അദ്ധ്യായം 51-60
അദ്ധ്യായം - 51.
''മറ്റന്നാള്‍ ഞായറാഴ്ച്ച്യാണ്. അന്ന് രാവിലെ ആറരയ്ക്ക് എല്ലാരും ശെല്‍വന്‍റെ വീട്ടിലെത്തണം''കൂട്ടുകാരോട് പ്രദീപ് പറഞ്ഞു.
''എന്താടാ കാര്യം''റഷീദ് അന്വേഷിച്ചു.
''നമുക്കൊന്ന് പഴനിവരെ പോണം''.
''എന്തിന്? തല മൊട്ടീടാനോ''സുമേഷിന്‍റെ വാക്കുകളില്‍ പ്രദീപ് കാര്യം വ്യക്തമാക്കാത്തതിലുള്ള അമര്‍ഷം തുളുമ്പി.
''അല്ല. നമ്മടെ ശെല്‍വന്‍റെ കല്യാണത്തിന്ന് കൂടാന്‍. അവന്‍ ഒരു ബസ്സ് ഏര്‍പ്പാടാക്കീട്ടുണ്ട്''.
''കല്യാണോ. എന്നിട്ട് ഇതുവരെ അവനൊന്നും പറഞ്ഞില്ലല്ലോ''.
''എങ്ങന്യാടാ അവന്‍ പറയ്യാ. പെങ്ങള് ചാടിപ്പോയതിലുള്ള നാണക്കേട് തീര്‍ക്കാന്‍ ബന്ധുക്കള് ധൃതീല് ഒപ്പിച്ചതാ ഈ കല്യാണം''.
''ശരിക്കൊരു ജോലീം വരുമാനൂം ഇല്ലാതെ കല്യാണം കഴിച്ചാല്‍ പിന്നീട് ബുദ്ധിമുട്ടാവില്ലേ''റഷീദ് ചോദിച്ചു.
''കല്യാണം കഴിച്ചില്ലെങ്കില്‍ അതിലും ബുദ്ധിമുട്ടാവും എന്നാ അവന്‍റെ വീട്ടുകാര് പറയുണത്. ചേച്ചിടെ കാര്യം ആരെങ്കിലും കുത്തിപ്പൊക്കി കൂട്ടൂം കുറീം ഉണ്ടാക്ക്യാല്‍ അവന്‍റെ സമുദായക്കാര് ഒറ്റപ്പെടുത്തും. ഇവന്‍റെ കല്യാണം പെട്ടെന്ന് നടത്തി മാനം നേടാന്‍ അവര് പറഞ്ഞിട്ടാ ബന്ധുക്കള് ഇതിനിറങ്ങ്യേത്''.
''നീ അവന്‍റെ അച്ഛനീം അമ്മേം കണ്ട്വോ''.
''ഇല്ല. ഇന്നലെ അവന്‍റെ അച്ഛനും അമ്മീം അവന്‍റെ ഫോണില്‍ എന്‍റടുത്ത് സംസാരിച്ചിരുന്നു. നിങ്ങള്യോക്കെ കല്യാണത്തിന്ന് വിളിക്കാന്‍ അവരാ എന്നെ ഏല്‍പ്പിച്ചത്. ഇനി വിവേകിന്‍റെ അടുത്തുംകൂടി പറയണം''.
''അന്‍വറണ്ണനോട് പറഞ്ഞ്വോടാ''.
''നീ ഓര്‍മ്മപ്പെടുത്ത്യേത് നന്നായി. ശെല്‍വന് അണ്ണന്‍റെ സഹായം വേണ്ടി വന്നിട്ടുള്ളതാ''.
''ഇതു കാരണാണോ നാലഞ്ച് ദിവസായിട്ട് അവനെ കാണാത്തത്''അനൂപ് ചോദിച്ചു.
''ആയിരിക്കും. മകള് പോയതില്‍ പിന്നെ അവന്‍റച്ഛന്‍ വീട്ടിന്ന് വെളീല് ഇറങ്ങീട്ടില്ല. വേണ്ടപ്പെട്ടോരെ വിളിക്കാന്‍ ആരാ പോവാനുള്ളത്''.
''എവിടുന്നാ പെണ്‍കുട്ടി''സുമേഷ് ചോദിച്ചു.
''ഡീറ്റെയ്‌ല്‍സ് ഒന്നും എനിക്കറിയില്ല. ഒക്കെ നമുക്ക് സാവധാനത്തില്‍ ചോദിച്ചറിയാലോ''.
''നാളെ നമുക്കെന്തെങ്കിലും ഗിഫ്റ്റ് വാങ്ങണം. എല്ലാവരും പൈസ കയ്യില്‍ വെച്ചോളിന്‍''റഷീദ് ചട്ടംകെട്ടി.
വിനോദയാത്രയ്ക്കെത്തിയ സ്കൂള്‍കുട്ടികള്‍ കിടങ്ങിന്‍റെ പാലം കടന്ന് വരിയായി അവരുടെ മുന്നിലൂടെ നടന്നുപോയി.
^^^^^^^^^^^^^^^^^^^^^^^^^^^^^^
''ഇന്നും നീ ചോറ് ബാക്കി വെച്ചു''ചോറ്റുപാത്രം തുറന്നുനോക്കിയ ഇന്ദിര അനൂപിനോട് പറഞ്ഞു''രണ്ടുമൂന്ന് ദിവസായി ഞാന്‍ ശ്രദ്ധിക്കുണുണ്ട്. നീ കൊണ്ടുപോയ ചോറ് പകുതി ബാക്കിവെക്കുണത്''.
''എന്തോ എനിക്ക് വായയ്ക്ക് പിടിക്കിണില്ല അമ്മേ''.
''കണ്ണില്‍കണ്ട ഹോട്ടലില്‍ നിന്നൊക്കെ തിന്ന് രുചികണ്ടു. അതാ വീട്ടില് ഉണ്ടാക്കുണത് പിടിക്കാത്തത്''.
''അതൊന്ന്വോല്ല. എനിക്ക് ആഹാരം കഴിക്കുമ്പൊ ഒരു മനംപുരട്ടല് തോന്നുണുണ്ട്''. കുറച്ചുദിവസമായി അനൂപിന് ഭക്ഷണത്തില്‍ താല്‍പ്പര്യക്കുറവ് തോന്നാന്‍ തുടങ്ങിയിട്ട്. ജോലിക്ക് പോവുമ്പോള്‍ വീട്ടില്‍നിന്ന് കൊടുത്തയച്ച ഭക്ഷണം കഴിച്ചശേഷം ബാക്കിവരുന്നത് അവന്‍ തിരിച്ചു കൊണ്ടുവരും. വെറുതെ കളയുന്നത് പശുവിന്ന് കൊടുക്കാമല്ലോ.
''വയറ്റില് അജീര്‍ണ്ണം വല്ലതൂണ്ടാവും. ഞാന്‍ അയമോദകം വറുത്തത് വെള്ളത്തിലിട്ട് തിളപ്പിച്ചുതരാം. ഒറ്റ പ്രാവശ്യം കഴിച്ചാ മതി. സൂക്കട് മാറും''.
''അമ്മ എനിക്കൊരു കാപ്പി തരൂ. ഇത്തിരി തണുപ്പ് തോന്നുണുണ്ട്''. ഇന്ദിര മകന്‍റെ ദേഹത്ത് തൊട്ടുനോക്കി.
''പനിക്കിണൊന്നും ഇല്ല. തണുപ്പത്ത് അലഞ്ഞിട്ടാ ഈ കുളിര്. വേണച്ചാല്‍ കുറച്ചുനേരം കിടന്നോ. ഞാന്‍ കാപ്പീണ്ടാക്കിക്കൊണ്ട് വരാം''.
ഇന്ദിര കാപ്പിയുമായിവരുമ്പോള്‍ അനൂപ് അച്ഛന്‍റെകട്ടിലില്‍ മൂടിപ്പുതച്ചു കിടപ്പാണ്. മകന്‍റെ അരികിലായി രാമകൃഷ്ണന്‍ ഇരിപ്പുണ്ട്. കട്ടിലിന്‍റെ ഒരുഓരത്ത് ഇന്ദിര ഇരുന്നു.
''നാളെ കുറച്ച് ഉപ്പും പുളീംകൂടി വെളിച്ചപ്പാട് വേലൂന്‍റെടുത്ത് കൊണ്ടു പോയി കൊതിക്ക് ഊതിച്ചിട്ട് വരൂ. ആരടേങ്കിലും കണ്ണ് പറ്റീട്ടുണ്ടെങ്കില്‍ വായയ്ക്ക് പിടിക്കാതെ വരും. എനിക്കതാ തോന്നുണത്'' രാമകൃഷ്ണന്‍ ഭാര്യയോട് പറഞ്ഞു. അനൂപ് കാപ്പി ഊതികുടിക്കാന്‍ തുടങ്ങി.
''ഞങ്ങള് നിന്നോടൊരു കാര്യംപറയണംന്ന് വിചാരിക്കാന്‍ തുടങ്ങീട്ട് കുറച്ച് ദിവസായി. ആ പെണ്ണിനെ അറിയിക്കണ്ടാന്നു കരുതി ഇത്രദിവസം ഞങ്ങള് മിണ്ടാതിരുന്നതാണ്''മകന്‍റെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് ഇന്ദിര പറഞ്ഞുതുടങ്ങി.
''അവളില്ലേ ഇവിടെ''രാമകൃഷ്ണന്‍ ചോദിച്ചു.
''ഇല്ല. കുളത്തിലിക്ക് മേല് കഴുകാന്‍ പോയി. അമ്പലത്തില്‍ തൊഴുതിട്ടേ ഇനി മടങ്ങിവരവ് ഉണ്ടാവൂ. ആ തക്കംനോക്കി ഇവനോട് പറയാലോന്ന് വെച്ചിട്ടാ''.
''എന്താ അമ്മേ കാര്യം''.
''നിനക്കൊരു കല്യാണാലോചന വന്നിട്ടുണ്ട്''ഇന്ദിര വെട്ടിത്തുറന്ന് പറഞ്ഞു. രമ നേരത്തെ ഈ വിവരം പറഞ്ഞതാണ്. അത് സൂചിപ്പിച്ചാല്‍ അവള്‍ക്ക് ഉറപ്പായും ചീത്ത കേള്‍ക്കും. അറിയാത്ത മട്ടിലിരുന്നാല്‍ അത് അമ്മയെ വഞ്ചിക്കലാവും. അതിലും ഭേദം സംഭാഷണം വഴിതിരിച്ചു വിടുന്നതാണ്.
''അമ്മേ, ആദ്യം രമടെ കാര്യോല്ലേ നമുക്ക് നോക്കണ്ടത്. ഒരുപെണ്‍കുട്ടി ഉള്ളതിനെ കല്യാണം കഴിപ്പിച്ചയയ്ക്കാതെ ആണിന് പെണ്ണു കൊണ്ടു വന്നാല്‍ ആള്‍ക്കാര് എന്താ പറയ്യാ. അതും പോരാത്തതിന് എനിക്കത്ര വയസ്സൊന്നും ആയിട്ടില്ലല്ലോ''.
''വയസ്സിന്‍റെ കാര്യം നി വിട്ടളാ. ചോദിക്കുന്നോരടടുത്ത് അരുമകല്യാണം ആയി നടത്തീന്ന് ഞാനങ്ങട്ട് പറയും. രമടെ കാര്യാണെങ്കില്‍ അവള്‍ക്കും നല്ലൊരു ആലോചന ഒത്തുവന്നിട്ടുണ്ട്''.
''ആരാ ആള്. എവിടുന്നാ''അനൂപിന് ആകാംക്ഷയായി.
''നിനക്ക് നോക്ക്യേകുട്ടിടെ വകേലൊരു വല്യേച്ഛന്‍റെ മകനാണ്. അച്ഛനും അമ്മയ്ക്കും ഒറ്റ മകന്‍. ബി.എസ്.സി പാസായതാണ് എന്നാ പറഞ്ഞത്. താസില്‍ദാരുടെ ആപ്പീസില് ജോലീണ്ട്. വീട്ടില് കുറച്ച് കൃഷീം റബ്ബറും തെങ്ങും ഒക്കീണ്ടത്രേ''.
''അപ്പൊ തെറ്റില്ലല്ലോ. അവര്‍ക്ക് നമ്മളെ ഇഷ്ടപ്പെട്വോ''.
''അവര്‍ക്ക് വിരോധൂല്യാ. പെണ്ണിന്‍റെ ഫോട്ടൊ കണ്ട് ഇഷ്ടപ്പെട്ടു. ജാതകം ചേരും ചെയ്തു. പക്ഷെ ചെറിയൊരു കുഴപ്പൂണ്ട്''.
''അതെന്താ''.
''ചെക്കന്‍ കാണാനൊക്കെ നല്ല ആളാണ്. പക്ഷെ കുട്ടീല് പനിവന്നിട്ട് ഒരു കാലിന് ഇത്തിരി ശേഷി കമ്മിയായി. നടക്കുമ്പോ ചെറുതായിട്ട് ഒരു ചതുക്കലുണ്ട്''.
അനൂപ് ഒന്നും പറഞ്ഞില്ല. അനിയത്തിയുടെ ഭര്‍ത്താവിനെക്കുറിച്ചുള്ള തന്‍റെ സങ്കല്‍പ്പത്തില്‍നിന്ന് ഒരുപാട് അകലെയാണ് പറഞ്ഞുകേട്ട രൂപം. വിലകൂടിയ വസ്ത്രങ്ങളോ ആഭരണങ്ങളോ ഒന്നും ഇല്ലെങ്കിലും തന്‍റെ പെങ്ങള്‍ കാണാന്‍കൊള്ളാം. ആരും കുറ്റംപറയില്ല. എന്നിട്ട് അവള്‍ക്ക്? പാവം എന്‍റെ രമ. അനൂപിന് വല്ലാത്ത സങ്കടം തോന്നി. ഇന്ദിര മകന്‍റെ മുഖഭാവത്തില്‍നിന്ന് ചിലതൊക്കെ മനസ്സിലാക്കി.
''ചന്തൂം സൌന്ദര്യൂം മാത്രം നോക്ക്യാ മത്യോ എന്‍റെ മകനേ''അവര്‍ പറഞ്ഞു''കെട്ടിച്ചുവിട്ട ദിക്കില് നിന്‍റെ പെങ്ങള് കഷ്ടപ്പെടുണൂന്ന് കേള്‍ക്കുണതിനേക്കാള്‍ നല്ലതല്ലേ കെട്ട്യേ ചെക്കന് ഇത്തിരി ഭംഗി കുറഞ്ഞാലും അവള് നന്നായി കഴിയുണൂന്ന് കേള്‍ ക്കുണത്''.
''അതു മാത്രോല്ല''രാമകൃഷ്ണന്‍ ബാക്കികൂട്ടിച്ചേര്‍ത്തു''എല്ലാം തികഞ്ഞ ഒരുബന്ധം നോക്കിപോവാനുള്ള സ്ഥിതി നമുക്കില്ലല്ലോ അനു''.
ഓരോരുത്തരുടെ വിധിയാണ്. അവള്‍ക്ക് അതാണ് യോഗമെങ്കില്‍ അങ്ങിനെയല്ലേ വരൂ. അനൂപ് മനസ്സിലായ മട്ടില്‍ തലയാട്ടി.
''ഇനി നിന്‍റെ കാര്യംകൂടി പറയാം''ഇന്ദിര കാര്യത്തിലേക്ക് കടന്നു''നമ്മടെ പാറു കൊണ്ടുവന്ന ആലോചന്യാണ്. ഞാന്‍ അവിടെചെന്ന് കുട്ട്യേ കാണും ചെയ്തു. തങ്കംപോലത്തെ പെണ്‍കുട്ടി. എല്ലാംകൂടി ഒത്തുവരില്ലാന്ന് കുട്ടി കേട്ടിട്ടില്ലേ? അതുപോലെ അവിടേം ഒരുകുറവുണ്ട്''. അവന്‍ അമ്മയുടെ മുഖത്തേക്ക് ചോദ്യഭാവത്തില്‍ നോക്കി.
''എല്ലാംകൊണ്ടും ഒന്നാന്തരം കേസാണ്. പറഞ്ഞിട്ടെന്താ, ആ പെണ്‍കുട്ടിടെ അമ്മയ്ക്ക് സ്വല്‍പ്പം ചിത്തഭ്രമൂണ്ട്. എന്നാലോ കാണുമ്പഴോ വര്‍ത്തമാനം പറയുമ്പോഴോ അങ്ങിനെ തോന്ന്വോന്നൂല്യാ. എങ്കിലും ഉള്ളകാര്യം ഉള്ള പോലെ പറയണോലോ''.
മനസ്സില്‍ മോഹങ്ങളൊന്നും ഇല്ലാത്തതിനാല്‍ അനൂപിന് വിഷമമോ സങ്കടമോ തോന്നിയില്ല. അവന്‍ ഒന്നുംപറയാതെ കിടന്നു. മകന്‍റെ മൌനം ഇഷ്ടക്കേടുകൊണ്ടാണ് എന്ന് ഇരുവര്‍ക്കും തോന്നി.
''അച്ഛനും അമ്മീംകൂടി മക്കളെ ചതിക്കുഴീല്‍ കൊണ്ടുപോയിചാടിച്ചൂന്ന് നിങ്ങള് രണ്ടാളക്കും തോന്നരുത്. ഒരു കാര്യേ ഞങ്ങളടെ മനസ്സിലുള്ളു. ഞങ്ങളടെ കാലംകഴിഞ്ഞാലും നിങ്ങള് സുഖായികഴിയണം. അതിനിതേ വഴികണ്ടുള്ളു'' ഇന്ദിര മുണ്ടിന്‍റെ കോന്തലകൊണ്ട് മുഖംതുടച്ചു.
''നമ്മടെ നിവൃത്തികേടോണ്ടാണ് ഇതിനൊരുങ്ങുണത്. എന്‍റെ മക്കള് ഞങ്ങളെ പ്രാകരുത്''രാമകൃഷ്ണന്‍ വിതുമ്പി. അനൂപ് പിടഞ്ഞെഴുന്നേറ്റു. അവന്‍ അച്ഛനേയും അമ്മയേയും മാറിമാറി കെട്ടിപ്പിടിച്ചു.
''ഈ ജന്മം ഞങ്ങള് അച്ഛനേം അമ്മേം കുറ്റം പറയില്ല''അവന്‍ തേങ്ങി ''ഞങ്ങളെ വളര്‍ത്തി ഈ നിലേലാക്കാന്‍ നിങ്ങള് രണ്ടാളും എത്രയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയില്ലേ''അവന്‍ പറഞ്ഞു.
''ഈ വാക്ക് മതി. സന്തോഷായി. കഷ്ടപ്പെട്ടതിന്‍റെകൂലി മുഴുവന്‍ ഞങ്ങള്‍ക്ക് കിട്ടി''അച്ഛന്‍ മകന്‍റെ തോളില്‍ കൈവെച്ചു.
''നോക്ക്, ആ പെണ്ണ് നിന്നെപോല്യല്ല''ഇന്ദിര പറഞ്ഞു''അവള് ചിലപ്പൊ എടുത്തടിച്ചപോലെ വല്ല വര്‍ത്തമാനൂം പറയും. നീ അവളെ പറഞ്ഞ് സമ്മതിപ്പിക്കണം''.
''അച്ഛനും അമ്മീം അതാലോചിച്ച് വിഷമിക്കണ്ടാ. ഞാന്‍ അവളെ പറഞ്ഞ് സമ്മതിപ്പിച്ചോളാം''അനൂപ് ഏറ്റു.
''ഇനി എന്താ വേണ്ടതേന്ന് ആലോചിക്കണ്ടേ''രാമകൃഷ്ണന്‍ അടുത്ത ചുവട് വെക്കാനൊരുങ്ങി. കുളവരമ്പിലൂടെ രമ വരുന്നത് ഇന്ദിര കണ്ടു.
''ഇപ്പൊ വേണ്ടാ. പെണ്ണ് വരുണുണ്ട്''അവര്‍ തടഞ്ഞു. പടി കടന്ന് രമ മുറ്റത്തെത്തി.
അദ്ധ്യായം - 52.
അനിരുദ്ധന്‍ പോവുന്നതുംനോക്കി രാധിക വാതില്‍ക്കല്‍നിന്നു. നാലു ദിവസത്തെ മടിപിടിച്ച് ഇരുപ്പിന്നുശേഷം ജോലിക്ക് പോവുകയാണ്. സാധാരണ പണിക്കിറങ്ങുമ്പോള്‍ കാണാറുള്ള ഉത്സാഹമൊന്നും ഇന്ന് കാണാനില്ല. അന്യേട്ടന്‍റെ മനസ്സ് അത്രമാത്രം വിഷമിച്ചിട്ടുണ്ട്. മകളുടെ പിറന്നാളിന്‍റെ പിറ്റേന്നുതന്നെ പുള്ളിയുടെ മുഖഭാവം ശ്രദ്ധിച്ചിരുന്നു. ആകപ്പാടെ ഒരു മൂഡോഫിലാണ് അനിയേട്ടന്‍. എന്താണെന്ന് പറയുന്നില്ല. എന്തെങ്കിലും ചോദിച്ചാല്‍ ഒന്നുമില്ലെന്ന മറുപടിമാത്രം. പക്ഷെ എന്തോ ഒരു അസ്വസ്ഥത ഉണ്ടെന്ന് ആ മുഖം വിളിച്ചു പറഞ്ഞിരുന്നു.
അന്ന് കാലത്തുതന്നെ അനിയേട്ടന്‍റെ ബന്ധുക്കള്‍ തിരിച്ചു പോയിരുന്നു. കുളിയും കാപ്പികുടിയും കഴിഞ്ഞശേഷം വീണ്ടും കിടപ്പുമുറിയിലേക്ക് പോവുന്നതു കണ്ടു. ആറേഴുതവണ മൊബൈല്‍ അടിച്ചിട്ടും അനിയേട്ടന്‍ എടുക്കുന്നില്ല. രാത്രി വൈകി കിടന്നതല്ലേ, ചിലപ്പോള്‍ ഉറങ്ങുകയാവും എന്നാണ് കരുതിയത്. കുറെകഴിഞ്ഞ് മുറിയില്‍ ചെന്നുനോക്കുമ്പോള്‍ കയ്യില്‍ മൊബൈലും പിടിച്ച് കട്ടിലില്‍ ഇരിപ്പാണ്.
''എന്താ അന്യേട്ടാ മൊബൈല്‍ എടുക്കാത്തത്'' എന്ന് ചോദിച്ചതിന്ന് ''ആര്‍.എം. ആണ്. ആ മനുഷ്യന് വേറെ പണിയില്ല''എന്ന തണുപ്പന്‍ മറുപടിയാണ് കേട്ടത്. മേലുദ്യോഗസ്ഥന്മാരെ ബഹുമാനിക്കുന്ന ആളാണ് അനിയേട്ടന്‍. എന്നിട്ടെന്താ ഇങ്ങിനെ? മകളുടെ പിറന്നാളായിട്ട് ജോലി ഏല്‍പ്പിച്ചതിനുള്ള നീരസമാണെന്ന് കരുതി. ഞായറാഴ്ച ഉച്ച തിരിഞ്ഞപ്പോള്‍ ടൌണിലെ വീട്ടിലേക്ക് തിരിച്ചുപോരാന്‍ ഒരുങ്ങി.
