്ടന്‍റെ അടുത്ത് മൊബൈല്‍ നമ്പര്‍ കൊടുക്കു എന്നിട്ട് നല്ലദിവസം നോക്കി ജോലിക്കുചേരാന്‍ പാകത്തില്‍ വിളിക്കൂ''.


അനിരുദ്ധന്‍ നിര്‍വ്വികാരനായി അങ്ങിനെത്തന്നെയിരുന്നു. രവീന്ദ്രന്‍റെ കണ്ണുകള്‍ നിറഞ്ഞത് അയാള്‍ കണ്ടില്ല.


അദ്ധ്യായം - 43.


''എന്താ രാധൂ ഇതിന്‍റ്യോക്കെ അര്‍ത്ഥം''രവീന്ദ്രന്‍ പോയിക്കഴിഞ്ഞതും അനിരുദ്ധന്‍ ഭാര്യയോട് ചോദിച്ചു.


''ഏതിന്‍റെ. അന്യേട്ടന്‍ ഉദ്ദേശിച്ചത് എന്താന്ന് പറയൂ''.


''ഫാര്‍മസ്യൂട്ടിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ തുടങ്ങുണ കാര്യംതന്നെ''


''അതോ. ഇന്നലെ അച്ഛന്‍ വന്നപ്പൊ പുതിയൊരു പ്ലാനിട്ടൂന്ന് ഞാന്‍ പറഞ്ഞില്ലേ. അത് ഇതാണ്. മുഴുവന്‍ കേള്‍ക്കിണതിന്നുമുമ്പ് എണീറ്റ് പോയതോണ്ടാ ബാക്കി പറയാന്‍ പറ്റാഞ്ഞത്''.


''അതെനിക്ക് മനസ്സിലായി. എന്തിനാ ഇങ്ങിന്യോക്കെ ചെയ്യുണത് എന്നാ എനിക്ക് അറിയാത്തത്''.


''കാര്യൂണ്ട്. വീട്ടിലെ കാര്യങ്ങളുടെ പോക്ക് ശരിയായ വഴിക്കല്ല എന്ന് അച്ഛനൊരു തോന്നല്‍. അതോണ്ട് അച്ഛന്‍ മുന്‍കൂട്ടി ഓരോന്ന് ചെയ്യാണ്''.


''എനിക്ക് മനസ്സിലാവിണ വിധത്തില്‍ പറയൂ''.


''എന്നാ അന്യേട്ടന്‍ കേട്ടോളൂ. അല്‍പ്പം ക്ഷമയോടെ ഇരിക്കണംട്ടോ''എന്ന മുഖവുരയോടെ രാധിക ആരംഭിച്ചു. 


വല്യേട്ടന്‍ എന്തെങ്കിലും ഏടാകൂടത്തില്‍ചെന്നു ചാടുംന്ന് അച്ഛനൊരു പേടി. കൂടേള്ള ചങ്ങാതിമാരുടെ കൂട്ടംകേട്ട് ഇപ്പോ സിനിമ പിടിക്കണം എന്നു പറഞ്ഞ് ഇറങ്ങീരിക്ക്യാണത്രേ. അച്ഛനോട് ആ കാര്യം നേരിട്ടു പറയാനൊട്ട് ധൈര്യൂം  ഇല്ല. ഏടത്ത്യേമ്മടെ അടുത്ത് ഏട്ടന്‍ ആ മോഹം പറഞ്ഞ് അവരില്‍നിന്ന് അമ്മ അതറിഞ്ഞ് അച്ഛന്‍റെ ചെവീലെത്ത്യേതാ. ഏട്ടന്‍റെ മനസ്സില്‍ ഒന്നാന്തരം കഥീണ്ടത്രേ. അതുവെച്ച് പടമെടുത്താല്‍ സൂപ്പര്‍ഹിറ്റാവും ഇഷ്ടംപോലെ കാശ് വാരിക്കൂട്ടാം എന്നൊക്ക്യാണ് ഏട്ടന്‍റെ പറച്ചില്.


അനിരുദ്ധന്ന് ചിരി വന്നു. അളിയന്‍റെ ഒരുകാര്യം. ഓരോ സമയത്ത് ആ കക്ഷിക്ക് ഓരോതരത്തിലുള്ള തോന്നലുകളാണ്. നല്ലൊരു മ്യൂസിക്ക് ട്രൂപ്പ് ഉണ്ടാക്കണം എന്നായിരുന്നു ഇതിനുമുമ്പ് ഉണ്ടായിരുന്ന മോഹം. നാട്ടില്‍ സെവന്‍സ്ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് നടത്തി കുറെയധികം പണം കളഞ്ഞ ചരിത്രവുമുണ്ട്.


''എന്നിട്ട് അച്ഛന്‍ സമ്മതിച്ചോ''അയാള്‍ ചോദിച്ചു.


''നല്ല കഥ. എന്‍റെ അച്ഛനല്ലേ ആള്? സിനിമ്യാല്ല എന്ത് തേങ്ങാക്കുല വേണം എന്നുവെച്ചാലും ആയിക്കോ, പക്ഷെ മുടക്കിയ പണം തിരിച്ചു കിട്ടുംന്ന് ഉറപ്പുള്ള ഏര്‍പ്പാടിനല്ലാതെ ഒന്നിനും പണം മുടക്കാന്‍ എന്നെ കിട്ടില്ലാന്ന്   അച്ഛന്‍ പറഞ്ഞു. കൈവിട്ടകളിക്കൊന്നും മൂപ്പരെ കിട്ടില്ല''.


''അതുശരി. പക്ഷെ അതും ഇതും തമ്മില്‍ എന്താ ബന്ധം''.


''ബന്ധൂണ്ടല്ലോ. അച്ഛന്‍ പാര്‍ട്ടീഷന്‍ നടത്താന്‍ പോവ്വാണ്. ജ്വല്ലറിയും, തുണിഷോപ്പും ഇപ്പൊത്തന്നെ എന്‍റെപേരിലാണ്. ഈ വീടും നാട്ടിലെ ലൈന്‍ബില്‍ഡിങ്ങും തറവാടും എനിക്കുതരും. ബാങ്കിന് വാടകയ്ക്ക് കൊടുത്ത കെട്ടിടംകൂടി എനിക്ക് തരുംന്ന് തോന്നുണു''. അനിരുദ്ധന്‍ ഒന്നുംപറഞ്ഞില്ല. അയാള്‍ ഭാര്യപറയുന്നത് ശ്രദ്ധിച്ചങ്ങിനെയിരുന്നു.


''ബസ്സുകള്‍ക്ക് എന്‍റെ പേരാണെങ്കിലും അവയുടെ ആര്‍.സി. അച്ഛന്‍റെ പേരിലാണ്. എപ്പോഴെങ്കിലും വല്ല തട്ടോ മുട്ടോ ഉണ്ടായി കേസ്സായാല്‍ എനിക്ക് ബുദ്ധിമുട്ടാവരുത് എന്നുവെച്ച് അന്നങ്ങിനെ ചെയ്തതാണ്. അതൊക്കെ എന്താ ചെയ്യേണ്ടത്ന്ന് നിശ്ചയിച്ചിട്ടില്ല''രാധിക തുടര്‍ന്നു.


''സാമില്ലും, പേട്ട നില്‍ക്കിണ സ്ഥലവും രണ്ട് റബ്ബര്‍ എസ്റ്റേറ്റുകളും വലിയേട്ടന്. പുതുതായി ഒരു വീടും ഉണ്ടാക്കി കൊടുക്കും. പക്ഷെ വസ്തുക്കള്‍ മക്കളടെ പേരിലാണ് എഴുതിവെക്കുക. ആ കുട്ടികള് മേജറാവാതെ ഏട്ടന് ഒരുസാധനൂം വില്‍ക്കാന്‍ പറ്റില്ല''.


''അതു നന്നായി. അല്ലെങ്കില്‍ അയാളത് കളഞ്ഞുകുളിക്കും, കുട്ട്യേളടെ കാര്യം അധോഗതി ആവുംന്ന് ഇപ്പഴേ ആള്‍ക്കാര് പറയിണുണ്ട്''.


''അതന്യാ കാരണം. ചെറ്യേട്ടന് അബ്കാരി ബിസിനസ്സും ഫിനാന്‍സ് കമ്പിനിയും ടൌണില്‍ ഒരുവീടും. കൃഷി മതി, എസ്റ്റേറ്റ് വേണ്ടാ എന്ന് മൂപ്പര് അമ്മയോട് പറഞ്ഞിരിക്കുന്നു. ഓവര്‍ ബ്രിഡ്ജ്ജ് വരുമ്പോള്‍ അപ്രോച്ച് റോഡ് ആ സ്ഥലത്തിന്‍റെ അടുത്തുകൂട്യാണ് വര്വാ. പിന്നെ  ഭൂമിക്ക് പറഞ്ഞ വിലകിട്ടും. ആ കണക്കുകൂട്ടലിലാ ഏട്ടന്‍''.


''ഞാന്‍ ചോദിച്ചതിനല്ലല്ലോ രാധിക മറുപടി പറയിണത് ''.


''അതൊക്കെ പറയാന്നേ, ഇപ്പൊ അച്ഛന്‍ പുതുതായി വാങ്ങിണകെട്ടിടം അന്യേട്ടന്‍റെ പേരിലാണ്. പക്ഷെ ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിണത് നമ്മള് രണ്ടാളുടേംപേരിലാവും. ടാക്സ് ലാഭംകിട്ടാന്‍ അങ്ങിനെ വേണോത്രേ''.


''എന്തിനാ എന്‍റെ പേരില് തുടങ്ങുണത് എന്നാ ചോദിച്ചത്. ഞാന്‍ വല്ലതും ആവശ്യപ്പെട്ടിട്ടുണ്ടോ''.


''ഇല്ല. അതന്നെ കാരണം''.


''എന്നുവെച്ചാല്‍''.


''അച്ഛന്‍ എന്താ പറഞ്ഞത് എന്ന് അന്യേട്ടന്‍ അറിയ്യോ. ഉള്ളദിക്കിലെ പെണ്‍കുട്ട്യേ കെട്ടുണവന്‍ കഴുത്തില് താലി കെട്ട്യേ നിമിഷംമുതല്‍ കിട്ടാവുന്നതൊക്കെ ചുരണ്ടി സ്വന്തം വീട്ടിലിക്ക് കടത്താന്‍ നോക്കും.     എന്‍റെ മരുമകന്‍ തീരെ പാവാണ്. ഇന്നേവരെ അവന്‍ ഒറ്റ പൈസ എന്‍റടുത്ത് ചോദിച്ചിട്ടില്ല. മനസ്സറിഞ്ഞ് അവനെന്തെങ്കിലും ഞാന്‍ കൊടുത്തില്ലെങ്കില്‍ പിന്നീട് മനസ്സാക്ഷിക്കുത്തുണ്ടാവുംന്നാ അച്ഛന്‍റെ മനസ്സില്''.


അനിരുദ്ധന്‍ മനസ്സില്‍ ചില കൂട്ടിക്കിഴിക്കലുകള്‍ നടത്തി. വിലയ്ക്ക് വാങ്ങിയ ഒരു അടിമയായിട്ടല്ല തന്നെ കാണുന്നത് എന്നതില്‍ അയാള്‍ ആശ്വസിച്ചു. എന്നാലും വേണ്ടപ്പെട്ടവരെ തികച്ചും അന്യരായിട്ടാണ് രാധികയും വീട്ടുകാരും കണക്കാക്കുന്നത് എന്നദുഃഖം മനസ്സിനകത്ത് അവശേഷിക്കുന്നു.


''എന്താ അനിയേട്ടാ ഇത്ര വലിയ ആലോചന''രാധികയുടെ സ്വരം അയാളെ ചിന്തകളില്‍നിന്ന് അകറ്റി''വീതംവെച്ചത് പോരാന്ന് തോന്നുന്നുണ്ടോ. ഇനി വേറെ എന്തെങ്കിലും വേണോ''.


''വേണം''അയാള്‍ അറിയാതെ പറഞ്ഞു.


''എന്താ വേണ്ടത്ച്ചാല്‍ പറയൂ. കിട്ടുമ്പോഴേ കിട്ടുള്ളു''.


''ഈ പറഞ്ഞ സ്വത്തൊന്നും ഒരിക്കലും ഞാന്‍ മോഹിച്ചിട്ടില്ല. ഇതൊന്നും കിട്ടീലെങ്കിലും രാധികയെ എനിക്ക് ജീവനാണ്. നമ്മടെ കല്യാണത്തിന്‍റെ സമയത്ത് ഞങ്ങളുടെ കഷ്ടപ്പാട് അമ്മ ബ്രോക്കറോട് പറഞ്ഞിരുന്നു. ഞങ്ങള്‍ ചോദിക്കാതെ തന്നെ രാധൂന്‍റെ അച്ഛന്‍ എല്ലാകാര്യങ്ങളും നടത്തിത്തന്നു. അതിന്‍റെ നന്ദി എന്നും എന്‍റെ മനസ്സിലുണ്ട്''അയാള്‍ പറഞ്ഞു എങ്കിലും ഒരു മോഹം ഉള്ളിലുണ്ട്. വേണച്ചാല്‍ അതെന്‍റെ ഒരപേക്ഷയാണെന്ന് രാധു കൂട്ടിക്കോളൂ.  എനിക്ക് വയസ്സായ അമ്മീണ്ട്, കൂടപ്പിറപ്പുകളും, വേണ്ടപ്പെട്ടോരും ഉണ്ട്. രാധിക അവരെ അന്യരായി കാണരുത്. എനിക്കതു മാത്രംമതി''.


ആ വാക്കുകള്‍ രാധികയുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. പാവം അനിയേട്ടന്‍. ആരേയും അറിയിക്കാതെ ഇങ്ങിനെയൊരു ദുഃഖം ഇത്രകാലം ആ മനസ്സില്‍ കൊണ്ടുനടക്കുകയായിരുന്നു. ഒരിക്കലും അറിഞ്ഞുകൊണ്ട് അദ്ദേഹത്തിന്‍റെ ബന്ധുക്കളെ അവഗണിച്ചിട്ടില്ല. എന്തുകൊണ്ടോ അവരോട് അടുക്കാന്‍ കഴിഞ്ഞില്ല. വളര്‍ന്ന ചുറ്റുപാടില്‍നിന്ന് വ്യത്യസ്തമായ കുടുംബാന്തരീക്ഷമായതിനാലാവാം അങ്ങിനെ സംഭവിച്ചത്.


''എനിക്ക് ഈ മനസ്സ് കാണാന്‍ കഴിഞ്ഞില്ല. ഇതേവരെ എന്നോടൊട്ടു പറഞ്ഞതുമില്ല''രാധികയുടെ ശബ്ദം ഇടറി ''എനിക്കെന്‍റെ അന്യേട്ടന്‍റെ സന്തോഷാണ് വലുത്. എന്‍റെ ഭാഗത്തുന്ന് അങ്ങിനെ ഒരുവീഴ്ച ഇനി ഉണ്ടാവില്ല''അവള്‍ അയാളുടെ തോളില്‍ തലചായ്ച്ചു.


()()()()()()()()()()()()


കൂട്ടുകാരനോടൊപ്പം വടക്കന്തറക്കാവില്‍ തൊഴുതിട്ട് പുറത്തേക്ക് വരുമ്പോഴാണ് ഗോപാലകൃഷ്ണന്‍നായര്‍ രവീന്ദ്രനെ കാണുന്നത്.


''എടോ, തന്നെകണ്ടിട്ട് കുറെ ആയല്ലോ. എന്തൊക്കീണ്ട് വിശേഷം'' അയാള്‍ ചോദിച്ചു.


''ഇങ്ങിനെ പോണൂ സാറേ''രവീന്ദ്രന്‍ ചിരിച്ചു.


''മുമ്പത്തെ കമ്പിനീല്‍ തന്ന്യാണോ ഇപ്പഴും''.


''അതിന്ന് വിട്ടു. വേറെ നോക്കിക്കൊണ്ട് ഇരിക്ക്യാണ്''.


''എന്നും അലച്ചിലുള്ള പണ്യാണ് നിങ്ങടേത്. ഒരുപ്രായം കഴിഞ്ഞാലത് പറ്റാണ്ടാവും. എവിടേങ്കിലും സ്വസ്ഥമായി ഇരുന്ന് ചെയ്യാന്‍പറ്റുണ ഒരു പണിനോക്ക്''. രവീന്ദ്രന് ഒരുപിടിവള്ളി കിട്ടിയതുപോലെയായി. ജോലി പോയ കാര്യം പറയാതെ കഴിഞ്ഞു.


 ''ആലോചിക്കായ്കയല്ല. ഇപ്പോഴാണ് അങ്ങിനെ ഒന്ന് ഒത്തുവന്നത്'' അയാള്‍ പറഞ്ഞു.


''അതുനന്നായി. എന്താ ഏര്‍പ്പാട്''.


