അദ്ധ്യായം 11-20

 അദ്ധ്യായം - 11.


''എല്ലാവരും പോവാന്‍ നില്‍ക്കുമ്പോഴാ നിന്‍റെ ഒരുവരവ്. ഇത്രനേരം നീ എവിടെ പോയികിടക്ക്വായിരുന്നു''പ്രദീപിന്ന് അനൂപ് വൈകിവന്നത് ഒട്ടും ഇഷ്ടമായില്ല.


''ഇന്ന് മാസാവസാനോല്ലേ. സ്റ്റോക്കിസ്റ്റുമാരുടെ അടുത്തായിരുന്നു. ഓര്‍ഡര്‍ വല്ലതും കിട്ട്വോന്ന് നോക്കണ്ടേ''. ഇംഗ്ലീഷ് മാസം അവസാനം മിക്കവാറും എല്ലാകമ്പിനികളും സ്റ്റോക്കിസ്റ്റ്മാരില്‍നിന്ന് മരുന്നിനുള്ള സപ്ലെഓര്‍ഡര്‍ വാങ്ങിക്കും. റെപ്പുകളുടെ ജോലിയുടെ ഭാഗമാണ് അത്.


''ഞാനത് ഇന്നലെത്തന്നെ തീര്‍ത്തു''റഷീദ് പറഞ്ഞു''ഓര്‍ഡര്‍ എടുക്കുന്ന പണി ഒരിക്കലും ലാസ്റ്റിലിക്ക് വെക്കരുതെന്ന് വാരിയര്‍സാര്‍ പറഞ്ഞു തന്നിട്ടുണ്ട്''.


''നീ ആഹാരം കഴിച്ച്വോടാ''പ്രദീപ് ചോദിച്ചു. അധികദിവസവും എല്ലാവരുടേയും ഉച്ചഭക്ഷണം കഴിഞ്ഞിട്ടേ അനൂപ് ആഹാരം കഴിക്കാറുള്ളു. അതുവരെ അവന്‍ ഡോക്ടര്‍മാരെ കാണാനുള്ള തിരക്കിലായിരിക്കും.


''ഇന്ന് രണ്ട് ദോശയാണ് കൊണ്ടുവന്നത്''അനൂപ് പറഞ്ഞു''പന്ത്രണ്ട് മണിക്കുമുമ്പേ അത് തിന്നു. ഇപ്പൊ വയറ് കാലിയാണ്''.


''വിശക്കുണുണ്ടെങ്കില്‍ നീ ഞങ്ങളടെകൂടെ വന്നോ. മസാല്‍ റോസ്റ്റും ചായീം വാങ്ങിത്തരാം''സുമേഷ് പറഞ്ഞു''റഷീദിന്ന് ഇന്‍സെന്‍റീവ് കിട്ടാന്‍പോണൂ. അതിന്‍റെ ചിലവാണ്. നീയില്ലെങ്കില്‍ ഞങ്ങള്‍പോയി പൊറോട്ടീം ചിക്കണും അടിക്കും''.


''റഷീദേ, അതിന് നിന്‍റെ സെയില് കൂടീട്ടുണ്ടോ''അനൂപ് ചോദിച്ചു.


''പിന്നെ വെറുതെ ചന്തംകണ്ടിട്ട് കമ്പിനി ഇവന് കാശുകൊടുക്ക്വോ'' പ്രദീപ് പറഞ്ഞു''മനുഷ്യനായാല്‍ ചെയ്യിണപണിക്ക് കുറച്ചൊക്കെ ആത്മാര്‍ത്ഥത വേണം. എന്നാലേ മേല്‍ഗതി കിട്ടു''.


''അത് പറയാന്‍ പറ്റ്യേ ഒരാള്''മറ്റുള്ളവര്‍ കൂവി.


''നോക്ക് പ്രദീപേ''അനൂപ് പറഞ്ഞു''എനിക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങണം''.


''അതിനെന്താ. വാങ്ങാലോ''പ്രദീപ് പറഞ്ഞു''എത്ര്യാ നിന്‍റെ ബഡ്ജറ്റ്''.


''അങ്ങിന്യോന്നും ഇല്ല. ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ളത് വാങ്ങ്യാല്‍ മതീന്ന് അമ്മ പറഞ്ഞു''.


''അമ്മയ്ക്ക് ഉപയോഗിക്കനാണോ''.


''അല്ല. എനിക്ക് വേണ്ടീട്ടാ. എന്‍റെ കയ്യിലെ പഴേത് വീട്ടില്‍വെക്കും''.


''എന്നാല്‍ നീ ബേസ് മോഡല്‍ എടുക്കണ്ടാ. കുറച്ച് ഫീച്ചേഴ്സ് ഉള്ളത് വാങ്ങിക്ക്''.


''അതൊന്നും എനിക്കറിയില്ല. നീ വേണ്ടമാതിരി വാങ്ങിത്തന്നാ മതി''.


''അവന് കമ്മിഷന്‍ വല്ലതും കിട്ടിക്കോട്ടെ അല്ലേടാ''റഷീദ് ചോദിച്ചു.


''നിങ്ങള്‍ക്ക് എന്തെങ്കിലും വാങ്ങിത്തന്ന വകയ്ക്ക് ഒരു കമ്മിഷനും എനിക്കുവേണ്ടാ. അങ്ങിനെ കഴിയണ്ട ഗതികേട് ഇപ്പൊ എനിക്കില്ല''  പ്രദീപ് ചൊടിച്ചു.


''റഷീദ് നിന്നെ ഇളക്കാന്‍വേണ്ടി വെറുതെപറഞ്ഞതല്ലേ''അനൂപ് പ്രദീപിനെ അനുനയിപ്പിച്ചു.


''പോട്ടെ, ഞാനത് വിട്ടു''പ്രദീപ് പറഞ്ഞു''നിനക്ക് നല്ലത് നോക്കി ഒരു സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഞാന്‍ വാങ്ങിത്തരാം''.


''പുത്യേത് വാങ്ങാനാണ് അമ്മ പറഞ്ഞത്''.


''അമ്മയ്ക്ക് അറിയാഞ്ഞിട്ടാണ്. പുത്തന്‍ഫോണ്‍ വാങ്ങി പിറ്റേദിവസം കൊടുക്കാന്‍ചെന്നാല്‍ അഞ്ഞൂറ് ഉറുപ്പിക കളീല്യാതെ കയ്യിന്ന് പോവും. അധികം ഉപയോഗിക്കാത്ത സാധനംനോക്കി വാങ്ങ്യാമതി. നിങ്ങള്‍ക്ക് അറിയ്യോ ഈ ടൌണില് മാസംതോറും മൊബൈല് മാറ്റുണ ആള്‍ക്കാര് എത്രീണ്ടെന്ന്''.


''പഴേത് വാങ്ങുണകാര്യം വീട്ടില്‍ ചോദിച്ചിട്ട് നാളെ പറയാം ''.


''അതു മതി. പുത്തന് ഏഴെട്ടായിരം ഉറുപ്പിക  വിലയുള്ള നല്ല സെറ്റ് ചിലപ്പോ മൂന്നിനും മൂന്നരയ്ക്കും നാലിനും ഒക്കെകിട്ടും. അതൊക്കെ ഒരുലക്കാണ്''.


''അത്ര്യോക്കെ വില കുറച്ച് കിട്ട്വോ''.


''എന്താ കിട്ടാണ്ടെ. അടുത്തമാസം ഞാന്‍ ഒരു സെക്കന്‍ഡ്ഹാന്‍ഡ് നോക്കിയ 5800 വാങ്ങുന്നുണ്ട്. 3.2 മെഗാപിക്സല്‍ ക്യാമറയും ഫ്ലാഷും ഒക്കെ ഉള്ളത്. അതിന്‍റെ പുതുതിന്ന് പതിനാലായിരം ഉറുപ്പിക വെലീണ്ട്. ആറ്, ആറര, ഏഴിന്നുള്ളില്‍ ഞാനത് സംഘടിപ്പിക്കും. നിനക്ക് വേണച്ചാല്‍ അതന്നെ ഒരെണ്ണം വാങ്ങിത്തരാം. സാംസങ്ങ് മതീച്ചാല്‍ നീ ഗാലക്സി എടുത്തോ. പതിനായിരം മുതല്‍ പതിനയ്യായിരം വിലവരുണ സെറ്റുകളാ പകുതി വിലയ്ക്ക് കിട്ടിണത് ''.


''എനിക്ക് അത്രപൈസ മുടക്കാനില്ല. ചുരുങ്ങ്യേവിലയ്ക്കുള്ളത് മതി''.


''അമ്മടെ അടുത്ത് ചോദിച്ച് തീരുമാനിക്ക്. എന്നിട്ട് എന്താണ് പറ്റ്യേത് എന്ന് ആലോചിക്കാം''.


''നിങ്ങള് മൊബൈലിന്‍റെ കാര്യം പറഞ്ഞുംകൊണ്ട് നിന്നാല്‍ ഞാന്‍ എന്‍റെ വഴിക്ക് പോവും''റഷീദ് പറഞ്ഞു.


''ദേഷ്യപ്പെടാതെടാ പൊന്നേ. ഞങ്ങള്‍ ഇതാ വരുണു''. കോട്ടയിലേക്കുള്ള കവാടംകടന്ന് ബൈക്കുകള്‍ റോഡിലേക്കിറങ്ങി.

**********************

ടൌണിലെ പ്രമുഖ പിഡിയാട്രീഷ്യനെ കാണാന്‍ അനൂപ് ചെന്നപ്പോള്‍ മുറ്റത്ത് കുട്ടിയേയും എടുത്ത് അനിരുദ്ധന്‍ നില്‍ക്കുകയാണ്. മറ്റൊരു കമ്പിനിയിലെ മാനേജരാണ് അദ്ദേഹം.


''എന്താ സാറേ കുട്ടിയ്ക്ക്''അവന്‍ ചോദിച്ചു.


''ഇന്നലെവരെ ഒന്നൂല്യാ. രാത്രി രണ്ടുമൂന്ന് പ്രാവശ്യം കുട്ടി ഛര്‍ദ്ദിച്ചു. രാവിലെ നോക്കുമ്പോള്‍ നല്ല പനി''.


''ഡോക്ടറ് നോക്കീലേ''.


''ഇല്ല. ഞങ്ങളിപ്പോള്‍ എത്ത്യേതേയുള്ളൂ. വന്നതും ഞാന്‍ ഡോക്ടറെ മൊബൈലില്‍ വിളിച്ചു. അവര്‍ കാപ്പി കുടിക്ക്യാണ്. തിരിച്ചുവന്നതും വിളിപ്പിക്കാമെന്ന് പറഞ്ഞു. പരിചയം ഉള്ളതോണ്ട് അങ്ങിനെ ചില ഗുണങ്ങളുണ്ട്''.


''നല്ല തിരക്കുണ്ടല്ലോ''അനൂപ് പരിസരം മുഴുവന്‍ കണ്ണോടിച്ചിട്ട് പറഞ്ഞു.


''നേരം വെളുക്കുംമുമ്പ് വന്നതാണ്. അപ്പോഴേക്കും ടോക്കണ്‍ നമ്പര്‍ ഇരുപതായി. ഇപ്പൊ നോക്കുണത് പതിനഞ്ച്'' സംഭാഷണം കേട്ടുനിന്ന ഒരാള്‍ പറഞ്ഞു ''ഇപ്പോ സമയം പത്തര ആയിട്ടേള്ളു. ഇനിയും ഒരു മണിക്കൂര്‍ വേണംന്ന് തോന്നുണു''.


''ഞാനിപ്പൊ നിന്നാല്‍ ഡോക്ടറെ കാണാന്‍ പറ്റില്ല അല്ലേ സാറേ''.


''റെപ്പുകള്‍ ഉച്ചകഴിഞ്ഞിട്ട് വന്നാല്‍ മതീന്നു പറഞ്ഞ് എത്തിയവരെ മുഴുവന്‍ ടോക്കണ്‍ കൊടുക്കുണ സ്ത്രീ മടക്കി അയക്കിണത് കണ്ടു''.


''ഞാന്‍ എന്തെങ്കിലും ചെയ്യണോ സാറേ''അനൂപ് ചോദിച്ചു.


''ഒന്നും വേണ്ടാ. നിനക്ക് സെയില്‍സ് എങ്ങിനീണ്ട്'' അനിരുദ്ധന്‍ ചോദിച്ചു.


''ആദ്യോക്കെ ടാര്‍ജറ്റ് കടന്ന് ഇന്‍സെന്‍റീവ് കിട്ടീരുന്നു. കമ്പിനീല് പുത്യേ സെയില്‍സ് മാനേജര്‍ വന്നതോടെ അതുപോയി. അയാള്‍ മുമ്മൂന്ന് മാസം കൂടുമ്പൊ ടാര്‍ജറ്റ് കൂട്ടാന്‍ തുടങ്ങി. അതിനുശേഷം എത്ര ഓടീട്ടും ടാര്‍ജറ്റ് എത്തിണില്യാ''.


''ഇതന്ന്യാണ് ഈ ഫീല്‍ഡിലെ തകരാറ്. ഓരോരുത്തര് വലിയ പോസ്റ്റില്‍ ചാര്‍ജ്ജ് എടുക്കുമ്പോള്‍ ഉള്ളതിന്‍റെ ഇത്രശതമാനം സെയില്‍സ് കൂട്ടാന്ന് കമ്പിനിക്കാരോട് കമ്മിറ്റ് ചെയ്യും. പിന്നെ വാഗ്ദാനം പാലിക്കാനായി താഴെക്കിടയിലുള്ളവരുടെ മുതുകത്ത് കുതിരകേറാന്‍ തുടങ്ങും. കുറച്ചു കാലം കഴിയുമ്പോഴേക്ക് ആര്‍ക്കായാലും മടുപ്പുതോന്നും''. കുറച്ചുനേരം രണ്ടുപേരും മിണ്ടാതെനിന്നു. സ്വന്തം കഷ്ടപ്പാടുകളാണ് ഇരുവരുടേയും മനസ്സു നിറയെ.


''വേറെ എന്തെങ്കിലും ജോലികിട്ടുണതുവരെ ഈ പണി ചെയ്യാം എന്നേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു''അനൂപ് പറഞ്ഞു''എന്‍റെ അച്ഛന്‍ സുഖമില്ലാതെ കിടപ്പിലാണ്. അതോടെ അമ്പലത്തില്‍നിന്നുള്ള വരുമാനം മുടങ്ങി. ഇപ്പൊ കഴിഞ്ഞുകൂടാന്‍ എന്‍റെ ഈ പണിയല്ലാതെ വേറൊന്നും ഇല്ല''.


''ഇങ്ങിനെ ഓരോ പ്രശ്നങ്ങള്‍ ഉള്ളതോണ്ടാണ് എല്ലാവരും ഈ ഫീല്‍ഡില്‍ കടിച്ചുപിടിച്ച് നില്‍ക്കിണത്. നിങ്ങളൊക്കെ ചെറുപ്പോല്ലേ. കഴിയുന്നത്ര പെട്ടെന്ന് സമാധാനത്തോടെ ചെയ്യാന്‍പറ്റുണ വേറെ ഏതെങ്കിലും തൊഴില്‍  കണ്ടെത്താന്‍ നോക്ക് '' അനൂപിനെ ഇങ്ങിനെ ഉപദേശിക്കുമ്പോഴും അതത്ര എളുപ്പമല്ല എന്ന വസ്തുത അനിരുദ്ധന്‍ മനസ്സിലോര്‍ത്തു.


''എന്താ സാര്‍ ആലോചിക്കിണത്''അനൂപിന്‍റെ ചോദ്യം അനിരുദ്ധനെ ചിന്തയില്‍നിന്ന് ഉണര്‍ത്തി. അയാള്‍ അവന്‍റെ മുഖത്തേക്ക് നോക്കി. എന്നിട്ടെന്താ സാര്‍ നല്ലൊരു ജോലി സമ്പാദിച്ചില്ല എന്ന ചോദ്യം അവന്‍റെ മുഖത്ത് നിഴലിച്ചതുപോലെ അയാള്‍ക്കു തോന്നി.


''അനൂപേ'' അയാള്‍ വിളിച്ചു''പ്രാരബ്ധങ്ങളുടെ കൈപിടിച്ചാണ് ഞാന്‍ വളര്‍ന്നത്. നന്നായിപഠിച്ചെങ്കിലും പ്രൊഫഷ്ണല്‍ കോഴ്സിന്ന് ചേരുണ കാര്യം സങ്കല്‍പ്പിക്കാന്‍പോലും പറ്റില്ല. എങ്ങിനേക്ക്യോ ഒരു ഡിഗ്രി ഒപ്പിച്ചെടുത്തു. ബി.എസ്.സി.ക്ക് കെമിസ്ട്രി മെയിനായിരുന്നു. നല്ല മാര്‍ക്കും കിട്ടി. എം.എസ്.സി.യും എം.ഫിലും എടുക്കണം, കോളേജ് ലക്ച്ചററാവണം എന്നൊക്കെ മോഹിച്ചതാണ്. ഒന്നും നടന്നില്ല. വീട്ടിലെ പ്രയാസങ്ങള്‍ കണ്ട് എന്തെങ്കിലും ജോലി സമ്പാദിക്കണംന്ന് ഉറപ്പിച്ചു. അന്ന് പെട്ടെന്ന് കിട്ട്യേജോലി മെഡിക്കല്‍ റെപ്പിന്‍റേതായിരുന്നു. പിന്നെ അതില്‍ത്തന്നെ കൂടേണ്ടിവന്നു''. 


''വേറൊന്നും കിട്ടീല്ലേ''.


''ഇല്ലാന്ന് പറഞ്ഞുകൂടാ. കെ.എസ്.ആര്‍.ടി.സി.യില്‍ കണ്ടക്ടറായി കിട്ടി. കഷ്ടപ്പെട്ട് പഠിപ്പിച്ചത് കാക്കിയിട്ട് ബാഗുംതൂക്കി നടക്കുണത് കാണാനല്ല എന്നായിരുന്നു അച്ഛന്‍റെ പ്രതികരണം. എക്സൈസ് ഗാര്‍ഡിന്‍റെ പണി കിട്ട്യേപ്പൊ കള്ളുകുടി പഠിക്കാന്‍വേണ്ടി ഈ പണിക്കു പോണ്ടാ എന്നു പറഞ്ഞ് അതും മുടക്കി. എല്‍.ഡി.സി. റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിരുന്നു. നിയമനം കിട്ടുമ്പോഴേക്ക് എ.ബി.എം. ആയി. മാനേജര്‍ പണി കളഞ്ഞ് ക്ലാര്‍ക്കാവാന്‍ പ്രാന്തുണ്ടോ എന്നുപറഞ്ഞ് അതും തടഞ്ഞു. മകന്‍ നല്ല ഷര്‍ട്ടും പാന്‍റും ഇട്ട് കാലില്‍ ഷൂസുമായി ടൈയുംകെട്ടി നടക്കുന്നതു കാണാന്‍ അച്ഛന്‍ മോഹിച്ചിരുന്നു. കുറ്റം പറഞ്ഞതല്ല. തലയിലെഴുത്ത് എന്നു പറയില്ലേ. അത് മായ്ച്ചാല്‍ മായില്ല''.


''പണി എത്രവേണച്ചാലുംചെയ്യാന്‍ എനിക്ക് മടീല്ല സാര്‍ . ഈ പ്രഷറാണ് സഹിക്കാന്‍ വയ്യാത്തത്''.


''അനൂപേ, എല്ലാവര്‍ക്കും ഓരോവിധത്തിലുള്ള പ്രഷര്‍ ഉണ്ട്. അത് സഹിക്കാതെ പറ്റില്ലല്ലോ'' അനിരുദ്ധന്‍ തന്‍റെ പ്രയാസങ്ങള്‍ പറഞ്ഞു തുടങ്ങി.


''ഈ സമയത്ത് കോഴിക്കോടുള്ള സ്റ്റോക്കിസ്റ്റിന്‍റെ അടുത്ത് എത്തേണ്ട ആളാണ് ഞാന്‍. ഇരുപത്തഞ്ച് ബോക്സ് പാന്‍റാപ്രസോളിന്ന് അയാള്‍ ഓര്‍ഡര്‍ തന്നതായിരുന്നു. സി അന്‍ഡ് എഫില്‍ സാധനം സ്റ്റോക്കില്ല. അവിടെ ഉണ്ടായിരുന്നത് റാബി പ്രസോള്‍ വിത്ത് ഡോംപെരിഡോണ്‍ ആണ്. എന്‍റെ റീജിയണല്‍ മാനേജര്‍ അതൊരു മുപ്പത്തഞ്ചുബോക്സ് അയച്ചുകൊടുത്തു. സ്റ്റോക്കിസ്റ്റിന്‍റെ അടുത്ത് ഇപ്പോഴേ പത്ത് പതിനഞ്ച് ബോക്സുണ്ട്. അയാള്‍ റെപ്പിനെ വിളിച്ച് പൂരത്തെറി. അയച്ചസാധനം തിരിച്ചയക്കുമെന്ന് തറപ്പിച്ച് പറഞ്ഞു. ''അനിരുദ്ധാ, താന്‍ പോയി എങ്ങിന്യേങ്കിലും സംസാരിച്ച് ശരിയാക്ക്'' എന്നുപറഞ്ഞ് ആര്‍.എം. എന്‍റെ തലയില്‍ കെട്ടിവെച്ച് കൈ കഴുകി. ഇന്നലെ എന്‍റെ അച്ഛന്‍റെ ശ്രാര്‍ദ്ധമാണ്. അതുകാരണം എനിക്ക് പോവാനായില്ല. ആര്‍.എം. ചോദിച്ചപ്പോള്‍ ഞാനാ വിവരം പറഞ്ഞു. അയാള്‍ എന്താപറഞ്ഞത് എന്ന് തനിക്ക് കേള്‍ക്കണോ? നോണ്‍സെന്‍സ്. തന്‍റെയൊരു ശ്രാര്‍ദ്ധവും തേങ്ങാക്കുലയും. ഓരോന്ന് പറഞ്ഞ് താന്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ നോക്കണ്ടാ. സാധനം മടങ്ങി വന്നാല്‍ തന്‍റെ പണി കാണില്ല എന്ന്. ഇന്നുകാലത്തന്നെ സ്റ്റോക്കിസ്റ്റിനെ കണ്ടു സംസാരിച്ച് ശരിയാക്കാമെന്ന് പറഞ്ഞിട്ടാണ് ആ ചങ്ങാതി ഒന്നടങ്ങിയത്. ഇപ്പോള്‍ ഇങ്ങിനേയും ആയി. ആകെയുള്ള ഒരു മകളാണ്. അതിന്ന് സുഖമില്ലാതായാല്‍ പണിയാണ് വലുത് എന്നു പറഞ്ഞ് നമുക്ക് പോവാന്‍ കഴിയ്യോ. അതുകാരണം ജോലിപോവ്വാണച്ചാല്‍ പോട്ടെ. അല്ലാതെ ചാവാന്‍ പറ്റില്ലല്ലോ''. 


''ഞാന്‍ വിചാരിച്ചത് മാനേജര്‍ ആയാല്‍ രക്ഷപ്പെട്ടു എന്നാണ്''.


''അനൂപിന് അറിയാഞ്ഞിട്ടാണ്. റെപ്പിനെ സഹായിക്കാന്‍ യൂണിയനുണ്ട്. മാനേജര്‍മാര്‍ക്ക് അതും ഇല്ല''.


''ഞാന്‍ പോട്ടെ സാറെ. ഒന്നുരണ്ട് ഹോസ്പിറ്റല്‍ കാളുകള്‍ കണ്ടിട്ട് പിന്നെ വരാം'' അനൂപ് യാത്രപറഞ്ഞു.


''കുട്ട്യേ കാറ്റുകൊള്ളിച്ച് നിര്‍ത്തണ്ടാ''എന്നുപറഞ്ഞ് ഭാര്യവന്ന് കുഞ്ഞിനെ വാങ്ങിക്കൊണ്ട് അകത്തേക്കുപോയി. അനിരുദ്ധന്‍ അവള്‍ പോവുന്നതു നോക്കിനിന്നു. 


ഈ വിവാഹത്തിന്നു സമ്മതിക്കേണ്ടിയിരുന്നില്ല എന്നയാള്‍ ഒരുനിമിഷം ചിന്തിച്ചു. സാമ്പത്തിക ബാദ്ധ്യതകളില്‍നിന്ന് കരകയറാന്‍ ഈശ്വരന്‍ നല്‍കിയ അവസരം ഉപയോഗപ്പെടുത്തുമ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല എന്നതായിരുന്നു സത്യം. അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് ഒരുപെണ്‍കുട്ടിയെ ദുരിതംനിറഞ്ഞ ജീവിതത്തിലേക്ക് ക്ഷണിക്കില്ലായിരുന്നു. പ്രയാസങ്ങള്‍ തീര്‍ന്ന് ആശ്വാസം ലഭിച്ചെങ്കിലും എന്നും ഉള്ളിലൊരു കുറ്റബോധം നില നില്‍ക്കുന്നു.


പക്ഷെ രാധികയുടെ കാര്യം അതല്ലല്ലോ. കോടീശ്വരനായ പിതാവിന്‍റെ ഏകപുത്രിയാണ് അവള്‍. ഒരു അല്ലലും അവള്‍ അറിഞ്ഞിട്ടില്ല. പക്ഷെ ഒറ്റനോട്ടത്തില്‍തോന്നിയ ആകര്‍ഷണീയതകൊണ്ട് ഈ പാവപ്പെട്ടവന്‍റെ ജീവിതത്തിലേക്ക് രാധിക കടന്നുവന്നു. തന്‍റെ കഷ്ടപ്പാടുകള്‍ അവളോ, അവളുടെ വീട്ടുകാരോ അറിയാന്‍ പാടില്ല. ഇതുവരെ ഒന്നും അവരെ അറിയിക്കാതെ കഴിച്ചു. എത്രകാലം അതിനാവുമെന്ന് അറിയില്ല. ഒരു ദിവസം പ്രയാസങ്ങളൊക്കെ അവര്‍ മനസ്സിലാക്കും അതുവരെ എല്ലാം മനസ്സിലൊതുക്കി കഴിയാം.


''വരൂ. ഡോക്ടര്‍ അനിയേട്ടനെ വിളിച്ചു'' ഭാര്യവന്നു വിളിച്ചപ്പോള്‍ അയാള്‍ പുറകെനടന്നു.