''ഇന്നിനി പോണ്ടാ. രാധിക റെസ്റ്റ് ചെയ്തോളൂ. നാളെ രാവിലെ പോയാ മതി''എന്ന് അനിയേട്ടന്‍ പറഞ്ഞപ്പോള്‍ അത്ഭുതംതോന്നി. സ്വതവേ തിരിച്ചുപോരാന്‍ തിടുക്കംകൂട്ടുന്ന ആളാണ്. തിങ്കളാഴ്ച മാത്രമല്ല അടുത്ത രണ്ടു ദിവസവും ജോലിക്ക് പോയില്ല. മകളെ കളിപ്പിച്ചുകൊണ്ട് വീട്ടിലിരുന്നു. പലവട്ടം മൊബൈല്‍ റിങ്ങ് ചെയ്തിട്ടും എടുക്കാന്‍ മടികാണിച്ചു. എന്ത് ചോദിച്ചാലും''രാധിക വിഷമിക്കണ്ടാ. കുഴപ്പം ഒന്നൂല്യാ''എന്നുപറഞ്ഞ് ആശ്വസിപ്പിക്കും. എപ്പോഴായാലും കാര്യം അറിയുമല്ലോ എന്ന ധൈര്യത്തില്‍ ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ തുനിഞ്ഞതുമില്ല. ഇന്നലെ ഹെഡോഫീസില്‍ നിന്ന് വൈസ്പ്രസിഡണ്ട് വിളിച്ചപ്പോഴാണ് ഫോണെടുത്തത്. മാറിനിന്ന് അവരുടെ സംഭാഷണം ശ്രദ്ധിച്ചു. ശനിയാഴ്ച നടത്തിയ പാര്‍ട്ടിയാണ് വിഷയം. അനിയേട്ടനത് തീരെ പിടിച്ചിട്ടില്ല.
''സേര്‍, ഞാന്‍ അനുഭവിച്ച നാണക്കേടും മനോവിഷമവും എത്രയാന്ന് സാറിന്ന് മനസ്സിലാവില്ല. ആര്‍. എം. ഒരാളാണ് അതിന് ഉത്തരവാദി'' മൂപ്പര്‍ മനസ്സിലുള്ള സങ്കടം പറയുകയാണ്.
''അങ്ങിനെയല്ല സേര്‍, ഇതൊന്നും ഇല്ലാതെതന്നെ ഇത്രകാലം നമ്മള്‍ നന്നായി ബിസിനസ്സ് നടത്തീട്ടുണ്ടല്ലോ. പിന്നെന്തിനാ വേണ്ടാത്ത ഇത്തരം ഓരോ പരിപാടികള്''. മറുഭാഗത്ത് എന്താണ് പറഞ്ഞത് എന്ന് മനസ്സിലായില്ല.
''അതൊന്ന്വോല്ല സേര്‍, പത്ത് പേഷ്യന്‍റ്സ് തികച്ചും ഇല്ലാത്തോരാണ് ആ പാര്‍ട്ടീല് പങ്കെടുത്തത്. ഒന്നു ഞാന്‍ പറയാം. ഇനി ഇമ്മാതിരി പണിക്ക് എന്നെ കിട്ടില്ല. ഞാന്‍ വേറെ കമ്പിനി നോക്ക്വാണ്''. സംഭാഷണം നീണ്ടു പോയി. മറുഭാഗത്തുനിന്ന് അനുനയിപ്പിക്കലാവുമെന്ന് തോന്നി. അനിയേട്ടന്‍റെ മുഖഭാവം അത് വിളിച്ചോതുന്നുണ്ട്.
''ശരി സേര്‍. നാളെ ഞാന്‍ പൊയ്ക്കോളാം''മൊബൈല്‍ ഓഫ് ചെയ്തു വന്ന അനിയേട്ടന്‍ നടന്നതെല്ലാം വിവരിച്ചു.
''ഇത്ര്യോക്കെ വിഷമിച്ചിട്ടും അന്യേട്ടനെന്താ എന്നോടൊന്നും പറയാഞ്ഞ്''.
''രാധൂനെ വിഷമിപ്പിക്കണ്ടാന്ന് കരുതി. ബുദ്ധി ഉറച്ചകാലം മുതല്‍ക്ക് കഷ്ടപ്പാടുകള്‍ സഹിച്ച് ജീവിക്കുന്നവരാണ് ഞങ്ങളൊക്കെ. രാധിക അങ്ങിന്യല്ലല്ലോ ''.
''എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ട് അന്യേട്ടന്‍ ഇങ്ങിനെ കഷ്ടപ്പെടണോ'' ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
''ഏതായാലും ഇനി അധികകാലം ഈ പണിക്കില്ല. അതു ഞാന്‍ അന്നന്നെ നിശ്ചയിച്ചു. ചിലതൊക്കെ ഞാന്‍ പ്ലാന്‍ചെയ്തിട്ടുണ്ട്''
അപ്പോഴും മനസ്സിലുള്ളത് എന്താണെന്ന് അനിയേട്ടന്‍ പറഞ്ഞില്ല. മകളെ ഏറ്റുവാങ്ങി മാറത്തടക്കിപ്പിടിച്ച് കൊഞ്ചിക്കാന്‍ തുടങ്ങിയതോടെ ആ സംഭാഷണം നിലച്ചു.
ടെലഫോണ്‍ ബെല്ലടിക്കുന്നത് കേട്ടു. വീട്ടില്‍ നിന്നായിരിക്കും. രാധിക അകത്തേക്ക് നടന്നു.
^^^^^^^^^^^^^^^^^^^^^^^^^
സ്റ്റേറ്റ് ഹൈവേയിലൂടെ മോട്ടോര്‍ ബൈക്ക് പായുന്നുണ്ട്. വണ്ടി ഓടിക്കുന്ന റെപ്രസന്‍റേറ്റീവ് ബിസിനസ്സിനെക്കുറിച്ച് ആവലാതി പറയുകയാണ്. നാലഞ്ച് പ്രോഡക്റ്റുകളുടെ സ്റ്റോക്ക് തീര്‍ന്നിരിക്കുന്നു. സീസണായതിനാല്‍ എല്ലാ ഡോക്ടര്‍മാരും മുറയ്ക്ക് എഴുതുന്നുണ്ട്. സാധനം കിട്ടാതായാല്‍ അവര്‍ മറ്റുബ്രാന്‍ഡുകള്‍ എഴുതും. എന്താണ് ചെയ്യേണ്ടത്. അവന്‍ ചോദിക്കുന്നത് ന്യായമായ കാര്യമാണ്. പലതവണ റീജിണല്‍ മാനേജരോട് ഈ കാര്യം സൂചിപ്പിച്ചതാണ്. അയാള്‍ക്ക് അതൊന്നും അന്വേഷിക്കാന്‍ നേരമില്ല. മറ്റു പല കാര്യങ്ങളിലുമാണ് പുള്ളിയ്ക്ക് താല്‍പ്പര്യം. അതൊന്നും ഇയാളോട് പറഞ്ഞിട്ട് കാര്യമില്ല.
''സി അന്‍ഡ് എഫില്‍ സ്റ്റോക്കില്ല എന്നാണ് അറിഞ്ഞത്''അനിരുദ്ധന്‍ പറഞ്ഞു''വൈസ് പ്രസിഡണ്ടിനോട് പറഞ്ഞ് പ്രോഡക്റ്റ് എത്തിക്കാം''.
നേരം പതിനൊന്ന് ആയി. എങ്കിലും വെയിലിന്ന് ചൂടുതോന്നുന്നില്ല. തണുത്തകാറ്റ് മുഖത്ത് തലോടുകയാണ്. അനിരുദ്ധന് ഉന്മേഷം തോന്നി. അയാള്‍ ഭാവിപരിപാടികള്‍ ആലോചിച്ചുകൊണ്ടിരുന്നു. അടുത്തമാസം നാലിനാണ് ഓണം. അതു കഴിഞ്ഞതും കമ്പിനിവിടണം. എത്രയും പെട്ടെന്ന് കൂട്ടുകാരന്‍ ഏര്‍പ്പാടാക്കിത്തന്ന ജോലിക്ക് ചേരണം. സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേറ്ററായാണ് നിയമനം. ആകര്‍ഷണീയമായ ശമ്പളം ലഭിക്കും . പക്ഷെ ഒരുദോഷമുണ്ട്. അഭ്യന്തര കലാപമുള്ള രാജ്യമാണത്രേ അത്. എന്തായാലെന്താ? സ്ഥിരമായി അവിടെ താമസമാക്കാന്‍ ഉദ്ദേശിച്ചല്ലല്ലോ പോവുന്നത്. കുറെകാലം പണിചെയ്യണം. എന്തെങ്കിലും സമ്പാദ്യമുണ്ടാക്കി തിരിച്ചുപോരണം.
പെട്ടെന്ന് ബൈക്ക് വലത്തോട്ട് വെട്ടിക്കുന്നതായി തോന്നി. അനിരുദ്ധന്‍ നോക്കുമ്പോള്‍ ഒരു ഓട്ടോറിക്ഷ റോഡിന്ന് കുറുകെ തിരിക്കുകയാണ്. കൂട്ടിമുട്ടുന്നത് ഒഴിവാക്കാന്‍ വെട്ടിച്ചെങ്കിലും ബൈക്ക് ഓട്ടോവിനെ സമീപിച്ചു കഴിഞ്ഞു. എതിരെ ഒരു കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് അലറി പാഞ്ഞടുക്കുന്നു. അനിരുദ്ധന്‍ സീറ്റില്‍ പിടിമുറുക്കി.
അദ്ധ്യായം - 53.
''എന്‍റെ മകളടെ താലിഭാഗ്യോ, നിങ്ങളുടെ വയറിന്‍റെ പുണ്യോ അതോ ഈശ്വരന്‍റെ അനുഗ്രഹോ, എന്താ പറയണ്ടത് എന്നെനിക്കറിയില്ല, കണ്ണില്‍ കൊള്ളാനുള്ളത് പുരികത്തില്‍ കൊണ്ടൂന്ന് പറഞ്ഞാ മതി'' ശിവശങ്കര മേനോന്‍ പറഞ്ഞു''എന്തായാലും ശരി, ഇനി ഈ പണിക്ക് പോവാന്‍ ഞാന്‍ സമ്മതിക്കില്ല''. അനിരുദ്ധന്‍ ആസ്പത്രിയില്‍നിന്ന് ഡിസ്ച്ചാര്‍ജ്ജായി വീട്ടിലെത്തിയശേഷം എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കുകയാണ്.
''ആ ഓട്ടോറിക്ഷ ഡ്രൈവറുടെ തെറ്റാണെന്നാ ഞങ്ങള്‍ സ്ഥലത്തുചെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്'' രാധികയുടെ മൂത്ത ഏട്ടന്‍ പറഞ്ഞു ''അവന്‍ ഇടംവലം നോക്കാതെ തിരിച്ചതോണ്ട് സംഭവിച്ചതാ''.
''ഇനി അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം. ട്രാന്‍സ്പോര്‍ട്ട് ഡ്രൈവറുടെ മിടുക്ക് കാരണം അവരുടെ ദേഹത്ത് കയറുംമുമ്പ് ബസ്സ് നിര്‍ത്താനായി'' ഇളയ ഏട്ടന്‍ ഇടപെട്ടു''ഇല്ലെങ്കില്‍ രണ്ടാളും സ്പോട്ടില്‍ തീര്‍ന്നേനെ''.
അനിരുദ്ധന്‍റെ മനസ്സിലേക്ക് ആ സംഭവം ഓടിയെത്തി. ഓട്ടോറിക്ഷയില്‍ ബൈക്ക് ഇടിച്ചതും പാഞ്ഞുവരുന്ന ബസ്സിന്‍റെ മുന്നിലേക്ക് തെറിച്ചു വീണു. റോഡിലൂടെ പാതച്ചാലിലേക്ക് ഉരുണ്ടു പോവുന്നതിന്നിടയില്‍ നിയന്ത്രണം തെറ്റിയ ഓട്ടോ ബസ്സില്‍ ഇടിക്കുന്ന ശബ്ദം ഉയര്‍ന്നു, സംഭവസ്ഥലത്ത് ഓടികൂടിയ ആളുകളുടെ ബഹളം അതോടൊപ്പം കേള്‍ക്കാനായി. ആരെല്ലാമോ ചേര്‍ന്ന് പൊക്കിയെടുത്ത് ഏതോ ഒരു വാഹനത്തില്‍ കയറ്റുകയാണ്. ക്രമേണ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതുപോലെ. കേള്‍ക്കുന്നതെല്ലാം അസ്പഷ്ടമായ ശബ്ദങ്ങളായി.
''നാലുദിവസം ആസ്പത്രീല്‍ കിടക്കാനുള്ള യോഗം അവനുണ്ടാവും. അത് ഇങ്ങിനെ തീര്‍ന്നൂന്ന് വിചാരിക്കാം''കട്ടിലില്‍ അനിരുദ്ധന്‍റെ അടുത്തിരുന്ന അമ്മ മകന്‍റെ നെറ്റിയില്‍ തടവി''അറിഞ്ഞുംകൊണ്ട് എന്‍റെകുട്ടി ഒരാള്‍ക്ക് ഒരു ഉപദ്രവം ചെയ്തിട്ടില്ല. ഭഗവാന്‍ അവനെ കൈവിടില്ല''.
''സമ്മതിച്ചു. എല്ലാം ശരിയായിരിക്കും. എന്നാലും ഓരോദിവസം ഓരോ ചെക്കന്മാരുടെ മോട്ടോര്‍സൈക്കിളിന്‍റെ പിന്നാലെ കയറി യാത്രചെയ്യിണ ഈ പണി അപകടംപിടിച്ച ഏര്‍പ്പാടാണ്. ഇനി വേറൊരു ദിക്കില്‍വെച്ച് ഇതുപോലെ സംഭവിക്കില്ലാന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയ്യോ. അതാണ് ഞാന്‍ ഈ പണിക്ക് പോണ്ടാന്ന് പറയിണത്''മേനോന്‍ പഴയപല്ലവി തുടരുകയാണ്.
''ജോലി വേണ്ടാന്ന് വെച്ചാല്‍ കുടുംബംപോറ്റണ്ടേ. അതിന് എന്ത് ചെയ്യും'' അമ്മ മനസ്സ് തുറന്നു.
''അതിനാ പ്രയാസം. സ്വന്തായിട്ട് എന്തെല്ലാം സ്ഥാപനങ്ങള്‍ നമുക്കുണ്ട്. പോരാത്തതിന് ഇപ്പോള്‍ ഇയാളുടെപേരില്‍ ഒരുബിസിനസ്സും തുടങ്ങാന്‍ പോണൂ. അതൊക്കെ മര്യാദയ്ക്ക് നോക്കി നടത്ത്യാല്‍ ഇന്ന് അനിരുദ്ധന്‍ സമ്പാദിക്കുന്നതിന്‍റെ എത്ര്യോ ഇരട്ടി ഉണ്ടാക്കാം. ഇതൊന്നും ഇല്ലെങ്കിലും നാലുതലമുറയ്ക്ക് തിന്നാനുള്ളവക ഞാന്‍ മകള്‍ക്ക് കൊടുത്തിട്ടുണ്ട്. അത് കളയാതെ നോക്ക്വേ വേണ്ടൂ''.
''കേട്ടില്ലേ അദ്ദേഹം പറയണത്''അമ്മ മകനോട് ചോദിച്ചു''അവര് എന്താ പറയുണത്ച്ചാല്‍ അത് കേട്ട് നടക്ക്. നിനക്ക് ഒരുദോഷൂം വരില്ല''.
''അല്ലെങ്കിലും ഈ ജോലി വേണ്ടാന്നുവെക്കാന്‍ കുറച്ചു ദിവസംമുമ്പേ ഞാന്‍ നിശ്ചയിച്ചതാണ്'' അനിരുദ്ധന്‍ ഉദ്ദേശം വെളിപ്പെടുത്തി''എനിക്ക് ഒരു കൂട്ടുകാരന്‍ വേറൊരുപണി ശരിപ്പെടുത്തിത്തന്നിട്ടുണ്ട്''.
''എന്താ പണി''.
''ഒരുഹോസ്പിറ്റലില്‍ അഡ്മിനിസ്ട്രേറ്ററായിട്ട്''.
''എവട്യാ സ്ഥലം''. അനിരുദ്ധന്‍ ആ രാജ്യത്തിന്‍റെ പേരുപറഞ്ഞു.
''അസ്സല് തീരുമാനം. വെടികൊണ്ട് ചാവാന്‍ വേണ്ടീട്ടാണോ താന്‍ ആ നാട്ടിലേക്ക് പോണത്''മേനോന്‍റെ ശബ്ദം ഉയര്‍ന്നു''ഒരുകാര്യം ഞാന്‍ പറയാം. എന്‍റെ മകള്‍ക്ക് ചെറുപ്പാണ്. ഭര്‍ത്താവ് വേണ്ടാന്ന് കരുതണ്ട പ്രായം ഒന്നും അവള്‍ക്കായിട്ടില്യാ''. അനിരുദ്ധന്‍ മിണ്ടാതെകിടന്നു.
''ഞാന്‍ പറഞ്ഞതിനെപ്പറ്റി എന്താ തന്‍റെ അഭിപ്രായം''മേനോന്‍ ചോദിച്ചു.
''എനിക്ക് ഇഷ്ടൂല്ലാഞ്ഞിട്ടല്ല. ഈ ഫീല്‍ഡിനെക്കുറിച്ച് നല്ലോണം അറിയുന്നതോണ്ടാ എനിക്കൊരു മടിതോന്നുണത്''അനിരുദ്ധന്‍ പറഞ്ഞു ''മെഡിക്കല്‍ ഷോപ്പുകാര്‍ക്ക് മരുന്നൊക്കെ ക്രെഡിറ്റിലാണ് കൊടുക്കാറ്. ഒന്നോരണ്ടോ മാസം കഴിഞ്ഞിട്ടാണ് ആ പൈസ കിട്ട്വാ. കടം കൊടുത്തത് അവരുടേന്ന് പിരിച്ചെടുക്കാനാണ് പാട്. ചിലര് പൈസ തരാതെ നമ്മളെ പറ്റിക്കാന്‍ നോക്കും''. ശിവശങ്കര മേനോന്‍ ഉറക്കെ ചിരിച്ചു.
''ഇതാണോ പ്രശ്നം. നമ്മടെ കയ്യിന്ന് ആരെങ്കിലും കടത്തില്‍ സാധനം വാങ്ങീട്ടുണ്ടെങ്കില്‍ അതു പിരിച്ചെടുക്കാനും നമുക്കാവും. ആരെങ്കിലും പണംതരാന്‍ മടിയ്ക്കുന്നൂണ്ടെങ്കില്‍ ആ കാര്യം എന്നെ അറിയിച്ചാ മതി, പൈസമുമ്പില്‍ കൊണ്ടുവന്നുവെച്ച് നൂറ്റൊന്ന് ഏത്തം ഇടും. അതിനുള്ള വഴി എനിക്കറിയാം''.
''ഞാന്‍ ഈ മാസം മുപ്പത്തി ഒന്നാം തിയ്യതി വെച്ച് റിസൈന്‍ ചെയ്യാം'' അനിരുദ്ധന്‍ സമ്മതിച്ചു.
''ഇത്രേ ഞങ്ങള്‍ക്കും വേണ്ടൂ''മേനോന്‍ സന്തോഷം പ്രകടിപ്പിച്ചു''ഒന്നിനും ഒരു ബുദ്ധിമുട്ട് വരില്ല. ആ കാര്യം ഞാനേറ്റു. ജ്വല്ലറിയിലും, ടെക്സ്റ്റൈല്‍ കടയിലും, മെഡിക്കല്‍ സ്റ്റോക്കിസ്റ്റിലും അനിരുദ്ധന്‍റെ ഒരുനോട്ടം ഉണ്ടായാ മതി. സര്‍വ്വസമയത്തും അവിടെ ഇരിക്ക്വോന്നും വേണ്ടാ''.
''കൂടെ ഉണ്ടായിരുന്ന കുട്ടിക്ക് എങ്ങനീണ്ട്''അമ്മ അന്വേഷിച്ചു.
''തുടടെ എല്ല് പൊട്ടീട്ടുണ്ട്. ഓപ്പറേഷന്‍ ചെയ്ത് കമ്പീട്ടു. പിന്നെ ഇയാളുടെ മാതിരി കയ്യില് ഒടിവൂണ്ട്. അതും പ്ലാസ്റ്ററിട്ടു''.
''അപ്പൊ ആ കുട്ടിടെ ആള്‍ക്കാര്‍ക്ക് പൈസ കുറെ ആവ്വോലോ''.
''പിന്നല്ലാതെ. ആ ചെക്കന്‍ പാവപ്പെട്ട കുടുംബത്തിലെ കുട്ട്യാണ്. ശമ്പളം കിട്ടുന്നതോണ്ട് വേണം അവന്‍റെ കുടുംബം കഴിയാന്‍. എന്‍റെ മകളടെ ഭര്‍ത്താവിന്‍റെ ആയുസ്സ് കിട്ട്യേതല്ലേ. ആ സന്തോഷത്തില്‍ ഞാനവന്‍റെ ആസ്പത്രി ബില്ലടച്ചു''. നേരം നാലുമണിയായി. രാധിക എല്ലാവര്‍ക്കും ചായയുമായി എത്തി.
''സാറേ''പുറത്തുനിന്ന് ഒരു വിളികേട്ടു. രാധിക ചെന്നുനോക്കി.
''അനിരുദ്ധന്‍ സാറില്ലേ''.
''ആരാ. എന്താ വേണ്ടത്''.
''ഞാന്‍ അനൂപ്. സാറിനെ കാണാന്‍ വന്നതാണ്''. കിടക്കുന്ന ദിക്കില്‍ അനിരുദ്ധന്‍ ആ സംഭാഷണം കേട്ടു.
''ഇങ്ങോട്ട് വരാന്‍ പറയൂ''അയാള്‍ ഭാര്യയോട് പറഞ്ഞു. രാധികയുടെ പിന്നിലായി അനൂപ് അകത്തെത്തി.