''ഒരു മെഡിക്കല്‍ ഡിസ്ട്രിബ്യൂഷനില്‍ മാനേജരായിട്ട്''.


''കഴിഞ്ഞുകൂടാനുള്ള വക അവിടുന്ന് കിട്ട്വോ''.


''ആ കാര്യോന്നും സംസാരിച്ചിട്ടില്ല''.


''അതല്ലടോ ആദ്യം ചോദിച്ചറിയണ്ടത്''.


''എന്നെപ്പോലത്തെ ഒരു മെഡിക്കല്‍കമ്പിനിമാനേജരട്യാണ് ആ സ്ഥാപനം. അയാള്‍ക്കുവേണ്ടി അമ്മായിയച്ഛന്‍ തുടങ്ങുന്നതാണെന്നാ തോന്നുണത്. സത്യംപറഞ്ഞാല്‍  അയാളെ കണ്ടിട്ടുവരുണ വഴ്യാണ്''.


''അത് കൊള്ളാലോ. ആരാ ആള്‍ക്കാര്''.


''പുള്ളിടെ പേര് അനിരുദ്ധന്‍ എന്നാണ്. ചിലപ്പൊ അയാളുടെ അമ്മായിയച്ഛനെപ്പറ്റി കേട്ടിട്ടുണ്ടാവും. ഒരുപാട് ബിസിനസ്സ് സ്ഥാപനങ്ങളുള്ള ആളാണ്. പേര് ശിവശങ്കരമേനോന്‍''.


''അതുശരി, ഇത്രകാലം സമ്പാദിച്ചുകൂട്ട്യേതൊന്നും പോരാഞ്ഞിട്ടാണോ ആ ചങ്ങാതി പുത്യേ പരിപാടിക്ക് ഇറങ്ങിണത്''.


''സാറിന് ആളെ പരിചയൂണ്ടോ''.


''ഉണ്ടോന്നോ, ധാരാളൂണ്ട്. അതും ഇന്നും ഇന്നലേം തുടങ്ങ്യേതല്ല. പത്ത് നാല്‍പ്പത് കൊല്ലായിട്ട് അറിയുണ ആളാണ്''.


''സാറ് ദിവസൂം തൊഴാന്‍ വരാറുണ്ടോ'' രവി വിഷയംമാറ്റി.


''അങ്ങിന്യോന്നൂല്യാ. കുറച്ചായിട്ട് ഭാര്യ കിടപ്പിലാണ്. അതിനുശേഷം ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഞാന്‍ വന്നുതൊഴുത് പ്രസാദം വാങ്ങിപ്പോവും''.


''എന്നാ ഞാന്‍ ചെന്ന് തൊഴുതോട്ടെ''രവീന്ദ്രന്‍ അകത്തേക്ക് പോയി.


''നമുക്ക് ഓട്ടോവില്‍ പോണോ, അതോ നടക്കണോ. ബൈക്ക് റിപ്പയര്‍ ചെയ്ത് കിട്ടീട്ടില്ല''ഗോപാലകൃഷ്ണന്‍നായര്‍ കൂട്ടുകാരനോട് ചോദിച്ചു. 


''എന്നെക്കൊണ്ട് വയ്യ ഓട്ടോയില്‍ കയറാന്‍''.


''തനിക്ക് പഴേ പേടി വിടാത്തതോണ്ടാണ്. എന്നാ നമുക്ക് നടക്കാം. ഒരു കഥ പറയും ചെയ്യാം''.


''കഥ്യോ, എന്തു കഥ''.


''നമ്മള് ഇപ്പോള്‍ കണ്ട പയ്യനില്ലേ, രവീന്ദ്രന്‍, അയാളടെ അച്ഛന്‍ മുമ്പ് ഫോറസ്റ്റ് ഗാര്‍ഡായിരുന്നു. എന്‍റെകൂടെ അയാള് ജോലിചെയ്തിട്ടുണ്ട്. അങ്ങനീള്ള അടുപ്പാണ്''.


''എന്താ അയാളടെ കഥ''.


''ഞാന്‍ പറയാന്‍ പോണത് ആ വിദ്വാന്‍റെ കാര്യ്വോല്ല. ഒരു ബിസിനസ്സ് മാഗ്നറ്റിന്‍റെ കാര്യം അയാള് പറഞ്ഞില്ലേ. ആ മഹാന്‍റെ കഥ്യാണ്''.


''എന്താ ആ കഥ''.


''പണ്ടേയ്ക്ക് പണ്ടേ സ്വത്തുള്ള കുടുംബത്തിലെ സന്താനാണ് അയാള്‍. ആന്യോക്കെ ഉണ്ടായിരുന്ന തറവാടായിരുന്നു. നാട്ടില് ഒരു സോമില്ല് അവര്‍ക്കുണ്ട്. ആള് കൂപ്പുലേലത്തിനൊക്കെ വരാറുണ്ട്. അങ്ങന്യാണ് ഞാന്‍ അയാളെ പരിചയപ്പെടുണത്. പിന്നെപ്പോഴോ മൂപ്പര് അബ്കാരി ഫീല്‍ഡിലേക്ക് കടന്നു. അതോടെ ഒരുകുതിച്ചു കയറ്റോണ് ഉണ്ടായത്. സമ്പാദിച്ച് കൂട്ട്യേതിന് കണക്കില്ല. ഇന്നയാള്‍ക്ക് എത്ര സ്വത്തുണ്ടെന്ന് അയാള്‍ക്കന്നെ അറിയില്ല''.


''എന്നിട്ടെന്താ മകളെ ഡോക്ടര്‍ക്കോ, എഞ്ചിനീയര്‍ക്കോ, ഏതെങ്കിലും വല്യേ ഉദ്യോഗസ്ഥര്‍ക്കോ കല്യാണം കഴിച്ചുകൊടുക്കാഞ്ഞത്''.


''അതല്ലേ രസം. സ്വത്തുണ്ട് എന്നന്നേള്ളു. പെണ്‍കുട്ടി കാണാന്‍ തീരെ കൊള്ളില്ല. അടുപ്പത്തുവെച്ച് കരിപിടിച്ച അലുമിനിയം പാത്രത്തിന്‍റെ നിറം. മുഖലക്ഷണം ഒട്ടൂല്യാ. ബ്രോക്കര്‍ രാമനെഴുത്തശ്ശന്‍റെ കയ്യില്‍ പെണ്ണിന്‍റെ തലക്കുറികൊടുത്ത് പറ്റ്യേകേസ്സ് കണ്ടെത്താന്‍ മേനോന്‍ ഏല്‍പ്പിച്ചിരുന്നു. ആ സമയത്ത് എഴുത്തശ്ശന്‍റെ കയ്യില്‍ അനിരുദ്ധന്‍റെ കുറിപ്പും ഉണ്ടായിരുന്നു പെണ്ണിന്‍റെ ജാതകത്തിന്ന് യോജിച്ചകുറിപ്പ് നോക്കിണ കൂട്ടതില്‍ ആ പയ്യന്‍റെ ജാതകൂം  എഴുത്തശ്ശന്‍ നോക്കിച്ചു. ചേര്‍ച്ച കണ്ടപ്പൊ ചെക്കനെ പെണ്ണിന്‍റെ വീട്ടിലേക്ക് പെണ്ണുകാണാന്‍ കൂട്ടീട്ടുപോയി. എന്തോഭാഗ്യത്തിന് അവര് പോയ സമയത്ത് വീട്ടില് പെണ്ണിന്‍റെ അച്ഛന്‍ ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അയാള്‍ പെണ്ണിനെ കാണിക്കാതെ മടക്കി അയച്ചേനെ''.


''അതെന്താടോ അങ്ങിനെ''.


''ശിവശങ്കരമേനോന്‍റെ യോഗ്യതയ്ക്ക് കോല്‍ക്കാരന്‍ ഗോവിന്ദന്‍ നായരടെ മകന്‍ എങ്ങിന്യാടോ യോജിക്ക്യാ''.


''പിന്നെന്താ അയാളെ മകള്‍ക്ക് എടുത്തത്''.


''അതാണ് യോഗംന്ന് പറയിണത്. ചെക്കന്‍ കാണാന്‍ പരമയോഗ്യന്‍. അവന്‍റെ മുമ്പില് സിനിമക്കാര് തോല്‍ക്കും. അത്രയ്ക്ക് സുന്ദരന്‍. പിന്നെ കൂടേള്ളത് ബ്രോക്കറല്ലേ. എന്തെങ്കില്വോക്കെ കൂട്ടിപറഞ്ഞിട്ടുണ്ടാവണം. ചുരുക്കിപറഞ്ഞാ പെണ്ണിന് ചെക്കനെ ക്ഷ പിടിച്ചു. എനിക്ക് ഇയാളന്നെ മതീന്ന് ഒറ്റവാശി. മേനോനാണെങ്കില്‍ മകള്‍ പറഞ്ഞതിനപ്പുറം തിരിച്ചും മറിച്ചും ഒരുനോട്ടൂല്യാ. അങ്ങിന്യാ കല്യാണം നടന്നത്. കഴിഞ്ഞിട്ടിപ്പൊ രണ്ടോ, മൂന്നോ കൊല്ലം ആവുംന്ന് തോന്നുണു. ഞാനും കല്യാണത്തിന്ന് പോയിരുന്നു''.


''ഓരോരുത്തരുടെ തലേല് ഭഗവാന്‍ ഓരോ വിധത്തില് വരച്ചു വെച്ചിട്ടുണ്ടാവും. അല്ലാണ്ടെന്താ''.


''പക്ഷെ ഒരുകാര്യൂണ്ട്. നല്ല സ്വഭാവഗുണൂള്ള പയ്യനാണ് അവന്‍. ഒരു വിധത്തിലുള്ള ചീത്തത്തൂല്യാ. പിന്നെ അവന്‍റെ കുടുംബത്തിന്‍റെ സര്‍വ്വ സംരക്ഷണൂം മേനോന്‍ അറിഞ്ഞ് ചെയ്യുണുണ്ട്''.


''ആരോ നന്നാവട്ടെ''. കൂട്ടുകാര്‍ വീട്ടിന്നു മുന്നിലെത്തി. ഗെയിറ്റ് തുറന്ന് അവര്‍ മുറ്റത്തേക്കിറങ്ങി. 


 അദ്ധ്യായം - 44.


ഒമ്പതരയോടെ ശെല്‍വന്‍ അച്ഛനോടൊപ്പം ബാങ്കിലെത്തി. ജീവനക്കാര്‍ വന്നു തുടങ്ങിയതേയുള്ളു. തൂപ്പുകാരി നിലം വൃത്തിയാക്കുന്ന പണി ചെയ്തുകൊണ്ടിരിക്കുകയാണ്.


''എവിടെ അവന്‍''പ്രദീപിനെയാണ് അച്ഛന്‍ ഉദ്ദേശിച്ചതെന്ന് ശെല്‍വന് മനസ്സിലായി.


''കാണാനില്ല''അവന്‍ പറഞ്ഞു.


''വരില്ലേ''.


''വരാതിരിക്കില്ല. ഉറപ്പായും എത്തും''.


''അതുവരെ നമുക്ക് വെളീല് നിക്കാം''. പത്തേകാലോടെയാണ് പ്രദീപ് എത്തിയത്.


''പോലീസ് സ്റ്റേഷന്‍വരെ ഒന്ന് ചെല്ലാനുണ്ടായിരുന്നു. അതാ വൈക്യേത്'' അവന്‍ കാരണം വെളിപ്പെടുത്തി.


''എന്താടാ പ്രശ്നം''ശെല്‍വന്‍ അന്വേഷിച്ചു. അവന്‍റെ അച്ഛന്‍ മിണ്ടാതെ കേട്ടു നില്‍ക്കുകയാണ്.


''ഒരു ആക്സിഡന്‍റ് കേസ്. എനിക്ക് വേണ്ടപ്പെട്ട ഒരുകക്ഷിടെ ബൈക്കില്‍ ബസ്സിടിച്ചു. ആ പ്രശ്നം തീര്‍ക്കാന്‍ചെന്നതാ''. അവന്‍ സംഭവം വിവരിച്ചു. തലേന്ന് വൈകുന്നേരമാണ് അപകടം നടന്നത്.  ബൈക്ക് ഓടിച്ചിരുന്നത് കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ഒരു പയ്യനാണ്. മൊബൈല്‍ റിങ്ങ് ചെയ്യുന്നത് കേട്ടപ്പോള്‍ റോഡോരത്ത് വണ്ടിനിര്‍ത്തി കാള്‍ അറ്റന്‍ഡ് ചെയ്യുകയായിരുന്നു. ആ നേരത്താണ് പുറകില്‍ ബസ്സ് വന്ന് ഇടിച്ചത്.


''എന്നിട്ട് എന്തുപറ്റി''.


''ഭാഗ്യത്തിന് അവന്‍ ദൂരെ പുല്ലിലേക്ക് തെറിച്ചുവീണു. ഒന്നും പറ്റീലാ. പക്ഷെ അവന്‍റെ ബൈക്ക് പപ്പടംപോലെ പൊടിഞ്ഞു. അതിന് അഞ്ചു പൈസ കിട്ടില്ല''.


''ഇന്‍ഷൂറന്‍സ് കിട്ടില്ലേ''.


''പാടാണ്. ഒന്നാമത് അവന് ലൈസന്‍സില്ല. ബുക്കും പേപ്പറും ശരിക്കുണ്ടോ എന്ന് അവനേ അറിയില്ല. ബസ്സുകാരാണെങ്കില്‍ ഒന്നും കൊടുക്കാതെ തടി കഴിച്ചിലാക്കാനാ നോട്ടം. ഒരുവിധം പത്തുറുപ്പിക വാങ്ങികൊടുത്തു''.


''അതെങ്ങിനെ''.


''ആ ഡ്രൈവറടെ അനുജന്‍ എന്‍റെ ക്ലാസ്സ്മേറ്റാണ്. സ്റ്റേഷനില്‍ അവനും ഉണ്ടായിരുന്നു. അടവിന് എടുത്ത വണ്ട്യാണ്, ചതിക്കരുത് എന്നൊക്കെ പറഞ്ഞപ്പോള്‍ അവന്‍റെ മനസ്സലിഞ്ഞു. എന്‍റെ വകേല് ഒരു അളിയന്‍ സ്റ്റേഷനില്‍ ഉള്ളതോണ്ട് കേസ്സാക്കാതെ ഒതുക്കാനും കഴിഞ്ഞു''.


''കണ്ണും മൂക്കും ഇല്ലാത്ത ഓട്ടാണ് ബസ്സുകാരുടേത്. എത്ര അപകടം ഉണ്ടായാലും ഇവരൊന്നും പഠിക്കില്ല''.


''ചവിട്ടീട്ട് നിന്നില്ല എന്നാ ഡ്രൈവറ് പറഞ്ഞത്''.


''ലോക്കറ് നോക്ക്വല്ലേ''ശെല്‍വന്‍റെ അച്ഛന്‍ ചോദിച്ചു. പരീക്ഷാഫലം അറിയാന്‍ വെമ്പിനില്‍ക്കുന്ന വിദ്യാര്‍ത്ഥിയുടെ മനോഭാവമായിരുന്നു അപ്പോള്‍ അയാള്‍ക്കുണ്ടായിരുന്നത്.


''അതിനുമുമ്പ് മാനേജരെ ഒന്നുകണ്ടിട്ട് വരട്ടെ''പ്രദീപ് അകത്തേക്ക് ചെന്നു. അല്‍പ്പനേരം കഴിഞ്ഞതും അവന്‍ തിരിച്ചെത്തി.


''അച്ഛന്‍ ഇവിടെ നിന്നോളൂ. ഞങ്ങള് രണ്ടാളും പോയിനോക്കീട്ട് വരാം'' ശെല്‍വനേയുംകൂട്ടി അകത്തേക്ക് ചെല്ലുമ്പോള്‍ അവന്‍ പറഞ്ഞു''കൂടു പൊട്ടിച്ച് കിളി പറന്നുകടന്നു എന്നാ എനിക്ക് തോന്നുണത്. ഒരുപക്ഷെ അങ്ങിന്യാണെങ്കില്‍ ഒരു കുഴപ്പൂം ഇല്ല എന്നുപറഞ്ഞ് നീ അച്ഛനെകൂട്ടി വീട്ടിലേക്ക് വിട്ടോ. ഇവിടെ ഒരുസീന്‍ ഉണ്ടാക്കാതെനോക്കണം''. തിരിച്ചു പോരുമ്പോള്‍ ശെല്‍വന്‍ അങ്ങിനെത്തന്നെ ചെയ്തുവെങ്കിലും അവന്‍റെ മനസ്സ് അപ്പോള്‍ തേങ്ങുകയായിരുന്നു.


()()()()()()()()()()


''ഇന്ന് അമ്മ എന്നെ വിളിച്ചിരുന്നു''രാധിക പറഞ്ഞപ്പോള്‍ അനിരുദ്ധന്ന് പുതുമ തോന്നിയില്ല. ദിവസവും ഒന്നിലേറെതവണ അമ്മ മകളെ വിളിച്ച് സംസാരിക്കുന്നതാണ്.