''ഇവിടെ ഇത്രതിരക്കുണ്ടാവും എന്നറിഞ്ഞാല്‍ ഞാന്‍ വരില്ലായിരുന്നു'' തിരിച്ചുപോരുമ്പോള്‍ രാധിക പറഞ്ഞു.


''കുട്ടിക്ക് സുക്കട് വന്നാല്‍ ഡോക്ടറെ കാണിക്കണ്ടേ. ടോക്കണ്‍ വാങ്ങി ക്രമമനുസരിച്ചല്ലല്ലോ നമ്മള്‍ ഡോക്‌ടറെ കണ്ടത്''.


''എന്‍റെ അച്ഛനോടു പറഞ്ഞാല്‍ ഈ ഡോക്ടറെ നമ്മടെ വീട്ടിലേക്ക് കൂട്ടീട്ടു വന്നേനെ''. 


''സമാധാനം. ഡോക്ടറെ വിലയ്ക്ക് വാങ്ങും എന്നു പറഞ്ഞില്ലല്ലോ'' എന്ന് അനിരുദ്ധന്‍ മനസ്സിലോര്‍ത്തു.


അദ്ധ്യായം 12


കളി കഴിഞ്ഞപ്പോള്‍ ഇത് എന്ത് ഫൈനലാണ് എന്ന് അനൂപിന്നു തോന്നി. ഫൌളും തമ്മില്‍തല്ലല്ലും ഒക്കെകൂടി മൊത്തത്തില്‍ കളി അലങ്കോലമാക്കി. മിനക്കെട്ട് ഓടിപ്പാഞ്ഞ് വീടെത്തിയതേ ചന്തപ്പുരമൈതാനിയില്‍ നടക്കുന്ന സെവെന്‍സ് ഫുട്ബാള്‍ ഫൈനല്‍ മത്സരം കാണാനായിരുന്നു.


''കുട്ടാ, മണല് തീരാറായി. നമ്മള് രണ്ടാള്‍ക്കുംകൂടി രണ്ട് നട മണല് കടത്ത്യാലോ''എന്ന് അമ്മ ചോദിച്ചതായിരുന്നു.


''നാളെ ഞായറാഴ്ചല്ലേ അമ്മേ. ഒഴിവോടെ കൊണ്ടുവരാലോ. അതു പോരെ''എന്നുപറഞ്ഞ് കളികാണാന്‍ സമ്മതവുംവാങ്ങി പോന്നതാണ്.


പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ പ്രസംഗം തീര്‍ന്നതേയുള്ളു. സമ്മാനദാനം തുടങ്ങുമ്പോഴേക്ക് മൈതാനത്തിന്‍റെ കിഴക്കുഭാഗത്ത് കാതടപ്പിക്കുന്ന ഒച്ചയോടെ ഇടിയും മിന്നലും ഉണ്ടായി. അനൂപ് ഉടനെ വീട്ടിലേക്ക് തിരിച്ചു. മെയിന്‍ റോഡില്‍ എത്തുമ്പോള്‍ മഴ പെയ്യുമോ എന്നൊരു സംശയം തോന്നി. സ്കൂട്ടറിലാണ് വന്നതെങ്കില്‍ ഇത്തിരി വളഞ്ഞ വഴിയാണെങ്കിലും വേഗത്തില്‍ വീട്ടിലെത്താമായിരുന്നു.  എളുപ്പ വഴിക്കാണ് എന്നും നടക്കാറ്. മെയിന്‍ റോഡില്‍നിന്ന് പഞ്ചായത്ത് വഴിയില്‍കയറി ഒറ്റത്തേക്കിന്നടുത്തു വരണം. അവിടെനിന്ന് വലിയ വയല്‍വരമ്പിലേക്കിറങ്ങി പത്തുമിനുട്ട് നേരം നടന്നാല്‍ വീടെത്തി.


മെയിന്‍ റോഡുവിട്ട് പഞ്ചായത്ത് പാതയില്‍ എത്തിയപ്പോള്‍ ചന്നംപിന്നം മഴ തുടങ്ങി. അനൂപ് നടത്തം ഓട്ടമാക്കി. ഒറ്റത്തേക്കിനടുത്ത് എത്തുംമുമ്പ് മഴ കനത്തു. പൊളിഞ്ഞുപാളീസായി പൂട്ടി കിടക്കുന്ന കുഞ്ഞുമോന്‍റെ പെട്ടിക്കടയുടെ ഇറമ്പിലേക്ക് അനൂപ് കേറിനിന്നു. കളി കാണാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മഴപെയ്യാനുള്ള ഒരു സാദ്ധ്യതയും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ കയ്യിലൊരുകുട കരുതുമായിരുന്നു.


അനൂപ് ടോര്‍ച്ച് പെട്ടിപ്പീടികയുടെ മേല്‍ക്കൂരയിലേക്ക് വെറുതെ അടിച്ചു നോക്കി. പേടിച്ചരണ്ട മുഖഭാവത്തോടെ ഒരു വാഴത്തവള മുളങ്കമ്പില്‍ ഒട്ടിപ്പിടിച്ച് ഇരിപ്പുണ്ട്. ഉടമസ്ഥന്‍ കട ഉപേക്ഷിച്ചു പോവുമ്പോള്‍ ആ തവളയെ കാവലാക്കിയതാവുമെന്ന് അനൂപ് ഒട്ടുതമാശയോടെ ഓര്‍ത്തു.


കുഞ്ഞുമോന്‍ തീരെപാവമായിരുന്നു. ആരോടും മുഖത്തുനോക്കി കാര്യം പറയാന്‍ അറിയാത്ത ആള്‍. പറ്റുവരവുകാര്‍ പലരും കടം വാങ്ങി കൊടുക്കാതെ അയാളെ തോല്‍പ്പിച്ചു. മിക്കദിവസങ്ങളിലും മൂപ്പര്‍ പാലക്കാട് ചെന്ന് സിനിമ കാണും. ആ സമയത്ത് അയാളുടെ ചെറിയ അനുജനാണ് പീടികയില്‍ ഇരിക്കാറ്. കടയിയില്‍ വില്‍ക്കാന്‍ വെച്ച മിഠായികള്‍ മിക്കവാറും അവന്‍ തിന്നുതീര്‍ക്കും. കുഞ്ഞുമോന്‍ കടയിലുള്ള സമയത്ത് ബീഡിയും സിഗരറ്റും മാറിമാറി വലിയ്ക്കും. സാധനങ്ങളൊക്കെ തീര്‍ന്ന് പീടിക പുട്ടേണ്ട ഘട്ടത്തിലെത്തുമ്പോള്‍ വല്ല ബന്ധുക്കളുടേയും സഹായത്തോടെ കച്ചവടം ഒരിക്കല്‍കൂടി നന്നാക്കും ഒടുവില്‍ അവരും മടുത്തു. ഒരുരാത്രി അയാള്‍ പീടികപൂട്ടി വീട്ടിലേക്കു പോവുമ്പോള്‍ കാലിക്കുപ്പികള്‍ ചാക്കിലാക്കി കടത്തി. അതിനുശേഷം ഒരിക്കലും കട തുറന്നിട്ടില്ല. കൊയമ്പത്തൂരിലെ ഏതോ ലോറിബ്രോക്കര്‍ ഓഫീസില്‍ കയറ്റിറക്ക് തൊഴിലാളിയായി ജോലിക്കുചേര്‍ന്നതായി പിന്നീട് പറഞ്ഞുകേട്ടു.


മഴ തോരാനുള്ള ലക്ഷണമില്ല. ചിലരൊക്കെ പഞ്ചായത്ത് റോഡിലൂടെ ഇടയ്ക്ക് കയ്യില്‍ കുടയുമായി വരുന്നുണ്ടായിരുന്നു. അനൂപ് അവരെ ഉറ്റുനോക്കിക്കൊണ്ടങ്ങിനെ നിന്നു. വീടിന്‍റെ ഭാഗത്തേക്കുള്ള ആരേയും കാണാനായില്ല. അമ്പലത്തിന്നടുത്തുവീടുള്ള ആരെങ്കിലും കുടയുമായി വന്നാല്‍ എത്ര നന്നായിരുന്നു. തലയെങ്കിലും നനയാതെ അവിടംവരെ എത്താമല്ലോ. പിന്നെ ഒറ്റഓട്ടം മതി, വീടെത്തും .


ഇപ്പോള്‍ അമ്മ പരിഭ്രമിച്ച് പടിക്കലേക്കുംനോക്കി ഇരിക്കുകയാവും.  ഇടയ്ക്കൊക്കെ മക്കളോട് ദേഷ്യപ്പെടുമെങ്കിലും സമയത്തിന് അവരെ കാണാഞ്ഞാല്‍ അമ്മയ്ക്ക് പേടിയാണ്. വെറുതെ കളികാണാന്‍ വന്ന നേരം അമ്മയോടൊപ്പംചെന്ന് മണല് കടത്തിയാല്‍ മതിയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പണിമുഴുവന്‍ തീരുമെന്നാണ് പറയുന്നത്. അമ്മ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് അതിരില്ല.  അതാലോചിച്ചപ്പോള്‍   കണ്ണുനിറഞ്ഞു.


''എന്താ അനൂ നീ ഇവിടെ നില്‍ക്കിണത്, കുടയില്ലാഞ്ഞിട്ടാണോ'' എന്ന ചോദ്യം കേട്ടപ്പോള്‍ അനൂപിന്ന് പരിസരബോധംവന്നു. നോക്കുമ്പോള്‍ മുമ്പില്‍ മേമ നില്‍ക്കുന്നു. കുട്ടിക്കാലം മുതല്‍ക്കേ സാവിത്രിവാരസ്യാരെ അനൂപ് മേമ എന്നാണ് വിളിക്കാറ്. ഇന്ദിരയുടെ സമപ്രായക്കാരിയാണ് വാരസ്യാര്‍. മാത്രമല്ല സ്വന്തം ആങ്ങളയായിട്ടാണ് അവര്‍ രാമകൃഷ്ണനെ കണക്കാക്കുന്നതും.


''മേമേ, വീട്ടിന്ന് വരുമ്പൊ മഴടെ ലക്ഷണംകൂടി ഉണ്ടായിരുന്നില്ല''അനൂപ് പറഞ്ഞു''പെട്ടെന്നാണ് മഴ തുടങ്ങ്യേത് ''.


''സന്ധ്യക്ക് ശേഷമേ വീടെത്തു എന്ന് തോന്നുമ്പോള്‍ കയ്യില്‍ ഒരു ടോര്‍ച്ച് കരുതണം. മഴക്കാലത്ത് കുടയും''അവര്‍ പറഞ്ഞു.


''എന്‍റേല് ടോര്‍ച്ചുണ്ട്''.


''നീ ഈ കുടേലിക്ക് കേറിനിന്നോ. രണ്ടാളും നനയും. എന്നാലും കുട ഉണ്ടായിരുന്നു എന്ന് പറയാലോ''. അനൂപ് സാവിത്രിയുടെ കുടയില്‍ അഭയംതേടി. ഒരുനിമിഷത്തിനകം കുടക്കമ്പികളില്‍നിന്ന് പ്രവഹിക്കുന്ന മഴവെള്ളത്തില്‍ രണ്ടാളുടേയും വസ്ത്രങ്ങള്‍ നനഞ്ഞു.


''മേമ എന്താ ഇത്ര വൈക്യേത്'' അനൂപ് ചോദിച്ചു.


''ശനിയാഴ്ച ഉച്ചവരയ്ക്കേ ബാങ്കുള്ളൂ. പറഞ്ഞിട്ടെന്താ കാര്യം. അവിടെ നിന്ന് ഇറങ്ങാന്‍ പിന്നേം  സമയംപിടിക്കും. പോരാത്തതിന്ന് ഇന്ന് ബസ്സുകാരടെവക മിന്നല്‍പണിമുടക്കും. ആരോ ചിലര് ഒരു ഡ്രൈവറെ തല്ലീന്നാ പറഞ്ഞത്. ഒരുവിധത്തില്‍ ട്രാന്‍സ്പോര്‍ട്ട് കിട്ടി ഇവിടെ എത്തുമ്പൊ ഇതാ നേരം. ആഴ്ച്ചേല്  ഒരുദിവസേ അമ്മടെ അടുത്ത് ഉണ്ടാവൂ. അത് മുടങ്ങ്യാല്‍ അമ്മയ്ക്ക് വിഷമം ആയാലോ എന്ന് കരുതീട്ടാ. അല്ലെങ്കില്‍ ഇത്രകഷ്ടപ്പെട്ട് വരില്യായിരുന്നു''.


രാത്രിയാവാന്‍ ഇനിയും സമയമുണ്ട്. കാറും മഴയും കാരണം നന്നേ ഇരുട്ടിക്കഴിഞ്ഞു. ഇടയ്ക്ക് ഉണ്ടാവുന്ന മിന്നല്‍വെളിച്ചത്തില്‍ വഴി വക്കത്തുള്ള പറമ്പിലെ നനഞ്ഞവാഴയിലകള്‍ വെട്ടിത്തിളങ്ങി.


''കുടയിലേക്ക് ചേര്‍ന്ന് നില്‍ക്കെടാ അനൂ'' ഒറ്റത്തേക്കും കഴിഞ്ഞ് വലിയ വരമ്പത്തേക്ക് ഇറങ്ങുമ്പോള്‍ സാവിത്രി അനൂപിനോടു പറഞ്ഞു''വലിയ ആണായീന്ന് തോന്നുന്നുണ്ടോ നിനക്ക് ''. തോളിലൂടെ കയ്യിട്ട് അവര്‍ അവനെ അടുത്തേക്ക് ചേര്‍ത്തി.


''ഇന്ദിര ഓപ്പോള് പ്രസവിച്ച് കിടക്കുമ്പോ രാമകൃഷ്ണേട്ടന്‍റെകൂടെ ഞാന്‍ കാണാന്‍ വന്നതും, നിന്നെ എടുത്ത് മടിയില്‍ വെച്ചതും നീ സാരീല് മൂത്രം ഒഴിച്ചതും, അവന് നിന്നോട് ഇഷ്ടം ഉള്ളതോണ്ടാ എടുത്തതും മേത്ത് മൂത്രം ഒഴിച്ചത് എന്ന് നിന്‍റെ മുത്തശ്ശി പറഞ്ഞതും, ഇപ്പോള്‍ക്കൂടി എന്‍റെ ചെവീല്‍ കേള്‍ക്കുണുണ്ട്. എന്നെ മേമ എന്നു വിളിക്കാന്‍ അവരാ നിന്നെ പറഞ്ഞു പഠിപ്പിച്ചത്''.


ഉടുത്തത് മുഴുവന്‍ നനഞ്ഞുകുതിര്‍ന്നു. തലയില്‍വീഴുന്ന വെള്ളം മുഖത്തിലൂടെ ഒലിച്ചിറങ്ങി. വാരിയത്തിന്ന് മുമ്പിലെത്തിയപ്പോള്‍ നിന്നു. വാതില്‍ പൂട്ടിയിട്ടുണ്ട്.


''അമ്മീം അമ്മാമനും അമ്പലത്തിലുണ്ടാവും. അനൂ നീ ഓടിപ്പോയി താക്കോല് വാങ്ങീട്ട് വാ'' മേമ പറഞ്ഞതും അനൂപ് വേഗം ചെന്നു താക്കോലുമായി എത്തി. സാവിത്രി വാതില്‍ തുറന്നു.


''മേമേ, ഞാന്‍ പോട്ടേ'' അനൂപ് സമ്മതംചോദിച്ചു.


''അവിടെ നില്‍ക്ക്'' എന്നുപറഞ്ഞ് അവര്‍ അകത്തേക്കുചെന്ന് ഒരു തോര്‍ത്തുമായി തിരിച്ചെത്തി.


''ഇങ്ങിട്ട് നില്‍ക്ക്. തല തോര്‍ത്തട്ടെ. പനി പിടിക്കണ്ടാ'' അവര്‍ പറഞ്ഞു. അനൂപിന്‍റെ തലതോര്‍ത്തികൊടുത്തശേഷം, അകത്തുപോയി വസ്ത്രം മാറ്റിവന്ന സാവിത്രിയുടെ കയ്യില്‍ ഒരു ചെറിയഡപ്പി ഉണ്ടായിരുന്നു. അവര്‍ അവനെ അടുത്തേക്കു നിര്‍ത്തി. ഡപ്പിയില്‍ നിന്നെടുത്ത പൊടി അവന്‍റെ നിറുകയില്‍ ഇട്ട് കൈപ്പടംകൊണ്ട് നന്നായി തിരുമ്മി.


''രാസ്നാദി പൊട്യാണ് ഇത്. കുളി കഴിഞ്ഞാല്‍ അമ്മാമ അപ്പൊ തലയില്‍ തിരുമ്പും. ജലദോഷം വരില്ല''അവര്‍ പറഞ്ഞു''നീ കുട കൊണ്ടുപൊയ്ക്കോ. നാളെ എത്തിച്ചാല്‍ മതി''. ടോര്‍ച്ചും തെളിച്ച് കുടയുമായി അനൂപ് ഇറങ്ങി. ഇന്ദിര മകനെകാത്ത് ഉമ്മറത്ത് ഇരിപ്പാണ്.


''കുട ഉണ്ടായിട്ടും നീയെന്താ ഈറന്‍പിണ്ടി ആയത്'' നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി എത്തിയ മകനെനോക്കി അവര്‍ ചോദിച്ചു.


''ഇത് മേമടെ കൊട്യാണ്'' അവന്‍ വിവരങ്ങള്‍ വര്‍ണ്ണിച്ചു.


''പറയുമ്പോലെ ഇന്ന് ഉച്ചയ്ക്ക് ശേഷം  ഒഴിവാണല്ലോ. എന്തേ അവള് ഇത്ര നേരം വൈക്യേത്''. ബസ്സുകാരുടെ സമരംകാരണം വൈകിയതാണെന്ന് അനൂപ് പറഞ്ഞു.


''പാവാണ് ആ പെണ്ണ്. അതിന്‍റെ ഒരു തലേലെഴുത്ത്'' ആരോടെന്നപോലെ ഇന്ദിര പറഞ്ഞു.


''ഹരേ കൃഷ്ണാ''അതിന്‍റെ തുടര്‍ച്ചയെന്നോണം രാമകൃഷ്ണന്‍റെ ശബ്ദം കേട്ടു.


()()()()()()()()()


മരുന്നുകള്‍ മടക്കിയയ്ക്കാതിരിക്കാന്‍ എങ്ങിനെയാണ് സ്റ്റോക്കിസ്റ്റിനെ അനുനയിപ്പിക്കേണ്ടത് എന്ന ചിന്തയായിരുന്നു അനിരുദ്ധന്‍റെ മനസ്സു മുഴുവന്‍. കുട്ടിയുടെ അസുഖം മുഴുവന്‍ ഭേദമായിട്ടില്ല. പക്ഷെ അതു കാരണം എത്രദിവസം ജോലി ചെയ്യാതിരിക്കാന്‍ കഴിയും. കാലത്ത് പുറപ്പെടുമ്പോള്‍ കുട്ടി ഉണര്‍ന്നിട്ടില്ല. അല്ലെങ്കിലും അഞ്ചരമണിക്ക് അവള്‍ എഴുന്നേല്‍ക്കാറില്ല. തൊട്ടുനോക്കിയപ്പോള്‍ ചെറിയൊരു ചൂട് തോന്നിയിരുന്നു. ഡോക്ടര്‍ പറഞ്ഞതുപോലെ മരുന്നുകള്‍ കൊടുക്കാന്‍ ഭാര്യയെ ഏല്‍പ്പിച്ച് പുറപ്പെട്ടതാണ്. രാധികയോട് അച്ഛനെ വിവരം അറിയിക്കേണ്ടെന്ന് ശട്ടം കെട്ടിയിട്ടുണ്ട്. അയാള്‍ അറിഞ്ഞാല്‍ കുട്ടിയെ ഏതെങ്കിലും ഹോസ്പിറ്റലില്‍ അഡ്മിറ്റ്ചെയ്തേക്കും. വേണ്ടതുപോലെ കുട്ടിയെ നോക്കിയില്ല എന്ന കുറ്റപ്പെടുത്തലുമുണ്ടാകും. 


മുപ്പത്തഞ്ച് ബോക്സ് മരുന്നാണ് സി അന്‍ഡ് എഫില്‍ നിന്ന് സ്റ്റോക്കിസ്റ്റിന്ന് അയച്ചിട്ടുള്ളത്.  നേരത്തെ അയാളുടെ പക്കല്‍ പതിനഞ്ചോളം ബോക്സ് സ്റ്റോക്കുണ്ട്. ആകെ അമ്പതിനടുത്തുണ്ട്. പകുതി ലിക്വിഡേറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ മടക്കി അയക്കില്ല. രണ്ട് സോഴ്സ് കണ്ടിട്ടുണ്ട്. അനിരുദ്ധന്‍ വാച്ചില്‍ നോക്കി. സമയം ഏഴര കഴിഞ്ഞതേയുള്ളു. 


റെപ്പിനെ വിളിച്ചാലോ എന്നയാള്‍ ആലോചിച്ചു. നല്ല ഉത്തരവാദിത്വമുള്ള പയ്യനാണ്. മൊബൈല്‍ എടുത്ത് അവനെ വിളിച്ചു.


''ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ്'' അയാള്‍ പറഞ്ഞു ''ഇന്നലെ പറഞ്ഞ കാര്യം അന്വേഷിക്കണം''.


''ഇന്നലെത്തന്നെ ഞാന്‍ ചോദിച്ചു സാര്‍'' മറുപടി കേട്ടു ''കുട്ടിക്ക് സുഖമില്ലാതിരിക്കുമ്പോള്‍ സാറിനെ വിളിച്ച് ബുദ്ധിമുട്ടിക്കണ്ടാ             എന്നുവെച്ചിട്ടാണ്''. ഉദ്ദേശിച്ചപദ്ധതി നടക്കില്ല എന്നാണോ? മനസ്സില്‍ വേവലാതിയായി.


''എന്താ കാര്യം നടക്കില്ലേ''.


''നടക്കും സാര്‍. ഒരു ഹോസ്പിറ്റലിലേക്കുള്ള പര്‍ച്ചേസ് ഒപ്പിച്ചെടുത്തു. നൂറിന്ന് മുപ്പത് ഓഫര്‍ കൊടുക്കണം. എന്നാല്‍  ഇരുപത്തഞ്ച് ബോക്സ് എടുക്കാമെന്ന് ഫാര്‍മസിസ്റ്റ് പറഞ്ഞു. പിന്നെ അയാള്‍ക്ക് ഒരുകുപ്പി മറ്റേ  സാധനം വാങ്ങികൊടുക്കണം ''.


ഇരുപത്തഞ്ചും ഏഴരയും മുപ്പത്തിരണ്ടര ബോക്സ് ബില്ലടിപ്പിയ്ക്കാം. പിന്നെ ഒരുഫുള്‍ബോട്ടില്‍. അതിന്‍റെ പൈസ കയ്യില്‍നിന്ന് പൊയ്ക്കോട്ടെ. അനിരുദ്ധന്ന് സമാധാനമായി. അയാള്‍ നെഞ്ചില്‍ തടവി.


അദ്ധ്യായം - 13.


''നാളത്തേം മറ്റന്നാളത്തേംകൂടി പണീണ്ടാവും. അതോടെ ഇവിടത്തെ പണി കഴിഞ്ഞു''അടുക്കളയില്‍ വീതന കെട്ടിക്കൊണ്ടിരുന്ന പാറു ഇന്ദിരയോട് പറഞ്ഞു. 


ചുമരുതേക്കുകയും നിലംനേരാക്കുകയും ചെയ്യാത്ത അടുക്കളയുടെ ഒരു മൂലയില്‍ ചെങ്കല്ലുകൊണ്ട് അടുപ്പുകൂട്ടി അതിലായിരുന്നു ഇതേവരെ പാചകം ചെയ്തിരുന്നത്.


''രണ്ടുപറ ചുണ്ണാമ്പ് വാങ്ങി ചുമരിലൊക്കെ അടിക്കണംന്നുണ്ട്''ഇന്ദിര പറഞ്ഞു''തല്‍ക്കാലത്തേക്ക് അതുംകൂടി മതി''.


''വാര്‍പ്പ് കെട്ടിടത്തില്‍ ചുണ്ണാമ്പ് അടിക്ക്യേ. വെള്ളസിമിന്‍റ് ഒരു ചാക്ക് വാങ്ങി അടിക്കിന്‍''.


''അതിനൊക്കെ തോനെ കാശാവില്ലേ''.


''ഒരുപാടൊന്നും വരില്ല. എന്നെങ്കിലുംകാലത്ത് മകന് വീട് പെയിന്‍റ് അടിക്കണം എന്ന് തോന്ന്യാല് ചുണ്ണാമ്പ് തേച്ചാ ശര്യാവില്ല''.


''എങ്ങിനേങ്കിലും വെള്ള സിമിന്‍റ് വാങ്ങ്യാല്‍ ചുമരിലൊക്കെ അടിക്കാന്‍ പെയിന്‍റ് അടിക്കുന്ന ആരേങ്കിലും വിളിക്കണ്ടി വരും. അവര്‍ക്കൊക്കെ നല്ല കൂല്യാവും''.


''അതൊന്നും വേണ്ടാ. ഇത്തിരി വീതീള്ള ഒരു ബ്രഷ് വാങ്ങി തന്നാല്‍ ഞാന്‍തന്നെ അടിക്കാം''.


''എന്നാല്‍ അതുംകൂടി തീര്‍ത്തിട്ട് നീ പൊയ്ക്കോ''. ചിമ്മിനിയുടെ ചുവടെ ചെറിയൊരു തിണ്ടുകെട്ടി പാറു അതില്‍ അടുപ്പുണ്ടാക്കാന്‍ തുടങ്ങി.


''അല്ലാ തമ്പുരാട്ട്യേ, കുറച്ച് ദിവസായി ഞാന്‍ ചോദിക്കണംന്ന് മനസ്സില് വിചാരിക്കുന്നതാ. നിങ്ങള്‍ക്ക് ബന്ധുക്കളും വേണ്ടപ്പെട്ടോരും ഒന്നൂല്യേ''. ഇന്ദിര ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുനിറഞ്ഞു.


''അച്ഛനും അമ്മയും ചത്തുപോയാലും കൂടപ്പിറപ്പുകള് കാണില്ലേ. അതാ ചോദിച്ചത്''.