''സാറേ, ഞാന്‍ സുഖൂല്യാതെ കിടപ്പായിരുന്നു''അവന്‍ പറഞ്ഞു'' സാറ് ആക്സിഡന്‍റായ വിവരം ഇന്നാണ് അറിഞ്ഞത്. ആസ്പത്രിയില്‍ ചെന്ന് നോക്ക്യേപ്പൊ ഡിസ്ച്ചാര്‍ജ്ജായി പോന്നൂന്ന് പറഞ്ഞു''. അനിരുദ്ധന്‍ അപകടത്തെക്കുറിച്ചും പരിക്കിനെപ്പറ്റിയും അനൂപിനോട് സംസാരിക്കുമ്പോള്‍ മേനോന്‍ അവനെ ശ്രദ്ധിക്കുകയായിരുന്നു. എവിടേയോ കണ്ട മുഖം. പെട്ടെന്ന് അയാള്‍ക്ക് ആളെ മനസ്സിലായി.
''ഗോപാലകൃഷ്ണന്‍ സാറിന്‍റെ വീട്ടില്‍വെച്ച് കണ്ട കുട്ട്യേല്ലേ''അയാള്‍ ചോദിച്ചു. അതെ എന്ന മട്ടില്‍ അനൂപ് തലയാട്ടി.
''കേട്ടോ, ഈ കുട്ടി നന്നായി പാട്ട് പാടുംന്ന് അയാള് പറഞ്ഞിരുന്നു''.
''ഉവ്വോ, അതെനിക്ക് അറിയില്ല''അനിരുദ്ധന്‍ അത്ഭുതം പ്രകടിപ്പിച്ചു.
''എന്നാ ഇപ്പൊരു പാട്ട് പാടട്ടെ. നമുക്ക് കേള്‍ക്കാലോ''രാധികയുടെ മൂത്ത ഏട്ടന്‍ കേട്ടതില്‍ ചാടിപ്പിടിച്ചു.
''ഇപ്പൊ വേണ്ടാ. സാറ് വയ്യാതെ കിടക്ക്വല്ലേ. ഇനി ഒരിക്കലാവാം''അനൂപ് ഒഴിഞ്ഞുമാറി.
''അത് സാരൂല്യാ. അനൂപ് പാടിക്കോളൂ. പാട്ട് കേട്ടാല്‍ മനസ്സിലുള്ള ടെന്‍ഷനൊക്കെ മാറും''അനിരുദ്ധന്‍ പറഞ്ഞു.
''ഏതു പാട്ടാ വേണ്ടത്''അവന്‍ ചോദിച്ചു.
''നല്ല അടിപൊളി സിനിമാപ്പാട്ട്'' മൂത്ത ഏട്ടന്‍ താല്‍പ്പര്യം വെളിപ്പെടുത്തി.
''ഛേ, അതൊന്നും വേണ്ടാ. കുട്ടി ഒരു ഭക്തിഗാനം പാടിക്കോളൂ''അച്ഛന്‍ ഒരു ഭേദഗതി നിര്‍ദ്ദേശിച്ചു. അനൂപ് അല്‍പ്പനേരം ആലോചിച്ചു നിന്നു. ഒരാള്‍ക്ക് വേണ്ടത് സിനിമാപ്പാട്ട്, മറ്റൊരാള്‍ക്ക് വേണ്ടത് ഭക്തിഗാനം. രണ്ടാളുടേയും മോഹം നടക്കട്ടെ. അവന്‍ പാടിത്തുടങ്ങി.
'' ശരണമയ്യപ്പാ സ്വാമി, ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമി ശരണമയ്യപ്പ ..... ''
ആ ഗാനത്തിന്‍റെ മനോഹാരിതയില്‍ എല്ലാവരും ലയിച്ചിരുന്നു. ഗാന ഗന്ധര്‍വ്വന്‍റെ അദൃശ്യസാന്നിദ്ധ്യം അവിടെ ഉള്ളതായി അവര്‍ക്ക് തോന്നി. പാട്ട് അവസാനിച്ചു. അതിന്‍റെ മാസ്മരികതയില്‍ ആര്‍ക്കും ഒന്നും പറയാനാവുന്നില്ല.
''ഞാന്‍ പോട്ടേ സാര്‍''അനൂപ് ചോദിച്ചു. ഉറക്കത്തില്‍നിന്ന് ഉണര്‍ന്നതു പോലെ അനിരുദ്ധന്‍ പെട്ടെന്ന് പരിസരബോധം വീണ്ടെടുത്തു.
''ഇത്ര കഴിവുണ്ടായിട്ട് അനൂപെന്തിനാ ഈ പണിക്ക് ഇറങ്ങ്യേത്. തനിക്ക് ഈ ഫീല്‍ഡാണ് നല്ലത്. ശരിക്ക് തിളങ്ങും''.
''ജീവിക്കണ്ടേ സാര്‍. ഈ രംഗത്ത് കയറിപ്പറ്റാന്‍ ആരെങ്കിലും ഒക്കെ സഹായിക്കാന്‍ വേണം. എനിക്കതിന് ആരൂല്യാ''.
''ഒക്കെ ഉണ്ടാവും കുട്ടി''മേനോന്‍ എഴുന്നേറ്റുചെന്ന് അനൂപിന്‍റെ ശിരസ്സില്‍ കൈവെച്ചു''നിനക്ക് ഒരുനല്ലകാലം ദൈവം വെച്ചിട്ടുണ്ടാവും''. അദ്ദേഹം പേഴ്സില്‍ നിന്ന് ആയിരത്തിന്‍റെ ഒരു നോട്ടെടുത്ത് അവനുനേരെ നീട്ടി.
''ഇതു വാങ്ങിക്ക്. സമ്മാനായിട്ട് തരാന്‍ ഇപ്പൊ വേറൊന്നൂല്യാ''. അനൂപ് പണം വാങ്ങി മേനോനെ നമസ്ക്കരിച്ചു. എല്ലാവരോടും യാത്രചോദിച്ച് അവന്‍ ഇറങ്ങിപ്പോയി.
''ഈ കുട്ടി എവിടുത്ത്യാണ്''മേനോന്‍ അനിരുദ്ധനോട് ചോദിച്ചു.
''എനിക്ക് അത്രയ്ക്കൊന്നും അറിയില്ല. അമ്പലവാസ്യാണെന്ന് കേട്ടിട്ടുണ്ട്. ഒരു ദുശ്ശീലവും ഇല്ലാത്ത പയ്യനാണ്. അടുത്ത കാലത്താണ് ഇപ്പഴത്തെ കമ്പിനീ കയറിയത്''.
''ഓണം ഉതാടത്തിന്ന് അച്ഛന്‍റിം അമ്മടേം വിവാഹ വാര്‍ഷിക്വോല്ലേ. അന്ന് നമുക്ക് ഇയാളടെ ഒരു ഗാനമേള വീട്ടില്‍വെച്ച് നടത്തണം'' രാധികയുടെ ഏട്ടന്‍ മോഹം അറിയിച്ചു.
''അതൊക്കെ അപ്പോള്‍ ആലോചിച്ച് വേണ്ടത്പോലെ ചെയ്യാം''മേനോന്‍ എതിര്‍ത്തോ അനുകൂലിച്ചോ ഒന്നും പറഞ്ഞില്ല.
ഉണര്‍ന്നെഴുന്നേറ്റ മകളുമായി രാധിക എത്തി. മേനോന്‍ കുട്ടിയെ കൈ നീട്ടി വാങ്ങി അവളുമായി മുറ്റത്തേക്കിറങ്ങി. ഓരോരുത്തരായി രംഗത്തുനിന്ന് മാറിപ്പോയി. രാധിക ഭര്‍ത്താവിന്‍റെ അടുത്തിരുന്നു. സ്വര്‍ണ്ണഫ്രെയ്‌മുള്ള കണ്ണടയ്ക്കു പിന്നിലെ അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ തിളക്കം നിറഞ്ഞത് അയാള്‍ക്ക് കാണാനായി.
അദ്ധ്യായം - 54.
ഗോപാലകൃഷ്ണന്‍ നായരും അമ്മിണിയമ്മയും പൂമുഖത്ത് സംസാരിച്ച് ഇരിക്കുമ്പോഴാണ് കെ.എസ്. മേനോന്‍ എത്തിയത്.
''എത്ര നാളായി മേനോനെ ഇങ്ങോട്ടേക്ക് കണ്ടിട്ട്''അമ്മിണിയമ്മ പറഞ്ഞു ''പാട്ടുകാരനേം കൂട്ടുകാരനേം കണ്ടകാലം മറന്നൂന്ന് ഇന്നലീംകൂടി ഞാന്‍ പറഞ്ഞിരുന്നു''.
''ഇത്തവണ അമ്പലത്തില്‍ വായനയ്ക്ക് വന്നത് ഒരു റിട്ടയേഡ് മലയാളം മാഷാ. നല്ലൊരു പണ്ഡിതന്‍. ഒരുദിവസം രാമായണം വായനകേള്‍ക്കാന്‍ ചെന്നതാണ്. അയാളുടെ പറച്ചിലിന്‍റെ രസത്തില്‍ അവിടെയങ്ങോട്ട് കൂടി. ഇന്നലെ വൈകുന്നേരത്താണ് പരിപാടി തീര്‍ന്നത്''മേനോന്‍ വിശദമായി പറഞ്ഞു''ഒരുതവണ ഞാന്‍ ഗോപാലകൃഷ്ണനെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കും ചെയ്തിരുന്നു''.
''ആ കാര്യോക്കെ ഇവിടെ പറഞ്ഞിട്ടുണ്ട്''അമ്മിണിയമ്മ സമ്മതിച്ചു.
''എന്‍റെ മനസ്സില്‍ തോന്ന്യേകാര്യം പറയട്ടെ. ഈ ചങ്ങാതി വാനരന്മാരുടെ കൂടെ ലങ്കേലിക്ക് യുദ്ധംചെയ്യാന്‍ പോയിട്ടുണ്ടാവുംന്നാ ഞാന്‍ കരുത്യേത്'' ഗോപാലകൃഷ്ണന്‍നായര്‍ പറഞ്ഞു''സത്യം പറയാലോ, ഇത്രദിവസം ഈ വഴിക്ക് കാണാഞ്ഞപ്പൊ തന്നെ ഏതെങ്കിലും രാക്ഷസന്‍ ശാപ്പിട്ടിട്ടുണ്ടാവും എന്നു തോന്നി. യുദ്ധം കഴിഞ്ഞിട്ട് അയോദ്ധ്യയിലുംചെന്ന് അഭിഷേകൂം കണ്ട് വിശിഷ്ടസേവനത്തിന്ന് ശ്രീരാമന്‍റെ കയ്യിന്ന് മെഡലും വാങ്ങീട്ടാണ് താന്‍ മടങ്ങ്യേത് എന്ന് ഇപ്പഴല്ലേ അറിയുണത്''.
''വേണ്ടാത്ത വര്‍ത്തമാനം പറയണ്ടാ''അമ്മിണിയമ്മ ഭര്‍ത്താവിനെ തടഞ്ഞു ''ഈശ്വരന്മാരെ പിടിച്ചാ തമാശ പറയാന്‍ കണ്ടത്''.
''അമ്മിണി, തനിക്ക് അറിയാന്‍ വയ്യാത്തതോണ്ടാ അങ്ങിനെ തോന്നുണത്. സ്നേഹം, വാത്സല്യം, ദയ, കാരുണ്യം ഒക്കെ ഇല്ലേടോ, അതേപോലത്തെ മറ്റൊരു നന്മയാടോ ഈ കുസൃതിത്തരവും, തമാശയുമൊക്കെ. ഈശ്വരന്‍ ഈ വകയ്ക്ക് പത്തുമാര്‍ക്ക് എന്‍റെ പേരില് കൂട്ടി ഇടും''.
''അനൂപ് ഇങ്ങോട്ട് വരാറില്ലേ''മേനോന്‍ ചോദിച്ചു.
''കുറച്ചായി ഈ വഴിക്ക് കണ്ടിട്ട്''.
''വല്ലപ്പോഴും എന്‍റെ വീട്ടിലും വരാറുള്ളതാ. അങ്ങോട്ടും കണ്ടില്ല''.
''ഒന്ന് വിളിച്ച് അന്വേഷിക്കാന്ന് വെച്ചാല്‍ അവന്‍റെ മൊബൈല്‍ നമ്പറ് വേണ്ടേ. അത് വാങ്ങി വെച്ചിട്ടില്ല. അല്ലെങ്കിലും വേണ്ടതൊന്നും ചെയ്യില്ല ഇവിടുത്തെ ആള്''അമ്മിണിയമ്മ പരിഭവം പറഞ്ഞു''വയ്യാണ്ടെ ഞാന്‍ കിടപ്പിലായപ്പോള്‍ ആ കുട്ടി കുറെ അന്വേഷിച്ചുവന്നതാ. അത് മറക്കാന്‍ പാടില്ല''.
''നിറുത്ത്വോടോ തന്‍റെ പരാതി പറച്ചില്. ഒരുദിവസം ഞാന്‍ നേരില്‍ ചെന്ന് അന്വേഷിക്കുണുണ്ട്''.
''എന്നാല്‍ ഞാനൂണ്ട് കൂടെ''.
''സുകുമാരാ, ഇനി തന്‍റെ വിശേഷങ്ങള് കേള്‍ക്കട്ടെ''.
''ഞാന്‍ ഒരു കാര്യം ചോദിക്കണംന്ന് വിചാരിക്ക്യാണ്. തെറ്റാണച്ചാലും ശരിയാണച്ചാലും മടിക്കാതെ പറയണം''.
''എന്തിനാടോ ഈ മുഖവുര. ഗോപാലകൃഷ്ണന്‍ ഇന്നേവരെ ആരുടെ അടുത്തും മനസ്സില്‍ തോന്ന്യേത് അതുപോലെ പറഞ്ഞിട്ടേള്ളു. ആ ശീലം മരിക്കുണതുവരെ അങ്ങിനെത്തന്നെ ഉണ്ടാവും''.
''ഹൈദരബാദിലേക്ക് മടങ്ങി പോയാലോ എന്നൊരു തോന്നല്‍. എന്താ വേണ്ടത്''. ഗോപാലകൃഷ്ണന്‍നായര്‍ ഉറക്കെ ചിരിച്ചു.
''അന്നേ ഞാന്‍ പറഞ്ഞതാണ്, ഭാര്യേം മക്കളേം ഉപേക്ഷിച്ച് ജീവിക്കാന്‍ പറ്റില്ലാന്ന്. അപ്പൊ എനിക്കിനി ആരും വേണ്ടാന്ന് ഒരേ വാശി. എന്നിട്ട് ഇപ്പഴെന്തായി. ഉള്ള പുരപൊളിച്ച് അവിടെ ഒരുബംഗ്ലാവ് പണിയണം എന്നായിരുന്നല്ലോ തന്‍റെ മോഹം. അതുകൂടി ചെയ്തിരുന്നെങ്കില്‍ നല്ല വിശേഷായേനേ''. കെ.എസ്.മേനോന്‍ മറുപടിയൊന്നും പറഞ്ഞില്ല. വിഷണ്ണഭാവത്തില്‍ താഴേക്ക് നോക്കി അയാളിരുന്നു.
''എന്തേ ഇപ്പൊ ഇങ്ങിനെ തോന്നാന്‍''അമ്മിണിയമ്മ ചോദിച്ചു.
''കഴിഞ്ഞാഴ്ച ഒരുദിവസം നേരം പുലരാറാവുമ്പൊ ഞാനൊരു സ്വപ്നം കണ്ടു''മേനോന്‍ പറഞ്ഞുതുടങ്ങി''തേങ്ങിക്കരഞ്ഞുകൊണ്ട് മകന്‍ എന്‍റെ അടുത്തുണ്ട് ഇരിക്കിണൂ''ഭാര്യാഭര്‍ത്താക്കന്മാര്‍ അയാള്‍ പറയുന്നതും കേട്ടിരുന്നു.
''ഡാഡിക്ക് ഞങ്ങള്യോന്നും വേണ്ടാതായി അല്ലേ, ഇങ്ങിനെ പോവ്വാച്ചാല്‍ അധികകാലം ഞാനുണ്ടാവില്യാന്നും പറഞ്ഞ് എനിക്കെന്തെങ്കിലും മറുപടി പറയാന്‍ പറ്റുണതിന്നുമുമ്പ് അവന്‍ വീട്ടിന്ന് ഇറങ്ങിയോടി. പെട്ടെന്ന് ഒരു ട്രെയിനിന്‍റെ വിസില്‍ കേട്ടു. ഞെട്ടി ഉണര്‍ന്നപ്പോള്‍ ഞാനാകെ വിയര്‍ത്തു കുളിച്ചിരുന്നു''.
''എന്നിട്ട്''.
''രാവിലെ ആദ്യം ചെയ്തത് അങ്ങട്ട് ഫോണ്‍ ചെയ്യലായിരുന്നു''.
''അങ്ങിനെ കുറച്ചുകാലത്തെ അജ്ഞാതവാസം താന്‍ അവസാനിപ്പിച്ചു അല്ലേടോ''ഗോപാലകൃഷ്ണന്‍നായര്‍ ചോദിച്ചു''ആട്ടെ, എന്താ മകന്‍റെ പ്രതികരണം''.
''എന്‍റെ ശബ്ദംകേട്ടതും മകന്‍ കരയാന്‍ തുടങ്ങി. എന്തിനാ ഡാഡി പോയത്, എന്നാ ഇനി തിരിച്ചെത്ത്വാ എന്നൊക്കെയുള്ള ആളുകളുടെ ചോദ്യംകേട്ടു മത്യായി, ആകപ്പാടെ നാണക്കേടായി, അതുകാരണം അമേരിക്കേന്ന് മമ്മി ഇങ്ങോട്ട് തിരിച്ചുവരണ്ടാന്ന് പറഞ്ഞിരിക്ക്യാണ്, കുറെകാലായി ഞാന്‍ ഈ സങ്കടം സഹിക്കിണൂ, ഇനി എന്നെക്കൊണ്ട് വയ്യാ, ഡാഡി വന്നില്ലെങ്കില്‍ എന്നെ പിന്നെ കാണില്ല, ഞാന്‍ എന്തെങ്കിലും ചെയ്ത് മരിക്കും എന്നൊക്കെ അവന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ അത് കേട്ടമുതല്‍ക്ക് എന്‍റെ ഉള്ളില്‍ പേട്യാണ്''.
''പിന്നെന്താ ഇത്രകാലം ആരും തന്നെ അന്വേഷിച്ച് വരാഞ്ഞത്''.
''ഒന്നാമത് എന്‍റെ പെരുമാറ്റം എന്താന്ന് അറിയില്ല. പിന്നെ ഇന്നു വരും നാളെ വരും എന്നു വിചാരിച്ച് ഇരുന്നിട്ടുണ്ടാവും''.
''എന്നാ താന്‍ തിരിച്ചു പോണത്''.
''ഓണം കഴിഞ്ഞിട്ടേള്ളു. ഇതുവരെ നാട്ടില്‍ നിന്നിട്ട് നല്ലൊരു സമയത്ത് മടങ്ങി പോണില്ല''.
''വീടെന്താ ചെയ്യുണത്. വില്‍ക്ക്വാണോ അതോ അനുജത്തിമാര്‍ക്ക് വീതം വെച്ച് കൊടുക്ക്വാണോ''.
''രണ്ട്വോല്ല. മാസത്തില്‍ പത്തുദിവസം ഞാനും ഭാര്യീം കൂടി ഇവിടെ കൂടും. ബാക്കി ദിവസം അവടെ. അപ്പൊ രണ്ടാള്‍ക്കും ജനിച്ച നാട് വിട്ട ഖേദം ഉണ്ടാവില്ല. വാസ്തവം പറഞ്ഞാ എനിക്ക് നിങ്ങടൊപ്പം കഴിഞ്ഞ് പൂതി മാറീട്ടില്ല''.
''അതിന് ഭാര്യക്കും മക്കള്‍ക്കും സമ്മതാവ്വോ''.
''നൂറുവട്ടം സമ്മതാണ് എന്നാ അവര് പറഞ്ഞത്. ഞാന്‍ മകനെ വിളിച്ച ശേഷം അവളെന്നെ വിളിച്ചിരുന്നു. ഞാനെന്താ പറയുണത് അതുപോലെ ചെയ്യാംന്ന് പറഞ്ഞു''.
''ഒരുകാര്യം ഞാന്‍ ഇപ്പഴേ പറയാം. തന്‍റെ ഭാര്യേ കൊണ്ടുവന്ന് ആ വീട്ടില് കഴിയാന്‍ പാടില്ല. വേണച്ചാല്‍ ടൌണില് ഒരു ഫ്ലാറ്റ് വാങ്ങാം''.
''എന്തിനാ അത്''.
''എടോ, അയമ്മ ഇത്രകാലം ജീവിച്ച ചുറ്റുപാട് എന്താന്ന് തനിക്കറിയില്ലേ. അത് എങ്ങെനീണ്ട് ഇവിടുത്തെ വീട് എങ്ങനീണ്ട്''.
''അത് താന്‍ പറഞ്ഞത് നേരാ. എന്നാല്‍ നിങ്ങളുടെ അടുത്തായിട്ടൊരു ഫ്ലാറ്റ് വാങ്ങാം''.
''വയസ്സാന്‍ കാലത്ത് മേനോന്‍ ഒറ്റയ്ക്കായല്ലോ എന്ന് ഞങ്ങള് രണ്ടാളും എന്നും പറയാറുണ്ട്. അതാലോചിച്ച് വിഷമൂം തോന്നീട്ടുണ്ട്. ഇപ്പൊ ഞങ്ങള്‍ക്കും സമാധാനമായി''അമ്മിണിയമ്മയുടെ വാക്കുകളില്‍ ആശ്വാസം തുളുമ്പി''എന്നാ ഭാര്യ നാട്ടിലേക്ക് വര്വാ''.
''ഞാന്‍ ചെന്ന് കൂട്ടീട്ട് വരുമ്പോഴേ വരൂന്ന് മകളോട് പറഞ്ഞിട്ടുണ്ടത്രേ''.
''അപ്പൊ ബാക്കികാര്യം തന്‍റെ കയ്യിലാണ് ഉള്ളത്''ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു''ഒരു കോപംകൊണ്ടങ്ങോട്ട് ചാടിയാല്‍ ഇരുകോപം കൊണ്ടിങ്ങോട്ട് ചാടാമോ എന്ന് പറഞ്ഞ മട്ടിലായി തന്‍റെ കാര്യം''.
'' ക്രോധമൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
ക്രോധമല്ലോ നിജ ധര്‍മ്മ ക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം ''
എന്നല്ലേ ഭഗവാന്‍ ശ്രീരാമന്‍ ലക്ഷ്മണനെ ഉപദേശിച്ചത്'' കെ. എസ്. മേനോന്‍ പറഞ്ഞു''ഞാന്‍ ആ തത്വം സ്വീകരിച്ചു''.