''എന്താ സംഗതീന്ന് അന്യേട്ടന്ന് കേള്‍ക്കണ്ടേ''അവള്‍ വീണ്ടുംചോദിച്ചു. 


''പറഞ്ഞോളൂ''ടൈ അഴിക്കുന്നതിന്നിടെ അയാള്‍ പറഞ്ഞു.


''വീട്ടിന്ന് അവരൊക്കെകൂടി നാലമ്പലം തൊഴാന്‍ പോണൂ. എന്നോട് വരാന്‍ പറഞ്ഞിട്ടുണ്ട്''.


''എന്നേക്കാ യാത്ര''.


''ഞാന്‍ ഇല്ലാന്ന് പറഞ്ഞു''. അത് അത്ഭുതമാണല്ലോ. വീട്ടുകാരോടൊപ്പം ചിലവഴിക്കാന്‍ പറ്റുന്ന ഒരുസന്ദര്‍ഭവും രാധിക ഒഴിവാക്കാറില്ല. ചോദ്യഭാവത്തില്‍ അയാള്‍ ഭാര്യയെ നോക്കി.


''അന്യേട്ടന്‍റെ അമ്മയെ തൃപ്രയാറ് കൊണ്ടുപോയി തൊഴീക്കണംന്ന് മുമ്പ് എന്നോട് പറഞ്ഞതല്ലേ. വീട്ടുകാര്‍ എല്ലാരേയുംകൂട്ടി നമുക്ക് നാലമ്പലം തൊഴാന്‍ പോയാലോ''. അമ്പരപ്പാണ് അനിരുദ്ധന് തോന്നിയത്. രാധികയ്ക്ക് എന്തു പറ്റി.


''വരുണ ശന്യാഴ്ച്ച വൈകുന്നേരം നമുക്ക്  അന്യേട്ടന്‍റെ വീട്ടിലേക്ക് പോവാം. ഞായറാഴ്ച പുലര്‍ച്ചെ പുറപ്പെട്ടാലേ എല്ലാടത്തും തൊഴുത് പോരാന്‍ പറ്റു''.


''വണ്ടി ഏര്‍പ്പാടാക്കണ്ടേ. നമ്മടെ കാറില്‍ എല്ലാരേം കൊള്ളില്ല''.


''അതാലോചിച്ച് വിഷമിക്കണ്ടാ. അച്ഛന്‍റെടുത്ത് ഒരുക്രൂയിസര്‍ അറേഞ്ച് ചെയ്തു തരാന്‍ ഞാന്‍ പറഞ്ഞിരുന്നു. അതൊന്നും വേണ്ടാ, ദൂരയാത്ര പോണതല്ലേ. ഏതെങ്കിലും എ.സി. മിനിബസ്സ് ഏര്‍പ്പാടാക്കാന്ന് അച്ഛനും പറഞ്ഞു. ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് വണ്ടി ഇവടേത്തും''.


അനിരുദ്ധന് തോന്നിയ സന്തോഷത്തിന് അളവില്ല. അയാള്‍ ഭാര്യയെ മാറോടടുപ്പിച്ചു.


 അദ്ധ്യായം - 45.


അനൂപ് ട്രെയിനിങ്ങ് കഴിഞ്ഞ് തിരിച്ചെത്തേണ്ട ദിവസമാണ്. ഉച്ചയ്ക്ക് വീട്ടിലെത്തും എന്നവന്‍ അറിയിച്ചിട്ടുണ്ടായിരുന്നു. ചേമ്പുക്കിഴങ്ങും കുമ്പളങ്ങയുംകൂടി മോരുപാര്‍ന്ന കൂട്ടാനും, കായയും ചേനയുംകൂടി മെഴുക്കുപുരട്ടിയും, മത്തനും വെള്ളപ്പയറുംചേര്‍ത്ത ഓലനും ഉണ്ടാക്കി ഇന്ദിര ഉച്ചയ്ക്കു മുമ്പേ മകനെ കാത്തിരുന്നു. അനൂപിന്ന് ഇഷ്ടപ്പെട്ട വിഭവങ്ങളാണവ.  മകന്‍ പത്തുപതിനഞ്ച് ദിവസം അന്യനാട്ടില്‍ കഴിഞ്ഞിട്ടുവരികയാണ്. നേരാംവണ്ണം ഭക്ഷണംകിട്ടിയിട്ടുണ്ടോ ആവോ. എന്തൊക്കെയായാലും വീടുവിട്ടാല്‍ പിന്നെ മനസ്സില്‍ പിടിച്ചിട്ട് കഴിക്കാനൊന്നും കിട്ടീന്ന് വരില്ല. ഒന്നരമണിയായിട്ടും മകന്‍ എത്താഞ്ഞപ്പോള്‍ ഇന്ദിരയ്ക്ക് വേവലാതിയായി. തെരുതെരെ അവള്‍ വാതില്‍ക്കല്‍ ചെന്ന് പടിക്കലേക്ക് നോക്കും, തിരിച്ച് രാമകൃഷ്ണന്‍റെ അടുത്ത് ചെന്നിരിക്കും.


''എന്തിനാ ഇങ്ങിനെ വേവലാതിപ്പെടുന്നേ. അവന്‍ ഇങ്ങോട്ടന്ന്യല്ലേ വര്വാ''രാമകൃഷ്ണന്‍ ഭാര്യയെ ആശ്വസിപ്പിച്ചു.


''ഉച്ചയ്ക്ക് ഉണ്ണാന്‍ എത്താന്നല്ലേ ഇന്നലെ വിളിച്ചപ്പഴും പറഞ്ഞത്''.


''ചിലപ്പൊ വണ്ടി വൈകീട്ടുണ്ടാവും''.


''എന്നാ അതൊന്ന് വിളിച്ചുപറഞ്ഞൂടെ ആ കഴുതയ്ക്ക്. ഇവിടെ മനുഷ്യന്‍ തീ തിന്നോണ്ടാ നില്‍ക്കിണത്. വീട്ടിലുള്ളോര് വിഷമിക്കും എന്ന ഒരു ധാരണീം ഇല്ല''.


''അത്രയ്ക്കങ്ങിട്ട് അനു ആലോചിച്ചിട്ടുണ്ടാവില്ല. അതാവും''എന്ന് പറഞ്ഞുവെങ്കിലും അയാള്‍ക്കും വിഷമം തോന്നിയിരുന്നു.


''അങ്ങിട്ട് വിളിക്കാച്ചാല്‍ ഈ കുന്ത്രാണ്ടം എന്താ ചെയ്യണ്ടത്ന്ന് എനിക്ക് അറിയില്ല''ഇന്ദിര സ്വന്തം കഴിവുകേടില്‍ പരിതപിച്ചു''അല്ലെങ്കില്‍ ഒന്ന് വിളിച്ച് ചോദിക്കായിരുന്നു''.


''രമ വരട്ടെ. അവള്‍ വന്നാല്‍ വിളിച്ചോളും''.


''രണ്ട് രണ്ടരയാവില്ലേ അവളെത്താന്‍. അതിനുമുമ്പ് എന്തായാലും അവന്‍ എത്തും''എന്ന് ഇന്ദിര സ്വയം ആശ്വസിച്ചു. എന്നാല്‍ രമ എത്തുന്നതുവരെ അനൂപ് എത്തിയില്ല.


 ''ഏട്ടന്‍ എത്തീല്ലേ''അവള്‍ വന്നുകയറിയതേ അത് ചോദിച്ചു കൊണ്ടായിരുന്നു.


''ഇല്ലാടി. നീയൊന്ന് വിളിച്ചു നോക്ക്''അമ്മ മകളെ മൊബൈല്‍ ഏല്‍പ്പിച്ചു. രമ അത് വാങ്ങി ഏട്ടനെ വിളിച്ചു.


''ഏട്ടന്‍റെ മൊബൈല്‍ സ്വിച്ചോഫാണ് അമ്മേ. ഇനീപ്പൊ എന്താ ചെയ്യാ''.


''ആരടെ അടുത്ത് ചോദിച്ചാലാ എന്‍റെ കുട്ടിടെ വിവരം അറിയ്യാ'' ഇന്ദിരയുടെ സങ്കടം കണ്ണില്‍നിന്ന് ഒഴുകി തുടങ്ങി.


''എന്താ ഈ അമ്മയ്ക്ക്. മഴക്കാല്വോല്ലേ, ഏട്ടന്‍ വരിണ ട്രെയിന്‍ ചിലപ്പൊ ലേറ്റ് ആയിട്ടുണ്ടാവും. അതാ വൈകുണത്''.


''അവന്‍ വന്നാല് അവന്‍റെ കയ്യോണ്ട് തേവരുടെ നടയ്ക്കല് പത്തുറുപ്പിക വെപ്പിച്ചോളാം''ഇന്ദിര വഴിപാട് നേര്‍ന്നു. ആറരമണിയോടെ ചാറ്റല്‍ മഴ കൊണ്ടുംകൊണ്ട് അനൂപ് എത്തി.


 ''വണ്ടി വൈകി''എന്ന് പറഞ്ഞുംകൊണ്ടാണ് അവന്‍ ഉമ്മറപടി കയറിയത്.


''എന്നാല്‍ നിനക്കതൊന്ന് അറിയിക്ക്യായിരുന്നില്ലേ. എത്തുംന്ന് പറഞ്ഞ സമയത്തിന് കാണഞ്ഞിട്ട് വിഷമിച്ച് ഇരിക്ക്യായിരുന്നു ബക്കീളോര്''.


''ഫോണിന്‍റെ ബാറ്ററി ചാര്‍ജ്ജ് പോയി. അതാ എനിക്ക് വിളിക്കാന്‍ പറ്റാഞ്ഞത്''. ഇന്ദിര തോര്‍ത്തെടുത്ത് മകന്‍റെ തലതുവര്‍ത്തി.


 ''മഴ നനഞ്ഞിട്ട് ചീരാപ്പ് വരണ്ടാ. ഒരു നുള്ള് ഭസ്മം നിറുകിലിട്ടോ. വിഴുപ്പ് മാറ്റുമ്പഴയ്ക്കും അമ്മ ചുടുക്കനെ ചായീണ്ടാക്കി തരാം''.


''എനിക്കൊന്ന് കുളിക്കണം അമ്മേ. എന്നിട്ട് അമ്പലത്തില്‍ ചെന്ന് തൊഴുകണം. പ്രയാസൂല്യാല്ലാതെ ട്രെയിനിങ്ങ് കഴിഞ്ഞുവന്നതല്ലേ''.


''അതു നന്നായി. നിന്‍റെ കയ്യോണ്ട് പത്തുറുപ്പിക വെപ്പിച്ചോളാംന്ന് ഞാന്‍ നേര്‍ന്നിട്ടുണ്ട്''. ഇന്ദിര അടുക്കളയിലേക്ക് നടന്നു, അനൂപ് സോപ്പുമായി കിണറ്റിനരികില്‍ തെങ്ങോലകൊണ്ട് കുത്തിമറച്ച കുളിമുറിയിലേക്കും. അവന്‍ വരുന്നതും രമ കാത്തുനിന്നു.


''ഏട്ടന്‍ എനിക്കെന്താ കൊണ്ടുവന്നത്''അവള്‍ ചോദിച്ചു.


''നിനക്ക് സമ്മാനംവാങ്ങാനാണോ അവന്‍ പോയത്. പെണ്ണിന്‍റെ ഓരോ കിന്നാരങ്ങള്''അമ്മ ചൊടിച്ചു.


''എന്‍റെ പൊന്നൂന് ഒന്നുംകൊണ്ടുവരാതെ ഏട്ടന്‍ കയ്യുംവീശി വര്വോ'' അനൂപ് ബാഗ് തുറന്നു''ഇതാ നിനക്കൊരു ചൂരീദാര്‍, അമ്മയ്ക്കൊരു സാരീം വാങ്ങീട്ടുണ്ട്''.


''നിനക്കിത് എന്തിന്‍റെ കുറവാ. ഞാന്‍ സാരി ചുറ്റുണത് എപ്പഴങ്കിലും നീ കണ്ടിട്ടുണ്ടോ. വെറുതെ കയ്യിലുള്ള പൈസകളയണം. അതന്നെ''അനൂപ് പണം ചിലവാക്കിയത് ഇന്ദിരക്ക് ഇഷ്ടപ്പെട്ടില്ല.


''ശെല്‍വന്‍റെ പെങ്ങളടെ കല്യാണം വരുണുണ്ട്. എല്ലാ കൂട്ടുകാരും അമ്മേം അച്ഛനീം  കൂട്ടി വരും. അച്ഛന്‍ വയ്യാതെ ഇരിക്കുണതോണ്ട് അമ്മേങ്കിലും വരണ്ടേ. നാല് ആള്‍ക്കാരടെ ഇടയില്‍ ചെല്ലുമ്പോള്‍ അതിനനുസരിച്ച് പോണ്ടേ അമ്മേ. അതാ ഞാന്‍ വാങ്ങ്യേത് ''. അതോടെ ഇന്ദിരയ്ക്ക് ഒന്നും പറയാനില്ലാതായി.


 ''നീയും നിന്‍റെ ഓരോകൂട്ടുകാരും''എന്നുമാത്രം പറഞ്ഞ് അവര്‍ നിര്‍ത്തി.


''അതു പറഞ്ഞപ്പഴാ ഏട്ടാ, ഇന്ന് ഗോപാലകൃഷ്ണനങ്കിള്‍ വന്നിരുന്നു''.


''എപ്പൊ''.


''നാലു മണി കഴിഞ്ഞിട്ടുണ്ടാവും. മരുന്നുവാങ്ങി വരുണ വഴ്യാണ്. ഏട്ടന്‍ എത്തീട്ടുണ്ടാവുംന്ന് കരുതീട്ടാണത്രേ ഇങ്കിട്ട് കേറ്യേത്''.


''ഇപ്പൊ അമ്മമ്മയ്ക്ക് എങ്ങിനീണ്ട്''.


''നല്ലഭേദം ഉണ്ടെന്നാ പറഞ്ഞത്''ഇന്ദിര പറഞ്ഞു''കുറെ  താളിന്‍തണ്ട് മുറിച്ചുവാങ്ങി. പാലിന്‍റെ വകേലാണെന്നാ തോന്നുണത്, കുറച്ച് പണൂം തന്നു. എത്രവേണ്ടാന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിണ്ണാക്ക് വാങ്ങാന്‍ ഇരിക്കട്ടെന്നും പറഞ്ഞ് ഇവിടെവെച്ചിട്ട് പോയി''.


''എങ്ങിന്യാ കൊടുക്കാന്‍ പാല് ഉണ്ടാവ്വാ. പശു പെറ്റപ്പോഴേ പാലിന് ഓരോദിക്കില്‍ ഏറ്റതല്ലേ''അനൂപ് ചോദിച്ചു.


''കുട്ടിക്ക് കുടിക്കാന്‍ ഒരുമുല കറക്കാതെ വെക്കാറുണ്ട്. അദ്ദേഹം പാല് ചോദിച്ചതില്‍ പിന്നെ അത് ചെറുക്കനെ പിഴിയാന്‍ തുടങ്ങി''.


''എല്ലാം പിഴിഞ്ഞെടുത്താല്‍ കുട്ടി കേടുവരുംട്ടോ''അനൂപ് മുന്നറിയിപ്പ് നല്‍കി.


''ഏട്ടാ, അല്ലെങ്കില്‍ അമ്മ പാലില് വെള്ളം ഒഴിക്കും''രമ പറഞ്ഞു.


''പെണ്ണേ, മൂടിക്കൊണ്ട് മിണ്ടാണ്ടിരുന്നോ. ഞാന്‍ പാലില് വെള്ളം ചേര്‍ത്തിട്ടുണ്ടെങ്കിലേ അത് നിന്ന്യോക്കെ പോറ്റാന്‍ വേണ്ടീട്ടാ''.


''ഞാനും വരുണുണ്ട്''അനൂപ് അമ്പലത്തിലേക്ക് ഇറങ്ങിയപ്പോള്‍ രമയും കൂടി. അവളുടെ മനസ്സിലിരുന്ന് ഒരുരഹസ്യം വീര്‍പ്പ് മുട്ടുകയാണ്.


''ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ഏട്ടന്‍ വീട്ടില്‍ ചോദിക്ക്വോ''.


''ഇല്ല. എന്താ കാര്യം''.


''സത്യം?''.


''തേവരാണെ സത്യം''.


''അമ്മ ഏട്ടന് ഒരു പെണ്ണ് കണ്ടുവെച്ചിട്ടുണ്ട്''.


''പോ പെണ്ണേ, നുണ പറയാണ്ടെ''.


''ഭഗവാനാണെ ഞാന്‍ പറയുണത് സത്യാണ്. പെണ്‍കുട്ടിടെ ഫോട്ടോ ഞാന്‍ കാണുംചെയ്തു. എന്തൊരു ഭംഗ്യാണ് അറിയ്യോ''.