''ഉണ്ട്. കലയും പുലിയുംപൊലത്തെ രണ്ട് ആങ്ങളാരുണ്ട്''.


''എന്താ അവര് ചെയ്യിണ്''.


''അച്ഛന്‍ ആണ്‍മക്കളെ നല്ലോണം പഠിപ്പിച്ചു. രണ്ടാളുംഎന്നെപ്പോലെ മണ്ടൂസൊന്നും ആയിരുന്നില്ല, മൂത്ത ആള് പഠിച്ച് എഞ്ചിനീയറായി. മറ്റേ ആള് ഹോമിയോ ഡോക്ടറും''.


''അവരൊന്നും ഇങ്ങിട്ട് വരാറില്ലേ''.


''കാശും പണൂം ഇല്ലാത്ത ഗതികെട്ട പെങ്ങളെ ആരക്കാ പാറ്വോ വേണ്ടത്. ലോഹ്യത്തിലാണെങ്കില്‍ പെങ്ങള് വല്ല സഹായൂം ചോദിച്ചാലോ എന്ന പേടി ഏട്ടന്മാര്‍ക്കുണ്ടാവും. അലോഹ്യപ്പെട്ട് കഴിഞ്ഞാല്‍ അത് കൂടാണ്ട് കഴിഞ്ഞില്ലേ''.


''നല്ല ആള്‍ക്കാരന്നെ. നിങ്ങള് നിങ്ങടെ ഭാഗംചോദിക്കിന്‍. അപ്പൊ എത്തും ആങ്ങളാര് നിങ്ങടെ മുമ്പില്''.


''അതൊന്നും നടക്കില്ല''ഇന്ദിര പറഞ്ഞു''അച്ഛന്‍ മരിച്ച പുലടെ എടേല് രണ്ടാളുംകൂടി എന്നെക്കൊണ്ട് കുറെകടലാസില് ഒപ്പിടീപ്പിച്ചു. അന്ന് ഭാഗാധാരം ഉണ്ടാക്കാനാണെന്ന് പറഞ്ഞിട്ട് ചെയ്യിച്ചതാണ്. ഞാനൊരു പൊട്ടിക്കാളി. എന്‍റെ ഏട്ടന്മാരല്ലേ എന്നു വിചാരിച്ച് ഞാന്‍ ആരോടും ചോദിക്കാതെ കടലാസ്സില് ഒപ്പിട്ടു കൊടുക്കുംചെയ്തു. മഹാപാപികള്‍ കുടുംബസ്വത്തിലുള്ള എന്‍റെ അവകാശം പണംവാങ്ങി ഒഴിമുറി വെച്ചൂന്ന് എഴുതി ഉണ്ടാക്കീട്ട് എന്നെ പറ്റിച്ചു.  എന്‍റെ ഉള്ളിലെ വേദനീണ്ടല്ലോ പാറ്വോ, അതു മാത്രംമതി, അവര് അനുഭവിച്ചോളും''.


''അപ്പൊ അച്ഛന്‍ ഇരിക്കുമ്പൊ ഒന്നും തന്നില്ലേ''.


''അച്ഛന്‍ എനിക്ക് വേറൊരുകല്യാണം പറഞ്ഞ് ഉറപ്പിച്ചതായിരുന്നു. ഞാനതിന് സമ്മതിച്ചില്ല. എന്താന്ന് എനിക്കറിയില്ല, രാമേട്ടനെ കണ്ടതും ആളെ എനിക്ക് ഇഷ്ടായി. എന്‍റെ ആള് ഇതാണെന്ന് ഉള്ളിലൊരു തോന്നല്. ആദ്യം ആരും സമ്മതിച്ചില്ല. ഒടുക്കം എന്‍റെ മനസ്സ് മാറില്ല എന്നുകണ്ട് അച്ഛന്‍ കല്യാണം നടത്തിത്തന്നതാണ്. അതോണ്ട് പൊന്നും പണ്ടൂം ഒക്കെ പേരിനേ തന്നുള്ളു''.


''നിങ്ങള്‍ക്ക് ഒന്നുംതരണ്ടാന്ന് അച്ഛന്‍ വിചാരിച്ചിട്ടുണ്ടാവും''.


''ഏയ്. അതല്ല. അച്ഛന് പിന്നെ വിഷമം തോന്നീട്ടുണ്ടാവും. അമ്പലത്തിലെ താലപ്പൊലിക്ക് കൊട്ടാന്‍ വന്നപ്പൊ അച്ഛന്‍ ഇവിടെ വന്നിരുന്നു. എന്‍റെ കുട്ടിക്ക് അച്ഛന്‍ ഒന്നും തന്നില്ലാന്ന് കരുതി എന്‍റെ മോള് വിഷമിക്കണ്ടാ. ഭാഗത്തിനുള്ള ഏര്‍പ്പാട് ചെയ്യുണുണ്ട്. വേണ്ടമാതിരി ഒക്കെതരും എന്ന് പറഞ്ഞുപോയതാ. പെട്ടെന്നല്ലേ അച്ഛന്‍റെ മരണം''.


''ഇനി പറഞ്ഞിട്ട് കാര്യൂല്യാ. വിധീന്ന് കരുതി സമാധാനിച്ചോളിന്‍''.


''അതന്നെ ഞാന്‍ ചെയ്യിണത്''.


''അപ്പൊ തമ്പുരാന്‍റെ വീട്ടുകാരോ''.


''അത് അതിലും വിശേഷം. ഒന്നാമത് അവര്‍ക്ക് വലിയ സ്വത്തും മുതലും ഇല്ല. സൂത്രത്തില്‍ അച്ഛന്‍റെകൂടെകൂടി അമ്പലത്തിലെ പണി തരപ്പെടുത്തി. ഇനി വേറെ വീതം ചോദിക്കാന്‍ പാടില്ല എന്നായി അനുജനും പെങ്ങളും മദ്ധ്യസ്ഥരും. കേള്‍ക്കുന്നോര്‍ക്ക് അതാ ശരി എന്നല്ലേ തോന്നുള്ളു. മൂപ്പര് ഉണ്ടായിരുന്ന പേരും പെരുമയും സമ്പാദ്യൂം കളഞ്ഞ് എനിക്ക് അച്ഛന്‍റെ വാക്കാണ് വലുത് എന്നുപറഞ്ഞ് ഇവിടത്തെ അമ്പലത്തിലെ കൊട്ടുപണി ഏറ്റെടുത്തതാണന്ന് നമുക്കല്ലേ അറിയൂ''.


''എന്നിട്ട് തമ്പുരാന് ഒന്നും കിട്ടീലേ''.


''ഓ. നല്ലോണം കിട്ടി. ഒരു ചെല്ലപ്പെട്ടീം തുപ്പല് കോളാമ്പീം രാമേട്ടന്‍ ഇപ്പൊ കിടക്കിണ കട്ടിലും കിട്ടി. ധാരാളം ആയില്യേ. അതോണ്ട് ഒരു ഉപകാരം ഉണ്ടായി. വയ്യാതെ കിടപ്പിലാലായി എണീക്കാന്‍ പറ്റാണ്ടെ വന്നപ്പോ മൂത്രം ഒഴിക്കാന്‍ നല്ല സൌകര്യായി. നിറയുമ്പൊ അത് കൊണ്ടുപോയി തൂത്തു കളയ്യല്ലേ വേണ്ടൂ''.


''ബന്ധുക്കള് ഇല്ലാത്തോരക്ക് ഇല്ല എന്ന ഒറ്റ സങ്കടേ ഉണ്ടാവു. വേണ്ടപ്പെട്ട  ആളുകളുണ്ടായിട്ട് ഇതുമാതിരി ആയാല്‍ അതിലേറെ സങ്കടം ഉണ്ടാവും''.


''എന്തിനാ പാറു സങ്കടം തോന്നുണത്. നമ്മടെ തലേല് വരച്ചത് ഒട്ടും നന്നായില്ല. അതിന് ആരേങ്കിലും കുറ്റംപറഞ്ഞിട്ട് കാര്യൂണ്ടോ''.


''തമ്പുരാട്ടി ഒരുകാര്യം ചെയ്യിന്‍. എങ്ങിനേങ്കിലും വാതിലും ജനലുംകൂടി വെപ്പിക്കിന്‍. പിന്നെ വീടിന്‍റെ കാര്യത്തില്‍ ബേജാറാവണ്ടല്ലോ''.


''മോഹൂല്യാഞ്ഞിട്ടല്ല. കൂട്ട്യാല്‍ കൂടണ്ടേ''.


''മരം പണിതീര്‍ത്ത് പരിയമ്പുറത്ത് അടുക്കീട്ടുണ്ടല്ലോ. കൂലിക്കുള്ള കാശല്ലേ കാണണ്ടൂ''.


''വേശടെ മകളെ പെറ്റു പറഞ്ഞയയ്ക്കാന്‍ കാശില്ലാണ്ടെ ബുദ്ധിമുട്ടീട്ട് അവള് തൊടീലെ മരങ്ങള് വില്‍ക്കുണൂന്ന് കേട്ടപ്പോള്‍ അന്നത് ഞാന്‍ മൊത്തതില്‍ വാങ്ങി. വീടുപണി തുടങ്ങീട്ടുണ്ടായിരുന്നില്ല. ഒരു ഉദ്ദേശം മനസ്സില്‍ ഉണ്ടായിരുന്നൂന്ന് മാത്രം. ഞങ്ങള് വേലനാശാരിയെക്കൊണ്ട് കുത്തുപുള്ളി ഉണ്ടാക്കിച്ച് മില്ലില് കൊണ്ടുപോയി മരം പിടിപ്പിച്ചു. മിഷ്യനില്‍ത്തന്നെ മിനുസം ഉഴിയിച്ച് കൊണ്ടുവന്ന് അടുക്കി വെച്ചു. എന്നെങ്കിലും കാലത്ത് ഉപകാരം ആവ്വോലോ''.


''ഞാന്‍ ഒരുകാര്യം പറയട്ടെ. ആഴ്ച ഫണ്ടില് ഇട്ട കുറെപണം എനിക്ക് കിട്ടാനുണ്ട്. അത് ഞാന്‍ എടുത്തുതരാം. തമ്പുരാട്ടി മരപ്പണി തീര്‍ക്കിന്‍. എപ്പഴെങ്കിലും എനിക്ക് മടക്കി തന്നാ മതി''.


''എന്‍റെ പാറൂ. ആദ്യായിട്ടാണ് ഒരാള് സഹായിക്കാന്ന് എന്നോട് ഇങ്ങോട്ട് പറയിണത്''ഇന്ദിര തേങ്ങികരഞ്ഞു.


''ഇന്ന് ഫണ്ടിന്‍റെ ദിവസാണ്. പൈസ എടുത്തോട്ടെ'' വൈകുന്നേരം പണി മാറി പോവാനൊരുങ്ങുമ്പോള്‍ പാറു ചോദിച്ചു.


''അമ്പലത്തിന്ന് രാമേട്ടന് ഏഴെട്ടായിരം ഉറുപ്പിക കിട്ടീട്ടുണ്ട്. അത് തീരുമ്പൊ പറയാട്ടോ''ഇന്ദിര പറഞ്ഞു . പാറു പോവുന്നതും നോക്കി ഇന്ദിര നിന്നു. ഇല്ലാത്തോരാണ് ഭേദം. അവര്‍ക്ക് മറ്റുള്ളോരടെ ദുഖം അറിയാം എന്നവള്‍ മനസ്സിലോര്‍ത്തു.


()()()()()()()()()()()


പൌച്ചില്‍ കിടന്ന് മൊബൈല്‍ ഇളകി. വൈബ്രേഷന്‍ മോഡിലാണ് അത്. ഡോക്ടര്‍മാരെ കാണാന്‍ നില്‍ക്കുമ്പോള്‍ അതാണ് പതിവ് പരിപാടി. എത്രനേരത്തെ കാത്തുനില്‍പ്പിന്ന് ശേഷമാണ് ഡോക്ടറെ കാണാന്‍ പറ്റുക.  ഇപ്പോള്‍ കയറിയ പേഷ്യന്‍റ് ഇറങ്ങിയാല്‍ കയറിക്കോളൂ എന്ന് വാതില്‍ക്കല്‍ നില്‍ക്കുന്ന ആള്‍ സമ്മതം തന്നിട്ടുണ്ട്.


ഡോക്ടറെ കാണാനെത്തുന്ന റെപ്പുകള്‍ ശത്രുക്കളാണെന്ന മട്ടിലാണ് പല രോഗികളുടേയും അവര്‍ക്ക് തുണ വരുന്നവരുടേയും ഭാവം. സമയം മിനക്കെടുത്താന്‍ ബാഗും തൂക്കിക്കൊണ്ട് എത്തിക്കോളും. വല്ലപ്പോഴും ഡോക്ടര്‍മാരെ കാണാനെത്തുന്ന അവര്‍ക്ക് ദിവസവും വളരെനേരം കാത്തുനിന്ന് ഡോക്ടര്‍മാരെ കാണുന്ന മെഡിക്കല്‍ റെപ്പുകളുടെ വിഷമം മനസ്സിലാവില്ല.


പേഷ്യന്‍റ് ഇറങ്ങിയ ഉടനെ അനൂപ് അകത്തുകയറി. സാമ്പിളുകള്‍ ഏല്‍പ്പിച്ച് ഡീറ്റെയ്‌ല്‍ ചെയ്ത് വെളിയില്‍ ഇറങ്ങുന്നതിനിടെ പലവട്ടം കോള്‍ വന്നിരുന്നു. പുറത്തിറങ്ങി സ്കൂട്ടര്‍നിര്‍ത്തിയ സ്ഥലത്തുചെന്ന് അവന്‍ മൊബൈല്‍ എടുത്തുനോക്കി. ഏരിയ മാനേജരാണ് വിളിച്ചത്. എന്താണാവോ ഇത്ര തിടുക്കപ്പെട്ടു വിളിക്കാന്‍. അനൂപ് മാനേജരെ തിരിച്ചുവിളിച്ചു.


''എത്ര പ്രാവശ്യമായി ഞാന്‍ നിന്നെ വിളിക്കുന്നു. എന്താ നീ ഫോണ്‍ എടുക്കാഞ്ഞത്'' എ. ബി. എം. ചോദിച്ചു.


''ഡോക്ടറുടെ ക്യാബിനില്‍ ആയിരുന്നു. എന്താ സാര്‍ കാര്യം''.


''നിന്‍റെ രണ്ട് സ്റ്റോക്കിസ്റ്റുമാരും തന്ന ചെക്കുകള്‍ ബൌണ്‍സായി. നീ ഇപ്പോള്‍ത്തന്നെ ചെന്ന് അന്വേഷിച്ച് വിവരം അറിയിക്ക്''.


''സാര്‍, ഞാനിപ്പോള്‍''അനൂപ് താന്‍ എവിടെയാണെന്നുള്ള വിവരം പറഞ്ഞു.


''ഇനി നീ കാളൊന്നും കാണാന്‍ നില്‍ക്കണ്ടാ. വേഗംചെന്ന് ഞാന്‍ പറഞ്ഞതുപോലെ ചെയ്യ്'' ഫോണ്‍ കട്ടായി.


അനൂപ് വാച്ചിലേക്കു നോക്കി. സമയം അഞ്ചാവാറായി. ഇവിടെ നിന്ന് ടൌണിലേക്ക് നാല്‍പ്പത് കിലോമീറ്റര്‍ ദൂരമുണ്ട്. കഷ്ടപ്പെട്ട് ഓടിപ്പാഞ്ഞ് ചെല്ലുമ്പോഴേക്കും സ്റ്റോക്കിസ്റ്റ് കട പൂട്ടി പോയാലോ. എന്തായാലും ചെന്നുനോക്കാം. അവന്‍ സ്കൂട്ടര്‍ സ്റ്റാന്‍ഡില്‍ നിന്നെടുത്തു. സാധാരണ ദൂരദിക്കുകളിലേക്ക് ബസ്സിലാണ് പോവാറ്. അല്ലെങ്കില്‍ ഇപ്പോഴത്തെ പെട്രോള്‍ വിലയ്ക്ക് മുതലാവില്ല. ഏതെങ്കിലും കൂട്ടുകാരുടെ കൂടെ ചിലപ്പോഴൊക്കെ പോകാറുണ്ട്. പെട്രോള്‍ ചിലവ് ഷെയര്‍ ചെയ്താല്‍ മതി. ടെറിട്ടറിയില്‍ പെടാത്തതിനാല്‍ പരിചയത്തിലുള്ള റെപ്പുകളാരും ഇവിടേക്ക് വരാറില്ല. ബസ്സില്‍ വരാമെന്നു വെച്ചാല്‍ അതും പറ്റില്ല. ഓരോ ഡോക്ടര്‍മാര്‍ ഓരോ ദിക്കിലാണ് ഉള്ളത്. കയ്യിലെ കാശ് മുഴുവന്‍ ഓട്ടോറിക്ഷക്കാര്‍ക്ക് കൊടുക്കേണ്ടിവരും.


അനൂപ് എത്തുമ്പോള്‍ ഒരു സ്റ്റോക്കിസ്റ്റ് കടയിലുണ്ട്. അവന്‍ വിവരം പറഞ്ഞു.


''ആദ്യം ഇവിടെനിന്ന് മടക്കി അയച്ച സാധനങ്ങള്‍ക്കുള്ള ക്രെഡിറ്റ് നോട്ട് അയച്ചു തരാന്‍ പറ. എന്നിട്ട് നോക്കാം''അയാള്‍ പറഞ്ഞു. വേണ്ടത് ചെയ്തുതരാമെന്നു പറഞ്ഞ് അനൂപ് അടുത്തദിക്കിലേക്ക് തിരിച്ചു. ഷട്ടര്‍ ഇട്ടശേഷം കടയുടമ പൂട്ടിപുറപ്പെടാന്‍ നില്‍ക്കുന്നു.


''എന്താ താന്‍ എല്ലാവരും പോണനേരത്ത് വന്നത്''സ്റ്റോക്കിസ്റ്റിന്ന് ആ നേരത്ത് ചെന്നത് ഇഷ്ടപ്പെട്ടില്ല എന്നുതോന്നി. അനൂപ് കാര്യംപറഞ്ഞു.


''അതെ, ഞാന്‍ സ്റ്റോപ്പ് പെയ്‌മെന്‍റ് ഓര്‍ഡര്‍ കൊടുത്തതാണ്. എല്ലാ സാധനവും ഓര്‍ഡര്‍ കൊടുത്തതിലുംവെച്ച് ഇരുപത്തഞ്ച് മുപ്പത് ശതമാനം അധികം അയച്ചിട്ടുള്ളത് എന്തിനാണെന്ന് എനിക്കറിയണം''.


''ഞാന്‍ മാനേജറോട് ചോദിച്ചിട്ടു പറയാം''.


''നീ അയാളോട് ഇങ്ങോട്ട് വരാന്‍ പറ. നേരിട്ട് നാല് പറയാനുണ്ട്. ഇനി ഇമ്മാതിരി പോക്രിത്തരം കാണിക്കരുത്''.


''ശരി''അനൂപ് പറഞ്ഞു.


''ഇല്ലെങ്കില്‍ വന്നതൊക്കെ ഞാന്‍ അതേപടി മടക്കി അയയ്ക്കും'' അയാള്‍ കാറില്‍ കയറി. പത്തുലക്ഷം രൂപ ടാര്‍ജറ്റ് നിശ്ചയിച്ചസ്ഥാനത്ത് കഴിഞ്ഞ മാസം ഏഴു ലക്ഷത്തിന്‍റെ ഓര്‍ഡറേ കിട്ടിയുള്ളു എന്ന് എ.ബി.എം മുമ്പു പറഞ്ഞിരുന്നത് അനൂപ് ഓര്‍ത്തു. അത് പരിഹരിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരിക്കും ഇതെന്ന് അവന്ന് തോന്നി.


''കുട്ടി പോണില്ലേ. എനിക്ക് പടി അടയ്ക്കണം''വാച്ച്‌മാന്‍ പറഞ്ഞപ്പോള്‍ അനൂപ് സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി.


 അദ്ധ്യായം - 14.


''അമ്മേ, ഇന്ന് എന്‍റെ കൂട്ടുകാരികളൊക്കെ പാലക്കാട്ടേക്ക് പോണുണ്ട്. ഞാനും പൊയ്ക്കോട്ടെ'' കാലത്ത് രമ അമ്മയോട് ചോദിച്ചു.


''എന്താ അവിടെ. വല്ലോരും മോരുപാര്‍ന്ന് വിളക്കുവെച്ച് നിങ്ങളെ കാത്ത് നില്‍ക്കുണുണ്ടോ''ഇന്ദിരയുടെ വാക്കുകളില്‍ മകള്‍ അനുവാദം ചോദിച്ചതിലുള്ള അതൃപ്തി നിഴലിച്ചിരുന്നു.


''ഞങ്ങളുടെ ക്ലാസിലെ ഒരുകുട്ടിടെ ചേച്ചിടെ കല്യാണാണ്. എല്ലാരുംകൂടി പോയി ഒരു ഗിഫ്റ്റ് സെലക്റ്റ് ചെയ്ത് വാങ്ങാനാണ്''രമ കാരണം അറിയിച്ചു.


''നീ ചെന്നില്ലെങ്കിലും മറ്റുള്ളോര് വാങ്ങിച്ചോളും''.


''എനിക്ക് സ്റ്റിക്കര്‍ പൊട്ടും നെയില്‍ പോളീഷും ഒക്കെ വാങ്ങാനുണ്ട്. കല്യാണത്തിന്ന് പോവാന്‍ വേണ്ടതാ''.


''ഇനി അതിന്‍റെ ഒരു കുറവേ ഉള്ളു. മിണ്ടാണ്ടെ അടങ്ങി ഒതുങ്ങി ഒരു ഭാഗത്ത് ഇരുന്നോ''.


''എന്‍റെ ഒരുമോഹൂം ഈ അമ്മ സാധിച്ചു തരില്ല'' അവള്‍ കണ്ണുംതുടച്ച് കുളിക്കാന്‍ പോയി. അനൂപ് ഇതെല്ലാം ശ്രദ്ധിച്ച് അടുക്കളയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അനിയത്തി പോയിക്കഴിഞ്ഞതും അവന്‍ അമ്മയെ സമീപിച്ചു.


''രമ കൂട്ടുകാരികളുടെകൂടെ പൊയ്ക്കോട്ടെ അമ്മേ. എന്തെങ്കിലും വേണച്ചാല്‍ വാങ്ങും ചെയ്തോട്ടെ. അവളൊരു പെണ്‍കുട്ട്യല്ലേ. മാലയോ പൊട്ടോ ഒക്കെ വാങ്ങാന്‍ മോഹം കാണില്ലേ''.


''നീയാണ് അവളടെ തോന്ന്യാസത്തിന്ന് വളംവെച്ചു കൊടുക്കുണത്''എന്ന് ഇന്ദിര പറഞ്ഞുവെങ്കിലും രമ കുളിച്ചെത്തിയതും അവര്‍ മകളെ വിളിച്ചു.


''ഇന്നാ. അമ്പത് ഉറുപ്പികീണ്ട്. എന്താച്ചാല്‍ വാങ്ങിക്കോ''അവര്‍ പറഞ്ഞു ''പിന്നെ ഒരുകാര്യം ഞാന്‍ പറയാം. പോയ ആവശ്യം കഴിഞ്ഞാല്‍ തെണ്ടിത്തിരിഞ്ഞു നില്‍ക്കാതെ വീടെത്തിക്കോളണം''.


ഏറെ സന്തോഷത്തോടെയാണ് രമ ക്ലാസ്സിലേക്ക് പോയത്. സമയം പന്തണ്ട് കഴിഞ്ഞതേയുള്ളു. അനൂപിന്‍റെ മൊബൈലില്‍ ഒരു കാള്‍ വന്നു. നോക്കുമ്പോള്‍ പരിചയമില്ലാത്ത നമ്പര്‍. അവന്‍ ഫോണെടുത്തു.


''ഏട്ടാ. ഇതു ഞാനാ, രമ. ഒരു ഫ്രണ്ടിന്‍റെ മൊബൈലില്‍ നിന്നാ ഇപ്പൊ വിളിക്കിണത്''അവളുടെ ശബ്ദത്തില്‍ ഒരുപരിഭ്രമം ഉണ്ടായിരുന്നു.


''എന്താ മോളേ'' അനൂപ് ചോദിച്ചു.


''ഞാനും കൂട്ടുകാര്യേളും കൂടി നടന്നുവരുമ്പൊ രണ്ട് ചെക്കന്മാര് വേണ്ടാത്തതും പറഞ്ഞുംകൊണ്ട് പിന്നാലെവരുണു''.


''ആരാ അവര്''.


''ഞങ്ങള്‍ക്കറിയില്ല''.


''എവിടേയാ നിങ്ങളിപ്പോള്‍''. പെണ്‍കുട്ടി സ്ഥലം പറഞ്ഞുകൊടുത്തു.


''നിങ്ങള്‍ അവിടെത്തന്നെ നിന്നോളിന്‍. ഞാനിപ്പൊ എത്താം'' അങ്ങിനെ പറഞ്ഞുവെങ്കിലും ആ തെമ്മാടികളെ നേരിടാനാവുമോ എന്ന സംശയം അവന്‍റെ ഉള്ളിലുണ്ടായി. പ്രദീപ് എത്താറായിട്ടില്ല. റഷീദ് സ്ഥലത്തുണ്ട്. അവനെ വിളിക്കാം.


അനൂപ് എത്തുമ്പോഴേക്ക് റഷീദ് സ്ഥലത്ത് എത്തികഴിഞ്ഞിരുന്നു. കൂട്ടത്തില്‍ ശെല്‍വനും. പെണ്‍കുട്ടികളെ കളിയാക്കിയവരോട് അവര്‍ കയര്‍ക്കുകയാണ്. രമയും വേറെ മൂന്നുപെണ്‍കുട്ടികളും പേടിച്ചു നില്‍പ്പുണ്ട്. ആ വഴി വരുന്നവരെല്ലാം ഒന്നുനോക്കി അവരവരുടെ    വഴിക്ക് പോവുന്നതേയുള്ളു.


''എന്താ രമേ''അനൂപ് ചോദിച്ചു.


''ഈ രണ്ടെണ്ണൂം ഓരോന്ന് പറഞ്ഞുംകൊണ്ട് പിന്നാലെ നടക്ക്വാണ്''.