''വായന കേള്‍ക്കാന്‍ പോയതോണ്ട് അങ്ങിന്യോരു ഗുണോങ്കിലും ഉണ്ടായി. അല്ലാണ്ടെ ഉറക്കംതൂങ്ങി അവിടെ ഇരുന്നിട്ട് പോന്നില്ലല്ലോ''. ഗോപാലകൃഷ്ണന്‍നായരുടെ വാക്കുകള്‍ കേട്ട് മറ്റുള്ളവര്‍ ചിരിച്ചു.
^^^^^^^^^^^^^^^^^^
''അന്യേട്ടാ, കുളിച്ചൊരുങ്ങിക്കോളൂ''രാധിക ഭര്‍ത്താവിനോട് പറഞ്ഞു ''ഇന്ന് ഒന്നാം തിയ്യത്യല്ലേ. നമുക്കിന്ന് ജ്വല്ലറിയിലും തുണിക്കടയിലും ഒന്നുപോണം''.
''ആഗസ്റ്റ് മുപ്പത്തിയൊന്നിനേ ഞാന്‍ റിസൈന്‍ ചെയ്യൂ. അതിനു മുമ്പ്....''
''അതിന് വേറെ ഏതെങ്കിലും കമ്പിനീല്‍ ചേരാനല്ലല്ലോ പോണത്. അല്ലെങ്കിലും ഈ കണ്ടീഷനില്‍ ഇപ്പോഴത്തെ ജോലിക്ക് പോവാനും കഴിയില്ല''.
''ഇന്നന്നെ വേണോ. കയ്യിലെ പ്ലാസ്റ്റര്‍ അഴിച്ചിട്ട് പോരേ''.
''തുടക്കത്തിലേ മുടക്കം പറയണ്ട. പണി ചെയ്യാനൊന്ന്വോല്ല നമ്മള് അവിടേക്ക് പോണത്''.
കുളിയും ഭക്ഷണവും കഴിഞ്ഞ് ഭാര്യ നല്‍കിയ ഷര്‍ട്ടും മുണ്ടും ധരിച്ച് അയാള്‍ തയ്യാറായി. രാധിക ഡ്രൈവിങ്ങ് സീറ്റില്‍ കയറി. കുട്ടിയെ മടിയില്‍വെച്ച് അനിരുദ്ധന്‍ അടുത്തിരുന്നു. രണ്ടു സ്ഥാപനങ്ങളിലെ ജീവനക്കാരും ബഹുമാനത്തോടെ നോക്കിനില്‍ക്കുന്നത് അനിരുദ്ധന്‍ ശ്രദ്ധിച്ചു. ഏതെങ്കിലും ഡോക്ടറെ കാണാന്‍ കാത്തുനില്‍ക്കുന്ന സമയമാണ് ഇപ്പോള്‍. അല്ലെങ്കില്‍ റെപ്രസന്‍റേറ്റീവ് ഓടിക്കുന്ന ബൈക്കിന്‍റെ പുറകില്‍ യാത്ര ചെയ്യുകയാവും. അലച്ചിലിന്‍റെ നാളുകള്‍ അവസാനിക്കുന്നു. വരാന്‍ പോകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അയാള്‍ തയ്യാറായി.
അദ്ധ്യായം - 55.
''നാട്ടിലുള്ള സകല പിള്ളര്‍ക്കും പനിയും കുരയും തൂറ്റലും ഉണ്ടാവണേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന''ബൈക്കിനടുത്തേക്ക് നടക്കുന്നതിന്നിടയില്‍ റഷീദ് പ്രദീപിനോട് പറഞ്ഞു. അനൂപിനെ കാണാതായിട്ട് ദിവസങ്ങള്‍ കുറെയായി. സുഖമില്ല എന്ന ഒറ്റ മറുപടിയാണ് അന്വേഷിക്കുമ്പോള്‍ കിട്ടാറുള്ളത്. രണ്ടുപേരുംകൂടി സുഹൃത്തിനെ കാണാനിറങ്ങിയതാണ്.
''ബെസ്റ്റ് മോഹം. കുട്ടികള്‍ക്ക് അസുഖംവന്നാല്‍ നിനക്ക് ലോട്ടറി വല്ലതും കിട്ട്വോടാ''.
''ലോട്ടറി അടിച്ച ഫലം തന്നെ. ജോലി പോവാതെ ഞാന്‍ രക്ഷപ്പെടും. അതു പോരേ''അവന്‍ പറഞ്ഞു തുടങ്ങി ''സീസണ്‍ മഹാ ഡള്ളാണ്. ഒരുദിക്കിലും പേഷ്യന്‍റ്സ് ഇല്ല. ഇന്നത്തെ കഥ നിനക്ക് കേള്‍ക്കണോ? രാവിലെ ഞാനൊരു പീഡിയാട്രീഷ്യനെ കാണാന്‍ ചെന്നിരുന്നു. അയാള് ടൌണിലെ നമ്പര്‍ വണ്‍ ചൈല്‍ഡ് സ്പെഷലിസ്റ്റാണ്. സാധാരണ ദിവസം അയാളുടെ ക്ലിനിക്കില്‍ പൂരത്തിനുള്ള ആളുകളുണ്ടാവും. ഒരിക്കലും അഞ്ചുമണ്യാവാതെ ഡോക്ടറെ കാണാന്‍ പറ്റാറില്ല. ഇന്ന് ഞാന്‍ വെറുതെ പതിനൊന്നുമണിക്ക് ക്ലിനിക്കിലൊന്നു ചെന്നുനോക്കി. എന്താ പറയണ്ട്. ഒരു മനുഷ്യക്കുട്ടീല്യാ അവിടെ. ക്യാബിനില്‍ കേറ്യേപ്പൊ കണ്ടത് ഡോക്ടര്‍ ഏതോ പുസ്തകം വായിച്ചിരിക്കുണതാണ്''.
''അത് നന്നായി. അയാള്‍ക്ക് വല്ലപ്പോഴും ഒരു റെസ്റ്റ് വേണ്ടേ. നിനക്കെന്താ അതിനിത്ര ദെണ്ണം''.
''പ്രദീപേ, നിനക്ക് അറിയാഞ്ഞിട്ടാണ്. കഴിഞ്ഞതിന്‍റെ മുമ്പിലത്തെ മാസം ഞാന്‍ എണ്ണൂറ്റിതൊണ്ണൂറ് കഫ് സിറപ്പ് വിറ്റു. കഴിഞ്ഞമാസം ആയിരത്തി പതിനേഴ്. ആ സ്ഥാനത്ത് ഈ മാസം ഇതുവരെ വിറ്റത് വെറും പതിനെട്ട്. ഇക്കണക്കില്‍ ഒരുമാസംകൂടി പോയാല്‍ എന്‍റെ പണി പൂക്കുറ്റ്യാവും''.
''നീ പേടിക്കണ്ടടാ. നിന്‍റെ വാരിയര്‍ സാറില്ലേ നിന്നെ സഹായിക്കാന്‍''.
''അയാള് വിചാരിച്ചാല്‍ എന്തു ചെയ്യാനാവും. സെയില്‍സ് കുത്തനെ വീണാല്‍ ആരു വിചാരിച്ചാലും രക്ഷീല്ല. പരിപാടി കഴിഞ്ഞതന്നെ''. കുറച്ചുനേരം ആരുമൊന്നും പറഞ്ഞില്ല.
''വല്ല ഡയബറ്റിക്ക് കാര്‍ഡിയാക്ക് ഡിവിഷനിലായാല്‍ മത്യായിരുന്നു'' റഷീദ് മൌനം ഭഞ്ജിച്ചു.
''അതിലെന്താ പണി ചെയ്യണ്ടേ''.
''പ്രമേഹവും കൊളസ്ടോളും വന്നാല്‍ ഒരിക്കലും മാറില്ല. ചാവുണതു വരെ രോഗി അട്രോവാസ്റ്റാറ്റിനും മെറ്റ്ഫോര്‍മിനും ഒക്കെ കഴിച്ചോണ്ട് ഇരിക്കും. ജെനറല്‍ മെഡിസിന്‍സ് അങ്ങിന്യാണോ. സൂക്കട് മാറുണതും രോഗി മരുന്ന് കഴിക്കുണത് നിര്‍ത്തുണതും ഒന്നിച്ചാവും''.
''എന്നുവെച്ചാല്‍ എല്ലാ മനുഷ്യരും മാറാരോഗികളാവണംന്ന് പറ''.
''അങ്ങിനെ ആലോചിക്കുണത് തെറ്റാണ് എന്നറിയാഞ്ഞിട്ടല്ല. പക്ഷെ നില നില്‍പ്പിന്‍റെ കാര്യം വരുമ്പൊ ആരായാലും ആ വിധത്തില്‍ ചിന്തിക്കും''.
''നീയൊന്ന് പോടാ. എപ്പൊ നോക്ക്യാലും ഒരോ ആവലാതീണ്ടാവും'' പ്രദീപ് അവനെ ആശ്വസിപ്പിക്കാനായി പറഞ്ഞു. എന്നാല്‍ അതിലും വലിയ കുറെ ആവലാതികളുമായാണ് അനൂപ് അവരെ സ്വീകരിച്ചത്.
''എന്താ നിന്‍റെ പ്രശ്നം''എന്ന പ്രദീപിന്‍റെ ചോദ്യത്തിന്ന് അനൂപ് മറുപടി പറഞ്ഞു തുടങ്ങി''പണിക്കു പോയിട്ട് രണ്ടാഴ്ച്ച്യായി. എന്നും പനിതന്നെ. വിശപ്പ് എന്നത് എന്താണ് എന്നന്നെ അറിയാണ്ട്യായി. കിടന്ന കിടപ്പിന്ന് എഴുന്നേല്‍ക്കാന്‍ തോന്നുണില്ല. എപ്പോഴും വല്ലാത്തക്ഷീണം. ഇതിനിടേല്‍ എ.ബി.എം. പല പ്രാവശ്യം വിളിച്ചുകഴിഞ്ഞു. കുറച്ചുഭേദം തോന്നുണുണ്ട്, രണ്ടുദിവസം കഴിഞ്ഞാല്‍ പണിക്ക് ചെല്ലാന്‍ പറ്റും എന്നൊക്കെ അവധി പറഞ്ഞു കഴിച്ചു. ഇന്നുകാലത്ത് ആര്‍.എം. വിളിച്ചു. ഇങ്ങിനെ പോയാല്‍ ശര്യാവില്ല, ഏതെങ്കിലും ഡോക്ടറെ കാണിച്ച് മരുന്നുവാങ്ങി കഴിച്ച് അസുഖം മാറ്റാന്‍ നോക്ക്, എത്രയും പെട്ടെന്ന് നീ ജോലിക്ക് കേറിക്കോ, ഇല്ലെങ്കില്‍ കമ്പിനീന്ന് പിരിച്ചുവിടും, പ്രൊബേഷന്‍ കഴിയാത്ത ആളാണ്. അത് ഓര്‍മ്മ ഉണ്ടാവണം എന്നൊക്കെ പറഞ്ഞു''.
''പ്രൊബേഷന്‍ കഴിഞ്ഞാല്‍ കമ്പിനിക്കാര് ആനമുട്ട പുഴുങ്ങിത്തരും. എനിക്ക് കേള്‍ക്കണ്ടാ അയാളടെ ഒരുവര്‍ത്തമാനം''റഷീദ് ചൊടിച്ചു ''വേണച്ചാല്‍ കമ്പിനിക്കാര് ഏതുസമയത്തും ആരേം പിരിച്ചുവിടും. പ്രൊബേഷന്‍ കഴിഞ്ഞാല്‍ പിരിച്ചുവിടുമ്പൊ ഒരുമാസത്തെ നോട്ടീസ് തരും, അതിന്‍റെ ശമ്പളൂം തരും. അതല്ലാതെ ഒരുതേങ്ങാക്കുലീം കിട്ടില്ല''.
''പണി പോയാല്‍ എങ്ങിനെ കഴിയുംന്നാ അവന്‍റെ വിഷമം''ഇന്ദിര മകന്‍റെ ആധി വെളിപ്പെടുത്തി.
''അതാലോചിച്ച് വിഷമിക്കണ്ടാ. ഒന്നല്ലെങ്കില്‍ മറ്റൊന്ന്. നാട്ടിലെ മരുന്നു കമ്പിനികളുടെഎണ്ണൂം ആകാശത്തിലെ നക്ഷത്രങ്ങളുടെഎണ്ണൂം ഏതാണ്ട് ഒപ്പത്തിനൊപ്പാണ്''.
''എന്താ നിന്‍റെ അസുഖം. ആരാ നിന്നെ ചികിത്സിക്കിണത്''പ്രദീപ് രോഗ വിവരം അന്വേഷിച്ചു.
''വായിനൊന്നും പിടിക്കിണില്ല, ചെറുക്കനെ ഒരു പനീംണ്ട്. വല്ല കണ്ണോ കൊത്യോ പറ്റ്യേതാണോന്ന് കരുതി വെളിച്ചപ്പാടിനെക്കൊണ്ട് ചരട് ഊതിച്ച് കെട്ടി. എന്നിട്ടും ഭേദംകാണാഞ്ഞപ്പോള്‍ ഇന്നലെ മാപ്ലവൈദ്യരെ കാണിച്ചു''ഇന്ദിര വിശദീകരിച്ചു.
''അയാളെന്താ പറഞ്ഞത്''.
''നാഡി പിടിച്ചുനോക്കി. വയറിന്‍റെ പലഭാഗത്തും തട്ടുംകൊട്ടും അമര്‍ത്തും ചെയ്യേണ്ടായി. ഒടുക്കം എത്രയും പെട്ടെന്ന് നല്ലൊരു ഡോക്ടറെ കാട്ടണംന്ന് പറഞ്ഞു. മരുന്നൊന്നും തന്നതൂല്യാ''ഇന്ദിര തുടര്‍ന്നു''ഒരു കുടുംബത്തിലെ എല്ലാരുടെ ചികിത്സയും ഏറ്റെടുത്തുന്ന് വരണ്ടാന്ന് വെച്ചിട്ടാവും മൂപ്പര് കയ്യൊഴിഞ്ഞത് എന്നാ എനിക്ക് തോന്നുണത്''.
''അതൊന്നും ആവില്ല. ചിലപ്പൊ എന്തെങ്കിലും തകരാറുണ്ടെങ്കിലോ'' പ്രദീപ് പറഞ്ഞു''അനൂപേ, നിനക്കിത്ര വിവരം ഇല്ലാതെ പോയല്ലോ. ഈ കാലത്ത് സൂക്കട് വന്നാല്‍ ഡോക്ടറെ കാണിക്കാതെ ആരെങ്കിലും ചരട് ജപിക്കാന്‍ പോവ്വോ. എത്ര ഡോക്ടര്‍മാരെ നിനക്ക് പരിചയൂണ്ട്. ഏതെങ്കിലും ഒരു ഫിസീഷ്യനെ കാണിക്കായിരുന്നില്ലേ. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യൂല്യ. നാളെത്തന്നെ നമുക്ക്നല്ലൊരു ഫിസീഷ്യനെ കാണണം. രാവിലെ ഞങ്ങള് രണ്ടാളുംകൂടി വന്ന് നിന്നെ കൂട്ടീട്ട് പോവാം''.
ഇന്ദിര കാപ്പിയും പാളയങ്കോടന്‍ പഴവുമായി എത്തി. രാമകൃഷ്ണനും അനൂപും അതിഥികളോടൊപ്പം കാപ്പിഗ്ലാസ്സ് ഏറ്റുവാങ്ങി.
''നമ്മടെ കൂട്ടുകാര്‍ക്ക് വിശേഷിച്ചൊന്നുമില്ലല്ലോ''അനൂപ് ചോദിച്ചു.
''ശെല്‍വന്‍റെ ചേച്ചി ശരിക്ക് പെട്ടു. അവളെ കെട്ട്യാല്‍ വീട്ടിന്ന് പുറത്താക്കുംന്ന് അയാളുടെ വീട്ടുകാര്‍ പറഞ്ഞ്വോത്രേ. ചെക്കന്‍ കയ്യൊഴിയും എന്നാ കേട്ടത്''.
''അനിരുദ്ധന്‍ സാറിന് ഭേദായോ''.
''അനിരുദ്ധന്‍ സാറിന്‍റെ കയ്യിലെ പ്ലാസ്റ്റര്‍ എടുത്തിട്ടില്ല. ഇന്നലെ ഞാന്‍ സാറിനെ കണ്ടിരുന്നു''റഷീദ് പറഞ്ഞു''സാറ് കമ്പിനീലെ ജോലി രാജി വെച്ചു. കോടീശ്വരന്‍റെ മകളേല്ലേ അങ്ങേര് കെട്ടീട്ടുള്ളത്. പിന്നെന്തിനാ ഈ തുക്കടാ ജോലി''.
''കൂടെയുണ്ടായിരുന്ന റെപ്പോ''.
''അവന് ആറുമാസംകൂടി കിടക്കേണ്ടി വരും എന്നാ അറിഞ്ഞത്''.
''പാവം. അപ്പോഴേക്ക് അവന്‍റെ പോസ്റ്റില് വേറെ ആള് കേറീട്ടുണ്ടാവും'' അനൂപ് ഖേദം പ്രകടിപ്പിച്ചു.
''എല്ലാരുടെ കാര്യൂം ഇങ്ങിനേന്ന്യാണ്. ജോലിസ്ഥിരത ഇല്ലാത്ത പണ്യേല്ലേ നമ്മുടേത്''.
''ഗോപാലകൃഷ്ണന്‍ സാറിനെ കണ്ടാല്‍ ഞാന്‍ അന്വേഷിച്ചുന്ന് പറയണം''.
''നോക്കൂ, എന്നും ഇതന്ന്യാ ഇവന്‍റെ വര്‍ത്തമാനം. അമ്മമ്മയ്ക്ക് ഇപ്പൊ എങ്ങിനെയുണ്ട് എന്നറിയില്ല എന്ന വിഷമാണ് അവന്''ഇന്ദിര പറഞ്ഞു ''വെറുതെ അവരെ വിളിച്ച് ശല്യം ചെയ്യരുത് എന്ന് ഞാന്‍ പറയ്യേ. അവര് നൂറുകൂട്ടം കാര്യങ്ങള്‍ ഉള്ളോരാവും''.
''ഞങ്ങള്‍ പോണ വഴിക്ക് സാറിന്‍റെ വീട്ടില്‍ചെന്ന് പറയാം''പ്രദീപ് ഏറ്റു. പക്ഷെ അത് വേണ്ടിവന്നില്ല. പോവാനായി എഴുന്നേറ്റ അവര്‍ പടിക്കല്‍ എത്തുമ്പോഴേക്കും ഗോപാലകൃഷ്ണന്‍ നായരും കെ.എസ്. മേനോനും കൂടി ബുള്ളറ്റില്‍ എത്തിക്കഴിഞ്ഞിരുന്നു.
അദ്ധ്യായം - 56.
കെ.എസ്. മേനോനും ഗോപാലകൃഷ്ണന്‍ നായരും ബൈക്കില്‍ നിന്നിറങ്ങി. വണ്ടി സ്റ്റാന്‍ഡിലിടുമ്പോഴേക്ക് പ്രദീപും റഷീദും അവര്‍ക്കരികിലെത്തി. അനൂപിനെ സംബന്ധിച്ച വിവരങ്ങള്‍ അവര്‍ ആഗതര്‍ക്ക് കൈമാറി.
''രണ്ടാഴ്ച പനിയായി കിടന്നിട്ടും ഡോക്ടറെ കാണിച്ചില്ലെന്നോ''മേനോന്‍ അത്ഭുതപ്പെട്ടു.
''അങ്കിള്‍, അതന്നെയാണ് എനിക്കും പറയാനുള്ളത്''പ്രദീപ് പറഞ്ഞു'' ആരെങ്കിലും ഇമ്മാതിരി വിഡ്ഢിത്തം കാണിക്ക്വോ. ആന്‍റിക്ക് മകന്‍റെ സൂക്കടിന്‍റെ ഗൌരവം അറിയാഞ്ഞിട്ടാണ് എന്നുപറഞ്ഞാല്‍ നമുക്കത് മനസ്സിലാക്കാം. പക്ഷെ അനൂപിന് സ്വന്തം അസുഖത്തെക്കുറിച്ച് ലേശം ബോധം വേണ്ടേ. മരുന്നൊന്നും കഴിക്കാണ്ടെ കയ്യില് ചരടു ജപിച്ചതും കെട്ടി മൂടിപ്പുതച്ചു കിടന്നാ മത്യോ''.
''അനൂപിനെ കുറ്റപ്പെടുത്താന്‍ പറ്റില്ല. അമ്മ പറയുണതിനപ്പുറം മറ്റൊന്നും അവനില്ല. അങ്ങന്യാണ് അവരവനെ വളര്‍ത്ത്യേത്'' ഗോപാലകൃഷ്ണന്‍ നായര്‍ അനൂപിനെ ന്യായീകരിച്ചു.
''എന്നിട്ട് എന്തു തീരുമാനിച്ചു''മേനോന്‍ അന്വേഷിച്ചു.
''നാളെ ഞാനും റഷീദുംകൂടി അവനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോവും''.
''അതു നന്നായി. പഴയ കാലോന്ന്വല്ല ഇപ്പഴത്തേത്''മേനോന്‍ പറഞ്ഞു ''എലിപ്പനി, ഡെങ്കിപ്പനി, തക്കാളിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങി നൂറ്റെട്ടു കൂട്ടം പനീണ്ട്. ശ്രദ്ധിക്കണം''.
''ഞങ്ങള്‍ ഡോക്ടറോട് വിശദമായി ചോദിച്ചറിയാം''.
''ബ്ലഡ് ടെസ്റ്റോ വല്ലതും വേണച്ചാല്‍ ചെയ്യിക്കണം''.
''തീര്‍ച്ചയായും ചെയ്യാം''.
''മാസാവസാനം ആവാറായില്ലെ. അവന്‍റേല് കാശ് വല്ലതും കാണ്വോ'' ഗോപാലകൃഷ്ണന്‍നായര്‍ ചോദിച്ചു.
''അറിയില്ല. തല്‍ക്കാലം ഞങ്ങള് മാനേജ് ചെയ്തോളാം''.
''അതുവേണ്ടാ. ഇപ്പഴത്തെ ആവശ്യത്തിന്ന് കുറച്ചു പണം വെച്ചോളൂ'' മേനോന്‍ പേഴ്സില്‍നിന്ന് ആയിരത്തിന്‍റെ അഞ്ചുനോട്ടുകളെടുത്ത് അവ പ്രദീപിന്നു നേരെനീട്ടി. അവനതു വേണ്ടെന്നുപറഞ്ഞെങ്കിലും വാങ്ങാന്‍ ഗോപാലകൃഷ്ണന്‍നായര്‍ നിര്‍ബന്ധിച്ചതോടെ വാങ്ങിപോക്കറ്റിലിട്ടു.
''വിവരം ഞങ്ങളെ വിളിച്ചറിയിക്കണം''. രണ്ടുപേരുടേയും മൊബൈല്‍ നമ്പറുകള്‍ പ്രദീപ് സ്വന്തം മൊബൈലില്‍ സേവ് ചെയ്തു, അവന്‍റെ നമ്പര്‍ അവര്‍ക്കും നല്‍കി.