''എന്തിന്‍റെ കേടാ ഈ അമ്മയ്ക്ക്. കല്യാണം കഴിപ്പിക്കാന്‍ പറ്റ്യേനേരം''.


''നമ്മടെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാന്‍ ഒരു നായ്ച്ചാത്തന്‍ കൂടീല്ല, മക്കളടെ പേരും പറഞ്ഞ് ഇനി ഓരോരൊ ബന്ധം ഉണ്ടാവണം എന്നാ  അമ്മടെ മനസ്സിലിരുപ്പ്''.


''അതിനേ ആദ്യം നിന്നെ നല്ലൊരുത്തന്‍റെ കയ്യില്‍ പിടിച്ച് ഏല്‍പ്പിക്കണം. എന്നിട്ടുമതി എനിക്ക് കല്യാണം''.


ഏട്ടന്‍റെ വാക്കുകള്‍ രമയുടെ മനസ്സിനെ കുളിരണിയിപ്പിച്ചു, ചാറ്റല്‍ മഴയില്‍ കുളിച്ചു വന്ന കാറ്റ് അവളുടെ ശരീരത്തേയും.


 അദ്ധ്യായം - 46.


വലിയ ഉത്സാഹത്തോടുകൂടിയാണ് അനൂപ് പുറപ്പെട്ടത്. ട്രെയിനിങ്ങ് കഴിഞ്ഞ് പുതിയകമ്പിനിയുടെ ജോലി ആരംഭിക്കുകയാണ്. മാനേജര്‍ കൂടെയുണ്ടാവും. തുടക്കം മോശമാവരുത്. ഉച്ചയ്ക്ക് മുമ്പേ പന്ത്രണ്ട് കാളുകള്‍ കാണിക്കാം. മാനേജര്‍ക്ക് മതിപ്പ് തോന്നണമല്ലോ. ഉച്ചയ്ക്കു ശേഷം സ്റ്റോക്കിസ്റ്റ് വര്‍ക്ക് ആക്കാം. കൂട്ടുകാരെ കാണാന്‍ കഴിഞ്ഞെന്ന് വരില്ല. കുറെദിവസമായി ആരുടേയും വിവരങ്ങള്‍ അറിയാറില്ല.


പക്ഷെ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. ടൌണില്‍ എത്തുന്നതിന്ന് മുമ്പേ മാനേജറുടെ ഫോണ്‍ വന്നു.


''നിങ്ങള്‍ ജോലിക്കിറങ്ങ്യോ''മാനേജറുടെ അന്വേഷണമാണ്.


''ഉവ്വ് സാര്‍. ഞാന്‍ ടൌണിലെത്താറായി''അനൂപ് അറിയിച്ചു.


''എന്‍റെ അടുത്ത വീട്ടില് ഒരാള് മരിച്ചു. എനിക്കിന്ന് വരാനാവില്ല''.


പുത്തിരിയിലെ കല്ല് കടിച്ചതുപോലെ അവനു തോന്നി. പുതിയതായി പണിക്ക് ചേരാന്‍പറ്റിയ നല്ലദിവസമാണ് ഇന്ന്. ഇനിയുള്ള രണ്ട് ദിവസം തീരെ കൊള്ളില്ല. ഇന്ന് ജോലി തുടങ്ങാനായില്ലെങ്കില്‍ മൂന്ന് ദിവസത്തെ ശമ്പളം പോവും.


''സാര്‍, ഞാനെന്താ വേണ്ടത്''അവന്‍ ചോദിച്ചു.


''ഏതായാലും നിങ്ങള് പണിക്കിറങ്ങ്യേതല്ലേ. അത് മുടക്കേണ്ടാ. നിങ്ങള് വര്‍ക്ക് സ്റ്റാര്‍ട്ട് ചെയ്തോ. പറ്റ്യാല്‍ ഞാന്‍ ഉച്ചയ്ക്ക് വരാം. ഇല്ലെങ്കില്‍  നാളെ ഉണ്ടാവും, തീര്‍ച്ച''. അനൂപിന്ന് സന്തോഷംതോന്നി. ഒരുകണക്കിന് മാനേജര്‍ ഇല്ലാത്തത് നന്നായി. ജോലിക്ക് മുടക്കം വന്നില്ല. മാത്രമല്ല കൂട്ടുകാരെ കാണാനും സാധിക്കും. ഉര്‍വശി ശാപം ഉപകാരം എന്ന് മനസ്സില്‍ കരുതി.


ഹോസ്പിറ്റല്‍ കാള്‍സ് ആണെങ്കില്‍ ഒറ്റയടിക്ക് നാലോ അഞ്ചോ ഡോക്ടര്‍മാരെ കാണാം. ഒരുപാട് അലയാതെ കാര്യംനടക്കും. കുറെ ഡോക്ടര്‍മാരെ പരിചയം ഉള്ളതുകൊണ്ട് വലിയപ്രയാസം ഉണ്ടാവില്ല. സ്കൂട്ടര്‍ ആസ്പത്രിവളപ്പിലെ മരച്ചുവട്ടില്‍ നിര്‍ത്തി.


നല്ല അടുപ്പമുള്ള രണ്ട് ഡോക്ടര്‍മാരുടേയും ക്യാബിനുമുമ്പില്‍ ഒരു പൂരത്തിനുള്ള തിരക്കുണ്ട്. വലത്തെയറ്റത്തെ ക്യാബിനുമുന്നില്‍ മാത്രം ആളില്ല. ആര്‍. എം. ഒ. ആയതിനാല്‍ അദ്ദേഹത്തിന്ന് അധികം തിരക്ക് ഉണ്ടാവാറില്ല. പഴയ കമ്പിനി നല്‍കിയിരുന്ന ഗിഫ്റ്റുകള്‍ പലപ്പോഴും കൊടുത്തിട്ടുള്ള പരിചയവുമുണ്ട്. റൂമില്‍ അദ്ദേഹം ഉണ്ടെങ്കില്‍ ഒന്നു കാണാമെന്ന് കരുതി. ഹാഫ്ഡോര്‍ തുറന്ന് നോക്കിയപ്പോള്‍ ഡോക്ടര്‍ അകത്തുണ്ട്. ഏതോ പുസ്തകം വായിക്കുകയാണ് അയാള്‍.


''ഗുഡ് മോണിങ്ങ് സാര്‍'' ഡോക്ടറെ അഭിവാദ്യംചെയ്തുകൊണ്ട് അനൂപ് അകത്തേക്ക് കയറി. ഡീറ്റെയില്‍ ചെയ്യുന്നത് മുഴുവന്‍ ഡോക്ടര്‍ ശ്രദ്ധിക്കുന്നതുപോലെ അവനു തോന്നി.


"ഐ റിക്വസ്റ്റ് യുവര്‍ വാല്യുബിള്‍ സപ്പോര്‍ട്ട്, സാര്‍''അവന്‍ തിരിച്ചു പോരാന്‍ ഒരുങ്ങി.


''മിസ്റ്റര്‍ എന്താ നിങ്ങളുടെ പേര്''ഡോക്ടര്‍ ചോദിച്ചു.


''അനൂപ്''.


''കഴിഞ്ഞ തവണ വന്നപ്പൊ വേറൊരു കമ്പിനിടെ പ്രോഡക്റ്റാണല്ലോ നിങ്ങള്‍ പറഞ്ഞത്''.


''ഞാന്‍ ആ കമ്പിനിവിട്ടു സാര്‍''.


''എന്താ കാരണം''.


"വല്ലാത്ത വര്‍ക്ക് പ്രഷറാണ് സാര്‍''കമ്പിനി തുടര്‍ച്ചയായി ടാര്‍ജറ്റ് വര്‍ദ്ധിപ്പിച്ചിരുന്നത് അവന്‍ വിവരിച്ചു.


''ഭാഗ്യം. ശരിക്ക് ശമ്പളം കിട്ടാത്തതോണ്ടാണ് കമ്പിനിവിട്ടത് എന്നു പറഞ്ഞില്ലല്ലോ''.


''എന്താ സാര്‍ അങ്ങിനെ പറഞ്ഞത്''.


''നിങ്ങളെപോലെ ഉള്ളവരുടെ സ്ഥിരംനമ്പറാണ് അത്. പണിചെയ്യാതെ വട്ടത്തിരിഞ്ഞ് നടക്കും. സെയില്‍സ് കുറഞ്ഞാല്‍ കമ്പിനി പിരിച്ചുവിടും. ഉടനെ വേറൊന്നില്‍കേറും. ഇതിലിനി എത്രകാലം നില്‍ക്കാനാണ് തന്‍റെ ഉദ്ദേശം''.


''സ്ഥിരമായി നില്‍ക്കണംന്നാണ് എന്‍റെ മോഹം''.


''എന്നാല്‍ തനിക്ക് നല്ലത്''.


കടുത്ത നിരാശയോടെയാണ് അനൂപ് പുറത്തിറങ്ങിയത്. എത്രയേറെ പ്രതീക്ഷയോടെയാണ് ഡോക്ടറെ കാണാന്‍ ചെന്നത്. എന്നിട്ടുണ്ടായ അനുഭവം ഇങ്ങിനെയായി. ചെകിടത്ത് ഒന്ന് കിട്ടിയാല്‍ ഇത്ര വിഷമം തോന്നില്ല. ഒരുവിധത്തില്‍ ഉച്ചവരെ ജോലി ചെയ്തു എന്നു വരുത്തി. പിന്നെ കൂട്ടുകാരെ കാണാനുള്ള പുറപ്പാടായി.


കോട്ടയ്ക്കു മുമ്പിലുള്ള പാര്‍ക്കിങ്ങ് ഗ്രൌണ്ടിലെ മരച്ചുവട്ടില്‍ കൂട്ടുകാര്‍ ഹാജരുണ്ട്. പ്രദീപിന്‍റേയും റഷീദിന്‍റേയും നടുവിലായി ശെല്‍വന്‍. തല കുനിച്ചാണ് അവന്‍റെ ഇരിപ്പ്.


''ഹല്ലോ, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍''അനൂപ് ചോദിച്ചു.


''ആദ്യം നീ നിന്‍റെ വിശേഷങ്ങള്‍ പറയ്''റഷീദ് ആവശ്യപ്പെട്ടു''യാത്ര, ട്രെയിനിങ്ങ് എല്ലാം ഓരോ അനുഭവങ്ങളല്ലേ''.


''അതിനുമുമ്പ് ഞാന്‍ ഇവനോടൊരു കാര്യം ചോദിക്കട്ടെ''അനൂപ് ശെല്‍വന്‍റെ നേരെ തിരിഞ്ഞു''പെങ്ങളടെ കല്യാണോക്കെ എത്രത്തോളം ആയെടാ. ഒരുകാര്യം ഞാന്‍ പറയാം. നീ ഒരുങ്ങുണതിന്നുമുമ്പ് ഞാന്‍ റെഡ്യായി കഴിഞ്ഞു. കല്യാണത്തിന്ന് വരാന്‍ എന്‍റെമ്മയ്ക്ക് സാരി വാങ്ങീട്ടാ ഞാന്‍ അവിടുന്ന് പോന്നത്''. 


കൂട്ടുകാരുടെ മുഖങ്ങള്‍ കരിവാളിച്ചു. നിറഞ്ഞൊഴുകിയ കണ്ണുനീര്‍ ശെല്‍വന്‍ തുടച്ചു. അനൂപിനൊന്നും മനസ്സിലായില്ല.


''എന്താ പ്രശ്നം. നിങ്ങളാരും ഒന്നും പറയാത്തതെന്താ''അവന്‍ പരിഭ്രമിച്ചു.


''നീ എന്‍റെ കൂടെ വാ''പ്രദീപ് അവനേയുംകൂട്ടി അവിടെനിന്ന് നടന്നു. കിടങ്ങിനരികെ അവര്‍നിന്നു. പാലത്തിന്ന് ചുവട്ടില്‍നിന്ന് ആമകള്‍ തല പൊക്കി നോക്കുന്നുണ്ട്. പ്രദീപ് സംഭവം വിവരിച്ചു.


''നമ്മള്‍ അവന്‍റെ മനസ്സ് പതറാതെനോക്കണം. അവന്‍ വല്ല അബദ്ധവും കാണിച്ചാലോ. പകല് മുഴുവന്‍ ഞങ്ങള്‍ ആരെങ്കിലും അവന്‍റെ കൂടെ ഉണ്ടാവും''.


''ഇനിയെന്താ ഉണ്ടാവ്വാ''.


''എന്ത് ഉണ്ടാവാന്‍. പോയവള് പോട്ടെ. ബാക്കി ആളുകളുടെ കാര്യം നോക്കണോലോ''.


''അതിന് എന്തുചെയ്യാനാ പ്ലാന്‍''.


''ഉള്ളകാശോണ്ട് ചെറിയ വിലയ്ക്കൊരു വീട് വാങ്ങണം. ഇവന്‍ നമ്മളെപോലെ അല്ലല്ലോ. വിവരൂള്ള കൂട്ടത്തില്‍പെട്ടതല്ലേ. പി.എസ്.        സി എഴുതി എന്തെങ്കിലും ജോലി നേടട്ടെ. അതുവരെ ഒരുഹോട്ടലില്‍ കാഷ്യറായി പണി തരപ്പെടുത്തീട്ടുണ്ട്''.


''ഞാന്‍ ചെന്ന് അവനോട് സോറി പറയട്ടെ''.


''ഒന്നുംവേണ്ടാ. മേലില്‍ ആ വര്‍ത്തമാനം പറയാതിരുന്നാ മതി''.


ഇരുവരും കൂട്ടുകാരുടെ അടുത്തെത്തി. ആര്‍ക്കും ഒന്നും പറയാന്‍ കഴിയുന്നില്ല. പൊടുന്നനെ മഴ ചാറിത്തുടങ്ങി. കോട്ടവാതില്‍ക്കലേക്ക് അവര്‍ ഓടി.


()()()()()()()()()()()


രണ്ടുദിവസം അനിരുദ്ധന്‍ വിളിച്ചിട്ടും റെപ്രസെന്‍റ്റേറ്റീവ് ഫോണ്‍ എടുത്തില്ല. ഒരു ദിവസം ആ ഏരിയയില്‍ വര്‍ക്ക് ചെയ്യാനുണ്ട്. ഈ   ആഴ്ചതന്നെ അത് ചെയ്തുതീര്‍ക്കണം. അടുത്ത ആഴ്ച മകളുടെ പിറന്നാളാണ്. രണ്ടുദിവസമെങ്കിലും ലീവെടുക്കേണ്ടിവരും. ഉച്ച തിരിഞ്ഞപ്പോള്‍ വീണ്ടും അവനെ വിളിച്ചുനോക്കി. കിട്ടിയാല്‍ നാളെ എത്തുമെന്ന് പറയാനാണ്.


''ആരാ''മറുഭാഗത്ത് പരിചിതമല്ലാത്ത സ്വരം.


''ഞാന്‍ പ്രിന്‍സിന്‍റെ മാനേജരാണ്. എവിടെ അയാള്‍''.


'' അവന്‍ സുഖൂല്യാതെ ആസ്പത്രീലാണ്''.


''ഏത് ആസ്പത്രീല്‍. എന്താ അസുഖം''. മറുപടിക്ക് അല്‍പ്പം സമയമെടുത്തു.


 ''പണിക്ക് പോയപ്പൊ മഴകൊണ്ട് പനിയായതാണ്, സാര്‍'' ആസ്പതിയുടെ പേരും പറഞ്ഞു.


''ശരി. ഞാന്‍ ഹോസ്പിറ്റലില്‍ പോയികണ്ടോളാം''അനിരുദ്ധന്‍ കാള്‍ കട്ട് ചെയ്തു. ഒരുമിനുട്ട് കഴിഞ്ഞതേയുള്ളു, തിരിച്ച് ഫോണ്‍വന്നു.


''അതെ സാറേ, അവന്‍റെ പനി വിട്ടൂ, ആസ്പത്രീന്ന് ഡിസ്ച്ചാര്‍ജ്ജ് ചെയ്തു എന്ന വിവരം ഇപ്പൊ കിട്ടി. അരമണിക്കൂറിനുള്ളില്‍ ആള് വീട്ടിലെത്തും''. ആ പറഞ്ഞതില്‍ എന്തോ ഒരു കള്ളത്തരം ഉള്ളതുപോലെ അനിരുദ്ധന്ന് തോന്നി.


''നിങ്ങളാരാ''അയാള്‍ ചോദിച്ചു.


''ബ്രദറാണ്''.


''പ്രിന്‍സിന് ഒരു സിസ്റ്ററല്ലേയുള്ളു''.


''അത് സാര്‍ ഞാന്‍ കസിന്‍ ബ്രദറാ''. രാധികയോട് അനിരുദ്ധന്‍ വിവരം പറഞ്ഞു. 