''എന്താ ഇതൊക്കെ''അവന്‍ അവരോട് ചോദിച്ചു.


''നീയാരാ ചോദിക്കാന്‍''ഒരുവന്‍ ചോദിച്ചു. കാര്‍ഗോസും ഇറുകിയ ഷര്‍ട്ടുമാണ് അവന്‍റെ വേഷം.


''ഇവളുടെ ഏട്ടന്‍''.


''അതു ശരി. അപ്പൊ നമ്മള് തമ്മില്‍ ഒരുബന്ധം ആയി. ഇനി എനിക്ക് ധൈര്യായിട്ട് അളിയാന്ന് വിളിക്കാലോ''.


''തെമ്മാടിത്തരം പറഞ്ഞാല്‍ ഞങ്ങളടെ സ്വഭാവംമാറും''റഷീദ് ഏറ്റുമുട്ടാന്‍ ഒരുങ്ങി കഴിഞ്ഞു. സംഭാഷണം കയ്യാങ്കളിയിലേക്ക് നീങ്ങുകയാണെന്ന് അനൂപിന്നു തോന്നി. അവന്‍ ഉടനെ പ്രദീപിനെ വിളിച്ചു. എന്തിനും അവനുള്ളത് ഒരു ധൈര്യമാണ്.


''എന്താ അനൂപേ'' പ്രദീപ് ചോദിച്ചു. അനൂപ് നടന്ന സംഗതികള്‍ പറഞ്ഞു.


''ഒട്ടും പേടിക്കണ്ടാടാ. ഞാനിതാ വരുണു. അപ്പഴേക്കും നിങ്ങളെ സഹായിക്കാന്‍ കുറച്ച് ആള്‍ക്കാര് അവിടെ എത്തും''.


എതിരാളികളും പലരേയും ഫോണിലൂടെ വിളികൊണ്ടിരിക്കുന്നുണ്ട്. നിമിഷങ്ങള്‍ക്കകം പല വഴിക്കായി ബൈക്കുകള്‍ എത്തിത്തുടങ്ങി. വായ്‌പ്പോര് ഒന്നുകൂടി ശക്തി കൂടി. വെല്ലുവിളികള്‍ ഉയര്‍ന്നു. ആ നേരത്താണ് പ്രദീപിന്‍റെ ബൈക്ക് എത്തുന്നത്. അവന്‍ നോക്കുമ്പോള്‍ എതിര്‍ചേരിയിലുള്ളവരും അവന്‍റെ പരിചയക്കാരാണ്.


''എന്താടാ ഷാജി ഒരു പ്രശ്നം''പെണ്‍കുട്ടികളെ കളിയാക്കിയവന്‍റെ അടുത്തേക്ക് അവന്‍ ചെന്നു. അനൂപും കൂട്ടുകാരും അത്ഭുതത്തോടെ അവനെ നോക്കുകയാണ്.


''പ്രദീപേ, ഞാന്‍ പറയാം''ഒറ്റനോട്ടത്തില്‍ത്തന്നെ ഗുണ്ടയാണ് എന്ന് തോന്നിക്കുന്നവന്‍ പറഞ്ഞു''ഇവര്‍ക്ക് ഇവനെ തല്ലണംന്ന് ഒരുമോഹം. എന്നാല്‍ അതൊന്ന് കാണട്ടെ എന്ന് ഞാനും വിചാരിച്ചു. അവന്‍റെ ദേഹത്ത് തൊട്ടവന്‍റെ കയ്യ് വെട്ടിനിലത്തിട്ടിട്ടേ ഞാന്‍ പോവൂ''.


''അതൊന്നും വേണ്ട അന്‍വറണ്ണാ. ഇവരൊക്കെ എന്‍റെ കൂട്ടുരാണ്'' പ്രദീപ് പറഞ്ഞു''വിവരം അറിഞ്ഞിട്ട് ഞാന്‍ വന്നതാണ്''.


''നീ വന്നില്ലെങ്കില്‍ സംഗതി ഇപ്പോള്‍ കൊളായേനെ'' അന്‍വര്‍ അവനെ കെട്ടിപ്പിടിച്ചു''ഇവര് ഇവനെ എന്തെങ്കിലും ചെയ്യും. തിരിച്ച് ഞങ്ങളും. അതുകൂടാതെ കഴിഞ്ഞു''.


അനൂപിനേയും റഷീദിനേയും ശെല്‍വനേയും താന്‍ പറഞ്ഞ് എത്തിയ മറ്റു കൂട്ടുകാരേയും പ്രദീപ് എതിര്‍കക്ഷികള്‍ക്ക് പരിചയപ്പെടുത്തി. അതോടെ മുറുകിപിടിച്ച അന്തരീക്ഷം ഒന്നയഞ്ഞു.


''പ്രദീപേ, എനിക്കൊരു അബദ്ധം പറ്റി''ഷാജിയുടെ വാക്കുകള്‍ ഒരു ക്ഷമാപണംപോലെ തോന്നി''ഈ പെണ്‍കുട്ടികള് നിന്‍റെ കൂട്ടുകാരന്ന് വേണ്ടപ്പെട്ടോരാണെന്ന് ഞാനറിഞ്ഞില്ല''.


''ഇതൊക്കെ സഹജം അല്ലേടാ ഷാജീ. പോട്ടേടാ. കഴിഞ്ഞത് കഴിഞ്ഞു. രണ്ടുകൂട്ടരും കൈകൊടുത്ത് പിരിയിന്‍''. എല്ലാവരും അന്യോന്യം ലോഹ്യംപറഞ്ഞു എന്നു മാത്രമല്ല ഷാജി പെണ്‍കുട്ടികളോട് ''ഒന്നും മനസ്സില്‍ വെക്കരുത്. ക്ഷമിക്കണം'' എന്ന് പറയുകയും ചെയ്തു.


''അന്‍വറണ്ണാ. ഇവരൊക്കെ ദിവസൂം ടൌണിലുണ്ടാവും. അവര്‍ക്ക് എപ്പഴെങ്കിലും വല്ലആവശ്യം വന്നാല്‍ സഹായിക്കണം കേട്ടോ'' പ്രദീപ് അന്‍വറിന്ന് കൈകൊടുത്തു.


''അത് പറയണോടാ. നിന്‍റെ ആള്‍ക്കാര് ഞങ്ങളുടേം ആള്‍ക്കാരല്ലേ''. സംഘം തിരിച്ചുപോയി.


''നമുക്ക് ആദ്യം ഇവരെ ബസ്സ് സ്റ്റാന്‍ഡില്‍ എത്തിക്കാം''പെണ്‍കുട്ടികളെ നോക്കി  പ്രദീപ് പറഞ്ഞു.  ഓട്ടംകഴിഞ്ഞ് ആ വഴിയെ പോവുന്ന ഒരു ഓട്ടോയില്‍ അവരെ കയറ്റിവിട്ടു.


''റഷീദേ, ആളറിയാതെ കയ്യാങ്കളിക്ക് പുറപ്പെട്ടാല്‍ വിവരം അറിയും'' റഷീദിനോട് പ്രദീപ് പറഞ്ഞു.


''അനൂപിന്‍റെ പെങ്ങളെ കളിയാക്കിയവനെ വെറുതെ വിടണോ''റഷീദ് ചോദിച്ചു.


''ആ ഷാജി ആളൊരു ഊളനാണ്. കൈനിവര്‍ത്തി ഒന്ന് പൊട്ടിച്ചാ മതി അവന്‍റെ കയ്യിരുപ്പ് തീരും. കൂടെ ഉണ്ടായിരുന്നോനെക്കൊണ്ട് ഒന്നിനും പറ്റില്ല''പ്രദീപ് പറഞ്ഞു''പക്ഷെ അവനെ സഹായിക്കാന്‍ വന്നോര് അങ്ങിനെ ഉള്ളോരല്ല. ക്വട്ടേഷന്‍ടീമിലെ ആളുകളാ അവരൊക്കെ''. അതറിഞ്ഞതോടെ ഉള്ളില്‍ തോന്നിയ ദേഷ്യം ഭീതിക്ക് വഴിമാറി.


''ഇനി എപ്പഴെങ്കിലും അവര് നമ്മളെ വല്ലതും ചെയ്യോ''ശെല്‍വന്‍ ചോദിച്ചു.


''ഏയ്. അതൊന്നും ഉണ്ടാവില്ല''പ്രദീപ് പറഞ്ഞു''പക്ഷെ മേലാല്‍ ആള്‍ക്കാരോട് ഇടപെടുമ്പോള്‍ കുറച്ച് സൂക്ഷിച്ച് പെരുമാറ്''.


''നിനക്ക് എങ്ങിന്യാടാ ഇവരെ പരിചയം''റഷീദ് ചോദിച്ചു.


''എടാ, ഞാന്‍ പറയാറില്ലേ, എനിക്ക് ഒരുപാട് ആള്‍ക്കാരെ പരിചയൂണ്ട്. ഇവരും അതില്‍ പെടും''പ്രദീപ് പറഞ്ഞു''ഈ ഷാജിയുണ്ടല്ലോ, അവന്‍ ടൌണിലെ വമ്പന്‍ പണക്കാരനാണ്. പക്ഷെ കയ്യിരിപ്പ് തനിതെണ്ടിത്തരം. അന്‍വറണ്ണനും കൂട്ടുകാരും  വണ്ടിപിടിക്കാനും കൂലിത്തല്ലിനും പോണ ആള്‍ക്കാരാണ്. നിങ്ങളെ തല്ലാന്‍ ഷാജി അവരെ വിളിച്ചു വരുത്ത്യേതാ''.


''ദൈവാധീനം''അനൂപ് പറഞ്ഞു''അബദ്ധം പറ്റാതെ തേവര് കാത്തു''.


''നിന്‍റെ തേവരൊന്ന്വൊല്ല, ഇവനാ കാത്തത്''റഷീദ് പ്രദീപിനെ ചൂണ്ടി പറഞ്ഞു. സൂര്യനെ മറച്ചുനിന്ന മേഘക്കീറ് നീങ്ങി. വെയിലിന്ന് ശക്തികൂടി.



()()()()()()()()()()


''നോക്കെടാ പ്രദീപേ, നീ എനിക്ക് എങ്ങിനേങ്കിലും പതിനായിരം ഉറുപ്പിക അഡ്ജസ്റ്റ് ചെയ്തു താടാ. ഞാന്‍ മാസാമാസം ആയിരം ഉറുപ്പികവെച്ച്  മടക്കിത്തരാം'' ശെല്‍വന്‍ പ്രദീപിനോട് പറഞ്ഞു. 


അടിപിടി ഒഴിവാക്കിയശേഷം അവര്‍ പതിവുരീതിയില്‍ ഉച്ചനേരത്ത് കോട്ടമൈതാനത്ത് എത്തിയതാണ്. പീടികയില്‍ ജോലിയായശേഷം വിവേക് വരാറില്ല. മറ്റുള്ളവരൊക്കെ എത്തുന്നതേയുള്ളു. അത് ഒരു സൌകര്യമായി ശെല്‍വന്‍ കരുതി.


''എന്‍റെ അടുത്ത് എവിടുന്നാടാ പൈസ''പ്രദീപ് ചോദിച്ചു.


''നീ വിചാരിച്ചാല്‍ കാര്യംനടക്കും''ശെല്‍വന്‍ പറഞ്ഞു''എന്‍റെ അച്ഛനും അമ്മയും നിന്നോട് പറയാന്‍ പറഞ്ഞു''.


''എന്തിനാടാ നിങ്ങള്‍ക്കിപ്പൊ ഇത്രയധികം പണത്തിന്‍റെ ആവശ്യം''.


''നീ എന്‍റെ വീട് കണ്ടിട്ടില്ലേ'' ശെല്‍വന്‍ ചോദിച്ചു.


''എന്താ നീ അങ്ങിനെ ചോദിച്ചത്. എത്രപ്രാവശ്യം ഞാന്‍ നിന്‍റെ വീട്ടില് വന്നിട്ടുള്ളതാണ്''. ടൌണിലെ കണ്ണായഭാഗത്ത് മൂന്നു സെന്‍റ് സ്ഥലത്ത് ഓടിട്ട ചെറിയൊരു പുരയാണത്. ചുറ്റുമുള്ള മനോഹങ്ങളായ കെട്ടിടങ്ങള്‍ക്ക് കണ്ണ് പറ്റാതിരിക്കാന്‍ ഉണ്ടാക്കിവെച്ച നോക്കുകുത്തിയാണെന്നേ ആ വീട് കാണുന്നവര്‍ക്ക് തോന്നൂ.


''എടാ, അതിന്‍റെ പട്ടികയും കഴുക്കോലും ഒക്കെ ദ്രവിച്ച് മേല്‍പ്പുര വീഴാറായി. ഉടനെ പൊളിച്ചു കേടുപാടുകള്‍ തീര്‍ത്തില്ലെങ്കില്‍ ഈ മഴക്കാലത്ത് അത് വീഴും. അതിനു വേണ്ടിയാണ് നിന്‍റടുത്ത് കടം ചോദിക്കിണത്''.


''നീയും അച്ഛനും സമ്പാദിക്കുന്നില്ലേടാ. പിന്നെന്താ ഇത്ര കഷ്ടപ്പാട്''.


''ഇതന്നെയാണ് എല്ലാരും ചോദിക്കാറ്. നമ്മടെ ചുറ്റുപാട് നമുക്കല്ലേ അറിയൂ''. ശെല്‍വന്‍ തന്‍റെ വേദനകള്‍ പറഞ്ഞുതുടങ്ങി. ചേച്ചിയുടെ പഠിപ്പിന്നു വേണ്ടിയാണ് വരുമാനത്തിലെ വലിയപങ്കും ചിലവാകുന്നത്. അവളെ എങ്ങിനെയെങ്കിലും ഒരു ഡോക്ടറാക്കണം. അതാണ് എല്ലാവരുടേയും മോഹം. അതിനുവേണ്ടി മുണ്ട് മുറുക്കി ഉടുത്ത് കഴിയുകയാണ്. ഒട്ടും നിവൃത്തിയില്ലാത്തതോണ്ടാണ് ഇപ്പോള്‍ കടം ചോദിക്കുന്നത്.


''കഷ്ടം''പ്രദീപ് പറഞ്ഞു''ഏത് ബാങ്കിന്നും പഠിക്കാന്‍വേണ്ട പണം വായ്പയായി കിട്ടും. നിങ്ങള് ഒരാവശ്യവും ഇല്ലാതെ വെറുതെ കഷ്ടപ്പെട്വാണ്''.


''ലോണിന്‍റെ കാര്യം അറിയാഞ്ഞിട്ടല്ലാടാ. കെട്ടിച്ചുവിടേണ്ട പെണ്ണല്ലേ അവള്‍. ഇട്ടുമൂടാനുള്ള കടവുമായിട്ടാണ് പെണ്ണ് കേറിവന്നത് എന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ നാളെ പറഞ്ഞാലോ. അതാണ് എല്ലാകഷ്ടവും സഹിച്ച് അവളുടെ പേരില്‍ കടംവാങ്ങാതെ പഠിപ്പിക്കിണത്''.


''നിന്‍റെ വീടുനിക്കിണ സ്ഥലത്തിന്ന് ഇപ്പഴത്തെ വില എന്താന്ന് അറിയ്യോ. അതുവിറ്റാല്‍ കാശായില്ലേ''. 


വീടിനോടുള്ള വൈകാരികമായ ബന്ധം ശെല്‍വന്‍ ഓര്‍ത്തു. അച്ഛന്‍ ടൌണില്‍ മെക്കാനിക്കായി പണിചെയ്യാന്‍ തുടങ്ങി ഏറെ വൈകാതെ കല്യാണം കഴിച്ചു. നാട്ടില്‍നിന്ന് നിത്യം പണിക്കുപോയി വരാനുള്ള ബുദ്ധിമുട്ടുകണ്ട് അമ്മടെ അച്ഛന്‍ വാങ്ങിക്കൊടുത്തതാണ് ആ സ്ഥലം . നറുക്കുംകുറീം ചേര്‍ന്ന് എങ്ങിന്യോ അച്ഛന്‍ ഒരുവീടുണ്ടാക്കി. താനും ചേച്ചിയും അതിലാണ് ജനിച്ചു വളര്‍ന്നത്. ആ വീട് നഷ്ടപ്പെടുന്ന കാര്യം ആലോചിക്കാന്‍ വിഷമമാണ്. എങ്കിലും ഇന്നല്ലെങ്കില്‍, നാളെ ആ വീട് കയ്യില്‍നിന്നു പോവും.


''എന്താ നീയൊന്നും പറയാത്തത്''പ്രദീപ് ശെല്‍വനെ ഓര്‍മ്മകളില്‍നിന്ന് ഉണര്‍ത്തി.


''വില്‍ക്കണം. പക്ഷെ ഇപ്പഴല്ല. ചേച്ചിക്ക് കല്യാണം ആവുമ്പോള്‍ പൈസക്ക് ആവശ്യം വരും. അന്ന് ഈ സ്ഥലം വില്‍ക്കാതെ പറ്റില്ല'' ശെല്‍വന്‍ പറഞ്ഞു''അവള്‍ക്കുവേണ്ടി ഞങ്ങള്‍ എല്ലാം ഉപേക്ഷിക്കും''.


പഠിക്കാന്‍ മിടുക്കനായിരുന്നിട്ടും ചേച്ചിക്കുവേണ്ടി സ്വന്തം ഭാവി നോക്കാതെ ശെല്‍വന്‍ പഠനം ഉപേക്ഷിച്ചകാര്യം പ്രദീപ് ഓര്‍ത്തു. ഇന്ന് ഒരു മൊബൈല്‍ കമ്പിനിയില്‍ മാര്‍ക്കെറ്റിങ്ങ് എക്സിക്യൂട്ടീവ് ആയി തുച്ഛമായ തുക സമ്പാദിച്ച് അച്ഛനെ സഹായിക്കുകയാണ് ആ പാവം.


''എടാ, നീ വിഷമിക്കേണ്ട''പ്രദീപ് പറഞ്ഞു''ഞാന്‍ സുമേഷിന്‍റെ അമ്മയോട് ചോദിച്ച് പണം വാങ്ങിത്തരാം. പക്ഷെ ഒരു കാര്യം. പറഞ്ഞസമയത്തിന്ന് നീ കാശ് മടക്കികൊടുക്കണം''.


''അങ്ങിന്യാണച്ചാല്‍ നിനക്ക് സുമേഷിനോട് ചോദിച്ചാ പോരേ''.


''അതു പോരാ. അവന് വീട്ടില്‍ ചോദിക്കാതെ പൈസതരാന്‍ പറ്റില്ല. അമ്മയോട് ചോദിക്കുന്നതാ എളുപ്പം''.


''അവന്‍റെ അമ്മയെ പരിചയൂണ്ടോ''.


''നോക്ക് നമ്മടെ സെറ്റില് എത്ര ആളടെ വീട്ടില്‍ നീ പോയിട്ടുണ്ട്''.


''ഒന്ന് നിന്‍റെ വീട്ടില്. വിവേകിന്‍റെ കല്യാണത്തിന്ന് അവന്‍റെ വീട്ടിലും ചെന്നിട്ടുണ്ട്''.


''എന്നാലേ ഞാന്‍ നമ്മള്‍ എല്ലാരുടേയും വീട്ടില്‍ എത്തീട്ടുണ്ട്. നിങ്ങളടെ വീട്ടുകാര്‍ക്ക് നിങ്ങളെക്കാള്‍  എന്നെ അറിയും. മിക്കപ്പഴും അവരൊക്കെ പല കാര്യങ്ങള്‍ എന്നെയാണ് ഏല്‍പ്പിക്കാറ്. നീ നിന്‍റെ കാര്യംത്തന്നെ നോക്ക്, നിന്‍റെ അച്ഛനും അമ്മയും പണത്തിന്‍റെ കാര്യം ആരോടു പറയാനാ നിന്നെ ഏല്‍പ്പിച്ചത്. പ്രദീപിനോട് ഒരുവാക്കു പറഞ്ഞാല്‍ അത് നടക്കുംന്ന് അവര്‍ക്കറിയും''.


''റഷീദ് പറയിണ മാതിരി നീ ആളൊരു സംഭവം ആണ്''ശെല്‍വന്‍ പറഞ്ഞു''അതല്ലേ എന്തിനും ഞങ്ങള്‍ നിന്‍റെ വാലില്‍തൂങ്ങിക്കൊണ്ട് നടക്കുണത്''.


''നമ്മളടെ കക്ഷികളൊക്കെ വരുണുണ്ട്'' പ്രദീപ് പറഞ്ഞു''ബാക്കി നമുക്ക് പിന്നെ പറയാം''. പാര്‍ക്കിങ്ങ് ഗ്രൌണ്ടിന്‍റെ കവാടംകടന്ന് ബൈക്കുകള്‍ വരികയാണ്.


അദ്ധ്യായം - 15.


റഷീദ് ടൌണില്‍ എത്തുമ്പോഴേക്കും അവന്‍റെ മൊബൈലില്‍ വിളിവന്നു. എടുത്തു നോക്കിയപ്പോള്‍ മാനേജരാണ്. വാരിയര്‍സാര്‍ അങ്ങിനെയാണ്. പറഞ്ഞസമയത്തിന്ന് പത്തുമിനുട്ടെങ്കിലുംമുമ്പ് സാര്‍ എത്തിയിരിക്കും.


''ഞാനിതാ എത്തിക്കഴിഞ്ഞു''അവന്‍ പറഞ്ഞു.


''നീ ധൃതി പിടിച്ച് ഓടിപ്പാഞ്ഞ് വരണ്ടാ. ഇവിടെ എത്തിയ വിവരം അറിയിച്ചതാണ്''വാരിയര്‍ സാര്‍ മറുപടി പറഞ്ഞു''ലോഡ്ജിലേക്ക് വന്നാല്‍ മതി''. വാരിയര്‍സാര്‍ വന്നാല്‍ സ്ഥിരമായി താമസിക്കുന്ന ലോഡ്ജ് റഷീദിന്ന് അറിയാം. ബസ്സ് സ്റ്റാന്‍ഡിനടുത്തുള്ള ഒരു പഴയ കെട്ടിടം. നഗരത്തില്‍ ഏറ്റവും കുറഞ്ഞ വാടകയ്ക്ക് മുറി കിട്ടുന്ന ലോഡ്ജാണ് അത്. റഷീദ് എത്തുമ്പോള്‍ വാരിയര്‍സാര്‍ ഭഗവത് ഗീത വായിക്കുകയാണ്.


''നമുക്ക് ഇറങ്ങാം അല്ലേ സാര്‍''അവന്‍ ചോദിച്ചു.


''എന്താ ഇന്നത്തെ പ്ലാന്‍. ആരെയൊക്കേയാ ഇന്ന് കാണേണ്ടത്''.


റഷീദ് ഡോക്ടര്‍മാരുടെ പേരു വിവരം പറഞ്ഞു. ഫിസീഷ്യനും, ഐ സ്പെഷലിസ്റ്റും, ഡെന്‍റിസ്റ്റും, പീഡിയാട്രീഷ്യനും ഒക്കെകൂടി അവിയല്‍ പരുവത്തില്‍ കുറെ പേരുകള്‍.


''നോക്ക് റഷീദേ, ഡോക്ടേര്‍സ് ലിസ്റ്റ് പ്രകാരം വിസിറ്റ് ചെയ്ത്, വിഷ്വല്‍ ഐഡില്‍ ഉള്ള മരുന്നുകള്‍ ഡീറ്റേയില്‍ ചെയ്യുന്നതോണ്ട് ഒരു കാര്യവും ഇല്ല. അതൊന്നും ഡോക്ടര്‍മാര്‍ ശ്രദ്ധിക്കില്ല''.


''പിന്നെ എന്താ സാര്‍ ചെയ്യണ്ടത്''റഷീദ് ചോദിച്ചു.


''ഓരോ സമയത്തിന്ന് അനുസരിച്ച് വേണ്ടത് ചെയ്യണം. നോക്ക്, ജൂണ്‍ മാസംതൊട്ട് മഴക്കാലം തുടങ്ങും. ചെറിയകുട്ടികള്‍ക്ക് പനിയും ചുമയും വരുന്ന കാലമാണ് അത്. നാടുമുഴുവന്‍ വൈറല്‍ഫീവര്‍ ഉണ്ടാവും. ആ സമയത്ത് പീഡിയാട്രീഷ്യന്‍മാരേയും ഫിസീഷ്യന്മാരേയുമാണ് നമ്മള്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യണ്ടത്. പനിയ്ക്കും ചുമയ്ക്കുമുള്ള മരുന്നുകള്‍ പ്രൊമോട്ട് ചെയ്യണം''വാരിയര്‍ സാര്‍ പറഞ്ഞു''ഞാന്‍ ഈ പറഞ്ഞതിന്‍റെ അര്‍ത്ഥം മറ്റുള്ള ഡോക്ടര്‍മാരെ നീ കാണണ്ടാ എന്നല്ലാട്ടോ''. രണ്ടുപേരും കൂടി ലിസ്റ്റ് പരതി. അന്ന് കാണാനുള്ള പന്ത്രണ്ടുപേരെ നിശ്ചയിച്ചു.


''ഏടാ. ഈ ചങ്ങാതിയുടെ അച്ഛനും ഡോക്ടറല്ലേ''ഒരു ഡോക്ടറുടെ പേര് പറഞ്ഞതും വാരിയര്‍ ചോദിച്ചു.


''അതെ. അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണ്''.


''ഞാന്‍ ഇദ്ദേഹത്തെ മുമ്പെപ്പഴോ കണ്ടിട്ടുള്ളതാണ്. അന്ന് അച്ഛനും കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തെ എനിക്ക് നന്നായിട്ട് അറിയാം''വാരിയര്‍ സാര്‍ പറഞ്ഞു''അയാളുടെമകള്‍ ഭര്‍ത്താവിന്‍റെകൂടെ അമേരിക്കയില്‍ താമസമാണ്. ഡോക്ടര്‍ അവരുടെ അടുത്തേക്ക് പോയതായിരിക്കും. ആ കുട്ടിയുടെ കല്യാണത്തിന്ന് ഡോക്ടറെന്നെ വിളിച്ചിരുന്നു. ഏതായാലും ആദ്യം നമുക്ക് ആ ഡോക്ടറെ കാണാം''.


വാതില്‍ക്കല്‍ നില്‍ക്കുന്ന ആളോട് മാനേജര്‍ സംസാരിക്കുന്നത് റഷീദ് നോക്കിനിന്നു.