''എന്നാല്‍ ഞങ്ങള്‍ പോട്ടെ''പ്രദീപ് യാത്രപറഞ്ഞു.
അവരുടെ ബൈക്ക് ഇടവഴിയിലൂടെ ഓടി മറഞ്ഞു. ഗോപാലകൃഷ്ണന്‍ നായരും മേനോനും കയറിച്ചെല്ലുന്നതും നോക്കി ഉമ്മറത്ത് സന്തോഷം തുളുമ്പുന്ന മുഖങ്ങളുമായി രാമകൃഷ്ണനും ഇന്ദിരയും അനൂപും നില്‍പ്പുണ്ടായിരുന്നു.
''താന്‍ പനിക്കാന്‍ കിടക്ക്വാണ് എന്നാണല്ലോ പറഞ്ഞുകേട്ടത്. പിന്നെന്താ ഉമ്മറത്തു വന്ന് നില്‍ക്ക്വണത്''ഗോപാലകൃഷ്ണന്‍നായര്‍ ചോദിച്ചു.
''ഇത്രനേരം അവന്‍ കിടക്ക്വേന്നെ ആയിരുന്നു''ഇന്ദിര പറഞ്ഞു''നിങ്ങള് രണ്ടാളും വന്നൂന്ന് ഞാന്‍ ചെന്നുപറഞ്ഞപ്പൊ എണീറ്റ് വര്വേ ഉണ്ടായത്''.
രോഗ വിവരങ്ങള്‍ ഇന്ദിര വിസ്തരിച്ചു. ''അത്ര പേടിക്കാനൊന്നൂല്യാ. നാലുദിവസം കഴിഞ്ഞാല്‍ മാറണ്ട സൂക്കടേ ഉള്ളു. എന്നാലും ഡോക്ടറെ കാണിക്കണംന്ന് ഇപ്പൊ വന്ന കുട്ടികള് പറയുണൂ. അവര്‍ക്ക് അങ്ങിനെ വേണച്ചാല്‍ കൊണ്ടുപോയി കാട്ടിക്കോട്ടേന്ന് ഞാനും വിചാരിച്ചു''.
ഗോപാലകൃഷ്ണന്‍ നായര്‍ അനൂപിന്‍റെ അടുത്തുചെന്ന് ദേഹത്ത് കൈ വെച്ചു. വലിയചൂട് തോന്നുന്നില്ല. ദേഹത്ത് മഞ്ഞനിറം ഉണ്ടോ എന്നൊരു സംശയം. അയാളത് പറയുകയും ചെയ്തു.
''അങ്ങിനെ വരാന്‍ വഴീല്യ. കഴിഞ്ഞതിന്‍റെ മുമ്പത്തെകൊല്ലം അവന് മഞ്ഞകാമാല വന്നതെ ഉള്ളൂ. ഇന്നലെ കൊടുങ്ങല്ലൂര് പോണ തമ്പാട്ടിയെ വിളിച്ച് മഞ്ഞപ്പൊടി ഇടീച്ചതിന്‍റ്യാണ്. പനിച്ചു പനിച്ചിരുന്ന് അമ്മ തലോട്വോ മറ്റോ ഉണ്ടാവാതെ കഴിക്കണ്ടേ''.
''അങ്കിള്‍, അമ്മമ്മയ്ക്ക് ഇപ്പൊ എങ്ങനീണ്ട്''അനൂപ് ചോദിച്ചു.
''നല്ല ഭേദം തോന്നുണുണ്ട്. പാട്ടുകാരനെ കാണാനേ ഇല്ലല്ലോ എന്ന് നിത്യവും പറയും''.
''ഇതൊന്ന് മാറട്ടെ. ഞാന്‍ അമ്മമ്മേ കാണാന്‍ വരുണുണ്ട്''.
''കൂട്ടത്തില്‍ ഒരുകാര്യം. ഇന്നു പുലര്‍ച്ചെ എന്‍റെ മകനെത്തി. കൂടെ രണ്ട് കൂട്ടുകാരും ഉണ്ട്. മ്യൂസിക്ക് ആല്‍ബം ഉണ്ടാക്കുണോരാണത്രേ. ഞാന്‍ നിന്‍റെ കാര്യം പറഞ്ഞു. ഒന്നുരണ്ട് പാട്ട് പാടിച്ചുനോക്കട്ടെ എന്ന് അവര് പറയും ചെയ്തു. മൂന്നാളുംകൂടി രാവിലെ അങ്ങാടിപ്പുറത്തേക്ക് തൊഴാന്‍വേണ്ടി പോയതാ. ഉച്ച്യാമ്പഴക്ക് മടങ്ങി എത്തിക്കോളാന്ന് അവര് പറഞ്ഞിട്ടുണ്ട്. നിന്നെ കണ്ടുകിട്ട്യാല്‍ കയ്യോടെ കൂട്ടീട്ടുപോയി ഇന്നന്നെ രണ്ടുമൂന്ന് പാട്ട് റിക്കാര്‍ഡ് ചെയ്യിക്കാന്നു വിചാരിച്ചു. ഇനീപ്പൊ എന്താ ചെയ്യാ. വയ്യാതെ കിടപ്പായില്ലേ''.
''അതു സാരൂല്യാ അങ്കിള്‍, ഞാന്‍ വന്നോളാം''പാട്ട് എന്നു കേട്ടതോടെ അനൂപിന്‍റെ അസുഖം പറപറന്നു.
''അതു വേണ്ടാ. ദേഹം അനങ്ങി സൂക്കട് കൂടുതലാക്കണ്ടാ''.
''പാട്ട്ന്നു പറഞ്ഞാല്‍ ഇവന് പ്രാന്താണ്. ഞാന്‍ എപ്പഴും ചീത്തപറയും'' മകന്‍റെ പാട്ടിനോടുള്ള അഭിനിവേശത്തിനെക്കുറിച്ചുകിട്ടിയ അവസരം മുതലെടുത്ത് ഇന്ദിര പറഞ്ഞു .
''എന്തിനാ ചീത്ത പറയുണ്. പ്രോത്സാപ്പിക്ക്യല്ലേ വേണ്ടത്''മേനോന്‍ ചോദിച്ചു''പാടാനുള്ള കഴിവ് അപൂര്‍വ്വം ചിലര്‍ക്കു മാത്രം കിട്ടുന്ന ഭാഗ്യോല്ലേ''.
''എന്തു ഭാഗ്യം. പാടാന്‍ കഴിവുണ്ടായതോണ്ട് വിശപ്പ് മാറില്ലല്ലോ. ഇവന്‍ പണിക്ക് പോവാന്‍ തുടങ്ങ്യേശേഷാണ് കുടുംബത്തിലെ ദാരിദ്ര്യത്തിനൊരു കുറവ് വന്നത്''.
''പണിക്ക് പോയാല്‍ കിട്ടുണപണതിന്ന് ഒരുകണക്കുണ്ട്. കലാകാരന്‍റെ കാര്യം അതല്ല''ഗോപാലകൃഷ്ണന്‍നായര്‍ പറഞ്ഞു''ഒന്ന് പേരുണ്ടായി കിട്ട്യാമതി. പിന്നെ എത്ര്യാ സമ്പാദിക്ക്യാന്ന് പറയാനാവില്ല''.
''ഇവന്‍റച്ഛന്‍ വല്യേകലാകാരനായിരുന്നു. പേരെടുത്ത തായമ്പകവിദ്വാന്‍. എന്നിട്ടെന്തുണ്ടായി. ഓട്ടുകമ്പിനീല് മണ്ണുചുമക്കുണ പണിക്കാണ് പോയത് എങ്കില്‍ ഇതിലേറെ സമ്പാദിച്ചേനേ''.
''അങ്ങനെ പറയരുത്. അനൂപിന് കഴിവുണ്ട്. ഭാവീല്‍ അവന്‍ വല്യോരു പാട്ടുകാരനായികൂടാ എന്നുണ്ടോ''.
''ചെറുവിരല് വീങ്ങ്യാല്‍ എത്രകണ്ട് വീങ്ങും. പാടീട്ട് നന്നാവണച്ചാല്‍ അത്രയ്ക്ക് ആള്‍ സ്വാധീനവും കുടുംബത്തില്‍ കെട്ടിയിരുപ്പും വേണം. അതില്ലാത്തോര് ചാടിപുറപ്പെട്ടാല്‍ ഇരിക്കക്കുത്തി വീഴും''.
''അത് വെറും തോന്നലാണ്. സമ്പത്തും സ്വാധീനൂം ഒന്നും ഉണ്ടായിട്ടല്ലല്ലോ യേശുദാസ് ഈ നെലേലായത്''.
''എന്തോ എനിക്കങ്ങിട്ട് വിശ്വാസം വരിണില്യാ''.
''ശരി. എങ്കിലൊരു കാര്യം ചോദിച്ചോട്ടെ. ഞങ്ങളെ വിശ്വാസൂണ്ടോ''.
''ഇതെന്തൊരുചോദ്യാണ്. ഞങ്ങള്‍ക്ക് ഈശ്വരന്മാരെപ്പോല്യാണ് നിങ്ങള് രണ്ടാളും''.
''ഞങ്ങള്‍ അനൂപിനെകൊണ്ടുപോയി കുഴീല്‍ ചാടിക്കില്യാന്ന് നിങ്ങള്‍ക്ക് ബോദ്ധ്യൂണ്ടല്ലോ''.
''അതിലെനിക്ക് യാതൊരു സംശയൂല്യാ''.
''എന്നാലേ ഇതൊക്കെ അവനെ ഒരു നെലേലെത്തിക്കാനുള്ള ഞങ്ങളടെ പരിശ്രമാണെന്ന് കൂട്ടിക്കോളൂ''.
''ഞാന്‍ എന്‍റെ മനസ്സില്‍ കിടന്നത് പറഞ്ഞുന്നേ ഉള്ളു. അവന്‍ നല്ലനിലയ്ക്ക് എത്തുണതിന്ന് ആരെന്തു ചെയ്യുണതും സന്തോഷംതന്നെ''.
''അനൂപിന്നുവേണ്ടി എന്തെങ്കിലും ചെയ്യണംന്ന് അമ്മിണിയ്ക്ക് ഒരേ നിര്‍ബന്ധം. സത്യം പറഞ്ഞാല്‍ എനിക്കവള്‍ സ്വൈരം തരാറില്ല''.
''അവനും അമ്മമ്മാന്നുവെച്ചാല്‍ ജീവനാണ്''.
''പറ്റ്യാല്‍ അങ്ങാടിപ്പുറത്തുന്ന് വന്നതും അവരേംകൂട്ടി ഞാന്‍ ഇങ്കിട്ടു വരാം. കാറ് വിളിച്ചിട്ടാണ് അവര് പോയത്. അതില് പോരാലോ''.
ഗോപാലകൃഷ്ണന്‍നായര്‍ എഴുന്നേറ്റു, ഒപ്പം മേനോനും. പറഞ്ഞപോലെ ഗോപാലകൃഷ്ണന്‍നായര്‍ പരിവാരങ്ങളുമായി അഞ്ചുമണി കഴിഞ്ഞതും എത്തി.
''രാത്രീലെ തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന് ഇവര്‍ക്ക് പോണം. അതിനുമുമ്പ് ഞാന്‍ കൂട്ടീട്ടുവന്നതാണ്''അയാള്‍ പറഞ്ഞു. ഇന്ദിരയുടെ ആതിഥ്യമര്യാദ അവര്‍ക്കു മുമ്പില്‍ നിരന്നു.
''അങ്കിള്‍ നിര്‍ബന്ധിച്ചതോണ്ട് വന്നതാണ്. ഓര്‍ക്കസ്ട്ര്യോന്നും ഇല്ല. വെറുതെ പാട്യാല്‍ മതി. പാട്ട് റിക്കോര്‍ഡ് ചെയ്യിണുണ്ട്. നന്നെങ്കില്‍ മിക്സ്ചെയ്ത് ശര്യാക്കാം''താടിവെച്ച ആള്‍ അനൂപിനോട് പറഞ്ഞു. അവന്‍ തലയാട്ടി.
''ലിറിക്സ് വായിച്ചോളൂ''മറ്റൊരാള്‍ ഒരു പുസ്തകം അവനെ ഏല്‍പ്പിച്ചു. ആദ്യത്തെ ആളാണ് ട്യൂണ്‍ പറഞ്ഞുകൊടുത്തത്. ഒടുവില്‍ പാട്ട് റിക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി.
''പകലിന്‍റെ പട്ടട കെട്ടടങ്ങി
ഇരുളിന്‍റെ പുക പടര്‍ന്നെങ്ങും
കിനാവില്‍ പുലരിയെ കണ്ടു ഭൂമി
നീലപ്പുതപ്പില്‍ ചുരുണ്ടുകൂടി''
അനൂപിന്‍റെ സ്വരം ഉയര്‍ന്നു. പടിഞ്ഞാറുനിന്നുള്ള കാറ്റേറ്റ വാഴയിലകള്‍ അതുകേട്ട് തല കുലുക്കി.
അദ്ധ്യായം - 57.
ഇന്ദിര കരുതിയപോലെ അനൂപിന്‍റെ രോഗം അത്ര നിസ്സാരമായിരുന്നില്ല. അവനെ പരിശോധിച്ച ഡോക്ടര്‍ പരീക്ഷണത്തിനൊന്നും മുതിര്‍ന്നില്ല. എത്രയും പെട്ടെന്ന് വിദഗ്ദ്ധചികിത്സ ലഭ്യമാക്കണമെന്ന് കൂടെചെന്ന കൂട്ടുകാരോട് നിര്‍ദ്ദേശിക്കുക മാത്രമേ ചെയ്തുള്ളു. പിറ്റേന്നുതന്നെ ഗോപാലകൃഷ്ണന്‍ നായരും കെ.എസ്.മേനോനും പ്രദീപും റഷീദും ചേര്‍ന്ന് അവനെ കോഴിക്കോട്ടെ പ്രശസ്തമായൊരു ആസ്പത്രിയിലേക്ക് വിദഗ്ദ്ധ പരിശോധനയ്ക്കായി കൊണ്ടുപോയി. ആരെങ്കിലും ഒരാള്‍ നാലുദിവസത്തിന്നുശേഷം പരിശോധനാഫലങ്ങള്‍ വാങ്ങി തന്നെവന്നു കാണണമെന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഗോപാലകൃഷ്ണന്‍നായര്‍ വന്നതാണ്.
''നിങ്ങള്‍ പേഷ്യന്‍റിന്‍റെ ആരാ''പരിശോധനഫലങ്ങള്‍ സശ്രദ്ധം നോക്കിയ ഡോക്ടര്‍ ചോദിച്ചു. എന്താണ് മറുപടി പറയേണ്ടതെന്ന് ഒരു നിമിഷം അയാള്‍ ആലോചിച്ചു. പെട്ടെന്ന് ഉത്തരം കണ്ടെത്തുകയും ചെയ്തു.
''അങ്കിള്‍''അയാള്‍ പറഞ്ഞു. അനൂപ് അങ്ങിനെയാണല്ലോ വിളിക്കാറ്.
''ലിവറാകെ ഡാമേജായിട്ടുണ്ട്''ഡോക്ടര്‍ പറഞ്ഞു''പേഷ്യന്‍റിന്‍റെ ക്ഷീണം, തളര്‍ച്ച, രുചിയില്ലായ്മ, ശരീരത്തിലെ മഞ്ഞനിറം എന്നിവ കണ്ടപ്പോഴേ എനിക്ക് ലിവറിന്‍റെ പ്രോബ്ലമാണെന്ന് തോന്നിയിരുന്നു. പക്ഷെ ഇത്രത്തോളം ക്രിട്ടിക്കല്‍ ആണെന്ന് വിചാരിച്ചില്ല''. കരളിന്‍റെ ഘടനയും പ്രവര്‍ത്തനവും ലിവര്‍ സിറോസിസ് വന്നാല്‍ കരളിനുണ്ടാവുന്ന വ്യതിയാനവും മറ്റും ഡോക്ടര്‍ വിവരിക്കുന്നത് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെപ്പോലെ ഗോപാലകൃഷ്ണന്‍നായര്‍ കേട്ടിരുന്നു.
''ഐ ഹോപ് യു അണ്ടര്‍സ്റ്റാന്‍ഡ് വാട്ട് ഐ സേ''എല്ലാം കഴിഞ്ഞശേഷം ഡോക്ടര്‍ പറഞ്ഞു. മനസ്സിലായ മട്ടില്‍ അയാള്‍ തലയാട്ടി.
''എന്താ സാര്‍ ഇനി വേണ്ടത്''അയാള്‍ ചോദിച്ചു.
''അതുതന്നെയാണ് പറയാന്‍ പോവുന്നത്. മരുന്നുകൊണ്ടൊന്നും പേഷ്യന്‍റ് ഇനി രക്ഷപ്പെടില്ല. ആ സ്റ്റേജൊക്കെ കഴിഞ്ഞു''.
''എന്നു വെച്ചാല്‍''.
''സത്യം പറഞ്ഞാല്‍ രോഗി മരണത്തിലേക്ക് നീങ്ങുകയാണ്. കൂടിവന്നാല്‍ ഇനി ഏതാനുംആഴ്ചകള്‍. അത്രയേ ഉള്ളു''.
ഗോപാലകൃഷ്ണന്‍നായരുടെ ഉള്ളൊന്ന് നടുങ്ങി. അനൂപിന്‍റെ ജീവിതത്തിന്ന് തിരശീല വീഴാറായി എന്ന ദുഃഖസത്യം അയാളെ തളര്‍ത്തി. അയാള്‍ തലകുനിച്ചിരുന്നു. അനൂപിന്‍റെ ശബ്ദസൌകുമാര്യമോ, സ്വഭാവഗുണമോ, സൌമ്യമായ പെരുമാറ്റമോ, നിഷ്ക്കളങ്കതയോ ഒന്നുമല്ല, മറിച്ച് അവനെമാത്രം ആസ്പദിച്ചു കഴിയുന്ന പാവപ്പെട്ട കുടുംബത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയായിരുന്നു മനസ്സു മുഴുവന്‍ .
''ഇനിയെന്താ ഉദ്ദേശം''അല്‍പ്പനേരത്തിന്നുശേഷം ഡോക്ടര്‍ ചോദിച്ചു.
''ഏതെങ്കിലും വലിയ ഹോസ്പിറ്റലില്‍ കൊണ്ടുപോയാലോ''.
''അതുകൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാവില്ല. ഇവിടെ കിട്ടുന്നതില്‍ കൂടുതലൊന്നും മറ്റെവിടെ പോയാലും കിട്ടാനില്ല''.
''അപ്പോള്‍ അനൂപ് രക്ഷപ്പെടില്ലെന്നാണോ സാര്‍ പറയിണത്''.
''എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. മരുന്നുകൊണ്ട് പ്രയോജനമില്ല എന്നല്ലേ ഞാന്‍ പറഞ്ഞുള്ളു. വേറേയും മാര്‍ഗ്ഗങ്ങളുണ്ട്. ലിവര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ നടത്താമല്ലോ''.
''സാര്‍, അതിന്‍റെ സക്സസ്''ഗോപാലകൃഷ്ണന്‍ നായര്‍ക്ക് അതറിയാന്‍ ധൃതിയായി.
''സെവന്‍റി ടു എയ്റ്റി പെര്‍സന്‍റ്. ഓര്‍ ഈവന്‍ മോര്‍''ഡോക്ടര്‍ പറഞ്ഞു ''ഹാര്‍ട്ടും കിഡ്നിയും ഒക്കെ ട്രാന്‍സ്പ്ലാന്‍റ് ചെയ്യാറില്ലേ. അത്ര റിസ്ക്കില്ല. എന്നാലും പ്രശ്നങ്ങള്‍ ഒരുപാടുണ്ട്''.
''എന്താ സാര്‍, അത്''.
''ഒന്നാമത് പണം. ഓപ്പറേഷനുതന്നെ വലിയൊരു തുകവരും. അത് കഴിഞ്ഞാലും ചുരുങ്ങിയത് അഞ്ചാറു മാസത്തെ ചികിത്സ വേണ്ടി വരും. മൊത്തം പത്തു മുപ്പത്ത് ലക്ഷംരൂപ വേണ്ടി വന്നേക്കും''.
ഭീമമായ സംഖ്യയാണത്. അനൂപിന്‍റെ കുടുംബത്തിന് അത്രയും വലിയ തുക വഹിക്കാനാവില്ല. മറ്റെന്തെങ്കിലും വഴി കാണണം. മരണത്തിന് അവനെ വിട്ടുകൊടുത്തുകൂടാ.
''പണം എങ്ങിന്യേങ്കിലും സ്വരൂപിക്കാം എന്നു വെക്കുക. പിന്നെ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ''.
''ഇല്ല എന്നു പറയാനാവില്ല. രോഗിക്ക് അനുയോജ്യമായ ലിവര്‍ നല്‍കാന്‍ തയ്യാറുള്ള ആരേയെങ്കിലും കണ്ടെത്തണം. രക്തബന്ധത്തിലുള്ളവരായാല്‍ വളരെ നന്ന്. നിയമപരമായ നൂലാമാലകളൊന്നും പിന്നെ ഉണ്ടാവില്ല''.
''ലിവര്‍ ഡോണേറ്റ് ചെയ്യുന്ന ആള്‍ക്ക് പ്രശ്നമെന്തെങ്കിലും''.
''സാധാരണ ഗതിയില്‍ ഒന്നുമില്ല. വളരെ പെട്ടെന്നുതന്നെ ലിവര്‍ പഴയ സ്ഥിതിയിലാവും''.
''സര്‍ജറി എപ്പോഴാണ് സാര്‍, നടത്തേണ്ടി വരിക''.
''ഏര്‍ളിയര്‍ ദി ബെറ്റര്‍''.
നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി. റിപ്പോര്‍ട്ടുകളെല്ലാം സൂക്ഷിച്ച കവര്‍ ഡോക്ടര്‍ നീട്ടി. ഗോപാലകൃഷ്ണന്‍ നായര്‍ യാന്ത്രികമായി അതേറ്റു വാങ്ങി.
''ശരി സാര്‍, ഞാന്‍ താമസിയാതെ വരാം''. അയാള്‍ എഴുന്നേറ്റു.