''അവന്‍റെ വീട്ടിലൊന്നുചെന്ന് നോക്കണംന്നുണ്ട്. കള്ളത്തരം അറിയാലോ''.


''ചിലപ്പൊ സത്യായിരിക്കും, അന്യേട്ടാ. നമ്മളായിട്ട് അവനെ വെറുതെ കുറ്റം പറയണ്ടാ''അവള്‍ പറഞ്ഞു''കാണാന്‍ പോവുമ്പൊ ഫ്രൂട്ട്‌സ് എന്തെങ്കിലും വാങ്ങിക്കോളൂ. വെറുംകയ്യും വീശി പോണ്ടാ''. അയാള്‍ക്ക് ചിരി വന്നു. വടികൊടുത്ത് അടിവാങ്ങിച്ച മട്ടിലായി.


 ''പത്തിരുപത് കിലോമീറ്റര്‍ അങ്ങോട്ടും ഇങ്ങോട്ടും പോയിവരണം. എന്തിനാ വെറുതെ''അയാള്‍ ഒഴിവാകാന്‍ നോക്കി.


''അതൊന്നും സാരൂല്യാ. ഇന്ന് മഴീല്ലല്ലോ. പുത്യേകാറ് വാങ്ങീട്ട് ഓടിച്ച മാതിരി ആവുംചെയ്യും''.


സ്കോഡാ ലോറ റോഡിലിറങ്ങി. പ്രിന്‍സിന്‍റെ വീട്ടിലേക്കുള്ള വഴി അവന്‍ പറഞ്ഞുതന്ന നേരിയ ഓര്‍മ്മയുണ്ട്. ഹൈസ്കൂളിന്ന് മുന്നിലെ പഞ്ചായത്ത് റോഡിലൂടെ ഒരുകിലോമീറ്റര്‍ ചെന്നാലൊരു അമ്പലമുണ്ട്. അതിനടുത്താണ് വീട്.


മഴ ഇല്ലാത്തതിനാലാവാം അമ്പലപ്പറമ്പില്‍ ചെറുപ്പക്കാര്‍ ഫുട്ബോള്‍ കളിക്കുന്നുണ്ട്. അവരോട് ചോദിച്ചാല്‍ കറക്ടായി പ്രിന്‍സിന്‍റെ വീട് അറിയാനാവും. അനിരുദ്ധന്‍ കുറച്ചുദൂരെ കാര്‍ നിര്‍ത്തി പതുക്കെ മൈതാനത്തേക്ക് നടന്നു. പന്തിന്നു പുറകെ ഓടുന്ന പ്രിന്‍സിനെയാണ് അയാള്‍ കണ്ടത്.


 അദ്ധ്യായം - 47.


പഴയ സഹപ്രവര്‍ത്തകരെ ശരിക്കും അത്ഭുതപ്പെടുത്താനായി. അതു തന്നെയാണ് ഗോപാലകൃഷ്ണന്‍നായര്‍ ആഗ്രഹിച്ചതും.


''ഇത്ര പ്രായായിട്ടും സാറ് എങ്ങിന്യാ ഇത് ഓടിക്കിണത്''ഫോറസ്റ്റര്‍ ആയിരുന്ന കുഞ്ഞിക്കണ്ണന്‍ ചോദിച്ചു''റോഡിന്‍റെ ഒരു ഭാഗത്തുന്ന് അപ്പറത്തേക്ക് കടക്കാന്‍തന്നെ എനിക്ക് വല്യേബുദ്ധിമുട്ടാണ്''. അത് ശരിയാണെന്നു തോന്നി. സമപ്രായക്കാരായ സഹപ്രവര്‍ത്തകരില്‍ മിക്കവരും വാര്‍ദ്ധക്യത്തിന്ന് കീഴടങ്ങിയ മട്ടുണ്ട്.


''അതിനെന്താ, ഞാന്‍ ഇതിന്‍റെ പുറത്ത് ഇരിക്കിണല്ലേയുള്ളു. അതല്ലേ എന്നെ ചുമന്നോണ്ട് പോണത്'' നായര്‍ ബുള്ളറ്റിനെ വാത്സല്യത്തോടെ തലോടിക്കൊണ്ട് പറഞ്ഞു.


''താനാടോ ഭാഗ്യവാന്‍''ഡി.എഫ്.ഒ. ആയിരുന്ന മജീദ് സാര്‍ പറഞ്ഞു ''ആരേം ആശ്രയിക്കാതെ സ്വന്തംകാര്യങ്ങള്‍ നടത്താന്‍ തനിക്കിപ്പഴും കഴിയിണുണ്ടല്ലോ. അതില്‍ കൂടുതല്‍ എന്താ വേണ്ടത്''.


എല്ലാവരും ഒരു മുന്‍കാല സഹപ്രവര്‍ത്തകന്‍റെ പേരക്കുട്ടിയുടെ വിവാഹത്തിന്ന് ഒത്തു കൂടിയതാണ്. അന്യോന്യം കണ്ടുമുട്ടാനുള്ള അവസരമാണ് കല്യാണങ്ങളും മരണങ്ങളും. വല്ലപ്പോഴും നടക്കുന്ന പെന്‍ഷണേഴ്സ് യൂണിയന്‍ മീറ്റിങ്ങുകളില്‍ പലരും എത്താറില്ല. മുമ്പൊക്കെ ഇമ്മാതിരി ഒത്തുകൂടലുകള്‍ ഇടയ്ക്കൊക്കെ ഉണ്ടാവുമായിരുന്നു. സഹപ്രവര്‍ത്തകരുടെ മക്കള്‍ മിക്കവരും വിവാഹിതരായി കഴിഞ്ഞതോടെ കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ കുറഞ്ഞു. ചിലരുടെയെങ്കിലും പേരമക്കള്‍ കല്യാണപ്രായം എത്തിക്കാണും. അവരുടെ വിവാഹത്തിന്ന് വിളിച്ചാലായി, ഇല്ലെങ്കിലായി. അടുപ്പങ്ങളുടെ ശക്തി ചോര്‍ന്നുപോവുകയാണോ ആവോ.


പലരേയും കണ്ടിട്ട് കൊല്ലങ്ങള്‍ അനവധി കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്‍വിറ്റേഷന്‍ കാര്‍ഡ് കിട്ടിയപ്പോഴേ നിക്കാഹിന് കൂടണമെന്ന് ഉറപ്പിച്ചു. ആകെക്കൂടിയുള്ള പ്രശ്നം അമ്മിണിയുടെ കാര്യമാണ്. കോളേജ് ഇല്ലാത്ത ദിവസമായതിനാല്‍ അനുജന്‍റെ പെണ്‍മക്കള്‍ രണ്ടാളും കാലത്ത് വന്ന് വലിയമ്മയ്ക്ക് തുണയിരിക്കാമെന്ന് സമ്മതിച്ചതോടെ അതുംതീര്‍ന്നു. രാവിലെത്തന്നെ അനുജന്‍റെ മക്കളെത്തി. കൂടെ നാലഞ്ച് പെണ്‍കുട്ടികളും. അവരുടെ കൂട്ടുകാരാണത്രേ.


''വലിയച്ഛന്‍ നിക്കാഹിന്ന് പോയി ബിരിയാണിതട്ടും. ഇവിടെ ഞങ്ങള്‍ക്ക് സാമ്പാറും ഉപ്പേരീം. അത് കഷ്ടാണ് '' ചെറിയ മകള്‍ വായാടിയാണ്.


''അതിനെന്താ, ഇപ്പൊത്തന്നെ ഞാന്‍ മീന്‍കാരനെ വിളിച്ച് മീനെത്തിക്കാന്‍ പറയാം''.


''നല്ല കാര്യായി. ചേച്ചി ശവം കീറി മുറിക്കും. പക്ഷെ മീന് നന്നാക്കില്ല'' അവള്‍ പറഞ്ഞു''എനിക്ക് ആ പണി ഒട്ടും പറ്റില്ല''.


''അതെന്താ നിനക്ക് ചെയ്താല്‍''.


''വല്യേച്ഛാ, കമ്പ്യൂട്ടറില്‍ എന്ത് വേണച്ചാലും എന്നോട് ചെയ്യാന്‍ പറഞ്ഞോളൂ. പക്ഷെ അടുക്കളേല് കേറാന്‍ എന്നോട് പറയണ്ടാ''. ഇങ്ങിനെപോയാല്‍ ഇവള്‍ കുറെ കഷ്ടപ്പെടും എന്ന് ഉള്ളില്‍ ചിന്തിച്ചു.


''ഞാന്‍ ഓട്ടോ ഡ്രൈവര്‍ രാധാകൃഷ്ണനോട് ബിരിയാണി വാങ്ങി എത്തിക്കാന്‍ ഏര്‍പ്പാടാക്കാം''.


''അതൊന്നും വേണ്ടാ. ഞാന്‍ പോയി നൂര്‍ജഹാനില്‍നിന്ന് പാകംപോലെ വാങ്ങിക്കോളാം''കുട്ടി അഭിപ്രായം വെളിപ്പെടുത്തി.


''നിന്‍റെ ഇഷ്ടംപോലെ ''. ആയിരത്തിന്‍റെ രണ്ട് നോട്ടുകള്‍ കൊടുത്തതോടെ കുട്ടി പ്രസാദിച്ചു. കവിളിലൊന്ന് തലോടിയിട്ട് അവള്‍ അകത്തേക്കോടി. പുറപ്പെടാറായപ്പോഴാണ് ബൈക്കില്‍ പോവുന്ന കാര്യം അമ്മിണി അറിഞ്ഞത്.


''പട്ടാമ്പിവരെ മോട്ടോര്‍സൈക്കിളില്‍ പോവ്വേ''അവള്‍ വിലക്കി ''എത്ര ദൂരം ഉണ്ട് എന്നാ നിശ്ചയം. അയ്യഞ്ച് മിനുട്ട് കൂടുമ്പോള്‍ ബസ്സില്ലേ''.


''ബസ്സില്ലാഞ്ഞിട്ടല്ലടോ. ഒക്കെ ഒരു മോഹോല്ലേ. അത്രയ്ക്ക് ദൂരോന്നൂല്യാ. എത്രപ്രാവശ്യം ഞാനിതില് ശബരിമലയ്ക്ക് പോയിട്ടുള്ളതാണ്''.


''അതൊക്കെ അന്തക്കാലം. ഇപ്പൊ വയസ്സായില്ലേ''.


''വയസ്സോ? ആര്‍ക്ക്? എനിക്ക് അത്ര വയസ്സൊന്നും ആയിട്ടില്യാ. ഞാന്‍ സുഖമായിട്ട് പോയിവരും''.


''ചിക്കണും മട്ടനും ഒക്ക്യാണെന്ന് പറഞ്ഞ് ബാറില്‍കേറി മിനുങ്ങണ്ടാട്ടോ. വണ്ടി ഓടിക്കാനുള്ളതാ''.


''വിശ്വാസം ഇല്ലാച്ചാല്‍ താന്‍കൂടി വന്നോ. പിന്നാലെ ഇരുന്നാമതി. ഒരു തകരാറും കൂടാതെ ഞാന്‍ കൊണ്ടുപോയി കൊണ്ടുവരാം''.


''കേമായി. കയ്യും കാലും കുഴഞ്ഞ് കിടക്കുമ്പൊത്തന്നെ വേണോനും''.


''അതൊന്നും കാര്യാക്കണ്ടാ. വേണച്ചാല്‍ പോന്നോളൂ. പിന്നെ സ്പീഡ് കൂടുമ്പൊ എന്‍റെ ചന്തീല് നുള്ളരുത്. അങ്ങിനെ വല്ലതും ചെയ്താല്‍ വണ്ടി നിര്‍ത്തി ഞാന്‍ ആ കവിളില്... ''.


''അയ്യേ, എന്തൊക്ക്യാ പറയിണ്. അപ്പുറത്ത് പെണ്‍കുട്ട്യേളുള്ളതാണ്''. ഭാര്യയുടെ കവിളില്‍ നാണം ചായംപുരട്ടുന്നത് കണ്ടു.


ഗ്രൂപ്പ് ഫോട്ടോ എടുത്ത് ഭക്ഷണം കഴിഞ്ഞശേഷം എല്ലാവരും പിരിഞ്ഞു. വാടാനാംകുറുശ്ശിയില്‍ എത്തിയപ്പോള്‍ ഗെയിറ്റ് അടച്ചിരിക്കുന്നു. ഓരം ചേര്‍ത്ത് വണ്ടിനിര്‍ത്തി ഹെല്‍മറ്റ് ഊരി സീറ്റില്‍തന്നെയിരുന്നു. അടുത്തു നിന്ന വെള്ള ഫോര്‍ച്ച്യൂണറില്‍നിന്ന് ''സാറേ'' എന്നു വിളിച്ച് ഒരാള്‍ ഇറങ്ങി. ശിവശങ്കരമേനോനാണ്.


''സാറെവിടുന്നാ ബൈക്കില്''അയാള്‍ ചോദിച്ചു.


''പട്ടാമ്പീല് ഒരുകല്യാണത്തിന്ന് ചെന്നതാ''.


''ഇപ്പഴും ഇത് ഓടിക്ക്യോ''.


''പിന്നല്ലാണ്ടെ. ഇവനെന്‍റെ സന്തതസഹചാര്യല്ലേ''.


''മക്കള് കുട്ട്യേളായിരിക്കുമ്പൊ അവരെ ഇതില്‍ കേറ്റിക്കൊണ്ട് വരുണത് കണ്ട ഓര്‍മ്മ ഇപ്പഴൂണ്ട്. കാലംമാറീട്ടും ഇതിന് ഒരുമാറ്റൂം വന്നിട്ടില്ല''.


''ആ കാലത്ത് മേനോന്‍റേല് ഫിയറ്റ് ലെവന്‍ ഹണ്‍ട്രഡ് ആയിരുന്നു. കറുത്ത നിറത്തില്''. ഇരുവരുടേയും ഓര്‍മ്മകള്‍ പിന്നോട്ട് പാഞ്ഞു. എന്തൊക്കെ കണ്ടു, എന്തൊക്കെ അനുഭവിച്ചു. ആലോചിക്കാന്‍തന്നെ ഒരു സുഖമുണ്ട്.


''പിന്നെ ഈ മാസം പതിനൊന്നിന്ന് എന്‍റെ പേരക്കുട്ടിടെ ആദ്യത്തെ പിറന്നാളാണ്. വഴിക്കുവെച്ച് പറഞ്ഞൂന്ന് കരുതണ്ടാ. വീട്ടില് വന്ന് വിളിക്കുണുണ്ട്''.


''അതൊന്നും വേണ്ടാ. ഈ പറഞ്ഞതന്നെ ധാരാളായി''.


''അതുപറ്റില്ല. ചെയ്തുതന്ന ഉപകാരങ്ങളൊക്കെ എന്‍റെ മനസ്സിലുണ്ട്''. ഒരു ഗുഡ്‌സ്ട്രെയിന്‍ നിര്‍ത്താതെ കടന്നുപോയി.


''ഗെയിറ്റ് തുറക്കാറായി. ഇന്നോ നാള്യോ ഞാന്‍ സാറിന്‍റെ വീട്ടില് വരുണുണ്ട്ട്ടോ''മേനോന്‍ കാറില്‍ കയറി. ഗോപാലകൃഷ്ണന്‍ നായര്‍ കിക്കറില്‍ കാലമര്‍ത്തി. ബുള്ളറ്റ് ശബ്ദിച്ചുതുടങ്ങി.


 അദ്ധ്യായം - 48.


ഗോപാലകൃഷ്ണന്‍നായര്‍ തിരിച്ചെത്തിയതും പെണ്‍കുട്ടികള്‍ പുറപ്പെട്ടു. നാലുമണിക്ക് ചായ കുടിച്ചിട്ട് പോവാമെന്ന് പറഞ്ഞതാണ്.  കൂടെയുള്ള ഒരു കൂട്ടുകാരിക്ക് തൃശൂരിലേക്ക് പോവാനുണ്ടെന്നു പറഞ്ഞ് അവര്‍ യാത്രയായി.


''കുറച്ചുനേരം ഉമ്മറത്ത് ഇരുന്നാലോ''അമ്മിണിയമ്മ ചോദിച്ചു. ഈയിടെയായി ഭര്‍ത്താവിന്‍റെ കയ്യില്‍പിടിച്ച് മെല്ലെമെല്ലെ നടന്നു സോഫയില്‍ വന്നിരിക്കാറുണ്ട്. ഗോപാലകൃഷ്ണന്‍നായര്‍ അവരെ സ്വീകരണമുറിയിലേക്ക് ആനയിച്ചു.


''പഴയ കൂട്ടുകാര്യോക്കെ കണ്ടില്ലേ''അവര്‍ ചോദിച്ചു.


''ആകെ എത്ത്യേത് എട്ടാള്. രണ്ടു മൂന്ന് ആളുകള്‍ പന്യായി കിടപ്പിലാണെന്ന് പറഞ്ഞുകേട്ടു. മഴക്കാലോല്ലേ. ചിലരൊക്കെ നിത്യരോഗികളായി മാറീന്നും പറയുണു''.