''ഡോക്ടറോട് ഒരു പേഴ്സണല്‍ കാര്യം പറയാനുണ്ടായിരുന്നു'' അദ്ദേഹത്തിന്‍റെ മട്ടുംഭാവവും സ്വാധീനിച്ചതുകൊണ്ടാവണം''ആള് ഇറങ്ങിയാല്‍ കേറിക്കോളൂ'' എന്ന സമ്മതം കിട്ടിയത്. അകത്തു കയറിയതും മനേജര്‍ റഷീദിന്‍റെ കയ്യില്‍നിന്നും സാമ്പിള്‍ വാങ്ങി മേശപ്പുറത്തുവെച്ചു.


''ഫാദര്‍ സ്റ്റേറ്റ്സില്‍ സിസ്റ്ററുടെ അടുത്തുതന്നെയല്ലേ''മാനേജര്‍ അടുപ്പം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഡോക്ടര്‍ മുഖത്തേക്ക് നോക്കി.


''അച്ഛനെ പരിചയമുണ്ടോ''അദ്ദേഹം ചോദിച്ചു.


''ഉവ്വ്. ധാരാളം അറിയും. സാറ് മുമ്പ് മലപ്പുറത്ത് ഉണ്ടായിരുന്നു. അവിടെ എന്‍റെ ഒരു പരിചയക്കാരന്‍റെ വീട് ഞാനാണ് വാടകയ്ക്ക് ഏര്‍പ്പാടാക്കി കൊടുത്തത്. സിസ്റ്ററുടെ കല്യാണത്തിന്ന് ഡോക്ടറെന്നെ  മറക്കാതെ ക്ഷണിക്കുകയും ചെയ്തു''.


''അച്ഛന്‍ മലപ്പുറത്ത് ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ പഠിക്കുകയായിരുന്നു'' ഡോക്ടര്‍ ഓര്‍മ്മിച്ചു.


''ആ കാലത്ത് ഞാന്‍ സാറിനെ കണ്ടിട്ടുണ്ട്''മാനേജര്‍ ആ പറഞ്ഞത് ശരി വെച്ചു. ഡോക്ടര്‍ പ്രോഡക്റ്റ് റിമൈന്‍ഡര്‍ കാര്‍ഡിലൂടെ കണ്ണോടിച്ചു.


''മെഡിസിനുകളൊക്കെ ഇവിടെ അവൈലബിളാണല്ലോ''അദ്ദേഹം ചോദിച്ചു.


''ഉവ്വ്. ഈ പയ്യനാണ് ഞങ്ങളുടെ റെപ്രസന്‍റ്റേറ്റീവ്. അവന്‍ വന്ന് കണ്ടോളും. സാറ് സഹായിക്കണം''മാനേജര്‍ വിനയത്തോടെയാണ് പറഞ്ഞത്.


''ഷുവര്‍''ഡോക്ടര്‍ പറഞ്ഞു.


''എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ''കൈകൂപ്പിയശേഷം അവര്‍ ഇറങ്ങി.


''സാറേ, നമ്മള്‍ ഡീറ്റെയില്‍ ചെയ്തില്ലല്ലോ''പുറത്തുവന്നപ്പോള്‍ റഷീദ് പറഞ്ഞു.


''നൂറുപ്രാവശ്യം നീ ഡീറ്റെയില്‍ ചെയ്താല്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ നമ്മളുടെ പ്രോഡ്ക്ടുകള്‍ ഇനിമുതല്‍ ആ ഡോക്ടര്‍ എഴുതിക്കോളും'' വാരിയര്‍സാര്‍ ചിരിച്ചു.


'' അതെങ്ങന്യാ സാറേ''റഷീദിന്ന് സംശയമായി.


''നല്ല ചൂണ്ടക്കാരനെപോലെയാവണം ഒരുമാര്‍ക്കറ്റിങ്ങ് പ്രൊഫഷണല്‍'' വാരിയര്‍ പറഞ്ഞു''ഏത് ഇരയിട്ടാല്‍ മീന്‍കൊത്തും എന്നറിയുന്നവനേ നല്ല മീന്‍ കിട്ടൂ''. ആ പറഞ്ഞതും റഷീദിന്ന് മനസ്സിലായില്ല.


()()()()()()()()()()()()


''എന്താടാ രണ്ടുദിവസായിട്ട് കാണാത്തത്'' ശെല്‍വന്‍ വിളിച്ചപ്പോള്‍ പ്രദീപ് ചോദിച്ചു.


''ഞാന്‍ പറഞ്ഞില്ലേ വീട് റിപ്പയര്‍ ചെയ്യണംന്ന്. മിനിഞ്ഞാന്ന് ഒരുസൈഡ് ഇടിഞ്ഞുവീണു. തല്‍ക്കാലത്തേക്ക് ഓട് ഒതുക്കിവെച്ച് ടാര്‍പ്പോളിന്‍ കെട്ടി. ഞാനതിന്‍റെ പിന്നാല്യായിരുന്നു''.


''അപ്പൊ നിനക്ക് അര്‍ജന്‍റായിട്ട് പൈസ വേണം അല്ലേടാ''.


''അതിനു മുമ്പ് ഒരു കാര്യം ഉണ്ടെടാ. എനിക്ക് ഈ ആഴ്ച നൂറ് സിം കാര്‍ഡ് കൊടുത്തുതീര്‍ക്കണം. എന്താ വേണ്ടത് എന്ന് അറിയില്ല''.


''ഫ്രീ സിം ആണോടാ''.


''അതെ''.


''എന്നാ നീ പേടിക്കണ്ടാ. വഴീണ്ട്''.


''നീ വിചാരിക്കിണതുപോലെ അത്ര എളുപ്പം അല്ലാട്ടോ. വെറുതെ കൊടുക്കാംന്ന് പറഞ്ഞാലും ആര്‍ക്കുംവേണ്ടാ''. ആറേഴുകൊല്ലംമുമ്പ് പണം കൊടുത്താലും സിം കാര്‍ഡ് കിട്ടാന്‍ പാടായിരുന്നു. ഒന്നുകില്‍ കൂടുതല്‍ പണം കൊടുത്ത് ബ്ലാക്കില്‍ വാങ്ങണം, അല്ലെങ്കിലോ വലിയ ആരെങ്കിലും റെക്കമെന്‍ഡ് ചെയ്യണം. കൂണുപോലെ മൊബൈല്‍ കമ്പിനികള്‍ വന്നതോടെ ആ സ്ഥിതി മാറി. ഇപ്പോള്‍ എളുപ്പം കിട്ടാവുന്ന ഒരേയൊരു സാധനം സിം കാര്‍ഡാണ്.


''നീ സിം കാര്‍ഡ് കൊണ്ടുവാ. നൂറ് ആളുകളുടെ ഐ. ഡി. പ്രൂഫ് ഞാന്‍ തരാം''പ്രദീപ് പറഞ്ഞു.


''അപ്പോള്‍ ഒപ്പോ''.


''നമുക്ക് ഇടത്തെ കയ്യോണ്ടും വലത്തെ കയ്യോണ്ടും മാറിമാറി ഒപ്പിടാം'' പ്രദീപ് ചിരിച്ചു.


''സമാധാനം ആയെടാ''ശെല്‍വന്‍റെ വാക്കുകളില്‍ അത് നിഴലിച്ചിരുന്നു.


അദ്ധ്യായം 16.


വളരെനാളുകള്‍ക്കുശേഷമാണ് പ്രദീപ് രവികുമാറിനെ കാണുന്നത്. മണപ്പുള്ളിക്കാവുംകഴിഞ്ഞ് നാഷണല്‍ ഹൈവേയിലേക്ക് പോവുന്ന വഴിയില്‍വെച്ച് ആകസ്മികമായി അവര്‍ കണ്ടുമുട്ടുകയായിരുന്നു. പാതവക്കിലെ ഒരുമരത്തണലില്‍ ബൈക്കുകള്‍ നിര്‍ത്തി ഇരുവരും ഇറങ്ങി.


''നിന്നെ കണ്ടിട്ട് കുറച്ചുകാലം ആയല്ലോടാ''പ്രദീപ് പറഞ്ഞു''നീ ഈ നാട്ടിലൊക്കെ ഇല്ലേ''.


''എന്താ ഇല്ലാതെ. എവിടേക്കാ ഞാന്‍ പോണത്''രവി പറഞ്ഞു''ഈ ലോകത്ത് അച്ഛനും അമ്മയും രണ്ട് അനുജന്മാരും അല്ലാതെ ആരാടാ എനിക്കുള്ളത്''.


''ഉണ്ടായിട്ട് ഉപകാരം ഇല്ലാത്തവരേക്കാള്‍ ഭേദം ആരും ഇല്ലാത്തതാ'' പ്രദീപ് കൂട്ടുകാരനെ ആശ്വസിപ്പിച്ചു''നോക്കടാ, വയസ്സായ അമ്മ മാത്രേ എനിക്കുള്ളു. ഞാനതാലോചിച്ച് സങ്കടപ്പെടാറേയില്ല. വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ നൂറുനൂറ് ആള്‍ക്കാരുണ്ട് എനിക്ക്''.


''നിനക്കതെങ്കിലും ഉണ്ടല്ലോ'' അവന്‍റെ വാക്കുകളില്‍ വിഷമം നിറഞ്ഞു നിന്നു. 


രവിയുടെ അച്ഛനും അമ്മയും പ്രണയിച്ച് വിവാഹിതരായവരാണ്. ജാതി എന്ന വേര്‍തിരിവ് ലംഘിച്ച അവരെ ഇരു സമുദായങ്ങളും പുറന്തള്ളി. ബന്ധുക്കളും ഉപേക്ഷിച്ചതോടെ ആ കുടുംബം തീര്‍ത്തും ഒറ്റപ്പെട്ടു.


''അച്ഛനും അമ്മയ്ക്കും വിശേഷിച്ചൊന്നും ഇല്ലല്ലോ''പ്രദീപ് ചോദിച്ചു.


''അമ്മ കഴിഞ്ഞ മാര്‍ച്ച് മുപ്പത്തൊന്നിന് സ്കൂളില്‍നിന്ന് പിരിഞ്ഞു. അച്ഛന്‍ ജോലിക്ക് പോണുണ്ട്''.


''അതെന്താ അങ്ങനെ''.


''അച്ഛന്‍ റെയില്‍വേയിലല്ലേ. പോരാത്തതിന്ന് അമ്മടെ സര്‍ട്ടിഫിക്കറ്റില്‍ രണ്ടുവയസ്സ് കൂടുതലും ആണ്''രവി പറഞ്ഞു. പൊടിപറത്തിക്കൊണ്ട് രണ്ട് ബസ്സുകള്‍ കടന്നുപോയി.


''നീ എന്താ ഇപ്പൊ ചെയ്യുണത്''അവന്‍ ചോദിച്ചു.


''എടാ, നിനക്ക് ഇന്‍ഷൂറന്‍സ് എടുക്കണോ, ഡെപ്പോസിറ്റ് ചെയ്യണോ എന്നോട് പറയ്''പ്രദീപ് പറഞ്ഞു''ഞാനിപ്പൊ ഒന്നിന്‍റെ മാര്‍ക്കെറ്റിങ്ങ് എക്സിക്യൂട്ടീവാണ്''. പ്രദീപ് ജോലിചെയ്യുന്ന സ്ഥാപനത്തിന്‍റെ പേരു പറഞ്ഞു.


''തല്‍ക്കാലത്തേക്ക് പിടിച്ചുനില്‍ക്കാന്‍ ഒരു പണിയായി അല്ലേടാ''. 


പ്രദീപ് ഒന്നുമൂളി.


''നിന്‍റെ അനുജന്മാര് എന്തു ചെയ്യുന്നു''അവന്‍ ചോദിച്ചു.


''മൂത്തവന്‍ പ്ലംബിങ്ങ്പണിക്ക് പോണുണ്ട്. ചെറിയവന്‍ ഡിഗ്രിക്ക് ചേര്‍ന്നു''.


''നിനക്ക് മുപ്പതുവയസ്സാവാറായില്ലേ. കല്യാണം നോക്കുണുണ്ടോ''.


''അച്ഛന്‍ വളണ്ടറി റിട്ടയര്‍മെന്‍റ് വാങ്ങ്യാല്‍ എനിക്ക് ജോലികിട്ടും എന്ന് പറയുണുണ്ട്. ഇപ്പോള്‍ അതിനുള്ള ശ്രമത്തിലാണ്. രണ്ടുമൂന്ന് പി.എസ്. സി. റാങ്ക് ലിസ്റ്റുകളില്‍ പേരുണ്ട്. എപ്പഴാ അപ്പോയിന്‍റ്മെന്‍റ് ഉണ്ടാവ്വാ എന്ന കാര്യം അറിയില്ല. ഏതെങ്കിലും ഒരുജോലികിട്ടീട്ടേ കല്യാണത്തിന്‍റെ കാര്യം ആലോചിക്കൂ. അതിനിറങ്ങുമ്പോള്‍ എന്തൊക്കെ ഏടാകൂടം ഉണ്ടാവും എന്നൊന്നും അറിയില്ല''.


''അതിനെന്താ ഏടാകൂടം''.


''സമുദായപ്രശ്നം തന്നെ''.


''നിന്‍റെ അച്ഛനും അമ്മീം  അതൊന്നും നോക്കീട്ടലല്ലോ കല്യാണം കഴിച്ചത്. അവര് ഒന്നിച്ച് ജീവിക്കിണില്യേ. അതുപോലെ നിനക്കും പറ്റിയ ഒരു പെണ്‍കുട്ട്യേ കിട്ടും''.


''അമ്മയ്ക്ക് മാത്രമേ അതു വിചാരിച്ച് വിഷമൂള്ളു. ബാക്കി ആരും ആ ഭാഗം ആലോചിക്കാറേ ഇല്ല''ഒന്നുനിര്‍ത്തി അവന്‍ ചോദിച്ചു''എങ്ങിനെ പോണൂ നിന്‍റെ ജോലി ''.


''അതൊന്നും പറയാതിരിക്യാണ് ഭേദം''പ്രദീപ് പറഞ്ഞു''നൂറാളെ കണ്ട് സംസാരിച്ചാല്‍ ആറാളുകള്‍ കേള്‍ക്കാന്‍ സന്മനസ്സ് കാട്ടും. അതില്‍ ഒരാള് നോക്കട്ടെ എന്ന് പറയും. പണം മുടക്കണ്ട സമയാവുമ്പൊ അയാളും വലിയും''.


''എല്ലാ ഫീല്‍ഡിലും ഇതൊക്കെ തന്ന്യാണ്. എന്‍റെ കാര്യംതന്നെ നോക്ക്. ആളുകളെ ക്യാന്‍വസ്സ് ചെയ്ത് പേഴ്സണല്‍ലോണ്‍ എടുപ്പിക്കലാ എന്‍റെ ഇപ്പഴത്തെ പണി. അതും ശരിയാവുണുല്യാ''.


ശെല്‍വന്‍ കടം വാങ്ങികൊടുക്കാന്‍ ആവശ്യപ്പെട്ടത് പ്രദീപിന്ന് പെട്ടെന്ന് ഓര്‍മ്മവന്നു. സംഗതി ക്ലിക്ക് ചെയ്താല്‍ രണ്ടുപേര്‍ക്കും ഉപകാരമാവും.


''നോക്കെടാ എന്‍റെ ഒരുകക്ഷിക്ക് അത്യാവശ്യമായിട്ട് കുറച്ച് പണം വേണം. അവന് ഒരുലോണ്‍ ശരിയാക്കികൊടുക്ക്''പ്രദീപ് പറഞ്ഞു ''അവനത് ഒരു ഉപകാരാവും, നിനക്കൊരു ലീഡ് കിട്ടുംചെയ്യും''.


''ആര്‍ക്കാടാ ലോണ്‍ വേണ്ടത്, എത്ര വേണം''രവി ഉഷാറായി. പ്രദീപ് കാര്യങ്ങള്‍ വിവരിച്ചു.


''ഞാനൊന്ന് നോക്കട്ടെ . എവിട്യാ സ്ഥലം''രവി ചോദിച്ചു.


''ടൌണിന്ന് നടുവില്‍ തന്ന്യാടാ''പ്രദീപ് സ്ഥലം പറഞ്ഞുകൊടുത്തു.


''വെരി സോറി. അത് നടക്കില്ല''രവി പറഞ്ഞു.


''എന്താ കാര്യം''.


''കമ്പിനിടെ നോട്ടത്തില്‍ ആ സ്ഥലം നെഗറ്റീവ് ഏരിയ ആണ്''.


''എന്നു വെച്ചാല്‍''.


''ആ സ്ഥലത്തുള്ളവര്‍ക്ക് കടം കൊടുത്താല്‍ തിരിച്ച് കിട്ടില്ല , അവര് പണം വാങ്ങ്യേശേഷം ഒറ്റമുങ്ങ് മുങ്ങുംന്നാണ് കമ്പിനിടെ കാഴ്ചപ്പാട്''.


''ഏയ്. ഇവന്‍ അങ്ങിനത്തെ ആളല്ല. ഞാന്‍ ഗ്യാരണ്ടി''.


''നീ പറയുന്നതൊക്കെ ശരിയായിരിക്കും. പക്ഷെ ഞങ്ങളടെ കമ്പിനി സമ്മതിക്കണ്ടേ''രവി പറഞ്ഞു''രാഷ്ട്രീയക്കാര്‍ക്കും വക്കീലന്മാര്‍ക്കും പോലീസുക്കാര്‍ക്കും കമ്പിനി കടംകൊടുക്കില്ല. കമ്പിനിടെ നോട്ടത്തില്‍ അവരൊക്കെ നെഗറ്റീവ് പേഴ്സണ്‍സ് ആണ്. കമ്പിനി അവര്‍ക്ക് കടം കൊടുത്താല്‍ മര്യാദയ്ക്ക് അവര്‍ ആ പണം തിരിച്ചടയ്ക്കില്ല, ഒടുക്കം പിരിഞ്ഞുകിട്ടാന്‍ കേസ്സിന്നും കൂട്ടത്തിനും പോണ്ടിവരും''.


''ഇതാണ് നിന്‍റെ കമ്പിനിടെ പരിപാട്യേങ്കില്‍ നീ ഇങ്ങിനെ ഓടി നടക്കലേ ഉണ്ടാവൂ. ലോണ്‍ കൊടുക്കല് ഉണ്ടാവില്ല''പ്രദീപ് പറഞ്ഞു.


''എങ്ങിന്യേങ്കിലും ടാര്‍ജറ്റ് ഒപ്പിക്കണ്ടേ. ഓടാതെ പറ്റില്ലല്ലോ''.


''ഒരുഒഴിവുദിവസം ഞാന്‍ നിന്‍റെ വീട്ടിലേക്ക് വരുണുണ്ട്''പ്രദീപ് പറഞ്ഞു ''കുറെകാലായി എല്ലാരേം കണ്ടിട്ട്''.


''എന്‍റെ അച്ഛനും അമ്മീം  ഇടയ്ക്ക് നിന്‍റെ കാര്യം അന്വേഷിക്കും''രവി പറഞ്ഞു''നീ മിടുക്കനാണ് എന്നാ അവര് പറയാറ്. നിന്‍റെ തനിസ്വഭാവം എനിക്കല്ലേ അറിയൂ''. പ്രദീപ് ചിരിച്ചു. രണ്ടുപേരും ബൈക്ക് സ്റ്റാര്‍ട്ടാക്കി.


()()()()()()()()()()()


അരമണിക്കൂറിലേറെയായി അനിരുദ്ധന്‍ കാത്തുനില്‍പ്പ് തുടങ്ങിയിട്ട്. റെപ്രസന്‍റേറ്റിവ് എത്തിയിട്ടില്ല.


 ''സാറെ ഒരഞ്ച് മിനുട്ട്''എന്ന് പറഞ്ഞ ആളാണ്. ഉത്തരവാദിത്വം തീരെ  ഇല്ലാത്തൊരു പയ്യന്‍. ആറുമാസം കഴിഞ്ഞു അവന്‍ ഈ കമ്പിനിയില്‍ ജോലിക്ക് ചേര്‍ന്നിട്ട്. ഇനിയും ശരിക്കൊരു റിപ്പോര്‍ട്ട് അയയ്ക്കാന്‍ അറിയില്ല. നല്ല പൊട്ടെന്‍ഷ്യല്‍ ഉള്ള ഏരിയ ആയിരുന്നു ഇത്. പക്ഷെ സെയില്‍സ് പടിപ്പടി കുറഞ്ഞുവരുന്നു. എന്താണ് ഇവന്‍ ചെയ്യുന്നത്.


''വണ്ടി ചെറിയൊരുതകരാറ് കാണിച്ചു. അതാണ്''എത്തിയതും അവന്‍ വൈകിയതിന്‍റെ കാരണം അറിയിച്ചു.


''വണ്ടിക്കെന്തു പറ്റി''അനിരുദ്ധന്‍ ചോദിച്ചു.


''ഗിയര്‍ ബോക്സിന് എന്തോ ഒരുതകരാറ്. ശരിക്കങ്ങിട്ട് വീഴിണില്ല''. ആ പറഞ്ഞത് തികച്ചുംഅസത്യമാണെന്ന് അനിരുദ്ധന്ന് മനസ്സിലായി. പുതിയ വണ്ടിയാണ്. കേടുവരാറൊന്നും ആയിട്ടില്ല.


''എന്നിട്ട് വര്‍ക്ക് ഷോപ്പില്‍ കാണിച്ചോ''.


''വേണ്ടിവന്നില്ല. തന്നെ ശര്യായി''.


വിഡ്ഡി. നുണ പറയുന്നപക്ഷം ആളുകള്‍ക്ക് ബോധിക്കുന്നവിധത്തില്‍ പറയണം. കൂടുതല്‍ സംസാരിക്കാന്‍ മിനക്കെട്ടില്ല.


''എങ്ങോട്ടാ സാര്‍ പോണ്ടത്''പയ്യന്‍ ചോദിച്ചു. അനിരുദ്ധന്‍ ഡോക്ടറുടെ പേരുപറഞ്ഞു. ടൌണിലെ തിരക്കുള്ള ഡോക്ടറാണ്. മുമ്പ് സപ്പോര്‍ട്ടീവ് ആയിരുന്നു. സ്ഥിരമായി പോയി കാണാറുള്ള ആളാണ്. ഈ പയ്യന്‍ വന്നതിന്നുശേഷം ആദ്യമായാണ് ചെല്ലുന്നത്.


ക്ലിനിക്കിലേക്കുള്ള തിരിവ് കഴിഞ്ഞിട്ടും പയ്യന്‍ നിര്‍ത്താതെ ബൈക്ക് ഓടിക്കുകയാണ്.


''എങ്ങോട്ടാ ഈ പോണത്''അനിരുദ്ധന്‍ ചോദിച്ചു.


''സാറ് പറഞ്ഞ ഡോക്ടറെ കാണണ്ടേ''.


''അതിന് ഈ വഴിക്കാണോ പോണത്''. പയ്യന്‍ വണ്ടി നിര്‍ത്തി.


''തനിക്ക് വഴി അറിയ്യോ''അയാള്‍ അന്വേഷിച്ചു. പയ്യന്‍ ഒന്നുപരുങ്ങി.


''താന്‍ ആ ഡോക്ടറെ ഇതുവരെ കണ്ടിട്ടില്ല അല്ലേ''.


''സോറി സാര്‍''. 


എത്ര എളുപ്പം. വെറുതെയല്ല സെയില്‍ കുറയുന്നത്. അഞ്ച് കാളുകള്‍ കാണുമ്പോഴേക്കും ഉച്ചയായി. ഇനി ഭക്ഷണം കഴിച്ചിട്ടാവാം അടുത്ത ഡോക്ടറെ കാണുന്നത്. വണ്ടി ടൌണിലേക്ക് വിടാന്‍ പറഞ്ഞു.


''ലെഫ്റ്റിലേക്ക് വിട്ടോടൊ. എളുപ്പവഴി അതാണ്''കോളേജിനടുത്ത് എത്തിയപ്പോള്‍ അനിരുദ്ധന്‍ പറഞ്ഞു.


തിരിവിനടുത്തുള്ള ക്ലിനിക്ക് കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്താന്‍ അയാള്‍ ആവശ്യപ്പെട്ടു. പഴയൊരു ഡോക്ടര്‍ ഇവിടെയുണ്ട്. മുമ്പ് തിരക്കുള്ള ആളായിരുന്നു. അത്യാവശ്യം പേഷ്യന്‍സൊക്കെ ഇപ്പോഴും ഉണ്ട്. ഒന്നു കണ്ടാല്‍ എന്തെങ്കിലും ഗുണമുണ്ടാവും. ക്ലിനിക്കിന്‍റെ എതിര്‍വശത്തെ മെഡിക്കല്‍ സ്റ്റോര്‍ അടച്ചിരിക്കുന്നു.


''താന്‍ ഇവിടെ വരാറുണ്ടോ''അനിരുദ്ധന്‍ ചോദിച്ചു.


''ഉവ്വ്''പയ്യന്‍ ഒട്ടും മടിക്കാതെ പറഞ്ഞു.


''ഫാര്‍മസി അടച്ചിട്ടുണ്ടല്ലോ''.


''മണി ഒന്നു കഴിഞ്ഞതല്ലേ സാറേ. ഒരുപക്ഷെ അയാള്‍ കടപൂട്ടി ഉണ്ണാന്‍ പോയതായിരിക്കും''.


ക്ലിനിക്കില്‍ തിരക്കില്ലാത്തതിനാല്‍ വേഗം അകത്തു കയറാനായി. പയ്യന്‍ ഡീറ്റൈല്‍ ചെയ്യുന്നതും ശ്രദ്ധിച്ച് അനിരുദ്ധന്‍ നിന്നു.


''പ്രോഡക്റ്റ് അവൈലബിളാണോ''ഡോക്ടര്‍ ചോദിച്ചു.


''ആണ്'' പയ്യന്‍ പറഞ്ഞു''കഴിഞ്ഞ ആഴ്ച ഞാന്‍ ഈ വഴി വന്നപ്പോള്‍ ഫാര്‍മസിയില്‍ പറഞ്ഞ് എടുപ്പിച്ചിട്ടുണ്ട്''.


''താനെന്താ മനുഷ്യനെ കളിയാക്കാന്‍ വന്നതാണോ''ഡോക്ടര്‍ ചൂടായി. അനിരുദ്ധന് കാര്യം മനസ്സിലായില്ല.