അസ്വസ്ഥമായ മനസ്സോടെയാണ് ഹോസ്പിറ്റലില്‍നിന്ന് ഇറങ്ങിയത്. കൂട്ടിന് ആരെങ്കിലുമുണ്ടെങ്കില്‍ ഉള്ള വിഷമം പങ്കുവെക്കാനായേനെ. സുകുമാരന്‍ വരാനൊരുങ്ങിയതാണ്. ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ഡോക്ടറെകാണിച്ച് വിവരം അന്വേഷിക്കുകയല്ലേ വേണ്ടൂ എന്നുപറഞ്ഞ് ഒറ്റയ്ക്ക് പോന്നു. ഒരു കണക്കില്‍ അതുനന്നായി. എന്തെങ്കിലും കേട്ടാല്‍ പരിഭ്രമിക്കുന്ന ആളാണ് സുകുമാരന്‍. എല്ലാ കാര്യങ്ങളും ഒരുവിധം ശരിപ്പെടുത്തിയശേഷമേ അനൂപിന്‍റെ വീട്ടുകാരെ അറിയിക്കാവൂ. ഇല്ലെങ്കില്‍ അവര്‍ ആകെ തകര്‍ന്നുപോവും.
ട്രെയിന്‍ ഫറോക്ക് കടന്നതും മൊബൈല്‍ ശബ്ദിച്ചു. നോക്കിയപ്പോള്‍ പ്രദീപാണ്. മിടുക്കനാണ് അവന്‍. കാര്യംപറഞ്ഞാല്‍ മനസ്സിലാക്കാനും വേണ്ടതുചെയ്യാനും കഴിവുള്ളവന്‍. പലതരം ടെസ്റ്റുകളും സ്കാനിങ്ങും ബയോപ്സിയുമൊക്കെ ചെയ്യിക്കാന്‍ അനൂപിനോടൊപ്പം അവനും റഷീദും ഉണ്ടായിരുന്നു.
''ഹല്ലോ''അയാള്‍ ഫോണെടുത്തു.
''അങ്കിള്‍, ഡോക്ടറെന്താ പറഞ്ഞത്''. രോഗവിവരം ചുരുക്കത്തില്‍ പറഞ്ഞുകൊടുത്തു.
''ബാക്കി ഞാന്‍ വന്നിട്ട് പറയാം. നമുക്ക് ആലോചിച്ച് ചിലതൊക്കെ ചെയ്യാനുണ്ട്. അതിനുമുമ്പ് ഈ വിവരം അനൂപിന്‍റെ വീട്ടില്‍ ആരും അറിയിക്കരുത്''ഫോണ്‍ കട്ട് ചെയ്തു.
''ആരോടാ നീ ഇത്ര കാര്യായിട്ട് സംസാരിച്ചത്''വിവേക് പ്രദീപിനോട് ചോദിച്ചു. അവന്‍ പണി ചെയ്യുന്ന കടയിലിരുന്നാണ് പ്രദീപ് ഫോണ്‍ ചെയ്തത്. കേട്ട വിവരങ്ങള്‍ അവന്‍ കൈമാറി.
''നോക്കെടാ ഞാന്‍ അവന്‍റേന്ന് അഞ്ഞൂറ് ഉറുപ്പിക കടം വാങ്ങീട്ടുണ്ട്. ഇനി ഞാന്‍ എന്താ ചെയ്യാ''കരയുന്ന മട്ടിലാണ് വിവേക് അതുപറഞ്ഞത്.
പ്രദീപിന്ന് ദേഷ്യമാണ് തോന്നിയത്. ഒരുത്തന്‍ മരിക്കാറായി കിടക്കുന്നു. അതിനിടയിലാണ് ഇവന്‍റെ അഞ്ഞൂറ് ഉറുപ്പിക.
''നീ അതുകൊണ്ടുപോയി പുഴുങ്ങിത്തിന്നോ''പ്രദീപ് ദേഷ്യപ്പെട്ട് ഇറങ്ങി.
^^^^^^^^^^^^^^^^^^^^^^
നട്ടുച്ചനേരത്ത് വിയര്‍ത്തു കുളിച്ചാണ് വിവേക് അനൂപിന്‍റെ വീട്ടില്‍ ചെന്നുകയറിയത്. അനൂപിന്‍റെ അടുത്ത് എത്തിയതും അവന്‍ കയ്യില്‍ കരുതിയ അഞ്ഞൂറിന്‍റെ നോട്ടെടുത്തുനീട്ടി.
''നിനക്ക് തരാനുള്ളതാണ്''അവന്‍ പറഞ്ഞു''എന്നാലും നിനക്കിങ്ങിനെ വന്നല്ലോടാ, അനൂപേ. ആലോചിക്കുമ്പോള്‍ എനിക്ക് വരുണ സങ്കടം പറയാന്‍ പറ്റില്ല''അവന്‍ വിങ്ങിക്കരഞ്ഞു.
''എന്താ കുട്ടീ ഇത്. മനുഷ്യരായാല്‍ സൂക്കട് വരും. കുറച്ചു കഴിഞ്ഞാല്‍ അത് മാറും ചെയ്യും''ഇന്ദിര പറഞ്ഞു''അതിന് ആരെങ്കിലും ഇങ്ങിനെ കരയാറുണ്ടോ''.
''ഇത് അങ്ങിനേല്ലല്ലൊ അനൂപിന്‍റെ അമ്മേ''അവന്‍ അറിഞ്ഞ എല്ലാ വിവരങ്ങളും അവതരിപ്പിച്ചു. ഇന്ദിരയും രാമകൃഷ്ണനും അതെല്ലാം നെഞ്ചിടിപ്പോടെയാണ് കേട്ടത്. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
''കുട്ടി പറഞ്ഞത് ശരി തന്ന്യാണോ''ഇന്ദിര വിറയാര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
''ദൈവത്താണെ സത്യം. ഇന്ന് ഡോക്ടറെ റിസള്‍ട്ട് കാണിക്കാന്‍ ചെന്ന ഗോപാലകൃഷ്ണനങ്കിള്‍ പ്രദീപിനോട് പറഞ്ഞിട്ട് ഞാന്‍ അറിഞ്ഞതാ''.
''എന്‍റെ മകനേ''ഇന്ദിര അനൂപിന്‍റെ ദേഹത്തേക്ക് വീണു. അവരുടേയും രാമകൃഷ്ണന്‍റേയും കരച്ചില്‍ ഉയര്‍ന്നു. അനൂപ് അമ്മയെ കെട്ടിപ്പിടിച്ച് വിതുമ്പാന്‍ തുടങ്ങി. കണ്ണുതുടച്ചുകൊണ്ട് വിവേക് ഇറങ്ങിനടന്നു.
അദ്ധ്യായം - 58.
പൊടുന്നനെ അനൂപിന്‍റെ വീട് മരണം നടന്ന വീടിന്‍റെ മട്ടിലായി. പ്രതീക്ഷയുടെ ഏക നൈത്തിരി അണയാനൊരുങ്ങുകയാണ്. മുന്നില്‍ കൂരിരുള്‍ മാത്രം. ഇന്ദിരയുടെ മനസ്സ് മകനെക്കുറിച്ചുള്ള ചിന്തകളില്‍ മുഴുകി. ലാളിച്ചു വളര്‍ത്തിയ മകനാണ്. മുതിര്‍ന്നശേഷം അവന്‍റെ മോഹങ്ങള്‍ പലതും സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്ക് കഷ്ടപ്പാടുകള്‍ ആരംഭിച്ചുകഴിഞ്ഞു. അതെല്ലാം കണ്ടറിഞ്ഞ് അവന്‍ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസ്സില്‍ ഒതുക്കിവെച്ച് നടന്നു. അവന്‍റെ പ്രായത്തിലുള്ളവര്‍ക്ക് കാണാറുള്ള ദുശ്ശീലങ്ങളോ ആഡംബരങ്ങളോ അവനുണ്ടായിരുന്നില്ല. എന്നിട്ടും പലപ്പോഴും അവനെ ശാസിച്ചിട്ടുണ്ട്. വീട്ടിലെ നിവൃത്തികേടുകൊണ്ടാണ് അതെന്ന് അവനറിയാം. അതുകൊണ്ടു തന്നെ അവന്‍ ഒരിക്കലും പരിഭവിച്ചിട്ടുമില്ല.
എന്തെല്ലാം സ്വപ്നങ്ങളാണ് മക്കളെക്കുറിച്ചു കണ്ടത്? മകന്‍റേയും മകളുടേയും കല്യാണങ്ങള്‍ നടത്തി രണ്ടാളേയും ഓരോ കരയ്ക്ക് എത്തിക്കാമെന്ന് മോഹിച്ചു. എല്ലാം വെറുതെയായി. ചിലപ്പോള്‍ നല്ലത് അനുഭവിക്കാനുള്ള യോഗമുണ്ടാവില്ല. ഈശ്വരന്‍ പാവപ്പെട്ടവരെ വീണ്ടുംവീണ്ടും പരീക്ഷിക്കുകയാവും. മകന്‍ നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനാവുന്നില്ല. ആകെയുള്ള അത്താണിയാണ് അവന്‍. ഒന്നും സമ്പാദിച്ചു തരാന്‍ കഴിയില്ലെങ്കിലും കണ്ണുനിറയെ കണ്ടുകൊണ്ട് ഇരിക്കാന്‍ സാധിച്ചാല്‍ മതിയായിരുന്നു. അച്ഛനും അമ്മയും മരിക്കുമ്പോള്‍ ചിതയ്ക്ക് കൊള്ളി വെക്കേണ്ടവനാണ് അവന്‍. എന്നെന്നേക്കുമായി അവനെ വേര്‍പെട്ട് കഴിയാനാവില്ല. അതിലും ഭേദം അവനോടൊപ്പം എല്ലാവരും ജീവിതം അവസാനിപ്പിക്കുകയാണ്. ആ ചിന്ത മനസ്സില്‍ വന്നതും ഇന്ദിര എഴുന്നേറ്റു.
''രാമേട്ടാ''അവര്‍ വിളിച്ചു. അയാള്‍ തലയുയര്‍ത്തി നോക്കി.
''നമ്മുടെ അനുവിന്‍റെ കൂടെ നമുക്കും പോയാലോ''അവര്‍ പറഞ്ഞു ''അവന്‍ പോയിട്ട് നമ്മളെന്തിനാ ഇരിക്കിണത്''.
''അപ്പൊ രമ''.
''അവളെ ഒറ്റയ്ക്കാക്കീട്ട് പോയാല്‍ പോയദിക്കിലും ഗതികിട്ടില്ല. അവളും പോന്നോട്ടെ''.
''എനിക്ക് സന്തോഷേള്ളു. വയ്യാണ്ടെ കിടക്കുമ്പൊ തോന്ന്യേതാണ് എന്തെങ്കിലും ചെയ്ത് ഈ ജീവിതം അവസാനിപ്പിക്കണംന്ന്. അന്ന് ശരീരത്തിനും വയ്യ, നിങ്ങളെ ഓര്‍ത്ത് ചെയ്യാനും ആയില്ല. ഇനിയൊരു ദുഃഖം സഹിക്കാന്‍ എനിക്കും വയ്യ''.
''കുഞ്ഞാലിടെ പാടത്ത് അടിക്കാന്‍ കൊണ്ടുവന്ന മരുന്ന് കുറ്റി കേടു വന്നതോണ്ട് നമ്മടെ തൊഴുത്തില്‍ വെച്ചിട്ടുണ്ട്. ഇന്നുരാത്രി നമുക്ക് അതങ്ങട്ട് കഴിക്കാം''.
''എന്തിനാ അമ്മേ മഹാപാപം ചെയ്യുണത്. ഈശ്വരകോപം ഉണ്ടാവില്ലേ'' അനൂപ് ചോദിച്ചു.
''ഈശ്വരന്‍ വെച്ചിരിക്കുന്നു. അത്ര നല്ല ഈശ്വരനാണെങ്കില്‍ നമുക്ക് ദുഃഖങ്ങള്‍ മാത്രം തര്വോ''.
''എന്‍റെ രമടെ കാര്യം ആലോചിക്കുമ്പൊ''അനൂപിന്ന് സങ്കടം വന്നു.
''അതിന് നമ്മളവളെ ഇവിടെ വിട്ടിട്ട് പോണില്ലല്ലോ''.
''എന്ത് ചെയ്യാനാ അമ്മടെ പ്ലാന്‍''.
''കുറച്ചു കഴിഞ്ഞാല്‍ രമ കോളേജിന്ന് വരും''ഇന്ദിര പറഞ്ഞു''കുറച്ച് പാല്‍പ്പായസൂണ്ടാക്കി അതില് മരുന്നൊഴിച്ച് രാത്രി നമ്മള് കഴിക്കും. കയ്പ്പ് തോന്നി ഛര്‍ദ്ദിച്ചിട്ട് ആരെങ്കിലും ബാക്കി വരണ്ടാ''.
^^^^^^^^^^^^^^^^^^^^^^^^^^^
കടയിലെത്തി കഴിഞ്ഞിട്ടും വിവേകിന്‍റെ വിഷമം മാറിയില്ല. അനൂപിന്‍റെ അച്ഛന്‍റേയും അമ്മയുടേയും കരച്ചില്‍ മനസ്സിനെ ആകെ ഉലച്ചിരിക്കുന്നു. വെറുതെ അവരോട് കേട്ട വിവരങ്ങള്‍ പറയാന്‍ പോയി. അതുകൊണ്ട് അവരുടെ സങ്കടം കാണേണ്ടിവന്നു. ഒരുകണക്കിനു നോക്കിയാല്‍ വിവരം പറഞ്ഞത് നന്നായി. എപ്പോഴായാലും അവര്‍ അതറിയും. നേരത്തെ ആയി എന്നല്ലേയുള്ളു.
ഓപ്പറേഷനുള്ള കാശൊക്കെ എങ്ങിനേങ്കിലും ഉണ്ടാക്കീന്നന്നെ വെക്കുക. അതോണ്ടു മാത്രം ആയില്ലല്ലോ. അവനു പറ്റിയൊരു കരള്‍ കിട്ടണ്ടേ. അത് കിട്ടാതെ പണമുണ്ടായിട്ട് എന്താ കാര്യം. കൂടെയുള്ള കൂട്ടുകാര്‍ക്കൊക്കെ സ്വന്തമായി വല്ലതുമൊക്കെയുണ്ട്. അനൂപിന് എന്തെങ്കിലും കൊടുക്കാന്‍ അവര്‍ക്കൊക്കെ കഴിയും. ഒന്നുമില്ലാത്ത ഒരേയൊരാള്‍ താന്‍ മാത്രമല്ലേ ഉള്ളു. അവന്‍റെ ഇപ്പഴത്തെ അവസ്ഥയില്‍ എന്തെങ്കിലും കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൂട്ടുകാരനെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. തനിക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് അവന്‍ തല പുകഞ്ഞ് ആലോചിച്ചു. പെട്ടെന്ന് ഒരു ആശയം തോന്നി. അവന്‍ മൊബൈലില്‍ അനൂപിനെ വിളിച്ചു.
''നോക്കെടാ അനൂപേ. കരള് കിട്ടില്ലാന്ന് വിചാരിച്ച് നീ ബേജാറാവണ്ടാ'' അവന്‍ പറഞ്ഞു''എന്‍റെ കരള് ഞാന്‍ നിനക്ക് തരാം. വേണച്ചാല്‍ നീയത് മുഴുവനും എടുത്തോ. ഞാനിങ്ങനെ ഇരുന്നിട്ട് ഒരു കാര്യൂല്യാ''.
മറുഭാഗത്തുനിന്ന് മറുപടി ഉണ്ടായില്ല. വിവേക് അല്‍പ്പനേരം കാത്തു.
''എന്താടാ നീ ഒന്നും മിണ്ടാത്തത്. നിനക്കറിയില്ലേ, എന്‍റേല് ഒന്നും ഇല്ലാന്ന്. ഉള്ളത് സന്തോഷായിട്ട് തര്വാണ്. നീ എടുത്തോടാ''. ഇത്തവണ അനൂപിന്‍റെ തേങ്ങല്‍ കേട്ടു.
''നീ കരയണ്ടെടാ. ഒക്കെ ശര്യാവും''വിവേക് ആശ്വാസം പകര്‍ന്നു.
''ഒന്നും വേണ്ടാ വിവേകേ''അനൂപിന്‍റെ സ്വരം അവന്‍ കേട്ടു''എനിക്ക് ഇത്രയേ ആയസ്സുള്ളൂന്ന് വിചാരിച്ചാല്‍ മതി. മരണം എത്തുണവരെ കാത്തിരിക്കണ്ടാന്നാ അമ്മ പറയുണത്. അതിനുമുമ്പ് ഞങ്ങള് സ്ഥലം വിടും''.
ആ പറഞ്ഞതിന്‍റെ പൊരുള്‍ വിവേകിന്ന് മനസ്സിലായില്ല. അപ്പുറത്ത് ഫോണ്‍ കട്ടായി.
^^^^^^^^^^^^^^^^^^^^^^^^^
തണല്‍മരത്തിന്‍റെ ചുവട്ടില്‍ ബൈക്ക് നിര്‍ത്തി റഷീദ് ആസ്പത്രിയിലേക്ക് നടന്നു. നേരം നാലുമണി കഴിഞ്ഞിരിക്കുന്നു. ഇനിയും രണ്ടു മൂന്ന് ഡോക്ടര്‍മാരെ കാണാനുണ്ട്. അതുകഴിഞ്ഞതും വീട്ടിലേക്ക് ചെല്ലണം. തൊട്ടടുത്തവീട്ടില്‍ നാളെ ഒരുനിക്കാഹുണ്ട്. വൈകീട്ട് അവിടെ ഉണ്ടായേ പറ്റു.
വരാന്തയുടെ അങ്ങേതലയ്ക്കല്‍ വിനോദ് ആരോടോ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നത് അവന്‍ കണ്ടു. വേറൊരു കമ്പിനിയുടെ റെപ്രസന്‍റേറ്റീവ് ആണ് വിനോദ്. റഷീദ് മെല്ലെ അവന്‍റെ അടുത്തേക്ക് നടന്നു. മുഖവും തലയുമാകെ പൊതിഞ്ഞുകെട്ടി ഒരാള്‍ ബെഞ്ചില്‍ ചാരികിടക്കുന്നുണ്ട്. മൂക്കും വായയും കണ്ണുകളും മാത്രമേ കാണാനുള്ളു. രോഗിയുടെ ഒപ്പമുള്ള സ്ത്രീയോടാണ് വിനോദ് സംസാരിക്കുന്നത്.
''ആക്സിഡന്‍റ് പറ്റ്യേതാണോ''റഷീദ് സംശയം ചോദിച്ചു. വിനോദ് ഉറക്കെ ചിരിച്ചു.
''നമ്മടെ ---- ഡോക്ടര്‍ പല്ലുവലിച്ച വിശേഷാണ് ഈ കാണുണത്''അയാള്‍ പറഞ്ഞു''കണ്ടില്ലേ മുഖം മുഴുവന്‍ നീരുവന്നിട്ടുണ്ട്''.
റഷീദിനും ചിരിക്കാതിരിക്കാനായില്ല. ആ ഡോക്ടര്‍ പരിചയക്കാരനാണ്. പഠിപ്പു കഴിഞ്ഞു വന്നശേഷം സ്വന്തമായി ക്ലിനിക്ക് തുടങ്ങിയതാണ്. നിങ്ങളുടെ സഹായം എപ്പോഴും ഉണ്ടാവണമെന്ന് അയാള്‍ ക്ലിനിക്ക് തുടങ്ങുമ്പോള്‍ പറഞ്ഞിരുന്നു. അതനുസരിച്ച് ക്ലിനിക്കിന്‍റെ ബോര്‍ഡ് വെക്കാനും നോട്ടീസ് വിതരണം ചെയ്യാനും ഉത്ഘാടനത്തിനുമൊക്കെ സഹകരിച്ചിരുന്നു. തുടക്കത്തില്‍ ഡോക്ടര്‍ ഡൈക്ലോഫിനാക് വിത്ത് പാരസെറ്റാമോള്‍ പ്രമോട്ട് ചെയ്ത് സഹായിച്ചിരുന്നതാണ്. സ്റ്റോക്കിങ്ങ് ഡോക്ടര്‍ ആയതിനാല്‍ കമ്പിനി അയാള്‍ക്ക് ഇരുപത് ശതമാനം ഓഫറും നല്‍കിയിരുന്നു. രണ്ടുമാസം തികയുംമുമ്പ് അയാള്‍ അമ്പതു ശതമാനം ഓഫര്‍ ആവശ്യപ്പെട്ടു. അതു കൊടുക്കാനാവാത്തതോടെ സഹായംനിന്നു. മുമ്പ് ക്രെഡിറ്റില്‍കൊടുത്ത മരുന്നിന്‍റെ പണംകിട്ടാന്‍ ഒരുപാട് നടക്കേണ്ടി വന്നു. ഒടുവില്‍ മുഖംനോക്കാതെ കാര്യംപറഞ്ഞിട്ടാണ് തുക ലഭിച്ചത്.
''അതി വെളവന് ഇങ്ങിനെത്തന്നെ പറ്റണം''റഷീദ് മനസ്സില്‍ കരുതി ''നാട്ടിന്‍പുറത്തെ ക്ലിനിക്കാണ്. ഈ വിവരം കേട്ടാല്‍ പിന്നെ ഒരു മനുഷ്യന്‍ അവിടെ കയറില്ല''. പെട്ടെന്ന് മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ പ്രദീപ്.
''എന്താടാ എപ്പൊ നോക്ക്യാലും നിന്‍റെ മൊബൈല്‍ സ്വിച്ചോഫാണല്ലോ'' അവന്‍ പരിഭവിച്ചു.
''എന്‍റെ മൊബൈല് മഴകൊണ്ടു നനഞ്ഞു. രാവിലെ ക്ലീന്‍ ചെയ്യാന്‍ കൊടുത്തതാ. കിട്ടീട്ട് കുറച്ചുനേരേ ആയിട്ടുള്ളൂ''.
''നമ്മടെ അനൂപിന്‍റെ കാര്യം പറയാന്‍ വിളിച്ചതാണ്. അവന്‍റെ കാര്യം കുറച്ച് പരുങ്ങലാണ്''പ്രദീപ് അറിഞ്ഞതെല്ലാം റഷീദിനോട് പറഞ്ഞു.
''എന്താടാ നമ്മള് ചെയ്യാ''റഷീദിന്‍റെ സ്വരം ഇടറി.
''നീ വിവേകിന്‍റെ കടേലിക്ക് വാ. അവിടെവെച്ച് സംസാരിക്കാം''.
ഇവിടുത്തെ ഗൈനക്കോളൊജിസ്റ്റിന്ന് കൊടുക്കാനുള്ള ഗിഫ്റ്റ് കയ്യിലുണ്ട്. അത് കൊടുത്തതും പ്രദീപിന്‍റെ അടുത്തെത്തണം. എന്നിട്ടു മതി കല്യാണ വീട്ടില്‍ ചെല്ലുന്നത്.
''ഒരേ ഒരു ഡോക്ടറെ കണ്ടതും ഞാനെത്താം''റഷീദ് സമ്മതിച്ചു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^
പ്രദീപ് ബൈക്ക് നിര്‍ത്തി വിവേകിന്‍റെ കടയിലേക്ക് കയറി.