''നിങ്ങള് മോട്ടോര്‍സൈക്കിളില്‍ പോയത് കണ്ടിട്ട് വല്ലോരും വല്ലതും പറഞ്ഞ്വോ''.


''പറഞ്ഞ്വോന്നോ. സകല എണ്ണത്തിനും അതിശയം''.


''അവരുടെ കണ്ണ് തട്ടീട്ടുണ്ടാവും. ഉഴിഞ്ഞിടണം. പിന്നെ ചെറ്യേ മോള് എന്താ പറഞ്ഞതേന്ന് നിശ്ചംണ്ടോ''.


''എന്താ ആ വായാടി എഴുന്നള്ളിച്ചത്''.


''വല്യേമ്മേ, നിങ്ങള് രണ്ടാളുടേം ഹണിമൂണ്‍ ഇനീം കഴിഞ്ഞില്ലേന്ന്. ഞാന്‍ ആകെക്കൂടി നാണംകെട്ടു''.


''ഹ ഹ ഹ''ഗോപാലകൃഷ്ണന്‍നായര്‍ ഉറക്കെ പൊട്ടിച്ചിരിച്ചു''അത് താന്‍ നേരത്തെ പറയണ്ടേ. എന്നാല്‍ ഞാന്‍ ആ പെണ്ണിന് നല്ലൊരുഗിഫ്റ്റ് വാങ്ങി കൊടുക്ക്വായിരുന്നു''.


''നിങ്ങള്‍ക്ക് ഞാന്‍ എന്തു പറഞ്ഞാലും തമാശ്യാണ്''അമ്മിണിയമ്മ പരിഭവിച്ചു. പടിക്കല്‍ ഒരു കാറ് വന്നുനിന്നു.


''എന്നെ കൊണ്ടുപോയി കിടത്തിക്കോളൂ. വല്ലോരും കേറിവരുമ്പൊ ഉമ്മറത്ത് കൊഴവാതംപിടിച്ച ഒന്ന് ഇരിക്കിണത് കാണണ്ടാലോ''.


''ആരു കണ്ടാലെന്താ. സൂക്കട് വരുന്നതിന് നാണിക്കണ്ട വല്ലകാര്യൂണ്ടോ'' എന്ന് ചോദിച്ചെങ്കിലും അമ്മിണിയമ്മയെ അയാള്‍ കിടപ്പറയിലെത്തിച്ചു . തിരിച്ചുവന്നപ്പോള്‍ ശിവശങ്കരമേനോന്‍ ഉമ്മറത്ത് എത്തിയിരിക്കുന്നു. കൂടെ ഒരു ചെറുപ്പക്കാരനുമുണ്ട്. ഉച്ചയ്ക്ക് കണ്ട കാറല്ല ഇപ്പോഴുള്ളത്. വരുന്നവഴിക്ക് കണ്ടപ്പോള്‍ വെറുമൊരുഭംഗിവാക്ക് പറഞ്ഞാതാണെന്ന് കരുതി. ക്ഷണിക്കാന്‍ എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.


''എന്തെങ്കിലും വിചാരിച്ചാല്‍ എനിക്കത് ഉടനെ നടത്തണം. പിന്നെക്ക് വെച്ചാല്‍ ചിലപ്പൊ മറക്കും''ശിവശങ്കരമേനോന്‍ അകത്തേക്ക് കയറി    ''ഇത് എന്‍റെ മൂത്തമകനാണ്. സാറിന് ഇവനെ അറിയില്ലേ''.


''പിന്നല്ലാണ്ടെ. കല്യാണത്തിനൊക്കെ ഞാന്‍ വന്നിട്ടുള്ളതല്ലേ''.


''എന്നാല്‍ നീ പോയി ഗോപിനായരെകണ്ട് ഒരുക്കണ്ട സാധനങ്ങളുടെ ലിസ്റ്റ് വാങ്ങീട്ടു വാ.  പഴനിക്ക് പോവാനായിട്ട്ആ വിദ്വാനിപ്പൊ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ നില്‍ക്കുണുണ്ടാവും''മേനോന്‍ മകനോട് ആവശ്യപ്പെട്ടു''അതുവരെ ഞാന്‍ സാറിനോട് ഓരോന്ന് പറഞ്ഞ് ഇവിടെ ഇരുന്നോളാം''. മകന്‍ കാറ് സ്റ്റാര്‍ട്ട് ചെയ്തുനീങ്ങി.


''വെപ്പുകാരന്‍റെ അടുത്തേക്ക് അയച്ചതാ അവനെ. കാറ്ററിങ്ങ്‌കാരെ ഏല്‍പ്പിക്കാന്നു വിചാരിച്ചതാ ഭാര്യക്കത് പറ്റില്ല. ഇതൊക്കെ മിനക്കേട് പിടിച്ച ഏര്‍പ്പാടാണ്. എന്താ ചെയ്യാ. പറഞ്ഞാല്‍  അവളുടെ തലേല് കേറണ്ടേ''മേനോന്‍ സംഭാഷണം തുടങ്ങി''സത്യം  പറയാലോ, ഇത്തിരി ഗംഭീരം ആയിട്ടന്നെ നടത്താന്ന് വെച്ചു. ഒരു മകളുള്ളതിന് ആദ്യായിട്ട് ഉണ്ടായ കുട്ട്യല്ലേ. അതും നടാടത്തെപിറന്നാള്. പിന്നെ എനിക്കാ കുട്ടീന്ന് വെച്ചാല്‍ ജീവനാ. നല്ല ചന്തക്കാരി പെണ്‍കുട്ടി. അതിന്‍റെ മുഖത്തുന്ന് കണ്ണെടുക്കാന്‍ തോന്നില്ല. പെണ്ണ് അച്ഛന്‍റെ തനിസ്വരൂപാണ്''. മേനോന്‍റെ സ്വഭാവത്തിന് ഒരുമാറ്റവും ഇല്ലെന്ന് ഗോപാലകൃഷ്ണന്‍നായര്‍ ഓര്‍ത്തു. പണ്ടേ ഉള്ളത് ഉള്ളതുപോലെ പറയുന്ന പ്രകൃതമാണ്. സമ്പത്ത് കുമിഞ്ഞ് കൂടുമ്പോഴും പഴയമട്ടില്‍ പെരുമാറുന്നത് അയാളുടെ മഹത്വം കാരണമാണ്.


''പുതുതായി ഒരു ബിസിനസ്സുംകൂടി തുടങ്ങുണൂന്ന് കേട്ടല്ലോ. മരുന്നിന്‍റെ ഡിസ്ട്രിബ്യൂഷനോ സ്റ്റോക്കോ എന്തോ''.


''ശര്യാണ്. മരുമകന് വേണ്ടീട്ടാ അത്''.


''അപ്പൊ അയാളടെ ജോലി''.


''അതൊക്കെ ശാശ്വതംന്ന് പറയാന്‍ പറ്റില്ല. ഉള്ളദിവസം ഉണ്ടാവും അത്രേന്നെ. വലിച്ചെറിഞ്ഞ് പോരാന്‍ ഞാന്‍ നൂറുതവണ പറയാറുണ്ട്. അവനോന്‍റെ ബിസിനസ്സ് നോക്കിനടത്തിണത് അന്യരാണ്. അത് ഏറ്റെടുത്താ മതി. കേക്കണ്ടേ''.


''അതിന് മക്കളില്ലേ''.


''ഉവ്വുവ്വ്. ഇപ്പൊ കണ്ടില്ലേ ഒരാളെ. എങ്ങിനെ പത്തുറുപ്പിക ഉണ്ടാക്കാം എന്നല്ല എങ്ങിനെ കളയാം എന്നാ മൂപ്പരടെ നോട്ടം'' മേനോന്‍റെ മുഖത്ത് പുച്ഛം നിഴലിച്ചു''ഇനിയൊരുത്തനുള്ളതിന് അബ്കാരി മാത്രം മതി''.


''മരുമകന്‍ ആള് എങ്ങിനീണ്ട്''.


''ഉള്ളത് പറയാലോ. ഇങ്ങിനത്തെ ഒരുത്തനെ കിട്ടില്ല.  ആദ്യം എനിക്ക് പേട്യോക്കെ ഉണ്ടായിരുന്നു. വലിയ വീട്ടിലെ പെണ്‍കുട്ടി. കാണാന്‍ അത്രയ്ക്ക് പോരാനും. ചന്തകാരനായ ഒരുത്താന്‍ കല്യാണം കഴിക്കാന്‍ സമ്മതിച്ചാ എന്തെങ്കിലും ഊരണംന്ന് വിചാരിച്ചിട്ടാണ് എന്നല്ലേ കരുതാന്‍ പറ്റുള്ളു. എന്നാല്‍ അങ്ങിനെ ഒന്നും അല്ലാട്ടോ. ഇന്നേവരെ വായതുറന്ന് ഒരുസാധനം അവന്‍ ചോദിച്ചിട്ടില്ല. പിന്നെ എന്‍റെ മകളേം കുട്ട്യേം അവന് ജീവനാ. നമുക്ക് അത്രേല്ലേ വേണ്ടൂ''. പടിക്കല്‍ സ്കൂട്ടറിന്‍റെ ശബ്ദം കേട്ടു. നോക്കുമ്പോള്‍ അനൂപാണ്.


''അമ്മമ്മ''അപരിചിതനായ ഒരാളെ കണ്ട് അവന്‍ മടിച്ചുനിന്നു.


''അകത്തുണ്ട്. പൊയ്ക്കോളൂ''. അവന്‍ ഉള്ളിലേക്ക് നടന്നു.


''ഏതാ ഈ കുട്ടി''മേനോന്‍ ചോദിച്ചു.


''അടുത്തകാലത്ത് പരിചയപ്പെട്ടതാ. അമ്മിണി കിടപ്പിലായതില്‍ പിന്നെ മിക്കദിവസൂം വരാറുണ്ട്. അവള്‍ക്കും ഇവനെ വലിയകാര്യാണ്''.


''വീട്ടുകാരി കിടപ്പിലാണോ. എന്താ സൂക്കട്''മേനോന്‍ ചോദിച്ചു. രോഗത്തേയും ചികിത്സയേയുംകുറിച്ച് ഗോപാലകൃഷ്ണന്‍നായര്‍ വിശദമായി പറഞ്ഞു.


''ഞാനും വിചാരിച്ചു''മേനോന്‍ പറഞ്ഞു''ഉമ്മറത്ത് ഒരാളടെ ഒച്ചകേട്ടാല്‍ ചായകൊണ്ടുവരുണ ആളാണ്. എന്തേ കണ്ടില്യാന്ന്''.


''അതിനെന്താ ചായ ഞാന്‍ ഉണ്ടാക്കാലോ''.


''വേണ്ടാ സാറേ. എനിക്ക് വീട്ടുകാര്യേ ഒന്ന് കാണണം''. രണ്ടുപേരും ചെല്ലുമ്പോള്‍ അനൂപ് കട്ടിലില്‍ ഇരിപ്പാണ്. അമ്മിണിയമ്മയുടെ കയ്യ് അവന്‍ തടവുന്നുണ്ട്. അവരെ കണ്ടതും അവന്‍ എഴുന്നേറ്റു.


''എന്നെ ഓര്‍മ്മീണ്ടോ''മേനോന്‍ ചോദിച്ചു.


''പിന്നില്യാണ്ടേ. ഉമ്മറത്തിന്ന് ഒച്ചകേട്ടതും എനിക്ക് മനസ്സിലായി. ഇപ്പൊ കണ്ടിട്ട് ഇത്തിരികാലം ആയീച്ചാലും മുമ്പ് ഒന്നുക്ക് ഒന്നരാടം നമ്മള് കാണാറുള്ളതല്ലേ''.


''പേരക്കുട്ടിടെ പിറന്നാളിന്ന് രണ്ടാളേം വിളിക്കാന്‍ വന്നതാ ഞാന്‍. ഇവിടെ ഇതാ അവസ്ഥാന്ന് അറിയില്ലല്ലോ''.


''എന്താ ചെയ്യാ. മൂപ്പര് വന്നോളും''.


''അയ്യപ്പന്‍ കടാക്ഷിച്ച് വേഗം ഭേദാവട്ടെ''മേനോന്‍ പറഞ്ഞു''ഈ കുട്ടിക്ക് എന്താ പണീന്നാ പറഞ്ഞത്'' അനൂപിനെ കുറിച്ചായിരുന്നു ആ ചോദ്യം .


''മെഡിക്കല്‍ റെപ്രസന്‍റേറ്റീവ്''.


''ങാഹാ, അപ്പൊ അനിരുദ്ധനെ അറിയണോലോ''.


''അനിരുദ്ധന്‍ സാറിനെ എനിക്കറിയാം''.


''ഈ കുട്ടി നന്നായി പാട്ടുപാടും''അമ്മിണിയമ്മ പറഞ്ഞു.


''അത് ശരി. ഒരുദിവസം ഒഴിവോടെ ഇയാളടെ പാട്ട് കേള്‍ക്കണം''. പുറത്ത് കാറിന്‍റെ ശബ്ദംകേട്ടു. മേനോന്‍ യാത്രപറഞ്ഞിറങ്ങി.


  അദ്ധ്യായം - 49.


''ഇതെന്താ ഇന്ന് ഈ നേരത്തൊരു വരവ്''ഇന്ദിര പാറുവിനോട് ചോദിച്ചു''അത്വോല്ല, കുറച്ച് ദിവസായി നീ ഈ വഴിക്ക് കേറീട്ട്''. ഉച്ചനേരത്ത് പാറു വരാറില്ല. ഒന്നുകില്‍ രാവിലെ നേരത്തെ എത്തും അല്ലെങ്കില്‍ പണിമാറീട്ട് വൈകുന്നേരം. ആ നേരങ്ങളിലേ പാറുവിന്ന് ഒഴിവുണ്ടാവൂ.


''ഒന്നും പറയണ്ടാ എന്‍റെ തമ്പുരാട്ട്യേ. മലമ്പള്ളേല് എഴുത്തശ്ശന്മാരുടെ പാടത്ത് കളവലിക്കാന്‍ പോയിപെട്ടതാ. പാടത്ത് അങ്ങന്നെ പൊള്ളകള. വലിച്ചിട്ടും വലിച്ചിട്ടും തീരിണമട്ടില്യാ. ഞാനാണച്ചാല്‍ പോണത് പോട്ടേന്ന് വിചാരിച്ച് ഒക്കെ പൂട്ടികളയും''.


'' അപ്പൊ നിനക്കിന്ന് പണീല്യേ''.


''ഉണ്ട്. തറേല് ഒരുപെങ്കുട്ടിടെ തിരണ്ടുകല്യാണം ആണെന്നുംപറഞ്ഞ് കൂടെ പണിക്ക് വരുണ എല്ലാ പെണ്ണുങ്ങളുംകൂടി ഉച്ചവരത്തെ പണി മതീന്നും പറഞ്ഞ് നിര്‍ത്തി. അവറ്റയ്ക്ക് രണ്ട് മണിക്കൂറുംകൂടി നില്‍ക്ക്വേ വേണ്ടൂ. ഒരുനേരപ്പെട്ട പണിചെയ്തിട്ട് മുഴുവന്‍ കൂലീം വാങ്ങായിരുന്നു. പറഞ്ഞിട്ടെന്താ. എവിടേങ്കിലും ചോറുണ്ടേന്ന് കേള്‍ ക്കുമ്പഴയ്ക്കും കയ്യുംകഴുകി പൊയ്ക്കോളും സര്‍വ്വ എണ്ണൂം''.


''എന്നിട്ട് നീ വല്ലതും കഴിച്ച്വോ''.


''എനിക്കിനി ഒന്നും വേണ്ടാ. രാത്രി കഞ്ഞീണ്ടാക്കി കുടിച്ചോളാം''.


''അത് വേണ്ടാ. ഞാന്‍ ഉണ്ടിട്ടില്ല. ഉള്ള ചോറില് ഇത്തിരി കഞ്ഞിടെ തെളി ഒഴിച്ച് രണ്ടാളുക്കുംകൂടി കഴിക്കാം''. അടുക്കളയുടെ പുറകില്‍ അമ്മിയും ആട്ടുകല്ലുംവെച്ച ഭാഗത്തെ തിട്ടില്‍ ഇന്ദിര ഇരുന്നു. തൊട്ടുതാഴെ ചുമരും ചാരി പാറുവും.