''എന്താ സാര്‍''അയാള്‍ ചോദിച്ചു.


''ഇവനെ കൂടെ കൊണ്ടുനടന്നാല്‍ താന്‍ വഷളാവും. ആ മെഡിക്കല്‍ ഷോപ്പുകാരന്‍ ബൈക്ക്ആക്സിഡന്‍റായി കൊയമ്പത്തൂരിലെ ഏതോ ഹോസ്പിറ്റലില്‍ അഡ്മിറ്റായിട്ട് ഇന്നേക്ക് ആഴ്ചരണ്ടായി. എന്നിട്ടാ ഇയാള് കഴിഞ്ഞ ആഴ്ച കണ്ടൂന്ന് പറഞ്ഞത്''.


''സോറി സാര്‍''അനിരുദ്ധന്‍ കൈകൂപ്പി.


''എന്നെപ്പോലത്തെ ഡോക്ടര്‍മാര്‍ ദിവസൂം രാവിലെമുതല്‍ രാത്രിവരെ വേദനയും വിഷമങ്ങളും ഉള്ള രോഗികളെ മാത്രം കാണുന്നോരാണ്.  നല്ല വേഷത്തില്‍ സ്മാര്‍ട്ടായി വരുന്ന നിങ്ങളൊക്കെയാണ് അതിന്‍റെ എടേല് ഒരുചെയ്ഞ്ച്. ഞങ്ങള്‍ നിങ്ങള്‍ക്ക് തരുന്ന റെസ്പെക്റ്റ് എന്തിനാണെന്ന് ഇപ്പൊ നിങ്ങള്‍ക്ക് മനസ്സിലായോ''. ഡോക്ടറോട് ഒരിക്കല്‍ക്കൂടി മാപ്പു പറഞ്ഞ് അനിരുദ്ധന്‍ പയ്യനേയുംകൂട്ടി പുറത്തിറങ്ങി.


''നമ്മളുടെ തൊഴിലിന്ന് ഒരു അന്തസ്സുണ്ട്. നീയായിട്ട് അത് കളയരുത്'' അയാള്‍  പയ്യനോട് പറഞ്ഞു. ബൈക്ക് മുന്നോട്ടുനീങ്ങി.


 അദ്ധ്യായം - 17.


''തമ്പുരാട്ട്യേ, ഒരുകോണി കിട്ട്വോ. ഈ കുതിരേമ്പില്‍ കേറിയാല് ചുമരിന്‍റെ മോളിലിക്ക് എത്തില്ല''. പാറു വീടിന്‍റെ പുറംചുവരുകളില്‍ വെള്ളസിമിന്‍റ് അടിക്കാനുള്ള ഒരുക്കത്തിലാണ്. വീടുപണിസമയത്ത് തല്ലിത്തറച്ച് ഉണ്ടാക്കിയതാണ് നാലടിയോളം പൊക്കംവരുന്ന കുതിര എന്ന അല്‍പ്പം വലുപ്പംകൂടിയ സ്റ്റൂള്‍. വീടിനകത്തെപണികള്‍ക്ക് അത് മതി, പക്ഷെ പുറത്തേക്ക് അതുപോരാ.


''വാരിയത്ത് ചെന്നാല്‍ കോണി കിട്ടും''ഇന്ദിര പറഞ്ഞു''ഞാന്‍ പോയി കൊണ്ടുവരാം''.


''തമ്പുരാട്ടി പോവ്വോന്നും വേണ്ടാ. ഞാന്‍ പൊയ്ക്കോളാം''പാറു പറഞ്ഞു''ഇവിടേക്കാണെന്ന് പറഞ്ഞാല്‍ തരില്ലേ''.


''എന്താ തരാണ്ടേ''എന്ന് ഇന്ദിര പറഞ്ഞതും പാറു നടന്നു.  പുറത്തെ ചുമരില്‍ പാശാറുപിടിച്ചിരിക്കുന്നു. അത് ചുരണ്ടികളഞ്ഞ് കഴുകി കളഞ്ഞിട്ടു വേണം വൈറ്റ് സിമിന്‍റ് അടിക്കാന്‍. ഇന്ദിര വെള്ളംകോരി ചുമര് കഴുകാന്‍ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞിട്ടാണ് പാറു എത്തിയത്.


''വാരസ്യാര് തമ്പുരാട്ടി മുറ്റത്ത് ഇരിക്കക്കുത്തി വീണീരിക്കുണു. കണ്ണു കാണാത്ത തമ്പുരാനാണ് അടുപ്പത്ത് ചോറും കൂട്ടാനും വെക്കുണത്. കണ്ടപ്പൊ സങ്കടംതോന്നി''അവള്‍ പറഞ്ഞു''ഒരുകുടം വെള്ളം മുക്കി എച്ചിപ്പാത്രങ്ങള്‍ മോറികൊടുത്തിട്ടാ ഞാന്‍ പോന്നത്. അതാ ഇത്തിരി നേരംവൈക്യേത്''.


''നീ ചെയ്തത് നന്നായി''ഇന്ദിര പറഞ്ഞു''വയസ്സായാല്‍ എല്ലാരുടെ സ്ഥിതീം ഇതൊക്കെത്തന്നെ. കയ്യിനും കാലിനും ഒരുനിതാനം കിട്ടില്ല. ചിലപ്പൊ തട്ടിത്തടഞ്ഞ് വീഴും. ആട്ടെ, അധികം വല്ലതൂണ്ടോ''.


''ഏയ്. അത്രയ്ക്കൊന്നൂല്യ. ഏതോ തൈലം പുരട്ടിക്കൊണ്ട് തമ്പുരാട്ടി ഉമ്മറത്ത് ഇരിക്കിണുണ്ട്''.


''വല്ലതും വേണോ ആവോ. ഞാന്‍ ഒന്നുപോയി നോക്കീട്ട് വരട്ടെ''ഇന്ദിര ഇറങ്ങാനൊരുങ്ങി''എന്‍റെ ദുരിതൂം കഷ്ടപ്പാടും കണ്ടിട്ട് എല്ലാദിവസൂം കുറച്ച് പൂവ് ഉണ്ടാക്കിക്കൊണ്ടു വന്നുതാ, ഞാന്‍ നിനക്ക് വല്ലതുംതരാം എന്നു പറഞ്ഞ് സഹായിക്കിണ ആളാണേ''.


''പേടിക്കാനൊന്നൂല്യാ തമ്പുരാട്ട്യേ. ഉച്ചയ്ക്ക് പോയാ മതി''എന്ന് പാറു പറഞ്ഞുവെങ്കിലും ഇന്ദിര അതുകേട്ടില്ല. ഒരുപാട്ടയില്‍ വൈറ്റ് സിമിന്‍റ് കലക്കി പാറുവിനെ ഏല്‍പ്പിച്ചശേഷം അവര്‍ വാരിയത്തേക്ക് നടന്നു. പത്തുമിനുട്ട് കഴിഞ്ഞതും ഇന്ദിര തിരിച്ചെത്തി.


''ഞാന്‍ ഇത്തിരി ചൂടുവെള്ളം മുക്കിപ്പിടിച്ചുകൊടുത്തു''അവര്‍ പറഞ്ഞു ''ഇപ്പൊ വേദനയ്ക്ക് ഭേദൂണ്ട്'' .


''വാരസ്യാര് തമ്പുരാട്ടിക്ക് ഒറ്റ മകളല്ലേ ഉള്ളു''പാറു ചോദിച്ചു''കണ്ണു കാണാത്ത അമ്മാമന്‍റെടുത്ത് ആ തള്ളേ ഏല്‍പ്പിച്ച് എന്തിനാ ആ കുട്ടി അന്യനാട്ടില്‍ കഴിയിണത്''.


''അവളടെ കഥ നിനക്ക് അറിയിണതല്ലേ''ഇന്ദിര ചോദിച്ചു.


''ഒറപ്പിച്ച കല്യാണം മുടങ്ങ്യേതിന്‍റെ നാണക്കേട് ഇത്രകാലം ആയിട്ടും തീരാണ്ടിരിക്ക്യാണോ. എത്രകൊല്ലായി അതൊക്കെ കഴിഞ്ഞിട്ട്''.


''കല്യാണം മുടങ്ങ്യേതിന്‍റെ പേരില് അവളടെ അച്ഛന്‍ മരിച്ചതോ. അത് അവള്‍ക്ക്  മറക്കാന്‍ കഴിയ്യോ''.


''വാരര് തമ്പുരാന്‍ കാട്ടീത് പുത്തിമോശാണ് എന്നാ നാട്ടിലൊക്കെ ആ കാലത്തെ സംസാരം. ഒന്നാമത് അവനോന്‍റെ നിലയ്ക്ക് ഒത്ത ആളക്കേ മകളെ കെട്ടിച്ചുകൊടുക്കാന്‍ പുറപ്പെടാവൂ. വല്യേ ഡോക്ടറെത്തന്നെ മകള്‍ക്ക് നോക്കി. തിടുക്കംകൂട്ടി കല്യാണൂം ഉറപ്പിച്ചു. ഒടുക്കം എന്താ ഉണ്ടായ്യേ. ആ ഡോക്ടറ് ഒഴിഞ്ഞുമാറി. അതിന് തീവണ്ടിടെമുമ്പില് ചാടി ചാവണ്ട കാര്യം ഒന്നൂല്യാ. ഇതൊക്കെമുമ്പ് നടക്കാത്ത കാര്യം വല്ലതും ആണോ''പാറു പറഞ്ഞു''തമ്പുരാന്‍ തീവണ്ടീല്‍പ്പെട്ട് ചത്തത് എനിക്ക് ഇപ്പഴും നല്ല ഓര്‍മ്മീണ്ട്. ഞാന്‍ ശവം കാണാന്‍ പോയിരുന്നു. മൂപ്പര് തണ്ടപാളയത്തിന്‍റെ ഓരത്ത് മട്ടമലച്ച് കിടക്ക്വായിരുന്നു . കണ്ടം തുണ്ടം ആയി മുറിഞ്ഞിട്ടൊന്നും ഇല്ല. തലേലാ അടി പറ്റ്യേത്''.


''എല്ലില്ലാത്ത നാവോണ്ട് ആര്‍ക്കും എന്തുംപറയാലോ. എന്താ കാര്യംന്ന് അന്വേഷിക്കുംകൂടി വേണ്ടാ''ഇന്ദിര നെടുവീര്‍പ്പിട്ടു''ആദ്യംതൊട്ട് ഒടുക്കം വരെ സകലകാര്യത്തിനും ഞാന്‍ സാക്ഷ്യാണ്. എന്താ ഉണ്ടായത് എന്ന് എനിക്കറിയാം. വാരര് മാമന്‍ തീരെപാവായിരുന്നു. നാട്ടുകാരടെ മുഖത്ത് ഇനിമേലാല് എങ്ങിനെ നോക്കുംന്ന് വിചാരിച്ച് ചെയ്ത കടുംകയ്യാണ്''.


''എന്താ തമ്പുരാട്ട്യേ ആ കുട്ടിടെ കല്യാണം മുടങ്ങാന്‍ കാരണം''.


''എന്‍റെ അനൂപിന്ന് ഒന്നരവയസ്സ് പ്രായം ഉള്ളപ്പഴാ വാരര് മാമന്‍ തീവണ്ടീ തട്ടി മരിച്ചത്. നിനക്ക് ഞാനത് വിസ്തരിച്ച് പറഞ്ഞുതരാം'' ഇന്ദിര പറഞ്ഞു തുടങ്ങി''സാവിത്രിടെ അച്ഛന്‍റെ വകേല്‍പ്പെട്ട ഒരു മരുമകനാണ് നീ പറഞ്ഞ ഡോക്ടര്‍. രാജന്‍ന്നാ അയാളടെ പേര്. വയസ്സായ അമ്മേല്ലാതെ അയാള്‍ക്ക് സൊന്തക്കാരോ ബന്ധുക്കാരോ ഉണ്ടായിരുന്നില്ല. വാരര് മാമനാണ് അമ്മീം മകനീം നോക്കീരുന്നത്. കുട്ടീലേ ആള് പഠിക്കാന്‍ മിടുമിടുക്കാനായിരുന്നു. തന്‍റെ കഴിവിന്‍റെ അപ്പറത്തേക്ക് മരുമകനെ എത്തിക്കാന്‍ വാരര് മാമന് മോഹൂണ്ടായിരുന്നു. അതാണ് രാജനെ ഡോക്ടറാക്കാന്‍ വാരര് മാമന്‍ ചാടിപ്പുറപ്പെട്ടത്. കയ്യിലുണ്ടായിരുന്ന സ്വത്തുമുഴുവന്‍ വിറ്റുതീര്‍ന്നിട്ടും പഠിപ്പ് തീരിണില്യാ. അപ്പഴാണ് മാമന് അന്യന്‍റെ മുമ്പില്‍ കൈനീട്ടേണ്ടി വന്നത്. ആ മൂപ്പര് ചെന്നുകണ്ടത് വക്കീല് രാമവാരരെ. ഒരുമടീംകൂടാതെ വക്കീല് വാരിക്കോരി സഹായിച്ചു. അതുകണ്ടിട്ട് മാമനന്നെ അത്ഭുതം തോന്നീട്ടുണ്ട്. ഈ ലോകത്ത് ഇത്രനല്ല ആളുണ്ടാവില്ല എന്നാ മാമന്‍ പറയാറ്. മരുമകന്‍റെ പഠിപ്പ് കഴിഞ്ഞ് ഡോക്ടറാവുമ്പൊ കടം വീട്ടാന്നാ വാരര് മാമന്‍റെ ഉള്ളില്. വക്കീലിന്‍റെ ശരിക്കുള്ള സ്വഭാവം പിന്ന്യല്ലേ അറിയിണത്''.


''അതെന്താ തമ്പുരാട്ട്യേ. അയാള് വല്ലതും പറഞ്ഞ്വോ''.


''നീ മുഴുവനും കേക്ക്. മാമന്‍ സാവിത്രിക്കുട്ടിടേം രാജന്‍റേം കല്യാണം ഉറപ്പിച്ചു. കല്യാണത്തിന്ന് വക്കീലിനെ ക്ഷണിക്കാന്‍ മാമന്‍ പോയി. കല്യാണക്കാര്യം പറഞ്ഞതും ആരോട് ചോദിച്ചിട്ടാടോ താന്‍ കല്യാണം നിശ്ചയിച്ചത് എന്നാ വക്കീല്‍ ചോദിച്ചത്. മാമന്ന് സംഗതി മനസ്സിലായില്ല. രാജന്‍റെ പഠിപ്പിന്ന് ഒരുപാട് സഹായം ചെയ്ത ആളല്ലേ. കല്യാണക്കാര്യം അദ്ദേഹത്തോട് മുന്‍കൂട്ടി പറയാത്തതിന്‍റെ ദേഷ്യാവും. അബദ്ധംപറ്റി. ആ കാര്യം ഓര്‍ത്തില്ല. വലിയ ആള്‍ക്കാരല്ലേ. അവര്‍ക്ക് പെട്ടെന്ന് രസക്കേട് തോന്നീട്ടുണ്ടാവും എന്നൊക്ക്യാണ് വാരര് മാമന്‍ കരുത്യേത്. ഒരബദ്ധം പറ്റി. കല്യാണം ഉറപ്പിച്ചശേഷം ഇവിടെ വന്ന് പറയാന്ന് നിരീച്ചു എന്ന് മാമന്‍ പറഞ്ഞതും അടുത്ത ബോമ്പ് പൊട്ടി, എങ്ങിന്യാണ് അയാള്‍ ഡോക്ടറായത് എന്ന് തനിക്കറിയാലോ. ഞാന്‍ കയ്യയച്ച് വാരിക്കോരി തന്നിട്ടാ. ഞാന്‍ പണം മുടക്കീട്ടുണ്ടെങ്കില്‍ അതിന്ന് തക്ക എന്തെങ്കിലും കാരണംകാണും. അല്ലാതെ വെറുതെ ആര്‍ക്കും ഔദാര്യം കാട്ടാറില്ല എന്ന് വക്കീല്‍ പറഞ്ഞപ്പോള്‍ എന്തോ പന്തികേട് തോന്ന്യേത്രേ''.


''എന്നിട്ട്''.


''എന്‍റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം. എന്താ വേണ്ടത് എന്നു പറഞ്ഞാല്‍ അതുപോലെ ചെയ്യാം എന്നു പറഞ്ഞ് മാമന്‍ കൈകൂപ്പി. എടോ, എനിക്ക് വേണ്ടത് അവനെയാണ്. എന്‍റെ മകള്‍ക്ക് ഭര്‍ത്താവായിട്ട്. അത് മനസ്സില്‍ കണ്ടിട്ടാണ് പഠിക്കാനുള്ള ചിലവ് ഞാന്‍ ചെയ്തത് എന്നായി വക്കീല്‍. ഇവിടുന്ന് അങ്ങിനെ പറയരുത്. ഒക്കെ നിശ്ചയിച്ചു. നാട് മുഴുവന്‍ അറിയിക്കും ചെയ്തു എന്നു പറഞ്ഞ് കുട്ട്യേളെപ്പോലെ മാമന്‍ തേങ്ങി''.


''പരമദുഷ്ടന്‍. എന്നിട്ടയാള് സമ്മതിച്ച്വോ''


''അതൊന്നും എനിക്കറിയണ്ടാ. ഒരുകാര്യം മനസ്സില്‍ വിചാരിച്ചാല്‍ ഞാന്‍ അത് നടത്തും. ഈ പറയുന്നത് വിലവെക്കാതെ എന്തെങ്കിലും ചെയ്താല്‍ കല്യാണത്തിന് താലികെട്ടാന്‍ അവന്‍ ജീവനോടെ വരില്ല എന്ന് വക്കീല്‍ തീര്‍ത്തുപറഞ്ഞു. കരഞ്ഞുകൊണ്ട് അവിടേന്ന് ഇറങ്ങിവന്ന വാരര് മാമന്‍ പകല്‍ മുഴുവന്‍ ഒറ്റക്കിടപ്പായിരുന്നു. ഒരാളോടും ഒന്നും പറഞ്ഞില്ല. അന്നു വൈകുന്നേരാണ് മാമന്‍ രാമേട്ടനെ കാണാനെത്ത്യേത്''. 


''വിവരം പറയാന്‍ വന്നതാ അല്ലേ''.


''അതെ. മാമന്‍ എല്ലാകാര്യൂം രാമേട്ടനോട് പറഞ്ഞു. എന്നിട്ട് ഇനി എന്താ ചെയ്യണ്ട് എന്ന് ചോദിച്ചു. അയാള് എന്തോ പറയട്ടെ. അതൊന്നും നമ്മള് കണക്കാക്കണ്ടാ. രാജന്‍ നമ്മടെകൂടെ നില്‍ക്കുംച്ചാല്‍ അയാള് കൂട്ട്യാല്‍ ഒരുചുക്കും നടക്കില്ല. ഞാന്‍ ഇപ്പത്തന്നെ പോയി രാജനെ കണ്ട് വിവരം സംസാരിച്ച് അഭിപ്രായം അറിഞ്ഞിട്ടുവരാം എന്നുപറഞ്ഞ് വാരര് മാമനെ സമാധാനിപ്പിച്ച്  രാമേട്ടന്‍ വേഷംമാറി അപ്പത്തന്നെ ഇറങ്ങിനടന്നു. മാമന്‍ ഉമ്മറത്തിണ്ടില്‍ പായവിരിച്ചിട്ട് പോയ ആള്‍ തിരിച്ചുവരുന്നതും കാത്ത് കിടന്നു. രാമേട്ടന്‍ തിരിച്ചുവന്നത് സന്തോഷത്തോടെ ആയിരുന്നില്ല. മൂപ്പര് ഒന്നും വിട്ടുപറഞ്ഞില്ല. അപ്പോഴേ എന്‍റെ മനസ്സില്‍ സംശയംതോന്നി''. 


''ആരും ഒന്നും ചോദിച്ചില്ലേ''.


''കുറച്ചുകഴിഞ്ഞപ്പൊഎന്താ അവനെ കണ്ടില്ലേന്ന് വാരര് മാമന്‍ ചോദിച്ചു. അമ്മാമേ ഇനി ആ കാര്യം ആലോചിക്കണ്ടാ. നമ്മള് വിചാരിക്കിണ ആളല്ല രാജന്‍. വലിയ ആളുകളെ പിണക്കിയിട്ട് സമാധാനമായി കഴിയാന്‍ പറ്റില്ല, അതോണ്ട് സാവിത്രിയുമായ കല്യാണത്തിന്ന് ഞാന്‍  ഒഴിയ്യാണ് എന്നയാള്‍ പറഞ്ഞൂന്ന് രാമേട്ടന്‍ മറുപടികൊടുത്തു. വാരര് മാമന്‍ പിന്നെ യാതൊന്നും പറഞ്ഞില്ല''.


''എത്ര സങ്കടൂണ്ടാവും ആ തമ്പുരാന്‍റെ മനസ്സില്''.


''അതു പറയണോ. നിന്നെ ഞാന്‍ ഒരു മകനെപ്പോല്യാണ് കണ്ടിട്ടുള്ളത്.  എനിക്ക് എന്തെങ്കിലും പറ്റ്യാല്‍ സാവിത്ര്യേ സ്വന്തം പെങ്ങളെപ്പോലെ നോക്കണം എന്ന് പോവാന്‍നേരം വാരര് മാമന്‍  പറഞ്ഞിട്ടാ പോയത്. അപ്പോഴും ഇങ്ങിന്യോരു അബദ്ധം കാണിക്കുംന്ന് കരുതീല്യ''. ഇന്ദിര പറഞ്ഞുനിര്‍ത്തി. 


''എന്നിട്ട് അയാള് വക്കീലിന്‍റെ മകളെ കെട്ട്യോ''പാറു ചോദിച്ചു.


''ഉവ്വ്. പക്ഷെ ഡോക്ടറടെ അമ്മ അതിനുണ്ടായിരുന്നില്ല. മാമന്‍ മരിച്ച പുല കഴിയുംമുമ്പ് അവര് വിഷംകഴിച്ചു മരിച്ചു''.


''തള്ള ചത്താലെന്താ. പണക്കാരന്‍റെ മകളെകെട്ടി അയാള് സുഖായിട്ട് കഴിയുണുണ്ടല്ലോ''.


''എന്ത് സുഖം. രണ്ടാളും തമ്മില്‍ എന്നും ചേരില്ല. അയമ്മ വീട്ടിലെ ഡ്രൈവറടെകൂടെ ഒളിച്ചോടി കുറെനാള് കഴിഞ്ഞിട്ടാ മടങ്ങിവന്നത് ''.


''എന്നിട്ട് അയാള് അയമ്മേ തീര്‍ത്തില്ലേ''.


''ഇല്ല. ഒന്നും  കണ്ടില്ലാന്ന് നടിച്ച് ജീവിക്കിണുണ്ട്''.


''ഇന്ദിരേ, എനിക്ക് വല്ലാതെ ദാഹിക്കുണൂ, കുറച്ചുവെള്ളം കുടിക്കാന്‍ തര്വോ''അകത്തുനിന്ന് രാമകൃഷ്ണന്‍റെ ശബ്ദംകേട്ടു. സംഭാഷണംനിര്‍ത്തി അവള്‍ അടുക്കളയിലേക്ക് നടന്നു.


()()()()()()()()()()()


''ഇന്നാടാ നീ ചോദിച്ച പതിനായിരം രൂപ''പ്രദീപ് ശെല്‍വന് പണം കൈ മാറി''ഇതോണ്ട് നിന്‍റെ ആവശ്യം തീര്വോടാ''.


''തല്‍ക്കാലം വീണഭാഗം ഒന്ന് ഓടുമേഞ്ഞു നിര്‍ത്തണം. എന്തായാലും അധികം വൈകാതെ വീട് വില്‍ക്കണ്ടിവരും''.


''അതെന്താ''.


''ചേച്ചിക്കൊരു കല്യാണാലോചന വന്നിട്ടുണ്ട്. അത് നടക്കുംന്ന് തോന്നുണു''.


''അത് നന്നായി. എവിടുന്നാ വരന്‍''.


''ഒട്ടന്‍ഛത്രത്തിന്ന് കുറച്ചുദൂരം പോണം. വരന്‍റെ വീട്ടുകാര് വലിയ പൈസക്കാരാണ്. ഞങ്ങളടെ നിലയ്ക്ക് കിട്ടാത്ത ഒരുബന്ധം. പെണ്ണ് ഡോക്ടറാണ് എന്ന് കേട്ടതും അവര്‍ക്ക് മറ്റൊന്നുംവേണ്ടാ. അല്ലെങ്കില്‍ ഇതിനെക്കുറിച്ച് ആലോചിക്കാനുംകൂടി പറ്റില്ല. ഇതുപോലെ നല്ലൊരു ബന്ധം ഞങ്ങടെ സമുദായത്തിന്ന് കിട്ടാന്‍ കൊടുക്കേണ്ട സ്വത്തുംമുതലും ഞങ്ങള്‍ക്കുണ്ടോ. പക്ഷെ ഒറ്റ കുറവേ ഉള്ളു''.


''എന്താടാ അത്''.


''പയ്യന് അവളുടെ അത്ര പഠിപ്പില്ല. ഡിപ്ലോമയേ ഉള്ളു''.


''അത് കണക്കാക്കണ്ടാ. ചെക്കന് പണി വല്ലതും ഉണ്ടോ''.


''സ്വന്തം കമ്പിനീണ്ട്. അതില്‍ സൂപ്പര്‍വൈസറാണ്''.


''പിന്നെന്താടാ ആലോചിക്കാന്‍. വേഗം നടത്തിവിട്''.


''അതിനുമുമ്പ് ഒരുവീട് വാടകയ്ക്ക് എടുക്കണം. കുറച്ചു ഫര്‍ണ്ണിച്ചര്‍ വാങ്ങണം. അവള്‍ക്ക് കുറെ നല്ല ഡ്രസ്സ് വാങ്ങണം. പെണ്ണു കാണാന്‍ ആള്‍ക്കാര് വരുമ്പൊ കണ്ണില്‍ പിടിക്കണ്ടേ''.