''നാളെ ഞങ്ങള്‍ അനൂപിന്‍റെ വീട്ടിലിക്ക് പോണുണ്ട്. നീയും വന്നോ''അവന്‍ പറഞ്ഞു''അപ്പോള്‍ കടംവാങ്ങ്യേ പൈസ നിനക്ക് കൊടുക്കുംചെയ്യാം''.
''ഞാന്‍ ഉച്ചയ്ക്കന്നെ അവന്‍റെ വീട്ടില്‍പോയി പൈസ കൊടുത്തല്ലോ''.
''എന്നിട്ട് നീ വല്ലതും പറഞ്ഞ്വോ''.
''നീ എന്‍റടുത്ത് പറഞ്ഞതൊക്കെ ഞാന്‍ അവനോട് പറഞ്ഞു''വിവേക് തുടര്‍ന്നു''വേണ്ടീരുന്നില്ല എന്നായി എനിക്ക്. എന്താ അച്ഛനും അമ്മേം അവനുംകൂടി ഒരു കരച്ചില്''. പ്രദീപിന്ന് സഹിക്കാനായില്ല.
''മുഖമടച്ച് ഒന്നുതന്നാല്‍ നിന്‍റെ പൊങ്ങി നില്‍ക്കിണ നാല് പല്ലും നിലത്ത് കിടക്കും''അവന്‍ അലറി''ആരാടാ നിന്നോട് ഇതൊക്കെ അവിടെചെന്നു പറയാന്‍ ഏല്‍പ്പിച്ചത്''.
''ആരും പറഞ്ഞിട്ടല്ലാടാ. കേട്ടത് പറഞ്ഞൂന്നേ ഉള്ളു. പിന്നെ ഇവിടെ വന്നിട്ട് ഞാന്‍ അവനെ ഫോണില്‍ വിളിക്കും ചെയ്തു''.
''എന്തിന്''.
''കരള് കിട്ടാതെ അവന്‍റെ കാര്യത്തിന്ന് ബുദ്ധിമുട്ട് വരാന്‍ പാടില്ല. എന്‍റെ കരള് കൊടുക്കാന്ന് ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്''. ദേഷ്യത്തോടൊപ്പം പ്രദീപിന്ന് ചിരിയും വന്നു.
''എന്നിട്ട് അവനെന്താ പറഞ്ഞത്''.
''മരിക്കിണതുവരെ കാത്തിരിക്കണ്ടാന്ന് അവന്‍റമ്മ പറഞ്ഞൂന്നാ അവന്‍ എന്നോട് പറഞ്ഞത്. അതിനുമുമ്പ് അവരെല്ലാരുംകൂടി സ്ഥലം വിട്വോത്രേ'' ഒന്നു നിര്‍ത്തി വിവേക് ഗൌരവത്തില്‍ ഇത്രയും കൂടി ചേര്‍ത്തി''എവിടെ പോയിട്ടെന്താ കാര്യം. മരണം വരുണത് വര്വേന്നെ ചെയ്യും. അത് തടയാന്‍ പറ്റില്ല. ശര്യേല്ലേടാ ഞാന്‍ പറഞ്ഞത്''.
അവസാനഭാഗം പ്രദീപ് കേട്ടതേയില്ല. അനൂപ് പറഞ്ഞതിന്‍റെ പൊരുള്‍ അവന് മനസ്സിലായി.
''അങ്കിള്‍''മൊബൈലെടുത്ത് അവന്‍ ഗോപാലകൃഷ്ണന്‍നായരെ വിളിച്ചു.
അദ്ധ്യായം - 59.
''ഹല്ലോ''മൊബൈല്‍ റിങ്ങ് ചെയ്യുന്നത് കേട്ടതും ഗോപാലകൃഷ്ണന്‍ നായര്‍ എടുത്തു.
''അങ്കിളിപ്പൊ എവട്യാണ്''പ്രദീപിന്‍റെ സ്വരമാണ്.
''കണ്ണനൂര്. കോഴിക്കോടുന്ന് തിരിച്ചെത്ത്യേപ്പൊ വീട്ടില് എന്നേം കാത്ത് ഒരുകൂട്ടുകാരന്‍ ഇരിക്കുണൂ. ആ മൂപ്പര്‍ക്ക് മണ്ണൂത്തീന്ന് കുറെചെടികള്‍ വാങ്ങണം. അതിന് തുണപോവാനായിട്ട് എന്നെ വിളിക്കാന്‍ വന്നതാണ്'' അയാള്‍ വിശദമായിത്തന്നെ മറുപടി പറഞ്ഞു''ഞങ്ങള്‍ ചെടികളൊക്കെ വാങ്ങി കാറില്‍ തിരിച്ചുവര്വാണ്. എന്താ, വിശേഷോന്നും ഇല്യല്ലോ''.
''ഉണ്ട് അങ്കിള്‍'' പ്രദീപ് നടന്ന സംഭവങ്ങള്‍ വിവരിച്ചു ''എനിക്കെന്തോ ഒരുപിശക് തോന്നുണൂ''.
ഗോപാലകൃഷ്ണന്‍നായര്‍ക്കും പരിഭ്രമമായി. നിസ്സഹായാവസ്ഥയില്‍ മനുഷ്യര്‍ മരണത്തിലേക്ക് എടുത്തുചാടുക പതിവാണ്. അതുസംബന്ധിച്ച വ്യക്തമായ സൂചനകള്‍ അനൂപിന്‍റെ വാക്കുകളിലുണ്ട്. എന്തെങ്കിലും ഉടനെ ചെയ്തേ മതിയാവൂ. അല്‍പ്പം ഉദാസീനത കാണിച്ചാല്‍ ആ കുടുംബം ഇല്ലാതാവും. അതിനുമുമ്പ് അവരെ ചെന്ന് ആശ്വസിപ്പിക്കണം, അവര്‍ക്ക് ആത്മവിശ്വാസം പകരണം. പറ്റുമെങ്കില്‍ ഇന്നുതന്നെ.
''പ്രദീപേ. ഞാന്‍ എത്ത്യേതും നമുക്ക് അനൂപിന്‍റെ വീട്ടിലേക്ക് പോണം. വീട്ടില്‍ ചെന്ന് എന്‍റെ ബൈക്ക് എടുക്കാനുള്ള നേരം മാത്രേവേണ്ടൂ''.
''അതു വേണ്ടാ അങ്കിള്‍. ഒട്ടും സമയംകളയണ്ടാ. നമുക്ക് എന്‍റെ ബൈക്കില്‍ പോവാം. ടൌണ്‍ ബസ്സ് സ്റ്റാന്‍ഡിന്‍റെ മുമ്പില്‍ ഞാന്‍ അങ്കിളിനെ കാത്തു നില്‍ക്കാം''.
''എന്നാ അങ്ങിനെ ആവട്ടെ. പത്തുപതിനഞ്ച് മിനുട്ടോണ്ട് ഞാനെത്തും''. ഗോപാലകൃഷ്ണന്‍നായര്‍ സമ്മതിച്ചു. പ്രദീപ് റഷീദിനെ വിളിച്ചു.
''എനിക്ക് അത്യാവശ്യായി ഒരു സ്ഥലംവരെ പോവാനുണ്ടെടാ. നമുക്ക് നാളെ രാവിലെ കാണാം''അവന്‍ പറഞ്ഞു. വിവേകിനോട് യാത്രപോലും പറയാതെ അവന്‍ ബൈക്ക് വിട്ടു.
മംഗളം ടവറിലേക്കുള്ള കവാടമൊഴിച്ച് റോഡിന്‍റെ ഒരുവശം മുഴുവന്‍ വഴിവാണിഭക്കാര്‍ കയ്യടക്കിയിട്ടുണ്ട്. ബസ്സുകളും ഓട്ടോറിക്ഷകളും കാറുകളും ബൈക്കുകളും ഇടകലര്‍ന്ന് അണമുറിയാതെ ഒഴുകുകയാണ്. ജോലി കഴിഞ്ഞു മടങ്ങി പോവുന്നവരും ഷോപ്പിങ്ങിന് ഇറങ്ങിയവരും വഴിയാത്രക്കാരുമായി ഏതെല്ലാം തരം ജനങ്ങളാണ് കടന്നു പോവുന്നത്. മറ്റെപ്പോഴെങ്കിലുമാണെങ്കില്‍ നേരംപോവാന്‍ ഇതൊക്കെ നോക്കിനിന്നാല്‍ മതി. പക്ഷെ ഇപ്പോള്‍ ഓരോ സെക്കണ്ടും കടന്നു പോവുന്നത് മനസ്സില്‍ തീ കോരി ചൊരിഞ്ഞു കൊണ്ടാണ്. ഗോപാലകൃഷ്ണനങ്കിള്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്. കാത്തുനില്‍ക്കാതെ പറ്റില്ല. വിവേക് പറഞ്ഞ വിവരംകേട്ട ഉടനെത്തന്നെ അനൂപിന്‍റെ വീട്ടിലേക്ക് പോവാമായിരുന്നു. വെറുതെ അങ്കിളിനെ വിളിക്കാന്‍ തോന്നി.
ഗോപാലകൃഷ്ണന്‍ നായര്‍ എത്തുമ്പോള്‍ അര മണിക്കൂര്‍ കഴിഞ്ഞു. കാറില്‍നിന്ന് ഇറങ്ങിയതും അയാള്‍ പ്രദീപിന്‍റെ ബൈക്കില്‍ കയറി.
''ഹൈവേ മഹാമോശം. കുണ്ടും കുഴീം കാരണം വേഗത്തില്‍ പോരാന്‍ പറ്റില്ല. പോരാത്തതിന് കോട്ടമൈതാനത്ത് എത്ത്യേപ്പോഴൊരു ബ്ലോക്കും. അതാ ഇത്രവൈക്യേത്''അയാള്‍ പറഞ്ഞു''വീടെത്താന്‍ കുറച്ച് വൈകുംന്ന് കാറിന്നന്നെ അമ്മിണ്യേ വിളിച്ചു പറഞ്ഞു''
പ്രദീപ് ഒന്നും പറഞ്ഞില്ല. തിരക്കിനിടയിലൂടെ ബൈക്ക് ഊളയിട്ട് പാഞ്ഞു. ടൌണ്‍ ലിമിറ്റ് കഴിഞ്ഞതും വീണ്ടും വേഗത കൂടി. പ്രകാശം തൂവി നില്‍ക്കുന്ന വൈദ്യുത വിളക്കുകള്‍ക്ക് ചുറ്റും ചെറുപ്രാണികള്‍ നൃത്തം ചെയ്യുന്നുണ്ട്.
''അങ്കിള്‍, കണ്ണില്‍ പ്രാണിപെടാതെ സൂക്ഷിച്ചോളൂ''പ്രദീപ് മുന്നറിയിപ്പ് നല്‍കി.
''അല്ല പ്രദീപേ, എന്തിനാ ആ വിദ്വാന്‍ അനൂപിന്‍റെ വീട്ടില്‍ചെന്ന് വേണ്ടാത്തതൊക്കെ പറഞ്ഞ് അവരെ പേടിപ്പിച്ചത്. ഏഷണി പറയുണ സൈസ്സ് ആളാണോ അവന്‍''.
''ഏയ്, അങ്ങിന്യോന്ന്വല്ല. ആളൊരു അപ്പാവ്യാണ്. പിന്നെ വിവരംപോരാ എന്ന ഒറ്റ കുഴപ്പം മാത്രേള്ളു. ശരിക്കു പറഞ്ഞാല്‍ ഉറുപ്പികയ്ക്ക് തൊണ്ണൂറ് പൈസീള്ള ടൈപ്പ്. എന്‍റൊപ്പം പാരലല്‍ കോളേജില്‍ പഠിച്ചതാ അവന്‍. പഠിക്കാന്‍ തീരെ മോശായതോണ്ട് കോഴ്സ് മുഴുമിച്ചില്ല. കല്യാണം കഴിച്ച് ഒരു കുട്ടീം ആയി. അവന്‍റെ വീട്ടിലാണെങ്കില്‍ ഒന്നൂല്യാ. കാറില്‍ എല്‍.പി.ജി. കിറ്റ് പിടിപ്പിക്കിണ ഒരുകമ്പിനീല് കമ്മിഷന്‍ ബേസില്‍ പണീണ്ടായിരുന്നു. ശമ്പളോന്ന്വും കിട്ടാത്തതോണ്ട് അത് വിട്ടു. ഇപ്പൊ ഞാനൊരു സ്പെയര്‍ പാര്‍ട്ട്സ് കടേല് പണ്യാക്കി കൊടുത്തിട്ടുണ്ട്. വല്യേ വരുമാനോന്നും ഇല്ല. എങ്കിലും അതോണ്ട് കഷ്ടിച്ചങ്ങിനെ കഴിയിണൂ''.
''സാധു ദുഷ്ടന്‍റെ ഫലം ചെയ്യുംന്ന് പറയിണത് വെറുതേല്ല''. തണുത്ത കാറ്റ് അവരെ തഴുകിക്കൊണ്ടിരുന്നു.
^^^^^^^^^^^^^^^^^^^^^^^^^^^^^^
പാല്‍പ്പായസത്തിലേക്ക് കീടനാശിനി ഒഴിക്കുമ്പോള്‍ ഇന്ദിര തേങ്ങി. രമയുടെ മുഖത്ത് നോക്കാനാവുന്നില്ല. ജീവിച്ച് കൊതിതീരാത്ത കുട്ടി. അവളെ മരണത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നറിയാം. എന്തു ചെയ്യാം. പെണ്‍കുട്ടിയായി പോയില്ലേ. ഈ ലോകത്ത് എങ്ങിനെ അവളെ ഒറ്റയ്ക്കാക്കും. സംരക്ഷിക്കാന്‍ ആളുകള്‍ ഉള്ളപ്പോഴേ പെണ്‍കുട്ടികളുടെ കാര്യം കഷ്ടമാണ്. എന്തൊക്കെ ദ്രോഹങ്ങളാണ് അവര്‍ക്ക് ഈ ലോകത്ത് നേരിടാനുള്ളത്. ചോദിക്കാനും പറയാനും ആളില്ലെങ്കിലത്തെ അവസ്ഥ പറയാനുണ്ടോ.
കീടനാശിനിയുടെ ചൂര് മുറിയിലാകെ പരന്നു. കിടന്നയിടത്തുനിന്ന് രാമകൃഷ്ണന്‍ എഴുന്നേറ്റു.
''ഒന്നിവിടെ വരൂ''അയാള്‍ അകത്തേക്കുനോക്കി വിളിച്ചു. ഇന്ദിര അയാളുടെ മുന്നിലെത്തി.
''എന്താ അവിടെ ചെയ്യുണ്''.
''പായസം കിണ്ണത്തില്‍ വിളമ്പുണൂ''.
''തൃസന്ധ്യ കഴിഞ്ഞിട്ട് കഴിക്കാട്ടോ. പിന്നെ നിലവിളക്കില് നിറച്ച് എണ്ണയൊഴിച്ച് കനംകുറഞ്ഞ തിരീട്ട് കത്തിച്ചുവെച്ചോളൂ. മരിച്ചു കഴിഞ്ഞാല്‍ തലയ്ക്കല്‍ വിളക്കുകത്തിച്ചുവെക്കണം. അത് നമുക്കന്നെ ചെയ്യാം. ചത്ത് കിടക്ക്വാണച്ചാലും അതിന്‍റെ ചെതംപോലെ ആവട്ടെ''.
രാമേട്ടന്‍റെ അവസാനത്തെ മോഹമല്ലേ. അതെങ്കിലും സാധിച്ചോട്ടെയെന്ന് ഇന്ദിര കരുതി. നിലവിളക്കില്‍ എണ്ണയും തിരിയും ഇടാന്‍ അവര്‍ ചെന്നു.
^^^^^^^^^^^^^^^^^^^
''ഉമ്മറത്തെ വാതില്‍ ചാരിയിരിക്കുണൂ. ആളും അനക്കവും കേള്‍ക്കാനും ഇല്ല''ബൈക്കില്‍ നിന്നിറങ്ങി പരിസരം വീക്ഷിച്ചതും ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.
''അങ്കിള്‍ ഉള്ളില് ലൈറ്റ് കാണുന്നുണ്ട്. ചെലപ്പൊ എല്ലാവരും സങ്കടപ്പെട്ട് കിടക്കിണുണ്ടാവും''.
പ്രദീപ് മൊബൈലിലെ ടോര്‍ച്ച് തെളിച്ചു. ആ വെളിച്ചത്തില്‍ ഇരുവരും മുറ്റത്തുകൂടെനടന്നു. ബെല്ലടിച്ച് അല്‍പ്പംകഴിഞ്ഞാണ് വാതില്‍ തുറന്നത്. ആഗതരെ കണ്ടതും ഇന്ദിര ഉച്ചത്തില്‍ കരഞ്ഞു.
''എന്താ ഈ കാട്ടുണത്. ആരെങ്കിലും കേട്ടാല്‍ പേടിക്ക്വോലോ'' ഗോപാലകൃഷ്ണന്‍നായര്‍ ശാസിച്ചു.
''ഞങ്ങടെ എല്ലാംകഴിഞ്ഞു. ഇനി ഞങ്ങള്‍ ജീവിച്ചിരിക്കിണില്യാ'' കരച്ചില്‍ ഒന്നുകൂടി ശക്തിയായി. വീടിനകത്തേക്ക് കയറിയതും കീടനാശിനിയുടെ കുത്തുന്നമണം ഗോപാലകൃഷ്ണന്‍നായര്‍ക്ക് അനുഭവപ്പെട്ടു. അയാളൊന്ന് പതറി. ഇവര്‍ വിഷം കഴിച്ചു കഴിഞ്ഞുവോ?
''പറ്റിച്ചു അല്ലേ''അയാള്‍ ചോദിച്ചു. ആരും ഒന്നും പറഞ്ഞില്ല.
''കഴിച്ചിട്ട് എത്ര നേരായി''ഉദ്വേഗഭരിതമായിരുന്നു അടുത്ത ചോദ്യം.
''എന്ത്''.
''വിഷം. അതിന്‍റെ നാറ്റോല്ലേ ഇവടീള്ളത്''
''ഞങ്ങള്.......ഞങ്ങള് കഴിക്കാന്‍ പോണേള്ളൂ''. ചുട്ടുപൊള്ളുന്ന ദേഹത്ത് പനിനീര്‍ വര്‍ഷിച്ചതുപോലെ ആശ്വാസകരമായി ആ മറുപടി.
''എന്താ ഇതിന്‍റ്യോക്കെ അര്‍ത്ഥം''അല്‍പ്പം ദേഷ്യത്തിലാണ് ആ ചോദ്യം ''മനുഷ്യജന്മത്തില് ബുദ്ധിമുട്ട്വേളും പ്രയാസങ്ങളും ദുരന്തങ്ങളും ഒക്കെ നേരിടാനുണ്ടാവും. അതിന്ന് ഒഴിവാകാന്‍ ആത്മഹത്യ ചെയ്യ്വേല്ല വേണ്ടത്. വരുമ്പോലെ കാണാംന്ന ധൈര്യത്തില് ഇരിക്കണം''.
''ഞങ്ങള്‍ക്ക് ആകെക്കൂടി ഒരു താങ്ങായിട്ടുള്ളത് ഈ മകനാണ്. അവനും കൂടി പോയാലോ''.
''അതിന് നിങ്ങളടെ മകന്‍ എവിടേക്കും പോയിട്ടില്ലല്ലോ''.
''ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത സൂക്കടാണ്, ഓപ്പറേഷന്‍ വേണം, പത്തു മുപ്പത് ലക്ഷം ഉറുപ്പിക വേണ്ടിവരും, എന്നിട്ടും ഉറപ്പ് പറയാന്‍ ആവില്ല എന്നൊക്കെകേട്ടാല്‍ എന്താ ചെയ്യാ. ഞങ്ങള് കൂട്ട്യാല്‍ ഇത്ര വല്യേസംഖ്യ ഉണ്ടാക്കാനാവ്വോ''വിതുമ്പി കരഞ്ഞുകൊണ്ട് ഇന്ദിര അത്രയും പറഞ്ഞു തീര്‍ത്തു.
''അങ്ങനീള്ള സമയത്ത് സഹായിക്കാനാ വേണ്ടപ്പെട്ടോര്''.
''ഞങ്ങളെ സഹായിക്കാന്‍ ആരൂല്യാ''. ഗോപാലകൃഷ്ണന്‍ നായര്‍ അവരുടെ അടുത്തേക്ക് ചെന്നു.
''അനൂപ് എന്നെ എങ്ങന്യാ വിളിക്കാറ് എന്നറിയ്യോ''അയാള്‍ ചോദിച്ചു. ഇന്ദിര ആ മുഖത്തേക്കു നോക്കി മിഴിച്ചുനിന്നു.
''അങ്കിള്‍. അതായത് അമ്മാമന്‍. അപ്പൊ ഇന്ദിര എനിക്കാരാണ്. എന്‍റെ അനിയത്തി. ഇപ്പൊ മനസ്സിലായോ''.
''എന്‍റെ ഏട്ടാ''എന്ന് വിളിച്ചുകൊണ്ട് ഇന്ദിര അയാളുടെ കാല്‍ക്കല്‍ വീണു. ഗോപാലകൃഷ്ണന്‍നായര്‍ അവരെ പിടിച്ചെഴുന്നേല്‍പ്പിച്ച് ചേര്‍ത്തു നിര്‍ത്തി. രാമകൃഷ്ണന്‍ അവരുടെ അടുത്തേക്ക് ചെന്നു.
''അനൂപിന്‍റെ അമ്മാമനോ ഇന്ദിരടെ ആങ്ങള്യോ ഒന്ന്വോല്ല നിങ്ങള്. ഈശ്വരനാണ്. സാക്ഷാല്‍ ഈശ്വരന്‍''.
''രാമകൃഷ്ണന്‍ വളരെ കാലം അമ്പലത്തില് പണി ചെയ്തതല്ലേ. എന്‍റെ രൂപത്തിലാണോ അതിനകത്തുള്ള വിഗ്രഹം''. അല്ലെന്നയാള്‍ തലയാട്ടി.
''ജന്മംകൊണ്ടല്ലെങ്കിലും സ്നേഹവും അടുപ്പവുംകൊണ്ട് നമ്മളൊക്കെ ബന്ധുക്കളാണ്. എന്നും അതൊക്കെ ഉണ്ടാവുംചെയ്യും''. രാമകൃഷ്ണന്‍റെ ചുമലില്‍ അയാള്‍ കൈവെച്ചു. എല്ലാ കണ്ണുകളും ഈറനണിഞ്ഞു.
''ഞങ്ങള് രണ്ടാളടെ വീട്ടുകാരും ഞങ്ങളെ തിരിഞ്ഞുനോക്കാറില്ല''.