''രാത്രീലിക്ക് ചപ്പാത്തി ഉണ്ടാക്കൂ അമ്മേ എന്ന് രാവിലെ അനു പറഞ്ഞ് ഏല്‍പ്പിച്ചതാ. പിന്നെ ഒരുനേരത്തെ കാര്യോല്ലേ ഉള്ളു. ഞങ്ങള് രണ്ടാള്ക്ക് മാത്രായിട്ട് കൂട്ടാനൊന്നും ഉണ്ടാക്കണ്ടാന്ന് എനിക്കുംതോന്നി. ഉണ്ണിത്തണ്ടും വെള്ളപയറുംകൂടി ഇന്നലെ ഉപ്പേരിവെച്ചത് കുറച്ച് ബാക്കീണ്ടായിരുന്നു. അതിനെ ചൂടാക്കി. മാങ്ങ ഉപ്പിലിട്ടതൂണ്ട്. അതൊക്കെ മതീന്ന് വെച്ചു''.


''അപ്പൊ മക്കളടെ കാര്യം''.


''പോക്ക് വ്യാഴാഴ്ച്ചല്ലേ ഇന്ന്. കോട്ടേലെ ഹനുമാനെ തൊഴുകാന്‍ രണ്ടും പോണുണ്ടത്രേ. അവിടെ കര്‍ക്കിടകക്കഞ്ഞികൊടുക്കാറുണ്ട്. അതു വാങ്ങി കഴിച്ചോളാന്‍ പറഞ്ഞു''. ഓരോന്ന് പറഞ്ഞ് സംഭാഷണം മക്കളുടെ കാര്യത്തിലേക്ക് വഴുതിവീണു.


''ചിങ്ങമാസം പിറന്നാല് നമുക്ക് മകനീംകൂട്ടി പെണ്‍കുട്ട്യേ ഒന്നുപോയി കണ്ടിട്ട് വന്നൂടേ തമ്പുരാട്ട്യേ''പാറു ചോദിച്ചു''എന്‍റെ മകളടെ അടുത്ത് ആ കുട്ടിടെ അച്ഛന്‍ അന്വേഷിച്ചൂന്ന് പറഞ്ഞു''.


''നീയെന്ത് ആലോചിച്ചിട്ടാ പാറ്വോ, ഈ പറയുണത്. ഒരുപെണ്ണുള്ളതിനെ ഒരുത്തന്‍റെ കയ്യില്‍ പിടിച്ചുകൊടുത്തിട്ടുവേണ്ടേ എനിക്ക് മകന്‍റെ കാര്യം നോക്കാന്‍''.


''അതും വേണ്ടതന്നെ. നിങ്ങള് പാകംപോലത്തെ ഒരുചെക്കനെ നോക്കിന്‍, അല്ലാണ്ടെന്താ''.


''ഇതൊക്കെ പറയുംപോലെ അത്ര എളുപ്പൂള്ള സംഗത്യാണോ. ഒന്നാമത് നമ്മടെസ്ഥിതിക്ക് യോജിച്ച ഒന്ന് വരണം. അത് കഴിഞ്ഞാലത്തെ കാര്യോ? ആലോചിക്കുമ്പഴേ പേടിയാവുണു''.


''പെണ്‍കുട്ട്യേള് വയസ്സറിയിച്ചാല്‍ കെട്ടിച്ചുവിടണ്ടത് അച്ഛന്‍റേം അമ്മടേം പൊറുപ്പാണ്. പേടിച്ചിട്ട് വേണ്ടാന്ന് വെക്കാന്‍ സാധിക്ക്യോ. പിന്നെ എല്ലാം തലേല് എന്താ എഴുത്യേത് അതുപോലെത്തന്നെ വരും. നല്ല സ്നേഹൂള്ള വീട്ടിലാ കുട്ടി ചെന്ന് കേറ്യേതെങ്കില്‍ തന്തയ്ക്കും തള്ളയ്ക്കും സമാധാനം അല്ലെങ്കിലോ തലീള്ളെന്നും ചീരാപ്പ്''.


''അതല്ല ഞാന്‍ പറഞ്ഞത്. ഇന്നത്തെ കാലത്ത് കൈനിറയെ പണം വേണം ഒരു കുട്ട്യേ പടിയിറക്കി വിടാന്‍. ചുരുങ്ങാതെ എന്ത് വേണ്ടി വരുംന്ന് നിനക്കറിയ്യോ''.


''എനിക്കെങ്ങിന്യാ അറിയ്യാ. നിങ്ങളന്നെ പറയിന്‍''.


''സ്ത്രീധനം ചോദിക്കില്ലാ എന്നെന്നെ വെക്ക്യാ. പണ്ടം വാങ്ങണ്ടെ. അധികോന്നും നമ്മളെക്കൊണ്ട് ആവില്ല. എന്നാലും രണ്ടുകയ്യിലിക്ക് ഈരണ്ടു വള. നാല് പവന്‍ വേണോ''.


''വേണ്ടി വരും. അതിലും കുറഞ്ഞാ ബലംകിട്ടില്ല''.


''താലിമാല ആണിന്‍റെ വീട്ടുകാര് കൊണ്ടുവന്നാല്‍ നന്ന്. ഇല്ലെങ്കില്‍ അത് കാണണ്ടെ. ഒരു ഒന്നരപവന്‍ ആവില്ലേ അതിന്''. പാറു മൂളിക്കേട്ടു.


''പൊളേലിക്ക് നെക്ക്‌ലസ്സ്പോലത്തെ എന്തെങ്കിലും ഒന്ന് വേണ്ടേ. രണ്ടു പവനില് ഒതുക്കാന്ന് കൂട്ടിക്കോ. ഇത്തിരി നീട്ടത്തില്‍ മൂന്ന് മൂന്നര പവനില്‍ ഒന്നുംകൂടി ആയാലോ. അതിനും പുറമ്യാണ് കല്യാണ മോതിരം. അരപവന്‍റെ മതീന്ന് വെക്കാം. പിന്നെ കാതിലിക്ക് എന്തെങ്കിലും വാങ്ങണ്ടേ. ഒരു പവനില്‍ കുറഞ്ഞ് എന്താ കിട്ട്വാ. ഓക്കെക്കൂടി നോക്കുമ്പോള്‍ പത്ത് പന്ത്രണ്ട് പവന്‍ വേണം. ഇന്നത്തെ വിലയ്ക്ക് മൂന്ന് ലക്ഷം കടക്കില്ലേ''.


''പിന്നെയ്ക്ക് അതൊരു മുതലാണ്''.


''അല്ലാന്ന് പറയുണില്യാ. ഇല്ലാത്തതിന്‍റെ കുഴപ്പേള്ളു''ഇന്ദിര തുടര്‍ന്നു ''തുണീമണീ എന്നൊക്കെ പറഞ്ഞ് പത്ത് മുപ്പത് ഉറുപ്പിക വരും. സദ്യ പോക്കുവരവ് ഇവയ്ക്കൊക്കെ പതിനഞ്ചോ ഇരുപതോവേണം. എല്ലാം കൂടി മൂന്നരലക്ഷം കടക്കും''.


''തമ്പുരാട്ടി കണക്കുകൂട്ടി വെച്ചിരിക്ക്യാ''.


''ഒരു പെണ്‍കുട്ടി കയ്യിലുള്ള എല്ലാ അച്ഛനും അമ്മയ്ക്കും ഇതന്യാവും മനസ്സില്''.


''എപ്പഴായാലും കൂടാണ്ടെ കഴിയ്യോ. പണത്തിന് വല്ലവഴീം കണ്ടിട്ടുണ്ടോ തമ്പുരാട്ട്യേ''പാറു ചോദിച്ചു''അതോ കയ്യില് എന്തെങ്കിലൂണ്ടോ''.


''ഉണ്ട്. പത്ത് വിരല്. നീയെന്താ രാമായണം മുഴുവനുംവായിച്ചിട്ട് രാമന് സീത എപ്പിടി എന്ന മട്ടില് ചോദിക്കിണത്''ഇന്ദിര ചൊടിച്ചു''മുട്ടികൂടി വന്നാല് ഈ വീടുംപറമ്പും ബാങ്കിന് പണയം കാണിച്ച് ലോണ്‍ കിട്ട്വോന്ന് നോക്കും. പറ്റില്യാച്ചാല്‍ ഇതങ്ങിട്ട് വിറ്റ് അവളടെ കാര്യംനടത്തും''.


''അതൊന്നും വേണ്ടാ. മകന് കൊണ്ടുവരുണ പെണ്‍കുട്ടിടെ പണ്ടത്തിന്ന് കുറച്ചെടുത്ത് നമുക്ക് നമ്മടെ മകള്‍ ക്ക് കൊടുക്കാം. പണം എന്തെങ്കിലും വേണച്ചാല്‍ അവരോട് ചോദിക്കും ചെയ്യാലോ''.


''നീയെന്ത് പണ്യാണ് പറഞ്ഞോണ്ട് വരുന്നത്. ഒന്നാമത് അനു താലികെട്ടി കഴിഞ്ഞാല്‍ ആ കുട്ടി നമ്മടെ മകളായി. അതിനെ പറ്റിക്കാന്‍ പാട്വോ. എന്‍റേ മകള്‍ക്ക് ഞങ്ങള് കൊടുക്കിണ മുതല് അവളടെ ഭര്‍ത്താവിന്‍റെ വീട്ടുകാര് എടുത്ത് കന്നാപിന്നാന് ചിലവാക്ക്യാല്‍ എനിക്ക് രസിക്ക്വോ. അതുപോലെ ആ പെണ്‍കുട്ടിടെ വീട്ടുകാര്‍ക്കും തോന്നില്ലേ''.


''ഒരു കണക്കില് അതും ശര്യാണ്''.


''ശര്യാണ് എന്നല്ല. അതാ ശരി''ഇന്ദിര തറപ്പിച്ച് പറഞ്ഞു''നമുക്ക് ഇല്ല്യായും വല്ലായും ഒക്കീണ്ടാവും. എന്നുവെച്ച് ഈശ്വരന് നിരക്കാത്ത ഒന്നും ചെയ്യാന്‍ പാടില്ല''.


''തമ്പുരാട്ട്യേ. നിങ്ങടെ ഈ നല്ല മനസ്സുണ്ടല്ലോ. അത് ദൈവം കാണും'' പാറുവിന്‍റെ തൊണ്ടയിടറി''നാളെ മറ്റന്നാളായിട്ട് ഞാന്‍ മകളടെ വീട്ടില്‍ പോണുണ്ട്. അവളേംകൂട്ടി പെണ്‍കുട്ടിടെ വീട്ടില്‍ ചെന്ന് പാകംപോലെ പറഞ്ഞോളാം''. 


കഞ്ഞികുടി കഴിഞ്ഞ് രണ്ടുപേരും എഴുന്നേറ്റു. എച്ചില്‍പാത്രവുമായി പാറു കിണറ്റിന്‍പള്ളയിലേക്ക് നടന്നു, ഇന്ദിര അടുക്കളയിലേക്കും. അടുക്കളവാതിലും ചാരി രാമകൃഷ്ണന്‍ നില്‍പ്പുണ്ട്.


''എന്താ ഉറങ്ങീലേ''ഇന്ദിര ചോദിച്ചു.


''ഇല്ല''അയാള്‍ പറഞ്ഞു''നിങ്ങള് രമടെ കാര്യം പറയുണത് കേട്ടു. പാറു പോവുമ്പൊ അവളടെ തലക്കുറിപ്പ് കൊടുത്തുവിടുണുണ്ടോ''.


''ഉവ്വ്''എന്ന മട്ടില്‍ ഇന്ദിര തല കുലുക്കി. 


 അദ്ധ്യായം - 50.


അനിരുദ്ധന്‍ സെറ്റിയില്‍ ചാഞ്ഞു. മുന്നിലുള്ള ക്ലോക്കിന്‍റെ ചെറിയസൂചി ഏഴിനോട് ചേര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. വലിയ സൂചി പന്ത്രണ്ടിനെ തൊടാന്‍ ശ്രമിക്കുന്നു. രാത്രി പകലിനെ ആട്ടിയോടിച്ചു കഴിഞ്ഞു. എച്ചില്‍പ്പാത്രങ്ങളേയും പാതി ഒഴിഞ്ഞ ഗ്ലാസ്സുകളേയും സാക്ഷി നിര്‍ത്തി സംഭാഷണം പൊടിപൊടിക്കുകയാണ്. രണ്ടുമൂന്ന് മണിക്കൂര്‍നേരം സോറപറഞ്ഞിരുന്നിട്ട് ഇവര്‍ക്ക് മതിയായില്ല. എപ്പോഴാണോ ഇവിടെനിന്ന് പോവാനാവുക. ഇതിനകം രാധിക ആറേഴു തവണ മൊബൈലില്‍ വിളിച്ചു കഴിഞ്ഞു. 


''ബാറ്ററി ഡൌണായി. രാധിക ഇനി വിളിക്കണ്ടാ''എന്ന് നുണപറഞ്ഞ് സ്വിച്ച് ഓഫാക്കിവെച്ചു. അവളെ കുറ്റം പറയാനാവില്ല. പിറന്നാളാഘോഷത്തോടനുബന്ധിച്ച അയ്യപ്പന്‍ പാട്ടിന് എത്തിയവര്‍ കുട്ടിയുടെ അച്ഛനെ അന്വേഷിക്കുന്നുണ്ടാവും. നേരം കൊല്ലുന്ന അതിഥികളോട് ഉള്ളതിനേക്കാള്‍ മനസ്സില്‍ ദേഷ്യം റീജിണല്‍ മനേജരോട് തോന്നി. അയാളൊരുത്തനാണ് വേണ്ടാത്ത ഈ പൊല്ലാപ്പ് തലയില്‍ ഏറ്റിവെച്ചുതന്നത്.


മകളുടെ പിറന്നാള്‍ പ്രമാണിച്ച് രണ്ടുദിവസത്തെ ലീവിനുള്ള അപേക്ഷ മുന്‍കൂറായി നല്‍കിയതാണ്. ആ വിവരം റീജിണല്‍ മാനേജര്‍ക്കും അറിയാം. എന്നിട്ടാണ് തന്നെ അയാള്‍ രാവിലെ പത്തു മണിക്ക് വിളിക്കുന്നത്. ആ സമയത്ത് മുറ്റത്തെ പന്തലിലെ കസേലയില്‍ മൂത്ത അളിയനോടൊപ്പം സംസാരിച്ച് ഇരിക്കുകയാണ്. ഈ ചടങ്ങുകളൊന്നും മൂപ്പര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല.


''അച്ഛന്‍റെ ഓരോ ഏര്‍പ്പാടുകളേ. ഈ പരിപാടി ഏതെങ്കിലുംഒരു കല്യാണമണ്ഡപത്തില്‍ വെച്ചു നടത്ത്യാല്‍ പോരേ. വേണങ്കില്‍ ചടങ്ങിന് കൊഴുപ്പു കൂട്ടാന്‍ നല്ലൊരു ഗാനമേള വെച്ചോട്ടെ. സംഗതി കലക്കില്ലേ''. മറുപടി ഒരു ചിരിയില്‍ ഒതുക്കി നില്‍ക്കുമ്പോഴാണ് രാധിക കയ്യില്‍ മൊബൈലുമായി എത്തുന്നത്.


''അനിയേട്ടന് ഒരു കാളുണ്ട്''മൊബൈല്‍ കയ്യില്‍ തന്ന് അവള്‍ തിരക്കിട്ട് അകത്തേക്ക് പോയി. ആര്‍. എം. വിളിച്ചതാണ്.


''എന്താ സാര്‍''അയാള്‍ അന്വേഷിച്ചു.


''അനിരുദ്ധന്‍, ഒരു പ്രോബ്ലൂണ്ട്. ഇന്നു വൈകുന്നേരത്തേക്ക് ഫിക്സ് ചെയ്ത പരിപാടീല് എനിക്ക് പങ്കെടുക്കാന്‍ പറ്റില്ല''.


''എന്തുപറ്റി സാര്‍''.


''കുടുംബത്തിലെ ഒരു കാരണോരുണ്ട്, എണ്‍പ്പത്തെട്ട് വയസ്സായ തന്തപ്പടി. മൂപ്പര്‍ക്ക് ചാവാന്‍ കണ്ട സമയം ഇന്നാണ്''.


''എന്നിട്ട് പരിപാടി മാറ്റ്യോ''.


''അതു പറ്റില്ല. വരുന്ന ഗസ്റ്റുകള്‍ നമ്മടെ വെല്‍വിഷേഴ്സല്ലേ. അവരോട് എങ്ങന്യാ ഇനിയൊരുദിവസം കൂടാന്ന് പറയ്യാ''.


''പിന്നെന്താ ചെയ്യുണത്''.


''എനിക്ക് പകരം അനിരുദ്ധന്‍ ചെല്ല്. പരിപാടി മുടക്കണ്ടാ''.


''അത് ശരിയാവില്ല സാര്‍. ഒന്നാമത് എനിക്ക് ഇങ്ങിനത്തെ പാര്‍ട്ടികളില്‍ പങ്കെടുത്ത പരിചയമില്ല. എനിക്കത് ഇഷ്ടവുമല്ല. പോരാത്തതിന് ഇന്ന് എന്‍റെ മകളുടെ ബെര്‍ത്ത്‌ഡേ ആണ്''.