''നിനക്ക് വാടകക്ക് ഒരുവീട് ഞാന്‍ ഏര്‍പ്പാടാക്കിത്തരാം. എന്‍റെ ഒരു പരിചയക്കാരന്‍ ബ്രോക്കറുണ്ട്. രണ്ടുമാസത്തെ വാടക കമ്മീഷന്‍ കൊടുക്കണം. ഫര്‍ണ്ണിച്ചര്‍ ഇന്‍സ്റ്റാള്‍മെന്‍റില്‍ വാങ്ങിത്തരാം. തുണി വാങ്ങുമ്പൊ പറഞ്ഞോ. മൂന്ന് നാല് ടെക്സ്റ്റൈല്‍ ഷോറൂമുകളിലെ ഫ്ലോര്‍ മാനേജര്‍മാര്‍ എന്‍റെ കൂട്ടുകാരാണ്. ഡിസ്ക്കൌണ്ട് വാങ്ങിത്തരാം''.


''തുണി വാങ്ങുമ്പോള്‍ ഡിസ്ക്കൌണ്ടോ''ശെല്‍വന്‍ അത്ഭുതപ്പെട്ടു.


''നിങ്ങളൊക്കെ ഏത് ലോകത്തിലാ ജീവിക്കിണത്. ഇന്ന് കമ്മീഷനും ഡിസ്ക്കൌണ്ടും ഇല്ലാത്ത ഏടവാടുണ്ടോ നാട്ടില്. കല്യാണത്തിനൊക്കെ തുണിവാങ്ങാന്‍ നമ്മടെ കേറോഫില്‍ ആരേങ്കിലും അയച്ചാല്‍ നമുക്ക് ഒരുപെര്‍സന്‍റ് കമ്മിഷന്‍ തരുണ ഷോപ്പുകാരുണ്ട്, അറിയ്യോ നിനക്ക്''.


''നീ എന്‍റേന്ന് കമ്മിഷന്‍ വാങ്ങരുത് കേട്ടോടാ''ശെല്‍വന്‍ ചിരിച്ചു ''അതിനൊക്കെമുമ്പ് ഒരുദിവസം നീ വീട്ടില് വരണം. അമ്മ നിന്നെ ഇന്നലീംകൂടി അന്വേഷിച്ചു''.


''എന്നാ വേണ്ടത്ച്ചാല്‍ പറഞ്ഞോ. ഞാന്‍ റെഡി''. കോട്ടമൈതാനത്തേക്ക് കൂട്ടുകാര്‍ ഓരോരുത്തരായി വന്നുതുടങ്ങി.  അതോടെ ആ സംഭാഷണം നിലച്ചു.


അദ്ധ്യായം - 18.


നേരം രാവിലെ പതിനൊന്ന് മണി. അനൂപ് ആസ്പത്രി വരാന്തയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുകയാണ്. പൊടുന്നനെ പൌച്ചിനകത്ത് മൊബൈല്‍ ഇളകി. മെസ്സേജ് ആണ്. മൊബൈലില്‍ വന്നസന്ദേശം അവന്‍ വായിച്ചു.


''യു നൊ യുവര്‍ ടാര്‍ജറ്റ് ഫോര്‍ ദി മന്ത് ഈസ് എയ്റ്റിഫൈവ് തൌസന്‍ഡ്, ബട്ട് യൂ ഹാവ് സോ ഫാര്‍ അച്ചീവ്ഡ് സിക്സ്റ്റി ടു ഓണ്‍ലി. ഫോര്‍ മോര്‍ ഡെയ്സ് ആര്‍ ലെഫ്റ്റ് ബിഹൈന്‍ഡ്. ഹറി അപ്പ് അന്‍ഡ് അച്ചീവ് യുവര്‍ ടാര്‍ജറ്റ്''. 


അനൂപിന്ന് ജോലിചെയ്യാനുള്ള ഉത്സാഹം മുഴുവന്‍ തീര്‍ന്നു. ഈശ്വരാ എങ്ങിനെയാണ് ഈ മാസത്തെ ടാര്‍ജറ്റ് ഒപ്പിച്ചെടുക്കുക. തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് ടാര്‍ജറ്റ് എത്താതെ പോവുന്നത്. ഇങ്ങിനെ പോയാല്‍ ഒരുമാസം കൂടിയേ ഈ കമ്പിനിയില്‍ പിടിച്ചുനില്‍ക്കാനാവൂ. അതു കഴിഞ്ഞാല്‍ കമ്പിനി പറഞ്ഞുവിടും. മറ്റൊരുജോലി അന്വേഷിച്ച് കിട്ടുന്നതുവരെ എന്തുചെയ്യും? എങ്ങിനെ കഴിഞ്ഞുകൂടും? അച്ഛന്‍ കിടപ്പിലായശേഷം കിട്ടുന്ന ശമ്പളംകൊണ്ടാണ് കുടുംബം പുലരുന്നത്. അതുകൂടി നിലച്ചാല്‍?


''ഇയാളെന്താ കേറുണില്യേ''ടോക്കണ്‍ വാങ്ങിക്കാന്‍ വാതില്‍ക്കല്‍ നില്‍ക്കുന്ന നേഴ്സ് ചോദിച്ചപ്പോള്‍ അനൂപ് ഉള്ളിലേക്ക് ചെന്നു.


ഒരുവിധത്തില്‍ ഡോക്ടറുടെ മുമ്പില്‍നിന്ന് ഡീറ്റേയില്‍ ചെയ്തിട്ട് അനൂപ് ഇറങ്ങി. വേറെ ആരേയും കാണാന്‍ തോന്നുന്നില്ല. സങ്കടം കാരണം നെഞ്ചിനകത്ത് നീറ്റല്‍ തോന്നുന്നു. ഉള്ള ജോലി നഷ്ടമായാല്‍ എന്താണ് അമ്മയോട് പറയുക. എങ്ങിനെ കുടുംബം കഴിഞ്ഞുകൂടും. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര്‍ അവന്‍ കര്‍ച്ചീഫെടുത്ത് തുടച്ചു. മരത്തണലില്‍ കുറച്ചുനേരം നിന്നശേഷം സ്കൂട്ടറെടുത്തു എങ്ങോട്ടാണ് പോവേണ്ടത് എന്നറിയില്ല. അലക്ഷ്യമായി നീങ്ങിക്കൊണ്ടിരുന്നു.


കോട്ടയ്ക്ക് മുമ്പിലാണ് എത്തിയത്. സ്കൂട്ടര്‍നിര്‍ത്തി ഉള്ളിലേക്ക് നടന്നു. വ്യാഴാഴ്ച ആയതു കൊണ്ടാവാം ഹനുമാന്‍ കോവിലില്‍ തിരക്കാണ്. ഷൂസ് അഴിച്ചുവെച്ച് തൊഴാനുള്ള ക്യൂവില്‍നിന്നു. ദര്‍ശനം കഴിഞ്ഞതും പാര്‍ക്കിങ്ങ് ഗ്രൌണ്ടിന്‍റെ മുന്നിലുള്ള തണല്‍ മരത്തിന്‍റെ തറയില്‍ കയറിയിരുന്നതാണ്. എന്തെങ്കിലും നല്ലൊരു ജോലി കിട്ടിയെങ്കില്‍ എത്ര നന്നായിരുന്നു. എന്തു ചെയ്താലും തൃപ്തിപ്പെടാത്ത യജമാനനെ സേവിക്കുന്നതുപോലെ ഒരു നരകമില്ല. ആരോടെങ്കിലും മനസ്സിലുള്ള വിഷമം പറയാമെന്നുണ്ട്. പക്ഷെ ഇന്ന് കൂട്ടുകാരാരേയും കാണുന്നില്ല.  ഒരു കല്യാണത്തിന്ന് പോകാനുണ്ട് എന്ന് പ്രദീപ് പറഞ്ഞിരുന്നു. റഷീദിന്‍റെ മാനേജര്‍ വന്നിട്ടുണ്ടാവുമോ. നേരം ഒരു മണിയോടടുത്തു. ആഹാരം കഴിക്കേണ്ട നേരമാണ്  ഒന്നും വേണമെന്ന് തോന്നുന്നില്ല. എന്താണ് സംഭവിക്കുക എന്ന ചിന്ത വിശപ്പു കെടുത്തി. ദാഹം തോന്നുന്നുണ്ട്. എവിടെയെങ്കിലും ചെന്ന് ഒരു ഫ്രഷ്ജ്യൂസ് കുടിക്കണം. 


വാരിയത്തമ്മയുടെ എഴുപതാമത്തെ പിറന്നാളാണ് ഇന്ന്. അമ്മയും രമയും അവിടെ സദ്യയ്ക്ക് ചെന്നിട്ടുണ്ടാവും. അച്ഛനുള്ളത് അമ്മ  അവിടെനിന്ന് കൊണ്ടുപോരുകയും ചെയ്യും.


''എന്‍റെ കുട്ടി ഇന്ന് ഹോട്ടലില്‍നിന്ന് കഴിച്ചോ'' എന്ന് രാവിലെ അമ്മ പറഞ്ഞതാണ്. കഴിച്ചാല്‍ ഇറങ്ങണ്ടേ? ഒരു ജ്യൂസ്കടയുടെ മുമ്പില്‍  അനൂപ് സ്കൂട്ടര്‍ നിര്‍ത്തി. പീടികക്കാരന്‍ ആരോടോ ചൂടായി ഉറക്കെ സംസാരിക്കുന്നു. നോക്കിയപ്പോള്‍ ഏതോ  സോഫ്റ്റ് ഡ്രിങ്ക്‌സിന്‍റെ കമ്പിനിയുടെ റെപ്രസന്‍റ്റേറ്റീവാണ് അയാള്‍. യൂണിയന്‍ മീറ്റിങ്ങില്‍വെച്ചു കാണാറുള്ള സ്ഥിരം ആളാണ്. 


''നിന്‍റെ കമ്പിനിടെ ഫ്രിഡ്ജുംസാധനങ്ങളും എടുത്തിട്ട് പൊയ്ക്കോ'' കടക്കാരന്‍ പറയുകയാണ് ''ഗിഫ്റ്റായിട്ട് ഓരോന്ന് തരാന്ന് പറയും. കാര്യം കഴിഞ്ഞാല്‍ പിന്നെ ആ വഴിയ്ക്ക് തിരിഞ്ഞു നോക്കില്ല. ഈ പറ്റിക്കല്‍ പരിപാടി എന്‍റടുത്ത് വേണ്ടാ. ഇതിലും നല്ല ഓഫര്‍തരുന്ന വേറെ കമ്പിനികള്‍ നാട്ടില്‍ ഇഷ്ടംപോലീണ്ട്''. അവിടെ കൂടിയവരുടെ മുമ്പില്‍ അയാള്‍ വല്ലാതെ ചെറുതാവുകയാണ് .എന്തെങ്കിലും തിരിച്ചുപറഞ്ഞാല്‍ ഉള്ളജോലി പോവും. അതുകൊണ്ട് ക്ഷമിക്കുകയാണ് ആ പാവം.


''ഞാന്‍ മാനേജരോട് പറഞ്ഞ് ശരിയാക്കാം''അയാള്‍ താഴ്മയോടെ പറയുന്നതു കേട്ടു.


''എങ്കില്‍ നിന്‍റെ കമ്പിനിക്കന്നെ നല്ലത്. ഇല്ലെങ്കില്‍ ഞാന്‍ ഇതൊക്കെ എടുത്ത് പാതച്ചാലില്‍ ഇടും''പീടികക്കാരന്‍ മുന്നറിയിപ്പു നല്‍കി.ദാഹം തനിയെ തീര്‍ന്നതായി അനൂപിന്ന് തോന്നി. ആ രംഗത്തില്‍നിന്നും രക്ഷപ്പെടണമെന്ന മോഹം ആ ചെറുപ്പക്കാരനുള്ളതുപോലെ അവനു തോന്നി. അവന്‍ അയാളുടെ അടുത്തേക്ക് ചെന്നു. 


''നിങ്ങള്‍ക്ക് എവിടേക്കാണ് പോണ്ടത്'' അവന്‍ അയാളോട് ചോദിച്ചു.


''സുല്‍ത്താപേട്ടേക്ക്''  


''എങ്കില്‍ എന്‍റെകൂടെ പോന്നോളൂ. ഞാനും അവിടെയ്ക്കാണ്''.


''താങ്ക്സ്'' എന്നുപറഞ്ഞ് അയാള്‍ സ്കൂട്ടറിന്‍റെ പുറകില്‍ കയറി.


()()()()()()()()()()()()()()


ഉച്ചയായിട്ടും ആരേയും കാണാനില്ല. രാവിലെത്തന്നെ പോരണമെന്ന് തറവാട്ടിലെ എല്ലാവരോടും പറഞ്ഞതാണ്. പാലുകാച്ചുന്ന നേരത്ത് ആരും വന്നില്ല. എല്ലാവര്‍ക്കും രാവിലത്തെ ഭക്ഷണം ഏര്‍പ്പാടാക്കാഞ്ഞത് നന്നായി. അവരൊക്കെ ഉണ്ണാറാവുമ്പോഴേക്കും എത്തിയാല്‍ മതിയെന്ന് കരുതി ഇരിക്കുകയാവും. കെ. എസ്. മേനോന് വല്ലാത്ത വിഷമം തോന്നി. എല്ലാവരും ഉണ്ട് എന്ന് കരുതിയത് വലിയ പാളിച്ചയായി. ആവശ്യം വരുമ്പോഴാണ് മറ്റുള്ളവരുടെ തനിസ്വരൂപം മനസ്സിലാവുക. അയാള്‍ തളത്തിലെ ചാരുകസേലയിലേക്ക് ചാഞ്ഞു.


അരികിലായി ഗണപതിഹോമത്തിന്ന് ഇഷ്ടികകൊണ്ട് തയ്യാറാക്കിയ ഹോമകുണ്ഡവും, എണ്ണ തീര്‍ന്ന് കരിന്തിരികത്തിയ നിലവിളക്കും ഇരിപ്പുണ്ട്. കത്തിതീര്‍ന്ന ചന്ദനത്തിരികള്‍ തളത്തിലെ നിലത്ത് ചാരം വിതറിയിരിക്കുന്നു. കുഞ്ഞിക്കിണ്ണത്തിലെ ചന്ദനവും, താലത്തില്‍വെച്ച പൂക്കളും, സ്റ്റീല്‍ത്തളികയിലെ പ്രസാദവുമെല്ലാം എടുക്കാനാളില്ലാതെ വെച്ചതുപോലെത്തന്നെയിരിപ്പാണ്.


ഈ ലോകത്ത് താന്‍ ഒറ്റയ്ക്കാണ് എന്ന തോന്നല്‍ പൊടുന്നനെ കെ. എസ്. മേനോന്‍റെ ഉള്ളില്‍ ഉടലെടുത്തു. ജീവിതത്തിന്‍റെ ഏതാണ്ട് മുക്കാല്‍ ഭാഗവും ഇവരില്‍ നിന്ന് അകന്നാണ് കഴിഞ്ഞത്. വയസ്സുകാലത്ത് ബന്ധുക്കളുടെ കൂടെ കഴിയിണം എന്ന് ആഗ്രഹിച്ചത് തെറ്റായി. ഭാര്യയേയും മക്കളേയും വിട്ടുപോന്നത് അതിലേറെ അബദ്ധം.


പടിക്കല്‍ ഒരുവാഹനത്തിന്‍റെ ശബ്ദംകേട്ടു. കാറ്ററിങ്ങ്‌ സര്‍വീസുകാര്‍ എത്താനുള്ള സമയമായിട്ടുണ്ട്. ഉമ്മറത്ത് ചെന്നുനോക്കുമ്പോള്‍ അവര്‍ തന്നെ. ഓംനി വാനിന്‍റെ വാതില്‍ തുറന്ന് പാത്രങ്ങള്‍ എടുക്കുകയാണ്.


''എവിടെയാണ് സാര്‍ ഇറക്കേണ്ടത്''വലിയൊരു പാത്രം ചുമന്നുവന്ന രണ്ടുപേരില്‍ ഒരുവന്‍ ചോദിച്ചപ്പോള്‍ അടുക്കളയുടെ നേരെ കൈചൂണ്ടി. സാധനങ്ങള്‍ ഓരോന്നായി അവര്‍ അടുക്കിവെച്ചു.


''മുപ്പത് ആളുകള്‍ക്കുള്ളതാണ് ഏല്‍പ്പിച്ചത്. മുപ്പത്തഞ്ചു പേര്‍ക്ക് തികയും'' ഒരാള്‍ പറഞ്ഞു''പാത്രങ്ങള്‍ കൊണ്ടുപോവാന്‍ ഞങ്ങള്‍ എപ്പോഴാ വരേണ്ടത്. അഞ്ചുമണിക്ക് മത്യോ''.


''മതി''എന്നു പറഞ്ഞതോടെ അവര്‍ പോയി. പന്ത്രണ്ട് മണിയും, ഒരു മണിയും കടന്നുപോയി. കുടുംബക്കാരാരും എത്തിയില്ല. പണിക്ക് വരാറുള്ള രാമന്‍ മാത്രം ഉമ്മറത്തുണ്ട്.


''തമ്പ്‌രാനേ, ആരേം കാണാനില്ലല്ലോ'' അവന്‍ ചോദിച്ചു ''നിങ്ങള് കുടുംബത്തിലുള്ളോരെ വിളിച്ചില്ലേ''.


''ഉവ്വ്. ഇന്നലെക്കൂടി എല്ലാരോടും പറഞ്ഞിട്ടുണ്ട്''.


''വരില്യാന്നുണ്ടോ''അവന്‍ സംശയം പ്രകടിപ്പിച്ചു. നേരം വൈകിയ സ്ഥിതിക്ക് അതിനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ പറ്റില്ല. എല്ലാവരും തന്നെ കൈവിടുകയാണ്. നാട്ടിലേക്ക് മടങ്ങിപോരണം എന്നു ശഠിച്ചപ്പോള്‍ ഭാര്യയും മക്കളും ഒഴിവായി. ഒറ്റയ്ക്ക് താമസിക്കുകയാണ് എന്നു പറഞ്ഞതോടെ ബന്ധുക്കളും. എല്ലാവര്‍ക്കും പണം മാത്രമേ വേണ്ടൂ.


''കഴിഞ്ഞ മുപ്പതുകൊല്ലം എന്‍റെ കയ്യിലുണ്ടായിരുന്ന സ്ഥലം കണക്ക് പറഞ്ഞ് എന്‍റേന്നു വാങ്ങി''എന്ന് ഇളയ അനിയത്തി ദാക്ഷായണി ആരോടൊക്കെയോ ആവലാതി പറഞ്ഞതായി കേട്ടിരുന്നു. ആരെങ്കിലും വന്നാല്‍ കുറച്ചുനേരം സംസാരിച്ച് ഇരിക്കാമായിരുന്നു. മനസ്സിലുള്ള വിഷമം പറഞ്ഞുതീര്‍ക്കുകയെങ്കിലും ചെയ്യാം.


ഗോപാലകൃഷ്ണന്‍ നായര്‍ വരാതിരിക്കില്ല. കുട്ടിക്കാലം തൊട്ടുള്ള കുട്ടുകാരനാണ്. ഇടയ്ക്ക് നാട്ടില്‍ വരുമ്പോള്‍ കാണും, വല്ലപ്പോഴും കത്തയയ്ക്കും, കുറെകാലമായി ഫോണില്‍ ബന്ധപ്പെടാറുള്ളതാണ്. നാട്ടില്‍ താമസമാക്കാനുള്ള ഉദ്ദേശം അറിയിച്ചപ്പോള്‍ ഒരിക്കലും ഭാര്യയേയും മക്കളേയുംവിട്ട് നാട്ടിലേക്ക് പോരരുതെന്ന് അയാള്‍ ഉപദേശിച്ചതാണ്. സങ്കടംകൊണ്ട് വീര്‍പ്പു മുട്ടിത്തുടങ്ങി. ഗോപാലകൃഷ്ണന്‍ നായരും വരാതിരിക്കുമോ? ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ടു. വാതില്‍ക്കല്‍ എത്തുമ്പോഴേക്കും ഗോപാലകൃഷ്ണന്‍ നായര്‍ പടികടന്നു വരുന്നു. മുറ്റത്തേക്ക് ഇറങ്ങിചെന്ന് അയാളുടെ കൈകളില്‍ പിടിച്ചു. ഇരുവരും അകത്തേക്കു കയറി.


''വയസ്സായില്ലേ. എന്തിനാ ഒറ്റയ്ക്ക് കഴിയുണത്. ഞങ്ങള് തരുന്നതും കഴിച്ച് ഇവിടെ കൂട്യാല്‍ പോരെ. വല്ലതും കയ്യിലുണ്ടെങ്കില്‍ അത് എനിക്കും കുട്ട്യേള്‍ക്കും തന്നാല്‍ തെറ്റൊന്നും വരില്ല. ഒരേ വയറ്റില്‍ കിടന്ന ആളല്ലേ ഞാന്‍''എന്ന് ലീല പറഞ്ഞത് ഒരു സൂചനയാണ്.


''തനിക്ക് വേണ്ടപ്പെട്ടോരൊക്കെ എവിടെ പോയെടോ സുകുമാരാ'' ഗോപാലകൃഷ്ണന്‍ നായര്‍ ചോദിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ല.


''എനിയ്ക്ക് ആരൂല്യാ''കെ. എസ്. മേനോന്‍ തേങ്ങിക്കരഞ്ഞു.


 അദ്ധ്യായം - 19.


പ്രദീപ് കോട്ടമൈതാനത്ത് എത്തിയപ്പോള്‍ കൂട്ടുകാര്‍ ആരും വന്നിട്ടില്ല. ടോള്‍ പിരിവുകാരന്‍ പരിചയക്കാരനാണ്.


''ഇന്ന് ആരും എത്തീലേ'' അവന്‍ അയാളോട് ചോദിച്ചു.


''പതിനൊന്ന് മണി കഴിഞ്ഞതും സ്കൂട്ടറില്‍ വരുണ കുട്ട്യേ ഇവിടെ കണ്ടു. കുറച്ച് മുമ്പുംകൂടി ദാ അവിടെ ഇരിക്കിണുണ്ടായിരുന്നു''.


അത് അനൂപായിരിക്കും. അവനു മാത്രമേ സ്കൂട്ടറുള്ളു. എന്താണാവോ അവന്‍ ഇന്ന് നേരത്തെ വരാന്‍ കാരണം. എവിടേക്കാണാവോ ഇപ്പോള്‍ പോയിട്ടുണ്ടാവുക. അവന് അസുഖം വല്ലതും ഉണ്ടോ? ഏതായാലും ഒന്ന് വിളിച്ചന്വേഷിക്കാം.


''അനൂപേ, നീ ഇപ്പൊ എവിട്യാ''അനൂപ് മൊബൈല്‍ എടുത്തതും പ്രദീപ് ചോദിച്ചു.


''സുല്‍ത്താന്‍ പേട്ടേല്''.


''എന്താ അവിടെ''.


''ഒരാളെ കൊണ്ടുവിടാന്‍ വന്നതാണ്''.


''എന്നാ വേഗം വാ. ഞാന്‍ കോട്ടടെ മുമ്പിലുണ്ട്''. അനൂപ് എത്തുമ്പോള്‍ പ്രദീപ് കോട്ടയുടെകവാടത്തില്‍ അവനെ കാത്തുനില്‍ക്കുകയാണ്.


''നീ ആരെ കൊണ്ടുപോയി ആക്കാനാടാ സുല്‍ത്താന്‍പേട്ടേക്ക് പോയത്'' അവന്‍ ചോദിച്ചു. സോഫ്റ്റ ഡ്രിങ്ക്സ് കമ്പിനിയിലെ റെപ്രസെന്‍റ്റേറ്റീവിന്‍റെ അനുഭവം അനൂപ് വിവരിച്ചു. 


''കഷ്ടപ്പെട്ടു  പഠിച്ച് ഒരു ഡിഗ്രി സമ്പാദിച്ചു. എന്നിട്ടും കണ്ണില്‍ കണ്ടവന്‍റെ വായില്‍ കിടക്കുന്നത് കേള്‍ക്കാനാണ് എന്‍റെ തലേലെഴുത്ത്''എന്നുപറഞ്ഞ് അയാള്‍ സങ്കടപ്പെട്ടു എന്ന് പറയുമ്പോഴേക്കും അനൂപിന്‍റെ തൊണ്ടയിടറി.


''നീ അത് വിട്. ഈ ലോകത്ത് അങ്ങനെ പലതും ഉണ്ടാവും. നമ്മള് വിചാരിച്ചാലൊന്നും പരിഹരിക്കാന്‍ പറ്റുണതല്ല അതൊക്കെ''പ്രദീപ് പറഞ്ഞു''നീ രാവിലെത്തന്നെ ഇവിടെ എത്തീന്ന് അറിഞ്ഞല്ലോ. എന്താടാ  ഇന്ന് ജോലീല്ലേ''. മാനേജര്‍ മെസ്സേജ് അയച്ചകാര്യം അനൂപ് പറഞ്ഞു.


''എന്‍റെ പണിപോവുംന്ന് ഏകദേശം ഉറപ്പായി''അവന്‍ പറഞ്ഞു ''ഇനിയെന്താ ചെയ്യാന്ന് ആലോചിക്കുമ്പോള്‍ ഒരു എത്തും പിടീം കിട്ടുണില്യാ''.


''ഈ പണി പോയാല്‍ പോട്ടടാ''പ്രദീപ് കൂട്ടുകാരന്‍റെ തോളില്‍ തട്ടി ''തലയ്ക്ക് മീതെ വെള്ളം വന്നാല്‍ അതുക്ക് മീതെ തോണി''.


''നിനക്ക് അങ്ങിന്യോക്കെ തോന്നും. നിനക്ക് നിന്‍റെ അമ്മടെ പെന്‍ഷന്‍ ഉള്ള കാലത്തോളം ഒന്നുംപേടിക്കണ്ടാ. എന്‍റെ കാര്യം അതല്ല. അച്ഛന്‍ അനങ്ങാന്‍ വയ്യാതെ കിടപ്പിലായിട്ട് കുറച്ചു കാലായി. എന്‍റെ ശമ്പളം കൊണ്ടുവേണം കുടുംബം കഴിയാന്‍''.


''എടാ അനൂപേ, ഞാന്‍ നിന്നെ കളിയാക്ക്യേതല്ല. നിന്‍റെ വിഷമം എനിക്ക് അറിയാം. അത് ആലോചിച്ചിരുന്നിട്ട് പ്രയോജനൂല്യാന്ന് മനസ്സിലാക്ക്''.