''വേണ്ടാ, അവര് നോക്കണ്ടാ. നിങ്ങള്‍ക്ക് ഞങ്ങളുണ്ട്. ഞങ്ങള്‍ എന്നു വെച്ചാല്‍ ഞാനും പ്രദീപും എന്നല്ല അര്‍ത്ഥം. അനൂപിനെ രക്ഷിക്കാന്‍ ഒരുപാട് ആള്വേളുണ്ട്. എല്ലാരോടുംകൂടി ആലോചിച്ച് വേണ്ടതൊക്കെ ചെയ്യും''അയാള്‍ ഉറപ്പു നല്‍കി.
''എന്നാലും സൂക്കട് ഇത്ര മൂര്‍ദ്ധ്യനത്തില്‍ എത്തുണവരെ അറിയാണ്ടെ പോയല്ലോ. ഒരു ലക്ഷണംകൂടി കണ്ടില്യാ''ഇന്ദിര പറഞ്ഞു''അല്ലെങ്കില്‍ വല്ലമരുന്നും കൊടുത്ത് മാറ്റായിരുന്നു''.
''ഈ രോഗത്തിന്‍റെ രീതി അതാന്ന ഡോക്ടര്‍ പറഞ്ഞത്. പലപ്പഴും ഒടുക്ക്വേ ലക്ഷണംകാണൂ. മുമ്പൊക്കെ ആണെങ്കില്‍ അതോടെ രോഗി പോവും. ഇപ്പൊ ഓപ്പറേഷന്‍ ചെയ്ത് ഭേദായിട്ട് ജീവിക്കും''.
''എങ്ങിന്യേങ്കിലും തേവര് അവന്‍റെ ആയുസ്സ് നീട്ടിതന്നാ മതി''.
''തരും ഇന്ദിരേ. അദ്ദേഹത്തിന്‍റെ മുമ്പില് ഞാന്‍ കൊറെകാലം കൊട്ട്യേതല്ലേ'' രാമകൃഷ്ണന്‍ ഭാര്യയെ ആശ്വസിപ്പിച്ചു.
''കേട്ടില്ലേ ഭര്‍ത്താവ് പറഞ്ഞത്. അത് വിശ്വസിച്ച് ഇരുന്നോളൂ. താന്‍ പാതി ദൈവം പാതി എന്ന് ഇന്ദിര കേട്ടിട്ടില്ലേ. മനുഷ്യന്‍ ചെയ്യാനുള്ളത് ചെയ്യാന്‍ ഞങ്ങളൊക്കീണ്ട്''.
പിന്നെ കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. എല്ലാവരും കണ്ണുതുടച്ചു. കഴിക്കാനായി വിഷംചേര്‍ത്ത് വിളമ്പിവെച്ച പായസം പ്രദീപ് കൊണ്ടു പോയി പാടത്തേക്ക് കളഞ്ഞു.
''രാത്രീലിക്ക് എന്താ കഴിക്കാന്‍. ഞാന്‍ പോയി വല്ലതും വാങ്ങീട്ടു വരണോ''അവന്‍ ചോദിച്ചു.
''ഒന്നും വേണ്ടാ. അരിമാവ് ബാക്കീരിപ്പുണ്ട്. ദോശ ചുടാം. കുറച്ച് ചായീം ഉണ്ടാക്കാം''ഇന്ദിര പറഞ്ഞു.
''ശരി. ചായ ഉണ്ടാക്കൂ. അത് കുടിച്ചിട്ടേ ഞങ്ങള് പോണുള്ളൂ''.
ഗോപാലകൃഷ്ണന്‍നായര്‍ കസേലയിലേക്ക് ചാഞ്ഞു. പ്രദീപ് അനൂപിന്‍റെ കയ്യുംപിടിച്ച് കട്ടിലില്‍ ഇരുന്നു.
അദ്ധ്യായം - 60.
ആശങ്കകള്‍ മുഴുവനും വിട്ടകന്നിട്ടില്ല. എങ്കിലും ആശ്വാസത്തിന്‍റെ കുളിര്‍മഴയേറ്റത്തോടെ അനൂപിന്‍റെ കുടുംബത്തില്‍ പ്രതീക്ഷയുടെ പുത്തന്‍നാമ്പുകള്‍ കിളുര്‍ക്കാന്‍ തുടങ്ങി. തളത്തില്‍ കത്തിച്ചുവെച്ച നിലവിളക്ക് അണഞ്ഞിട്ടില്ല. കിടപ്പുമുറിയിലേക്ക് അതിന്‍റെ വെളിച്ചം ഒഴുകി വരുന്നുണ്ട്.
രാമകൃഷ്ണന്‍ അനൂപിനോടൊപ്പം കട്ടിലില്‍ കിടപ്പാണ്. നിലത്തു വിരിച്ച പുല്ലുപായയില്‍ രമയെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഇന്ദിര ചിന്തകളില്‍ മുഴുകിയിരിക്കുകയാണ് .
എല്ലാവരും ആഹാരം കഴിച്ചു എന്ന് ഉറപ്പു വരുത്തിയശേഷമാണ് ഗോപാലകൃഷ്ണന്‍ നായരും പ്രദീപും പോയത്. പണത്തിനൊക്കെ ഞാന്‍ വഴി കണ്ടിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞതോടെ പകുതി സമാധാനമായി. അല്ലെങ്കിലെന്താ ചെയ്യുക? ചികിത്സിക്കാന്‍ കഴിയാതെ അനൂപ് കടന്നു പോകും. എത്രനല്ല ആളാണ് അദ്ദേഹം. എന്‍റെ പെങ്ങളാണ് എന്നുപറഞ്ഞ് ചേര്‍ത്തുപിടിച്ചപ്പോള്‍ കണ്ണുകളോടൊപ്പം മനസ്സും തണുത്തു.
''നോക്കൂ, എന്തൊരു സ്നേഹമുള്ള കൂട്ടക്കാരാ അവര്''ഭര്‍ത്താവിന്‍റെ ശബ്ദം ഇന്ദിര കേട്ടു.
''ഞാനും അതന്ന്യാ ആലോചിച്ചോണ്ടിരിക്കിണത്''.
''ഇപ്പഴാ എനിക്കൊരുകാര്യം ഓര്‍മ്മവരുണത് ''രാമകൃഷ്ണന്‍ മൌനത്തിന്ന് വിരാമമിടുകയാണ്.
''എന്താ കാര്യം''.
''മുമ്പൊരിക്കല്‍ ഞാനൊരു സ്വപ്നംകണ്ട കാര്യം പറഞ്ഞത് ഇന്ദിര ഓര്‍ക്കുണുണ്ടോ. നമ്മുടെ അനു വെള്ളത്തില്‍ മുങ്ങിത്താഴുമ്പൊ രണ്ടു വയസ്സന്മാര് ചേര്‍ന്ന് അവനെ രക്ഷപ്പെടുത്ത്യേസ്വപ്നം ഞാന്‍ കണ്ടത്. അന്നെന്ന്യാണ് ഇദ്ദേഹൂം കൂട്ടുകാരനുംകൂടി എന്നെ കാണാന്‍വന്നത്''.
''ദൈവം സ്വപ്നത്തില്‍കൂടി ഓരോന്ന് കാണിച്ചുതന്നതാവും''.
''നമുക്കൊരു കാര്യം ചെയ്യാ''രാമകൃഷ്ണന്‍ ചോദിച്ചു''ഈ വീടങ്ങിട്ട് കൊടുക്ക്വാ. കിട്ടുണപണം നമുക്ക് ആ സാറിന്‍റെ കയ്യില് ഏല്‍പ്പിക്കാം. പോരാത്തതിനല്ലേ അവര് ബുദ്ധിമൂട്ടണ്ടൂ''.
''അതുശര്യാണ്. നമ്മടെ കുട്ടിക്കുവേണ്ടി നമ്മളൊന്നും ചെയ്തില്യാന്ന് തോന്നണ്ടല്ലോ''.
''പിന്നെ നമ്മള് എവിട്യാ താമസിക്ക്യാ''അനൂപ് ചോദിച്ചു.
''ഏട്ടന്‍ അതാലോചിച്ച് ബേജാറാവണ്ടാ. വാടകയ്ക്ക് വീട് കിട്ടില്ലേ. തല്‍ക്കാലം അങ്ങിനെ കഴിയ്യാ. കാശുണ്ടാവുമ്പൊ നമുക്ക് വീടൊക്കെ ഉണ്ടാക്കാലോ''രമയും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു.
''ഗോപാലകൃഷ്ണന്‍ സാറ് വിചാരിച്ചാല്‍ കുറച്ചെന്തെങ്കിലും പൈസ എടുക്കാന്‍ പറ്റും. മറ്റേ ആള്‍ക്ക് അത്ര കഴിവെടം ഇല്ലാന്നാ എനിക്ക് തോന്നുണത്''ഇന്ദിര മനസ്സില്‍ തോന്നിയത് അറിയിച്ചു.
''അമ്മയ്ക്ക് അറിയാഞ്ഞിട്ടാണ്''അനൂപ് പറഞ്ഞു''മേനോന്‍ അങ്കിള്‍ കോടീശ്വരനാണെന്ന് അമ്മമ പറഞ്ഞിട്ടുണ്ട്. വീട്ടുകാരോട് പിണങ്ങി ഇങ്കിട്ട് പോന്നതാണത്രേ''.
''അങ്ങിന്യാച്ചാല്‍ മൂപ്പരും എന്തെങ്കിലും തരും''.
''അമ്മീങ്ങനെ മനക്കണക്കും കൂട്ടിക്കോണ്ടിരിക്കണ്ടാ. ഒക്കെ ശര്യാവുംന്ന് സമാധാനിച്ച് കിടക്കൂ''രമ അമ്മയെ ഒന്നുകൂടി കെട്ടിപ്പിടിച്ചു.
''വിവേക് വിളിച്ചിട്ട് അവന്‍റെ കരള് തരാന്ന് പറഞ്ഞു''.
''അങ്ങന്യോന്നും ചെയ്യാന്‍ പാടില്ല. കുട്ടീം കുടുംബൂം ഉള്ള ആളാണ്. പത്തുദിവസം അയാള് കിടപ്പിലായാല്‍ അവരടെ സ്ഥിത്യേന്താവും'' ഇന്ദിര ആ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു''എന്‍റെ കുട്ടിക്ക് അമ്മടെ കരള് തര്വോലോ''.
''എന്താ ഇങ്ങിനെ പറയുണത്. വീട് നോക്കാനുള്ള ആളാണ്. ഓപ്പറേഷന്‍ കഴിഞ്ഞാല് കിടക്കുണോരെ ശുശ്രൂഷിക്കും വേണം. അപ്പൊ എങ്ങിന്യാ ശര്യാവ്വാ'' രാമകൃഷ്ണന്‍ ഇടപെട്ടു ''മുടക്കാച്ചരക്കായിട്ട് ഞാനൊരാള് ഇവിടെ കിടക്കിണില്യേ. ഞാന്‍ കൊടുത്തോളാം''.
''അച്ഛന് വയസ്സായി. പോരാത്തതിന്ന് ദേഹത്തിന് സുഖൂല്യാത്ത ആളും. ഞാന്‍ കൊടുത്തോളാം എന്‍റെ ഏട്ടന്''.
''അങ്ങിനെ തീരുമാനിക്കാന്‍ വരട്ടെ'' അനൂപ് തടഞ്ഞു''എന്‍റെ ശരീരത്തിന് യോജിച്ചതേ പറ്റൂ. ആദ്യം അത് ഏതാന്ന് അറിയട്ടെ''.
''ഇനിയിപ്പൊ അത് കിട്ടാതെ വര്വോ''ഇന്ദിരയ്ക്ക് ആധിയായി.
'' പേടിക്കണ്ടാ. എല്ലാം ശരിയാവും''അനൂപ് അമ്മയെ ആശ്വസിപ്പിച്ചു.
''സൂര്യനേം ചന്ദ്രനേം ഗ്രഹണം ബാധിക്കാറില്ലേ. അതുപോല്യാണ് മനുഷ്യര്‍ക്ക് കഷ്ടകാലം വരുണത്''രാമകൃഷ്ണനും ഭാര്യക്ക് ആശ്വാസം പകര്‍ന്നു''കുറച്ചുകഴിഞ്ഞാല്‍ വന്നത് വന്നപോലെ പോവും. ഗ്രഹണം കഴിഞ്ഞാല്‍ നേരത്തെ ഉള്ളതിലുംവെച്ച് പ്രഭ ഉണ്ടാവില്ലേ. അതുപോലെ നല്ലകാലം കേറിവരും. ഇപ്പൊ കുട്ടി പറഞ്ഞപോലെ ഒക്കെ ശര്യാവുംന്ന് വിചാരിച്ച് കിടന്നോളൂ''.
''എനിക്കൊന്നും അറിയില്ലാന്‍റെ ഈശ്വരന്മാരേ. എന്‍റെ കുട്ടിക്ക് ഒരാപത്തും വരുത്തരുതേ. അവനെ കണ്ടുംകൊണ്ടു വേണം എന്‍റെ കണ്ണടയാന്‍''ഇന്ദിര വിമ്മിക്കരഞ്ഞു.
''അവന് ഒന്നും വരില്ലാന്നേ. സമാധാനായിട്ട് കിടന്നോളൂ''ഭര്‍ത്താവ് നല്‍കിയ ആ ഉറപ്പും വിശ്വസിച്ച് ഇന്ദിര കിടന്നു. കുളക്കരയിലെ ആല്‍മരക്കൊമ്പില്‍നിന്ന് കൂമന്‍റെ കൂവല്‍ ഉയര്‍ന്നു. പ്രത്യാശയുടെ പ്രതീകമെന്ന മട്ടില്‍ നിലവിളക്കിന്‍റെ പ്രകാശരേണുക്കള്‍ ഇരുട്ടിനെ വകഞ്ഞുമാറ്റി വന്നു കൊണ്ടിരുന്നു
^^^^^^^^^^^^^^^^^^^^^^^^^^^^
കല്യാണ വീട്ടില്‍ ഇരിക്കുമ്പോഴും റഷീദിന്‍റെ മനസ്സ് മുഴുവന്‍ അനൂപിനെ സംബന്ധിച്ച ചിന്തകളായിരുന്നു . എന്തൊരു ദുര്യോഗമാണ് അവന്‍റെ കുടുംബത്തിന്‍റേത്. ദാരിദ്ര്യത്തില്‍നിന്ന് ഒരുവിധം കരകയറി വരാന്‍ തുടങ്ങിയതേയുള്ളു. അപ്പോഴേക്കും ഇതാ വേറൊരു പരീക്ഷണം. ഇത് അവര്‍ക്ക് മറികടക്കാനാവുമോ.
''നീയെന്താ ഒരു മൂഡൌട്ട് മാതിരി ഇരിക്കുണത്'' റഷീദ് നോക്കിയപ്പോള്‍ വധുവിന്‍റെ ആങ്ങളയാണ്.
''ഏയ്, ഒന്നൂല്യാ. വര്‍ക്കിന്‍റെ കാര്യം ആലോചിച്ചിരുന്നതാ''.
''ഈ നേരത്തോ''അയാള്‍ അകത്തേക്കു പോയി.
ഈ മാസം സെയില്‍സ് മെച്ചപ്പെടുമെന്ന് തോന്നുന്നു. സെക്കണ്ടറി സെയില്‍സ് കുറച്ചു കൂടിയിട്ടുണ്ട്. വീണ്ടും ക്ലിനിക്കുകളില്‍ പേഷ്യന്‍റ്സിന്‍റെ തിരക്കായി. ഇങ്ങിനെപോയാല്‍ ടാര്‍ജെറ്റ് അച്ചീവ് ചെയ്യാനാവും .
പോക്കറ്റിലിരുന്ന മൊബൈല്‍ ഒന്നു വിറച്ചു. വൈകീട്ട് ഡോക്ടറുടെ ക്യാബിനില്‍ കയറുമ്പോള്‍ സൈലന്‍റ് മോഡിലിട്ടതാണ്. പിന്നീടത് മാറ്റാന്‍ വിട്ടുപോയി. അനൂപിന്‍റെ വാര്‍ത്ത അറിഞ്ഞതിന്നുശേഷം ഒന്നിനും തോന്നിയില്ല എന്നതാണ് വാസ്തവം. പോക്കറ്റില്‍നിന്ന് മൊബൈല്‍ എടുത്തുനോക്കി. അയാള്‍ തന്നെ. എത്രാമത്തെ തവണയാണ് ഇന്ന് വിളിക്കുന്നത്. രാത്രി പത്തുമണി ആവാറായി. ഈ നേരത്ത് വിളിച്ചതില്‍ റഷീദിന്ന് വിരോധം തോന്നി.
സെയില്‍സ് കുറഞ്ഞപ്പോള്‍ വേറെ ഏതെങ്കിലും കമ്പിനിയിലേക്ക് മാറിയാലോ എന്നുതോന്നി. നല്ല ഏതെങ്കിലും കമ്പിനിയുടെ സ്പെഷാലിറ്റി ഡിവിഷനാണ് ആഗ്രഹിച്ചത്. ആ മോഹം കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ അവന്‍ ഒരു ലോഞ്ചിങ്ങ് കമ്പിനിയുടെ ആര്‍. എം ന്‍റെ നമ്പര്‍ പറഞ്ഞുതന്നു. അതിലേക്ക് വിളിച്ചതാണ് പൊല്ലാപ്പായത്.
''നിങ്ങള്‍ക്ക് ഈ മാസം എത്ര സെയില്‍സ് ഉണ്ടാക്കാന്‍ കഴിയും. അടുത്ത മാസം എത്ര ശതമാനം കൂട്ടാനാവും''എന്നിങ്ങനെയുള്ള അന്വേഷണമാണ് പിന്നീട് ഓരോ തവണ വിളിക്കുമ്പോഴും. പിടിച്ചതിലുംവെച്ച് വലുതാണ് പോട്ടില്‍ കിടക്കുന്നത് എന്ന ചൊല്ലുപോലെയായി കാര്യങ്ങള്‍. ജോലിക്ക് ചേരുന്നതിന്നുമുമ്പ് ഇങ്ങിനെയാണെങ്കില്‍ ചേര്‍ന്നാല്‍ എന്തായിരിക്കും സ്ഥിതി?
''എന്താ സാര്‍''ചെറിയൊരു മുഷിവോടെയാണ് ചോദിച്ചത്.
''നിങ്ങള്‍ വ്യക്തമായി ഒന്നും പറഞ്ഞില്ലല്ലോ''.
''ലോഞ്ചിങ്ങ് കമ്പിനിയല്ലേ സാര്‍ . ഡോക്ടര്‍മാരെ പലപ്രാവശ്യം കണ്ടു പറഞ്ഞാലേ അവര് എഴുതാന്‍ തുടങ്ങൂ. പോരാത്തതിന്ന് ഡയബറ്റിക്ക് കാര്‍ഡിയാക്ക് പ്രോഡക്റ്റ്സും. അത്രപെട്ടെന്നൊന്നും ആരും എഴുതില്ല''.
''അങ്ങിനെ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ പറ്റില്ല. എപ്പോഴും കാര്യങ്ങള്‍ ക്ലിയറായിരിക്കണം. ഇനി തന്‍റെ ഐഡിയ പറയ്''.
''എന്താ സാര്‍ ഞാന്‍ പറയണ്ടത്''.
''ഞാന്‍ ചോദിച്ചത് ഓര്‍മ്മയില്ലേ. ഈ മാസം നിങ്ങള്‍ക്ക് എത്ര സെയില്‍സ് ചെയ്യാനാവും. അടുത്ത മാസം എത്ര? അതിനടുത്ത മാസം എന്ത്? അപ്പോള്‍ ഒരു ക്വാര്‍ട്ടറിലെ ആയില്ലേ''.
''സാറിന്‍റെ എയിം എത്രയാണെന്ന് അറിഞ്ഞാലല്ലേ എനിക്ക് പറയാനാവൂ'' റഷീദ് വഴുതിമാറി.
''ശരി. ഞാന്‍ പറയാം. ഈ മാസം ഒരു മുപ്പത് മുപ്പത്തഞ്ച്. അടുത്തതില്‍ സെവന്‍റി ഫൈവ്, അതിന്‍റെ അടുത്തതില്‍ വണ്‍ ലാക്ക്''. റഷീദിന്ന് കാലിന്‍റെ ചെറുവിരലില്‍നിന്നും തലയിലേക്ക് ദേഷ്യം ഇരച്ചു കയറുന്നതുപോലെ തോന്നി. ഇയാളെ ഇങ്ങിനെ വിട്ടാല്‍ പറ്റില്ല. മേലാല്‍ ആരേയും വിളിച്ച് ശല്യം ചെയ്യരുത്.
''ഉള്ളത് ഉള്ളതുപോലെ പറയാലോ, എന്നെക്കൊണ്ട് ഇതൊന്നും ആവില്ല'' അവന്‍ തുടര്‍ന്നു''പക്ഷെ സാറിന് പറ്റ്യേ ഒരാള് എന്‍റെ അറിവിലുണ്ട്. ആ കക്ഷി വിചാരിച്ചാല്‍ ഇതും ഇതിനപ്പുറവും ചെയ്യാന്‍ പറ്റും''.
''ആരാ ആള്''.
''പറഞ്ഞാല്‍ സാറിനന്നെ ആളെ അറിയും. ഒന്ന് ഊഹിച്ചുനോക്കൂ''.
''എനിക്ക് ഊഹിക്കാനൊന്നും നേരൂല്യാ. താന്‍ തന്നെ പറയ്''.
''ഗോപിനാഥ് മുതുകാട് എന്നാ പുള്ളിടെ പേര്''. കൂടുതല്‍ എന്തെങ്കിലും കേള്‍ക്കുന്നതിന്നുമുമ്പ് അവന്‍ ഫോണ്‍ കട്ട് ചെയ്തു.
അല്‍പ്പസമയം കഴിഞ്ഞതും വീണ്ടുമൊരു കാള്‍. റഷീദ് ഫോണെടുത്തു. അയാളാണെങ്കില്‍ നന്നായിട്ട് നാലെണ്ണംകൂടി പറയണം. പക്ഷെ വിളിച്ചത് കൂട്ടുകാരനാണ്.
''എന്താടാ നീ ആ ആര്‍.എമ്മിനോട് പറഞ്ഞത്. അയാള്‍ നിന്നെക്കുറിച്ച് എന്നോട് കുറെയധികം പരാതി പറഞ്ഞു''. റഷീദ് നടന്ന കാര്യമെല്ലാം വിസ്തരിച്ചു.
''അതാ സംഗതി അല്ലേ. ആ ആര്‍. എം ആളൊരു ചേനയാണ്. വെറുതെ ചൊറിഞ്ഞുംകൊണ്ടിരിക്കും. നിന്നോടത് പറയാന്‍ വിട്ടുപോയതാ''.
''സാരൂല്യാ. അയാളുടെ തലേല് ഞാന്‍ പുളിവെള്ളം ഒഴിച്ചിട്ടുണ്ട്. ഇനി അയാളങ്ങിനെ ആരേം ചൊറിയില്ല''. രണ്ടുപേരും ചിരിച്ചു.
Comments
Post a Comment