''അതൊന്നും സാരൂല്യാ. ഒന്നുരണ്ട് പ്രോഗ്രാമില്‍ കൂട്യാല്‍ ആര്‍ക്കും പരിചയാവും. മകളടെ ബെര്‍ത്ത്‌ഡേ പരിപാടി ഒഴിവാക്കണ്ടാ. ഉച്ചഭക്ഷണം കഴിഞ്ഞിട്ട് വീട്ടിന്ന് ഇറങ്ങ്യാ മതി''.


''വൈകുന്നേരൂം ചില ആഘോഷങ്ങളുണ്ട്. വീട്ടില് ഞങ്ങളടെ ബന്ധുക്കളും വേണ്ടപ്പെട്ടോരുമായി ഒരുപാട് ആളുകള്‍ എത്തീട്ടുണ്ട്. അതോണ്ട് സാറ് ദയവായി എന്നെ ഇതിന്ന് ഒഴിവാക്കണം''.


''താനൊരു മാനേജരല്ലേ? അതിന്‍റെ ഉത്തരവാദിത്വം ഇല്ലാതെ പീക്കിരി പിള്ളരെപ്പോലെ വര്‍ത്തമാനം പറയുന്നോ. കൈനീട്ടി കാശ് വാങ്ങുമ്പോ ചിലതെല്ലാം കമ്പിനിക്കുവേണ്ടി ത്യജിക്കേണ്ടി വരും''. 


ഉള്ളില്‍ ഉണ്ടായ ദേഷ്യത്തിന് കണക്കില്ല. മുമ്പൊന്നും ഇത്തരം പരിപാടി ഇല്ലായിരുന്നു. ഇയാളുടെ തലയില്‍ ഉത്ഭവിച്ച ആശയമാണ് സപ്പോര്‍ട്ട് ചെയ്യുന്നവരെ എന്‍റര്‍റ്റൈന്‍ ചെയ്യുക എന്നത്. ഏതെങ്കിലും ഡൂക്കിലി ഡോക്ടര്‍മാരെ വിളിച്ചുകൂട്ടി പാര്‍ട്ടി നടത്തുക. എന്നിട്ട് അവരോടൊപ്പം ഇരുന്ന് അടിച്ച് ഫിറ്റാവുക. അതാണ് ഇയാളുടെ താല്‍പ്പര്യം. എന്നിട്ട് ഉപദേശിക്കാന്‍ വന്നിരിക്കുന്നു. ഇത്തരം വൃത്തികെട്ട പരിപാടിക്ക് മിനക്കെടാതെ നല്ലകരിയര്‍ റിക്കാര്‍ഡുണ്ടാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്.


''ഉത്തരവാദിത്വത്തിന്‍റെ കാര്യം സാറെന്നെ പഠിപ്പിക്കണ്ടാ. അതൊക്കെ എനിക്കറിയാം. സാറിന്‍റെ ഇന്‍ററസ്റ്റില്‍ അറേഞ്ച് ചെയ്ത പാര്‍ട്ടിയല്ലേ. സാറ് തന്നെ അത് നടത്തിക്കോ''. മൊബൈല്‍ കട്ട് ചെയ്ത് പോക്കറ്റിലിട്ടു. പത്തുമിനിട്ട് കഴിഞ്ഞില്ല. അതിന്നുമുമ്പ് അടുത്ത കാളെത്തി. വൈസ് പ്രസിഡണ്ടാണ്. നല്ലമനുഷ്യന്‍. ഒരിക്കലും അധികാരത്തിന്‍റെ ഭാഷയില്‍ സംസാരിച്ചിട്ടില്ല.


''അനിരുദ്ധന്‍. ദയവായി ഇന്നൊരുദിവസത്തേക്ക് എനിക്കുവേണ്ടി ഒന്ന് സഹകരിക്കണം''എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എതിര്‍ക്കാനായില്ല. ഒരു വിധം രാധികയെ പറഞ്ഞു സമ്മതിപ്പിച്ച് പോന്നതാണ്. ആറുമണിക്കു മുമ്പ് മടങ്ങിയെത്താമെന്നായിരുന്നു കരാര്‍. ആ സമയപരിധി എപ്പോഴോ കഴിഞ്ഞു.


സംഭാഷണം അവസാനിപ്പിച്ച് പോവാനുള്ള ഒരുക്കമാണെന്ന് തോന്നി. ഒന്നുരണ്ടുപേര്‍ എഴുന്നേറ്റുകഴിഞ്ഞു. എല്ലാവരേയും യാത്രയയച്ച് ബില്ല് പേ ചെയ്തു കഴിഞ്ഞാല്‍ തനിക്ക് തിരിച്ചു പോകാം. അനിരുദ്ധന്‍ എഴുന്നേറ്റ് അതിഥികളുടെ അടുത്തേക്ക് ചെന്നു.


''ആര്‍ യു എ ടീട്ടോട്ടലെര്‍''ചോദിച്ചയാള്‍ പ്രമുഖനാണ്. അതെയെന്ന് തലയാട്ടി.


''എന്താ നിങ്ങളടെ പേര്''അപരന് അറിയേണ്ടത് അതാണ്. കിഴവന് തനിയെ എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യ. എന്നിട്ടാണ് വെള്ളമടിക്കാന്‍ വന്നിരിക്കുന്നത്.


''പി.വി.എ. നായര്‍''മറുപടി നല്‍കി.


''ഇംഗ്ലീഷ് അക്ഷരമാലയല്ല തന്‍റെ പേരാടോ ഞാന്‍ ചോദിച്ചത്''കക്ഷി ചൂടാവുകയാണ്.


''അനിരുദ്ധന്‍''.


''അങ്ങിനെ പറയ്. കല്യാണം കഴിച്ചതാണോ''. ഇയാള്‍ക്ക് എന്തൊക്കെ അറിയണം.


''അതെ''നീരസം പ്രകടിപ്പിക്കാതെ പറഞ്ഞു.


''ഭാര്യടെ പേര്''.


''രാധിക''.


''അവിടെ തെറ്റി. എടോ അനിരുദ്ധന്‍ കല്യാണം കഴിക്കണ്ടത് ഉഷയെയല്ലേ''ഏതോ വലിയഫലിതം പറഞ്ഞമട്ടില്‍  ഉറക്കെ ചിരിച്ചുകൊണ്ട് കിഴവന്‍ എഴുന്നേറ്റു. അതിന്നിടെ അയാളുടെ കൈതട്ടി ഗ്ലാസ്സില്‍ ബാക്കിയുള്ള മദ്യം അനിരുദ്ധന്‍റെ വസ്ത്രത്തിലേക്ക് തെറിച്ചുവീണു. ഷര്‍ട്ടിലും പാന്‍റിലും നനവ് പടര്‍ന്നു. എങ്ങിനെ ഈ വേഷത്തില്‍ വീട്ടിലേക്ക് പോവും. അയാള്‍ വിഷമത്തിലായി.


''സോറി. റിയലി സോറി''അതിഥി മാപ്പു പറഞ്ഞു. കരണക്കുറ്റി അടിച്ചു പൊട്ടിക്കുകയാണ് വേണ്ടത്. അത് ചെയ്യാന്‍ പറ്റില്ലല്ലോ.


''ഇറ്റ്‌സ് ഓള്‍റൈറ്റ്''വിനയത്തോടെ പറഞ്ഞു.


''അടുത്ത വിസിറ്റിന് വരുമ്പൊ എന്നെ ഓര്‍മ്മിപ്പിക്കണം''.


ഹോട്ടലില്‍നിന്ന് ഇറങ്ങുമ്പോള്‍ ഏഴര കഴിഞ്ഞു. വസ്ത്രങ്ങളില്‍ നിന്ന് മദ്യത്തിന്‍റെ മണം ഉയരുന്നു. ഇതുമായി എങ്ങിനെ ബസ്സില്‍ യാത്ര ചെയ്യും.  കാറില്‍ പോയിട്ടു വരൂ എന്ന് രാധിക പറഞ്ഞതാണ്. കുണ്ടും കുഴിയും നിറഞ്ഞ നാഷണല്‍ ഹൈവേയിലൂടെ അത് ഓടിക്കാന്‍ മടിച്ച് ബസ്സില്‍ പോന്നത് അബദ്ധമായി. 


തിങ്ങിനിറഞ്ഞ ബസ്സില്‍ തൂങ്ങി പിടിച്ചു നില്‍ക്കുമ്പോള്‍ മുക്കാല്‍ മണിക്കൂറിനകം ടൌണില്‍ എത്താമെന്നുള്ള ആശ്വാസമാണ് മനസ്സില്‍ തോന്നിയത്. പുറകില്‍ നിന്ന് ആരോ പിടിച്ചു തള്ളുന്നുണ്ട്. കുറച്ചു നേരമായി തുടങ്ങിയിട്ട്. തിരിഞ്ഞു നോക്കിയപ്പോള്‍ ഏതോ ഒരു ചെറുപ്പക്കാരന്‍.


''എന്താ''അയാളോട് ചോദിച്ചു.


''കുറച്ച് മാറി നില്‍ക്ക്''.


''തിരക്കല്ലേ. നീങ്ങാന്‍ സ്ഥലം ഇല്ലല്ലോ''.


''കള്ളു കുടിക്കിണത് വലിയതെറ്റാണെന്ന് ഞാന്‍ പറയില്ല. പക്ഷെ അതു കൊണ്ട് അഭിഷേകം ചെയ്തിട്ട് വന്നാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാണ്. തന്നെ നാറീട്ട് ഇവിടെ നില്‍ക്കാന്‍ വയ്യ''. 


അയാള്‍ തള്ളി മാറ്റാന്‍ നോക്കുകയാണ്. ചുറ്റുമുള്ളവര്‍ എന്തോ വലിയ കുറ്റംചെയ്ത ആളെപ്പോലെനോക്കുന്നുണ്ട്. ചിലരൊക്കെ മുറുമുറുക്കാന്‍ തുടങ്ങി. ഇനിയും മിണ്ടാതെനിന്നാല്‍ വിമര്‍ശനം കൂടും.


''മിസ്റ്റര്‍, താന്‍ വിചാരിക്കിണ മട്ടില്‍ മദ്യപിച്ച് വന്ന ആളല്ല ഞാന്‍ . മദ്യപിക്കുന്നശീലവും എനിക്കില്ല''തള്ളി മാറ്റാന്‍ തുനിഞ്ഞവനോട് പറഞ്ഞു''വേണങ്കില്‍ ഒരു ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് പോവാം. സംശയം ഉള്ളോര് ഒപ്പം വന്നോ''.


''അപ്പൊ സ്മെല്ലടിക്കിണതോ''.


''ഒരു പാര്‍ട്ടി നടക്കുന്ന ദിക്കില്‍ ചെല്ലാനുണ്ടായിരുന്നു. അവിടെവെച്ച് ഒരാളുടെ കൈതട്ടി ഡ്രസ്സില്‍ കുറച്ചായി. മാറ്റിയിട്ട് വരാന്‍ വേറെതുണി ഇല്ല. സ്പെയര്‍ഡ്രസ്സ് കരുതിയിട്ടല്ലല്ലോ ആരും പാര്‍ട്ടിക്ക് ചെല്ലാറ്''.


പിന്നെ ആരും ശല്യംചെയ്തില്ല. പെട്ടെന്ന് ഈ വേഷത്തില്‍ ഭാര്യവീട്ടില്‍ ചെന്നാലുണ്ടാകാവുന്ന അവസ്ഥയെക്കുറിച്ചോര്‍ത്തു. ഉള്ള സല്‍പ്പേര് നഷ്ടപ്പെടാന്‍ വേറൊന്നും വേണ്ട. എന്തോ ഭാഗ്യത്തിന് ടൌണിലുള്ള വീടിന്‍റെ താക്കോല്‍ ബാഗിലുണ്ട്. ഏതായാലും വൈകി. ഇനി അവിടെ ചെന്ന് കുളിച്ച് വസ്ത്രം മാറിയിട്ട് പോകാം.


ബസ്സിറങ്ങി ഓട്ടോ വിളിച്ച് വീട്ടിലേക്ക് വിട്ടു. വാച്ച്‌മാന്‍ ഉറങ്ങിയിട്ടില്ല. അകത്തുകയറി വസ്ത്രം ഊരി വാഷിങ്ങ് മെഷീനില്‍ കഴുകാനിട്ടു. ചായയ്ക്ക് വെള്ളം തിളക്കാന്‍വെച്ചിട്ട് കുളിമുറിയില്‍ കയറി. തണുത്ത വെള്ളം ദേഹത്ത് തട്ടിയപ്പോള്‍ എന്തൊന്നില്ലാത്ത സുഖം തോന്നി. ക്ഷീണവും വിഷമവും വിട്ടകന്നു. വിശക്കുന്നുണ്ട്. ചായയും ബിസ്ക്കറ്റും കഴിച്ചു. അലമാറ തുറന്നപ്പോള്‍ രാധിക വാങ്ങിത്തന്ന വെള്ള ഷര്‍ട്ടും ഡബ്ബിള്‍ വേഷ്ടിയും ഇരിക്കുന്നു. അന്യേട്ടന് ഇത് നല്ല ഭംഗീണ്ടാവും എന്നു പറഞ്ഞ് തന്നതാണ്.


 ''അയ്യേ. ഇതിട്ടാല്‍ കല്യാണചെക്കനെപോലെ ഉണ്ടാവും. എനിക്കു വേണ്ടാ'' എന്നും പറഞ്ഞ് അന്നത് മാറ്റിവെച്ചു. 


മുടി ഒന്നുകൂടി ചീകി പൌഡറിട്ട് ആ ഡ്രസ്സും ധരിച്ച് പുറത്തിറങ്ങി വാതില്‍പൂട്ടി പുറത്തിറങ്ങി. പോര്‍ച്ചിലുള്ള മാരുതി 800ല്‍ കയറി. വില്‍ക്കാതെ ആ കാര്‍ നിര്‍ത്തിയതുകൊണ്ട് ഇപ്പോള്‍ ഉപകാരപ്പെട്ടു.


''ഗെയിറ്റ് പൂട്ടിക്കോളൂ. ഞാന്‍ പോണൂ''വാച്ച്‌മാനോട് യാത്രപറഞ്ഞ് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.


പൂരത്തിനുള്ള തിരക്കാണ് ഭാര്യവീട്ടില്‍. വീടും പരിസരവും പ്രകാശത്തില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു. അയ്യപ്പന്‍പാട്ട് തുടങ്ങി ക്കഴിഞ്ഞിരുന്നു. ആരേയും നോക്കാതെ ആളുകള്‍ക്കിടയിലൂടെ അകത്തേക്ക് നടന്നു. രാധികയുടെ മുഖം സന്തോഷംകൊണ്ട് വിടര്‍ന്നു. വൈകി എത്തിയതിന്‍റെ പരിഭവം ആ മുഖത്ത് ഒട്ടുമില്ല.


''അന്യേട്ടന്‍ വീട്ടില്‍ പോയോ''അവള്‍ ചോദിച്ചു.


''ഉവ്വ്. രാധികടെ മോഹംപോലെ ഡ്രസ്സ് ചെയ്യാന്ന് കരുതി''.


''എനിക്ക് സന്തോഷായി''അവള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു''അന്യേട്ടന്‍ ഭക്ഷണം കഴിച്ചോ''.


''ഇല്ല. എത്ര വൈക്യാലും ഇവിടുന്നേ കഴിക്കൂന്ന് നിശ്ചയിച്ചു''.


''ഞാനും കഴിച്ചിട്ടില്ല. അന്യേട്ടന്‍ വന്നിട്ടേ ഭക്ഷണം കഴിക്കൂന്ന് വിചാരിച്ച് ഇരുന്നതാണ്''. ഡൈനിങ്ങ് ടേബിളില്‍ വിഭവങ്ങള്‍ എടുത്തുവെച്ചിട്ടുണ്ട്. കൈകഴുകി ഭാര്യയോടൊപ്പം കഴിക്കാനിരുന്നു. അമ്മ കടന്നുവന്നത് അപ്പോഴാണ്.


''എപ്പൊ നോക്ക്യാലും നിനക്ക് തിരക്കോടു തിരക്കാണ്. ഇന്നെങ്കിലും വീട്ടിലിരുന്നൂടേ. എത്രനേരായി ഈ കുട്ടി കാത്തിരിക്കാന്‍ തുടങ്ങീട്ട്'' അമ്മ പരിഭവിച്ചു.


''അമ്മേ, വേണന്ന് വെച്ചിട്ടില്ല വൈക്യേത്. ഇനി ഇങ്ങിനെ ഉണ്ടാവില്ല''. അതൊരു കുറ്റസമ്മതമായിരുന്നില്ല. അനിരുദ്ധന്‍ മനസ്സിനകത്ത് ചില കണക്കുകൂട്ടലുകള്‍ നടക്കുകയായിരുന്നു.


Comments

Popular posts from this blog

അദ്ധ്യായം 71-76

അദ്ധ്യായം 1-10

അദ്ധ്യായം 61-70