''പിന്നെ ഞാന്‍ എന്താ ചെയ്യേണ്ട്''.


''നോക്ക്, ഒരുകണക്കില്‍ ഞങ്ങളെല്ലാവരേക്കാളും ഭാഗ്യവാന്‍ നീയാണ്.  നന്നായി പാടാനുള്ള കഴിവ് ദൈവം നിനക്ക് തന്നിട്ടുണ്ട്. അത് നീ ശരിക്ക് ഉപയോഗപ്പെടുത്തണം. എന്‍റെ പരിചയത്തില്‍ രണ്ട് മ്യൂസിക്ക് ട്രൂപ്പുകള്‍ ഉണ്ട്. ഞാന്‍ പറഞ്ഞു ശര്യാക്കിത്തരാം''.


''അതുവേണ്ടാ. അമ്മ അതിന് സമ്മതിക്കില്ല. രാത്രിനേരത്തെ പരിപാടിക്ക് പോവാന്‍ തുടങ്ങ്യാല്‍ സ്വഭാവം കേടുവരും എന്നാണ് അമ്മടെ തോന്നല്‍''.


''ശരി. അതു വേണ്ടെങ്കില്‍ വേണ്ടാ. നമുക്ക് വേറെന്തെങ്കിലും കണ്ടെത്താം'' പ്രദീപ് അവനെ ആശ്വസിപ്പിച്ചു''നീ ഊണു കഴിച്ചോടാ''.


''എനിക്ക് ഒന്നും വേണ്ടാ. മനസ്സിന്ന് നല്ല സുഖൂല്യാ''.


''അത് പറഞ്ഞാല്‍ പറ്റില്ല. എണീറ്റ് എന്‍റെ കൂടെ വാ. കല്യാണത്തിന്ന് ചെന്നോടത്ത് പൂരത്തിനുള്ള തിരക്ക്. ഞാന്‍ ഉണ്ടില്ല. നമുക്ക് ഒന്നിച്ച് ഊണുകഴിക്കാം''. പ്രദീപ് കൂട്ടുകാരന്‍റെ കയ്യുംപിടിച്ച് നടന്നു. പ്രദീപും അനൂപും ഭക്ഷണംകഴിച്ച് മൈതാനത്ത് എത്തുമ്പോള്‍ കൂട്ടുകാരൊക്കെ എത്തിക്കഴിഞ്ഞിരുന്നു.


''വണ്ടി ഇവിടെവെച്ച് രണ്ടാളുംകൂടി എങ്ങോട്ടാ പോയത് എന്ന് ഞങ്ങള്‍ ആലോചിക്ക്യായായിരുന്നു''റഷീദ് പറഞ്ഞു.


''കയ്യില്‍ മൊബൈല്‍ ഇല്ലേ, വിളിക്കായിരുന്നില്ലേ''പ്രദീപ് അവനോട് ചോദിച്ചു.


''എന്തിനാ ഒരു കാളിന്‍റെ പൈസ വെറുതെ വെറുതെ കളയുണത് എന്നു വിചാരിച്ച് വിളിക്കാഞ്ഞതാ''.


''എന്നാ മിണ്ടാണ്ടിരുന്നോ''പ്രദീപിന് ആ മറുപടി ഇഷ്ടപ്പെട്ടില്ല.


''നീ പറയെടാ. എവിടേക്കാ നിങ്ങള് പോയത്''റഷീദ് അനൂപിന്‍റെ നേരെ തിരിഞ്ഞു.


''ഭക്ഷണം കഴിക്കാന്‍''അനൂപ് പറഞ്ഞു.


''അതെന്താ ഇന്ന് നീ കൊണ്ടുവന്നില്ലേ''.


''ഇല്ല. ഹോട്ടലിന്ന് കഴിച്ചോളാന്‍ അമ്മ പറഞ്ഞു''.


''എന്നാല്‍ ഇന്ന് ഇടിവെട്ടി മഴപെയ്യും''റഷീദ് പ്രദീപിനെ നോക്കി''നിനക്ക് എന്തുപറ്റി. നീ വീട്ടില് ഉണ്ണാന്‍ പോണതല്ലേ''. അനൂപിന്ന് മാനേജരുടെ മെസ്സേജ്  വന്നതും അവന്‍ വിഷമിച്ച് ആഹാരം കഴിക്കാതിരുന്നതുമെല്ലാം പ്രദീപ് വിവരിച്ചു.


''നിന്‍റെ വിഷമം തീര്‍ന്ന്വോടാ''ശെല്‍വന്‍ ചോദിച്ചു. അനൂപ് ഒന്നും പറഞ്ഞില്ല.


''പണിപോയാല്‍ ഏതെങ്കിലും ഗാനമേളട്രൂപ്പില്‍ പാടാന്‍ ഏര്‍പ്പാടാക്കി കൊടുക്കാന്ന് ഞാന്‍ പറഞ്ഞതാ''പ്രദീപ് പറഞ്ഞു''അവനത് പറ്റില്ല. ഈ തൊഴിലന്നെ പറ്റൂ''.


''നീ എന്‍റെ കൂടെ വാടാ''റഷീദ് അനൂപിനെ വിളിച്ചു ''വാരിയര്‍ സാറ് വന്നിട്ടുണ്ട്. ഊണുകഴിഞ്ഞ് റെസ്റ്റിലാ. നമുക്കു പോയികാണാം. സാറ് വിചാരിച്ചാല്‍ നിനക്ക് നല്ലൊരുകമ്പിനീല് പണിവാങ്ങിത്തരാന്‍ പറ്റും''.


''നീ അവന്‍റെ ചുറ്റുപാടൊക്കെ  സാറിന്ന് പറഞ്ഞുകൊടുക്ക്''പ്രദീപ് ഉപദേശിച്ചു.


''അതൊക്കെ ഞാനായി''. റഷീദിന്‍റെ ബൈക്കിന്നു പുറകിലായി സ്കൂട്ടര്‍ റോഡിലേക്കിറങ്ങി.


()()()()()()()()()()()()


രണ്ടുദിവസം അനിരുദ്ധന്‍ ശ്രമിച്ചിട്ടും റെപ്പ് പയ്യന്‍ ഫോണെടുത്തില്ല. മൊബൈല്‍ റിങ്ങ് ചെയ്യുന്നുമുണ്ട്. നമ്പര്‍ കണ്ടപ്പോള്‍ കല്‍പ്പിച്ചുകൂട്ടി എടുക്കാത്തതാവും. ഇവനെ ഇങ്ങിനെവിട്ടാല്‍ പറ്റില്ല. വൈകുന്നേരം ചായകുടിച്ച് ഹോട്ടലില്‍നിന്ന് ഇറങ്ങിയശേഷം കൂടെയുള്ള പയ്യനെ പുറത്തുനിര്‍ത്തി അനിരുദ്ധന്‍ ടൌണിലെ ഒരു ടെലഫോണ്‍ ബൂത്തില്‍ കയറി റെപ്പിന്‍റെ നമ്പര്‍ ഡയല്‍ചെയ്തു. മറുവശത്ത് ഫോണ്‍ എടുത്തു.


''എന്താടോ ഞാന്‍ വിളിക്കുമ്പോള്‍ താന്‍ ഫോണ്‍ എടുക്കാത്തത്''അയാള്‍ ചോദിച്ചു. പയ്യന്‍ തിരിച്ചൊന്നും പറയുന്നില്ല.


''താന്‍ പണിക്ക് പോവാറുണ്ടോ''അനിരുദ്ധന്ന് ദേഷ്യംവന്നു.


''ഉവ്വ് സാര്‍''അവന്‍ പറഞ്ഞു.


''ഇന്നലെ എവിട്യായിരുന്നു''.


''ഒറ്റപ്പാലത്തേക്ക് പോയി''.


''ആരേയൊക്കെ കണ്ടു''. പയ്യന്‍ ഡോക്ടര്‍മാരുടെ പേരുകള്‍ പറയാന്‍ തുടങ്ങി.


''ഇവരെയൊക്കെ താന്‍ ഉറപ്പായിട്ടും കണ്ടിട്ടുണ്ടല്ലോ. ഞാന്‍ വിളിച്ച് അന്വേഷിക്കും''. മറുപടിയില്ല. പയ്യന്‍ പറഞ്ഞത് ശുദ്ധനുണയാണെന്ന് ബോദ്ധ്യമായി.


''എന്താടോ താനൊന്നും പറയാത്തത്''.


''എന്നെക്കൊണ്ടാവില്ല സാര്‍''പയ്യന്‍ പറഞ്ഞു''ഞാന്‍ കമ്പിനീന്ന് റിസൈന്‍ ചെയ്യാന്‍ പോവ്വാണ്''. 


അല്ലെങ്കിലും ഇവനെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ ആവില്ലെന്ന് എന്നോ ഉറപ്പിച്ചതാണ്. എങ്കിലും ഒരുഭംഗിവാക്ക് ചോദിച്ചേക്കാം.


''എന്താ നിന്‍റെ പ്രയാസം എന്നുവെച്ചാല്‍ അത് പറയ്. നമുക്ക് എന്തിനും ഒരു വഴിയുണ്ടാക്കാം''.


''അതൊന്നും ശരിയാവില്ല സാര്‍. ഞാന്‍ ഗള്‍ഫിലിക്ക് പോവ്വാണ്''.


''നല്ലവണ്ണം ആലോചിച്ചശേഷം നീ വിവരം പറയ്''അനിരുദ്ധന്‍ ഫോണ്‍ വെച്ചു. ഇനി അവനുപകരം പറ്റിയ വേറൊരാളെ കണ്ടെത്തണം. അത് അത്ര എളുപ്പമല്ല. നൂറുപേരോട് പറഞ്ഞാലാണ് ഒരാളെ കിട്ടുക. പുതിയ ആള്‍ ട്രെയിനിങ്ങ് കഴിഞ്ഞ് ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോഴേക്കും മാസം ഒന്നു കഴിയും. അതോടെ സെയില്‍സ് മിക്കവാറും ഇല്ലാത്ത മട്ടിലാവും. വരുമ്പോലെ വരട്ടെ, അല്ലാതെ എന്ത് ചെയ്യാനാണ് എന്ന് മനസ്സില്‍ കരുതി.


അദ്ധ്യായം - 20.


കാവിന്നുമുമ്പിലെ ആലിന്‍റെ നിഴലിന്ന് തെളിച്ചം കുറഞ്ഞുതുടങ്ങി. പടിഞ്ഞാറെതൊടിയിലെ മുളങ്കാടുകള്‍ കടന്ന് ഇരുട്ട് മുറ്റത്തെത്തി. കെ.എസ്.മേനോന്‍ ചാരുകസേലയില്‍ ഓരോന്ന് ആലോചിച്ചുകിടന്നു.


''ഉമ്മറത്ത് വിളക്ക് കത്തിച്ചുവെക്കണ്ടേ''രാമന്‍ ചോദിച്ചപ്പോഴാണ് ആ കാര്യം ഓര്‍ത്തത്.


''നിലവിളക്കില്‍ എണ്ണയും തിരിയും ഇട്. എന്നിട്ട് വാതില്‍ക്കല്‍ കത്തിച്ചു വെയ്ക്ക്''ആ ജോലി അവനെത്തന്നെ ഏല്‍പ്പിക്കാനാണ് തോന്നിയത്. കാലും മുഖവും കഴുകിവന്ന് ദീപം തൊഴുതു.


''ഞാന്‍ പെരേല് ചെന്ന് ഇത്തിരി കഴിഞ്ഞ് വരാം''രാമന്‍ പറഞ്ഞു''രാത്രി ഒറ്റയ്ക്ക് കിടക്കണ്ടാ''.


''വേണ്ടാടോ. ഞാന്‍ വാതിലടച്ച് കിടന്നോളാം. താന്‍ രാവിലെ വന്നാ മതി'' വെറുതെ എന്തിനാണ് അന്യരെ ബുദ്ധിമുട്ടിക്കുന്നത്.


''രാത്രീലിക്ക് കഴിക്കാന്‍''രാമന്‍ ചോദിച്ചു.


''ഓര്‍മ്മപ്പെടുത്ത്യേത് നന്നായി. ഉച്ചയ്ക്ക് സദ്യകൊണ്ടുവന്നതില്‍ കുറച്ച് എടുത്തുവെച്ചിട്ടുണ്ട്. അത് മുഴുവന്‍ ഞാന്‍ ഉണ്ണില്ലാ. ഒരുപ്ലേറ്റില് എനിക്ക് വേണ്ടത് വിളമ്പിവെച്ചിട്ട് ബാക്കി നീ കൊണ്ടുപൊയ്ക്കോ''. ആവശ്യമുള്ള ഭക്ഷണം എടുത്തുവെച്ച് ബാക്കി പാത്രങ്ങളിലാക്കി രാമന്‍ എടുത്തു. പിന്‍വശത്തെവാതിലും ജനലുകളും അവന്‍ അടച്ചു.


''ഞാന്‍ പോണൂ'' രാമന്‍  പടി കടന്നുപോയി. ഗെയിറ്റ് പൂട്ടി ഉമ്മറത്തെ വാതിലും അടച്ച് കട്ടിലില്‍വന്നിരുന്നു. ചുമരിലെ ക്ലോക്കില്‍ സമയം ഏഴേ കാല്‍. ഇപ്പോള്‍ത്തന്നെ ഭക്ഷണം കഴിച്ചാല്‍ നേരം വെളുപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടാവും. സമയം പോവാന്‍ വഴിയൊന്നുമില്ല. ചെറിയൊരു ടി.വി. വാങ്ങണം.


ചുമരില്‍ തൂക്കിയ കലണ്ടറിലെ ശ്രീകൃഷ്ണന്‍ പുല്ലാങ്കുഴലും പിടിച്ച് മന്ദഹസിച്ചു നില്‍ക്കുകയാണ്. ഏകാന്തതയില്‍ കഴിയുന്ന തനിക്ക് കൂട്ടിന്ന് എത്തിയതാണോ? പെട്ടെന്ന് നാമംചൊല്ലാന്‍ മറന്ന കാര്യം ഓര്‍മ്മവന്നു. എഴുന്നേറ്റുചെന്ന് കൈകാലുകള്‍ കഴുകി.


 ''അച്ചുതാ ബാലനാം പച്ചനിറം പൂണ്ട കൊച്ചുകുമാരനെ കൈ തൊഴുന്നേന്‍''  കുട്ടിക്കാലത്ത് ചൊല്ലിയിരുന്ന സന്ധ്യാനാമം മനസ്സില്‍ ഉരുവിട്ടുകൊണ്ട് കസേലയില്‍ ചാരിക്കിടന്നു. മൊബൈല്‍ അടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ അയാള്‍ എഴുന്നേറ്റു. ഗോപാലകൃഷ്ണന്‍ നായരാണ് വിളിക്കുന്നത്.


''എന്താടോ ചെയ്യുണത്''മറുവശത്തുനിന്ന് ചോദ്യമെത്തി.


''വെറുതെ ഇരിക്കിണൂ''.


''കൂട്ടിന് ആരുണ്ട്''.


''ചുമരിലെ കലണ്ടറില്‍ ശ്രീകൃഷ്ണന്‍റെ ഫോട്ടോ ഉണ്ട്. അയാളേയുള്ളു തുണയ്ക്ക്''.


''അതു നന്നായി''അയാള്‍ ഉറക്കെ ചിരിച്ചു''ആ മൂപ്പരായതോണ്ട് പരാതി പറച്ചില്‍ ഉണ്ടാവില്ല''.


''എന്തോ. കുറച്ചുദിവസം കഴിഞ്ഞാല്‍ അയാളും പരിഭവം പറയാന്‍ തുടങ്ങ്വോന്നാ എന്‍റെ പേടി. കുടുംബക്കാര് അതല്ലേ ചെയ്തത്''.


''സുകുമാരാ''കൂട്ടുകാരന്‍റെ സ്വരത്തിന്ന് ഒരുകടുപ്പംതോന്നി''പറയുമ്പൊ ദേഷ്യം തോന്നീട്ട് കാര്യൂല്യാ. ഇതൊക്കെ താന്‍ വലിച്ചു വരുത്ത്യേതാണ്. ഇനി അനുഭവിക്ക്യാ. അല്ലാണ്ടെ എന്താ ചെയ്യാ''. 


''താനും എന്നെ കുറ്റപ്പെടുത്ത്വാണോ''.


''അല്ല. ഉള്ളകാര്യം പറഞ്ഞതാണ്. ഇക്കണ്ട വരുംവരായ്കകളെല്ലാം ഞാന്‍ നേരത്തെ പറഞ്ഞതല്ലേ. താനത് കേട്ടില്ല. രണ്ടുപെങ്ങന്മാരുടേം മക്കളുടേം അടുത്ത് മാറിമാറികഴിയും എന്നല്ലേ താന്‍ എന്നോട് പറഞ്ഞത്''.


''എന്‍റെ മോഹം അതായിരുന്നു''


''അതിന്ന് ഞാന്‍ കുറ്റം പറയിണില്യാ. പക്ഷെ അമേരിക്കേലുള്ള മകളടെ അടുത്തേക്ക് ചെല്ലില്ല. നാട്ടിലേക്ക് വരാത്ത ഭാര്യേ വേണ്ടാ എന്നൊക്കെ പറഞ്ഞതോ. അച്ഛന്‍ പോവരുത് എന്നുപറഞ്ഞ് മകന്‍ തന്‍റെ കാലുപിടിച്ച് കരഞ്ഞൂന്നല്ലേ പറഞ്ഞത്. ആ വാക്കിന്ന് എന്തെങ്കിലും വില കൊടുത്ത്വോ. ഉണ്ടിരിക്കിണ നായര്‍ക്കൊരു വിളിതോന്നി എന്നുപറഞ്ഞ മട്ടില് താന്‍ ഒരു  ദിവസം മൂടുംതുടച്ച് നാട്ടിലിക്ക് പോന്നു''.


''എത്രകൊല്ലം ഞാന്‍ അവരടൊപ്പം അന്യനാട്ടില് കഴിഞ്ഞു. വയസ്സായപ്പൊ നാട്ടിലെ ബന്ധുക്കളുടെ കൂടെ കഴിയണംന്ന് ആരക്കായാലും ഒരു മോഹം തോന്നില്യേ''.


''അവിട്യാണ് തനിക്ക് തെറ്റുപറ്റ്യേത്. ഞാന്‍ കുറ്റപ്പെടുത്തിണതല്ല. ആളും ആള്‍ത്തരവും അറിഞ്ഞ് പെരുമാറണം. രണ്ട് അനിയത്തിമാര്‍ക്കും താന്‍ കൊടുത്തതിന്ന് വല്ല കണക്കൂണ്ടോ? തിരിച്ചവര് എന്താ ചെയ്തത്. തന്‍റെ ഭാര്യേ അവര് രണ്ടാളും നാത്തൂനായി കണക്കാക്കീട്ടുണ്ടോ. ഏതോ ഒരു തെലുങ്കത്തി എന്നനിലയ്ക്കല്ലേ തന്‍റെ ഭാര്യേ അവിറ്റേള് കണ്ടിട്ടുള്ളു. എത്ര കൊല്ലായി തന്‍റെ കല്യാണംകഴിഞ്ഞിട്ട്, മക്കളുണ്ടായിട്ട് എത്രകാലായി. ഈ കാലത്തിനിടയ്ക്ക് അവരവിടെ വര്വേ തന്‍റെ മക്കളെ കാണ്വേ ഉണ്ടായോ. അങ്ങിനെയുള്ളോരുടെ എടേലിക്ക് ഭാര്യേ വിളിച്ചാല്‍ അവര്‍ക്ക് വരാന്‍ തോന്ന്വോ''. 


''ഇനി അതൊന്നും പറഞ്ഞിട്ട് കാര്യൂല്യല്ലോ''.


''ഇല്ല. പക്ഷെ ചിലതുകൂടി താന്‍ അറിയണം. അവര് കൊട്ടാരംപോലത്തെ വീട്ടിലല്ലേ വളര്‍ന്നത്. അതും സിറ്റിടെ നടുവില്. തന്‍റെ നാട്ടിന്‍പുറത്ത് എന്ത് സൌകര്യാടോ ഉള്ളത്''.


''എന്നോട് സ്നേഹൂണ്ടെങ്കില്‍ അതൊന്നും കാര്യാക്കില്ല''.


''ആരക്കാ സ്നേഹൂല്യാത്തത്. തനിക്കോ അതോ അയമ്മക്കോ. പണിക്കു നിന്ന കമ്പിനിടെ ഉടമസ്ഥന്‍റെ മകള്‍ക്ക് തന്നോട് സ്നേഹംതോന്ന്യേതോണ്ടാ ഇന്നുള്ളതൊക്കെ തനിക്ക് കിട്ട്യേത്. ആ സ്ത്രീ ബന്ധുക്കാരടെ കാലുപിടിച്ച് കരഞ്ഞതോണ്ടാ തന്‍റെ ജീവന്‍ പോവാഞ്ഞത്. അല്ലെങ്കില്‍ അവരടെ മകളെ സ്നേഹിക്കാന്‍ ചെന്നോനെ വെട്ടിക്കൊന്ന് കഷ്ണംകഷ്ണാക്കി വീട്ടുകാര്‍ തന്‍റെ വീട്ടിലിക്ക് പാര്‍സലയച്ചിട്ടുണ്ടാവും. ശര്യാണോ ഞാന്‍ പറഞ്ഞത്''.


''അതെ''. 


''ഒരുഗ്രാമം മുഴുവന്‍ സ്വന്തമായിട്ടുള്ളോരാ തന്‍റെ ഭാര്യവീട്ടുകാര്. ആ വീടിന്‍റെ പടി ചവിട്ടാനുള്ളയോഗ്യത തന്‍റെ വീട്ടുകാര്‍ക്കുണ്ടോ. അയമ്മ തന്‍റെ ചെറുപ്പകാലത്തെ ഭംഗികണ്ടിട്ടാവും ഇഷ്ടപ്പെട്ടിട്ടുണ്ടാവ്വാ. അല്ലാതെ മറ്റൊന്നുംകൊണ്ടാവില്ല. ആ സ്ത്രീ തന്നെ സ്നേഹിച്ചിട്ടല്ലേ ഉള്ളൂ. അപ്പൊ ചില വിട്ടുവീഴ്ച്ച്യോക്കെ തന്‍റെ ഭാഗത്തിന്നും ഉണ്ടാവേണ്ടതാണ്. താനത് ഓര്‍ത്തില്ല. എല്ലാം വലിച്ചെറിഞ്ഞുപോന്നത് ശര്യായില്ലാന്ന് എപ്പഴങ്കിലും തനിക്ക് തോന്നും''. പറയുന്നത് മുഴുവന്‍ സത്യമാണ്. തിരിച്ച് യാതൊന്നും പറയാനില്ല.

 

''എന്താടോ താനൊന്നും മിണ്ടാത്തത്. ഞാന്‍ പറഞ്ഞതന്നെ പറഞ്ഞോണ്ട് ഇരിക്യാണെന്ന് തോന്നുണുണ്ടോ. അതോ ഞാന്‍ പറഞ്ഞത് തെറ്റാണെന്ന തോന്നലുണ്ടോ''.


''ഏയ്. ഒരു തെറ്റൂല്യാ''.


''എന്നാല്‍ ഞാന്‍ പറഞ്ഞുതന്നതുപോലെ നടക്ക്വാ. കയ്യില്‍ ഒന്നൂല്യാ എന്ന മട്ടില്‍ കഴിഞ്ഞാമതി. അല്ലെങ്കില്‍ കയ്യിലുള്ളത് പിടുങ്ങാന്‍ ആളുകളെത്തും. അതില് കുടുംബക്കാര് മാത്രോല്ല, ചിലപ്പൊ നാട്ടുകാരും ഉണ്ടാവും''.


''ആ പറഞ്ഞത് ശര്യാണ്. അമ്പലത്തിനോടുചേര്‍ന്ന് ഒരു കല്യാണമണ്ഡപം ഉണ്ടാക്കണം, അതിന് കയ്യയച്ച് സംഭാവനചെയ്യണം എന്നുപറഞ്ഞ് ഇന്നലെ കുറച്ചാളുകള് വന്നിരുന്നു''.


''അതാ ഞാന്‍ പറഞ്ഞത്. ആര് ചോദിച്ചാലും എന്‍റേല് ഒന്നൂല്യാ, കഴിഞ്ഞു കൂടാനേ വകയില്ല എന്നൊക്കെ പറഞ്ഞാ മതി. അല്ലാതെ കോടീശ്വരനാണ്, കണക്കില്ലാത്ത അത്ര സ്വത്തുണ്ട് എന്നൊക്കെ ആരെങ്കിലും അറിഞ്ഞാല്‍, ബാക്കി ഞാന്‍ പറയിണില്യാ''.


''ശരി. അങ്ങിനെ ചെതോളാം''.


''ഒരു കാര്യം ഞാന്‍ പറയാന്‍ വിട്ടു. അവിടേന്ന് കൊണ്ടുവന്ന ഭക്ഷണം ഇവിടെ അനാഥശാലയിലെ കുട്ടികള്‍ക്ക് കൊടുത്തു. തന്‍റെ പേരുപറഞ്ഞ് അവരത് തിന്നട്ടെ''.


''അതു നന്നായി''.


''വല്ലപ്പഴും ഞാന്‍ പറഞ്ഞുതന്നത് ആലോചിക്ക്യാ. ഞാന്‍ നാളെ വരാം'' ഫോണ്‍ കട്ടായി. 


മോന്തായത്തിലൂടെ ഒരു എലി പോവുന്നത് കണ്ടു, പുറകിലായി രണ്ട് കുട്ടികളും. ജീവനുള്ളവയായി അവയെങ്കിലും ഈ വീടിനകത്തുണ്ടല്ലോ. കുറച്ചുകഴിഞ്ഞതും അടുക്കളയില്‍നിന്ന് ശബ്ദംകേട്ടു. എലി പാത്രങ്ങള്‍ തട്ടിമറിച്ചതാണ്. ഇരുന്നദിക്കില്‍നിന്ന് എഴുന്നേറ്റതേയില്ല. 


''പാവം, ജീവികള്‍. അവയ്ക്ക് വേണ്ടത് തിന്നോട്ടെ''കെ. എസ്. മേനോന്‍ അവിടെത്തന്നെയിരുന്നു.


Comments

Popular posts from this blog

അദ്ധ്യായം 71-76

അദ്ധ്യായം 1-10

അദ്ധ്യായം 61-70